സമാധാനത്തിനായി അണിനിരന്ന് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത്: കേരളത്തിലുടനീളം #STOPWW3 കാമ്പയിന്‍

പി. ഓ. താഹിര്‍ അഹ്‍മദ്, ഔട്ട്‌റീച്ച് കോഡിനേറ്റര്‍

ആണവദുരന്തത്തിന്‍റെ ഭീകരമായ ഭവിഷ്യത്തുകളുടെ കഥ പറയുന്ന ഹിരോഷിമയുടെയും നാഗസാക്കിയുടെയും നടുക്കുന്ന ഓർമകൾ നിലനില്‍ക്കെയും, നാം വീണ്ടും ഒരു മൂന്നാം ലോകമഹായുദ്ധത്തിന്‍റെ പിടിയില്‍ അകപ്പെടുമോ എന്ന നിര്‍ണായക വഴിത്തിരിവിലാണ് ലോകം ഇന്ന് എത്തിനില്‍ക്കുന്നത്.

ആഗോളതലത്തിൽ നീതിയും സമാധാനവും പുലരണമെന്ന സന്ദേശമുയർത്തി, അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് കേരളത്തിലുടനീളം ഹിരോഷിമ-നാഗസാക്കി ദിനാചരണത്തോടനുബന്ധിച്ച് “സ്റ്റോപ്പ് വേൾഡ് വാർ 3” (#STOPWW3) എന്ന പേരിൽ യുദ്ധവിരുദ്ധ കാമ്പയിൻ സംഘടിപ്പിച്ചു.

ആഗസ്റ്റ് 6, 9 തീയതികളിൽ നൂറുകണക്കിന് വോളന്‍റിയർമാർ നീതിയുടെയും സാഹോദര്യത്തിന്‍റെയും പരസ്പര ബഹുമാനത്തിന്‍റെയും മുദ്രാവാക്യങ്ങളേന്തിയ പ്ലക്കാര്‍ഡുകള്‍ പിടിച്ച് പൊതുസ്ഥലങ്ങളെ മാനവരാശിയുടെ നിലനില്പിനായുള്ള ശാന്തമായ വേദികളാക്കി മാറ്റി. പൊതുനിയമങ്ങള്‍ പരിപൂര്‍ണമായും പാലിച്ചുകൊണ്ട് യാതൊരു ഗതാഗതതടസ്സവും ഉണ്ടാക്കാതെ, തീര്‍ത്തും സമാധാനപരമായ രീതിയിലാണ് ഈ നിശബ്ദ കാമ്പയിന്‍ നടത്തപ്പെട്ടത്. കടൽത്തീരങ്ങൾ മുതൽ ചരിത്രപ്രസിദ്ധമായ ഇടങ്ങൾ വരെ, തിരുവനന്തപുരം, കൊല്ലം, എറണാകുളം, കോഴിക്കോട്, പാലക്കാട്, മലപ്പുറം തുടങ്ങിയ പ്രധാന ജില്ലകളിലെല്ലാം ഈ കാമ്പയിൻ ശ്രദ്ധേയമായി.

തങ്ങളുടെ ആത്മീയ നേതാവും ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‍മദ്(അയ്യദഹുല്ലാഹ്)ന്‍റെ മാർഗനിർദേശങ്ങളുടെ വെളിച്ചത്തില്‍, നിരവധി വർഷങ്ങളായി അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത്, വഷളായിക്കൊണ്ടിരിക്കുന്ന ആഗോള സാഹചര്യങ്ങളെ അഭിസംബോധന ചെയ്യാനും സമാധാനം സ്ഥാപിക്കാനുമായി ലോകമെമ്പാടും പീസ് സിംപോസിയങ്ങളും സെമിനാറുകളും ബോധവൽക്കരണ പരിപാടികളും നടത്തിവരുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അഹ്‍മദിയ്യാ ഖലീഫ മൂന്നാം ലോകമഹായുദ്ധത്തിന്‍റെ വിനാശകരമായ ഭീഷണിയെക്കുറിച്ച് ലോകത്തിന് മുന്നറിയിപ്പ് നല്കിവരികയാണ്. വിവിധ രാജ്യങ്ങൾ സന്ദർശിച്ചും, അനേകം പാർലമെന്‍റുകളിൽ പ്രഭാഷണങ്ങൾ നടത്തിയും, ലോകനേതാക്കൾക്ക് നേരിട്ട് കത്തുകളയച്ചും, ലോകസമാധാനത്തിന് വേണ്ടി അഹോരാത്രം പരിശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു ആഗോള മതനേതാവാണ് ഹദ്റത്ത് മിർസാ മസ്റൂർ അഹ്‌മദ്. സൈനിക മേൽക്കോയ്മയിലൂടെയോ രാഷ്ട്രീയ തന്ത്രങ്ങളിലൂടെയോ ശാശ്വതമായ സമാധാനം കൈവരിക്കാനാവില്ലെന്നും, മറിച്ച് അടിസ്ഥാന മാനവിക മൂല്യങ്ങളിലേക്കുള്ള മടങ്ങിവരവ് അനിവാര്യമാണെന്നും തെളിയിച്ച 1945-ലെ അണുബോംബ് സ്ഫോടനങ്ങളുടെ ദുരന്തത്തിൽനിന്ന് പാഠം ഉൾക്കൊള്ളാൻ രാഷ്ട്രത്തലവന്മാരോടും അന്താരാഷ്ട്ര സമിതികളോടും അദ്ദേഹം തുടർച്ചയായി ആഹ്വാനം ചെയ്ത് വരുന്നു.

ഖലീഫയുടെ മുന്നറിയിപ്പുകളിൽ നിന്നും നിർദേശങ്ങളിൽ നിന്നും നേരിട്ട് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് നടത്തപ്പെടുന്ന, ജമാഅത്തിന്‍റെ ആഗോള സമാധാനവുമായി ബന്ധപ്പെട്ട വിവിധ ശ്രമങ്ങളുടെ ഭാഗമായിരുന്നു ഈ കാമ്പയിൻ. അന്താരാഷ്ട്ര നയതന്ത്രത്തിൽ സമ്പൂർണ നീതി നടപ്പിലാക്കുക, ആയുധക്കച്ചവടത്തിലൂടെയുള്ള ലാഭക്കൊതി അവസാനിപ്പിക്കുക, ആണവ നിരായുധീകരണം ഉറപ്പാക്കുക, എല്ലാറ്റിലുമുപരി സൃഷ്ടാവിനെ തിരിച്ചറിയുക എന്ന, ശാശ്വത സമാധാനത്തിനായി ഖലീഫാ തിരുമനസ്സ് നിര്‍ദേശിച്ച അടിസ്ഥാന മാർഗരേഖകള്‍ ഉയർത്തിപ്പിടിച്ചാണ് ഈ കാമ്പയിൻ മുന്നേറിയത്.

സമാധാനത്തോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും ദൃഢനിശ്ചയവും കാമ്പയിനിലുടനീളം പ്രകടമായിരുന്നു. ചിലയിടങ്ങളിൽ അനുഭവപ്പെട്ട കനത്ത മഴയ്ക്കും പ്രതികൂല കാലാവസ്ഥയ്ക്കും പോലും പരിപാടിയുടെ ആവേശത്തെ തളർത്താൻ സാധിച്ചില്ല.

നിശബ്ദ കാമ്പയിന് പുറമെ, ആഗസ്റ്റ് 8-ന് എറണാകുളം വൈ.എം.സി.എ ഹാളിൽ “സമാധാനം കൊതിക്കുന്ന ലോകം” (A World Yearning for Peace) എന്ന വിഷയത്തിൽ ഒരു ‘പീസ് ടോക്കും’ ഇത് സംബന്ധമായി സംഘടിപ്പിക്കപ്പെട്ടു. സാമൂഹിക നേതാക്കളും പൗരപ്രമുഖരും തമ്മിലുള്ള ക്രിയാത്മകമായ ആശയവിനിമയത്തിന് ഇത് കളമൊരുക്കി.

സമയം അതിക്രമിക്കുന്നതിന് മുമ്പ് തന്നെ സംഘർഷങ്ങൾ വെടിഞ്ഞ്, നീതി മുറുകെപ്പിടിച്ച്, ശാശ്വതമായ ആഗോള ശാന്തിക്കായി കൈകോർക്കാൻ മനുഷ്യരാശിയെ ക്ഷണിക്കുന്ന ഹൃദയസ്പർശിയായ ഒരു സംസ്ഥാനതല സമാധാനാഹ്വാനമായി ഈ ജനകീയ കൂട്ടായ്മ മാറി.

കുറിപ്പുകള്‍

[1]

संबंधित विषय

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു