സൂഫിസം: മദീന മുതല്‍ മലബാര്‍ വരെ

ഇസ്‌ലാമിക ആത്മീയതയുടെ യഥാര്‍ഥ അന്തഃസത്ത ഉള്‍ക്കൊണ്ടവരായിരുന്നു ആദ്യകാല സൂഫികള്‍. ഇന്ന് തസവ്വുഫിന്‍റെ പേരില്‍ നടമാടുന്ന അനാചാരങ്ങള്‍ പില്‍ക്കാലത്ത് അതില്‍ വന്നുകൂടിയതാണെന്ന് ചരിത്രം വ്യക്തമാക്കുന്നു.

മുഹമ്മദ് അദ്നാൻ എ. കെ, ഖാദിയാന്‍

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലടക്കം ലോകത്തിലെ പലയിടങ്ങളിലും ഇസ്‌ലാമിന്‍റെ വ്യാപനത്തില്‍ നിർണായക പങ്കുവഹിച്ച ഒരു ആത്മീയ പാരമ്പര്യമാണ് സൂഫിസം. എന്നാൽ ഇന്ന് ഇതിനെക്കുറിച്ചുള്ള ചർച്ചകൾ രണ്ട് വിരുദ്ധ ധ്രുവങ്ങളിലേക്ക് ചുരുങ്ങിയിരിക്കുന്നു. ഒരു വശത്ത് ആധുനിക സൂഫീ വക്താക്കള്‍ ആത്മീയതയുടെ പേരിൽ ശരീഅത്തിന്‍റെ അടിസ്ഥാന കല്പനകളെപ്പോലും തള്ളിക്കളയുമ്പോള്‍, മറുവശത്ത് ഇതിനെ വിമര്‍ശിക്കുന്നവര്‍ സൂഫിസത്തിന്‍റെ പ്രമാണബദ്ധമായ അടിത്തറയെയും ആദ്യകാല സൂഫിവര്യന്മാരുടെ സച്ചരിത പാരമ്പര്യത്തെയും പൂർണമായും നിഷേധിക്കുന്നു.

ഈ പരസ്പര വിരുദ്ധതകൾക്കിടയിൽ, ഇസ്‌ലാമിക ആത്മീയതയുടെ യാഥാർഥ്യവും ഉത്ഭവവും കാലാതീതമായ പൈതൃകവും പുനരന്വേഷിക്കുകയാണ് ഈ ലേഖന പരമ്പര.

‘സൂഫിസം’ എന്ന പദം ചരിത്രത്തിൽ എപ്പോഴാണ് രൂപപ്പെട്ടതെന്നും, പ്രവാചക യുഗത്തിലെ നിർമലമായ ആത്മീയത പിൽക്കാലത്തെ ‘തസവ്വുഫ്’ ശാഖയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്നും നാം പരിശോധിക്കേണ്ടതുണ്ട്.

വിവിധ തരീഖത്തുകൾ രൂപപ്പെടാനുള്ള സാഹചര്യങ്ങളും, റൂമിയും ഹല്ലാജും ജുനൈദും ഗസാലിയുമെല്ലാമടങ്ങുന്ന മഹാമനീഷികളുടെ ചിന്താധാരകളും ഇടുങ്ങിയ മുൻവിധികളിൽ ഒതുക്കാനാവാത്തവിധം വൈവിധ്യമാർന്നതും അഗാധവുമാണ്. അതിനാൽ, ഉപരിപ്ലവമായ ആരാധനക്കോ അന്ധമായ നിരാകരണത്തിനോ അപ്പുറം ഈ ചരിത്രത്തെ സമഗ്രമായി സമീപിക്കേണ്ടതുണ്ട്.

ചരിത്രം പഠിപ്പിക്കുന്ന പ്രഥമ പാഠം ഇതാണ്: ഇസ്‌ലാമിക ആത്മീയതയുടെ യഥാർഥ ഉറവിടവും, പിൽക്കാലത്ത് ‘സൂഫിസം’ എന്ന പേരിൽ വളർന്നുവന്ന സംഘടിത പാരമ്പര്യങ്ങളും ഒന്നല്ല. ആദ്യത്തേത് ഖുർആനും നബിചര്യയും ഊട്ടിവളർത്തിയ വിശാലമായ ആത്മീയ പ്രവാഹമാണ്; രണ്ടാമത്തേത് നൂറ്റാണ്ടുകളിലൂടെ വികസിച്ചുവന്ന പദാവലികളും, പരിശീലന മുറകളും, സിൽസിലകളും ഖാൻഖാഹുകളുമടങ്ങിയ ചരിത്രപരമായ ഘടനയാണ്.

ഈ മൗലിക വ്യത്യാസം വിസ്മരിക്കുമ്പോഴാണ് രണ്ട് അപകടങ്ങളുണ്ടാകുന്നത്: ഒന്ന്, പിൽക്കാലത്തെ അനാചാരങ്ങളെ ആദിമ ഇസ്‌ലാമിന്‍റെ ഭാഗമായി തെറ്റിദ്ധരിക്കുക. രണ്ട്, പിൽക്കാല അപചയങ്ങളുടെ പേരിൽ ഇസ്‌ലാമിന്‍റെ യഥാർഥ ആത്മീയ പൈതൃകത്തെയാകെ തള്ളിപ്പറയുക.

‘സൂഫി’ പദത്തിന്‍റെ ചരിത്രവും ആത്മീയതയുടെ പൈതൃകവും

‘സൂഫി’ എന്ന പദത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച് വിവിധ സിദ്ധാന്തങ്ങൾ നിലവിലുണ്ട്.

ലൗകികാഡംബരങ്ങൾ വെടിഞ്ഞ്, ‘സൂഫ്’ അഥവാ പരുക്കൻ കമ്പിളിവസ്ത്രം ധരിച്ചിരുന്ന ആദ്യകാല ഭക്തരിൽ നിന്നാണ് ഈ പേര് ഉണ്ടായതെന്ന വാദത്തിനാണ് ചരിത്രപരമായി കൂടുതൽ സ്വീകാര്യതയുള്ളത്.

ഹൃദയശുദ്ധിയെ സൂചിപ്പിക്കുന്ന ‘സഫാ’ എന്ന വാക്കിന്‍റെ അടിസ്ഥാനത്തിലും, പ്രവാചക കാലത്തെ ‘അഹ്‌ലുസ്സുഫ്ഫ’ എന്നറിയപ്പെട്ട അനുചരസംഘത്തിന്‍റെ ജീവിതമാര്‍ഗത്തിന്‍റെ വെളിച്ചത്തിലും, പല പദോല്പത്തികളും വ്യാഖ്യാനങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉദ്ധരിക്കപ്പെടാറുണ്ട്. പ്രശസ്ത പേർഷ്യൻ ഗ്രന്ഥമായ ‘കശ്ഫുൽ മഹ്ജൂബി’ൽ ഹദ്റത്ത് അലി അൽ-ഹുജ്‌വീരി (ദാത്താ ഗഞ്ച് ബഖ്ശ്) ഈ അഭിപ്രായങ്ങളെല്ലാം ക്രോഡീകരിക്കുന്നുണ്ട്. ആന്തരിക ശുദ്ധി (സഫാ) കൈവരിച്ചവരാണ് സൂഫികൾ എന്നതാണ് അദ്ദേഹത്തിന്‍റെ സ്വന്തം നിഗമനം.[1]

എന്നാൽ ചരിത്രപരമായ തെളിവുകളൊന്നും ഇതിന്‍റെ ഉല്പത്തിയെ അന്തിമമായി സ്ഥിരീകരിക്കാത്തതുകൊണ്ടുതന്നെ, ഇതിൽ ഏതെങ്കിലും ഒരു പദോല്പത്തി മാത്രം നിർബന്ധപൂർവം ചേർത്തുപിടിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഒരു പദത്തിന്‍റെ ആത്മീയമായ അർഥസൗന്ദര്യത്തേക്കാൾ പ്രധാനം ആ ആത്മീയ പാരമ്പര്യത്തിന്‍റെ ചരിത്രപരമായ വളർച്ചയാണ്.

തസവ്വുഫിന് വഴിതെളിച്ച ഇസ്‌ലാമിന്‍റെ ആദ്യകാല ചൈതന്യം

പ്രവാചകന്‍(സ)യുടെയും സഹാബാക്കളുടെയും കാലഘട്ടത്തിൽ ‘തസവ്വുഫ്’ എന്ന പേരിൽ വേറിട്ടൊരു ശാസ്ത്രശാഖയോ, വ്യവസ്ഥാപിതമായ തരീഖത്ത് സംവിധാനങ്ങളോ നിലവിലുണ്ടായിരുന്നില്ല. മറിച്ച് ഇഹ്സാൻ (ദൈവത്തെ കാണുന്നതുപോലെ ആരാധിക്കുക എന്ന ആത്മീയ പൂർണത), തസ്കിയത്തുന്നഫ്സ് (ആത്മശുദ്ധീകരണം), സുഹ്ദ് (ലൗകിക വിരക്തി) എന്നീ ആദര്‍ശങ്ങളില്‍ ഊന്നിയായിരുന്നു അവരുടെ ജീവിതരീതി. ദൈവഭയവും രാത്രിനമസ്കാരങ്ങളും (തഹജ്ജുദ്), ദാനധർമങ്ങളും, ദിക്റും (ദൈവസ്മരണ), പശ്ചാത്താപവും (തൗബ), സമ്പൂർണ ദൈവാശ്രയത്വവും (തവക്കുൽ) ആദിമ ഇസ്‌ലാമിന്‍റെ ജീവവായുവായിരുന്നു.

അതിനാൽ പിൽക്കാലത്ത് ‘സൂഫിസം’ എന്ന് വിളിക്കപ്പെട്ട ആത്മീയ ലക്ഷ്യങ്ങളുടെയെല്ലാം യഥാർഥ വേരുകൾ ഖുർആനിലും തിരുസുന്നത്തിലും തന്നെയായിരുന്നു.

ആദ്യകാല സൂഫികൾ ഇസ്‌ലാമിന്‍റെ ആത്മീയ ചൈതന്യം പൂർണമായി ജീവിതത്തിൽ പകർത്തിയവരായിരുന്നു. ഇസ്‌ലാമിന്‍റെ നിർമലമായ പവിത്രതയെ പുനരുജ്ജീവിപ്പിക്കുക എന്നതല്ലാതെ മറ്റൊരു ലക്ഷ്യവും അവർക്കുണ്ടായിരുന്നില്ല. ചുരുക്കത്തിൽ, സമഗ്രമായ ഇസ്‌ലാമെന്ന മഹാസമുദ്രത്തിലെ ഒരു ആത്മീയ തരംഗം മാത്രമാണ് സൂഫിസം. ഇസ്‌ലാമിന് പുറത്ത് അതിന് വേറിട്ടൊരു അസ്തിത്വമില്ല.

നബി തിരുമേനി(സ)യുടെ സഹാബികൾ ജീവിതത്തിൽ നിന്ന് ഒളിച്ചോടിയ സന്യാസിമാരായിരുന്നില്ല. വ്യാപാരത്തിലും കൃഷിയിലും കുടുംബജീവിതത്തിലും രാഷ്ട്രനിർമാണത്തിലും വ്യാപൃതരാകുമ്പോൾ തന്നെ ഉന്നതമായ ആത്മീയ വിതാനത്തിൽ ജീവിച്ചവരായിരുന്നു അവർ. ഇതുതന്നെയായിരുന്നു ആദ്യകാല സൂഫികളുടെയും മാതൃക.

ഹിജ്റ രണ്ടാം നൂറ്റാണ്ടോടെ ഇസ്‌ലാമിക സാമ്രാജ്യം വികസിക്കുകയും ഭരണകൂടങ്ങളുടെ സമ്പത്തും നഗരജീവിതത്തിന്‍റെ ആഡംബരങ്ങളും വർധിക്കുകയും ചെയ്തപ്പോൾ, അതിനോടുള്ള ഒരു ആത്മീയ പ്രതിരോധമെന്നോണം സുഹ്ദ് പ്രസ്ഥാനം കൂടുതൽ ദൃശ്യമായി. ഈ സാമൂഹിക പശ്ചാത്തലത്തിലാണ് ഹൃദയത്തിന്‍റെ രോഗങ്ങളെക്കുറിച്ചും (അഥവാ അഹങ്കാരം, അസൂയ, ലോകമാന്യം മുതലായവ) ആത്മശുദ്ധീകരണത്തെക്കുറിച്ചുമുള്ള ചർച്ചകൾ ഒരു പ്രത്യേക വിജ്ഞാനശാഖയായി ‘തസവ്വുഫ്’ എന്ന പേരില്‍ രൂപാന്തരപ്പെടുന്നത്.

യഥാര്‍ഥ ഇസ്‌ലാമിക ആത്മീയത ഉയര്‍ത്തിപ്പിടിച്ച ആദ്യകാല സൂഫികള്‍

സൂഫി ചരിത്രത്തിലെ മഹാരഥന്മാരായ ഹസൻ അൽ-ബസ്‌രി, റാബിഅത്തുൽ അദവിയ്യ, ദുന്നൂൻ അല്‍-മിസ്‌രി, ബായസീദ് ബസ്താമി, മൻസൂർ അൽ-ഹല്ലാജ്, ഫരീദുദ്ദീൻ അത്താർ, ഇബ്നു അറബി, ശൈഖ് അഹ്‍മദ് സർഹിന്ദി എന്ന മുജദ്ദിദ് അൽഫ് സാനി, ജലാലുദ്ദീൻ റൂമി തുടങ്ങിയവർ ഇസ്‌ലാമിക ആത്മീയ ചിന്തയെ അതീവ സമ്പന്നമാക്കിയവരാണ്.

കടുത്ത ആത്മപരിശോധനക്ക് ഊന്നൽ നല്കിയായിരുന്നു ഹസൻ അൽ-ബസ്‌രിയുടെ ജീവിതം. നരകഭയമോ സ്വർഗമോഹമോ കൂടാതെയുള്ള നിസ്വാർഥമായ ദൈവസ്നേഹത്തിന്‍റെ മാതൃകയാണ് റാബിഅത്തുൽ അദവിയ്യ അടയാളപ്പെടുത്തിയത്. അനുഭവാധിഷ്ഠിത ജ്ഞാനമായ മഅ്‌രിഫത്തിന് ദുന്നൂൻ അല്‍-മിസ്‌രി രൂപം നല്കിയപ്പോൾ, അല്ലാഹുവിലുള്ള ലയിച്ചുചേരലായ ഫനായുടെ ഉന്മാദാവസ്ഥയിൽ നിന്നുണ്ടായ ശത്തഹാത്ത് വചനങ്ങളിലൂടെയാണ് ബായസീദ് ബസ്താമി ശ്രദ്ധേയനായത്. മൻസൂർ അൽ-ഹല്ലാജ്, ഫരീദുദ്ദീൻ അത്താർ, ഇബ്നു അറബി, ശരീഅത്തിന്‍റെയും സൂഫിസത്തിന്‍റെയും യഥാർഥ അന്തസ്സത്ത സമന്വയിപ്പിച്ച മുജദ്ദിദ് അൽഫ് സാനി, ആത്മീയ പ്രണയത്തിന്‍റെ അനശ്വര ഗീതികൾ രചിച്ച ജലാലുദ്ദീൻ റൂമി എന്നിവരെല്ലാം ഇസ്‌ലാമിക ആത്മീയതയുടെ സുവർണ അധ്യായങ്ങളാണ്.

തരീഖത്തുകൾ: ഒരേ പേര്, പല ചരിത്രങ്ങൾ

കാലക്രമത്തിൽ സൂഫി പരിശീലനരീതികൾ വ്യവസ്ഥാപിതമായതോടെ വ്യത്യസ്ത തരീഖത്തുകൾ രൂപംകൊണ്ടു. സ്പെൻസർ ട്രിമ്മിംഗ്ഹാമിന്‍റെ ചരിത്രവിശകലനമനുസരിച്ച് സൂഫിസത്തിന്‍റെ വളർച്ച മൂന്ന് ഘട്ടങ്ങളിലൂടെയാണ് കടന്നുപോയത്.

ഒന്നാമത്തെ ഘട്ടമായ ഖാൻഖാഹ് ഘട്ടം (10-ാം നൂറ്റാണ്ട് മുതല്‍ 12-ാം നൂറ്റാണ്ട് വരെ) ഒരു ഗുരുവും ശിഷ്യന്മാരും ലളിതമായ കൂട്ടായ്മയിൽ ജീവിച്ച സുവർണകാലത്തെ സൂചിപ്പിക്കുന്നു. തരീഖത്ത് ഘട്ടമാണ് (13-ാം നൂറ്റാണ്ട്) സൂഫിസത്തിലെ സിദ്ധാന്തങ്ങളും പരിശീലനമുറകളും ചിട്ടപ്പെടുത്തപ്പെട്ട രണ്ടാമത്തെ ഘട്ടം. മൂന്നാമത്തേത് താഇഫ ഘട്ടം (14-ാം നൂറ്റാണ്ട് മുതൽ) എന്നറിയപ്പെടുന്നു. ഈ ഘട്ടത്തില്‍ സൂഫിസം ഒരു ജനകീയ പ്രസ്ഥാനമായി മാറുകയും പീറുകളെയും ദർഗകളെയും ചുറ്റിപ്പറ്റിയുള്ള ആചാരങ്ങളായി പലയിടത്തും രൂപാന്തരപ്പെടുകയും ചെയ്തു.[2]

ഖാദിരിയ്യ, ചിശ്തിയ്യ, നഖ്ശ്ബന്ദിയ്യ, സുഹ്റവർദിയ്യ തുടങ്ങിയ പ്രധാന ആത്മീയ ധാരകളെല്ലാം ഒരേ ലക്ഷ്യത്തിലേക്കുള്ള വ്യത്യസ്ത പരിശീലന വഴികൾ മാത്രമായിരുന്നു.

ലൗകിക ചുമതലകൾ കൈയൊഴിയാത്ത ഭക്തിയും ദാനധർമവുമായിരുന്നു ശൈഖ് അബ്ദുൽ ഖാദിർ ജീലാനിയുടെ ഖാദിരിയ്യ പാതയുടെ മുഖമുദ്ര. ദൈവസ്നേഹവും ദരിദ്രസേവനവും ഭരണാധികാരികളോട് അകലം പാലിക്കലുമാണ് മുഈനുദ്ദീൻ ചിശ്തിയുടെയും നിസാമുദ്ദീൻ ഔലിയയുടെയും ചിശ്തിയ്യ സരണി മുന്നോട്ടുവെച്ചത്. മറ്റുള്ളവരുടെ ദുരിതമകറ്റലാണ് ഏറ്റവും വലിയ ആരാധന എന്നായിരുന്നു നിസാമുദ്ദീൻ ഔലിയായുടെ അധ്യാപനം. നഖ്ശ്ബന്ദിയാ സില്‍സിലയാകട്ടെ, നിശ്ശബ്ദ ദിക്റിലൂടെയും കർശനമായ ശരീഅത്ത് പാലനത്തിലൂടെയും ഹദ്റത്ത് അബൂബക്കർ(റ)ന്‍റെ മാതൃകയിലാണ് ബഹാഉദ്ദീൻ നഖ്ശ്ബന്ദ് പടുത്തുയർത്തിയത്.

എന്നാല്‍ പിൽക്കാലത്ത് സൂഫി പ്രസ്ഥാനങ്ങൾ യഥാർഥ ആത്മീയത കൈവിട്ട് ബാഹ്യമായ പ്രകടനങ്ങളിലേക്കും കാപട്യങ്ങളിലേക്കും വഴിമാറി. ആത്മനിയന്ത്രണം നഷ്ടപ്പെട്ട് തന്നിഷ്ടപ്രകാരം ജീവിക്കുന്നതിനോടൊപ്പം, മരിച്ചവർക്ക് നേർച്ചകളർപ്പിക്കുക, അവരോട് പ്രാർഥിക്കുക, മനുഷ്യർക്ക് മുന്നിൽ സാഷ്ടാംഗം പ്രണമിക്കുക തുടങ്ങിയ അനൗചിത്യങ്ങളും ചിലർ ശീലമാക്കി.

മലബാറിലെ സൂഫി പാരമ്പര്യം: കടൽവ്യാപാരവും വിജ്ഞാനവും സാമൂഹികജീവിതവും

കേരളത്തിലെ, പ്രത്യേകിച്ച് മലബാറിലെ ഇസ്‌ലാമിക ചരിത്രവും സൂഫി പാരമ്പര്യവും യഥാര്‍ഥ ആത്മീയതയുടെ മാര്‍ഗത്തിലായിരുന്നു ആരംഭം കുറിച്ചത്. ഹസൻ അൽ-ബസ്‌രിയുടെ ശിഷ്യനും സൂഫിയുമായിരുന്ന മാലിക് ഇബ്നു ദീനാറിന്‍റെ കാലം മുതൽക്കേ കേരളത്തിൽ ഈ ആത്മീയ ധാരകൾക്ക് തുടക്കമായിട്ടുണ്ട്.[3]

എങ്കിലും, ഈ സുഡൃഡമായ ചരിത്രം പുറംലോകത്തിന് ഏറെക്കാലം അജ്ഞാതമായി തുടരുകയായിരുന്നു. ഡോ. വി. കുഞ്ഞാലിയുടെ ‘സൂഫിസം ഇന്‍ കേരള’ എന്ന ശ്രദ്ധേയമായ ഗ്രന്ഥം ഈ മേഖലയിലെ പല മിഥ്യാധാരണകളെയും തിരുത്തിക്കൊണ്ട് ഇതിനുള്ള കാരണങ്ങൾ വ്യക്തമാക്കുന്നുണ്ട്. പേർഷ്യൻ ചരിത്രഗ്രന്ഥങ്ങളുടെ അഭാവവും, മലബാറിലെ സൂഫി കൃതികള്‍ അറബിയിലും അറബി-മലയാളത്തിലുമായിരുന്നു എന്നതും, അവ പള്ളി ദർസുകളിലെ വഖഫ് ഗ്രന്ഥശാലകളിൽ ഒതുങ്ങിയിരുന്നുവെന്നതുമാണ് ഈ ചരിത്രസത്യങ്ങൾ പുറംലോകമറിയാൻ വൈകിയതിന്‍റെ പ്രധാന കാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്.[4]

കേരളത്തിലെ സൂഫീ പാരമ്പര്യം ഉത്തരേന്ത്യൻ രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സവിശേഷത പുലർത്തുന്നുണ്ട്. ഉത്തരേന്ത്യയിൽ മുസ്‌ലിം രാജവംശങ്ങളുടെ സംരക്ഷണത്തിലാണ് പണ്ഡിതന്മാരും സൂഫികളും കഴിഞ്ഞിരുന്നതെങ്കിൽ, കേരളത്തിൽ മുസ്‌ലിം രാജഭരണം ഇല്ലാതിരുന്നതിനാൽ ഉലമാക്കളും സൂഫികളും സയ്യിദന്മാരും ജനങ്ങൾക്കിടയിൽ ജീവിച്ച നേതാക്കളായിരുന്നു.[5]

ഇന്ത്യൻ മഹാസമുദ്ര വ്യാപാരത്തിൽ സൂഫി സത്രങ്ങളായ ഖാൻഖാഹുകൾ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. വടക്കൻ മലബാറിലും കൊല്ലത്തും താൻ താമസിച്ച ഇത്തരം ഖാന്‍ഖാഹുകളെക്കുറിച്ച് സഞ്ചാരിയായ ഇബ്നു ബത്തൂത്ത രേഖപ്പെടുത്തിയിട്ടുണ്ട്. പ്രശസ്ത സൂഫി വര്യനായ അബൂ ഇസ്ഹാഖ് അൽ-കാസറൂനിയുടെ രീതിയിലുള്ളവയായിരുന്നു ഈ സത്രങ്ങള്‍. കടൽയാത്രകളിലെ അപകടങ്ങളിൽ നിന്ന് രക്ഷനേടാൻ നാവികരും വ്യാപാരികളും ഇത്തരം ഖാൻഖാഹുകൾക്ക് നേർച്ചകൾ നേർന്നിരുന്നു.[6]

ഈ വ്യാപാര ലാഭത്തിന്‍റെ വലിയൊരു ഭാഗം പള്ളികളും മദ്രസകളും നിർമിക്കാനും ദാനധർമങ്ങൾക്കുമായി വിനിയോഗിക്കപ്പെട്ടു. കോഴിക്കോട്ടെ പ്രശസ്തമായ മിശ്കാൽ പള്ളി ഇതിന് ഉദാഹരണമാണ്.[7] യഥാർഥത്തിൽ ആദ്യകാല സൂഫികളിൽ ഏറെപ്പേരും വ്യാപാരികൾ തന്നെയായിരുന്നു. ദൈവീക ജീവിതം നയിക്കാൻ അവർക്ക് സമൂഹത്തിൽ നിന്ന് പൂർണമായി ഉൾവലിയേണ്ടി വന്നിരുന്നില്ല എന്ന വസ്തുതയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

പതിനഞ്ചാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയിൽ മഅ്ബറിൽ (കോറമാണ്ഡൽ തീരം) നിന്നെത്തിയ മഖ്ദൂം കുടുംബത്തിന്‍റെ വരവോടെയാണ് പൊന്നാനി ‘മലബാറിന്‍റെ മക്ക’യായി വളർന്നത്.[8] ഒരു സൂഫി ഖാൻഖാഹിന്‍റെ ധർമമാണ് പൊന്നാനി വലിയ ജുമുഅ മസ്ജിദ് നിർവഹിച്ചിരുന്നത്. നൂറുകണക്കിന് വിദ്യാർഥികൾ അവിടെ താമസിച്ച് പഠിക്കുകയും, പഠനത്തിന്‍റെ അവസാന ഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവർ മഖ്ദൂമിനോടൊപ്പം ‘വിളക്കത്തിരിക്കുകയും’ ചെയ്തിരുന്നു.[9] ഗ്രാമങ്ങളിലെ പള്ളി ദർസുകൾ ചെറു ഖാൻഖാഹുകളായും, പുഴവക്കുകളിലും പാടവരമ്പുകളിലും ഉയർന്നു വന്ന സ്രാമ്പികൾ സൂഫികളുടെ ഏകാന്ത പ്രാർഥനാ കേന്ദ്രങ്ങളായ സാവിയകളുടെ പ്രാദേശിക രൂപങ്ങളായും പ്രവർത്തിച്ചു.[10]

ശരീഅത്തിന് കീഴ്പ്പെട്ടുനിന്ന തസവ്വുഫ്: ‘ഹിദായത്തുൽ അദ്കിയാ’

മലബാറിലെ സൂഫി പാരമ്പര്യം സന്യാസത്തിലോ ശരീഅത്ത് വിരുദ്ധതയിലോ അല്ല, മറിച്ച് കർശനമായ കർമശാസ്ത്ര നിഷ്ഠയിലാണ് അധിഷ്ഠിതമായിരുന്നത്. 1521-ല്‍ ഒന്നാം മഖ്ദൂം ശൈഖ് സൈനുദ്ദീൻ ഇബ്നു അലി അൽ-മഅ്ബരി രചിച്ച ‘ഹിദായത്തുൽ അദ്കിയാ’ എന്ന കൃതി ഇതിന് വ്യക്തമായ തെളിവാണ്. ശരീഅത്തും തരീഖത്തും ഹഖീഖത്തും തമ്മിലുള്ള ബന്ധം സുന്ദരമായൊരു ഉപമയിലൂടെ അദ്ദേഹം അതില്‍ വിശദീകരിക്കുന്നുണ്ട്:

فَشَرِیْعَةٌ کَسَفِیْنَةٍ وَ طَرِیْقَةٌ
کَالْبَحْرِ ثُمَّ حَقِیْقَةٌ دُرٌّ غَلَا

مَنْ رَامَ دُرًّا لِلسَّفِیْنَةِ یَرْکَبُ
وَ یَغُوْصُ بَحْرًا ثُمَّ دُرًّا حَصَّلَا

وَکَذَا الطَّرِیْقَةُ وَالْحَقِیْقَةُ یَا أَخِی
مِنْ غَیْرِ فِعْلِ شَرِیْعَةٍ لَنْ تَحْصُلَا

ഫ ശരീഅത്തുന്‍ ക സഫീനത്തിന്‍ വ തരീഖത്തുന്‍
കല്‍ ബഹ്‍രി സുമ്മ ഹഖീഖത്തുന്‍ ദുര്‍റുന്‍ ഗലാ

മൻറാമ ദുർറൻ ലിസ്സഫീനത്തി യർകബു
വ യഗൂസു ബഹ്റൻ സുമ്മ ദുർറൻ ഹസ്സലാ

വകദത്തരീഖത്തു വൽ ഹഖീഖത്തു യാ അഖീ
മിൻ ഗൈരി ഫിഅ്‌ലി ശരീഅത്തിൻ ലൻ തഹ്‌സുലാ

“ശരീഅത്ത് (മതനിഷ്ഠ) ഒരു കപ്പലാണെങ്കില്‍, തരീഖത്ത് (ആത്മീയ പാത) ഒരു കടലും, ഹഖീഖത്ത് (പരമമായ സത്യം) അതിന്‍റെ അടിത്തട്ടിലുള്ള അമൂല്യമായ മുത്തുമാണ്.

“മുത്ത് നേടാൻ ആഗ്രഹിക്കുന്നവൻ കപ്പലിൽ കയറുകയും, സമുദ്രത്തിൽ മുങ്ങി മുത്ത് കരസ്ഥമാക്കുകയും ചെയ്യേണ്ടതാണ്.

“എന്‍റെ സഹോദരാ! തരീഖത്തും ഹഖീഖത്തും അപ്രകാരം തന്നെയാണ്; ശരീഅത്തിന്‍റെ കർമങ്ങൾ അനുഷ്ഠിക്കാതെ അവ രണ്ടും നിനക്ക് ഒരിക്കലും നേടിയെടുക്കാനാവില്ല.”[11]

അതായത്, ശരീഅത്തിന്‍റെ ചട്ടക്കൂടിലൂടെയല്ലാതെ ആത്മീയത കരസ്ഥമാക്കാനാവില്ല എന്ന് ചുരുക്കം.

പശ്ചാത്താപം, സംതൃപ്തി, പരിത്യാഗം, മതവിജ്ഞാനം, സൂക്ഷ്മത, ദൈവാശ്രയത്വം, ആത്മാർഥത, ഏകാന്തത, നമസ്കാര നിഷ്ഠ, മനുഷ്യസേവനം എന്നിവയാണ് ഒരു സൂഫിയുടെ പത്ത് ലക്ഷണങ്ങളായി ഈ കൃതി അടയാളപ്പെടുത്തുന്നത്. സമാനമായി, കോഴിക്കോട്ടെ ബാഅലവി പണ്ഡിതനായിരുന്ന ശൈഖ് ഇബ്നു മുഹമ്മദ് അൽ-ജിഫ്‌രി തന്‍റെ കൃതിയിൽ ‘തസവ്വുഫ്’ എന്ന പദത്തെ തവക്കുൽ, തഖ്‌വ, തഫഖ്ഖുഹ്, സബ്ര്‍, സലാത്ത്, വുദ്ദ്, ഫനാ എന്നിവയുടെ സംഗ്രഹമായാണ് വ്യാഖ്യാനിച്ചിട്ടുള്ളത്.[12]

മലബാറിൽ ഖാദിരിയ്യ, ചിശ്തിയ്യ, സുഹ്റവർദിയ്യ, നഖ്ശ്ബന്ദിയ്യ, റിഫാഇയ്യ, ബാഅലവിയ്യ, ശാദിലിയ്യ തുടങ്ങി പതിനൊന്നോളം തരീഖത്തുകൾ സജീവ സാന്നിധ്യമറിയിച്ചിരുന്നു.[13] വടക്കൻ മലബാറിലെ വളപട്ടണം ഭാഗങ്ങളിൽ ‘വഹ്ദത്തുൽ വുജൂദ്’ ആശയക്കാരായ ‘ലാ മൗജൂദ ഇല്ലല്ലാഹ്’ വിഭാഗവും അവരുടെ എതിരാളികളായ ‘റദ്ദു ലാ മൗജൂദ ഇല്ലല്ലാഹ്’ വിഭാഗവും തമ്മിൽ പള്ളികൾ പോലും വിഭജിക്കുന്ന തരത്തിലുള്ള തർക്കങ്ങൾ അരങ്ങേറിയിട്ടുണ്ട്.[14] 1607-ൽ ഖാസി മുഹമ്മദ് രചിച്ച മുഹ്‌യിദ്ദീൻ മാലയും പിന്നീട് വന്ന റിഫാഈ മാലയും മൗലൂദുകളും സാധാരണക്കാർക്കിടയിൽ വലിയ ജനസ്വീകാര്യത നേടി.[15]

മൂന്നാം ഘട്ടമായ താഇഫ കാലഘട്ടത്തിലേക്ക് എത്തിയപ്പോൾ മഖ്ദൂമുമാർ പഠിപ്പിച്ച ശരീഅത്ത് അധിഷ്ഠിത ആത്മീയതയ്ക്ക് പകരം, കറാമത്തുകൾക്കും മഖാം-ജാറം ആരാധനകൾക്കും അമിത പ്രാധാന്യം കൈവന്നു. ശൈഖുമാരെ ദൈവതുല്യമായ പദവികളിലേക്കും അതിമാനുഷികതയിലേക്കും ഉയർത്തുന്ന വരികൾ മാലപ്പാട്ടുകളിൽ കടന്നുകൂടി.

ഇതോടൊപ്പം തീ തിന്നുന്നതും പാമ്പിനെ തിന്നുന്നതുമായ റിഫാഈ അഭ്യാസങ്ങളും, യോഗയിലെ പ്രാണായാമത്തിന് സമാനമായ ശ്വാസനിയന്ത്രണ ദിക്റുകളും, ജിന്ന് സേവയും സമൂഹത്തിൽ വ്യാപകമായി. വന്ധ്യത മാറാനും പ്രസവവേദന കുറയാനും കൃഷിയിലെ കീടങ്ങളെ അകറ്റാനും ജാറങ്ങളിൽ നേർച്ച നേരുന്ന രീതികളും ശക്തിപ്രാപിച്ചു.[16]

ആത്മീയതയുടെ ഈ അപചയവും ജാറം ആരാധനകളും മന്ത്രവാദവുമെല്ലാം യഥാർഥ സൂഫിസത്തിന്‍റെ ഭാഗമല്ലെന്നും, അവ പിൽക്കാലത്ത് കടന്നുകൂടിയ ചൂഷണങ്ങൾ മാത്രമാണെന്നും ഡോ. വി. കുഞ്ഞാലി തന്‍റെ ഗ്രന്ഥത്തിന്‍റെ ആമുഖത്തിൽ തന്നെ കൃത്യമായി വ്യക്തമാക്കുന്നുണ്ട്.[17]

ചരിത്രം പഠിപ്പിക്കുന്ന മധ്യമ നിലപാട്

ഈ ചരിത്രയാഥാര്‍ഥ്യങ്ങളെ പാടെ അവഗണിച്ച് കൊണ്ട്, ഇന്ന് തസവ്വുഫിന്‍റെ പേരില്‍ നടമാടുന്ന അനാചാരങ്ങളെ മാത്രം നിദാനമാക്കി സൂഫി പാരമ്പര്യത്തെ മൊത്തത്തില്‍ അധിക്ഷേപിക്കുന്നത് നീതിയല്ല. മറിച്ച്, ഇസ്‌ലാമിക അധ്യാപനങ്ങളുടെ വെളിച്ചത്തില്‍, ചരിത്രത്തിലെ നെല്ലും പതിരും വേര്‍തിരിച്ച് ഈ ആശയത്തെ പഠിക്കാനാണ് നാം ശ്രമിക്കേണ്ടത്.

സൂഫിസത്തെ പൂര്‍ണമായി തള്ളിക്കളയുന്നതിന് പകരം, പിൽക്കാലത്ത് അതിൽ കലർന്ന സാംസ്കാരിക അനാചാരങ്ങളെയും മിഥ്യാധാരണകളെയും തുടച്ചുമാറ്റി, ശരീഅത്തിന്‍റെ പൂർണമായ അനുസരണത്തിന് കീഴിൽ ഖുർആനികമായ ഇഹ്സാന്‍റെയും തസ്കിയത്തുന്നഫ്സിന്‍റെയും യഥാർഥ രൂപത്തിലേക്ക് അതിനെ പുനഃസ്ഥാപിക്കുകയാണ് നാം ചെയ്യേണ്ടത്.

(തുടരും)

ലേഖകന്‍ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസിൽ ബി.ടെക് ബിരുദധാരിയാണ്. നിലവില്‍ അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ദേശീയ തലസ്ഥാനമായ ഖാദിയാനില്‍ ഐ.ടി അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിച്ചു വരുന്നു.

കുറിപ്പുകള്‍

[1] കശ്ഫ് അൽ–മഹ്ജൂബ്, അലി അൽ-ഹുജ്‌വീരി

[2] The Sufi Orders in Islam, J Spencer Trimingham (1971), Oxford University Press, p. 103

[3] Sufism in Kerala, Dr V. Kunhali (2004), Publication Division University of Calicut, p. 14

[4] Ibid, p. 13

[5] Ibid, p. 7

[6] Ibid, p. 64 Travels in Asia and Africa 1325–54, Ibn Battuta, (translated by H A R Gibb), p. 238, Lund Humphries, London (1953)

[7] Sufism in Kerala, Dr V. Kunhali (2004), Publication Division University of Calicut, p. 9

[8] Ibid, p. 82

[9] Ibid, p. 61

[10] Ibid, p. 62

[11] ഹിദായത്തുൽ അദ്കിയാ ഇലാ തരീഖിൽ ഔലിയാ, ശൈഖ് സൈനുദ്ദീൻ അല്‍-മഖ്ദൂം അല്‍-അവ്വല്‍, p. 8, azharionline.com

[12] കൻസുൽ ബറാഹീന്‍ അല്‍–കസ്ബിയ്യ, ശൈഖ് ബിൻ മുഹമ്മദ് അൽ-ജിഫ്‌രി; Sufism in Kerala, Dr V. Kunhali (2004), Publication Division University of Calicut, p. 89

[13] Sufism in Kerala, Dr V. Kunhali (2004), Publication Division University of Calicut, p. 63

[14] Ibid, p. 88

[15] Ibid, p. 110

[16] Ibid, pp. 30, 64, 68, 69, 71

[17] Ibid, pp. 7-8

അനുബന്ധ വിഷയങ്ങള്‍

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു