അഹ്‌മദിയ്യാ ഖലീഫ ഹദ്‌റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് 2025 യു.കെ. ജല്‍സ സാലാനയില്‍ (വാര്‍ഷിക സമ്മേളനം) നടത്തിയ ഉദ്ഘാടന പ്രഭാഷണം.
അവലംബം: അല്‍ഹക്കം
വിവര്‍ത്തനം: എ. താരിക്ക് അലനല്ലൂര്‍
ജൂലൈ 25, 2025ന് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) യു.കെ ജല്‍സ സാലാനയുടെ ആദ്യ ദിവസം ഉദ്ഘാടന പ്രഭാഷണം നിര്‍വഹിക്കുകയുണ്ടായി.
ലോകത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന കലുഷിതമായ അവസ്ഥ ഉത്കണ്‍ഠ ഉളവാക്കുന്നതാണ്. എല്ലാവരെയും എല്ലാറ്റിനെയും സൃഷ്ടിച്ച സൃഷ്ടികര്‍ത്താവിനെ ലോകം സ്മരിച്ചിരുന്നെങ്കില്‍ ഈ അവസ്ഥ വന്നു ചേരില്ലായിരുന്നു. നന്മയും തിന്മയും വേര്‍തിരിച്ചറിയാനുള്ള കഴിവ് മനുഷ്യന് നല്കപ്പെട്ടിട്ട് പോലും ഒട്ടുമിക്ക ആളുകളുടെയും പ്രകൃതത്തിന് നന്മയെക്കാള്‍ അധികമായി തിന്മയിലേക്കാണ് ചായ്‌വു കണ്ടുവരുന്നത്. തങ്ങള്‍ക്ക് ഒരുനാള്‍ വിചാരണ നേരിടേണ്ടി വരുമെന്ന തിരിച്ചറിവില്ലാതെ സാത്താനിക മൂല്യങ്ങള്‍ പ്രബോധിക്കുന്ന നാസ്തികര്‍ ഇതിന് തെളിവായി വര്‍ത്തിക്കുന്നു.
മറുവശത്ത് തങ്ങള്‍ ദൈവത്തിലും അവന്‍റെ അനുശാസനങ്ങളിലും വിശ്വസിക്കുന്നവരാണ് എന്ന് വാദിക്കുന്ന കൂട്ടരുമുണ്ട്. എന്നാല്‍ അവരുടെ പ്രവൃത്തികള്‍ അവരുടെ പ്രഖ്യാപിത വിശ്വാസത്തിന് കടകവിരുദ്ധമാണ്. ഭൗതിക ലോകത്തെ തങ്ങളുടെ ദുര്‍ബലതകള്‍ നിമിത്തം മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്ന മുസ്‌ലിം നേതാക്കളും ഈ ഗണത്തില്‍ ഉള്‍പ്പെടുന്നു. തല്‍ഫലമായി അവര്‍ക്ക് മറ്റുള്ളവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കേണ്ടതായി വരുന്നു. മുസ്‌ലിം ആയിരുന്നിട്ടുകൂടിയും അവര്‍ ദൈവത്തിനെക്കാള്‍ അമുസ്‌ലിം നേതാക്കള്‍ക്ക് മുന്‍ഗണന നല്കുന്നു.
അഹ്‌മദികള്‍ എന്ന നിലയില്‍, വാഗ്ദത്ത മസീഹ്(അ)ന്‍റെ അധ്യാപനങ്ങള്‍ നമ്മള്‍ അനുസരിക്കുകയും ലോകത്തെ നേര്‍വഴിയിലേക്ക് നയിക്കാന്‍ കഴിയുന്നത്ര പരിശ്രമിക്കുകയും വേണം. വാഗ്ദത്ത മസീഹ്(അ)ന്‍റെ നിര്‍ദേശോപദേശങ്ങള്‍ പ്രാവര്‍ത്തികമാക്കിയാല്‍ മാത്രമേ ഇത് സാധ്യമാകൂ. നമ്മുടെ പ്രവര്‍ത്തിപഥങ്ങളില്‍ നമ്മള്‍ അത് കൊണ്ടുവരുന്നില്ലെങ്കില്‍, നാമമാത്ര മുസ്‌ലീങ്ങളുടെ കൂട്ടത്തില്‍ നമ്മളും ഗണിക്കപ്പെടും. യഥാര്‍ഥ അഹ്‌മദികളായിത്തീരാന്‍ തഖ്‌വയുടെ (ഭയഭക്തി) പാതയിലൂടെ സഞ്ചരിക്കേണ്ടത് അനിവാര്യമാണ്. അതിലൂടെ മാത്രമേ നമുക്ക് ഇസ്‌ലാമിന്‍റെ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കാന്‍ സാധിക്കുകയുള്ളൂ.
തഖ്‌വയുടെ അധ്യാപനങ്ങള്‍ വിശുദ്ധ ഖുര്‍ആനിലൂടെ ആദ്യമേ തന്നെ ദൈവം നമുക്ക് നല്‍കിയിട്ടുണ്ട് എന്ന് വാഗ്ദത്ത മസീഹ്(അ) പറഞ്ഞിരിക്കുന്നു. അതിനാല്‍, ഭക്തിയോടും ലാളിത്യത്തോടും വിനയത്തോടും കൂടി തങ്ങളുടെ ജീവിതം നയിക്കുമെന്ന് ഈ ജമാഅത്തിലെ അംഗങ്ങള്‍ സ്വയം തീരുമാനിച്ചുറപ്പിക്കേണ്ടത് നിര്‍ബന്ധമാണ്. ഇതിലൂടെ മറ്റുള്ളവരുടെ ആക്രമണങ്ങളെയും രോഷത്തെയും ചെറുത്തുനില്‍ക്കാനുള്ള ശക്തി നമുക്ക് കൈവരും. ഒരു വ്യക്തി തനിക്ക് മറ്റുള്ളവരെക്കാള്‍ മുന്‍ഗണന നല്കുമ്പോഴാണ് ഇത്തരം അതിക്രമങ്ങള്‍ ഉടലെടുക്കുന്നത്. എന്നാല്‍ ഈ ജമാഅത്തിലെ ആളുകള്‍ പരസ്പരം നിസ്സാരവല്‍ക്കരിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യരുത്. അത്തരം പെരുമാറ്റരീതികള്‍ ഒരു വ്യക്തിയെ നന്മയില്‍ നിന്നും ആത്യന്തികമായി ദൈവത്തില്‍ നിന്നും അകറ്റുകയും തല്‍ഫലമായി ആ വ്യക്തിക്ക് നാശം സംഭവിക്കുന്നതുമാണ്.
ജനങ്ങള്‍ പരസ്പരം ബഹുമാനിക്കുകയും മറ്റുള്ളവരെ അധിക്ഷേപിക്കാതിരിക്കുകയും ചെയ്യണമെന്നും വാഗ്ദത്ത മസീഹ്(അ) ഉപദേശിക്കുന്നു. കാരണം, അത്തരം വ്യക്തി ഭാവിയില്‍ നിര്‍ഭാഗ്യവാനായേക്കാം. അതിനാല്‍, വിശുദ്ധ ഖുര്‍ആനനുസരിച്ച്, തഖ്‌വ ഉള്ളവരാണ് ദൈവദൃഷ്ടിയില്‍ ഏറ്റവും ആദരണീയര്‍.
“തീര്‍ച്ചയായും അല്ലാഹുവിന്‍റെ പക്കല്‍ നിങ്ങളില്‍ വെച്ച് ഏറ്റവും ബഹുമാന്യന്‍ നിങ്ങളില്‍ വെച്ച് ഏറ്റവും ഭയഭക്തി ഉള്ളവനാകുന്നു.”[1]
ദൈവം എപ്പോഴും നമ്മെ കണ്ടുകൊണ്ടിരിക്കുന്നു എന്ന് വാഗ്ദത്ത മസീഹ്(അ) പ്രസ്താവിച്ചിരിക്കുന്നു. അത് ഓര്‍മയില്‍ വച്ചുകൊണ്ട് നാം തഖ്‌വയോടുകൂടി ജീവിക്കാന്‍ പരിശ്രമിക്കേണ്ടതാണ്. ഇത് യഥാര്‍ഥമായ അറിവിലേക്ക് നയിക്കുന്നതാണ്. ഈ ലോകത്തെക്കുറിച്ച് മാത്രമല്ല, പരലോകത്തെക്കുറിച്ചുള്ള അറിവും അതില്‍ ഉള്‍പ്പെടുന്നു. ഭൗതികജ്ഞാനം ആത്മീയജ്ഞാനത്തിന്‍റെ അഭാവത്തില്‍ നിരര്‍ത്ഥകമാണ്. അതിനാല്‍ യഥാര്‍ഥ അറിവ് നേടാന്‍ ജനങ്ങള്‍ പരിശ്രമിക്കണം.
തഖ്‌വയുടെ പാതയില്‍ സഞ്ചരിക്കാന്‍ നമ്മള്‍ അല്ലാഹുവിന്‍റെ കല്പനകളെയും നബിതിരുമേനി(സ)യുടെ അധ്യാപനങ്ങളെയും ജീവിത മാതൃകയെയും വാഗ്ദത്ത മസീഹ്(അ)ന്‍റെ രചനകളെയും ഉപദേശങ്ങളെയും പിന്തുടരേണ്ടതുണ്ട് എന്ന് ഖലീഫാ തിരുമനസ്സ് ഉണര്‍ത്തുകയുണ്ടായി.
‘നൂര്‍’ അഥവാ പ്രകാശം എന്നത് യഥാര്‍ഥത്തില്‍ അല്ലാഹു വെളിപ്പെടുത്തിയ ജ്ഞാനമാണ്. ഈ അറിവ് നമ്മുടെ മാര്‍ഗത്തെ എത്രമാത്രം പ്രകാശമാനമാക്കുന്നു എന്നാല്‍ അത് കൂടാതെ ഒരു വ്യക്തി കൂരിരുട്ടില്‍ അലയുകയും, ഒടുവില്‍ അബദ്ധത്തില്‍ ഒരു കിണറ്റില്‍ ചെന്ന് ചാടുകയും ചെയ്യും.
ഈ നൂര്‍ കരസ്ഥമാക്കാന്‍ നമ്മള്‍ സ്വയം പരിശ്രമിക്കണമെന്ന് വാഗ്ദത്ത മസീഹ്(അ) ഉപദേശിക്കുന്നു. ദൈവത്തിന്‍റെയും അവനയച്ച പ്രവാചകന്മാരുടെയും അവനിറക്കിയ ഗ്രന്ഥങ്ങളുടെയും ഖലീഫമാരുടെയും അധ്യാപനങ്ങളും അനുശാസനങ്ങളും പ്രാവര്‍ത്തികമാക്കുന്നതിലൂടെയാണ് ഇത് സാധ്യമാകുക.
ലോകത്ത്, പ്രത്യേകിച്ച് പലസ്തീനില്‍ നിലനില്‍ക്കുന്ന കലുഷിതാവസ്ഥയെക്കുറിച്ചും ഖലീഫാ തിരുമനസ്സ് പരാമര്‍ശിക്കുകയുണ്ടായി. വാഗ്ദത്ത മസീഹ്(അ) നമുക്ക് പകര്‍ന്നു നല്കാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ ലോകം തിരിച്ചറിയുകയും സ്വയം നന്നാക്കിത്തീര്‍ക്കുകയും ചെയ്തില്ലെങ്കില്‍ ഇത് തുടര്‍ന്നുപോകുകയും മറ്റുള്ള രാജ്യങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നതാണ്.
മുസ്‌ലീങ്ങള്‍, പ്രത്യേകിച്ച് പലസ്തീനികള്‍ എന്തുകൊണ്ടാണ് ഇത്രയധികം കഷ്ടപ്പാടുകളിലൂടെ കടന്നുപോകുന്നതെന്ന് ആളുകള്‍ ചോദിക്കുമ്പോള്‍, മുസ്‌ലീങ്ങള്‍ തങ്ങളുടെ സ്രഷ്ടാവിനെ സ്മരിക്കുകയും തഖ്‌വയുടെ പാതയിലേക്ക് മടങ്ങുകയും പ്രാര്‍ഥനയില്‍ തങ്ങളുടെ നാഥന് മുന്നില്‍ സാഷ്ടാഗം പ്രണമിക്കുകയും ചെയ്യേണ്ടതാണ് എന്ന ഉത്തരമാണ് നല്‌കേണ്ടത്.
നിരീശ്വരവാദികളില്‍ നിന്നാകട്ടെ അല്ലെങ്കില്‍ അമുസ്‌ലീങ്ങളില്‍ നിന്നാകട്ടെ, ഇസ്‌ലാം സര്‍വദിശകളില്‍നിന്നും ആക്രമിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. തഖ്‌വ സ്വായത്തമാക്കിക്കൊണ്ട് ഇസ്‌ലാമിനെ പ്രതിരോധിക്കുകയും സേവിക്കുകയും ചെയ്യേണ്ടത് അഹ്‌മദികളുടെ ഉത്തരവാദിത്തമാണ്. തഖ്‌വ വര്‍ജ്ജിച്ചുകൊണ്ടും ദൈവികകല്‍പ്പനകള്‍ അവഗണിച്ചുകൊണ്ടും ദൈവത്തിന്‍റെ സംരക്ഷണത്തിന് നമ്മള്‍ അര്‍ഹരായത്തീരുമെന്ന് പ്രതീക്ഷിക്കുന്നതില്‍ യാതൊരു അര്‍ഥവുമില്ല. വാഗ്ദത്ത മസീഹ്(അ)ന്‍റെ കാലത്തും ലോകത്ത് മുസ്‌ലിം ശക്തികള്‍ ദുര്‍ബലമായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ഇത് ഇന്നത്തെ മുസ്‌ലിം ലോകത്തിനും ബാധകമാണ്. തങ്ങളുടെ ആത്മീയാരോഗ്യം മെച്ചപ്പെടുത്താനും തഖ്‌വ നേടുന്നതിലേക്ക് ശ്രദ്ധ തിരിക്കാനും മുസ്‌ലീങ്ങള്‍ ഒരുക്കമല്ലാത്തിടത്തോളം കാലം യാതൊരു പുരോഗതിയും പ്രതീക്ഷിക്കാവുന്നതല്ല.
വിശുദ്ധ ഖുര്‍ആനിലെ 35-ാം അധ്യായം 11-ാം സൂക്തം ഉദ്ധരിച്ച് കൊണ്ട് ഖലീഫാ തിരുമനസ്സ് പറഞ്ഞു:
“സല്‍ക്കര്‍മങ്ങളെ അവന്‍ ഉയര്‍ത്തുകയും ചെയ്യുന്നു.”
ആരുടെ വിശ്വാസത്തിനാണോ ദൃഢതയുള്ളത് അവരുടെ പ്രവൃത്തികള്‍ അല്ലാഹുവിങ്കല്‍ കൂടുതല്‍ സ്വീകാര്യമാകുകയും അവര്‍ അവന്‍റെ അനുഗ്രഹങ്ങള്‍ക്ക് അവകാശികളായിത്തീരുകയും ചെയ്യുന്നതാണ്.
നബിതിരുമേനി(സ)യുടെ ഉത്തമരായ സഹാബാക്കളുടെ നേട്ടങ്ങളും വിജയങ്ങളും പരിശോധിക്കുമ്പോള്‍ അത് ഭൗതിക ശക്തിയാലോ സാങ്കേതികവിദ്യയുടെ സഹായത്താലോ ഉണ്ടായ ഒന്നല്ല എന്നത് വ്യക്തമാകുന്നു. ഇസ്‌ലാമിന് മുമ്പുള്ള അറബികളുടെ അസംഘടിതവും പരിതാപകരവുമായ അവസ്ഥ നമുക്കറിയാം. എന്നാല്‍ ആ ആദ്യകാലവിശ്വാസികളുടെ പ്രവൃത്തികള്‍ക്ക് അല്ലാഹു എത്രമാത്രം അനുഗ്രഹം ചൊരിഞ്ഞുവെന്നാല്‍ ഹദ്റത്ത് ഉസ്മാന്‍(റ)ന്‍റെ കാലഘട്ടത്തില്‍ ഖിലാഫത്തിന്‍റെ ആധിപത്യം അന്താരാഷ്ട്രതലങ്ങളിലേക്ക് വരെ വ്യാപിക്കുകയുണ്ടായി.
ഇസ്‌ലാമിന്‍റെ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിക്കുക എന്നത് നമ്മുടെ കടമയും ലക്ഷ്യവുമാണ്. എന്നാല്‍ വാഗ്ദത്ത മസീഹ്(അ)ന്‍റെയോ അദ്ദേഹത്തിന്‍റെ ഖലീഫമാരുടെയോ കൈകളില്‍ കൈവച്ചത് കൊണ്ട് (അനുസരണപ്രതിജ്ഞ ചെയ്തത് കൊണ്ട്) മാത്രമായില്ല. നമ്മള്‍ നമ്മുടെയും നമ്മുടെ ഭാര്യമാരും കുട്ടികളും ഉള്‍പ്പടെയുള്ള നമ്മുടെ ചുറ്റുമുള്ളവരുടെയും ആത്മീയ നിലവാരം മെച്ചപ്പെടുത്തേണ്ടതുണ്ട്. മറ്റുള്ളവരെ പരിഹസിക്കുന്നത് ഉപേക്ഷിക്കേണ്ടതാണ്. കാരണം അത് അവരെ കൂടുതല്‍ അകറ്റുകയേ ഉള്ളൂ. പകരം നമ്മുടെ സംഭാഷണങ്ങളിലും ഇടപാടുകളിലും മറ്റുള്ളവരോട് ആദരവ് കാണിക്കേണ്ടതാണ്. ഇതെല്ലാം തഖ്‌വ കൈവരിക്കാനുള്ള ചില മാര്‍ഗങ്ങളാണ്.
ആണവയുദ്ധമുണ്ടായാല്‍ നാശം അതിഭയാനകരമായിരിക്കുമെന്ന് ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി. അതിനാല്‍ വാഗ്ദത്ത മസീഹ്(അ)ന്‍റെ അധ്യാപനങ്ങളുടെ വെളിച്ചത്തില്‍ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിലെ അംഗങ്ങള്‍ ദൈവസ്മരണയില്‍ ശ്രദ്ധ പുലര്‍ത്തേണ്ടത് അനിവാര്യമാണ്. തങ്ങളുടെ ഭൗതിക ജീവിതത്തിലും ജോലികളിലും വ്യാപൃതരായിരിക്കുന്നതിനാല്‍ നമസ്‌കാരങ്ങളും ഇസ്തിഗ്ഫാര്‍ (പാപപൊറുതി തേടല്‍) പോലുള്ള മറ്റ് ആരാധനാകര്‍മങ്ങളും നിര്‍വഹിക്കുന്നതില്‍ തങ്ങള്‍ അലസരാകുന്നു എന്ന് പറഞ്ഞ് കത്തുകളെഴുതുന്ന ഒരുപാടുപേരുണ്ട്. ജോലി പോലുള്ള ഭൗതികകടമകള്‍ നിറവേറ്റുന്നതിന് പ്രാധാന്യമുണ്ടെങ്കിലും, ആത്മീയമായ കടമകളെ അവഗണിക്കാന്‍ പാടുള്ളതല്ല.
തഖ്‌വ നേടുന്നതിനായി നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കണമെന്നും ഒഴിച്ചുകൂടാനാവാത്ത എതിര്‍പ്പുകള്‍ നേരിടേണ്ടി വരുമ്പോഴും തങ്ങളുടെ വിശ്വാസത്തില്‍ അടിയുറച്ചുനില്‍ക്കുകയും മറ്റുള്ളവരോട് ദയയോടും ആദരവോടും കൂടി പെരുമാറുകയും ചെയ്യണമെന്നും വാഗ്ദത്ത മസീഹ്(അ) ഉദ്‌ബോധിപ്പിച്ചിരിക്കുന്നു. വാഗ്ദത്ത മസീഹ്(അ)ന്‍റെ പ്രതീക്ഷകള്‍ നിറവേറ്റാനും നബി തിരുമേനി(സ)ലൂടെ നമുക്ക് നല്‍കപ്പെട്ട അല്ലാഹുവിന്‍റെ അധ്യാപനങ്ങളും കല്പനകളും പിന്തുടരാനും നമുക്ക് സാധിക്കട്ടെ എന്ന് ദുആ ചെയ്യാന്‍ ഖലീഫാ തിരുമനസ്സ് സദസ്സിനോട് നിര്‍ദേശിച്ചു.
കുറിപ്പുകള്‍
[1] വിശുദ്ധ ഖുര്‍ആന്‍ 49:14
0 Comments