ടി. കെ. അബൂബക്കര്‍, ജില്ലാ പ്രസിഡന്‍റ്, എറണാകുളം
യുദ്ധഭീതിയും അശാന്തിയും നിഴലിക്കുന്ന ആഗോള പശ്ചാത്തലത്തിൽ, സ്നേഹത്തിന്‍റെയും സഹവർത്തിത്വത്തിന്‍റെയും ഉദാത്ത സന്ദേശമുയർത്തി അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലയുടെ നേതൃത്വത്തിൽ “സമാധാനം കൊതിക്കുന്ന ലോകം” എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഹിരോഷിമ-നാഗസാക്കി അനുസ്മരണവും സമാധാന സംഗമവും (Peace Talk) ഏറെ ശ്രദ്ധേയമായി. ഓഗസ്റ്റ് 8 ശനിയാഴ്ച വൈകുന്നേരം 4:30-ന് എറണാകുളം YMCA ഹാളിൽ വെച്ചാണ് പരിപാടി നടന്നത്. “എല്ലാവരോടും സ്നേഹം, ആരോടും വെറുപ്പില്ല” (Love for All, Hatred for None) എന്ന അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള മാനവിക തത്ത്വത്തിലൂന്നിയായിരുന്നു സമ്മേളനം.
ഹിരോഷിമാ-നാഗസാക്കി ദുരന്തങ്ങളുടെ കരിനിഴൽ വീണ ഓർമ പുതുക്കുന്ന ഈ ദിനങ്ങളിൽ, മാനവരാശിയുടെ നിലനില്പിന് ലോകസമാധാനം എത്രത്തോളം അനിവാര്യമാണെന്ന ചിന്തകൾ സംഗമത്തിൽ ഗൗരവപൂർവം ചർച്ച ചെയ്യപ്പെട്ടു.
അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ എറണാകുളം ജില്ലാ പ്രസിഡന്‍റ് എന്ന നിലയില്‍ ഈയുള്ളവന്‍ ചടങ്ങിന് അധ്യക്ഷത വഹിച്ചു. മൗലവി മഹ്‍ബൂബ് അഹ്‍മദ് സാഹിബിന്‍റെ ഹൃദയഹാരിയായ വിശുദ്ധ ഖുർആൻ പാരായണത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. മുഹമ്മദ് സഫ്‌വാൻ സദസ്സിന് സാദരം സ്വാഗതം ആശംസിച്ചു.
തന്‍റെ മുഖ്യപ്രഭാഷണത്തില്‍ അഹ്‍മദിയ്യാ മുസ്‌ലിം ജമാഅത്ത് എറണാകുളം ജില്ലാ കമ്മിറ്റി അംഗം ഇ. എച്ച്. നജീബ്, നീതിനിഷേധവും വൻശക്തികളുടെ കടന്നുകയറ്റവുമാണ് ലോകത്ത് യുദ്ധങ്ങൾക്ക് പ്രധാന കാരണമാകുന്നതെന്ന് വ്യക്തമാക്കി. ഹദ്റത്ത് മിർസാ മസ്റൂർ അഹ്‌മദ്(അയ്യദഹുല്ലാഹ്) നല്കിയ മുന്നറിയിപ്പുകളുടെ വെളിച്ചത്തില്‍, ആണവയുദ്ധം വരുത്തിവെക്കുന്ന ഭീകരമായ പ്രത്യാഘാതങ്ങളെക്കുറിച്ച് സംസാരിച്ച അദ്ദേഹം, സമാധാനം ഉറപ്പുവരുത്താൻ എല്ലാ തലങ്ങളിലും സമ്പൂർണ നീതി നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി.
മുഖ്യാഥിതിയായി ചടങ്ങില്‍ പങ്കെടുത്ത ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, മനുഷ്യർ യുദ്ധവെറിയന്മാരായി മാറിക്കൊണ്ടിരിക്കുകയാണെന്ന് ഓർമിപ്പിച്ചു. യുദ്ധത്തിന്‍റെ യഥാർഥ ചരിത്രം യുദ്ധഭൂമിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, തകർന്ന നഗരങ്ങൾ പുനഃസൃഷ്ടിക്കപ്പെട്ടാലും തകർന്ന മനസ്സുകളെ തിരികെ കൊണ്ടുവരാൻ കഴിയില്ലെന്നും ചൂണ്ടിക്കാണിച്ച അദ്ദേഹം, ഉന്നതമായ ആത്മീയ മൂല്യങ്ങൾ, മാനവികത, പരസ്പര ബഹുമാനം, ഹൃദയം തുറന്ന സംവാദങ്ങൾ എന്നിവയിലൂടെ മാത്രമേ സുസ്ഥിരമായ സമാധാനം കെട്ടിപ്പടുക്കാനാകൂ എന്നും വ്യക്തമാക്കി.
തുടർന്ന് ജസ്റ്റിസ് പി. എസ്. ഗോപിനാഥ്, സാഹിത്യകാരൻ എം. വി. ബെന്നി, അദ്വൈത പ്രചാര സഭ പ്രസിഡന്‍റ് ബാബുരാജ്, എ.ഐ.സി.സി. ന്യൂനപക്ഷ വിഭാഗം ദേശീയ വൈസ് ചെയർമാൻ ഇഖ്ബാൽ വലിയവീട്ടിൽ, പത്രപ്രവർത്തകൻ റിഡ്ജൻ റിബല്ലോ തുടങ്ങിയ പ്രമുഖർ സമാധാനത്തിന്‍റെ സാമൂഹികവും ദേശീയവുമായ ആവശ്യകതകളെക്കുറിച്ച് സംസാരിച്ചു.
ഹിരോഷിമയും നാഗസാക്കിയും നേരിട്ട് സന്ദര്‍ശിച്ച അനുഭവമുള്ള പി. ഡി. സെബാസ്റ്റ്യനും പരിപാടിയില്‍ പങ്കെടുത്തിരുന്നു. “എല്ലാവരും മാതൃകയാക്കേണ്ട, പ്രചോദനകരമായ ഒരു മികച്ച ചുവടുവെപ്പ്” എന്നാണ് അദ്ദേഹം ഉദ്യമത്തെ വിശേഷിപ്പിച്ചത്.
എറണാകുളം പ്രസിഡന്‍റ് ബി. ബി. അഹ്‌മദ് കബീറിന്‍റെ നന്ദി പ്രകാശനത്തോടെ പരിപാടി സമാപിച്ചു. സമ്മേളനത്തെ വന്‍ വിജയമാക്കി മാറ്റിയ എല്ലാ അതിഥികൾക്കും, പ്രഭാഷകർക്കും, പിന്നണിയില്‍ അഹോരാത്രം പ്രവൃത്തിച്ച സന്നദ്ധപ്രവർത്തകർക്കും, പങ്കെടുത്ത എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തി.
ചടങ്ങിന് ശേഷം നടന്ന ചായസൽക്കാരം, പങ്കെടുത്തവർക്ക് പരസ്പരം പരിചയപ്പെടാനും ആശയങ്ങള്‍ പങ്കുവെക്കാനുമുള്ള നല്ലൊരു വേദിയായി മാറി.
0 Comments