വാഗ്ദത്ത മസീഹ്(അ)ന്‍റെ സത്യസാക്ഷ്യത്തിന് വര്‍ത്തമാനകാല സാക്ഷ്യങ്ങള്‍

ലോകത്ത് നിന്നും വിശ്വാസം അപ്രത്യക്ഷമായ കാലത്ത് വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും ഇസ്‌ലാമിനെ പ്രകൃതി വാദികളുടെയും നിരീശ്വരവാദികളുടെയും ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് വാഗ്ദത്ത മസീഹ്(അ) ആഗതരായത്.

വാഗ്ദത്ത മസീഹ്(അ)ന്‍റെ സത്യസാക്ഷ്യത്തിന് വര്‍ത്തമാനകാല സാക്ഷ്യങ്ങള്‍

ലോകത്ത് നിന്നും വിശ്വാസം അപ്രത്യക്ഷമായ കാലത്ത് വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും ഇസ്‌ലാമിനെ പ്രകൃതി വാദികളുടെയും നിരീശ്വരവാദികളുടെയും ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് വാഗ്ദത്ത മസീഹ്(അ) ആഗതരായത്.

ലോകത്ത് നിന്നും വിശ്വാസം അപ്രത്യക്ഷമായ കാലത്ത് വിശ്വാസം പുനഃസ്ഥാപിക്കുന്നതിനും ഇസ്‌ലാമിനെ പ്രകൃതി വാദികളുടെയും നിരീശ്വരവാദികളുടെയും ആക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നതിനാണ് വാഗ്ദത്ത മസീഹ്(അ) ആഗതരായത്.

നവംബര്‍ 30, 2023

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 24 നവംബര്‍ 2023ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. വസീം അഹ്‌മദ്

തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്‌റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് പറഞ്ഞു: ഹദ്‌റത്ത് മസിഹ് മൗഊദ് (അ) തന്‍റെ ഗ്രന്ഥങ്ങളിലും പ്രഭാഷണങ്ങളിലും തന്‍റെ ആഗമനോദ്ദേശത്തെയും മസീഹ് വരേണ്ടതിന്‍റെ ആവശ്യകതയെയും കുറിച്ച് പലപ്പോഴായി പരാമര്‍ശിച്ചിട്ടുണ്ട്. അവമുഖേന ലോകത്തിന്‍റെ അവസ്ഥകള്‍ മസീഹിന്‍റെ ആഗമനം ആവശ്യപ്പെടുന്നുണ്ട് എന്ന് അദ്ദേഹം വിശദീകരിച്ചു. ലോകത്തു നിന്ന് വിശ്വാസം ആത്മാര്‍ഥത സത്യസന്ധത എന്നിവ ക്രമേണ അപ്രത്യക്ഷമായ കാരണത്താലാണ് താന്‍ നിയമിക്കപ്പെട്ടതെന്നും വിശ്വാസവും സത്യസന്ധതയും പുനഃസ്ഥാപിക്കുന്നതിനായും ഇസ്ലാമിനെ തത്ത്വചിന്തകരുടെയും പ്രകൃതിവാദികളുടെയും നിരീശ്വരവാദികളുടെയും ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കുന്നതിനായും അല്ലാഹു തന്നെ അയച്ചിരിക്കുന്നെന്നും അദ്ദേഹം വാദിച്ചു.                                                     പതിമൂന്നാം നൂറ്റാണ്ടിൽ ഇസ്‌ലാം കഠിനമായ ആക്രമണങ്ങള്‍ക്ക് വിധേയമായി. ജനങ്ങള്‍ ഇസ്‌ലാമില്‍ നിന്ന് വിട്ടുപോയിക്കൊണ്ടിരിന്നു. ഇസ്‌ലാമിൽ നിലനിന്നവരാകട്ടെ പുത്തനാശയങ്ങളിലും ബഹുദൈവാരാധനയിലും മുഴുകിയിരുന്നു. അങ്ങനെ അന്ന് നിലനിന്നിരുന്ന എല്ലാ സാഹചര്യങ്ങളും മസീഹിന്‍റെ ആവശ്യകതയെ വിളിച്ചോതി.

പ്രവാചകത്വം വാദിക്കുന്ന ഒരു വ്യക്തിയുടെ സത്യസാക്ഷ്യം അളക്കുന്നതിന് വാഗ്ദത്ത മസീഹ്(അ) മുന്നോട്ട് വെച്ച ചില മാനദണ്ഡങ്ങളെ ഖലീഫാ തിരുമനസ്സ് ഉദ്ദരിച്ചു കൊണ്ടു പറയുന്നു: ഒരു പ്രവാചകന്‍റെ ആഗമനത്തെ കുറിച്ച് ഏതെങ്കിലും ദൈവിക ഗ്രന്ഥത്തില്‍ വ്യക്തമായും കൃത്യമായും പരമാര്‍ശമുണ്ടാകണം എന്ന് നിര്‍ബന്ധമില്ല. ഒരു പ്രവാചകന്‍ അവതരിച്ച കാലം ഒരു പ്രവാചകനെ തേടുന്നുണ്ടോ, അദ്ദേഹം ദൈവത്താല്‍ സഹായിക്കപ്പെടുന്നുണ്ടോ അദ്ദേഹം എതിരാളികളുടെ ആക്ഷേപങ്ങള്‍ക്ക് കൃത്യമായി മറുപടി പറയുന്നുണ്ടോ എന്നെല്ലാം പരിശോധിച്ചാണ് ഒരു പ്രവാചകന്‍റെ സത്യസാക്ഷ്യം വിലയിരുത്തപ്പെടേണ്ടത്. ഈ നിബന്ധനകള്‍ എല്ലാം പൂര്‍ത്തിയാക്കുക ആണെങ്കില്‍ ആ പ്രവാചകന്‍ സത്യവാന്‍ ആണെന്ന് ഉറപ്പിക്കാം. വാഗ്ദത്ത മസീഹ്(അ) നിയമിക്കപ്പെട്ട സമയത്ത്  ഇസ്‌ലാമിലെ ഭിന്നതകള്‍ ഇല്ലാതാക്കാന്‍ കാലം ഒരാളെ ഉറ്റുനോക്കിയ സമയമായിരുന്നു. ബാഹ്യമായ ആക്രമങ്ങളില്‍ നിന്ന് ഇസ്ലാമിനെ സംരക്ഷിക്കുന്നതിനായും നഷ്ടപ്പെട്ട ആത്മീയത വീണ്ടെടുക്കുന്നതിനും കാലം ഒരാളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ആയതിനാല്‍ മസീഹ് വരേണ്ടതിന്‍റെ ആവശ്യകത നിരാകരിക്കാന്‍ കഴിയാത്ത അത്രയും വ്യക്തമാണ്.                                                                        രണ്ടാമത്തെ നിബന്ധനയായ നിശ്ചിത സമയം, അതായത് മുന്‍കാല പ്രവാചകന്മാര്‍ പ്രവചിച്ചത് പോലെ ആറായിരം വര്‍ഷങ്ങള്‍ക്ക് ശേഷം മസീഹിന്‍റെ ആഗമനം ഉണ്ടാകും എന്നതും പൂര്‍ത്തിയായിരിക്കുന്നു. ഇതിലുപരിയായി എല്ലാ നൂറ്റാണ്ടിന്‍റെ ആരംഭത്തിലും ഒരു പരിഷ്‌കര്‍ത്താവ് ഉണ്ടായിരിക്കും എന്ന് നബിതിരുമേനി(സ)യും പ്രവചിച്ചിട്ടുണ്ട്. ഇപ്പോള്‍ മസീഹ് അഥവാ ഒരു പരിഷ്‌കര്‍ത്താവ് വരേണ്ടത് അത്യാവശ്യമാണ് എന്ന് മുസ്ലിംകള്‍ അംഗീകരിക്കുന്നു.                                                                          വാഗ്ദത്ത മസീഹ്(അ)ന് എതിര്‍പ്പുകളെ നേരിടേണ്ടി വരുമെന്നും ജനങ്ങള്‍ അദ്ദേഹത്തെ ഭൂമുഖത്ത് നിന്ന് ഇല്ലാതാക്കാന്‍ ശ്രമിക്കുമെന്നും എന്നാല്‍ അല്ലാഹുവിന്‍റെ സഹായത്താല്‍ അദ്ദേഹം അതെല്ലാം അതിജീവിച്ച് ലോകം മുഴുവന്‍ പ്രശസ്തി പ്രാപിക്കും എന്ന് ബാറാഹീനെ അഹ്‌മദിയ്യയിൽ ഒരു പ്രവചനമുണ്ട്. ഇന്നും ലോകത്തുള്ള എല്ലാ രാജ്യങ്ങളിലെയും, പ്രത്യേകിച്ചും ഈ ജമാഅത്തിനെതിരെ കഠിനമായ എതിര്‍പ്പുള്ള സ്ഥലങ്ങളിലെ ജനങ്ങള്‍  ഇസ്‌ലാം അഹ്‌മദിയ്യത്ത് സ്വീകരിച്ച് കൊണ്ടിരിക്കുന്നത് ഈ പ്രവചനം പൂര്‍ത്തിയായതിന്‍റെ തെളിവാണ്. ജമാഅത്തിന്‍റെ വളര്‍ച്ച കാണുമ്പോള്‍ അഹ്‌മദിയ്യത്തിലുള്ള നമ്മുടെ വിശ്വാസം ദൃഢമാകുന്നു.

വാഗ്ദത്ത മസീഹ്അ)ന്റെ സത്യസാക്ഷ്യത്തിനുള്ള ലോകമെമ്പാടുമുള്ള സംഭവങ്ങള്‍

വാഗ്ദത്ത മസീഹ്(അ) ഇസ്‌ലാമിന്‍റെ മനോഹാരിതയെ കുറിച്ച് എഴുതിയ രീതി കാരണം ബൈഅത്ത് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് കിര്‍ഗിസ്ഥാനിൽ നിന്നുള്ള ഒരു വ്യക്തി കത്തെഴുതിയിരിക്കുന്നു. ഇസ്‌ലാമിനെ കുറിച്ച് ഈ രീതിയില്‍ എഴുതാന്‍ ഇമാം മഹ്ദിക്ക് മാത്രമേ കഴിയുകയുള്ളു എന്ന് തനിക്ക് ബോധ്യമായെന്നും അദ്ദേഹം പറയുന്നു.  

കോംഗോയിലുള്ള ഒരു വ്യക്തിക്ക് വാഗ്ദത്ത മസീഹ്(അ) നെ കുറിച്ചും ഖിലാഫത്തിനെ കുറിച്ചും പരാമര്‍ശിക്കുന്ന ഒരു നോട്ടീസ് ലഭിച്ചു. അത് വായിച്ചപ്പോള്‍ അദ്ദേഹം അതിശയിക്കുകയും ഈ ഒരു ഇസ്ലാമിനെ തന്നെയാണ് താന്‍ തേടിക്കൊണ്ടിരുന്നത് എന്നും പറയുകയുമുണ്ടായി.

തന്‍സാനിയയിലെ ഒരു ഗ്രാമമായ ഷിന്യാങ്കയില്‍ ജമാഅത്ത് സ്ഥാപിക്കപ്പെട്ടതിന് ശേഷം ആരംഭത്തില്‍ ജമാഅത്ത് അംഗങ്ങള്‍ മരത്തണണലില്‍ ആയിരുന്നു നമസ്‌കരിച്ചിരുന്നത്. അപ്പോള്‍ ഒരു വ്യക്തി ജമാഅത്തിനെ കഠിനമായി എതിര്‍ക്കാന്‍ തുടങ്ങി. ഇവര്‍ മുസ്ലിംകള്‍ അല്ല എന്ന് പ്രചരിപ്പിക്കുകയും ഉടനെ തന്നെ മുസ്ലിംകള്‍ ഇവിടെ ഒരു മസ്ജിദ് നിര്‍മിക്കണമെന്നു ആഹ്വാനം ചെയ്യുകയും ചെയ്തു. അപ്പോള്‍ നമ്മുടെ ഒരു ജമാത്തംഗം അഹ്‌മദികള്‍ക്ക് മസ്ജിദ് നിര്‍മിക്കാനായി തന്‍റെ സ്ഥലം വഖ്ഫ് ചെയ്തു. കഠിനമായ എതിര്‍പ്പ് ഉണ്ടായിരുന്നിട്ടും അദ്ദേഹം തന്‍റെ സ്ഥലം ജമാഅത്തിന് നല്കാനുള്ള തീരുമാനത്തില്‍ ഉറച്ച് നിന്നു. അങ്ങനെ മസ്ജിദ് നിര്‍മാണം പൂര്‍ത്തിയായി. ഈ സമയത്ത് തന്നെ ജമാഅത്ത് അഹ്‌മദിയ്യയെ കുറിച്ചുള്ള സന്ദേശം ജമാഅത്തിനെ എതിര്‍ക്കുന്നതിൽ മുന്‍പന്തിയിൽ ഉണ്ടായിരുന്ന ആ വ്യക്തിയുടെ വീട്ടിലും എത്തി. അയാള്‍ എതിര്‍പ്പിൽ മുന്നേറിക്കൊണ്ടിരിക്കെ തന്നെ അയാളുടെ ഭാര്യയും കുട്ടികളും അഹ്‌മദിയ്യത്ത് സ്വീകരിച്ചു. ഇയാളുടെ കഠിനമായ എതിര്‍പ്പ് ഉണ്ടായിരുന്നിട്ടും അപ്രകാരം അയാളുടെ കുടുംബത്തിന്‍റെ മനസ്സ് മാറുകയുണ്ടായി. ഈ ഒരു മാറ്റം കൊണ്ടുവരാന്‍ മനുഷ്യനാല്‍ സാധ്യമല്ല. ഇത് അല്ലാഹുവിന് മാത്രം സാധ്യമായ കാര്യമാണ്.

യുകെ യിലെ ഒരു നവാഗത അഹ്‌മദി പറയുന്നു. അവര്‍ ഒരു തീവ്രസുന്നി കുടുംബത്തിലെ അംഗമാണ്. സുന്നി ഇസ്‌ലാം ആണ് ശരിയായ ഇസ്‌ലാം എന്നതായിരുന്നു അവരുടെ വിശ്വാസം. ഒരു ദിവസം  അവര്‍ അവരുടെ യൂണിവേഴ്‌സിറ്റിയുടെ അടുത്തുള്ള ഒരു പള്ളിയില്‍ നിന്ന് ബാങ്കിന്‍റെ ശബ്ദം കേട്ടു. ഈ കാര്യം അവര്‍ തന്‍റെ വീട്ടില്‍ പറഞ്ഞപ്പോള്‍ , ആ പള്ളി അഹ്‌മദികളുടെ പള്ളിയാണ്. അതുകൊണ്ട് ആ പള്ളിയില്‍ നിന്ന് അകന്ന് നില്‍ക്കണമെന്ന് അവരുടെ പിതാവ് പറഞ്ഞു. എന്നാല്‍ അവര്‍ ജമാഅത്തിനെ വെറുക്കാതെ അവരുടെ കുടുംബം എന്ത് പറയും എന്ന ഭയം ഉണ്ടായിരുന്നിട്ടും കൂടുതല്‍ പഠിക്കാന്‍  ആഗ്രഹിച്ചു. അവര്‍ സ്വന്തമായി കൂടുതല്‍ ഗവേഷണം ചെയ്യാന്‍ തുടങ്ങി. അവര്‍ ജമാഅത്തിന്‍റെ വെബ്‌സൈറ്റ് സന്ദര്‍ശിച്ചപ്പോൾ അവര്‍ക്ക് തന്‍റെ ചോദ്യങ്ങള്‍ക്ക് മറ്റെവിടെ നിന്നും ലഭിക്കാത്ത ഉത്തരങ്ങള്‍ ലഭിക്കുകയും ചെയ്തു. ശേഷം അവര്‍ തനിക്ക് സത്യം വെളിപ്പെടാനായി അല്ലാഹുവിനോട് ദുആ ചെയ്യാന്‍ തുടങ്ങി. അങ്ങനെ അവര്‍ നാലാം ഖലീഫയെയും അഞ്ചാം ഖലീഫ തിരുമനസ്സിനെയും സ്വപ്നത്തില്‍ ദര്‍ശിച്ചു. ഇത്തരം വ്യക്തമായ സ്വപ്നങ്ങള്‍ കണ്ടതിന് ശേഷം അവര്‍ ബൈഅത്ത് ചെയ്യാന്‍ തീരുമാനിച്ചു. ഇത്തരത്തില്‍ അവരെ നേര്‍മാര്‍ഗത്തിലേക്ക് നയിച്ചത് ദൈവസഹായം അല്ലാതെ മറ്റൊന്നുമല്ല.

അല്ലാഹു ശത്രുക്കളെയും നമ്മുടെ ജമാഅത്തിലേക്ക് കൊണ്ടുവരുന്നു, ഉദാഹരണത്തിന്, മാലിയില്‍ നടക്കാന്‍ പോകുന്ന ജമാഅത്തിന്‍റെ ഒരു സമ്മേളനത്തെ കുറിച്ച് റേഡിയോയില്‍ വിളംബരങ്ങൾ നടന്നിരുന്നു. ഒരു ഗ്രാമത്തിലെ ഒരു വ്യക്തി ഇത് കേള്‍ക്കുകയും ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. അദ്ദേഹത്തിന്‍റെ ഒരു സുഹൃത്ത് അദ്ദേഹത്തെ ജമാഅത്തിനെ കുറിച്ച് അന്വേഷിക്കുന്നതില്‍ അദ്ദേഹത്തെ തടയുമായിരുന്നു. എന്തായാലും ഇവര്‍ രണ്ടുപേരും ഈ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയി. അവര്‍ രണ്ടുപേരെയും ഊഷ്മളമായി സ്വീകരിക്കുകയും അവരോട് നല്ല രീതിയില്‍ പെരുമാറുകയും ചെയ്തു. അവര്‍ പ്രഭാഷണങ്ങള്‍ കേള്‍ക്കുകയും ജമാഅത്തായുള്ള നമസ്‌കാരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തു. അവിടെ നിന്ന് പോയതിനു ശേഷം അവര്‍ രണ്ടു പേരും ബൈഅത്ത് ചെയ്തു. ആ സുഹൃത്ത് പറയുന്നു: താങ്കളെ സ്വാധീനിച്ച് അഹ്‌മദിയ്യാ വിരോധിയാക്കാന്‍ വേണ്ടിയായിരുന്നു ഞാന്‍ താങ്കളുടെ കൂടെ വന്നത്. എന്നാല്‍ ഇപ്പോള്‍ ഞാന്‍ തന്നെ അഹ്‌മദിയ്യത്ത് സ്വീകരിക്കുന്ന അവസ്ഥയായി.

ഉസ്ബെക്കിസ്ഥാനിലെ ഒരു വ്യക്തി ഇമാം അബു ഹനീഫയുമായ ബന്ധപ്പെട്ട ജമാഅത്തിലായിരുന്നു ഉണ്ടായിരുന്നത്. ഒരു ദിവസം അറബി പഠിക്കുന്നതിനായി അദ്ദേഹത്തിന്‍റെ ഒരു സുഹൃത്ത് അദ്ദേഹത്തെ ഒരു അഹ്‌മദി അധ്യാപകന്‍റെ അടുക്കലേക്ക് കൊണ്ടുപോയി. അദ്ദേഹം ആ അധ്യാപകനോട് പല ചോദ്യങ്ങളും ചോദിക്കുകയും ആ ചോദ്യങ്ങള്‍ക്ക് ലഭിച്ച ഉത്തരങ്ങൾ അദ്ദേഹത്തില്‍ വളരെയധികം മതിപ്പുളവാക്കുകയും ചെയ്തു. ഈ ഉത്തരങ്ങള്‍ എല്ലാം താങ്കള്‍ക്ക് എവിടെ നിന്നാണ് ലഭിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ ആ അഹ്‌മദി അധ്യാപകന്‍ അദ്ദേഹത്തിന് അഹ്‌മദിയ്യത്തിനെ പരിചയപ്പെടുത്തി. വാഗ്ദത്ത മസീഹ്(അ)ന്‍റെ ലിഖിതങ്ങള്‍ അറിവിന്‍റെ നീരുറവയാണെന്നും പറഞ്ഞു. അങ്ങനെ അദ്ദേഹം അഹ്‌മദിയ്യത്ത് സ്വീകരിച്ചു.

സത്യസ്വപ്നങ്ങളാല്‍ അല്ലാഹു നേര്വതഴിയിലേക്ക് നയിക്കുന്ന സംഭവങ്ങള്‍

ദൈവം വാഗ്ദത്ത മസീഹ്(അ)ന്‍റെ സത്യസന്ധത ജനങ്ങള്‍ക്ക് വെളിപ്പെടുത്തുക മാത്രമല്ല, ഖിലാഫത്ത് മുഖേന തന്‍റെ  സഹായം പ്രകടിപ്പിക്കുകയും സ്വപ്നങ്ങളിലൂടെ വിശ്വാസത്തില്‍ ജനങ്ങള്‍ക്ക് ദൃഢത നല്കുകയും ചെയ്യുന്നു.

സെനഗലില്‍ നമ്മുടെ ഒരു പ്രാദേശിക മിഷനറി അഹ്‌മദിയ്യത്തിനെ കുറിച്ച് പ്രബോധനം ചെയ്യുകയായിരുന്നു. അപ്പോള്‍ ഒരു വ്യക്തി അദ്ദേഹത്തിന്‍റെ അടുക്കൽ വന്ന് പറഞ്ഞു: ഒരു ദിവസം മുന്‍പ് ഒരു വ്യക്തി എന്നെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നതായി ഞാന്‍ സ്വപ്നം കണ്ടു. നമ്മുടെ മിഷനറി അദ്ദേഹത്തിന് ഖലീഫമാരുടെ ചിത്രങ്ങള്‍ കാണിച്ചു. ഖലീഫാ തിരുമനസ്സിന്‍റെ ചിത്രങ്ങള്‍ കണ്ടതും അദ്ദേഹം വികാരാധീനനായി പറഞ്ഞു: ഈ വ്യക്തിയെ തന്നെയാണ് ഞാന്‍ സ്വപ്നത്തില്‍ കണ്ടത്. അങ്ങനെ അദ്ദേഹം സകുടുംബം അഹ്‌മദിയ്യത്ത് സ്വീകരിച്ചു.

മാര്‍ഷൽ ദ്വീപുകളില്‍ നമ്മുടെ ഒരു മിഷനറി വിശുദ്ധ ഖുര്‍ആനിലെ ഒരു സൂക്തം പരിഭാഷ ചെയ്യാനായി സഹായം അഭ്യര്‍ത്ഥിച്ച് ഒരു പ്രൊഫസ്സറുമായി ബന്ധപെടുകയുണ്ടായി. ഈ വചനം ഖുര്‍ആനിലെ ഒരു സൂക്തമാണെന്ന് അറിഞ്ഞപ്പോൾ അദ്ദേഹം പരിഭ്രമിക്കുകയും, മതപരമായ ഇത്തരം കാര്യങ്ങള്‍ പരിഭാഷ ചെയ്യുന്നതില്‍ നിന്നും, പത്യേകിച്ചും ബൈബിളും ഖുര്‍ആനും തമ്മില്‍ ധാരാളം വ്യത്യാസങ്ങള്‍ ഉള്ളതിനാല്‍, താന്‍ വിട്ടുനില്‍ക്കാൻ ശ്രമിക്കുകയാണെന്നും പറഞ്ഞു. അവസാനം അദ്ദേഹം പരിഭാഷ ചെയ്യാന്‍ സഹായിച്ചു. ശേഷം ഈ മിഷനറി അദ്ദേഹത്തില്‍ നിന്ന് പ്രാദേശിക ഭാഷ പഠിക്കാന്‍ ആരംഭിച്ചു. പ്രൊഫസ്സര്‍ അദ്ദേഹത്തെ പഠിപ്പിക്കാനായി പള്ളിയില്‍ വന്നുകൊണ്ടിരുന്നു. ഈ സമയങ്ങളില്‍ അദ്ദേഹം ഇസ്‌ലാമിനെ കുറിച്ചും അഹ്‌മദിയ്യത്തിനെ കുറിച്ചും പഠിക്കാന്‍ തുടങ്ങി. ഇതേ സമയത്ത് തന്നെയാണ് ഖലീഫാ തിരുമനസ്സ് നമ്മുടെ അധ്യാപനങ്ങള്‍ എന്ന പുസ്തകം മര്‍ഷലീസിലേക്ക് പരിഭാഷ ചെയ്യാന്‍ നിര്‍ദേശിച്ചത്. പ്രൊഫസ്സറും ഇക്കാര്യത്തില്‍ സഹായ സന്നദ്ധത പ്രകടിപ്പിച്ചു. ഇസ്‌ലാമിനെ കുറിച്ചുള്ള അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് തന്നെ മാറി. 

പ്രൊഫസ്സര്‍ തന്‍റെ  ജോലി സംബന്ധമായ ചില കാര്യങ്ങളില്‍ ആശങ്കാകുലനായിരുന്നു. അപ്പോള്‍ മിഷനറി സാഹിബ് അദ്ദേഹത്തോട് പ്രാര്‍ഥിക്കാൻ നിര്‍ദേശിച്ചു. എന്നാല്‍ യേശുവിനോടല്ല മറിച്ച് അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കണമെന്നും പറഞ്ഞു. അങ്ങനെ പ്രൊഫസ്സര്‍ പ്രാര്‍ഥിക്കാൻ ആരംഭിച്ചു. ചില ആഴ്ചകള്‍ക്ക് ശേഷം സാംസ്‌കാരിക മന്ത്രാലയം പുതിയ ഒരു ജോലി തസ്തിക വിളംബരപ്പെടുത്തുകയും പ്രൊഫസ്സര്‍ സാഹിബിന് പുതുയ ജോലി ലഭിക്കുകയും ചെയ്തു. തന്‍റെ പ്രാര്‍ഥന സ്വീകരിക്കപ്പെട്ടതിനാലും വാഗ്ദത്ത മസീഹ്(അ)ന്‍റെ ലിഖിതങ്ങള്‍ വായിച്ചതിനാലും അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. അദ്ദേഹം നമ്മുടെ അധ്യാപനങ്ങള്‍ എന്ന പുസ്തകം പരിഭാഷ ചെയ്തു തീര്‍ക്കുകയും ചെയ്തു. ഇങ്ങനെയാണ് അല്ലാഹു ജനങ്ങളുടെ ഹൃദയത്തെ അഹ്‌മദിയ്യത്തിലേക്കും വാഗ്ദത്ത മസീഹ്(അ)ലേക്കും തിരിക്കുന്നത്. ക്രിസ്തുമതം തങ്ങളുടെ പതാക ലോകത്ത് ഉയര്‍ത്തുന്നതിന് കുറിച്ച് സംസാരിക്കാറുണ്ടെങ്കിലും ക്രിസ്ത്യാനികള്‍ നബിതിരുമേനി(സ)യുടെ പതാകയ്ക്ക് കീഴില്‍ അണിനിരന്നുകൊണ്ടിരിക്കുകയാണ്. വിശ്വാസത്തിന്‍റെ ആളുകള്‍ എന്ന് അവകാശപ്പെടുന്നവര്‍ ഇനിയും തങ്ങളുടെ കണ്ണുകള്‍ തുറക്കുന്നില്ല എങ്കില്‍ അവരുടെ കാര്യം അല്ലാഹുവിങ്കലാണ്. ഏതൊരു ലക്ഷ്യത്തിനാണോ അല്ലാഹു വാഗ്ദത്ത മസീഹ്(അ)നെ അയച്ചിരിക്കുന്നത് അത് എന്തായാലും പൂര്‍ത്തിയായിക്കൊണ്ടിരിക്കും  അതിനെ ആര്‍ക്കും തടയാനാകില്ല. എന്നാല്‍ നാം അഹ്‌മദിയ്യത്ത് സ്വീകരിച്ചത് കൊണ്ട് മാത്രം ആയില്ല, വാഗ്ദത്ത മസീഹ്(അ)ന്‍റെ അധ്യാപനങ്ങളെ നാം നമ്മുടെ ജീവിതത്തില്‍ പകര്‍ത്തുകയും വേണം.

ഫലസ്തീന് വേണ്ടി ദുആക്കുള്ള ആഹ്വാനം

ഫലസ്തീന് വേണ്ടി ദുആ ചെയ്യുന്നത് തുടര്‍ന്നുകൊണ്ടിരിക്കുക. അവര്‍ നേരിട്ട് കൊണ്ടിരിക്കുന്ന അടിച്ചമര്‍ത്തലിൽ നിന്നും അവര്‍ക്ക് അല്ലാഹു മോചനം നല്കട്ടെ. അവശ്യവസ്തുക്കള്‍ എത്തിക്കുന്നതിനായി ഇപ്പോള്‍ കുറച്ച് സമയത്തിന് യുദ്ധം നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ ഇതിനു ശേഷം എന്താണ് സംഭവിക്കാന്‍ പോകുന്നത്. അവര്‍ക്ക് സഹായം എത്തിച്ചതിനു ശേഷം അവരെ കൊല്ലും എന്നാണോ? ഇസ്രായിലിന്‍റെ ഉദ്ദേശങ്ങള്‍ അപായകരമാണ്. ഈ ഇടവേളക്ക് ശേഷം ഉടനെ തന്നെ യുദ്ധം ആരംഭിച്ചില്ലെങ്കില്‍ താന്‍ സര്‍ക്കാർ വിടും എന്നാണ് അവരുടെ സര്‍ക്കാർ ഉപദേശകാരില്‍ ഒരാള്‍ പറഞ്ഞിട്ടുള്ളത്. ഇതാണ് അവരുടെ ചിന്താഗതി. വലിയ ശക്തികള്‍ പ്രത്യക്ഷത്തില്‍ അവരുടെ അനുകമ്പ പ്രകടിപ്പിക്കുന്നേണ്ടങ്കിലും അവര്‍ നീതിയോടെ പ്രവര്‍ത്തിക്കാൻ ആഗ്രഹിക്കുന്നില്ല. ഈ വിഷയത്തില്‍ ഗൗരവമായി ഇടപെടാന്‍ ആഗ്രഹിക്കുന്നുമില്ല. ഈ യുദ്ധം ആ പ്രദേശത്ത് മാത്രം ഒതുങ്ങും എന്നാണ് ഇവര്‍ കരുതുന്നത്. എന്നാല്‍ ഈ യുദ്ധം ഇതര രാജ്യങ്ങളിലേക്കും നീളുന്നതായിരിക്കും എന്ന് ചിന്തകര്‍ പറയുന്നുണ്ട്. മുസ്ലിം രാജ്യങ്ങളും യുദ്ധത്തിനെതിരെ ശബ്ദമുയര്‍ത്താൻ തുടങ്ങിയിട്ടുണ്ട്. മുസ്‌ലിങ്ങൾ ഒന്നിക്കണമെന്നും ഒറ്റ ശബ്ദമായി മാറണമെന്നും സൗദി രാജാവ് പറഞ്ഞിരുന്നു. മുസ്‌ലിങ്ങൾ തീര്‍ച്ചയായും ഇങ്ങനെ ചെയ്യേണ്ടതാണ്. അതിനായി ഒരു കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. ഇവരുടെ ഈ ഒരു തിരിച്ചറിവ് പ്രവര്‍ത്തികമാകാനും നല്ല പരിണിതഫലങ്ങള്‍ ഉണ്ടാകാനും അല്ലാഹു അനുഗ്രഹിക്കട്ടെ. പ്രാര്‍ഥനകളിലേക്ക് കൂടുതല്‍ ശ്രദ്ധപതിപ്പിക്കേണ്ടതും അനിവാര്യമാണ്.

ചില പരേതരരുടെ അനുസ്മരണം

ഖലീഫ തിരുമനസ്സ് ജമാഅത്തിലെ ചില വ്യക്തികള്‍ വഫാത്ത് ആയ വിവരം അറിയിക്കുകയും അവരുടെ ദീനീ സേവനങ്ങള്‍ സ്മരിക്കുകയും അവരുടെ ജനാസ ഗായിബ് നമസ്‌കരിക്കുന്നതാണ് എന്ന് പറയുകയും ചെയ്തു.

അബ്ദുല്‍ സലാം ആരിഫ് സാഹിബ്, മുഹമ്മദ് ഖാസിം ഖാന്‍, അഹ്‌മദ് കരീം ഖുദ്‌സി, മിയാ റഫീഖ് അഹ്‌മദ്, നസീമ ലയീഖ് എന്നിവരെയാണ് ഖലീഫാ തിരുമനസ്സ് അനുസ്മരിച്ചത്.

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed