പ്രിയപ്പെട്ടതില്‍ നിന്ന് ചെലവഴിക്കുക: തഹ്‌രീക്കെ ജദീദിന്‍റെ സർവസാരം

അഹ്‌മദിയ്യാ ജമാഅത്തിന്‍റെ വ്യാപനത്തിലൂടെ ഇസ്‌ലാമിക പതാക ലോകത്തെല്ലായിടത്തും നിലനാട്ടപ്പെടുന്നതിന് വേണ്ടിയാണ് ഇത്തരം സാമ്പത്തിക ത്യാഗങ്ങളുണ്ടാകുന്നത്.

പ്രിയപ്പെട്ടതില്‍ നിന്ന് ചെലവഴിക്കുക: തഹ്‌രീക്കെ ജദീദിന്‍റെ സർവസാരം

അഹ്‌മദിയ്യാ ജമാഅത്തിന്‍റെ വ്യാപനത്തിലൂടെ ഇസ്‌ലാമിക പതാക ലോകത്തെല്ലായിടത്തും നിലനാട്ടപ്പെടുന്നതിന് വേണ്ടിയാണ് ഇത്തരം സാമ്പത്തിക ത്യാഗങ്ങളുണ്ടാകുന്നത്.

അഹ്‌മദിയ്യാ ജമാഅത്തിന്‍റെ വ്യാപനത്തിലൂടെ ഇസ്‌ലാമിക പതാക ലോകത്തെല്ലായിടത്തും നിലനാട്ടപ്പെടുന്നതിന് വേണ്ടിയാണ് ഇത്തരം സാമ്പത്തിക ത്യാഗങ്ങളുണ്ടാകുന്നത്.

നവംബര്‍ 5, 2023

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 3 നവംബര്‍ 2023ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ്, ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ്‌ സാലിഹ്

തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും ഓതിയ ശേഷം ഖലീഫാ തിരുമനസ്സ് താഴെ കൊടുത്ത ഖുര്‍ആനിക വചനം (3:93) ചെയ്യുകയുണ്ടായി.

“നിങ്ങള്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് നിങ്ങള്‍ ചെലവഴിക്കുന്നത് വരെ നിങ്ങള്‍ (പരിപൂര്‍ണ) നന്മ പ്രാപിക്കുകയില്ല. നിങ്ങള്‍ ചെലവഴിക്കുന്നതെന്താണോ അതിനെകുറിച്ച് അല്ലാഹു നല്ലവണ്ണം അറിയുന്നവനാകുന്നു.”

ഒരു വ്യക്തി താന്‍ ഇഷ്ടപ്പെടുന്നതില്‍ നിന്ന് ചെലവഴിക്കുമ്പോള്‍ നന്മയുടെ ഏറ്റവും ഉയര്‍ന്ന നിലവാരം കൈവരിക്കുമെന്ന് ഈ വാക്യത്തില്‍ അല്ലാഹു വ്യക്തമാക്കിയതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു.

നിങ്ങള്‍ ഇഷ്ടപ്പെടുന്ന സമ്പത്തില്‍ നിന്ന് ചെലവഴിക്കുന്നത് യഥാര്‍ഥ നന്മയിലേക്ക് നയിക്കുന്നു.

തന്‍റെ വിലയേറിയതും പ്രിയപ്പെട്ടതുമായ സമ്പത്തില്‍ നിന്ന് ചെലവഴിക്കുമ്പോള്‍ ഒരാള്‍ക്ക് മോക്ഷത്തിലേക്ക് നയിക്കുന്ന യഥാര്‍ഥ നന്മ കരസ്ഥമാക്കാന്‍ സാധിക്കുമെന്ന് വാഗ്ദത്ത മസീഹ്(അ) പറഞ്ഞ കാര്യം ഖലീഫാ തിരുമനസ്സ് ഉദ്ധരിക്കുകയുണ്ടായി. ഉപയോഗശൂന്യമായ സമ്പത്തില്‍ നിന്ന് ചെലവഴിക്കുന്നത് അര്‍ഥശൂന്യമാണ്. മറിച്ച്, ഒരു വ്യക്തി ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ടവനായിത്തീരുന്നതിന് തന്‍റെ ഏറ്റവും പ്രിയപ്പെട്ട സമ്പത്ത് ചെലവഴിക്കേണ്ടതാണ്. ബുദ്ധിമുട്ടുകള്‍ സഹിക്കാതെ ഒരാള്‍ക്ക് ഉയര്‍ന്ന സ്ഥാനങ്ങള്‍ എങ്ങനെ കൈവരിക്കാനാകും? നബി തിരുമേനി(സ)യുടെ സഹാബിമാര്‍ക്ക് ആ പദവി സൗജന്യമായി ലഭിച്ചതൊന്നുമല്ല. മറിച്ച്, വലിയൊരു പോരാട്ടത്തിന് ശേഷമാണ് അവര്‍ അത് നേടിയത്. അല്ലാഹുവിന്‍റെ പ്രീതിക്കായി ബുദ്ധിമുട്ടുകള്‍ സഹിക്കുന്നതിനെ ഭാരമായി കാണാത്തവര്‍ ഭാഗ്യവാന്മാര്‍.

വാഗ്ദത്ത മസീഹ്(അ) ഈ ഒരു മനോഭാവമാണ് തന്‍റെ ജമാഅത്തില്‍ സൃഷ്ടിക്കാന്‍ ആഗ്രഹിച്ചതെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ഇപ്പോള്‍, സ്വന്തം ആവശ്യങ്ങള്‍ മാറ്റിവച്ച് പകരം തങ്ങളുടെ വിശ്വാസത്തിനുവേണ്ടി സാമ്പത്തിക ത്യാഗങ്ങള്‍ ചെയ്യുന്ന ഒരു വലിയ വിഭാഗം ആളുകള്‍ ഈ ജമാഅത്തില്‍ ഉണ്ട്. ഇക്കാലത്ത് ലോകത്ത്, പ്രത്യേകിച്ച് വികസിത രാജ്യങ്ങളില്‍, വര്‍ദ്ധിച്ചുവരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നാം കാണുന്നു. ലോകത്ത് നിലവിലുള്ള യുദ്ധങ്ങളും രാഷ്ട്രീയക്കാരുടെ അശ്രദ്ധയുമാണ് ഈ സാഹചര്യങ്ങളിലേക്ക് നയിച്ചത്. എന്നിട്ടും, ഇതൊക്കെയാണെങ്കിലും, അഹ്‌മദികളുടെ സാമ്പത്തിക ത്യാഗങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഒരു ലൗകിക വ്യക്തിക്ക് ഇത് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കാം. എന്നാല്‍ അത്തരം ത്യാഗങ്ങളുടെ ഫലമായാണ് അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ദ്ധിക്കുന്നതെന്ന് ഒരു വിശ്വാസിക്ക് അറിയാം.

തഹ്‌രീക്കെ ജദീദ് പദ്ധതിയുമായി ബന്ധപ്പെട്ട വിശ്വാസവര്‍ധകങ്ങളായ സംഭവങ്ങള്‍

നവംബറിലെ ആദ്യ ഖുത്ബയോട് കൂടിയാണ് തഹ്‌രീക്കെ ജദീദിന്‍റെ വര്‍ഷം ആരംഭിക്കുന്നത്. ആയതിനാല്‍ തഹ്‌രീക്കെ ജദീദ് പദ്ധതിയുമായി ബന്ധപ്പെട്ട ചില സംഭവങ്ങള്‍ സമര്‍പ്പിക്കുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.

തഹ്‌രീക്കെ ജദീദിന് വേണ്ടി തങ്ങളുടെ ആഭരണങ്ങള്‍ നല്കിയ സ്ത്രീകളുടെ ഒരു നീണ്ട ലിസ്റ്റ് തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. തഹ്‌രീക്കെ ജദീദിന്‍റെ തുടക്കത്തില്‍ രണ്ടാം ഖലീഫ(റ)യുടെ പ്രാരംഭ കല്പനകളിലൊന്ന്, ആഭരണങ്ങള്‍ നിര്‍മിക്കുന്നതിനുപകരം, സ്ത്രീകള്‍ ആ സമ്പാദ്യം സാമ്പത്തിക ത്യാഗങ്ങളില്‍ സമര്‍പിക്കണം എന്നതായിരുന്നു. എന്നിരുന്നാലും, ഒരാളുടെ കൈവശം എന്തെങ്കിലും ഉണ്ടായിരിക്കുകയും പിന്നീട് അത് സാമ്പത്തിക ത്യാഗത്തിന്‍റെ രൂപത്തില്‍ നല്കുകയും ചെയ്യുക എന്നത് കൂടുതല്‍ ബുദ്ധിമുട്ടായിട്ടുള്ള കാര്യമാണ്. അത്തരം ഉദാഹരണങ്ങള്‍ ലോകമെമ്പാടും കാണാം.

ദരിദ്രരായിരുന്നിട്ടും ഇപ്പോഴും സാമ്പത്തിക ത്യാഗങ്ങള്‍ സമപിക്കുന്നവരുടെ ഉദാഹരണങ്ങളും ഉണ്ടെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. അതിനുശേഷം ദൈവം തന്‍റെ അനുഗ്രഹങ്ങള്‍ അവര്‍ക്ക് മേല്‍ ചൊരിയുകയും അത് അവരെ അത്ഭുതപ്പെടുത്തുകയും ചെയ്യുന്നു. സമ്പത്തുള്ളവര്‍ ഇതില്‍ നിന്ന് പാഠമുള്‍ക്കൊള്ളണം. ദരിദ്രരായവര്‍ തങ്ങളുടെ സമ്പത്തിന്‍റെ അമ്പതോ നൂറോ ശതമാനം പോലും സാമ്പത്തിക ത്യാഗമായി സമര്‍പ്പിച്ചതിന്‍റെ ഉദാഹരണങ്ങളുണ്ട്. അതേസമയം ചില സമ്പന്നര്‍ ഒരു ശതമാനം മാത്രമേ നല്കുന്നുള്ളൂ.

ഖലീഫാ തിരുമനസ്സ് പറഞ്ഞു, ഗിനി ബിസാവോയില്‍ നിന്നുള്ള ഒരു മോട്ടോര്‍ സൈക്കിള്‍ മെക്കാനിക്ക് തഹ്‌രീക്കെ ജദീദിന് വേണ്ടി ആഹ്വാനമുണ്ടായപ്പോള്‍ തന്‍റെ പോക്കറ്റില്‍ ഉള്ളതെല്ലാം നല്കാന്‍ നിശ്ചയിച്ചു. ആസമയത്ത് തന്നെ രാത്രി ഭക്ഷണം ഉണ്ടാക്കാന്‍ പണം ആവശ്യപ്പെട്ട് മരുമകള്‍ വന്നിരുന്നു. തഹ്‌രീക്കെ ജദീദിന് വേണ്ടി നേരത്തെ തന്നെ ആ സംഖ്യ നല്കാന്‍ തീരുമാനിച്ചതിനാല്‍ ക്ഷമ കൈക്കൊള്ളാന്‍ അദ്ദേഹം മരുമകളോട് പറഞ്ഞു. പിന്നീട് ഒരു സര്‍ക്കാര്‍ ഓഫീസില്‍ നിന്ന് അദ്ദേഹത്തിന് ഒരു ഫോണ്‍ കോള്‍ വന്നു. കുറച്ച് കാലങ്ങള്‍ക്ക് മുമ്പ് അദ്ദേഹം അവരുടെ മോട്ടോര്‍ സൈക്കിള്‍ ഷോപ്പില്‍ ജോലി ചെയ്തിരുന്നെങ്കിലും ശമ്പളം നല്കാന്‍ സാധിക്കാതിരുന്നതിനാല്‍ ഒരു ചെക്ക് സ്വീകരിക്കുവാന്‍ ഓഫീസില്‍ വരണമെന്ന് അവര്‍ അറിയിച്ചു. ഈ രീതിയില്‍, അദ്ദേഹത്തിന്‍റെ ത്യാഗത്തിന് ഉടന്‍ പ്രതിഫലം ലഭിച്ചു. അദ്ദേഹം വീട്ടിലെത്തി സന്തോഷത്തോടെ വീട്ടുകാരോട് എന്താണ് സംഭവിച്ചതെന്ന് പറഞ്ഞു.

എല്ലാ ജീവനക്കാരുടെയും ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് ടാന്‍സാനിയയിലുള്ള ഒരു സഹോദരനെ അദ്ദേഹം ജോലി ചെയ്തിരുന്ന കമ്പനി അറിയിച്ചതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. ആ സമയത്താണ് തഹ്‌രീക്കെ ജദീദിന് വേണ്ടി സാമ്പത്തിക ത്യാഗങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് അദ്ദേഹത്തിന് ഒരു വിളി വന്നത്. സാമ്പത്തിക സ്ഥിതി മോശമായിരുന്നിട്ടും അദ്ദേഹം തന്‍റെ ആശങ്ക പ്രകടിപ്പിക്കാതെ തന്‍റെ വാഗ്ദാനം മുഴുവനായി നല്കി. അടുത്ത ദിവസം, മറ്റ് ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചെങ്കിലും അദ്ദേഹത്തിന്‍റെ ശമ്പളത്തില്‍ ഒരു കുറവും ഉണ്ടാകില്ലെന്ന് കമ്പനി അറിയിച്ചു. തഹ്‌രീക്കെ ജദീദിന് വേണ്ടി താന്‍ സാമ്പത്തിക ത്യാഗം ചെയ്തതാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.

ഖലീഫാ തിരുമനസ്സ് പറഞ്ഞു, പത്ത് വര്‍ഷമായി സാമ്പത്തിക ത്യാഗങ്ങള്‍ ചെയ്യാതിരുന്ന ഒരു യുവാവ് ഓസ്ട്രേലിയയിലുണ്ടായിരുന്നു. ഒരു ദിവസം മിഷനറിക്കൊപ്പം ഇരുന്നതിന് ശേഷം തഹ്‌രീക്കെ ജദീദ് ഉള്‍പ്പെടെ അദ്ദേഹം വീണ്ടും സാമ്പത്തിക ത്യാഗങ്ങള്‍ ചെയ്യാന്‍ തുടങ്ങി. കുറച്ച് സമയത്തിന് ശേഷം, തനിക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിച്ചുവെന്ന് അറിയിക്കാന്‍ അദ്ദേഹം മിഷനറിയെ വിളിച്ചു, അത് തികച്ചും അപ്രതീക്ഷിതമായിരുന്നു. താന്‍ സാമ്പത്തിക ത്യാഗങ്ങള്‍ ചെയ്യാന്‍ തുടങ്ങിയതാണ് ഇതിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. ഇനി ഒരിക്കലും ഇത് ചെയ്യുന്നത് നിര്‍ത്തില്ലെന്ന് അദ്ദേഹം പ്രതിജ്ഞയെടുത്തു.

ഖലീഫാ തിരുമനസ്സ് പറഞ്ഞു, ഖസാക്കിസ്ഥാനില്‍ സ്ഥിരമായി സാമ്പത്തിക ത്യാഗങ്ങള്‍ സമര്‍പിച്ചിരുന്ന ഒരു വ്യക്തിക്ക് ജോലി നഷ്ടപ്പെട്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് അസുഖം പിടിപെട്ട് വിലകൂടിയ മരുന്നുകള്‍ വാങ്ങേണ്ടി വന്നു. സാമ്പത്തിക സ്ഥിതി കാരണം അദ്ദേഹം വളരെ വിഷമിച്ചു. ഒരു ദിവസം, ഒന്നുമില്ലെന്ന് ഉറപ്പായിരുന്നിട്ടും തന്‍റെ ക്രെഡിറ്റ് കാര്‍ഡിലെ ബാലന്‍സ് പരിശോധിക്കാന്‍ തീരുമാനിച്ചു, അദ്ദേഹം അത്ഭുതപ്പെട്ടു. അദ്ദേഹത്തിന്‍റെ ബാങ്ക് അക്കൗണ്ടില്‍ പ്രാദേശിക കറന്‍സി 190,000 ഉള്ളതായി കണ്ടു. ജോലിക്കിടെ അദ്ദേഹത്തിന്‍റെ കഠിനാധ്വാനത്തിനും വിശ്വാസ്യതയ്ക്കും സമ്മാനമായി മുമ്പത്തെ കമ്പനി അദ്ദേഹത്തിന്റെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത സംഖ്യയായിരുന്നു അത്.

ഖലീഫാ തിരുമനസ്സ് പറഞ്ഞു, സെനഗലില്‍ നിന്നുള്ള ഒരു സഹോദരന് വര്‍ഷം അവസാനിക്കാനിരിക്കെ തഹ്‌രീക്കെ ജദീദിന്‍റെ വാഗ്ദാനം നിറവേറ്റാന്‍ പണമില്ലായിരുന്നു. എന്നിരുന്നാലും, തന്‍റെ വസ്ത്രങ്ങള്‍ വിറ്റിട്ടാണെങ്കിലും തീര്‍ച്ചയായും വാഗ്ദാനം നിറവേറ്റുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, അദ്ദേഹം പ്രാദേശിക മിഷനറിയുടെ അടുത്ത് പോയി തന്‍റെ സാമ്പത്തിക ത്യാഗം സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. എങ്ങനെയോ, അപ്രതീക്ഷിതമായി, അദ്ദേഹത്തിന്‍റെ മകള്‍ പണം അയക്കുകയും അത് മുഖേന അദ്ദേഹത്തിന് തഹ്‌രീക്കെ ജദീദിന്‍റെ വാഗ്ദാനം നിറവേറ്റാന്‍ സാധിക്കുകയും ചെയ്തു.

ഖലീഫാ തിരുമനസ്സ് പറഞ്ഞു, ടാന്‍സാനിയയിലെ ഒരു പുതിയ അഹ്‌മദി തഹ്‌രീക്കെ ജദീദിന് വേണ്ടി വലിയ ഒരു തുക വാഗ്ദാനമായി എഴുതിയിരുന്നു. അദ്ദേഹം ഒരു കര്‍ഷകനായിരുന്നു. മഴയില്ലാത്തതിനാല്‍ അധികം വിളകള്‍ ഉണ്ടായിരുന്നില്ല. തന്‍റെ വാഗ്ദാനം എങ്ങനെ നിറവേറ്റാന്‍ കഴിയുമെന്നതിനെക്കുറിച്ച് അദ്ദേഹം വളരെ ആശങ്കാകുലനായിരുന്നു. ഒരു ദിവസം, വളരെക്കാലമായി സംസാരിക്കാത്ത ഒരു പഴയ സുഹൃത്തില്‍ നിന്ന് ഒരു കോള്‍ വന്നു. അദ്ദേഹം കുറച്ച് പണം അയക്കുന്നുവെന്ന് പറഞ്ഞു. തുക കൈപ്പറ്റിയ അദ്ദേഹം നേരെ പ്രാദേശിക മിഷനറിയുടെ അടുത്ത് ചെന്ന് തഹ്‌രീക്കെ ജദീദിന്‍റെ വാഗ്ദാനം പൂര്‍ത്തിയാക്കി.

(ഇത് ഖലീഫാ തിരുമനസ്സ് സമര്‍പ്പിച്ച വിവിധ സംഭവങ്ങളില്‍ നിന്നുള്ള ചിലതു മാത്രമാണ്)

തഹ്‌രീക്കെ ജദീദ് സ്ഥാപനോദ്ദേശ്യം

ഈ രീതിയിലാണ് പുതിയതായി അഹ്‌മദികളാകുന്നവര്‍ പോലും സാമ്പത്തിക ത്യാഗത്തിന് വേണ്ടിയുള്ള ആവേശം പ്രകടിപ്പിക്കുന്നതെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. അഹ്‌മദിയ്യാ വിരോധികളുടെ ശ്രമങ്ങള്‍ക്ക് അല്ലാഹു കൊളുത്തിയ ഈ പ്രകാശം കെടുത്താന്‍ സാധിക്കുമോ? അവര്‍ക്ക് എത്ര വേണമെങ്കിലും ശ്രമിക്കാം. പക്ഷേ അഹ്‌മദിയ്യത്തിന്‍റെ എതിരാളികളുടെ പര്യവസാനം പരാജയവും നിരാശയുമായിരിക്കും.

അഹ്‌മദിയ്യാ ജമാഅത്ത് എല്ലാ ഭാഗത്തുനിന്നും എതിര്‍പ്പ് നേരിടുന്ന സമയത്താണ് തഹ്‌രീക്കെ ജദീദ് ആരംഭിച്ചതെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ഈ പദ്ധതി സ്ഥാപിതമായിരിക്കുന്നതിന്‍റെ പ്രാഥമിക ഉദ്ദേശ്യം ഇസ്‌ലാമിന്‍റെ സന്ദേശം പ്രചരിപ്പിക്കുക എന്നതാണ്. അങ്ങനെ അഹ്‌മദിയ്യാ ജമാഅത്ത് വ്യാപിക്കുകയും അത് മുഖേന ഇസ്‌ലാമിന്‍റെ പതാക ലോകത്തെല്ലായിടത്തും നിലനാട്ടപ്പെടുകയും ചെയ്യുന്നതാണ്. ഈ ലക്ഷ്യത്തെ മുറുകെ പിടിക്കുന്നത് കൊണ്ടാണ് ഇന്ന് ഇത്തരം സാമ്പത്തിക ത്യാഗങ്ങളുടെ ഉദാഹരണങ്ങള്‍ കാണാന്‍ സാധിക്കുന്നത്.

അഹ്റാര്‍ പ്രസ്ഥാനം അഹ്‌മദിയ്യത്തിനെ ഭൂമുഖത്ത് നിന്ന് ഉന്മൂലനം ചെയ്യുമെന്ന് അവകാശപ്പെട്ടിരുന്നതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. അവര്‍ ഖാദിയാനെ ഉന്മൂലനം ചെയ്യാനും വാഗ്ദത്ത മസീഹിന്‍റെ(അ) ഖബ്ര്‍ ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങള്‍ അശുദ്ധമാക്കാനും പദ്ധതിയിട്ടിരുന്നു. സര്‍ക്കാര്‍ അവരെ തടയുന്നതിനുപകരം അതിനെ പിന്തുണക്കുകയായിരുന്നു ചെയ്തത്. ഈ സാഹചര്യത്തിലാണ് രണ്ടാം ഖലീഫ(റ) ജമാഅത്തിന് വേണ്ടി ഒരു പദ്ധതി ആവിഷ്‌ക്കരിച്ചത്. സാമ്പത്തിക ത്യാഗങ്ങള്‍ അനുഷ്ഠിക്കുക എന്നത് അതിന്‍റെ ഒരു ഭാഗമായിരുന്നു. തല്‍ഫലമായി, ജമാഅത്തിലെ ആത്മാര്‍ഥതയുള്ള നിരവധി അംഗങ്ങള്‍ തങ്ങള്‍ എന്ത് തരം ത്യാഗത്തിനും തയ്യാറാണെന്ന് ഉടന്‍ തന്നെ ഖലീഫക്ക് കത്തെഴുതാന്‍ തുടങ്ങി. തുടര്‍ന്ന്, ഇസ്‌ലാം അഹ്‌മദിയ്യത്തിന്‍റെ സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ജമാഅത്തിന് എതിരില്‍ ഉയരുന്ന ആക്രമണങ്ങള്‍ക്ക് മറുപടി നല്കുന്നതിനായി ഒരു ഫണ്ട് രൂപീകരിക്കുന്നതായി രണ്ടാം ഖലീഫ(റ) ഔദ്യോഗികമായി പ്രഖ്യാപിച്ചു. മൂന്ന് വര്‍ഷത്തിനുള്ളില്‍ 27,000 രൂപ സമാഹരിക്കുകയായിരുന്നു അന്ന് അതിന്‍റെ ലക്ഷ്യം. എന്നിരുന്നാലും, ജമാഅത്തിലെ അംഗങ്ങളുടെ ശുഷ്‌കാന്തിയാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ 100,000 രൂപ ശേഖരിക്കപ്പെട്ടു. ത്യാഗത്തിന്‍റെ ഈ മാതൃക അവരില്‍ മാത്രം ഒതുങ്ങി നിന്നില്ല. ഇപ്പോള്‍ അതേ ത്യാഗ മനോഭാവം ലോകമെമ്പാടും ദൃശ്യമാകുന്നു.

തഹ്‌രീക്കെ ജദീദ് പദ്ധതിയുടെ ഘട്ടങ്ങള്‍

തുടക്കത്തില്‍, രണ്ടാം ഖലീഫ(റ) ഈ പദ്ധതി മൂന്ന് വര്‍ഷത്തില്‍ നിന്ന് പത്ത് വര്‍ഷമായി നീട്ടിയിരുന്നു എന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. എന്നാല്‍, തുടര്‍ച്ചയായി ത്യാഗങ്ങള്‍ ചെയ്യുന്നതിന് വേണ്ടി ജമാഅത്തംഗങ്ങളില്‍ ഉണ്ടായിരുന്ന അഭിനിവേശവും തീക്ഷ്ണതയും വര്‍ദ്ധിക്കുന്നത് കണ്ടതിനുശേഷം, ഈ പദ്ധതി സ്ഥിരമായ ഒരു പദ്ധതി ആയി മാറി.

ഈ പദ്ധതിക്ക് കീഴില്‍ തുടക്കത്തില്‍ ത്യാഗം സമപിച്ച 5,000 പേര്‍ അങ്ങനെ ദഫ്തര്‍ അവ്വലിന്‍റെ (ഘട്ടം 1) ഭാഗമായിത്തീര്‍ന്നുവെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. പത്ത് വര്‍ഷത്തിന് ശേഷം, രണ്ടാം ഖലീഫ(റ) ദഫ്തര്‍ ദോം (ഘട്ടം 2) സ്ഥാപിച്ചു, അതിനായി അദ്ദേഹം 19 വര്‍ഷമായി നിശ്ചയിച്ചു. തുടര്‍ന്ന് ഓരോ 19 വര്‍ഷത്തിലും ഒരു പുതിയ ദഫ്തര്‍ സ്ഥാപിക്കപ്പെടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. തുടര്‍ന്ന്, ദഫ്തര്‍ സോം (ഘട്ടം 3) മൂന്നാം ഖലീഫ(റഹ്) പ്രഖ്യാപിച്ചു. തുടര്‍ന്ന് ദഫ്തര്‍ ചഹാറം (ഘട്ടം 4) നാലാം ഖലീഫ(റഹ്) സ്ഥാപിച്ചു. തുടര്‍ന്ന്, 2004-ല്‍, അഞ്ചാം ഖലീഫ ദഫ്തര്‍ പഞ്ചം (ഘട്ടം 5) സ്ഥാപിച്ചു. 19 വര്‍ഷം കൂടി പൂര്‍ത്തിയാക്കിയതിന് ശേഷം ഇന്ന് ദഫ്തര്‍ ശശം (ഘട്ടം 6) സ്ഥാപിക്കുന്ന കാര്യം പ്രഖ്യാപിക്കുകയാണെന്നും എല്ലാ പുതിയ അംഗങ്ങളെയും കുട്ടികളെയും ഇനി ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നും ഖലീഫാ തിരുമനസ്സ് അറിയിച്ചു.

തഹ്‌രീക്കെ ജദീദിന് വേണ്ടി സാമ്പത്തിക ത്യാഗങ്ങള്‍ സമര്‍പ്പിക്കുന്നവര്‍ അനുഗൃഹീതരാകുന്നു എന്നത് ഇതൊരു ദൈവിക പദ്ധതിയാണെന്ന് തെളിയിക്കുന്നതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. സമ്പത്തിനാല്‍ അനുഗൃഹീതരായവര്‍ അവരുടെ ത്യാഗങ്ങളില്‍ വര്‍ധനവ് വരുത്തേണ്ടതാണ്.

ഇന്ന്, ലോകത്തിലെ 220 രാജ്യങ്ങളിലായി നമ്മുടെ പള്ളികളുടെ എണ്ണം 9,300-ല്‍ അധികമാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. മിഷന്‍ ഹൗസുകളുടെ എണ്ണം 3,400-ല്‍ അധികമാണ്. നിലവില്‍ അനേകം മസ്ജിദുകളും മിഷന്‍ ഹൗസുകളും നിര്‍മാണത്തിലുണ്ട്. ലോകമെമ്പാടുമുള്ള മിഷനറിമാരുടെയും മുഅല്ലിമീങ്ങളുടെയും (അധ്യാപകര്‍) എണ്ണം 5,000-ത്തിനടുത്താണ്. അത് വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. വിശുദ്ധ ഖുര്‍ആന്‍ 77 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. വിവിധ ഭാഷകളിലുള്ള സാഹിത്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് തുടരുന്നു. കൂടാതെ മറ്റ് പദ്ധതികള്‍ക്കൊപ്പം തഹ്‌രീക്കെ ജദീദിലൂടെ മറ്റ് നിരവധി പ്രവൃത്തികളും നടക്കുന്നുണ്ട്.

തഹ്‌രീക്കെ ജദീദിന്‍റെ 90-ാം വര്‍ഷത്തിന്‍റെ വിളംബരം

തഹ്‌രീക്കെ ജദീദിന്‍റെ 89-ാം വര്‍ഷം സമാപിച്ചതായും 90-ാം വര്‍ഷത്തിന്‍റെ ആരംഭം പ്രഖ്യാപിക്കുന്നതായും ഖലീഫാ തിരുമനസ്സ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം, ലോകമെമ്പാടുമുള്ള അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് 17.20 ദശലക്ഷം പൗണ്ട് ത്യാഗം സമര്‍പിച്ചു. ലോകം മുഴുവനുള്ള പ്രയാസകരമായ സാമ്പത്തിക സ്ഥിതിയിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 700,000 പൗണ്ടിന്‍റെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. പാകിസ്ഥാന്‍ ഒഴികെ, സംഭാവനകളുടെ അടിസ്ഥാനത്തില്‍ രാജ്യങ്ങളുടെ സ്ഥാനങ്ങള്‍ ഇപ്രകാരമാണ്:

ജര്‍മനി, ബ്രിട്ടണ്‍, കാനഡ, യു.എസ്.എ, ഒരു മിഡില്‍ ഈസ്റ്റ് രാജ്യം, ഇന്ത്യ, ഓസ്‌ട്രേലിയ, ഇന്തോനേഷ്യ, മറ്റൊരു മിഡില്‍ ഈസ്റ്റ് രാജ്യം, ഘാന.

സാമ്പത്തിക ത്യാഗങ്ങള്‍ സമര്‍പിച്ച എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ എന്നും ഭാവിയില്‍ ഇതിലും വലിയ ത്യാഗങ്ങള്‍ സമര്‍പ്പിക്കാന്‍ അവരെ പ്രാപ്തരാക്കട്ടെയെന്നും ഖലീഫാ തിരുമനസ്സ് പ്രാര്‍ഥിച്ചു.

നമ്മുടെ പ്രാര്‍ഥനകളില്‍ ഫലസ്തീനികളെ മറക്കരുതെന്ന് ഖലീഫാ തിരുമനസ്സ് ആഹ്വാനം ചെയ്തു. ഫലസ്തീനിലെ സ്ത്രീകളും കുട്ടികളും നേരിടുന്ന ഗുരുതരമായ അനീതികളില്‍ നിന്ന് അവരുടെ മോചനത്തിനുള്ള മാര്‍ഗം അല്ലാഹു വേഗത്തില്‍ സാധ്യമാക്കട്ടെ എന്ന് ഖലീഫാ തിരുമനസ്സ് പ്രാര്‍ഥിച്ചു.

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed