ഇന്ത്യയിലെ അഹ്‌മദി മുസ്‌ലിം വിദ്യാർത്ഥിനികൾക്ക് തങ്ങളുടെ ആത്മീയ നേതാവുമായി വെർച്വൽ മീറ്റിംഗിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു

ഇന്ത്യയിലെ അഹ്‌മദി മുസ്‌ലിം വിദ്യാർത്ഥിനികൾക്ക് തങ്ങളുടെ ആത്മീയ നേതാവുമായി വെർച്വൽ മീറ്റിംഗിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചു

ജനുവരി 30, 2023

“ലജ്ജ വിശ്വാസത്തിന്‍റെ ഭാഗമാണ്” എന്ന  പ്രവാചകൻ മുഹമ്മദ്(സ)യുടെ നിർദ്ദേശം അനുസരിക്കണോ അതോ ലോകത്തിന് മുന്നിൽ സ്വയം പ്രദര്‍ശിപ്പിക്കണോ എന്ന് നിങ്ങൾ തീരുമാനിക്കണം” – ഹദ്രത്ത് മിർസാ മസ്‌റൂർ അഹ്‌മദ്‌

2023 ജനുവരി 8ന്, അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്രത്ത് മിർസാ മസ്‌റൂർ അഹ്‌മദ്(അയ്യദഹു) ഇന്ത്യയിൽ നിന്നുള്ള ലജ്‌ന ഇമായില്ലായുടെ (അഹ്‌മദിയ്യ മുസ്‌ലിങ്ങളുടെ വനിതാസംഘടന) വിദ്യാർത്ഥി അംഗങ്ങളുമായി ഒരു വെർച്വൽ മീറ്റിംഗ് നടത്തി.

ടിൽഫോർഡിലെ ഇസ്‌ലാമാബാദിലെ എംടിഎ സ്റ്റുഡിയോയിൽ നിന്നാണ് ഖലീഫ തിരുമനസ്സ് യോഗത്തിന് നേതൃത്വം നൽകിയത്. അതേസമയം ലജ്‌ന അംഗങ്ങൾ ഖാദിയാനിൽ നിന്ന് യോഗത്തിൽ പങ്കെടുത്തു.

വിശുദ്ധ ഖുർആൻ പാരായണത്തോടെ ആരംഭിച്ച ഒരു ഔപചാരിക സെഷനുശേഷം, ലജ്‌നാ ഇമാഇല്ലാ അംഗങ്ങൾക്ക് അവരുടെ വിശ്വാസത്തെയും സമകാലിക വിഷയങ്ങളെയും കുറിച്ച് ഖലീഫയോട് നിരവധി സംശയങ്ങൾ ചോദിക്കാനുള്ള അവസരം ലഭിച്ചു.

ഏതെങ്കിലും ഇന്ത്യൻ സംസ്ഥാന നിയമങ്ങളോ സ്ഥാപനങ്ങളോ അഹ്‌മദി മുസ്‌ലിം വിദ്യാര്‍ഥിനികളെ ഇസ്‌ലാമിക ഹിജാബ് ആചരിക്കുന്നതിൽ നിന്ന് വിലക്കാൻ ശ്രമിച്ചാൽ എന്തു ചെയ്യണമെന്ന് സന്നിഹിതരായിരുന്ന പെൺകുട്ടികളിൽ ഒരാൾ തിരുമനസ്സിനോട് ചോദിച്ചു.

ഹിജാബ് ആചരിക്കുന്നതിൽ നിന്ന് അവരെ തടയാൻ  പാടില്ലെന്നും ഇനി അങ്ങനെ സംഭവിക്കുകയാണെങ്കിൽ, അഹ്‌മദി മുസ്‌ലിം സ്ത്രീകളും പെൺകുട്ടികളും അവരുടെ മതസ്വാതന്ത്ര്യത്തിനും വിദ്യാഭ്യാസത്തിനുമുള്ള അവകാശങ്ങൾ ഉയർത്തിപ്പിടിക്കാൻ നിയമനടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഹദ്രത്ത് മിർസാ മസ്‌റൂർ അഹ്‌മദ്‌(അയ്യദഹു) പറഞ്ഞു:

“ഹിജാബ് ആചരിക്കുന്നതിന് വേണ്ടി നിങ്ങൾ നിയമപരമായി പോരാടണം. അവർ നിങ്ങളോട് വിവേചനം കാണിക്കുന്നുവെന്നും നിങ്ങളുടെ മതപരമായ അവകാശങ്ങൾ ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെന്നും നിങ്ങൾ ഉയർത്തിക്കാട്ടണം. നിങ്ങൾ പ്രതികരിച്ചില്ലെങ്കിൽ സിക്കുകാർ ഉൾപ്പെടെയുള്ള മറ്റ് മതസ്ഥരെയും അവർ തലപ്പാവ് ധരിക്കുന്നതിൽ നിന്ന് തടയും. ഈ അനീതിക്കെതിരെ നിങ്ങൾ ശബ്ദമുയർത്തണം. അഹ്‌മദിയ്യ മുസ്‌ലിം സ്റ്റുഡന്റ്‌സ് അസോസിയേഷൻ അംഗങ്ങൾ പത്രങ്ങളിൽ ലേഖനങ്ങൾ എഴുതുകയും ഇങ്ങനെയുള്ള അനീതിയുടെ വ്യക്തിഗത കേസുകൾ ഉണ്ടായാൽ ഓരോ വ്യക്തിയും അതിനെതിരെ നിയമപോരാട്ടം നടത്തുകയും വേണം. ഹിജാബിന്റെ കാര്യത്തിൽ, ദീനിന്  ദുനിയാവിനെക്കാൾ   മുൻഗണന നൽകണോ എന്ന് നിങ്ങൾ തീരുമാനിക്കണം. “ലജ്ജ വിശ്വാസത്തിന്റെ ഭാഗമാണ്” എന്ന പ്രവാചകൻ മുഹമ്മദ്(സ)യുടെ നിർദ്ദേശം അനുസരിക്കണോ അതോ ലോകത്തിന് മുന്നിൽ സ്വയം പ്രദര്‍ശിപ്പിക്കണോ എന്ന് നിങ്ങൾ തീരുമാനിക്കണം. ഇത് നിങ്ങൾ സ്വയം എടുക്കേണ്ട ഒരു തീരുമാനമാണ്… കുറഞ്ഞത് നിങ്ങൾ ഒരു സ്കാർഫെങ്കിലും ധരിക്കണം. പരീക്ഷ എഴുതുമ്പോൾ അവർ നിങ്ങളെ അതിന് അനുവദിക്കുന്നില്ലെങ്കിൽ, നിങ്ങൾ പരീക്ഷകൾ മാറ്റിവെച്ച് അവകാശങ്ങൾക്കായി നിയമപരമായ പോരാട്ടം ആരംഭിക്കുക.”

ലോകത്ത് ഇത്രയധികം കഷ്ടപ്പാടുകൾ ഉള്ളത് എന്തുകൊണ്ടാണെന്നും എന്തുകൊണ്ടാണ് ദൈവം കഷ്ടപ്പാടുകൾ അവസാനിപ്പിക്കാത്തതെന്നും മീറ്റിങ്ങിൽ പങ്കെടുത്ത മറ്റൊരു സഹോദരി ഖലീഫ തിരുമനസ്സിനോട് ചോദിച്ചു.

ഹദ്രത്ത് മിർസാ മസ്റൂർ അഹ്‌മദ്‌(അയ്യദഹു) പറഞ്ഞു:

“സർവ്വശക്തനായ അല്ലാഹു സൃഷ്ടിച്ച പ്രകൃതിയുടെ നിയമം ഈ ലോകത്ത് പ്രാബല്യത്തിൽ ഉണ്ട്. പ്രകൃതി നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുമ്പോൾ പ്രതികൂല പ്രതികരണം ഉണ്ടാകില്ലെന്ന് സർവ്വശക്തനായ അല്ലാഹു ഒരിടത്തും പറഞ്ഞിട്ടില്ല. യുദ്ധങ്ങൾ നടക്കുകയും ബോംബുകൾ പൊട്ടിത്തെറിക്കുകയും ചെയ്യുമ്പോൾ, അതിന്റെ ഫലമായി നിരപരാധികളായ കുട്ടികളും മരിക്കുന്നു. മനുഷ്യരുടെ പ്രവൃത്തികളാണ് യുദ്ധത്തിനും, നിരപരാധികളുടെ മരണത്തിനും കാരണമാകുന്നത്.”

മുസ്‌ലിങ്ങൾക്കും പ്രവാചകൻ മുഹമ്മദ്‌(സ)ക്കുമെതിരെ നടന്ന യുദ്ധങ്ങളിൽ പോലും വിജയം വാഗ്‌ദാനം ചെയ്‌തിട്ടും നിരപരാധികളായ മുസ്‌ലിങ്ങൾ ദുരിതമനുഭവിച്ചുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ വിഷയം കൂടുതൽ വിശദീകരിച്ചുകൊണ്ട് ഹദ്രത്ത് മിർസാ മസ്‌റൂർ അഹ്‌മദ്‌(അയ്യദഹു) പറഞ്ഞു:

“സാധാരണയായി, പ്രകൃതിയുടെ നിയമം അനുസരിച്ച് എല്ലാ പ്രവൃത്തികൾക്കും അനന്തരഫലങ്ങൾ ഉള്ളതാണ്. നിങ്ങൾ (ഹാനികരമായ) പ്രവൃത്തികൾ ചെയ്യുകയും അവയുടെ അനന്തരഫലങ്ങളിൽ നിന്ന് നിങ്ങൾ രക്ഷപ്പെടുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യരുത്. കാരണം പ്രകൃതിയുടെ നിയമം പ്രാബല്യത്തിൽ ഉണ്ടെന്ന് സർവശക്തനായ അല്ലാഹു നമ്മളോട് പറഞ്ഞിട്ടുണ്ട്.”

കുട്ടികൾ രോഗങ്ങളോടും വൈകല്യങ്ങളോടും കൂടി ജനിക്കുന്നതിനെ കുറിച്ച് സംസാരിച്ചുകൊണ്ട് ഖലീഫ തിരുമനസ്സ് പറഞ്ഞു, ചില സമയങ്ങളിൽ മാതാപിതാക്കളുടെ ചില പ്രവൃത്തികളുടെ ഫലമായാണ് കുട്ടികൾ രോഗങ്ങളോട് കൂടി ജനിക്കുന്നത്. അതിനാൽ അത് പോലും ലോകത്തെ നിയന്ത്രിക്കുന്ന പ്രകൃതി നിയമത്തിന്റെ ഫലമാണ്.

എന്നിരുന്നാലും, മുസ്‌ലിങ്ങൾ എന്ന നിലയിൽ നമ്മുടെ വിശ്വാസം ഇഹലോക  ജീവിതത്തിലെ സംഭവങ്ങളിൽ മാത്രം ഒതുങ്ങുന്നില്ലെന്നും പകരം ഈ ലോകത്ത് കഷ്ടപ്പെടുന്നവർക്ക് പരലോകത്ത് പ്രതിഫലം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വിഷയവുമായി ബന്ധപ്പെട്ട് അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ രണ്ടാം ഖലീഫ ഹദ്രത്ത് മിർസാ ബശീറുദ്ദീൻ മഹ്‌മൂദ്‌ അഹ്‌മദ്‌(റ) രചിച്ച ദൈവാസ്തിക്യത്തിനുള്ള പത്ത് തെളിവുകൾ, ഹസ്തി ബാരി തആലാ (ഉര്‍ദു) എന്നീ ഗ്രന്ഥങ്ങൾ വായിക്കാൻ അദ്ദേഹം ആ സഹോദരിയെ ഉപദേശിച്ചു.

ഒരു അഹ്‌മദി മുസ്‌ലിം തന്റെ ദീനിനും രാജ്യത്തെ നിയമങ്ങൾക്കും ഇടയിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാന്‍ നിർബന്ധിതയായാല്‍ എന്തുചെയ്യണമെന്ന് ഒരു ലജ്‌ന അംഗം ഖലീഫ തിരുമനസ്സിനോട് ചോദിച്ചു.

ഹദ്രത്ത് മിർസാ മസ്റൂർ അഹ്‌മദ്‌(അയ്യദഹു) പറഞ്ഞു:

“ശരീഅത്തിന്റെ വ്യക്തമായ നിയമങ്ങള്‍ക്ക് വിരുദ്ധമല്ലാത്ത രാജ്യത്തിന്റെ നിയമങ്ങൾ നാം പാലിക്കണം. എന്നിരുന്നാലും ഒരു രാജ്യത്തെ നിയമങ്ങൾ ശരീഅത്തിന്റെ കൽപ്പനകൾ പാലിക്കുന്നതിൽ നിന്ന് നമ്മെ തടയുന്നുവെങ്കിൽ – പാക്കിസ്ഥാനില്‍ അഹ്‌മദി മുസ്‌ലിങ്ങളെ ഇസ്‌ലാമിന്റെ അടിസ്ഥാന വിശ്വാസ പ്രഖ്യാപനമായ ശഹാദത്ത് ചൊല്ലുന്നതില്‍ നിന്ന് തടയുന്നത് പോലെ – അത്തരം സാഹചര്യങ്ങളിൽ നമ്മുടെ വിശ്വാസത്തിൽ നിന്ന് നമ്മെ നേരിട്ട് തടയുന്ന നിയമങ്ങൾ ഒഴികെ രാജ്യത്തെ എല്ലാ നിയമങ്ങളും നാം അനുസരിക്കുന്നതാണ്. അതിനാൽ, നിയമം എന്ത് പറഞ്ഞാലും നമുക്ക് ഒരിക്കലും നമ്മെ ശഹാദയിൽ നിന്ന് വേർപെടുത്താൻ കഴിയില്ല. അതുപോലെ, പാക്കിസ്ഥാനിൽ, അഞ്ചുനേര നമസ്ക്കാരങ്ങളില്‍ നിന്നും, സലാം പറയുന്നതില്‍ നിന്നും, അല്ലെങ്കിൽ ഏതെങ്കിലും ഇസ്‌ലാമിക പദങ്ങൾ ഉപയോഗിക്കുന്നതില്‍ നിന്നും നിയമം നമ്മെ വിലക്കുന്നു. എന്നിരുന്നാലും, ഈ സാഹചര്യത്തിൽ, അത് നമ്മുടെ മതപരമായ അവകാശമായി നാം കരുതുന്നു. അതിനാൽ നാം നമ്മുടെ വിശ്വാസത്തിനനുസരിച്ച് പ്രവർത്തിക്കുന്നു. അല്ലാത്തപക്ഷം, നാം രാജ്യത്തെ മറ്റെല്ലാ നിയമങ്ങളും പാലിക്കുകയും രാജ്യത്തോട് കൂറ് പുലർത്തുകയും ചെയ്യുന്നു. രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനുമായി നാം നമ്മുടെ ജീവൻ പോലും ബലിയർപ്പിക്കുന്നു, അഹ്‌മദി  മുസ്‌ലിങ്ങൾ എന്ന നിലയിൽ നാം ജീവിക്കുന്ന എല്ലാ രാജ്യങ്ങളിലും ഇത് ചെയ്യുന്നു. അതിലൂടെ നാം രാജ്യത്തിന്റെ നിയമങ്ങൾ അനുസരിക്കുന്ന സമാധാനകാംക്ഷികളായ പൗരന്മാരാകുന്നു.”

ആഗോള അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ പ്രസ്സ് ആന്‍ഡ്‌ മീഡിയ ഓഫീസിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ആയ pressahmadiyya.comല്‍ നിന്ന് അവലംബിച്ചത്. വിവര്‍ത്തനം: സക്കീന ടി കെ, അലനല്ലൂര്‍

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക:
Incharge Press and Media, Ahmadiyya Muslim Jama’at India.
Qadian-143516, dist. Gurdaspur, Punjab, India.
Mob: +91-9988757988, email: [email protected],
tel: +91-1872-500311, fax: +91-1872-500178
Noorul Islam Toll Free Number: 1800-103-2131

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed