ഖിലാഫത്തുമായി ബന്ധപ്പെട്ട അനുഗ്രഹങ്ങള്‍ മനുഷ്യമനസ്സിന് ഗ്രഹിക്കാന്‍ കഴിയാത്തത്ര മഹത്തരവും, നിഗൂഢമായ വഴികളിലൂടെ സംഭവിക്കുന്നതുമാണ്.
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്രത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 26 മെയ് 2023ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ്, ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ് സാലിഹ്
മെയ് 30, 2023
തശഹ്ഹുദും തഅവ്വുദും സൂറ: ഫാത്തിഹയും പാരായണം ചെയ്ത ശേഷം, ഹദ്‌റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു, സര്‍വശക്തനായ അല്ലാഹു വാഗ്ദത്ത മസീഹിനെ തന്റെ വിയോഗം ആസന്നമാണെന്ന് അറിയിച്ചപ്പോള്‍, വാഗ്ദത്ത മസീഹ്(അ) തന്റെ ജമാഅത്തിനോട് ദൈവം തന്റെ ശക്തിപ്രഭാവം രണ്ട് തരത്തില്‍ പ്രകടമാക്കുന്നു എന്ന് പറയുകയുണ്ടായി. ഒന്ന് പ്രവാചകന്മാര്‍ മുഖേനയും, രണ്ടാമത്തേത് പ്രവാചകന്മാരുടെ വിയോഗത്തിന് ശേഷം പ്രവാചകന്റെ സംഘം പരാജയപ്പെട്ടുവെന്ന് ആളുകള്‍ ചിന്തിക്കുകയും പരിഹസിക്കുകയും ചെയ്യുമ്പോഴും.
എങ്ങനെയാണ് പ്രവാചകന്മാരുടെ വിയോഗത്തിന് ശേഷം സര്‍വശക്തനായ ദൈവം തന്റെ ശക്തിപ്രഭാവം നടത്തുന്നതെന്ന് വാഗ്ദത്ത മസീഹ്(അ)ന്റെ ഉദ്ധരണികള്‍ സമര്‍പ്പിച്ചു കൊണ്ട് ഖലീഫാ തിരുമനസ്സ് വിശദീകരിക്കുകയുണ്ടായി. മുഹമ്മദ് നബി(സ)യുടെ വിയോഗത്തില്‍ ഇസ്‌ലാമിന്റെ എതിരാളികള്‍ ആഹ്ലാദിച്ചപ്പോള്‍ ഹദ്റത്ത് അബൂബക്കര്‍(റ)നെ നിയോഗിച്ചുകൊണ്ട് ദൈവം തന്റെ ശക്തി പ്രകടിപ്പിക്കുകയും ഇസ്‌ലാമിനെ ശക്തിപ്പെടുത്തുകയും ചെയ്തു. ഈ വിധത്തില്‍, ദൈവം അവര്‍ക്കായി അവരുടെ വിശ്വാസത്തെ പ്രബലപ്പെടുത്തിക്കൊടുക്കുകയും, ഭയപ്പാടിന് ശേഷം അവര്‍ക്ക് സമാധാനം പ്രദാനം ചെയ്യുന്നതാണ് എന്ന തന്റെ വാഗ്ദാനം പൂര്‍ത്തിയാക്കുകയും ചെയ്തു.
മൂസാ നബി(അ)ന്‍റെ കാലത്തും ഇതുപോലെ തന്നെ സംഭവിച്ചുവെന്ന് വാഗ്ദത്ത മസീഹ്(അ)നെ ഉദ്ധരിച്ചുകൊണ്ട് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ഇസ്രായേല്‍ ജനതയെ അവരുടെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ സഹായിക്കുന്നതിന് മുമ്പ്, ഈജിപ്തിനും കാനാനും ഇടയില്‍ വച്ച് മൂസാ നബി(അ) മരണപ്പെട്ടപ്പോള്‍ ഇസ്രായേല്‍ ജനത നാല്പ്പതു ദിവസം തുടര്‍ച്ചയായി കരഞ്ഞതായി തൗറാത്ത് വിവരിക്കുന്നു. ഏതായിരുന്നാലും എതിരാളികളുടെ വ്യാജമായ സന്തോഷത്തെ ഇല്ലാതാക്കുന്നതിനായി ദൈവം എപ്പോഴും തന്റെ രണ്ട് ശക്തിപ്രഭാവങ്ങള്‍ പ്രകടമാക്കുന്നു. തന്റെ വിയോഗശേഷവും ഇതുതന്നെയായിരിക്കും സംഭവിക്കുയയെന്നും രണ്ടാം ശക്തിപ്രഭാവം സംഭവിക്കുകയും അത് ലോകാവസാനം വരെ നിലനില്ക്കുമെന്നും വാഗ്ദത്ത മസീഹ്(അ) പറഞ്ഞു. വാഗ്ദത്തം ചെയ്യപ്പെട്ട മസീഹ്(അ)ന്റെ ജമാഅത്ത് ന്യായവിധി ദിവസം വരെ നിലനില്ക്കുമെന്ന് ദൈവം അദ്ദേഹത്തിന് ഉറപ്പു നല്കി. തന്റെ ഈ വാഗ്ദാനം പൂര്‍ത്തിയാകുന്നതുവരെ ദൈവം ലോകത്തെ നശിപ്പിക്കാന്‍ അനുവദിക്കില്ല.
ലോകമെമ്പാടും ദൈവത്തിന്റെ ഏകത്വത്തിന്റെ സന്ദേശം അറിയിക്കാനും ജനങ്ങള്‍ ഐക്യപ്പെടാനും വേണ്ടിയാണ് ദൈവത്തിന്റെ രണ്ട് ശക്തിപ്രഭാവങ്ങള്‍ പ്രകടമാകുന്നത്. അങ്ങനെയാണ് വാഗ്ദത്ത മസീഹ്(അ)ന്റെ വിയോഗത്തിന് ശേഷം ഒന്നാം ഖലീഫയായ ഹദ്റത്ത് ഹക്കീം മൗലാനാ നൂറുദ്ദീന്‍(റ)നെ ദൈവം നിയോഗിച്ചതെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. വാഗ്ദത്ത മസീഹിന് ശേഷം ‘അഞ്ചുമന്‍’ എന്ന സഭ അദ്ദേഹത്തിന്റെ പിന്‍ഗാമിയാകണമെന്ന് ചില അഭിപ്രായങ്ങളുണ്ടായിരുന്നു, എന്നിരുന്നാലും ഒന്നാം ഖലീഫ അതിനെയെല്ലാം പ്രതിരോധിക്കുകയുണ്ടായി. പിന്നീട് അദ്ദേഹത്തിന് ശേഷം രണ്ടാം ഖലീഫയായ ഹദ്റത്ത് മിര്‍സാ ബശീറുദ്ദീന്‍ മഹ്‌മൂദ് അഹ്‌മദ്(റ)നെ ദൈവം നിയോഗിച്ചു. അദ്ദേഹത്തേക്കാള്‍ വലിയ പണ്ഡിതന്മാരാണ് തങ്ങള്‍ എന്ന് കരുതി കലാപസാഹചര്യത്തിന് ശ്രമിച്ചവരുണ്ട്. അവര്‍ ഖലീഫയുടെ തിരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ പോലും ശ്രമിച്ചു. എന്നിരുന്നാലും, അവരുടെ എല്ലാ ശ്രമങ്ങളും പൂര്‍ണമായും പരാജയപ്പെടുകയും ഖിലാഫത്ത് എന്നത്തേക്കാളും ശക്തമായി നിലനില്ക്കുകയും ചെയ്തു, അദ്ദേഹത്തിന്റെ ഖിലാഫത്ത് കാലഘട്ടം 50 വര്‍ഷത്തിലേറെ നീണ്ടുനിന്നു. പിന്നീട്, അദ്ദേഹത്തിന്റെ വിയോഗത്തോടെ, മൂന്നാം ഖലീഫയായ ഹദ്റത്ത് മിര്‍സാ നാസിര്‍ അഹ്‌മദ്(റഹ്)നെ ദൈവം നിയോഗിച്ചു. തുടര്‍ന്ന്, ദൈവഹിതപ്രകാരം മൂന്നാം ഖലീഫ(റഹ്) അന്തരിച്ചപ്പോള്‍, വാഗ്ദത്ത മസീഹിന്റെ നാലാമത്തെ പിന്‍ഗാമിയായി ദൈവം ഹദ്റത്ത് മിര്‍സാ താഹിര്‍ അഹ്‌മദ്(റഹ്)നെ നിയോഗിച്ചു. നാലാം ഖലീഫയുടെ വിയോഗത്തിനുശേഷം, ദൈവം ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്)നെ ഖലീഫയുടെ പദവിയിലേക്ക് നിയോഗിച്ചു.
ഖലീഫയും അദ്ദേഹത്തിന്റെ ജമാഅത്തും തമ്മിലുള്ള സ്‌നേഹബന്ധം
വാഗ്ദത്ത മസീഹിനോട് അല്ലാഹു ചെയ്ത വാഗ്ദാനം അവന്‍ നിറവേറ്റുകയും തന്റെ ജമാഅത്തിനെ വിജയത്തിന്റെ പാതയിലേക്ക് നയിക്കുകയും ചെയ്തുവെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. അഞ്ചാം ഖിലാഫത്തിന്റെ ഈ കാലഘട്ടത്തില്‍, എതിരാളികള്‍ ഭിന്നിപ്പുണ്ടാക്കാനും ജമാഅത്തിനെ നശിപ്പിക്കാനും ശ്രമിച്ചു. വിവിധ രാജ്യങ്ങളില്‍ അഹ്‌മദികളെ രക്തസാക്ഷികളാക്കുകയും അവര്‍ക്ക് ലൗകിക കാര്യങ്ങളുടെ മോഹം നല്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ദൈവം അഹ്‌മദികളെ അവരുടെ വിശ്വാസത്തിലും, ഖിലാഫത്തുമായുള്ള ബന്ധത്തിലും വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. ഏഷ്യയിലായാലും യൂറോപ്പിലായാലും അമേരിക്കയിലായാലും ആഫ്രിക്കയിലായാലും ഓരോ വ്യക്തിയുടെയും ഖിലാഫത്തുമായുള്ള ബന്ധം ദൈവം സ്ഥാപിച്ചതാണ്. മനുഷ്യഹൃദയങ്ങളില്‍ ഇത്രയും സ്‌നേഹം സൃഷ്ടിക്കാന്‍ ദൈവത്തിനല്ലാതെ മറ്റാര്‍ക്കും സാധ്യമല്ല. ലോകത്തില്‍ എവിടെ പോയാലും ജനങ്ങളില്‍ ഈ സ്‌നേഹമാണ് കാണുന്നതെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. വാസ്തവത്തില്‍, ഈ കാര്യങ്ങള്‍ കേവലം അവകാശവാദങ്ങളല്ല.
ദൈവം മനുഷ്യരെ ഈ ജമാഅത്തുമായി എങ്ങനെ ചേര്‍ത്ത് നിര്‍ത്തുന്നുവെന്നും, ജമാഅത്തംഗങ്ങളും ഖിലാഫത്തും തമ്മില്‍ എങ്ങനെയാണ് സുദൃഢമായ സ്‌നേഹബന്ധം സ്ഥാപിക്കുന്നത് എന്നും വ്യക്തമാക്കുന്ന ആയിരക്കണക്കിന് കത്തുകള്‍ തനിക്ക് ഓരോ മാസവും ലഭിക്കാറുണ്ടെന്നും അത്തരം കത്തുകളുടെ ചില ഉദാഹരണങ്ങള്‍ സമര്‍പ്പിക്കുന്നതാണെന്നും ഖലീഫാ തിരുമനസ്സ് പറഞ്ഞു.
ദൈവം ജനങ്ങളെ അഹ്‌മദിയ്യത്തിലേക്ക് ആകര്‍ഷിക്കുന്നതിന്റെ അത്ഭുതകരമായ ഉദാഹരണങ്ങള്‍
ടാന്‍സാനിയയില്‍ ഒരു സ്ത്രീ പ്രാര്‍ഥനക്കായി പള്ളിയില്‍ വന്നതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. നീണ്ട താടിയും ഗോതമ്പ് നിറവുമുള്ള ഒരാളെ താന്‍ സ്വപ്നത്തില്‍ കണ്ടതായി അവര്‍ പറഞ്ഞു. ജമാഅത്തിനെ കുറിച്ചും വാഗ്ദത്ത മസീഹിന്റെ അധ്യാപനങ്ങളെ കുറിച്ചും പരിചയപ്പെടുത്തിയപ്പോള്‍, തന്റെ സ്വപ്നത്തില്‍ താന്‍ കാണുന്നത് വാഗ്ദത്ത മസീഹിനെ, അല്ലെങ്കില്‍ രണ്ടാം ഖലീഫയെ ആണെന്ന് അവര്‍ മനസ്സിലാക്കി. ഈ തിരിച്ചറിവില്‍ അവര്‍ കുടുംബത്തോടൊപ്പം അഹ്‌മദിയ്യത്ത് സ്വീകരിച്ചു.
ഇന്തോനേഷ്യയില്‍ ഒരാള്‍ അഹ്‌മദിയ്യത്ത് സ്വീകരിക്കാന്‍ പള്ളിയില്‍ എത്തിയതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. ബുദ്ധിമുട്ടുള്ള ജീവിതമാണ് താന്‍ നയിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. ബുദ്ധിമുട്ടുള്ള ഒരു സമയത്ത്, വെള്ള തലപ്പാവ് ധരിച്ച ഒരു പ്രായമുള്ള വ്യക്തിയെ കണ്ടുമുട്ടുന്നതായി അദ്ദേഹം സ്വപ്നത്തില്‍ കണ്ടു. ആ വ്യക്തി അദ്ദേഹത്തോട് നാല്പ്പത് ദിവസം ദാനധര്‍മ്മം ചെയ്യാന്‍ സ്വപ്നത്തില്‍ പറഞ്ഞു. അദ്ദേഹം അങ്ങനെ ചെയ്തു. ഇരുപതാം ദിവസം അവന്റെ ബുദ്ധിമുട്ട് നീങ്ങി. പിന്നീട്, ഏകദേശം മൂന്ന് മാസങ്ങള്‍ക്ക് ശേഷം, അതേ വ്യക്തിയെ അദ്ദേഹം വീണ്ടും സ്വപ്നത്തില്‍ കണ്ടു, കുറച്ച് പഴങ്ങള്‍ കഴിക്കാന്‍ അദ്ദേഹത്തെ ഒരു മലമുകളിലേക്ക് കൊണ്ടുപോയി. ഈ സ്വപ്നം ഭക്തിയുള്ളവരോട് മാത്രം പറയണമെന്ന് ആ വ്യക്തി സ്വപ്നത്തില്‍ പറഞ്ഞു. ഖലീഫമാരുടെ ഒരു ചിത്രം കണ്ടപ്പോള്‍, അദ്ദേഹം നാലാം ഖലീഫയെ ചൂണ്ടിക്കാണിച്ചു. തന്റെ സ്വപ്നത്തില്‍ കണ്ട വെളുത്ത തലപ്പാവ് ധരിച്ച പ്രായമുള്ള ആ വ്യക്തി ഇദ്ദേഹമാണ് എന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം അഹ്‌മദിയ്യത്ത് സ്വീകരിച്ചു.
കാമറൂണില്‍ ഒരു യുവാവ് തന്റെ സ്വപ്നത്തില്‍ രണ്ട് മഹാത്മാക്കളെ കണ്ടു. അവരില്‍ ഒരു വ്യക്തി അവന്‍ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. തന്റെ മോട്ടോര്‍ സൈക്കിളില്‍ ആളുകള്‍ക്ക് സവാരി നല്കിക്കൊണ്ടാണ് താന്‍ ഉപജീവനം നടത്തുന്നതെന്ന് അവന്‍ മറുപടി നല്കി. രണ്ടാമത്തെ വ്യക്തി അവനോട് മോട്ടോര്‍ സൈക്കിള്‍ ഉപേക്ഷിച്ച് നമസ്‌കാരം നിര്‍വഹിക്കാന്‍ വരാന്‍ പറഞ്ഞു. കുറച്ചു ദിവസങ്ങള്‍ക്കു ശേഷം മാര്‍ക്കറ്റില്‍ ആരോ ലഘുലേഖകള്‍ വിതരണം ചെയ്യുന്നത് അവന്‍ കണ്ടു. അവന്‍ ലഘുലേഖ എടുത്ത് അത് വായിച്ചപ്പോള്‍ വാഗ്ദത്ത മസീഹിനെ കാണുകയും താന്‍ സ്വപ്നത്തില്‍ കണ്ട മഹാത്മാക്കളില്‍ ഒരാളാണതെന്ന് മനസ്സിലാക്കുകയും ചെയ്തു. പിന്നീട് കൂടുതല്‍ ഗവേഷണം നടത്തുകയും ഖലീഫമാരുടെ ചിത്രങ്ങള്‍ കാണുകയും ചെയ്തപ്പോള്‍, തന്നോട് പ്രാര്‍ഥിക്കാന്‍ പറഞ്ഞത് ഖലീഫാ തിരുമനസ്സ് (അഞ്ചാം ഖലീഫ) ആണെന്ന് അദ്ദേഹം മനസ്സിലാക്കി. അദ്ദേഹം അഹ്‌മദിയ്യത്ത് സ്വീകരിക്കുകയും കൂടാതെ തന്റെ ഗ്രാമത്തിന്റെ ഇമാമായി മാറുകയും ചെയ്തു, അത് അഹ്‌മദിയ്യത്തിന്റെ അനുഗ്രഹം മൂലമാണെന്ന് അദ്ദേഹം പറയുന്നു.
പരാഗ്വേയില്‍ നിന്നുള്ള ഒരു സ്ത്രീയുടെ ഇസ്‌ലാമിലേക്കുള്ള യാത്രയെ കുറിച്ച് ഖലീഫാ തിരുമനസ്സ് വിവരിക്കുകയുണ്ടായി. കോവിഡ് മഹാമാരിയുടെ സമയത്താണ് അവര്‍ ഇസ്‌ലാം സ്വീകരിച്ചത്. ഒരു പുതിയ ഭാഷ പഠിക്കാന്‍ തുടങ്ങണമെന്ന് അവര്‍ തീരുമാനിച്ചു. അതിനാല്‍ അവര്‍ ഓണ്‍ലൈന്‍ അറബിക് ക്ലാസ്സുകള്‍ കേള്‍ക്കാന്‍ തുടങ്ങി. ഈ ക്ലാസ്സുകളിലൂടെ അവര്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുകയും സ്വന്തമായി കൂടുതല്‍ ഗവേഷണം നടത്തുകയും ചെയ്തു. ഒരു ദിവസം, ‘കോഫി കേക്ക്, ഇസ്ലാം’ എന്ന പരിപാടിയെക്കുറിച്ച് ഫെയ്സ് ബുക്കില്‍ ഒരു പോസ്റ്റ് കണ്ടു. അവര്‍ അതിനായി രജിസ്റ്റര്‍ ചെയ്യുകയും പരിപാടിക്ക് പോകുകയും ചെയ്തു. അവിടെ വച്ച് അഹ്‌മദിയ്യാ മിഷനറിയെയും ഭാര്യയെയും കണ്ടുമുട്ടി. തുടക്കത്തില്‍, അവര്‍ക്ക് ചില ആശങ്കകളുണ്ടായിരുന്നു. അറബികള്‍ക്ക് മാത്രമേ പള്ളിയില്‍ പ്രവേശിക്കാന്‍ കഴിയൂ എന്ന് അവര്‍ കരുതി. എന്നിരുന്നാലും, അവര്‍ അവിടെ നിന്നും മതത്തില്‍ ബലാല്ക്കാരമില്ലെന്നും ഇസ്‌ലാം സമാധാനത്തിന്റെ മതമാണെന്നും മനസ്സിലാക്കി. അവര്‍ മിഷനറിയുടെ ഭാര്യയുമായി സമ്പര്‍ക്കം പുലര്‍ത്തുകയും പലപ്പോഴും അവരോട് ചോദ്യങ്ങള്‍ ചോദിക്കുകയും പ്രതിവാര ക്ലാസ്സുകളില്‍ ചേരുകയും ചെയ്യുമായിരുന്നു. നമസ്‌കാരം മുഴുവന്‍ പഠിക്കാന്‍ അവര്‍ പരിശ്രമിച്ചു. ഒരു ദിവസം, അവര്‍ പഠിച്ചതെല്ലാം ഭര്‍ത്താവിനോട് പറഞ്ഞപ്പോള്‍, അവരോട് മുസ്‌ലിമാകാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു. കുറച്ചുകൂടി പഠിക്കുകയും ചോദ്യങ്ങള്‍ ചോദിക്കുകയും ഖലീഫയുടെ പ്രഭാഷണങ്ങള്‍ ശ്രവിക്കുകയും ചെയ്തു. അതിന്റെ ഫലമായി കുറച്ച് സമയത്തിന് ശേഷം അവര്‍ അഹ്‌മദിയ്യത്ത് സ്വീകരിച്ചു. ഏതാനും മാസങ്ങള്‍ക്ക് ശേഷം അവരുടെ ഭര്‍ത്താവും അഹ്‌മദിയ്യത്ത് സ്വീകരിച്ചു.
സിയേറാ ലിയോണില്‍, ഖലീഫാ തിരുമനസ്സ് നിര്‍വഹിച്ച പ്രഭാഷണം കേള്‍ക്കാന്‍ ഒരു വ്യക്തിയെ ക്ഷണിക്കുകയുണ്ടായി. പ്രഭാഷണം കേള്‍ക്കാന്‍ കുടുംബത്തോടൊപ്പമാണ് അദ്ദേഹം വന്നത്. ആ പ്രഭാഷണം അദ്ദേഹത്തില്‍ വലിയ സ്വാധീനം ചെലുത്തുകയും അദ്ദേഹം അഹ്‌മദിയ്യത്ത് സ്വീകരിക്കുകയും ചെയ്തു. ഇപ്പോള്‍ അദ്ദേഹം ജമാഅത്തിലെ സജീവ അംഗമായി മാറിയിരിക്കുന്നു. മസ്ജിദ് പുനരുദ്ധാരണത്തില്‍ ഉടനീളം സഹായിക്കുകയും പലപ്പോഴും ഐച്ഛിക വ്രതം അനുഷ്ഠിക്കുകയും ചെയ്യുന്നു.
ബംഗ്ലാദേശില്‍ ഒരു യുവാവിന് അഹ്‌മദിയ്യാ ജമാഅത്തിനെ കുറിച്ച് പരിചയപ്പെട്ടു. അദ്ദേഹം സ്ഥിരമായി ഖലീഫാ തിരുമനസ്സിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ പള്ളിയില്‍ വരാന്‍ തുടങ്ങി. അതിന്റെ ഫലമായി അദ്ദേഹം അഹ്‌മദിയ്യത്ത് സ്വീകരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ ഭാര്യ അഹ്‌മദിയ്യത്ത് സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല. ദമ്പതികള്‍ക്ക് ഇതുവരെ കുട്ടികളില്ലായിരുന്നു. അതിനാല്‍ ഖലീഫയോട് പ്രാര്‍ഥിക്കാന്‍ വേണ്ടി ഒരു കത്ത് എഴുതാന്‍ അദ്ദേഹം തന്റെ ഭാര്യയോട് നിര്‍ദ്ദേശിച്ചു. അതിന് ശേഷം അവര്‍ ഗര്‍ഭിണിയായി. ഖലീഫയുടെ പ്രാര്‍ഥന കാരണമാണ് ഈ അനുഗ്രഹം അവര്‍ക്ക് ലഭിച്ചതെന്ന് അവര്‍ ചിന്തിക്കുകയുണ്ടായി. അങ്ങനെ അവരും അഹ്‌മദിയ്യത്ത് സ്വീകരിച്ചു.
അഹ്‌മദികള്‍ അല്ലാത്തവരില്‍ പോലും ഖിലാഫത്ത് സ്വാധീനം ചെലുത്തുന്നു. കോംഗോ-കിന്‍ഷാസയില്‍ ജമാഅത്തിന് ഒരു റേഡിയോ സ്റ്റേഷന്‍ ഉണ്ട്. അതില്‍ ഖലീഫാ തിരുമനസ്സിന്റെ പ്രഭാഷണങ്ങള്‍ പ്രക്ഷേപണം ചെയ്യാറുണ്ടായിരുന്നു. ഒരു ദിവസം, ഒരു ഡോക്ടര്‍ ജമാഅത്ത് സെന്റര്‍ സന്ദര്‍ശിക്കുകയുണ്ടായി. താന്‍ പതിവായി ഖലീഫാ തിരുമനസ്സിന്റെ പ്രഭാഷണങ്ങള്‍ കേള്‍ക്കാറുണ്ടെന്നും കൂടുതല്‍ കൂടുതല്‍ ആളുകള്‍ക്ക് ഈ പ്രഭാഷണങ്ങള്‍ കേള്‍ക്കാന്‍ കഴിയുന്ന തരത്തില്‍ അവ പ്രാദേശിക ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചു. ഖലീഫയുടെ സന്ദേശം കഴിയുന്നത്ര ആളുകളിലേക്ക് എത്തിക്കാന്‍ അഹ്‌മദികള്‍ അല്ലാത്തവര്‍ പോലും പ്രോത്സാഹിപ്പിക്കുന്നു. ഒരു ദിവസം അവരും അഹ്‌മദിയ്യത്തിന്റെ സത്യം തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുമെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
(ഇത് ഖലീഫാ തിരുമനസ്സ് അവതരിപ്പിച്ച വിവിധ സംഭവങ്ങളില്‍ നിന്നുള്ള ചില ഉദാഹരണങ്ങള്‍ മാത്രമാണ്).
ഖിലാഫത്തിന്റെ മാര്‍ഗനിര്‍ദേശപ്രകാരം പ്രവര്‍ത്തിക്കുന്ന അഹ്‌മദിയ്യത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്താന്‍ യാതൊന്നിനും കഴിയില്ല
ഖിലാഫത്തുമായി ബന്ധപ്പെട്ട അനുഗ്രഹങ്ങളെക്കുറിച്ച് ദൈവം വാഗ്ദത്ത മസീഹിനോട് ചെയ്ത വാഗ്ദാനം മനുഷ്യ മനസ്സിന് ഗ്രഹിക്കാന്‍ കഴിയാത്തത്ര മഹത്തരവും, നിഗൂഢമായ വഴികളിലൂടെ നിറവേറ്റപ്പെടുകയാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ഈ സംഭവങ്ങളും, ദൈവിക അടയാളങ്ങളും, അഹ്‌മദിയ്യാ ഖിലാഫത്തിനും മുഹമ്മദ് നബി(സ)യുടെ സേവകനായിക്കൊണ്ട് ലോകത്തെ ഒന്നിപ്പിക്കാന്‍ വന്ന വാഗ്ദത്ത മസീഹ്(അ)നും ലഭിക്കുന്ന സഹായങ്ങളും എല്ലാം സത്യതക്കുള്ള തെളിവുകളല്ലെങ്കില്‍, പിന്നെന്താണ്? ഇസ്‌ലാമിന്റെ വിജയത്തിനും വ്യാപനത്തിനുമായി ഖിലാഫത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് മാത്രമാണ്. ഈ ജമാഅത്ത് സാക്ഷ്യം വഹിക്കുന്ന വിജയം ദൈവിക സഹായത്തിന്റെ വ്യക്തമായ തെളിവാണ്. എന്നിരുന്നാലും, അന്ധരായി തുടരാന്‍ തീരുമാനിച്ചവര്‍ക്ക് ഒരിക്കലും അത് കാണാന്‍ കഴിയില്ല. ദൈവഹിതപ്രകാരം, ദൈവത്തിന്റെ വാഗ്ദാനമനുസരിച്ച്, വാഗ്ദത്ത മസീഹില്‍ നിന്ന് ആരംഭിച്ച പ്രവാചകത്വത്തിന്റെ മാതൃകയിലുള്ള ഖിലാഫത്ത് ലോകാവസാനം വരെ തുടരുന്നതാണ്. ഇത് സംഭവിക്കുന്നതില്‍ നിന്ന് തടയാന്‍ ഒരു ശത്രുവിനും സാധ്യമല്ല.
നമ്മുടെ വിശ്വാസത്തെ പുനരുജ്ജീവിപ്പിക്കാന്‍ നാം നിരന്തരം പരിശ്രമിക്കണമെന്നും അഹ്‌മദിയ്യാ ഖിലാഫത്തിനോട് ചേര്‍ന്നു നില്ക്കണമെന്നും അതിന്റെ തുടര്‍ച്ച ഉറപ്പാക്കാന്‍ ത്യാഗത്തിന്റെ ഒരു അവസരത്തില്‍ നിന്നും പിന്മാറരുതെന്നും ഖലീഫാ തിരുമനസ്സ് ഉദ്‌ബോധിപ്പിക്കുകയുണ്ടായി. സര്‍വശക്തനായ അല്ലാഹു അതിന് നമ്മെ പ്രാപ്തരാക്കട്ടെ എന്ന് ഖലീഫാ തിരുമനസ്സ് പ്രാര്‍ഥിക്കുകയുമുണ്ടായി.
0 Comments