ഒക്ടോബര്‍ 10, 2022
അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ വയോജന സംഘടനയായ മജ്‌ലിസ് അൻസാറുല്ലാഹ് കേരളയുടെ ദ്വിദിന സംസ്ഥാന ഇജ്തിമാഅ് സെപ്തംബർ 10, 11 തിയ്യതികളില്‍ ശനി, ഞായർ ദിവസങ്ങളിൽ കരുനാഗപ്പള്ളിയിൽ പ്രൗഢഗംഭീരമായി നടന്നു. ഏറെക്കാലത്തെ ഇടവേളക്കുശേഷം ഉണ്ടായ സഹോദരങ്ങളുടെ സമാഗമം ആവേശഭരിതവും ആഹ്ലാദ ജനകവുമായി. നിരവധി പടുകൂറ്റൻ പ്രകടനങ്ങൾക്ക് സാക്ഷിയായ ദേശീയപാതയുടെ ഓരം ശാന്ത ഗംഭീരമായ ആത്മീയ സംഗമത്തിന് വേദിയായി. ദേശീയ പാതയോട് ചേർന്ന് 2.5 ഏക്കറോളം വരുന്ന സ്ഥലത്ത് വിപുലമായ സൗകര്യങ്ങളോടെ പ്രത്യേകം സജ്ജമാക്കിയ ശീതീകരിച്ച പന്തലിലാണ് ഇജ്തിമാഅ് സംഘടിപ്പിക്കപ്പെട്ടത്. കായിക മത്സരങ്ങൾക്കായി ശീതീകരിച്ച ബാഡ്മിന്റൺ കോർട്ട്, സിന്തറ്റിക് ടർഫ് എന്നിവയും ഒരുക്കിയിരുന്നു.
അല്ലാഹുവിന്റെ അതിമഹത്തായ അനുഗ്രഹത്താൽ അനുയോജ്യമായ കാലാവസ്ഥയും ഇജ്തിമായുടെ സുഗമമായ നടത്തിപ്പിന് സഹായകമായി. തക്ബീർ ധ്വനികളുടെ അകമ്പടിയോടെ മജ്‌ലിസ് അൻസാറുല്ലാഹ് അഖിലേന്ത്യാ സദർ സാഹിബ് മൗലാനാ അത്താഉൽ മുജീബ് ലോൺ സാഹിബ് പതാക ഉയർത്തി ദുആ ചെയ്തതിനു ശേഷം വിശുദ്ധ ഖുർആൻ പാരായണത്തോടുകൂടിയാണ് രണ്ട് ദിവസം നീണ്ടു നിന്ന ഇജ്തിമാ പരിപാടികൾക്ക് ആരംഭം കുറിച്ചത്.
ആത്മീയ നേതൃത്വം മനുഷ്യസമൂഹത്തെ നേർവഴിയിലേക്ക് നയിക്കാന്‍ അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുടുംബത്തിന്റെയും സമൂഹത്തിന്റെയും യഥാർഥ സംരക്ഷകരാകാൻ കുടുംബനാഥന് കഴിയണമെന്നും, വരും തലമുറക്ക് ശിക്ഷണം നൽകാൻ ആദ്യം സ്വയം പരിവർത്തനത്തിന് വിധേയരാകണമെന്നും, അധാർമികത വർധിച്ച് വരുന്ന ഈ കാലഘട്ടത്തിൽ ആത്മീയ മൂല്യങ്ങൾ സംരക്ഷിക്കാൻ ഖിലാഫത്ത് വ്യവസ്ഥിതിയുമായി ശക്തമായ ബന്ധം പുലർത്തണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ മുഖപത്രമായ സത്യദൂതൻ മാസികയുടെ എഡിറ്റർ എ എം മുഹമ്മദ് സലീം ‘മുഹമ്മദ് നബിയെ കുറിച്ചുള്ള ആക്ഷേപങ്ങൾക്കുള്ള മറുപടി അഹ്മദിയ്യാ വീക്ഷണത്തിൽ’ എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു.
രണ്ട് ദിവസങ്ങളിലായി ധനത്യാഗം, കുടുംബബന്ധം, ദഅവത്തെ ഇലല്ലാഹ് (അഥവാ ദൈവമാര്‍ഗത്തിലേക്ക് ജനങ്ങളെ ക്ഷണിക്കല്‍) തുടങ്ങിയ വിഷയങ്ങളിൽ ജമാഅത്തിന്റെ പണ്ഡിതന്മാര്‍ സംസാരിച്ചു.
ധാര്‍മിക വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾക്ക് പുറമെ ജമാഅത്തിന്റെ കേന്ദ്രത്തില്‍ നിന്നും ലഭിച്ച നിർദ്ദേശപ്രകാരം വിവിധ വൈജ്ഞാനിക മത്സരങ്ങളും കായിക മത്സരങ്ങളും ഇജ്തിമായുടെ അവസരത്തില്‍ നടന്നു.
ഇതിനു പുറമെ ആരോഗ്യ സംബന്ധമായ ഒരു പ്രത്യേക പരിപാടിയും സംഘടിപ്പിക്കപ്പെട്ടു. പരിപാടിയിൽ ഡോക്ടർ ശരീഫ് അഹ്മദ് സാഹിബ് സംശയങ്ങൾക്ക് മറുപടി നൽകി.
ഇജ്തിമായുടെ വേളയില്‍ മജ്‌ലിസ് അന്‍സാറുല്ലാഹ് മാത്തോട്ടം പ്രസിദ്ധീകരിച്ച ഹദ്റത്ത് ബിലാൽ(റ) പറഞ്ഞ കഥ എന്ന പുസ്തകത്തിന്റെ പ്രകാശനവും നടന്നു.
സെപ്റ്റംബർ 11ന് ഞായറാഴ്ച വൈകിട്ട് 3 മണിക്ക് സമാപന സമ്മേളനം നടന്നു. അൻസാറുള്ള അഖിലേന്ത്യാ സദർ അത്താഉൽ മുജീബ് ലോണ്‍ സാഹിബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമാപനസമ്മേളനത്തിൽ നാഇബ് സദര്‍ അൻസാറുള്ള താജുദ്ദീൻ സാഹിബ്, കൊല്ലം ജില്ലാ അമീർ അബ്ദുള്ള സാഹിബ് എന്നിവർ പ്രസംഗിച്ചു. മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ഒപ്പം ജമാഅത്തിനായി സേവനം സമർപ്പിച്ച കേരളത്തിലെ മുഴുവൻ മിഷനറിമാരെയും ഉപഹാരങ്ങൾ നൽകി ആദരിക്കുകയും ചെയ്തു. 911 പേർ സമ്മേളനത്തിൽ പങ്കെടുത്തു. അയൽ സംസ്ഥാനമായ തമിഴ്നാട്ടില്‍ നിന്നും 30ഓളം പ്രതിനിധികൾ പങ്കെടുത്തു.
1 Comment
Musadique Ahammed · ഒക്ടോബർ 10, 2022 at 4:07 pm
Mashallah