വ്യക്തിസ്വാതന്ത്ര്യത്തിന് മാത്രം ഊന്നല്‍ നല്‍കാതെ, അര്‍ഹതപ്പെട്ടവരുടെയെല്ലാം അവകാശങ്ങള്‍ മാനിക്കുകയും സാമൂഹിക സുരക്ഷ ഉറപ്പ് വരുത്തുകയും ചെയ്യുന്ന ഒരു സംവിധാനമാണ് ഇസ്‌ലാം മുന്നോട്ട് വയ്ക്കുന്നത്.
ഹുസാം അഹ്‌മദ് ശഫീക്ക്
മാര്‍ച്ച് 23, 2023
നടനും അഭിഭാഷകനുമായ സി. ഷുക്കൂറും ഭാര്യ ഷീന ഷുക്കൂറും ഇക്കഴിഞ്ഞ മാര്‍ച്ച് 8ന് വീണ്ടും വിവാഹിതരായത് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചാവിഷയമായിരുന്നു. ഇരുപത്തിയെട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്‌ലാമിക ആചാരപ്രകാരം നിക്കാഹ് ചെയ്ത ദമ്പതികള്‍ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമാണ് ഇപ്പോള്‍ വീണ്ടും വിവാഹിതരായിട്ടുള്ളത്.
ഇസ്‌ലാമിക നിയമം അനുസരിച്ച് പെണ്‍കുട്ടികള്‍ മാത്രമുള്ള ഒരു പിതാവിന്‍റെ സ്വത്തില്‍ ഭാര്യക്കും മക്കള്‍ക്കുമുള്ള അവകാശങ്ങള്‍ കഴിച്ച് ഒരു പങ്ക് പിതാവിന്‍റെ സഹോദരന്മാര്‍ക്ക് കൂടി ലഭിക്കുന്നു. അത് പെണ്‍കുട്ടികളോടുള്ള അനീതിയാണെന്നും തന്‍റെ സ്വത്ത് തന്‍റെ മരണശേഷം മുഴുവനായും തന്‍റെ പെണ്‍മക്കള്‍ക്ക് ലഭിക്കുന്നതിന് വേണ്ടിയാണ് ഈ പുനര്‍വിവാഹമെന്നും ദിവസങ്ങള്‍ മുമ്പുള്ള ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ ഷുക്കൂര്‍ വക്കീല്‍ അറിയിച്ചിരുന്നു.
ഇസ്‌ലാമിലെ അനന്തരാവകാശ നിയമങ്ങളില്‍ സ്ത്രീകള്‍ക്കെതിരെ വിവേചനമുണ്ടെന്നും തുല്യത എന്ന മാനവിക മൂല്യത്തിന് അത് എതിരാണെന്നുമുള്ള ലിബറല്‍ ആക്ഷേപങ്ങള്‍ അതോടെ ചര്‍ച്ചകളില്‍ സജീവമായി. ഇത്തരം വിമര്‍ശനങ്ങള്‍ ഒന്നുകില്‍ തെറ്റിദ്ധാരണകളില്‍ അധിഷ്ഠിതമോ അല്ലെങ്കില്‍ ഇസ്‌ലാമിക കുടുംബ സങ്കല്‍പ്പത്തില്‍ നിന്ന് കൊണ്ട് ഈ വിഷയത്തെ മനസ്സിലാക്കാന്‍ ശ്രമിക്കാത്തതിന്‍റെയോ ഫലമാണ്.
വിശുദ്ധ ഖുര്‍ആനില്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ള പങ്കുകള്‍ ബന്ധത്തിന്‍റെ അടിസ്ഥാനത്തിലും ഓരോരുത്തരിലും അര്‍പ്പിതമായിട്ടുള്ള സാമ്പത്തിക ഉത്തരവാദിത്വങ്ങളുടെ അടിസ്ഥാനത്തിലും പരിപൂര്‍ണ്ണ നീതിയോടെ നിശ്ചയിക്കപ്പെട്ടതാണ്. ധാര്‍മികതയുടെ എല്ലാ ഘടകങ്ങളും കണക്കിലെടുത്ത് പരിശോധിക്കുമ്പോള്‍ ഈ നിയമങ്ങള്‍ മാനവികതയുടെ യഥാര്‍ത്ഥ മൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്ന് കാണാന്‍ സാധിക്കും.
സമത്വവും നീതിയും
തുല്യത എന്ന ഒറ്റ മാനദണ്ഡത്തെ അടിസ്ഥാനമാക്കി സ്വത്തുവിതരണം നടത്തണമെന്നാണ് ആധുനിക മൂല്യങ്ങളുടെ വക്താക്കള്‍ വാദിക്കുന്നത്. എന്നാല്‍, ഏതൊരു കാര്യത്തിന്‍റെയും ശരിയും തെറ്റും പരിശോധിക്കുന്നതിന് സമത്വത്തെ മാത്രം നിദാനമാക്കുന്നത് ഫലത്തില്‍ വിവേചനങ്ങള്‍ക്ക് കാരണമാകും. മാത്രമല്ല, പ്രാവര്‍ത്തിക രൂപത്തില്‍ അത് യുക്തിക്ക് എതിരാവുകയും ചെയ്യുന്നു.
കേവല സമത്വത്തില്‍ അധിഷ്ഠിതമായ ഒരു സംവിധാനത്തില്‍ യാതൊരു വിധ അന്തരങ്ങള്‍ക്കും സ്ഥാനമില്ല. അവിടെ രക്തബന്ധുക്കളും വിവാഹബന്ധുക്കളും തമ്മിലോ, അടുത്ത ബന്ധുക്കളും അകന്ന ബന്ധുക്കളും തമ്മിലോ ഒരു വിധത്തിലുള്ള വ്യത്യാസവും ഉണ്ടാകാന്‍ പാടുള്ളതല്ല. എന്നല്ല, ബന്ധുക്കളും ബന്ധേതരരും പോലും അത്തരമൊരു സംവിധാനത്തില്‍ തുല്യരായിരിക്കണം. അതായത്, ഒരാളുടെ സ്വത്തില്‍ അയാളുടെ കുടുംബാംഗങ്ങള്‍ക്ക് പുറമെ സമൂഹം മുഴുവനും അവകാശികളായിരിക്കും. ഈയടിസ്ഥാനത്തില്‍ മരണാനന്തര സ്വത്തുക്കള്‍ കുടുംബാംഗങ്ങള്‍ക്ക് ലഭിക്കുന്നതിന് പകരം സ്റ്റേറ്റിന്‍റെ അധികാരത്തിലായിരിക്കും വരിക.
ഇതിനെ കേവലം ഒരു എതിര്‍വാദമായി കാണേണ്ടതില്ല. അനന്തരാവകാശത്തിന്‍റെ സാധുതയെ തന്നെ ചോദ്യം ചെയ്യുന്ന ഒരു ആശയമായി ഇത് ഉയര്‍ന്നിരിക്കുന്നു. ലോകത്ത് സാമ്പത്തിക അസമത്വം വര്‍ദ്ധിപ്പിക്കുന്നതില്‍ അനന്തരാവകാശം വലിയ പങ്ക് വഹിക്കുന്നുണ്ട് എന്നാണ് ഈ ആശയത്തിന്‍റെ വക്താക്കള്‍ ഉന്നയിക്കാറുള്ളത്. സമ്പത്ത് ഒരു കൂട്ടര്‍ക്കിടയില്‍ തന്നെ കുമിഞ്ഞുകൂടുവാനും, ധനികരും ദരിദ്രരും തമ്മിലുള്ള അന്തരം വര്‍ദ്ധിക്കുവാനും ഇത് കാരണമാകുന്നു എന്നതിനാല്‍ അനന്തരാവകാശം നിര്‍ത്തലാക്കേണ്ടതാണ് എന്നാണ് ഇക്കൂട്ടരുടെ വാദം.[1]
തുല്യത എന്ന ഇതേ മുദ്രാവാക്യം ഉയര്‍ത്തിയാണ് 1918ല്‍ സോവിയറ്റ് റഷ്യ അനന്തരാവകാശം നിര്‍ത്തലാക്കിയത്[2]. ഇന്നും ഒരുപാട് രാജ്യങ്ങളില്‍ അനന്തരാവകാശ നികുതി (inheritance tax) നിലനില്‍ക്കുന്നത് ഈ വാദത്തിന്‍റെ അടിസ്ഥാനത്തിലാണ്[3]. പ്രായോഗിക തലത്തില്‍ കേവല സമത്വം അനീതിക്ക് കാരണമാകുന്നു എന്നത് ഇതില്‍ നിന്നും വ്യക്തമാണ്.
ലളിതമായ മറ്റൊരു ഉദാഹരണത്തിലൂടെയും ഇക്കാര്യം മനസ്സിലാക്കാവുന്നതാണ്. ഒരു പിതാവ് തന്‍റെ മകനും മകള്‍ക്കും പതിനായിരം രൂപ വീതം നല്‍കുന്നു. മകന് തന്‍റെ പങ്കില്‍ നിന്ന് തന്‍റെ ഭാര്യയുടെയും കുട്ടികളുടെയും ചിലവുകള്‍ നിറവേറ്റേണ്ടതുണ്ട്. അതിന് പുറമെ തന്‍റെ സഹോദരിയുടെ ആവശ്യങ്ങളും നിറവേറ്റാന്‍ പിതാവ് അവനോട് ആവശ്യപ്പെടുന്നു. എന്നാല്‍ സഹോദരിക്ക് തന്‍റെ പങ്ക് മുഴുവനും തന്‍റെ ഇച്ഛാനുസരണം ചിലവഴിക്കാവുന്നതാണ്. ഇവിടെ മകനും മകള്‍ക്കും തുല്യമായ തുക നല്‍കപ്പെട്ടത് സമത്വമായിരിക്കാം. എന്നാല്‍ അത് ആത്യന്തികമായി അനീതിയും വിവേചനവുമാണ് സൃഷ്ടിക്കുന്നത്. അഥവാ, സമത്വത്തെ മാത്രം നിദാനമാക്കുന്നത് നീതിപൂര്‍ണ്ണമായ ഫലം ഉളവാക്കുന്നില്ല.
ഇക്കാരണത്താല്‍ ഇസ്‌ലാം കേവല തുല്യത എന്ന മാനദണ്ഡത്തെ അംഗീകരിക്കുന്നില്ല. മറിച്ച് നീതി ലക്ഷ്യമാക്കിയാണ് ഇസ്‌ലാമിക നിയമങ്ങള്‍ക്ക് രൂപം നല്‍കപ്പെട്ടിട്ടുള്ളത്. എല്ലാവരുടെയും അവകാശങ്ങള്‍ മാനിക്കപ്പെടുന്നതോടൊപ്പം കേവല സമത്വം കൊണ്ടുണ്ടായേക്കാവുന്ന പ്രശ്നങ്ങളെയും ഇതുവഴി ഇസ്‌ലാം തരണം ചെയ്യുന്നു.
ആധുനിക മാനവികത: പ്രശ്നങ്ങളില്‍ നിന്നും പ്രശ്നങ്ങളിലേക്ക്
ആധുനിക മാനവികതയുടെ ഒരു അടിസ്ഥാന സ്വഭാവം അത് വ്യക്തികേന്ദ്രീകൃതമാണ് എന്നതാണ്. വ്യക്തിക്ക് സമൂഹത്തിന് മേല്‍ പ്രാധാന്യമുള്ള ഈ വീക്ഷണത്തില്‍ ഉത്തരവാദിത്വങ്ങള്‍ക്ക് വ്യക്തിഗതമായ താല്‍പര്യങ്ങള്‍ക്ക് ശേഷം മാത്രമേ സ്ഥാനമുള്ളൂ. അത്തരമൊരു കുടുംബസങ്കല്‍പ്പത്തില്‍ ഒരാളുടെ ഉത്തരവാദിത്വം തന്‍റെ ഭാര്യയിലും മക്കളിലും മാത്രമായി ഒതുങ്ങുന്നു.
തന്‍റെ സ്വത്ത് മുഴുവനും തന്‍റെ ഭാര്യക്കും മക്കള്‍ക്കും ലഭിക്കണം എന്ന വാദം, അതുകൊണ്ട് തന്നെ, വ്യക്തികേന്ദ്രീകൃതമായ ആധുനിക ലോകവീക്ഷണത്തില്‍ ന്യായമായി തോന്നിയേക്കാം. എന്നാല്‍ യഥാര്‍ത്ഥ മാനവിക മൂല്യങ്ങളുമായി അത് ഏറ്റുമുട്ടുകയും ഒരുപാട് അവകാശ ലംഘനങ്ങള്‍ക്ക് കാരണമായിത്തീരുകയും ചെയ്യുന്നു.
ഉദാഹരണത്തിന്, ജന്മം നല്‍കിയ മാതാപിതാക്കളുടെ അവകാശങ്ങള്‍ ഇത്തരം വാദങ്ങള്‍ അംഗീകരിക്കുന്നില്ല. മാതാപിതാക്കളുടെ അഭാവത്തില്‍ ഒരാള്‍ക്ക് തന്‍റെ സഹോദരങ്ങളോടുള്ള കടമയെയും ഈ ആശയങ്ങള്‍ നിഷേധിക്കുന്നു.
ഇസ്‌ലാം ഈ രീതിയിലുള്ള കുടുംബസങ്കല്‍പത്തെ അനുകൂലിക്കുന്നില്ല. സിലത്തുര്‍-റഹിം (അഥവാ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുക) എന്നത് ഇസ്‌ലാമിന്‍റെ അടിസ്ഥാന അധ്യാപനങ്ങളില്‍ പെട്ടതാണ്. ഭര്‍ത്താവ് പിതാവ് എന്ന നിലയില്‍ ഒരു മുസ്‌ലിമിന്‍റെ പ്രഥമ ഉത്തരവാദിത്വം തന്‍റെ ഭാര്യയും മക്കളും ആയിരിക്കെ തന്നെ, ഒരു മകന്‍ എന്ന നിലയില്‍ മാതാപിതാക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റേണ്ടതും അവന്‍റെ കടമയാണ്. തന്‍റെ സഹോദരങ്ങളോ അല്ലെങ്കില്‍ അവരുടെ കുട്ടികളോ നിരാശ്രയരാവുന്ന സാഹചര്യത്തില്‍ അവരുടെ മേല്‍നോട്ടവും ഒരു മുസ്‌ലിമിന്‍റെ മേല്‍ ഇസ്‌ലാം ഏല്‍പ്പിച്ചിട്ടുള്ള നിര്‍ബന്ധ കടമയാണ്.
അര്‍ഹതപ്പെട്ടവരുടെ അവകാശങ്ങളെ ഇവ്വിധം പരിരക്ഷിക്കുന്ന ഒരു സംവിധാനവും കാണുക സാധ്യമല്ല. പെണ്‍കുട്ടികള്‍ മാത്രമുള്ള ഒരു പിതാവിന്‍റെ സ്വത്തിന്‍റെ 70 മുതല്‍ 80 ശതമാനം വരെ അയാളുടെ ഭാര്യയ്ക്കും കുട്ടികള്‍ക്കും അവകാശപ്പെട്ടതാണ്. മരിച്ച വ്യക്തിക്ക് മാതാപിതാക്കള്‍ ഉണ്ടെങ്കില്‍ ബാക്കിയുള്ള സ്വത്ത് അവര്‍ക്ക് തുല്യമായി വീതിക്കപ്പെടും. പിതാവുമില്ലാത്ത സന്ദര്‍ഭത്തില്‍ മാത്രമാണ് സ്വത്തുക്കള്‍ പരേതന്‍റെ സഹോദരന്മാര്‍ക്കും സഹോദരിമാര്‍ക്കും ലഭിക്കുക. ഭാര്യയ്ക്കും കുട്ടികള്‍ക്കും മാതാവിനും നല്‍കിയതിന് ശേഷം ബാക്കി വരുന്ന ഏതാണ്ട് 4 ശതമാനം മാത്രമാണ് സഹോദരങ്ങളില്‍ വീതിക്കപ്പെടുന്നത്. എന്നാല്‍ ഈ അവകാശത്തോടൊപ്പം മരിച്ചയാളുടെ ഭാര്യയുടെയും മക്കളുടെയും ഉത്തരവാദിത്വം കൂടി (അവര്‍ക്ക് മറ്റൊരു തുണയില്ലാത്ത പക്ഷം) സഹോദരന് മേല്‍ വരുന്നു.
അഥവാ, അവകാശങ്ങളോടൊപ്പം ചുമതലകളും നല്‍കിക്കൊണ്ട് കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും സുരക്ഷ കൂടി ഉറപ്പ് വരുത്തുന്ന ഒരു സംവിധാനമാണ് ഇസ്‌ലാം മുന്നോട്ട് വയ്ക്കുന്നത്. ഇതിനു വിപരീതമായി ആധുനിക നിയമങ്ങളില്‍ അര്‍ഹതപ്പെട്ടവരുടെ അവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നതായാണ് കാണാന്‍ സാധിക്കുക.
മാതാപിതാക്കള്‍ക്ക് മകന്‍റെ സ്വത്തില്‍ എന്തുകൊണ്ട് അവകാശമില്ല? അവിവാഹിതയോ വിധവയോ ആയ സഹോദരിക്ക് സഹോദരന്‍റെ സ്വത്തില്‍ പങ്കുണ്ടോ? പിതാവ് മരണപ്പെട്ട കുട്ടികളുടെ ചുമതല പിതൃസഹോദരന്‍ ഏറ്റെടുക്കേണ്ടതുണ്ടോ? ഇല്ലെങ്കില്‍ അവരുടെ ഉത്തരവാദിത്വം ആര്‍ക്കാണ്? പ്രസക്തമായ ഇത്തരം ഒരുപാട് ചോദ്യങ്ങള്‍ക്ക് ആധുനിക മാനവിക നിയമങ്ങള്‍ ഉത്തരം നല്‍കുന്നില്ല. വ്യക്തിസ്വാതന്ത്ര്യം നടപ്പിലാക്കുമ്പോള്‍ സംഭവിക്കുന്ന ഈ അവകാശലംഘനങ്ങള്‍ ഇസ്‌ലാമിക വിമര്‍ശനങ്ങളുടെ മറവില്‍ വിസ്മരിക്കപ്പെടാന്‍ പാടുള്ളതല്ല.
സ്ത്രീ പുരുഷ അവകാശങ്ങളിലെ അന്തരം
ഇസ്‌ലാമിക നിയമപ്രകാരം എന്തുകൊണ്ട് സ്ത്രീക്ക് പുരുഷന് ലഭിക്കുന്ന സ്വത്തിന്‍റെ പകുതി മാത്രം ലഭിക്കുന്നു എന്നത് നിരന്തരം ഉന്നയിക്കപ്പെടാറുള്ള ചോദ്യമാണ്. ഇസ്‌ലാമില്‍ സ്ത്രീ വിരുദ്ധത ആരോപിക്കാന്‍ ഒരു തെളിവായി വിമര്‍ശകര്‍ ഇക്കാര്യം ചൂണ്ടിക്കാണിക്കാറുണ്ട്.
എല്ലാ സന്ദര്‍ഭങ്ങളിലും പ്രയോഗത്തില്‍ വരുന്ന ഒരു പൊതു നിയമമല്ല ഇത് എന്നാണ് ഒന്നാമതായി മനസ്സിലാക്കേണ്ടത്. ഉദാഹരണത്തിന്, കുട്ടികളുള്ള മകന്‍റെ സ്വത്തില്‍ മാതാവിനും പിതാവിനും തുല്യ അവകാശമാണ് ഇസ്‌ലാം കല്‍പ്പിച്ചിട്ടുള്ളത്. കൂടാതെ ബന്ധത്തിന്‍റെ അടുപ്പം അനുസരിച്ച് സ്ത്രീക്ക് പുരുഷനെക്കാള്‍ കൂടുതല്‍ ലഭിക്കുന്ന പല അവസരങ്ങളും ഉണ്ടാകാറുണ്ട്.
എന്നിരുന്നാലും, പല സന്ദര്‍ഭങ്ങളിലും സ്ത്രീക്ക് പുരുഷന് ലഭിക്കുന്നതിന്‍റെ പകുതി മാത്രം ലഭിക്കുന്നു എന്നത് വസ്തുതയാണ്. കേവല തുല്യത എന്നത് ഇസ്‌ലാമില്‍ സ്വീകാര്യമായ മാനദണ്ഡമല്ല എന്നത് തന്നെയാണ് ഇതിന്‍റെ ഉത്തരം. ബന്ധുത്വം, തലമുറ, സാമ്പത്തിക ഉത്തരവാദിത്വം എന്ന ഒരുപാട് കാര്യങ്ങള്‍ കണക്കിലെടുത്താണ് ഇസ്‌ലാം സ്വത്തിലുള്ള അവകാശങ്ങള്‍ നിര്‍ണ്ണയിച്ചിട്ടുള്ളത്.
ഇസ്‌ലാമില്‍ സ്ത്രീക്ക് സാമ്പത്തിക ഉത്തരവാദിത്വങ്ങള്‍ ഇല്ല. പുരുഷന് മേലാണ് ഇസ്‌ലാം എല്ലാ വിധ സാമ്പത്തിക ബാധ്യതകളും വച്ചിട്ടുള്ളത്. ഒരു വിവാഹം സാധുവാകണമെങ്കില്‍ വധുവിനുള്ള മഹ്ര്‍ നിശ്ചയിക്കണമെന്നത് നിര്‍ബന്ധ നിബന്ധനയാണ്. ഈ മഹ്ര്‍ നല്‍കാതെയാണ് ഒരാള്‍ മരിക്കുന്നതെങ്കില്‍ അതൊരു കടമായി കണക്കാക്കുകയും ആ കടം വീട്ടിയത്തിന് ശേഷം മാത്രം ബാക്കി സ്വത്ത് വിതരണം ചെയ്യുകയും ചെയ്യേണ്ടതാണ്. മഹ്റിന് പുറമെ, ഭാര്യയുടെയും കുട്ടികളുടെയും സാമ്പത്തിക ഉത്തരവാദിത്വവും പുരുഷനാണ്. ഭാര്യ സമ്പാദിക്കുന്നുണ്ടെങ്കിലും ഈ ഉത്തരവാദിത്വത്തില്‍ അവള്‍ പങ്കാളിയാകുന്നില്ല.
ഭാര്യയ്ക്കും കുട്ടികള്‍ക്കും പുറമെ, മാതാപിതാക്കളുടെ ഉത്തരവാദിത്വവും ആണ്മക്കളുടെ മേലാണ് ഇസ്‌ലാം അര്‍പ്പിച്ചിട്ടുള്ളത്. നിരാശ്രയയായ സഹോദരിയുണ്ടെങ്കില്‍ അവളുടെ ഉത്തരവാദിത്വവും സഹോദരനായ പുരുഷന്‍റെ മേലാണ്. ഇത് പുരുഷന്‍റെ ഭാഗത്ത് നിന്നുള്ള ഒരു ഔദാര്യം എന്ന നിലക്കല്ല, മറിച്ച് അവന് മേല്‍ അല്ലാഹു കല്‍പ്പിച്ചിട്ടുള്ള നിര്‍ബന്ധ കടമയാണിത്.
സാമ്പത്തിക ഉത്തരവാദിത്വങ്ങളില്‍ സ്ത്രീക്കും തുല്യ പങ്ക് നല്‍കിക്കൊണ്ട് സ്വത്തില്‍ അവള്‍ക്ക് തുല്യ അവകാശം നല്‍കുന്നതല്ലേ നീതി എന്ന് സമത്വത്തിന്‍റെ മുദ്രാവാക്യം ഉയര്‍ത്തുന്ന ആധുനിക ധാര്‍മികതയുടെ വക്താക്കള്‍ ചോദിച്ചേക്കാം. പ്രകൃതിപരമായി തന്നെ സ്ത്രീകളും പുരുഷന്മാരും വ്യത്യസ്തരാണ് എന്ന അടിസ്ഥാന സത്യത്തെ നിരാകരിക്കുന്നതിന്‍റെ ഫലം മാത്രമാണ് ഇത്തരം ചോദ്യങ്ങള്‍. ഈ രീതിയിലുള്ള കുടുംബസങ്കല്‍പ്പങ്ങള്‍ സാധാരണമായിക്കഴിഞ്ഞ സമൂഹങ്ങള്‍ പരിശോധിച്ചാല്‍ ഇത്തരം ആശയങ്ങളുടെ ഭവിഷ്യത്തുകള്‍ കാണാന്‍ സാധിക്കുന്നതാണ്.
ജോലി സമ്മര്‍ദം പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളില്‍ കൂടുതലാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്[4]. സമ്മര്‍ദം വിഷാദരോഗം ഉണ്ടാക്കുന്നതിനുള്ള പ്രധാന കാരണമാണെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. സ്ത്രീകളില്‍ വിഷാദരോഗം വര്‍ദ്ധിക്കുന്നതിന്‍റെ കാരണം അവര്‍ അനുഭവിക്കുന്ന വിവിധ സമ്മര്‍ദങ്ങളാണെന്നും, കുടുംബത്തിലെയും ജോലിസ്ഥലത്തെയും ഉത്തരവാദിത്വങ്ങള്‍ കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന പ്രയാസങ്ങള്‍ ഇത്തരം സമ്മര്‍ദങ്ങളില്‍ പ്രധാനമാണെന്നും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്‍റല്‍ ഹെല്‍ത്ത് (National Institute of Mental Health) പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഇത് സ്ത്രീകളെ മാത്രം കൂടുതലായി ബാധിക്കുന്നതിന്‍റെ കാരണം മനസ്സിലാകുന്നില്ല എന്നും പ്രസ്തുത റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്[5]. ഇങ്ങനെയുള്ള അവസ്ഥയില്‍ സ്ത്രീകളുടെ മേല്‍ സാമ്പത്തിക ബാധ്യത ചുമത്തുന്നത് സ്ത്രീ ശാക്തീകരണത്തിന് പകരം അവര്‍ക്ക് നേരെയുള്ള അനീതിയായിരിക്കും എന്നതാണ് വാസ്തവം.
സ്ത്രീകളെ ജോലി ചെയ്യുന്നതില്‍ നിന്ന് ഇസ്‌ലാം വിലക്കുന്നില്ല. സമൂഹത്തിന്‍റെ ഉന്നമനത്തില്‍ തങ്ങളുടേതായ പങ്ക് വഹിക്കാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്ന മതമാണ് ഇസ്‌ലാം. ഈ രീതിയില്‍ സാമൂഹിക സേവനം നിര്‍വ്വഹിച്ച ഒരുപാട് സ്ത്രീകള്‍ ഇസ്‌ലാമിക ചരിത്രത്തില്‍ കടന്ന് പോയതായി കാണാന്‍ സാധിക്കും. തങ്ങളുടെ സര്‍ഗാത്മകവും ധൈഷണികവുമായ കഴിവുകള്‍ സമൂഹത്തിന്‍റെ പുരോഗതിക്ക് വേണ്ടി ഉപയോഗിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കെ തന്നെ എല്ലാ വിധ സാമ്പത്തിക ഉത്തരവാദിത്വങ്ങളില്‍ നിന്നും ഇസ്‌ലാം സ്ത്രീകളെ മാറ്റി നിര്‍ത്തുകയും ചെയ്യുന്നു. അഥവാ, തങ്ങളുടെ സമ്പാദ്യം തങ്ങള്‍ക്കിഷ്ടമുള്ളത് പോലെ സ്ത്രീകള്‍ക്ക് ചിലവഴിക്കാവുന്നതാണ്. ഇത്തരത്തില്‍ പരിപൂര്‍ണ്ണമായ സാമ്പത്തിക സ്വാതന്ത്ര്യമാണ് ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കിയിട്ടുള്ളത്.
ചുരുക്കത്തില്‍, പുരുഷന് മേല്‍ അര്‍പ്പിക്കപ്പെട്ടിട്ടുള്ള സാമ്പത്തിക ബാധ്യതകള്‍ കണക്കിലെടുത്താണ് ഇസ്‌ലാം ചില സന്ദര്‍ഭങ്ങളില്‍ പുരുഷന് സ്വത്തില്‍ സ്ത്രീകളെക്കാള്‍ കൂടുതല്‍ പങ്ക് നിര്‍ണ്ണയിച്ചിട്ടുള്ളത്. ഇത് സ്ത്രീയുടെയും പുരുഷന്‍റെയും പ്രകൃതങ്ങള്‍ക്ക് പരിപൂര്‍ണ്ണമായും അനുഗുണമായി വര്‍ത്തിക്കുകയും ചെയ്യുന്നു.
ഓരോ സംവിധാനത്തിനും ഒരു അടിസ്ഥാനമുണ്ട്. അതിന് അനുസൃതമായിട്ടായിരിക്കും ആ സംവിധാനത്തിലെ നിയമങ്ങള്‍ക്ക് രൂപം നല്‍കപ്പെടുന്നത്. ഏതൊരു ആശയത്തെയും വിമര്‍ശനവിധേയമാക്കുമ്പോള്‍ അതിന്‍റെ അടിസ്ഥാന ഘടകങ്ങളെ പരിഗണിക്കേണ്ടത് അനിവാര്യമാണ്.
ഇസ്‌ലാം നീതിയിലധിഷ്ഠമായ സംവിധാനമാണ് മുന്നോട്ട് വയ്ക്കുന്നത്. കേവല തുല്യത നീതിയുടെ തത്വങ്ങള്‍ക്ക് എതിരായിരിക്കെ, സമത്വം എന്ന ഒരൊറ്റ മാനദണ്ഡത്തെ അടിസ്ഥാനമാക്കി ഇസ്‌ലാമിക നിയമങ്ങളെ വിലയിരുത്തുന്നത് ഭീമമായ ന്യായവൈകല്യമാണ്. ഇസ്‌ലാമിന്റെ ഏതൊരു അധ്യാപനവും പോലെ അതിന്‍റെ അനനന്തരാവകാശ നിയമങ്ങളും, വ്യക്തിസ്വാതന്ത്ര്യം എന്നതിലുപരി അര്‍ഹതപ്പെട്ടവരുടെയെല്ലാം അവകാശങ്ങള്‍ നല്‍കിക്കൊണ്ട് സാമൂഹിക സുരക്ഷ ഉറപ്പ് വരുത്തുക കൂടിയാണ് ചെയ്യുന്നത്. ഈ നിയമങ്ങള്‍ വ്യക്തികേന്ദ്രീകൃതമായ കപടധാര്‍മിക മൂല്യങ്ങള്‍ക്ക് എതിരാവുന്നു എന്നത് അവ മാനവികമാണ് എന്നതിനുള്ള മതിയായ തെളിവാണ്.
പത്രാധിപ കുറിപ്പ്: ജീവിച്ചിരിക്കുമ്പോൾ ഒരാൾക്ക് തന്‍റെ സ്വത്തിൽ നിന്ന് ആർക്കും ഇഷ്ടദാനം (ഹിബ) നൽകാം എന്ന് ഈ ലേഖനത്തിൽ പറഞ്ഞിരുന്നു. ഹിബ നൽകുന്നത് ഇസ്‌ലാമിൽ അനുവദനീയമാണ്. എന്നാൽ അനന്തരാവകാശികൾക്ക് ഇഷ്ടദാനം നൽകുമ്പോൾ അനന്തര സ്വത്തില്‍ അവർക്കുള്ള നിശ്ചിത പങ്കിൽ വ്യത്യാസം വരുന്ന രീതിയിൽ നല്‍കുന്നത് അനുവദനീയമല്ല. വസ്തുതാപരമായ കൃത്യതയ്ക്ക് വേണ്ടി പ്രസ്തുത പരാമര്‍ശം തിരുത്തപ്പെട്ടിട്ടുണ്ട്.
കുറിപ്പുകള്‍
[1] Is Inheritance Justified? D W Haslett, Philosophy & Public Affairs, Spring 1986, പേ. 122-155
[2] Socialism and the Right of Inheritance: A Discussion on the Reform of the Soviet Civil Law in the Late 1930s, Kazuko Kawamoto, Japanese Slavic and Eastern European Studies March 2022
[3] Wealth and Inheritance Taxation: An Overview and Country Comparison, M Drometer et al., CESifo DICE Report July 2018
[4] The Role of Gender in Workplace Stress: A Critical Literature Review, Kristina Gyllensten and Stephen Palmer, Health Education Journal July 2005
[5] Depression: What Every Woman Should Know, National Institute of Mental Health
1 Comment
Mohammad basheer pm · മാർച്ച് 26, 2023 at 3:11 pm
Very good and spread all kerala