മെയ് 23, 2023
ശതവാർഷിക നിറവിൽ നില്ക്കുന്ന ആഗോള ലജ്ന ഇമായില്ലായുടെ കേരള സംസ്ഥാന ഇജ്തിമ (വാര്‍ഷിക സമ്മേളനം) 2023 മെയ് 13, 14 തിയ്യതികളിൽ കണ്ണൂരിലെ ഇ.കെ. നായനാര്‍ അക്കാഡമിയില്‍ വച്ച് സംഘടിപ്പിക്കപ്പെടുകയുണ്ടായി. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ മഹിളാ സംഘടനയായ ലജ്ന ഇമായില്ലാഹ് 1922ല്‍ പഞ്ചാബിലെ ഖാദിയാനിലാണ് നാന്ദി കുറിച്ചത്. 1945ൽ സ്ഥാപിതമായ കേരള ലജ്ന ഇമായില്ലാഹ് 77 വർഷം പിന്നിട്ടിരിക്കുകയാണ്. കേരളക്കരയിൽ വാഗ്ദത്ത മസീഹിന്‍റെ ശബ്ദം ആദ്യമായെത്തിയ കണ്ണൂരിലാണ് ലജ്നാ ഇമായില്ലായും ആദ്യമായി സ്ഥാപിതമായത്. അതുകൊണ്ട് തന്നെ ആഗോള ലജ്നാ ഇമായില്ലായുടെ ശതാബ്ദിയോടനുബന്ധിച്ചുള്ള കേരള സംസ്ഥാന ഇജ്തിമയ്ക്ക് കണ്ണൂര്‍ തന്നെ വേദിയാകുകയുണ്ടായി.
മെയ് 13ന് രാവിലെ ലജ്ന ഇമായില്ലായുടെ പതാക ഉയർത്തിക്കൊണ്ടാണ് രണ്ട് ദിവസത്തെ ഇജ്തിമയ്ക്ക് തുടക്കമായത്. ലജ്ന ഇമായില്ലാഹ് അഖിലേന്ത്യാ സദർ (അധ്യക്ഷ) ബുശ്റാ പാഷാ സാഹിബയാണ് പതാക ഉയർത്തിയത്. തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനം കോഴിക്കോട് ജില്ലാ സദർ സിദ്ദീഖ സയീദ് സാഹിബയുടെ അധ്യക്ഷതയിൽ ബുശ്റാ പാഷാ സാഹിബ ഉദ്ഘാടനം ചെയ്തു. കൊടുവായൂർ മജ്‌ലിസ് (ഘടകം) അംഗമായ അമത്തുൽ മതീൻ സാഹിബയുടെ ഖുർആൻ പാരായണത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്.
തുടർന്ന് നടന്ന പൊതുസമ്മേളനം അഖിലേന്ത്യാ സദർ ബുശ്റാ പാഷാ സാഹിബയുടെ അധ്യക്ഷതയിൽ കേരളത്തിന്‍റെ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീമതി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. അക്ഷര വെളിച്ചത്തിലൂടെ സമൂഹത്തെ പ്രബുദ്ധരാക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്നും അതിനായി സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യസം നല്കേണ്ടതുണ്ടെന്നും അവർ പറഞ്ഞു. സ്ത്രീകൾ മാത്രം സംഘാടനം നിർവഹിക്കുകയും പങ്കെടുക്കുകയും ചെയ്യുന്ന ഈ സമ്മേളനം തന്നെ വളരെയധികം ആകര്‍ഷിച്ചു എന്ന് അവര്‍ പറയുകയുണ്ടായി. പുരുഷന്മാരാരും പങ്കെടുക്കാതെയുള്ള ഇത്തരത്തിലുള്ള ഒരു സമ്മേളനം കാണുന്നത് തന്നെ ആദ്യമാണെന്നും, അതുകൊണ്ടു തന്നെ സ്ത്രീകളുടെ ഉന്നമനത്തിനായി ലജ്ന ഇമായില്ലാക്ക് പ്രവർത്തിക്കാനാകുമെന്നും അവർ പറയുകയുണ്ടായി. സമ്മേളനത്തിൽ കേരളത്തിന്‍റെ മുന്‍ ആരോഗ്യ സാമൂഹികക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി കെ.കെ. ശൈലജ ടീച്ചർ എം.എൽ.എ, കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി പി.പി. ദിവ്യ, കണ്ണൂർ കോർപ്പറേഷന്‍ ഡെപ്യൂട്ടി മേയർ ശബീന ടീച്ചർ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പ്രൊഫ. സരള, ആർ.ഡി.ഒ ശ്രീമതി മേഴ്സി, പോലീസ് സബ് ഇൻസ്പെക്ടർ ശ്രീമതി ലീലാമ്മ ഫിലിപ്പ്, പത്രപ്രവർത്തക ശ്രീമതി സുപ്രഭ എസ്. നായർ എന്നിവർ സംസാരിച്ചു. ഇസ്‌ലാം സ്ത്രീ വിദ്യാഭ്യാസത്തിന് നല്കുന്ന പ്രാധാന്യത്തെ കുറിച്ച് ഫമീല മുസഫർ സാഹിബ പ്രസംഗിച്ചു.
ഇജ്തിമയുടെ രണ്ടാം ദിവസം, വിവാഹപ്രായമെത്തിയ പെൺകുട്ടികൾക്കും അവരുടെ മാതാക്കൾക്കുമായി ഒരു കൗൺസലിംഗ് ക്ലാസ്സ് നടന്നു. പഴയങ്ങാടി മജ്‌ലിസിലെ ഡോ. അമത്തുന്നസീർ സാഹിബയാണ് ക്ലാസ്സെടുത്തത്. പ്രസ്തുത പരിപാടിയിൽ തൃശൂർ, പാലക്കാട് ജില്ലാ സദർ റഹ്‌നാ കമാല്‍ സാഹിബ അധ്യക്ഷയായിരുന്നു.
തുടർന്ന് ‘അഹ്‌മദി സ്ത്രീകളുടെ സ്ഥാനവും അവരുടെ ഉത്തരവാദിത്വവും’ എന്ന വിഷയത്തെ അധികരിച്ച് കരുനാഗപ്പള്ളി മജ്‌ലിസിലെ ഷറീൻ റഫീഖ് സാഹിബ ക്ലാസ്സെടുത്തു. ചടങ്ങിൽ മലപ്പുറം ജില്ലാ സദർ ശക്കീല ശരീഫ് സാഹിബ അധ്യക്ഷത വഹിച്ചു.
രണ്ടാം ദിവസം നടന്ന സെമിനാർ കാലിക പ്രസക്തിയുള്ള നിരീശ്വരവാദം എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു. ഈ വിഷയത്തിന്‍റെ വിവിധ ഭാഗങ്ങൾ അവതരിപ്പിച്ചുകൊണ്ട് അഹ്‌മദിയ്യാ മുസ്‌ലിം വിമന്‍ സ്റ്റുഡൻറ്സ് അസോസിയേഷൻ (AMWSA) അംഗങ്ങളായ തൂബ ബശീർ സാഹിബ, സബീഹ ശംസ് സാഹിബ, ശമായില സോസൻ സാഹിബ, സാലിഹ സലീം സാഹിബ, ഫായിസ സാഹിബ, സഫിയ സാഹിബ എന്നിവർ സംസാരിച്ചു. റിസ്‌വാന അനസ് സാഹിബയായിരുന്നു മോഡറേറ്റർ.
ഇതിനു പുറമെ ഇജ്തിമയില്‍ രണ്ടു ദിവസങ്ങളിലായി വിവിധ വൈജ്ഞാനിക മത്സരങ്ങളും നടന്നു. സമാപന സമ്മേളനത്തിൽ മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. അനഹ്‌മദി മുസ്‌ലിങ്ങളും അമുസ്‌ലിങ്ങളുമായ നിരവധി സ്ത്രീകൾ പരിപാടി വീക്ഷിക്കാനെത്തിയിരുന്നു. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 2500ല്‍ അധികം ലജ്ന അംഗങ്ങള്‍ ഈ ഇജ്തിമയിൽ പങ്കെടുത്തു.
1 Comment
Rubiya sadiqua · മെയ് 23, 2023 at 9:18 am
മാഷാ അല്ലാഹ്.. അൽഹംദുലില്ലാഹ്… പ്രസ്തുത സമ്മേളത്തിൽ ഭാഗഭാകാവാൻ സാധിച്ചതിൽ സർവ്വ ശക്തനായ അല്ലാഹുവിനു സർവസ്തുതിയും.