ഓഗസ്റ്റ് 7, 2024
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) ഓഗസ്റ്റ് 2, 2024 ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: കെ. പി. നദീം അഹ്‌മദ്, മാത്തോട്ടം
തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്തതിന് ശേഷം ഖലീഫാ തിരുമനസ്സ് പറഞ്ഞു: ഈ കഴിഞ്ഞ മൂന്ന് ദിവസങ്ങൾ വളരെ അനുഗ്രഹപൂർണ്ണമായിരുന്നു. അത് അഹ്‌മദികളിലും അനഹ്‌മദികളിലും നല്ല സ്വാധീനം ചെലുത്തുകയുണ്ടായി. ഇന്ന് ഞാൻ ചില അനഹ്മദി അതിഥികളുടെ അഭിപ്രായങ്ങൾ പരാമർശിക്കുന്നതാണ്.
വളണ്ടിയർമാരുടെ നിസ്വാർത്ഥ സേവനം
ആദ്യമായി ഞാൻ ജൽസയുടെ (സമ്മേളനം) എല്ലാ വളണ്ടിയർമാർക്കും അവരുടെ നിസ്വാർത്ഥ സേവനത്തിന് നന്ദി പറയുവാൻ ആഗ്രഹിക്കുകയാണ്. അല്ലാഹുവിന്‍റെ അനുഗ്രഹത്താൽ അഹ്‌മദി പുരുഷന്മാരിലും സ്ത്രീകളിലും കുട്ടികളിലും ഉള്ള ഒരു പ്രത്യേക ഗുണമാണ് ഇത്. അനഹ്‌മദികൾ പോലും ഇതിനെ വളരെ അധികം പ്രശംസിക്കുന്നു. ഇത്തരത്തില്‍ ജമാഅത്തിന്‍റെ സന്ദേശവും നിശബ്ദമായി പ്രചരിക്കുന്നു. ജൽസയുടെ എല്ലാ വളണ്ടിയർമാർക്കും, അവരുടെ ജോലി എന്തുമായിക്കൊള്ളട്ടെ, ജൽസയിൽ അവരുടെതായ പങ്ക് ഉണ്ട്. എല്ലാ വകുപ്പും വളരെ ഉത്സാഹത്തോടെ ജോലികൾ നിർവഹിക്കുന്നു. അത് തികച്ചും കൃതജ്ഞത അർഹിക്കുന്നു. ഇത്രയും വലിയ ഒരു പരിപാടിയിൽ സംഭവിക്കുന്ന ചെറിയ പോരായ്മകൾ കണ്ടില്ലെന്ന് വെക്കേണ്ടതാണ്.
എല്ലാ വളണ്ടിയർമാരും ഒരുവശത്ത് അതിഥികളെ സേവിക്കുമ്പോൾ ജമാഅത്തിന്‍റെ സന്ദേശം നിശബ്ദമായി പ്രചരിക്കുന്നതിനു കാരണമാകുന്നു. ഇതിനെ ആളുകൾ പ്രശംസിക്കുകയും ചെയ്യുന്നു. അതുപോലെ ലോകമെമ്പാടുമുള്ള ആളുകൾ, അവർ എവിടെയും ആയികൊള്ളട്ടെ, തങ്ങളിലേക്ക് ജൽസയുടെ പരിപാടികൾ എത്തിച്ചതിന് എം.ടി.എ യോട് കൃതജ്ഞത പ്രകടിപ്പിക്കുന്നു. ജൽസയുടെ എല്ലാ പ്രവര്‍ത്തകര്‍ക്കും ഞാൻ എന്‍റെ നന്ദി അറിയുക്കുന്നു.
ഈ വർഷം മൗറീഷ്യസിൽ നിന്നും യുവാക്കളുടെ ഒരു വലിയ സംഘം ഡ്യൂട്ടിക്കായി വരികയും തങ്ങളുടെ ജോലി വളരെ നല്ല രീതിയിൽ ചെയ്യുകയുമുണ്ടായി. അതുപോലെ കാനഡയിൽ നിന്നുമുള്ള യുവാക്കൾ ജൽസക്ക് ശേഷമുള്ള ജോലികൾ ചെയ്യുവാനായി ഇവിടെ എത്തിയിട്ടുണ്ട്. അല്ലാഹു തആല അവർക്കെല്ലാവർക്കും തക്കതായ പ്രതിഫലം നൽകുമാറാകട്ടെ.
ഈ വർഷത്തെ പ്രസ്സ് ആൻഡ് മീഡിയയുടെ കവറേജ് വളരെ നല്ലതായിരുന്നു. ട്രാഫിക്കിന്‍റെ സംഘാടനവും മികച്ചതായിരുന്നു. സാധാരണയായി എല്ലാ വർഷവും അയൽവാസികളിൽ നിന്നും പരാതികൾ ലഭിക്കാറുണ്ടായിരുന്നു. എന്നാൽ ഇത്തവണ ഒരു പരാതിയും ലഭിച്ചില്ല. കഴിഞ്ഞ ജൽസയെക്കാൾ രണ്ടായിരം ആളുകൾ കൂടുതല്‍ ഈ ജൽസയിൽ പങ്കെടുത്തിരുന്നു. എന്നാൽ ചില അയൽവാസികൾ ട്രാഫിക്കിന്‍റെ സുഗമമായ ഒഴുക്ക് കണ്ട് ഈ ജൽസയിൽ പങ്കാളിത്തം താരതമ്യേന കുറവാണ് എന്നാണ് കരുതിയത്. അവരെ ഇത് ധരിപ്പിച്ചപ്പോൾ അവർ ആശ്ചര്യപ്പെടുകയുണ്ടായി. ഇവിടുത്തെ ഒരു ലോക്കൽ കൗൺസിലർ നമ്മുടെ മുറബ്ബിയാണ്. അയൽവാസികളുമായുള്ള ബന്ധം സ്ഥാപിക്കുന്നതിലും ട്രാഫിക്കിന്‍റെ ക്രമീകരണത്തിലും അദ്ദേഹം വലിയ പങ്കു വഹിക്കുകയുണ്ടായി. അല്ലാഹു തആല അദ്ദേഹത്തിനു പ്രതിഫലം നൽകുമാറാകട്ടെ.
അമുസ്‌ലിം അതിഥികളുടെ അഭിപ്രായ പ്രകടനങ്ങൾ
ഇനി ഞാൻ ചില അതിഥികളുടെ പ്രതികരണങ്ങൾ നിങ്ങളുടെ മുമ്പാകെ വെക്കുകയാണ്. അഹ്‌മദിയത്തിന്‍റെ യഥാർത്ഥ സന്ദേശം മനസ്സിലാക്കുവാൻ അല്ലാഹു തആല അവരുടെ ഹൃദയങ്ങൾ തുറക്കുമാറാകട്ടെ.
ഏതൊരു ഉദ്ദേശത്തിൽ ഹദ്റത്ത് മസീഹ് മൗഊദ്(അ) അയക്കപ്പെട്ടുവോ, ആ ലക്ഷ്യം കേവലം ജൽസയുടെ ദിനങ്ങളിൽ മാത്രം ഒതുങ്ങാതെ ജീവിതത്തിന്‍റെ ഭാഗമാക്കി മാറ്റുവാൻ നമുക്ക് കഴിയുമാറാകട്ടെ.
ഫ്രഞ്ച് ഗുയാനയിൽ നിന്നുമുള്ള ഇസ്മായിൽ എന്ന ഒരു വ്യക്തി ജൽസയിൽ പങ്കെടുക്കുകയുണ്ടായി. അദ്ദേഹത്തിന് ജമാഅത്തുമായി ദീർഘകാലത്തെ ബന്ധമുണ്ട്. ജൽസയുടെ വേളയിൽ അദ്ദേഹം ജമാഅത്തിൽ പ്രവേശിക്കുകയുണ്ടായി. അദ്ദേഹം പറഞ്ഞു: ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വിവിധ ഭാഷകൾ സംസാരിക്കുന്ന ആളുകൾ ഒത്തുകൂടുന്ന ഒരു കാഴ്ച ഞാൻ ഇതുവരെ കണ്ടിട്ടില്ല. ഈ ദൃശ്യം കണ്ടപ്പോള്‍ ഇത് നബിതിരുമേനി(സ)യുട സമൂഹമാണെന്ന് എനിക്ക് ബോധ്യപ്പെടുകയുണ്ടായി. ഹദ്റത്ത് മസീഹ് മൗഊദ്(അ)നെ കാലത്തിന്‍റെ ഇമാം ആയി അംഗീകരിച്ചില്ലെങ്കിൽ നമ്മൾ വഴിപിഴച്ചവരായി മാറും. മുസ്‌ലിങ്ങൾ ഒന്നിക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ അവർ അഹ്‌മദിയ്യ ഖിലാഫത്തിന്‍റെ കീഴിൽ വരണം. ജൽസയുടെ സംഘാടനം വളരെ മികച്ചതായിരുന്നു. എല്ലാ വളണ്ടിയർമാരും ഒരു പുഞ്ചിരിയോട് കൂടി ആയിരുന്നു തങ്ങളുടെ ഡ്യൂട്ടികൾ നിർവഹിച്ചത്. ഞാന്‍ ഏതാനും വർഷങ്ങളായി ഒരു മുസ്‌ലിം ആയി ജീവിക്കുന്നു എങ്കിലും എപ്പോഴും എന്തോ ഒരു കുറവ് അനുഭവപ്പെട്ടിരുന്നു. ഈ ജൽസയിൽ പങ്കെടുത്തതോടെ ആ കുറവ് നികത്തപ്പെടുകയുണ്ടായി.
ജപ്പാനിൽ നിന്നുമുള്ള ഒരു ബുദ്ധ പുരോഹിതൻ പറയുന്നു: ജൽസയുടെ സംഘാടനം മാതൃകാപരവും വളണ്ടിയർമാർ ഡ്യൂട്ടി ചെയ്തത് വളരെ മികച്ച രീതിയിലുമായിരുന്നു. ഇത്രയധികം ആളുകൾ ഒരു സ്ഥലത്ത് ഒരുമിച്ച് കൂടുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്, എന്നാൽ ജൽസയിൽ പങ്കെടുത്ത എല്ലാവരും ധാർമികതയുടെ വളരെ ഉയർന്ന നിലവാരം പുലർത്തുകയുണ്ടായി. അദ്ദേഹവും ഭാര്യയും ഖലീഫാ തിരുമനസ്സുമായി കൂടിക്കാഴ്ച നടത്തുകയുണ്ടായി. അവരോട് ഏകദൈവം എന്ന സത്യത്തെ സംബന്ധിച്ച് ചിന്തിക്കുവാനും അവനിലുള്ള വിശ്വാസവും മനുഷ്യകുലതോടുള്ള സേവനവും അനിവാര്യമാണെന്ന് ഖലീഫാ തിരുമനസ്സ് ഉപദേശിക്കുകയുണ്ടായി. ആ പുരോഹിതൻ പറഞ്ഞു, താൻ ഒരു ഏക ദൈവത്തിൽ വിശ്വസിക്കുന്നില്ലെങ്കിലും, ഒരു സ്രഷ്ടാവ് ഉണ്ടെന്നും അവൻ എല്ലാം കാര്യങ്ങളും അസ്തിത്വത്തിലേക്ക് കൊണ്ടുവന്നുവെന്നും മനുഷ്യന് അവനുമായി ഒരു ബന്ധം സ്ഥാപിക്കുവാൻ സാധിക്കുമെന്നും അംഗീകരിക്കുന്നു.
കൊസോവോയിൽ നിന്നും ആദ്യമായി ജൽസയിൽ പങ്കെടുക്കുന്ന ഒരു അതിഥി ജൽസയിലെ പ്രഭാഷണങ്ങൾ താൻ വളരെ അധികം ആസ്വദിക്കുകയുണ്ടായി, പ്രത്യേകിച്ച് ഖലീഫാ തിരുമനസ്സിന്‍റെ പ്രഭാഷണം തന്നിൽ ആത്മീയമായ ഒരു മാറ്റം സംജാതാമക്കുകയുണ്ടായി എന്ന് അഭിപ്രായപെട്ടു. അദ്ദേഹം പറഞ്ഞു താൻ തിരിച്ചു നാട്ടിൽ പോയാൽ തനിക്ക് അറിയാവുന്ന എല്ലാവരോടും അഹ്‌മദിയ്യത്തിനെ പറ്റി പഠിക്കുവാൻ പ്രേരിപ്പിക്കുന്നതാണ്. കൊസോവോയിലെ അഹ്‌മദിയ്യ മിഷൻഹൗസ് സന്ദർശിക്കുമ്പോൾ മറ്റു മുസ്‌ലിങ്ങൾ അതിൽ നിന്നും അകന്നു നിൽക്കുവാൻ ഉപദേശിക്കാറുണ്ടായിരുന്നു. എന്നാൽ അദ്ദേഹം അതിൽ ഉറച്ചു നിൽക്കുകയും ജമാഅത്തുമായി കൂടുതൽ അടുക്കുകയുമുണ്ടായി. അദ്ദേഹം പറഞ്ഞു ഇത്തരത്തിലാണ് മുസ്‌ലിങ്ങൾ ആളുകളെ അഹ്‌മദിയ്യത്തിൽ നിന്നും പിന്തിരിപ്പിക്കുവാൻ ശ്രമിക്കുന്നത്. എന്നാൽ കൊസോവോയിൽ തിരിച്ചു പോയി ഖലീഫാ തിരുമനസ്സിന്‍റെ പ്രഭാഷണത്തിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിക്കുന്നതയിരിക്കും.
ഹോളണ്ടിൽ നിന്നുമുള്ള മിസ്സിസ് പട്രീഷ്യ ജൽസയുടെ മഹത്തായ ആതിഥ്യത്തിന് നന്ദി പ്രകടിപ്പിക്കുകയുണ്ടായി. ലോകത്തിന്‍റെ വിവധ ഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ ഒരിടത്ത് ഒത്തുകൂടി ജൽസയിൽ പങ്കെടുത്തപ്പോൾ അവർക്ക് സാഹോദര്യത്തിന്‍റെ ഒരു പ്രത്യേക അനുഭൂതി അനുഭവപ്പെടുകയുണ്ടായി. ആയിരക്കണക്കിനു ആളുകൾക്ക് ആതിഥ്യം അരുളുന്ന ഒരു ഗ്രാമം സ്ഥാപിക്കുന്നത് എളുപ്പമല്ലെന്നും എന്നാൽ വളരെ മികച്ച രീതിയിൽ തന്നെ അത് ചെയ്തുവെന്നും പറഞ്ഞു. പ്രത്യേകമായി ആഗോള ബൈഅത്തിന്‍റെ ദൃശ്യം തന്‍റെ ജീവിതകാലം മുഴുവൻ ഓർക്കുന്നതായിരിക്കും. ലോകത്തുള്ള ഓരോ വ്യക്തിയും അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിനെ പോലെ മനുഷ്യത്തത്തെ സംബന്ധിച്ച് ശ്രദ്ധാലുവായിരുന്നുവെങ്കിൽ, ലോകത്തിന്‍റെ പ്രശ്നങ്ങളെല്ലാം തന്നെ പരിഹരിക്കപ്പെടുമായിരുന്നു.
തായ്‌വാനിൽ നിന്നുള്ള ഒരു അതിഥി പറഞ്ഞു, അവരെ വളരെയധികം ആതിഥ്യമര്യാദയോടെ സ്വാഗതം ചെയ്യുകയും ഞങ്ങളോട് പെരുമാറുകയും ചെയ്തത് എന്നെ അമ്പരപ്പിച്ചു. ലോകത്ത് പല സ്ഥലങ്ങളിലും നിരവധി സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്, എന്നാൽ വളണ്ടിയർമാരാൽ മാത്രം സംഘടിപ്പിക്കപെട്ട ഒരു സമ്മേളനത്തിൽ ആദ്യമായാണ് പങ്കെടുക്കുന്നത്. സ്ത്രീകളോടുള്ള പ്രഭാഷണത്തിൽ ഖലീഫാ തിരുമനസ്സ് പെണ്‍കുട്ടികൾ തങ്ങളുടെ ജീവിതം എങ്ങനെ ആണ് നയിക്കേണ്ടത് എന്ന് ഏറ്റവും ഉത്തമമായ നിലയിൽ പഠിപ്പിക്കുകയുണ്ടായി. ഈ പ്രഭാഷണം വളരെ ശ്രദ്ധയോടെ ശ്രദ്ധിക്കുന്നത് അവർക്ക് ഖലീഫാ തിരുമനസ്സിനോടുള്ള സ്ന്ഹത്തിന്‍റെ പ്രകടനമായിരുന്നു. അവർ ഖലീഫാ തിരുമനസ്സുമായി കൂടികാഴ്ച്ച നടത്തുകയുണ്ടായി. വളരെ അധികം പ്രൊടോകോളുകൾ ഉണ്ടാകുമെന്നാണ് ഞാൻ ധരിച്ചത്. എന്നാൽ ഖലീഫാ തിരുമനസ്സ് തായ്‌വാനെ സംബന്ധിച്ചും മറ്റും ചോദിച്ചത് അവരെ വളരെ അധികം മതിപ്പുളവാക്കുകയും നല്ല നിലയിൽ സ്വാധീനിക്കുകയുണ്ടായി.
കാനഡയിൽ നിന്നും ഫിലോസഫയിൽ പി.എച്.ഡി ഉള്ള ഒരു അതിഥി ജൽസയിൽ പങ്കെടുത്തുകൊണ്ട് പറഞ്ഞു എനിക്ക് ഇവിടെ യുക്തിയുടെയും ബുദ്ധിയുടെയും വിശ്വാസം കാണുവാൻ സാധിച്ചു. ജൽസയിൽ സമത്വത്തിന്‍റെ ആത്മാവ് പ്രകടമായിരുന്നു. പതിറ്റാണ്ടുകളായി പീഡനം അനുഭവിച് കൊണ്ടിരിക്കുന്ന അഹ്‌മദിയ്യ സമൂഹത്തിന്‍റെ സമാധാനത്തിൽ അധിഷ്ഠിതമായ പെരുമാറ്റരീതി വളരെ അധികം സ്വാധീനിച്ചു. അഹ്‌മദികളുടെ ചിന്താഗതി മുസ്‌ലിം ലോകം മുഴുവൻ വ്യപിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
കോസ്റ്റാറിക്കയിൽ നിന്നുമുള്ള അതിഥി ലൊറെന വില്ല ലോബോസ് പറഞ്ഞു, മറ്റു മുസ്‌ലിം സംഘടനകളുമായി എനിക്ക് ബന്ധമുണ്ട്, എന്നാൽ അവിടെ സ്ത്രീ പ്രാധിനിധ്യം കുറവാണ്. സാധാരണയായി പുരുഷന്മാരാണ് മുന്നിലുണ്ടാവുക. എന്നാൽ ജൽസയിൽ പങ്കെടുത്തപ്പോൾ അഹ്‌മദികൾ സ്ത്രീക്കും പുരുഷനും തുല്യ പദവി നൽകുന്നത് കണ്ട് ആശ്ച്ചര്യപ്പെട്ടുപോയി. സ്ത്രീകളുടെ ഭാഗത്തെ അച്ചടക്കവും സംഘാടനവും വളരെ മികച്ചതായി തോന്നി. ലോകമെമ്പാടുമുള്ള അഹ്‌മദിയ്യ ജമാഅത്തിന്‍റെ വിവധ പദ്ധതികളെ സംബന്ധിച്ച് കേട്ടിട്ടുണ്ടെങ്കിലും, ജൽസയിൽ വന്നുകൊണ്ട് അഹ്‌മദികൾ തങ്ങൾ പറയുന്നത് പ്രവർത്തിക്കുന്നവരാണെന്ന് മനസ്സിലാക്കുവാൻ സാധിച്ചു.
യു.കെ യിലെ അർജൻറൈൻ അമ്പാസ്സിഡർ ജൽസയിൽ പങ്കെടുക്കുകയുണ്ടായി. അവർ വളരെ അധികം സ്വാധീനിക്കപ്പെടുകയുണ്ടായി, ഏതുവരെ എന്നാൽ ലാറ്റിൻ അമേരിക്കയിൽ നിന്നും ജൽസയിൽ വന്ന എല്ലാ അതിഥികൾക്കും അർജെന്റിന എമ്പസ്സിയിൽ വിരുന്നു ഒരുക്കുകയുണ്ടായി. ജൽസയിൽ പങ്കെടുക്കുകയും അഹ്‌മദിയ്യത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്ന അനഹ്‌മദികളോട് പ്രത്യേകം നന്ദി അറിയിക്കുകയുണ്ടായി. പുറമേ നിന്നുള്ള അതിഥികളെ ജൽസയുടെ പ്രത്യേക പരിപാടിയിൽ മാത്രം ക്ഷണിച്ചുകൊണ്ടോ ജൽസയുടെ പ്രത്യേക ഭാഗം മാത്രം കാണിച്ചു കൊണ്ടോ ഒന്നും തന്നെ മറക്കാൻ ശ്രമിച്ചില്ല എന്നത് അവരെ വളരെ അധികം സ്വാധീനിക്കുകയുണ്ടായി. ഇത് കാണിക്കുന്നത് അഹ്‌മദിയ ജമാഅതിന് മറഞ്ഞിരിക്കുന്ന അജണ്ടകളൊന്നുമില്ലെന്നും അവർ ചിത്രീകരിക്കുന്നതെല്ലാം യഥാർത്ഥത്തിൽ അവർക്കുള്ളിൽ നിലനിൽക്കുന്നുണ്ടെന്നുമാണ്.
ബെലിസിൽ നിന്നുമുള്ള ഒരു അതിഥി പറഞ്ഞു അഹ്‌മദിയ്യത്താണ് യഥാർത്ഥ ഇസ്‌ലാം എന്നത് ആർക്കാണ് നിഷേധിക്കാൻ സാധിക്കുക. റസൂൽ തിരുമേനി(സ)യോടുള്ള അഹ്‌മദികളുടെ സ്നേഹം കണ്ടപ്പോൾ തന്‍റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം ലഭിക്കുകയുണ്ടായി.
ജൽസയുടെ ഫലമായി ജനങ്ങള്‍ അഹ്‌മദിയ്യത്തിലേക്ക് പ്രവേശിക്കുന്നു
ഗിനി ബസൗയിൽ നിന്നുമുള്ള ഒരു ചീഫും അദ്ദേഹത്തിന്‍റെ ഗോത്രത്തിലെ അംഗങ്ങളും അഹ്‌മദിയ്യത്ത് സ്വീകരിച്ചു. ടാൻസാനിയയിലെ ഒരു ഗ്രാമത്തിലെ പള്ളിയുടെ ഇമാം അഹ്‌മദിയ്യത്ത് സ്വീകരിച്ചു.
നൈജറിലെ ഒരു മദ്രസയിലെ അധ്യാപകൻ അഹമ്മദിയ്യത്ത് സ്വീകരിച്ചു. അതുപോലെ കോംഗോ-ബ്രാസാവില്ലിൽ നിന്നുള്ള 12 പേർ ജൽസയിൽ അഹമ്മദിയ്യത്ത് സ്വീകരിച്ചു.
ജൽസയെ കുറിച്ചുള്ള വാർത്തകൾ ലോകമെമ്പാടുമുള്ള ദശലക്ഷ കണക്കിന് ആളുകളിലെത്തുന്നു
ഏകദേശം ആയിരം അനഹ്‌മദികൾ ജൽസയിൽ പങ്കെടുത്തു. എം.ടി.എ ആഫ്രിക്കക്ക് കീഴിൽ പതിനാലിൽ അധികം ദേശീയ ടി.വി ചാനലുകൾ ഖലീഫാ തിരുമനസ്സിന്‍റെ പ്രഭാഷണങ്ങളും ആഗോള ബൈഅത്തും സംപ്രേക്ഷണം ചെയ്യുകയുണ്ടായി. ദശലക്ഷകണക്കിന് ആളുകൾ ഇത് കാണുകയുണ്ടായി. 14 ടെലിവിഷൻ ജേണലിസ്റ്റുകൾ ജൽസയിൽ പങ്കെടുത്തു, 57 വാർത്താ റിപ്പോർട്ടുകൾ 55 ദശലക്ഷത്തിലധികം ആളുകളിലേക്ക് എത്തി.
ഈ വർഷം 49 വെബ്‌സൈറ്റുകൾ ജൽസ സലാന കവർ ചെയ്‌ത് 15 ദശലക്ഷം ആളുകളിലേക്ക് എത്തി. 14 അച്ചടി ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു. അത് അഞ്ച് മില്യണ്‍ ആളുകളിലേക്ക് എത്തി. 19 റിപ്പോർട്ടുകൾ ടെലിവിഷനിൽ പ്രക്ഷേപണം ചെയ്തു, 10 ദശലക്ഷം ആളുകളിൽ എത്തി. 24 റിപ്പോർട്ടുകൾ റേഡിയോയിൽ പ്രക്ഷേപണം ചെയ്തത് 10 ദശലക്ഷം ആളുകളിൽ എത്തി. സർവ്വശക്തനായ അല്ലാഹുവിന്‍റെ അനുഗ്രഹത്താൽ, ജൽസ സലാനയുടെ വാർത്ത ഏകദേശം 46 ദശലക്ഷം ആളുകളിൽ എത്തി, കൂടുതൽ കവറേജ് ഇനിയും വരാനിരിക്കുന്നു.
വത്യസ്ഥ എക്സിബിഷനുകൾ ആളുകളെ വളരെ അധികം ആകർഷിച്ചു. ജൽസ അഹ്‌മദികളുടെ പരിശീലനത്തിനും ആത്മീയ പുരോഗതിക്കും മാത്രമല്ല, ഇസ്‌ലാമിന്‍റെ അധ്യാപനങ്ങൾ മനസ്സിലാക്കാനും അവരെ സർവ്വശക്തനായ അല്ലാഹുവിലേക്ക് അടുപ്പിക്കാനും മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള ഒരു ഉപാധിയായും ഈ ജൽസ പ്രവർത്തിച്ചിട്ടുണ്ട്. സർവ്വശക്തനായ അള്ളാഹുവിന് നന്ദി പറയാൻ നാം കൂടുതൽ തലകുനിക്കുക മാത്രമല്ല, ദൈവത്തിന്‍റെ സന്ദേശവും വാഗ്ദത്ത മസീഹിന്‍റെ സന്ദേശവും ലോകത്തിന് പ്രചരിപ്പിക്കാനുള്ള നമ്മുടെ പ്രതിജ്ഞയിൽ ഉറച്ചുനിൽക്കണമെന്നും ഖലീഫാ തിരുമനസ്സ് പറഞ്ഞു. സർവശക്തനായ അല്ലാഹു എല്ലാവരേയും അങ്ങനെ ചെയ്യാൻ പ്രാപ്തരാക്കട്ടെ എന്ന് ഖലീഫാ തിരുമനസ്സ് പ്രാർത്ഥിച്ചു.
0 Comments