മുസ്‌ലിങ്ങളുടെ ഐക്യമില്ലായ്മയാണ് മുസ്‌ലിങ്ങളെ അടിച്ചമര്‍ത്താനും ഇസ്‌ലാമിനെ കുറിമാനമാക്കാനും ശത്രുക്കളെ അനുവദിക്കുന്നതെന്ന് ആഗോള മുസ്‌ലിം നേതാവ്

മുസ്‌ലിങ്ങളുടെ ഐക്യമില്ലായ്മയാണ് മുസ്‌ലിങ്ങളെ അടിച്ചമര്‍ത്താനും ഇസ്‌ലാമിനെ കുറിമാനമാക്കാനും ശത്രുക്കളെ അനുവദിക്കുന്നതെന്ന് ആഗോള മുസ്‌ലിം നേതാവ്

ജൂലൈ 17, 2023

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവ് ഹദ്‌റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ്, ഫലസ്തീനുകാര്‍ക്കെതിരെ നടമാടുന്ന ക്രൂരതകളെയും, സ്വീഡനില്‍ ഖുര്‍ആന്‍ അഗ്നിക്കിരയാക്കിയ നീചപ്രവൃത്തിയെയും അപലപിക്കുകയും, ഫ്രാന്‍സിലെ കലാപങ്ങളെ അഭിസംബോധന ചെയ്യുകയും ചെയ്തു.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ ഹദ്‌റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്), മുസ്‌ലിം രാഷ്ട്രങ്ങള്‍ തമ്മിലുള്ള അനൈക്യത്തില്‍ ഖേദം പ്രകടിപ്പിക്കുകയും മുസ്‌ലിങ്ങളെ ടാര്‍ഗറ്റ് ചെയ്യാന്‍ ഇസ്‌ലാമിന്‍റെ ശത്രുക്കളെ പ്രാപ്തരാക്കുന്നത് മുസ്‌ലിം സമുദായത്തിന്‍റെ ശോചനീയാവസ്ഥയാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തു.

2023 ജൂലൈ 7ന് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡിലെ മുബാറക്ക് മസ്ജിദില്‍ നിര്‍വഹിച്ച ജുമുഅ ഖുത്ബയില്‍, ഫലസ്തീനിലെ മുസ്‌ലിങ്ങള്‍ക്കെതിരെ നടന്നു വരുന്ന അതിക്രമങ്ങളും, സ്വീഡനില്‍ ഈയിടെ ഖുര്‍ആന്‍ അഗ്നിക്കിരയാക്കിയ സംഭവവും, കൗമാരക്കാരനായ നഹെല്‍ മെര്‍സൂക്കിനെ പോലീസ് കൊലപ്പെടുത്തിയതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ നടന്നുകൊണ്ടിരിക്കുന്ന കലാപവും ഖലീഫാ തിരുമനസ്സ് വിശകലനം ചെയ്തു.

ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട്, ഇത്തരത്തിലുള്ള വിദ്വേഷത്തിനും വിവേചനത്തിനും അറുതി വരുത്താന്‍ ലോക മുസ്‌ലിങ്ങള്‍ ഐക്യപ്പെടണമെന്നും, അതുമാത്രമാണ് ഇസ്‌ലാം അന്യായമായി കുറിമാനമാക്കപ്പെടുന്നത് തടയാനുള്ള ഏകമാര്‍ഗമെന്നും ഖലീഫാ തിരുമനസ്സ് വ്യക്തമാക്കി.

ഫലസ്തീനിലെ നിലവിലെ സാഹചര്യത്തെക്കുറിച്ച് സംസാരിക്കവെ ഹദ്‌റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) ഇപ്രകാരം പറഞ്ഞു:

“ഫലസ്തീനുകാര്‍ക്കു വേണ്ടി നമ്മള്‍ പ്രാര്‍ഥിക്കണം. അല്ലാഹു മര്‍ദ്ദിതരായ അവരുടെ കാര്യങ്ങള്‍ എളുപ്പവും സമാധാനപൂര്‍ണവുമാക്കട്ടെ. അവരോടുള്ള കടമകള്‍ നിറവേറ്റുകയും, അവര്‍ക്ക് ശരിയായ മാര്‍ഗദര്‍ശനം നല്കുകയും, അവരെ അതിക്രമങ്ങളില്‍ നിന്ന് മോചിപ്പിക്കുകയും ചെയ്യുന്ന നേതാക്കളെ അവര്‍ക്ക് അല്ലാഹു നല്കട്ടെ. അവര്‍ നേരിടുന്ന ക്രൂരതകള്‍ അവയുടെ പാരമ്യത്തിലെത്തിയിരിക്കുന്നു. എന്നാല്‍ അവര്‍ക്ക് സംരക്ഷണവും മാര്‍ഗദര്‍ശനവും നല്കാന്‍ ആരുമില്ലാതായിരിക്കുന്നു. ലോക മുസ്‌ലിങ്ങള്‍ ഒത്തൊരുമിച്ചാല്‍ മാത്രമേ അവര്‍ക്ക് ഈ പരീക്ഷണങ്ങളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും മോചനമുണ്ടാകുകയുള്ളു.”

സ്വീഡനില്‍ കഴിഞ്ഞദിവസം നടന്ന ഖുര്‍ആന്‍ അഗ്നിക്കിരയാക്കിയ സംഭവത്തെ നിശതമായ ഭാഷയില്‍ അപലപിച്ചുകൊണ്ട് ഹദ്‌റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) ഇപ്രകാരം പ്രസ്താവിച്ചു:

ഹദ്‌റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്), അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവ്

“സ്വീഡനിലും ഇതരരാജ്യങ്ങളിലും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ജനങ്ങള്‍ക്ക് (ഇസ്‌ലാമിനെതിരെ) എന്തും പറയാനുള്ള പൂര്‍ണസ്വാതന്ത്ര്യം ലഭിച്ചിരിക്കുകയാണ്. അതിന്റെ മറവില്‍, മുസ്‌ലിങ്ങളുടെ വികാരങ്ങളെ വച്ച് അവര്‍ കളിക്കുന്നു. അതിനുവേണ്ടി മുസ്‌ലിങ്ങളെ അങ്ങേയറ്റം വേദനിപ്പിക്കുന്ന കുത്സിത പ്രവര്‍ത്തനങ്ങളാണ് അവര്‍ ചെയ്തു കൂട്ടുന്നത്. അവരുടെ പ്രവര്‍ത്തനങ്ങള്‍ നിഷ്ഠൂരവും ജുഗുപ്‌സാവഹവുമാണ്. അവര്‍ വിശുദ്ധ ഖുര്‍ആനെ അപകീര്‍ത്തിപ്പെടുത്തുകയും മുഹമ്മദ് നബി(സ)യെക്കുറിച്ച് അസഭ്യം പുലമ്പുകയും ചെയ്യുന്നു. മുസ്‌ലിങ്ങളുടെ നിലവിലുള്ള ദാരുണാവസ്ഥയ്ക്ക് മുസ്‌ലിം ഭരണകൂടങ്ങളും കുറ്റക്കാരാണ്. മുസ്‌ലിം ഭരണകൂടങ്ങളുടെ ഛിദ്രതയാണ് ഇസ്‌ലാം വിരുദ്ധശക്തികള്‍ക്ക് ഇത്തരം നികൃഷ്ടമായ ചെയ്തികള്‍ക്ക് വകവച്ചുകൊടുക്കുന്നത്. മുസ്‌ലിങ്ങള്‍ (ഖുര്‍ആന്‍ കത്തിച്ചതിനെതിരെ) എന്തെങ്കിലും നിലപാടോ പ്രതികരണമോ കാഴ്ച്ചവച്ചാല്‍ തന്നെ അത് സ്ഥായിയായ സ്വാധീനം ചെലുത്താന്‍ കഴിവില്ലാത്ത തികച്ചും താല്ക്കാലികമായതായിരിക്കും. അതുകൊണ്ട് തന്നെ മുസ്‌ലിം നേതാക്കള്‍ക്കും സമുദായത്തിനും വേണ്ടി നമ്മള്‍ വികാരതീക്ഷ്ണതയോടെ പ്രാര്‍ഥിക്കേണ്ടതുണ്ട്. പ്രാര്‍ഥനകള്‍ വളരെയധികം അനിവാര്യമായ സാഹചര്യമാണുള്ളത്.”

കൗമാരക്കാരനായ നഹെല്‍ മെര്‍സൂക്കിന്റെ കൊലപാതകത്തിന്റെ അനന്തരഫലമായി നടക്കുന്ന ഫ്രഞ്ച് കലാപത്തെ കുറിച്ച് ഹദ്‌റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) ഇപ്രകാരം പ്രതിപാദിച്ചു:

“ഫ്രാന്‍സിലും മുസ്‌ലിങ്ങള്‍ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു. ഇപ്പോള്‍ അതിനോടുള്ള (നഹെല്‍ മെര്‍സൂക്ക് വധം) ചില മുസ്‌ലിങ്ങളും അവരെ പിന്തുണയ്ക്കുന്നവരും അനുവര്‍ത്തിച്ചു പോരുന്ന പ്രതികരണ രീതി ഉചിതമല്ല. നാശനഷ്ടങ്ങള്‍ നടത്തുന്നതു കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകുകയില്ല. മറിച്ച് മുസ്‌ലിങ്ങള്‍ തങ്ങളുടെ പ്രവൃത്തികള്‍ എല്ലാനിലയ്ക്കും ഇസ്‌ലാമികാധ്യാപനങ്ങള്‍ക്ക് അനുസൃതമാണെന്ന് ഉറപ്പുവരുത്തണ്ടതാണ്. മുസ്‌ലിങ്ങളുടെ വാക്കുകളും പ്രവൃത്തികളും ഇസ്‌ലാമികാധ്യാപനങ്ങളുമായി പൊരുത്തപ്പെടുമ്പോള്‍ മാത്രമേ അവര്‍ക്ക് സമാധനാന്തരീക്ഷവും വിജയവും നേടാനാകുകയുള്ളൂ. മുസ്‌ലിങ്ങള്‍ക്ക് വേണ്ടി സവിശേഷമായും മുഴുലോകത്തിനു വേണ്ടി സാമാന്യമായും നമ്മള്‍ പ്രാര്‍ഥിക്കേണ്ടതുണ്ട്. സര്‍വശക്തനായ അല്ലാഹു സകലജനങ്ങളെയും അതിക്രമങ്ങളില്‍ നിന്ന് സംരക്ഷിക്കട്ടെ. ലോകത്ത് ശാന്തിയും സമാധാനവും ഉളവാകുമാറാകട്ടെ. ഒരോരുത്തരും തങ്ങള്‍ക്ക് മറ്റുള്ളവരോടുള്ള കടമകള്‍ നിറവേറ്റേണ്ടതിന്റെ പ്രസക്തി മനസ്സിലാക്കുമാറാകട്ടെ. അല്ലാത്ത പക്ഷം, ലോകം ഒരു മഹാദുരന്തത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്.”

തുടര്‍ന്ന് ഖലീഫാ തിരുമനസ്സ്, ഹദ്‌റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) ഇപ്രകാരം കൂട്ടിചേര്‍ത്തു:

“വധിക്കപ്പെട്ട ആണ്‍കുട്ടിയെ പിന്തുണയ്ക്കാന്‍ (ഫ്രാന്‍സില്‍) ധാരാളം കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും, പൊതുജനങ്ങളുടെ പ്രതികരണം തികച്ചും വ്യത്യസ്തമായ കഥയാണ് പറയുന്നത്. കൊല്ലപ്പെട്ട കുട്ടിക്കും പിടികൂടപ്പെട്ട പോലീസ് ഉദ്യോഗസ്ഥനും വേണ്ടി ഓണ്‍ലൈനായി ഫണ്ട് സ്വരൂപിക്കപ്പെടുന്നെന്നാണ് റിപ്പോര്‍ട്ടുള്ളത്. പ്രസ്തുത റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പോലീസ് ഉദ്യോഗസ്ഥനെ പിന്തുണച്ചു കൊണ്ടുള്ള ഫണ്ടിന്റെ വളരെ ചെറിയൊരംശം മാത്രമാണ് പ്രസ്തുത ആണ്‍കുട്ടിക്കു വേണ്ടി ശേഖരിക്കപ്പെട്ടത്. അല്ലാഹു കരുണ ചൊരിയുമാറാകട്ടെ. ഇക്കൂട്ടര്‍ക്ക് നീതി നടപ്പിലാക്കാനും, മുസ്‌ലിങ്ങള്‍ക്ക് ഒരുമിക്കാനുമുള്ള സൗഭാഗ്യം നല്കുമാറാകട്ടെ.”

ആഗോള അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ പ്രസ്സ് ആന്‍ഡ്‌ മീഡിയ ഓഫീസിന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ആയ pressahmadiyya.comല്‍ നിന്ന് അവലംബിച്ചത്.

കൂടുതല്‍ വിവരങ്ങള്‍ക്കായി ബന്ധപ്പെടുക:
Incharge Press and Media, Ahmadiyya Muslim Jama’at India.
Qadian-143516, dist. Gurdaspur, Punjab, India.
Mob: +91-9988757988, email: [email protected],
tel: +91-1872-500311, fax: +91-1872-500178
Noorul Islam Toll Free Number: 1800-103-2131

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed