ലോകമെമ്പാടും, വാഗ്ദത്ത മസീഹിനും(അ) ആ മഹാത്മാവിന്‍റെ ജമാഅത്തിനും മേൽ സ്പഷ്ടമായ നിലയിൽ അല്ലാഹു അനുഗ്രഹങ്ങൾ വർഷിച്ചു കൊണ്ടിരിക്കുന്നു. ഇത് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ സത്യതക്കുള്ള ഏറ്റവും വലിയ തെളിവാണ്.
അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 11 ഓഗസ്റ്റ് 2023ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ്, ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം. അവലംബം: The Review of Religions വിവര്‍ത്തനം: പി. എം. മുഹമ്മദ് സാലിഹ്
ഓഗസ്റ്റ് 14, 2023
വാഗ്ദത്ത മസീഹ്(അ)ന്‍റെ ജമാഅത്തിന് മേൽ വർഷിക്കുന്ന അല്ലാഹുവിന്‍റെ അനുഗ്രഹങ്ങളെ കുറിച്ചുള്ള സംഭവങ്ങൾ യു.കെ ജല്‍സ സാലാനയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ താന്‍ സമര്‍പ്പിച്ചിരുന്നുവെന്നും, ഇനിയും ഒരുപാട് സംഭവങ്ങൾ സമർപ്പിക്കാനുണ്ടെന്ന് അന്ന് സൂചിപ്പിച്ചിരുന്നുവെന്നും തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി. ജനങ്ങളുടെ ഹൃദയങ്ങൾക്ക് സംഭവിച്ച മാറ്റങ്ങൾ, വിശ്വാസദൃഢീകരണം, ശത്രുക്കളുടെ പതനം എന്നിവയെക്കുറിച്ചുള്ള സംഭവങ്ങൾ ഒരുപാട് പേർ എഴുതി അറിയിക്കുന്നു. വിശ്വാസവർധകങ്ങളായ അത്തരം സംഭവങ്ങളിൽ നിന്ന് ചിലത് ഇന്ന് സമർപ്പിക്കുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
ശുദ്ധഹൃദയരായവർ യഥാർഥ ഇസ്‌ലാമിലേക്ക് ആകർഷിക്കപ്പെടുന്നതിന്‍റെ ഉദാഹരണങ്ങൾ
കോംഗോ-കിൻഷാസയിലെ റേഡിയോയിൽ ജമാഅത്തിന്‍റെ പ്രോഗ്രാം കേട്ടപ്പോൾ, ഒരു പ്രാദേശിക ഇമാം ജമാഅത്തുമായി ബന്ധപ്പെടുകയും ഒടുവിൽ ബൈഅത്ത് ചെയ്യുകയും ചെയ്തുവെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. അതിന് ശേഷം അദ്ദേഹം ഇസ്‌ലാം അഹ്‌മദിയ്യത്തിന്‍റെ സന്ദേശപ്രചാരണം ആരംഭിക്കുകയുണ്ടായി. അതിന്‍റെ ഫലമായി മറ്റുള്ളവരും ജമാഅത്തിൽ പ്രവേശിച്ചു.
ഗിനി-ബിസ്സാവിൽ ഒരു ഇമാം അഹ്‌മദികൾ നബി തിരുമേനി(സ)യെയോ ഖുർആനെയോ ഹദീസിനെയോ അംഗീകരിക്കുന്നില്ലെന്നാണ് കേട്ടിരുന്നതെന്ന് പറഞ്ഞതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. എന്നിരുന്നാലും, MTAയിലെ ജല്‍സ നടപടികൾ വീക്ഷിച്ചപ്പോള്‍, അഹ്‌മദിയ്യാ ഖലീഫ ഖുർആൻ, ഹദീസ്, തിരുനബി(സ)യുടെ അധ്യാപനങ്ങൾ എന്നിവയുടെ വെളിച്ചത്തിലാണ് സംസാരിച്ചതെന്ന് കണ്ട് അഹ്‌മദിയ്യാ ജമാഅത്തിനെ സംബന്ധിച്ച് പ്രചരിക്കുന്നതെല്ലാം നുണകളാണെന്നും, യാഥാർഥ്യം തികച്ചും വ്യത്യസ്തമാണെന്നും അദ്ദേഹം മനസ്സിലാക്കി. അവസാനം, ഇമാം സാഹിബ് അഹ്‌മദിയ്യത്ത് സ്വീകരിച്ചു, ഇപ്പോൾ സജീവമായി പ്രചാരണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടുകൊണ്ടിരിക്കുന്നു. പാക്കിസ്താനിലെ എതിരാളികൾ മുൻവിധിയോട് കൂടി അഹ്‌മദിയ്യത്തിനെ എതിർക്കരുതെന്നും, അവർ ആദ്യം അഹ്‌മദിയ്യത്തിന്‍റെ അധ്യാപനങ്ങൾ പഠിക്കണം എന്നും ഖലീഫാ തിരുമനസ്സ് പറഞ്ഞു. എതിരാളികളെ അഭിസംബോധന ചെയ്തുകൊണ്ട് വാഗ്ദത്ത മസീഹ്(അ) വിവിധ അവസരങ്ങളിൽ പ്രസ്താവിച്ചതും ഇതുതന്നെയാണ്.
പാക്കിസ്താനിൽ, വിശുദ്ധ ഖുർആൻ പ്രസിദ്ധീകരിക്കാൻ നമ്മുടെ ജമാഅത്തിന് അനുവാദമില്ലെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. വിശുദ്ധ ഖുർആന്‍റെ റെക്കോർഡിംഗുകൾ ശ്രവിച്ചതിന് മാത്രമായി ചില കേസുകൾ അഹ്‌മദികൾക്കെതിരെ ചുമത്തിയിട്ടുണ്ട്. എന്നിരുന്നാലും, ലോകമെമ്പാടും, നമ്മൾ വിശുദ്ധ ഖുർആൻ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല അത് വിവിധ ഭാഷകളിലേക്ക് വിവർത്തനം ചെയ്യുകയും ചെയ്യുന്നു. അതിന്‍റെ ഫലമായി കൂടുതൽ കൂടുതൽ ആളുകൾ ഇസ്‍ലാമിലേക്ക് ആകർഷിക്കപ്പെടുന്നു.
ടാൻസാനിയയിൽ, ജമാഅത്തിന്‍റെ ഒരു പ്രാദേശിക ഇമാം ലഘുലേഖകൾ വിതരണം ചെയ്യുകയും, പുസ്തകങ്ങൾ വില്ക്കുകയും ചെയ്യാറുണ്ടായിരുന്നു. ഒരു ദിവസം, 30 കിലോമീറ്റർ അകലെയുള്ള ഒരു ഗ്രാമത്തിൽ നിന്ന് ഒരു വ്യക്തി അദ്ദേഹത്തെ ഫോണിൽ ബന്ധപ്പെടുകയുണ്ടായി. തന്‍റെ പ്രദേശത്ത് ഖുർആൻ ലഭ്യമായിരുന്നുവെങ്കിലും തനിക്ക് ജമാഅത്ത് പരിഭാഷപ്പെടുത്തിയ ഖുർആൻ തന്നെ വേണമെന്നും, അത് മാത്രമാണ് യുക്തിസഹമായ വിവർത്തനം എന്നും ആ വ്യക്തി പറയുകയുണ്ടായി.
ഒരിക്കൽ ഒരു പുസ്തകമേളയിൽ, ഒരു കമ്പ്യൂട്ടർ എഞ്ചിനീയർ വാഗ്ദത്ത മസീഹ്(അ)ന്‍റെ പുസ്തകങ്ങൾ നോക്കുകയായിരുന്നു. തുടർന്ന് അദ്ദേഹം അവിടെയുണ്ടായിരുന്ന മിഷനറിയുടെ അടുത്ത് ചെന്ന് ഈ ജമാഅത്ത് കാരണമായാണ് താൻ മുസ്‌ലിമായി നിലകൊള്ളുന്നതെന്ന് പറഞ്ഞു. അദ്ദേഹം വിശ്വാസത്തിൽ നിന്ന് അകലാൻ തുടങ്ങുകയും നിരീശ്വരവാദിയാവുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്‍റെ പിതാവിന്‍റെയടുക്കൽ വാഗ്ദത്ത മസീഹ്(അ)ന്‍റെ ചില പുസ്തകങ്ങൾ ഉണ്ടായിരുന്നു. അത് അദ്ദേഹം വായിക്കാൻ തുടങ്ങി. ആ പുസ്തകങ്ങൾ വായിച്ചതിന്‍റെ ഫലമായി അദ്ദേഹത്തിന്‍റെ ദൈവത്തിലുള്ള വിശ്വാസം ദൃഢീകരിക്കപ്പെട്ടു.
അമുസ്‌ലിങ്ങളുടെ മനസ്സ് മാറ്റുന്ന യഥാർഥ ഇസ്‌ലാമിക അധ്യാപനങ്ങൾ
പാശ്ചാത്യ ലോകത്ത്, സ്വീഡൻ, ഡെന്മാർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ വിശുദ്ധ ഖുർആനെ അവഹേളിക്കുകയും കത്തിക്കുകയും ചെയ്യുന്നുവെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ഈ സ്ഥലങ്ങളിൽ തന്നെ ഇസ്‌ലാമിന്‍റെ മനോഹരമായ അധ്യാപനങ്ങൾ അവതരിപ്പിക്കപ്പെടുമ്പോൾ, എതിരാളികളുടെ സ്വഭാവവും, ഇസ്‌ലാമിനെ കുറിച്ചുള്ള അവരുടെ കാഴ്ചപ്പാടും മാറുന്നു. ഇന്ന്, വിശുദ്ധ ഖുർആന്‍റെ മാഹാത്മ്യങ്ങളെയും അധ്യാപനങ്ങളെയും കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാൻ യഥാർഥത്തിൽ ശ്രമിക്കുന്നത് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്താണ്.
ജമാഅത്തിനെ പരിചയപ്പെടുത്താൻ സ്ഥാപിച്ച ഒരു എക്സിബിഷന്‍ ഒരു ജർമൻ വനിത സന്ദർശിക്കുകയുണ്ടായെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. എക്സിബിഷന്‍റെ ഭാഗമായി ഇസ്‍ലാം എങ്ങനെ ഒരു തീവ്രവാദ മതമല്ലെന്ന പ്രദർശനം സംഘടിപ്പിച്ചിട്ടുണ്ടായിരുന്നു. അഹ്‌മദിയ്യാ ജമാഅത്ത് ഇസ്‌ലാമിനെ അവതരിപ്പിച്ചത് എളുപ്പം മനസ്സിലാകുന്ന രീതിയിലാണെന്നും, ഇസ്‌ലാമും ഖുർആനും എതിർക്കപ്പെടേണ്ട ഒന്നല്ലെന്നും ആ സ്ത്രീ പറഞ്ഞു.
ചെക്ക് റിപ്പബ്ലിക്കിൽ, ഒരു യുവാവ് ജമാഅത്ത് സ്ഥാപിച്ച ഒരു സ്റ്റാൾ സന്ദർശിച്ച് കൊണ്ട് ദൈവം ഉണ്ടെന്ന നിഗമനത്തിൽ താൻ എത്തിയെന്ന് പറഞ്ഞു. ദൈവത്തിലേക്ക് എത്തിച്ചേരാൻ ഏത് മതമാണ് തന്നെ സഹായിക്കുക എന്ന് അദ്ദേഹത്തിന് ഉറപ്പില്ലായിരുന്നുവെന്ന് ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി. അവസാനം, ദൈവത്തിൽ എത്തിച്ചേരാനും ആത്മീയത വർധിപ്പിക്കാനും തന്നെ സഹായിക്കാൻ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന് സാധിക്കുമെന്ന നിഗമനത്തിലദ്ദേഹം എത്തുകയുണ്ടായി.
ചില അവസരങ്ങളിൽ, തടസ്സങ്ങൾ ഉണ്ടായിട്ടും ദൈവം പ്രചാരണത്തിനുള്ള വഴികൾ എങ്ങനെയാണ് തുറന്നുകൊടുക്കുന്നത് എന്നതിനെക്കുറിച്ചുള്ള സംഭവങ്ങളും ഉണ്ടെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
മാലിയിലെ ജൽസ സാലാനയിൽ, അവിടത്തെ ഒരു ഗ്രാമത്തിൽ നിന്നുള്ള ഒരു വ്യക്തി പങ്കെടുക്കുകയുണ്ടായി. ഇസ്‌ലാമിന്‍റെ അടിസ്ഥാന കാര്യങ്ങൾ പോലും പാലിക്കാത്തവരും, നമസ്കാരം അനുഷ്ഠിക്കാത്തവരുമായ ഒരു കൂട്ടം മുസ്‌ലിങ്ങൾ ഇവിടെയുമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആ വ്യക്തിയും ആ ഗണത്തിൽ പെട്ടയാളായിരുന്നു. എന്നിരുന്നാലും, അദ്ദേഹത്തിന്‍റെ ഹൃദയം അതിൽ സംതൃപ്തമായിരുന്നില്ല. ഒരു ദിവസം, അദ്ദേഹം ജമാഅത്തിന്‍റെ റേഡിയോ സ്റ്റേഷനിൽ നമസ്കാര രീതി പഠിപ്പിക്കുന്ന ഒരു പ്രോഗ്രാം കേട്ടു. പിന്നീട് അദ്ദേഹം ആ റേഡിയോ സ്റ്റേഷൻ കേൾക്കുന്നത് തുടരുകയും ധാരാളം കാര്യങ്ങൾ പഠിക്കുകയും ചെയ്തു. അഹ്‌മദികൾ ഇസ്‌ലാം മതത്തിൽ നിന്ന് പുറത്താക്കപ്പെട്ടവരാണെന്ന് ഗ്രാമത്തിലെ ആളുകൾ അദ്ദേഹത്തോട് പറഞ്ഞു. എന്നിരുന്നാലും, അഹ്‌മദികൾ പ്രാർഥിക്കുന്ന രീതി കണ്ടപ്പോൾ, ഇതാണ് യഥാർഥ ഇസ്‌ലാം എന്ന് അദ്ദേഹത്തിന് ബോധ്യമാവുകയും, അദ്ദേഹം ജമാഅത്തിൽ പ്രവേശിക്കുകയും ചെയ്തു.
പാക്കിസ്താനില്‍ അഹ്‌മദികൾക്ക് വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നതും, കേള്‍ക്കുന്നതും, കൈവശം വയ്ക്കുന്നത് പോലും നിഷിദ്ധമാണെന്ന് ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി. എന്നിട്ടും, ഈ ഗ്രന്ഥം മുഖേനയാണ് ജമാഅത്ത് ഇസ്‌ലാമിന്‍റെ സന്ദേശം ലോകമെമ്പാടും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്. മൈക്രോനേഷ്യയിൽ, വിശുദ്ധ ഖുർആന്‍റെ ഒരു പ്രതി ലഭിക്കാൻ ഒരാൾ മിഷനറിയുമായി ബന്ധപ്പെട്ടു. ജീവിതകാലം മുഴുവൻ താൻ ബൈബിൾ വായിച്ചിരുന്നുവെന്നും, എന്നാൽ അത് ഒരിക്കലും തനിക്ക് പൂർണമായി മനസ്സിലാക്കാൻ സാധിച്ചില്ലെന്നും അദ്ദേഹം പറയുകയുണ്ടായി. എന്നാൽ, വിശുദ്ധ ഖുർആൻ വായിച്ചപ്പോൾ, അതിലെ ഓരോ വാക്കുകളും ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങുന്നതുപോലെ അദ്ദേഹത്തിന് തോന്നി. ജീവിതകാലം മുഴുവൻ ഖുർആനിക അധ്യാപനങ്ങളിൽ നിന്ന് വിട്ടുനിന്നതിൽ അദ്ദേഹം വ്യസനിപ്പെട്ടു. താന്‍ അഹ്‌മദിയ്യത്ത് അഥവാ യഥാർഥ ഇസ്‌ലാം സ്വീകരിക്കാൻ പോകുകയാണെന്ന് അദ്ദേഹം വീട്ടിൽ മാതാവിനോടും ബന്ധുക്കളോടും പറഞ്ഞു. അദ്ദേഹത്തിന്‍റെ വീട്ടുകാർ അദ്ദേഹത്തെ ശാസിക്കുകയും അദ്ദേഹം ചെയ്യുന്നത് തെറ്റാണെന്നും പറയുകയുണ്ടായി. എന്നിരുന്നാലും അദ്ദേഹം തന്‍റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. സത്യം സ്വീകരിക്കുന്നതിൽ നിന്ന് തന്നെ പിന്തിരിപ്പിക്കാൻ സാധ്യമല്ലെന്ന് അദ്ദേഹം പറയുകയുണ്ടായി. അദ്ദേഹം അഹ്‌മദിയ്യാ പള്ളിയിൽ സ്ഥിരമായി വരികയും അഹ്‌മദിയ്യത്ത് സ്വീകരിക്കുകയും ചെയ്തു.
ഫിലിപ്പീൻസിലെ ഒരു ദ്വീപിൽ ഒരു സ്കൂൾ പ്രിൻസിപ്പളും ഒരു പള്ളിയിലെ നാല് ഇമാമുമാരും ഉൾപ്പെടെ 139 പേർ അഹ്‌മദിയ്യത്ത് സ്വീകരിച്ചതായി ഖലീഫാ തിരുമനസ്സ് പറഞ്ഞു. അതിലെ ഒരു ഇമാം പറഞ്ഞു, ഇപ്പോൾ അദ്ദേഹത്തിന്‍റെ പള്ളി അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റേതാണ്. ഈ ഇമാം സാമ്പത്തിക ത്യാഗങ്ങൾ ചെയ്യാറുണ്ട്. അദ്ദേഹം പറയുന്നു, ഒരിക്കല്‍ തനിക്ക് ധനത്യാഗം ചെയ്യാനുള്ള അവസരം ലഭിച്ചു. അടുത്ത ദിവസം തന്നെ അല്ലാഹു തനിക്ക് സാമ്പത്തികമായി അനുഗ്രഹം നല്കുകയുണ്ടായി. അത് താന്‍ സമർപ്പിച്ച ത്യാഗത്തിന്‍റെ ഇരട്ടിയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു.
അല്ലാഹു ജനങ്ങളെ സത്യത്തിലേക്ക് നയിക്കുന്നു
സ്പെയിനിൽ ഇസ്‍ലാം മതം സ്വീകരിച്ച ഒരു വ്യക്തിയെക്കുറിച്ച് ഖലീഫാ തിരുമനസ്സ് പരാമർശിക്കുകയുണ്ടായി. ഒരിക്കൽ സ്വപ്നത്തിൽ വാഗ്ദത്ത മസീഹ്(അ) തന്നെ സമാധാനത്തിലേക്ക് ക്ഷണിക്കുന്നതായി അദ്ദേഹം കണ്ടു. പിന്നീട്, അദ്ദേഹത്തിന്‍റെ ഭാര്യ ഇന്‍റർനെറ്റിൽ എന്തോ കാണിക്കുന്നതിനിടെ അദ്ദേഹം വാഗ്ദത്ത മസീഹ്(അ)ന്റെ ഒരു ചിത്രം കണ്ടു. ഇത് താന്‍ സ്വപ്നത്തില്‍ കണ്ട അതേ വ്യക്തിയാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. പിന്നീട് അദ്ദേഹം മറ്റൊരു സ്വപ്നം കണ്ടു. അതിൽ ഹദ്റത്ത് മസീഹ് മൗഊദ്(അ) അദ്ദേഹത്തോട് വാഗ്ദത്ത മസീഹും ഇമാം മഹ്ദിയും താനാണെന്ന് പറയുകയുണ്ടായി. എന്നിരുന്നാലും, അദ്ദേഹം അഹ്‌മദിയ്യത്ത് സ്വീകരിച്ചില്ല. ജമാഅത്തിനെ കുറിച്ച് പഠനം തുടർന്നു. പിന്നീട്, വാഗ്ദത്ത മസീഹ്(അ)ന്റെ മുഖത്ത് അപ്രീതി ഉളവായതായി മറ്റൊരു സ്വപ്നം കൂടി അദ്ദേഹം കാണുകയുണ്ടായി. അതിനുശേഷം അദ്ദേഹം ബൈഅത്ത് ചെയ്യുകയും അഹ്‌മദിയ്യത്തിൽ പ്രവേശിക്കുകയും ചെയ്തു.
ബുർക്കിനാ ഫാസോയിൽ, ഒരു കൂട്ടം വഹാബികൾ ഒരു പ്രാദേശിക മിഷനറിയുടെ വീട്ടിൽ പോയി അഹ്‌മദിയ്യത്തിനെ തള്ളിപ്പറയാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും അപ്രകാരം ചെയ്തില്ലെങ്കിൽ അദ്ദേഹത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. അവർക്ക് തന്നെ കൊല്ലാമെന്നും എന്നാൽ ഇസ്‌ലാം അഹ്‌മദിയ്യത്ത് താൻ ഒരിക്കലും ഉപേക്ഷിക്കില്ലെന്നും അദ്ദേഹം ധൈര്യത്തോടെ മറുപടി നല്കി. ഇത് കേട്ട് അവർ തിരിച്ചു പോയി. പ്രാദേശിക അഹ്‌മദികൾ അദ്ദേഹത്തോട് വീട് വിട്ട് ഡോറിയിലേക്ക് പോകാൻ നിർബന്ധിച്ചു. ആ രാത്രി അദ്ദേഹം മാർഗനിർദേശം തേടി പ്രാർഥനയിൽ മുഴുകി. ഒരു സ്വപ്നത്തിൽ ഇസ്മായിൽ എന്ന വ്യക്തി അദ്ദേഹത്തോട് ഡോറിയിലേക്ക് പോകാൻ പറയുന്നതായി കണ്ടു. അതിനാൽ, പിറ്റേന്ന് രാവിലെ അദ്ദേഹം ഡോറിയിലേക്ക് പുറപ്പെട്ടു. ഡോറിയിൽ എത്തിയപ്പോള്‍, തന്‍റെ വീട്ടിൽ ആയുധധാരികളായ ഭീകരർ എത്തിയതായി അദ്ദേഹത്തിന് വിവരം ലഭിച്ചു. അങ്ങനെ ദൈവം അദ്ദേഹത്തെ സംരക്ഷിക്കുകയുണ്ടായി.
(ഇത് ഖലീഫാ തിരുമനസ്സ് പങ്കുവെച്ച വിവിധ സംഭവങ്ങളിൽ നിന്നുള്ള ചില ഉദാഹരണങ്ങൾ മാത്രമാണ്)
ലോകമെമ്പാടും, വാഗ്ദത്ത മസീഹിനും(അ) ആ മഹാത്മാവിന്‍റെ ജമാഅത്തിനും മേൽ സ്പഷ്ടമായ നിലയിൽ അല്ലാഹു അനുഗ്രഹങ്ങൾ വർഷിച്ചു കൊണ്ടിരിക്കുന്നുവെന്ന് ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി. അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ സത്യതക്കുള്ള ഏറ്റവും വലിയ തെളിവാണ് ഈ സംഭവങ്ങൾ. ഈ സംഭവങ്ങൾ ജനങ്ങളുടെ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നു. ലോകത്തിന്‍റെ കണ്ണുകൾ തുറക്കപ്പെടട്ടെ എന്നും അവർക്ക് സത്യം സ്വീകരിക്കാൻ കഴിയട്ടെ എന്നും ഖലീഫാ തിരുമനസ്സ് ദുആ ചെയ്യുകയുണ്ടായി.
1 Comment
Shamsudeen · ഓഗസ്റ്റ് 14, 2023 at 12:32 pm
Mashaalla