താഹിര്‍ അഹ്‍മദ്, ഔട്ട്‌റീച്ച് കോഡിനേറ്റര്‍, കേരള
ലോകം ഒരു മൂന്നാം ലോകമഹായുദ്ധത്തിന്‍റെ ഭീതിയിലും ലഹരിയുടെ വർധിച്ചുവരുന്ന വെല്ലുവിളികൾക്കും മുന്നിൽ പകച്ചുനിൽക്കുന്ന ഈ വേളയിൽ, കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കായിക വേദിയിലൂടെ സമാധാനത്തിന്‍റെയും ലഹരിവിരുദ്ധതയുടെയും സന്ദേശം പ്രചരിപ്പിക്കുകയാണ് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത്.
കൊച്ചി ഇൻഫോപാർക്കിൽ ഫെബ്രുവരി 15-ന് നടന്ന ജി-ടെക് (GTech) മാരത്തണിൽ കേരളത്തിലെ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിലെ 20 യുവാക്കൾ പങ്കെടുക്കുകയുണ്ടായി. വെറുമൊരു മാരത്തണിൽ പങ്കുചേരുക എന്നതിലുപരി ആരോഗ്യം, സുബോധം, സമാധാനം എന്നിവയെക്കുറിച്ചുള്ള ശക്തമായ സന്ദേശം സമൂഹത്തിന് പകർന്നു നല്കുക എന്നതായിരുന്നു അവരുടെ ഉദ്ദേശ്യലക്ഷ്യം.
പതിനായിരത്തിലധികം ആളുകൾ അണിനിരന്ന മാരത്തണിൽ, ഓരോ മനുഷ്യനും ഗൗരവത്തോടെ നോക്കിക്കാണേണ്ട #StopWW3 (മൂന്നാം ലോകമഹായുദ്ധം തടയുക), #SayNoToDrugs (ലഹരിക്കെതിരെ അണിനിരക്കുക) എന്ന രണ്ട് ആപ്തവാക്യങ്ങൾ പതിപ്പിച്ച ജേഴ്സികൾ അണിഞ്ഞുകൊണ്ടാണ് അഹ്‌മദീ യുവാക്കൾ അണിനിരന്നത്.
#StopWW3: വിനാശകരമായ ഒരു ആണവയുദ്ധം നമ്മുടെ വാതിൽപ്പടിയിൽ എത്തിനിൽക്കുമ്പോൾ, ഒരു ആഗോളയുദ്ധത്തിലേക്കാണ് ലോകം കുതിച്ചുകൊണ്ടിരിക്കുന്നത് എന്നും അത്തരത്തിലുള്ള ഒരു സംഘർഷത്താൽ ഉണ്ടായേക്കാവുന്ന ഭീകരമായ മാനുഷിക പ്രത്യാഘാതങ്ങൾ എന്തെല്ലാമാണെന്നതിനെക്കുറിച്ചും ജനങ്ങളിൽ അടിയന്തരമായ ഒരു അവബോധം വളർത്തുക എന്നതാണ് ഈ ക്യാമ്പയിന്‍റെ ഉദ്ദേശ്യം.
#SayNoToDrugs: ലഹരിമുക്തമായ, ആരോഗ്യകരമായ ഒരു ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിലൂടെ യുവതലമുറയുടെ ഭാവി സുരക്ഷിതമാക്കുകയും ലഹരിക്കെതിരെ സമൂഹത്തെ സജ്ജമാക്കുകയും ചെയ്യുക എന്നതാണ് ഈ ക്യാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നത്.
മാരത്തണിൽ മികച്ച പ്രകടനമാണ് അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്ത് കാഴ്ചവെച്ചത്. ഒരു അംഗം 21 കിലോമീറ്റർ ഓടി ഹാഫ് മാരത്തൺ ദൂരം പിന്നിട്ടപ്പോൾ, 15 പേർ പത്ത് കിലോമീറ്റർ വീതവും, നാല് പേർ മൂന്ന് കിലോമീറ്റർ വീതവും ഓടിപ്പൂർത്തിയാക്കി.
ഐടി വിദഗ്ധർക്കിടയിലും കാണികൾക്കിടയിലും അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ഈ സന്ദേശങ്ങൾ വലിയ താല്പര്യം ജനിപ്പിച്ചു. സമാധാനപൂർണവും ലഹരിമുക്തവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാനുള്ള ജമാഅത്തിന്‍റെ ലക്ഷ്യം അവർക്കിടയിലേക്ക് എത്തിക്കാൻ ഇതുവഴി സാധിച്ചു.
സോഫ്റ്റ് നോഷൻസ് ടെക്നോളജീസ് സ്ഥാപകനും സിഇഒയും, മുൻ റേസ് ഡയറക്ടറുമായ ശ്രീ. റോണി സെബാസ്റ്റ്യൻ അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ഈ ഉദ്യമത്തെയും പങ്കാളിത്തത്തെയും അഭിനന്ദിക്കുകയുണ്ടായി. ജീവധാര എൻജിഒയിലെ ശ്രീ. സേവ്യറുമായി അഹ്‍മദീ യുവാക്കള്‍ ചർച്ച നടത്തുകയും അദ്ദേഹത്തിന് ആഗോള പ്രതിസന്ധിയും സമാധാനത്തിലേക്കുള്ള പാതയും എന്ന ഗ്രന്ഥം സമ്മാനിക്കുകയും ചെയ്തു. ജമാഅത്തിന്‍റെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായ അദ്ദേഹം, ഭാവിയിൽ സാമൂഹിക സേവന പ്രവർത്തനങ്ങളിൽ സഹകരിക്കുന്നതിനായി തന്‍റെ ആസ്ഥാനം സന്ദർശിക്കാനുള്ള ക്ഷണവും മുന്നോട്ടുവെക്കുകയുണ്ടായി.
അങ്ങനെ സമാധാനത്തിന്‍റെയും ഐക്യത്തിന്‍റെയും ലഹരിവിരുദ്ധതയുടെയും അമൂല്യമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നതിനുള്ള അർഥവത്തായ ഒരു വേദിയായി ഈ കായിക മാമാങ്കം മാറി.
0 Comments