അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്മദ്(അയ്യദഹുല്ലാഹ്) ജനുവരി 24, 2024ന് മസ്ജിദ് മുബാറക്ക് ഇസ്ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: പി. എം. മുഹമ്മദ് സ്വാലിഹ് ശാഹിദ്
നബിതിരുമേനി(സ)യുടെ കാലത്ത് നടന്ന സൈനികനീക്കങ്ങളെ കുറിച്ച് വിവരിക്കുന്നതാണെന്ന് തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്മദ്(അയ്യദഹുല്ലാഹു)പറഞ്ഞു.
കുര്‍സ് ബിന്‍ ജാബിറിന്റെ സൈനികനീക്കം
“ഖുറൈശികളും ജൂതരും ജ്വലിപ്പിച്ച വിദ്വേഷാഗ്നിയില്‍ ഭൂമി മുഴുവന്‍ കത്തിജ്വലിച്ചതിനാല്, മുസ്ലിങ്ങളെ സംബന്ധിച്ചിടത്തോളം ഇത് വളരെ അപകടകരമായ ദിവസങ്ങളായിരുന്നു. മാത്രമല്ല, അവരുടെ പുതിയ നയമനുസരിച്ച്, മദീനയെ ആസൂത്രിതമായി ആക്രമിക്കുന്നതിനുപകരം, രഹസ്യ മാര്‍ഗങ്ങളിലൂടെ ഉപദ്രവിക്കാന്‍ അവര്‍ തീരുമാനിച്ചു. കൂടാതെ, അറേബ്യയിലെ അപരിഷ്കൃത ഗോത്രങ്ങളില്‍ വഞ്ചന അന്തര്‍ലീനമായിരുന്നതിനാല്‍, മുസ്ലിങ്ങളെ ഏത് വിധേനയും ഉപദ്രവിക്കുമെന്ന് അവര്‍ ദൃഢനിശ്ചയമെടുത്തു. ഇനി ഇവിടെ പരാമര്‍ശിക്കുന്ന സംഭവവും ഇതിന്റെ ഒരു കണ്ണിയാണ്, ഭയാനകമായ രീതിയില്‍ അത് അവസാനിക്കുകയും ചെയ്തു. ഹിജ്റ 6-ന് ശവ്വാല്‍ മാസത്തില്‍, ഉക്ല്, ഉറൈന ഗോത്രങ്ങളില്‍ നിന്നുള്ള എട്ടുപേരടങ്ങിയ ഒരു സംഘം മദീനയിലെത്തി ഇസ്ലാമിനോടുള്ള സ്നേഹം പ്രകടിപ്പിക്കുകയും മുസ്ലിങ്ങളാകുകയും ചെയ്തു. കുറച്ചു നാള് അവിടെ താമസിച്ചതിനു ശേഷം, മദീനയിലെ കാലാവസ്ഥ അവരുടെ പ്ലീഹകളെ ബാധിക്കുകയും വയറ്റില്‍ വൈറസ് ബാധ ഉണ്ടാകുകയും ചെയ്തു. അങ്ങനെ അവര്‍ നബിതിരുമേനി(സ)യുടെ മുന്നില്‍ ഹാജരായിട്ട് പറഞ്ഞു, ‘അല്ലാഹുവിന്റെ ദൂതരേ! ഞങ്ങള്‍ ഗ്രാമീണ ജനതയാണ്, കന്നുകാലികള്‍ക്കൊപ്പം ജീവിക്കുന്നവരാണ് ഞങ്ങള്‍. നഗരജീവിതം ശീലിച്ചിട്ടില്ലാത്തതിനാല്‍ ഞങ്ങള്‍ രോഗബാധിതരായി’. നബിതിരുമേനി(സ) പ്രതികരിച്ചു: ‘നിങ്ങള്‍ മദീനയില്‍ താമസിക്കുന്നത് കൊണ്ട് അസുഖബാധിതര്‍ ആകുന്നുവെങ്കില്‍ മദീനയില്‍ നിന്ന് പുറത്തുപോയി ഞങ്ങളുടെ കന്നുകാലികളുടെ വാസസ്ഥലത്ത് താമസിക്കുകയും ഒട്ടകത്തിന്റെ പാല് കുടിക്കുകയും ചെയ്യുക. നിങ്ങള്‍ സുഖം പ്രാപിക്കും.’ മറ്റൊരു നിവേദനത്തില്‍, അവര്‍ സ്വയം തന്നെ ‘അല്ലാഹുവിന്റെ ദൂതരേ! താങ്കള്‍ അനുവദിക്കുകയാണെങ്കില്‍ നിങ്ങളുടെ കന്നുകാലികള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് മദീനക്ക് പുറത്ത് പോകാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു’ എന്ന് അഭ്യര്‍ത്ഥിച്ചതായും നബിതിരുമേനി(സ) അവരെ അതിന് അനുവദിച്ചതായും രേഖപ്പെടുത്തിയിട്ടുണ്ട്. ഏതായാലും അവര്‍ നബിതിരുമേനി(സ)യോട് അനുവാദം വാങ്ങി മുസ്ലിങ്ങളുടെ ഒട്ടകങ്ങള്‍ വസിച്ചിരുന്ന മേച്ചില്‍പ്പുറത്തേക്ക് പോയി.”[1]
ഇടയന്മാര്‍ക്കും കന്നുകാലികള്‍ക്കും നേരെയുള്ള ക്രൂരമായ ആക്രമണവും പ്രതികാരനടപടിയെ കുറിച്ചുള്ള സന്തുലിതമായ ഇസ്ലാമിക അധ്യാപനവും
ഹദ്റത്ത് മിര്‍സാ ബശീര്‍ അഹ്മദ് സാഹിബ്(റ)നെ ഉദ്ധരിച്ച് കൊണ്ട് ഖലീഫാ തിരുമനസ്സ് തുടര്‍ന്നു:
“ആ നികൃഷ്ടര്‍ അവിടെ തമ്പടിച്ചു സ്ഥിതിഗതികള്‍ പൂര്‍ണമായും മനസ്സിലാക്കി. തുറസ്സായ സ്ഥലത്ത് താമസിച്ച് ഒട്ടകത്തിന്റെ പാല് കുടിച്ച് ആരോഗ്യം വീണ്ടെടുത്തപ്പോള്‍ അവര്‍ പെട്ടെന്ന് ഒരു ദിവസം ഈ ഒട്ടകങ്ങളുടെ ഇടയന്മാരെ ആക്രമിച്ച് കൊലപ്പെടുത്തി. അവര്‍ വളരെ ക്രൂരരായിരുന്നു. ആദ്യം അവര്‍ ആ ഇടയന്മാരെ മൃഗങ്ങളെപ്പോലെ അറുത്തു. അവരില്‍ ജീവന് അവശേഷിക്കുമ്പോള്‍ തന്നെ മൂര്‍ച്ചയുള്ള മരുഭൂമിയിലെ മുള്ളുകള്‍ കൊണ്ട് അവരുടെ നാവില്‍ തുളച്ചു. അങ്ങനെ ദാഹത്താലോ മറ്റേതെങ്കിലും രീതിയിലോ അവര്‍ ശബ്ദം പുറപ്പെടുവിക്കുമ്പോള്‍ ഈ മുള്ളുകള്‍ അവര്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കി. എന്നിട്ടും തൃപ്തി വരാതിരുന്ന ഈ കാട്ടാളന്മാര് പാതിമരണപ്പെട്ട മുസ്ലീങ്ങളുടെ കണ്ണുകളില്‍ തീക്കമ്പ് കൊണ്ട് തടവാന്‍ തുടങ്ങി. ഈ രീതിയില്‍ നിരപരാധികളായ മുസ്ലിങ്ങള്‍ ഒരു തുറസ്സായ മൈതാനത്ത് പിടഞ്ഞു പിടഞ്ഞു മരണപ്പെട്ടു. അവരില്‍ നബി തിരുമേനി(സ)യുടെ ഒട്ടകങ്ങളെ മേയ്ക്കാന്‍ നിയോഗിക്കപ്പെട്ട യാസര്‍ എന്നു പേരുള്ള ഒരു സേവകനും ഉണ്ടായിരുന്നു. ഈ കാട്ടാളന്മാര് മുസ്ലിങ്ങളെ ക്രൂരമായ രീതിയില്‍ വധിച്ചതിന് ശേഷം ഒട്ടകങ്ങളെയെല്ലാം കൂട്ടിക്കൊണ്ടുപോയി. അവിടെ നിന്നും രക്ഷപ്പെട്ടു വന്ന ഒരു ഇടയന് ഈ സംഭവത്തെ കുറിച്ച് നബിതിരുമേനി(സ)യെ അറിയിച്ചു. നബിതിരുമേനി(സ) ഉടന്‍ തന്നെ ഇരുപത് കൂട്ടാളികളുള്ള ഒരു സംഘത്തെ തയ്യാറാക്കി അവരെ പിന്തുടരാന് അയച്ചു. അവര്‍ കുറെ ദൂരം മുന്നോട്ട് പോയിരുന്നെങ്കിലും മുസ്ലിം സംഘത്തിന് അവരെ കണ്ടെത്താന്‍ സാധിച്ചു. മുസ്ലിങ്ങള്‍ അവരെ കയറില്‍ കെട്ടി തിരികെ കൊണ്ടുവന്നു. അത്തരം പ്രവൃത്തികള്‍ ചെയ്യുന്ന ഒരു വ്യക്തിയെ എന്തുചെയ്യണം എന്നതിനെപ്പറ്റി പ്രവാചകന്(സ)ക്ക് അന്നുവരെ യാതൊരുവിധ നിര്‍ദേശങ്ങളും വെളിപ്പെട്ടിരുന്നില്ല. ഇസ്ലാമില്‍ ഒരു പുതിയ കല്പനയിറങ്ങുന്നത് വരെ, മൂസാ നബി(അ)യുടെ നിയമമായിരുന്നു നബിതിരുമേനി(സ) അനുവര്‍ത്തിച്ചിരുന്നത്. അപ്രകാരം ഈ ക്രൂരന്മാര് മുസ്ലിം ഇടയന്മാരോട് പെരുമാറിയതുപോലെ, അവര്‍ക്കെതിരെ തത്തുല്യമായ പ്രതികാര നടപടിയെടുക്കണമെന്ന് നബിതിരുമേനി(സ) ഉത്തരവിട്ടു. അത് മറ്റുള്ളവര്‍ക്ക് ഒരു പാഠമായി മാറുന്നതിനും വേണ്ടിയായിരുന്നു ഈ നടപടി. അങ്ങനെ ഏതാണ്ട് ഇതേ രീതിയില്‍ തന്നെ മദീനക്ക് പുറത്ത് ഒരു തുറസ്സായ മൈതാനത്ത് ഇക്കൂട്ടര്‍ മരണപ്പെടുകയുണ്ടായി. എന്നിരുന്നാലും, ഇസ്ലാമിന് അല്ലാഹു മറ്റൊരു നിയമം വിധിച്ചു. ‘മുസ്ല’ അഥവാ ഒരു കുറ്റവാളിയുടെ ശരീരം ഏതെങ്കിലും വിധത്തില്‍ രൂപഭേദം വരുത്തുകയോ പ്രതികാരം ചെയ്യുന്ന രീതിയില്‍ ശരീരഭാഗങ്ങള്‍ കഷണങ്ങളായി മുറിക്കുകയോ ചെയ്യുന്നത് ഇസ്ലാമില്‍ നിരോധിക്കപ്പെട്ടു.
“ഈ സംഭവത്തെക്കുറിച്ച് ഇവിടെ കൂടുതല്‍ വിശദീകരിക്കേണ്ടതില്ല. കാരണം ഒരു ന്യായമായ കാരണവുമില്ലാതെ, തികച്ചും ഇസ്ലാമിനോടുള്ള വിരോധം കൊണ്ടാണ് അവിശ്വാസികള്‍ മുസ്ലിങ്ങളോട് ഈ ക്രൂരവും പ്രാകൃതവുമായ അക്രമം ചെയ്തത്. കൂടാതെ, ശിക്ഷയായി അവരോട് ചെയ്തതെല്ലാം വെറും ന്യായമായ പ്രതികാരം മാത്രമായിരുന്നു. കൂടാതെ, ഈ തീരുമാനവും മൂസാ നബി(അ)യുടെ കാലത്തെ നിയമത്തിന് അനുസൃതമായിരുന്നു. എന്നാല്‍ അപ്പോഴും ഇസ്ലാം ഈ നിയമം ഉയര്‍ത്തിപ്പിടിച്ചില്ല. ഭാവിയില്‍ അത്തരമൊരു നടപടി നിരോധിക്കുകയും ചെയ്തു.
“ഇതു സംബന്ധിച്ച ബുഖാരിയുടെ വാക്കുകള്‍ ഇപ്രകാരമാണ്: ‘ഈ സംഭവത്തിനുശേഷം, പ്രവാചകന്(സ) സദഖയ്ക്ക് ഊന്നല്‍ നല്‍കുകയും എല്ലാ സാഹചര്യങ്ങളിലും ശത്രുക്കളുടെ ശരീരം വികൃതമാക്കുന്നത് വിലക്കുകയും ചെയ്തു.
“വില്യം മ്യൂര്‍ ഉള്‍പ്പെടെയുള്ള വിവിധ പാശ്ചാത്യ ഗവേഷകര്‍ (അവരുടെ ശീലമനുസരിച്ച്) ഈ കൊലപാതകികളായ കൊള്ളക്കാരെ കൊലപ്പെടുത്തിയ രീതി ക്രൂരവും പ്രാകൃതവുമാണെന്ന് എഴുതിയിട്ടുണ്ട്. എന്നാല്‍, എല്ലാ വസ്തുതകളും വിശകലനം ചെയ്യുമ്പോള്‍ ഇസ്ലാമിക രീതി കളങ്കമില്ലാത്തതാണെന്ന് വ്യക്തമാകുന്നതാണ്. യഥാര്‍ഥത്തില്‍, അത് ഇസ്ലാമിക വിധിയായിരുന്നില്ല, മൂസാ(അ)യുടെ നിയമമായിരുന്നു. ക്രിസ്ത്യാനികളുടെ മിശിഹാ അതിനെ റദ്ദാക്കിയില്ല, മറിച്ച് ഉയര്‍ത്തിപ്പിടിക്കുകയാണ് ചെയ്തത്.
“ഒരുപക്ഷേ, നമ്മുടെ എതിരാളികളുടെ മനസ്സില്‍ ക്രിസ്ത്യാനികളുടെ മിശിഹായുടെ വചനം ഉണ്ടായിരിക്കാം. അതായത്:
“‘വലത്തുകരണത്തടിക്കുന്നവന് മറ്റേകരണം കൂടി കാണിച്ചുകൊടുക്കുക. നിന്നോടു വ്യവഹരിച്ച് നിന്റെ ഉടുപ്പു കരസ്ഥമാക്കാനുദ്യമിക്കുന്നവന് മേലങ്കികൂടി കൊടുക്കുക. ഒരുമൈല്‍ ദൂരംപോകാന്‍ നിന്നെ നിര്‍ബന്ധിക്കുന്നവനോടുകൂടെ രണ്ടു മൈല്‍ ദൂരം പോകുക’.
“അങ്ങനെയാണെങ്കില്‍, ഈ ആരോപണം ഉന്നയിക്കാന്‍ എതിരാളികള്‍ക്ക് അവകാശമുണ്ട്, എന്നാല്‍ വിവേകമുള്ള ആരെങ്കിലും ഈ അധ്യാപനം പ്രായോഗികമായി പരിഗണിക്കുന്നുണ്ടോ എന്നതാണ് ചോദ്യം. കൂടാതെ, കഴിഞ്ഞ 1,950 വര്‍ഷങ്ങളില്‍ ഏതെങ്കിലും ക്രിസ്ത്യന്‍ പുരുഷനോ സ്ത്രീയോ ക്രിസ്ത്യന്‍ സമൂഹമോ സര്‍ക്കാരോ ഈ അധ്യാപനമനുസരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ടോ? നിസ്സംശയം, ഈ അധ്യാപനം പ്രസംഗവേദിയില്‍ എഴുന്നേറ്റു നിന്ന് പ്രബോധനം ചെയ്യാന്‍ പറ്റുന്ന ഉന്നതമായ അധ്യാപനം തന്നെയാണ്. എന്നാല്‍, പ്രായോഗിക ജീവിതത്തില്‍, ഈ അധ്യാപനത്തിന് യാതൊരു പ്രാധാന്യവുമില്ല. അതല്ലെങ്കില്‍ യുക്തിസഹമായി ചിന്തിക്കുന്ന ഒരു വ്യക്തി അത് പ്രാവര്‍ത്തികമാക്കാന്‍ തയ്യാറാകില്ല. പ്രായോഗികമായി, ഒരു മതത്തിനും ഇസ്ലാമുമായി താരതമ്യപ്പെടുത്താനാവില്ല, കാരണം അത് അവകാശപ്പെടുന്നത് പോലെ പ്രവര്‍ത്തിക്കുന്നു എന്നതാണ് സത്യം. ഒരുതരത്തിലുള്ള ഇരട്ടത്താപ്പും ഇസ്ലാമില്‍ ഇല്ല. ഇസ്ലാമിന്റെ അവകാശവാദങ്ങളും പ്രവര്‍ത്തനങ്ങളും വളരെ ഉയര്‍ന്നതാണ്. ന്യായയുക്തവും മുന്‍വിധിയില്ലാത്തതുമായ ഒരു വ്യക്തിക്കും അതിനെ എതിര്‍ക്കാന്‍ കഴിയില്ല. നേരെമറിച്ച്, ഒരാള്‍ ഇസ്ലാമിനെ പ്രശംസിക്കുന്നതാണ്. മൂസയുടെ ന്യായപ്രമാണം പോലെ, എല്ലാ സാഹചര്യങ്ങളിലും പ്രതികാരം ചെയ്യാനും സന്ദര്‍ഭം നോക്കാതെ പ്രതികാര നടപടി എടുക്കാനും അതനുശാസിക്കുന്നില്ല. ശിക്ഷ ഒരിക്കലും നല്‍കരുതെന്നും ഒരു കുറ്റവാളി ഒരു കുറ്റകൃത്യം ചെയ്യുമ്പോള്‍, ക്രിസ്ത്യന്‍ നിയമങ്ങള്‍ക്കനുസൃതമായി അവന്റെ ഉദ്ദേശ്യത്തെ പിന്തുണയ്ക്കണമെന്നും അത് പഠിപ്പിക്കുന്നില്ല. എന്നാല്‍ ഇസ്ലാം ലോകത്ത് യഥാര്‍ഥ സമാധാനം സ്ഥാപിക്കുന്നതിന് ഏറ്റവും അനുയോജ്യമായ മധ്യമ നിലയിലുള്ള അധ്യാപനമാണ് അവതരിപ്പിക്കുന്നത്. അതായത്:
“‘തിന്മയ്ക്കുള്ള പ്രതിഫലം തത്തുല്യമായ തിന്മയാകുന്നു. എന്നാല്‍ ആരെങ്കിലും മാപ്പു നല്‍കുകയും (അതുവഴി) നന്മ വരുത്തുകയുമാണെങ്കില്‍ അവനുള്ള പ്രതിഫലം അല്ലാഹുവിന്റെ അടുക്കലാകുന്നു.’
“ഈ വിഷയത്തില്‍ ഇസ്ലാം അവതരിപ്പിച്ച അധ്യാപനമാണിത്. ഇത് സമാനതകളില്ലാത്ത അധ്യാപനമാണെന്ന് നീതിയുക്തമായി ചിന്തിക്കുന്ന ഒരു വ്യക്തിക്കും നിഷേധിക്കാനാകില്ല. കൂടാതെ, ശിക്ഷയുടെ കാര്യത്തില്‍ പോലും, പരിധികള്‍ കവിയാന്‍ പാടില്ല എന്ന നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അംഗഭംഗം വരുത്തുന്ന പ്രാകൃതമായ പ്രവൃത്തികളെ അത് പൂര്‍ണമായും അപലപിക്കുകയും ചെയ്തു. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍, യേശുക്രിസ്തുവിന്റെ അധ്യാപനം ഉണ്ടായിരുന്നിട്ടും, ക്രിസ്ത്യാനികള്‍ ശത്രുക്കളോട് കാണിച്ച പെരുമാറ്റവും യുദ്ധങ്ങളില്‍ അവര്‍ ചെയ്ത അതിക്രമങ്ങളും ചരിത്രത്തിലെ തുറന്ന അധ്യായമാണ്.”[2]
ദൂ ഖറദ് യുദ്ധം
ഇത് കൃത്യമായി എപ്പോഴാണ് സംഭവിച്ചതെന്ന കാര്യത്തില്‍ ചരിത്രകാരന്മാര്ക്കിടയില് അഭിപ്രായവ്യത്യാസമുണ്ട്. ബുഖാരിയും മുസ്ലിമും പറയുന്നതനുസരിച്ച്, ഇത് ഹുദൈബിയ ഉടമ്പടിക്ക് ശേഷവും ഖൈബര്‍ യുദ്ധത്തിന് മുമ്പും, പ്രത്യേകിച്ച് ഖൈബറിന് മൂന്ന് ദിവസം മുമ്പുമാണ് നടന്നത്. ചില ചരിത്രകാരന്മാര് ഇത് ഹുദൈബിയ ഉടമ്പടിക്ക് മുമ്പ് നടന്നതായി കണക്കാക്കുന്നു. ഹദ്റത്ത് മിര്‍സാ ബശീര്‍ അഹ്മദ്(റ) ഇത് ഹിജ്റ വര്‍ഷം 7 മുഹര്‍റം മാസത്തില്‍ നടന്നതായി കണക്കാക്കിയിട്ടുണ്ട്. മദീനയില്‍ നിന്ന് 4 മൈല്‍ അകലെ ഉഹുദ് പര്‍വതത്തിന് പിന്നില്‍ പ്രവാചകന്(സ)യുടെ ഒട്ടകങ്ങള്‍ മേഞ്ഞിരുന്ന സ്ഥലമായതിനാല്‍ ഇത് ഗാബ യുദ്ധം എന്നും അറിയപ്പെടുന്നു. നബിതിരുമേനി(സ)യുടെ ഒട്ടകങ്ങളെ ഉയയ്ന ബിന്‍ ഹിസ്ന്‍ മോഷ്ടിക്കുകയുണ്ടായി. ദീ ഖര്‍ദ് എന്ന് പേരുള്ള അരുവി വരെ നബിതിരുമേനി(സ) അയാളെ അനുഗമിച്ചതിനാലാണ് ഇത് ദി ഖര്‍ദ് യുദ്ധം എന്ന് അറിയപ്പെടുന്നത്. ബനൂ ഫസാറയുടെ തലവനായിരുന്നു ഉയൈന. അഹ്സാബ് യുദ്ധത്തില്‍ ബനൂ ഖുറൈസയില്‍ ചേരുകയും മദീനയിലെ മുസ്ലിങ്ങളെ ആക്രമിക്കാന്‍ പദ്ധതിയിടുകയും ചെയ്ത ഗോത്രങ്ങളിലൊന്നിന്റെ നേതാവായിരുന്നു അദ്ദേഹം. മക്ക കീഴടക്കുമ്പോഴേക്കും ഉയൈന ഇസ്ലാം സ്വീകരിച്ചിരുന്നു. എന്നിരുന്നാലും, പിന്നീട്, ഹദ്റത്ത് അബൂബക്കര്‍(റ)ന്റെ കാലത്ത് അദ്ദേഹം വിശ്വാസം കൈവെടിയുകയും വ്യാജ പ്രവാചകത്വവാദിയെ സ്വീകരിക്കുകയും ചെയ്തു. ഒടുവില്‍ തടവുകാരനായി ഹദ്റത്ത് അബൂബക്കര്‍(റ)യുടെ അടുക്കല്‍ കൊണ്ടുവന്നപ്പോള്‍ ഹദ്റത്ത് അബൂബക്കര്‍(റ) അദ്ദേഹത്തിന് ഔദാര്യപൂര്‍വം മാപ്പ് നല്കി. അപ്പോള്‍ അയാള്‍ ഒരിക്കല്‍ കൂടി ഇസ്ലാം സ്വീകരിച്ചു. എന്നാല്‍ അയാളുടേത് ദുര്‍ബലമായ വിശ്വാസമായിരുന്നു. നിവേദനത്തില്‍ ഇപ്രകാരം കാണാം, ഒരു ദിവസം ഹദ്റത്ത് അബൂദര്(റ) നബിതിരുമേനി(സ)യോട് മേച്ചില്‍പ്പുറത്തേക്ക് പോകാന്‍ അനുവാദം ആവശ്യപ്പെട്ടിരുന്നു. അദ്ദേഹത്തെക്കുറിച്ച് തനിക്ക് ഭയമുണ്ടെന്ന് തിരുനബി(സ) പറഞ്ഞു, എന്നിരുന്നാലും ഹദ്റത്ത് അബൂദര്(റ) പോകാന്‍ നിര്‍ബന്ധിച്ചു. അദ്ദേഹത്തിന്റെ മകന് കൊല്ലപ്പെടുമോ എന്നും ഭാര്യ തടവിലാക്കപ്പെടുകയും ചെയ്യുമെന്ന് ഭയപ്പെടുന്നതായി പ്രവാചകന്(സ) പറഞ്ഞു.
അബൂദര് പറയുന്നു. നബിതിരുമേനി(സ) പറഞ്ഞത് പോലെ തന്നെ സംഭവിച്ചു.
നാല്പത് പേരുമായി രാത്രിയില്‍ ഉയൈന ആക്രമണം നടത്തി, എന്താണ് സംഭവിക്കുന്നതെന്ന് കാണാന്‍ അബൂദര്(റ)ന്റെ മകന് പുറപ്പെട്ടപ്പോള്‍ അദ്ദേഹം കൊല്ലപ്പെട്ടു.
നബിതിരുമേനി(സ)യുടെ ഒട്ടകങ്ങള്‍ മോഷ്ടിക്കപ്പെട്ട വിവരം ഹദ്റത്ത് സലമ ബിന്‍ അക്വ(റ) അറിഞ്ഞു. പിന്നീട് അദ്ദേഹം കുറ്റവാളികളെ പിന്തുടര്ന്നു. അവരെ കണ്ടെത്തിയപ്പോള്‍, അദ്ദേഹം അവരുടെ നേരെ അമ്പെയ്യാന്‍ തുടങ്ങി. അദ്ദേഹം അവരെ ഒറ്റയ്ക്ക് പിന്തുടരുകയുണ്ടായി. ഒട്ടകങ്ങളെ വീണ്ടെടുക്കുന്നതുവരെ അവരെ പിന്തുടരുകയും ചെയ്തു. മറുവശത്ത്, എന്താണ് സംഭവിച്ചതെന്ന് നബിതിരുമേനി(സ) അറിഞ്ഞപ്പോള്‍, നബിതിരുമേനി(സ) ഒരു വിളംബരം നടത്തി. സവാരിക്കാര്‍ അദ്ദേഹത്തിന് ചുറ്റും ഒരുമിച്ച് കൂടി. നബിതിരുമേനി(സ) ഹദ്റത്ത് സഅദ് ബിന്‍ സൈദ്(റ)യെ നിയമിക്കുകയും ഒരു സംഘവുമായി പുറപ്പെടാന്‍ പറയുകയും ചെയ്തു. അദ്ദേഹവും അനുഗമിക്കുന്നതാണെന്നും പറഞ്ഞു. പിന്നീട്, തിരുനബി(സ) 500 പേരുമായി പുറപ്പെട്ടു. ചില വിവരണങ്ങളില്‍ 700 മുസ്ലിങ്ങളെന്നും ഉണ്ട്. ഇതിനിടയില്‍ ഭയന്ന് ഓടിപ്പോയ ഉയൈനയെ ഹദ്റത്ത് സലമ(റ) കണ്ടുമുട്ടി. അപ്പോഴേക്കും നബിതിരുമേനി(സ) അയച്ച സവാരിക്കാര്‍ വരുന്നത് ഹദ്റത്ത് സലമ(റ) കണ്ടു. സവാരിക്കാര്‍ എത്തിയപ്പോള്‍, ഹദ്റത്ത് അബൂ ഖതാദ(റ) ഉയൈന മസ്അദ ഫസാരിയുടെ മകനുമായി യുദ്ധം ചെയ്യുകയും അദ്ദേഹത്തെ വധിക്കുകയും ചെയ്തു. തുടര്‍ന്ന് അടുത്തെത്തിയ മസ്അദയുടെ സഖാക്കളെയും അദ്ദേഹം നേരിട്ടു. അവസാനം അവരുടെ കൈവശമുണ്ടായിരുന്ന നബിതിരുമേനി(സ)യുടെ ഒട്ടകങ്ങളെ മോചിപ്പിച്ചു.
ഈ സംഭവങ്ങളുടെ വിവരണം തുടരുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
കുറിപ്പുകള്‍
[1] സീറത്ത് ഖാത്തമുന്നബിയ്യീന്‍ വാള്യം: 3 പേജ് 108 -109
[2] സീറത്ത് ഖാത്തമുന്നബിയ്യീന്‍ വാള്യം: 3 പേജ് 109 -113
0 Comments