ആമിര്‍ അസീസ് അഹ്മദി, കൊല്‍ക്കത്ത
ഈ ലേഖനത്തിന്റെ ഒറിജിനല്‍ ഇംഗ്ലീഷ് ഇവിടെ വായിക്കാവുന്നതാണ്.
ഹദ്റത്ത് മുഹമ്മദ് നബി(സ)യെ വിവാഹം കഴിക്കുന്ന സമയത്ത് ഹദ്റത്ത് ആയിശ(റ)യുടെ പ്രായം എത്രയായിരുന്നു എന്നതിനെ സംബന്ധിച്ച് വളരെ വലിയ തെറ്റിദ്ധാരണകളും അബദ്ധപ്രചാരണങ്ങളുമാണ് നിലനില്‍ക്കുന്നത്. നബി തിരുമേനി(സ)യുടെ വ്യക്തിത്വത്തിനെതിരെ വളരെ രൂക്ഷമായ വിമര്‍ശനങ്ങളും പരിഹാസങ്ങളും ഉന്നയിക്കുന്നതിന് ശത്രുക്കള്‍ പ്രധാനമായും നിദാനമാക്കാറുള്ള ഒരു കാര്യമാണിത്.
ശാരീരികവും, മാനസികവും, സാമൂഹികവും, ഭൗമശാസ്ത്രീയവുമായ വിവിധ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്നും വ്യത്യസ്ത സമൂഹങ്ങളില്‍ വ്യത്യസ്തമായ രീതിയില്‍ നിര്‍ണയിക്കപ്പെടുന്ന ഒരു കാര്യമാണ് വിവാഹപ്രായം. ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും, പുരോഗമന ആശയങ്ങളുടെ കേന്ദ്രമെന്ന് ഇത്തരം വിമര്‍ശകര്‍ തന്നെ വിശ്വസിക്കുന്ന പല പാശ്ചാത്യ സമൂഹങ്ങളിലും വിവാഹപ്രായവും സമ്മതപ്രായവും പതിനാല് വയസ്സ് വരെ ചുരുങ്ങിയതും, ചിലപ്പോള്‍ അതിന് താഴെയും ആണെന്നതും ഓര്‍ത്തിരിക്കേണ്ട കാര്യമാണ്.[1]
ഈ വസ്തുതകള്‍ ഒന്നും മനസ്സിലാക്കാതെയാണ് ഇത്തരം ആളുകള്‍ പ്രവാചകന്(സ)യുടെ 1400 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള വിവാഹത്തെ പരിഹസിക്കുന്നത് എന്നത് തന്നെ ഇത്തരം വിമര്‍ശനങ്ങളുടെ പൊള്ളത്തരം തുറന്നുകാട്ടുന്ന വസ്തുതയാണ്. ഇസ്ലാമില്‍ വിവാഹം സാധുവാകണമെങ്കില്‍ വരനും വധുവിനും ശാരീരികവും മാനസികവുമായ പ്രായപൂര്‍ത്തിയാകണമെന്നും, ഹദ്റത്ത് ആയിശ(റ) ആ സമയത്ത് വിവാഹത്തിന് പ്രാപ്തയായിരുന്നുവെന്നും ഇരിക്കെ ഈ വിഷയത്തിലുള്ള വിമര്‍ശനങ്ങള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ല.
എന്നിരുന്നാലും, ഇതുമായി ബന്ധപ്പെട്ട ചരിത്രവസ്തുതകള്‍ പരിശോധിക്കുമ്പോള്‍ ഹദ്റത്ത് ആയിശ(റ)യുടെ വിവാഹസമയത്തെ പ്രായവുമായി ബന്ധപ്പെട്ട് ചില തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട് എന്ന് കാണാം. അത്തരമൊരു ചരിത്രപരമായ വിശകലനമാണ് വിനീതന് ഈ ലേഖനത്തിലൂടെ ഉദ്ദേശിക്കുന്നത്.
ആറ് വയസ്സ് എന്ന വീക്ഷണത്തിന്റെ അവിശ്വാസ്യത
തനിക്ക് വിവാഹവേളയിൽ ആറ് വയസായിരുന്നു എന്നും വിവാഹപൂർത്തീകരണത്തിന്റെ സമയത്ത് [വിവാഹത്തിന് ശേഷം ഭർതൃവീട്ടിലേക്ക് മാറുന്ന സമയത്ത്] ഒമ്പത് വയസായിരുന്നു എന്നും ഹദ്റത്ത് ആയിശ(റ) പറഞ്ഞതായുള്ള ബുഖാരിയിലെയും മറ്റ് ഹദീസ് ഗ്രന്ഥങ്ങളിലെയും നിവേദനങ്ങളെയാണ് ആയിശ(റ)യുടെ പ്രായം അപക്വമായിരുന്നു എന്ന് വാദിക്കാന്‍ വിമര്‍ശകര്‍ പൊതുവില്‍ ഉദ്ധരിക്കാറുള്ളത്.[2]
അതിനാൽ, ശരിയായ പ്രായം അറിയാന്‍ ശ്രമിക്കുമ്പോള്‍ ഹദ്റത്ത് ആയിശയുടെ സ്വവിവരണത്തെയും മേല്‍പ്പറഞ്ഞ ആധികാരികമായ നിവേദനങ്ങളെയും എങ്ങനെ തള്ളിക്കളയാന്‍ സാധിക്കും എന്ന ചോദ്യം സ്വാഭാവികമായും ഉയരാവുന്നതാണ്. എന്നാല്‍, മുകളിൽ പ്രസ്താവിച്ച പ്രായത്തിന്റെ കണക്കുകൾ ചരിത്ര വസ്തുതകളുടെ പശ്ചാത്തലത്തിൽ വിലയിരുത്തുകയാണെങ്കിൽ അവയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്നതാണ്.
നബി(സ)യുടെ വിവാഹ സമയരേഖമായുള്ള പൊരുത്തക്കേട്: ഹദ്റത്ത് ആയിശ(റ)യുമായുള്ള നബി(സ)യുടെ നിക്കാഹ് പ്രവാചകത്വത്തിന്റെ പത്താം വർഷം ശവ്വാൽ മാസത്തിലാണ് നടന്നത് എന്ന് ഭൂരിഭാഗം ചരിത്രകാരന്മാരും അംഗീകരിക്കുന്നു.[3] അതുപോലെത്തന്നെ, ഹിജ്റ രണ്ടാം വർഷം ശവ്വാൽ മാസത്തിലാണ് അവരുടെ വിവാഹപൂർത്തീകരണം നടന്നത് എന്നും നമുക്ക് കാണാം.[4]
ഈ വസ്തുതകൾ പരിശോധിക്കുമ്പോൾ നിക്കാഹിനും വിവാഹപൂർത്തീകരണത്തിനും ഇടയില്‍ അഞ്ച് വർഷങ്ങൾ കടന്നുപോയിട്ടുണ്ട് എന്ന് മനസിലാകുന്നു. അതിനാൽ ആറ്, ഒൻപത് എന്നീ പ്രായങ്ങളെ പിന്തുണക്കുന്ന നിവേദനങ്ങൾ ഈ ചരിത്ര വസ്തുതകളുമായി ഒത്തുപോകാത്തതാണെന്നും വിശ്വാസയോഗ്യമല്ലാത്തതാണെന്നും വ്യക്തമാണ്.
കൂടാതെ ആറ് വയസ്സ് എന്ന വീക്ഷണം ഖണ്ഡിതവുമല്ല. കാരണം, നിക്കാഹിന്റെ സമയത്തു ഹദ്റത്ത് ആയിശക്ക് ആറ് വയസ്സായിരുന്നുവെന്നും ഏഴ് വയസ്സായിരുന്നുവെന്നും വ്യത്യസ്തമായ നിവേദനങ്ങള്‍ കാണാം.[5] ആയതിനാല്‍, ഇത് സംബന്ധിച്ച് കൃത്യമായ വിവരം നല്കുന്നതില് നിവേദകര്‍ക്ക് പിഴവ് സംഭവിച്ചിട്ടുണ്ടാകാം എന്നാണ് ഈ വൈരുധ്യങ്ങളും അവ്യക്തതകളും ചൂണ്ടിക്കാണിക്കുന്നത്.
ഹദ്റത്ത് ആയിശയുടെ വിവാഹം മുമ്പേ ഉറപ്പിച്ചിരുന്നു: നബി(സ)യുമായി വിവാഹം ഉറപ്പിക്കുന്നതിന് മുമ്പ് മുത്ത്ഇം ബിൻ അദിയ്യിന്റെ മകനുമായി ആയിശ(റ)യുടെ വിവാഹമുറപ്പിച്ചിരുന്നു.[6] അതുകൊണ്ട്, ആ സമയത്ത് ഹദ്റത്ത് ആയിശ(റ)ക്ക് വിവാഹപ്രായം എത്തിയിരുന്നു എന്നും അവരുടെ പ്രായം ആറായിരുന്നില്ല എന്നുമാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്.
സൂറ അൽ ഖമറിന്റെ അവതരണ സമയം: ഹദ്റത്ത് ആയിശ(റ)യുട ഒരു നിവേദനം സഹീഹ് ബുഖാരിയിൽ ഇപ്രകാരം രേഖപ്പെട്ടു കിടക്കുന്നു. അവര്‍ പറയുന്നു:
“‘എന്നാൽ ആ സമയം അവരുടെ നിശ്ചിത അവധിയാണ്. ആ സമയം ഏറ്റവും ആപൽക്കരവും കടുത്ത തിക്തവുമായിരിക്കും’. ഈ ഖുര്‍ആനിക സൂക്തം അവതരിക്കുന്ന വേളയിൽ ഞാൻ ഒരു ചെറിയ ബാലികയായിരുന്നു.”[7]
മേല്‍പ്പറഞ്ഞ സൂക്തം വിശുദ്ധ ഖുര്‍ആനിലെ അൽ ഖമര്‍ എന്ന അധ്യായത്തിലേതാണ്. പ്രവാചകത്വത്തിന്റെ അഞ്ചാം വർഷം, അഥവാ ഏ.ഡി. 614-ലാണ് ഈ അധ്യായം അവതരിക്കപ്പെട്ടത് എന്ന് നിവേദനങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്.[8] ഹിജ്റ രണ്ടാം വർഷം, അതായത് ഏ.ഡി. 624-ലാണ് ഹദ്റത്ത് ആയിശ(റ) നബി(സ)യോടൊപ്പം താമസിക്കാൻ തുടങ്ങിയത് എന്ന് നേരത്തെ സൂചിപ്പിച്ച് കഴിഞ്ഞു. ആ സമയം ഹദ്റത്ത് ആയിശയുടെ പ്രായം ഒമ്പതായിരുന്നുവെങ്കിൽ സൂറ അൽ ഖമറിന്റെ അവതരണ സമയത്ത് അവർ ജനിച്ചിട്ട് പോലുമുണ്ടാകില്ല എന്നതാണ് വാസ്തവം.
ഇനി, മറ്റു ചില നിവേദനങ്ങളിൽ സൂചിപ്പിക്കപ്പെട്ടത് പോലെ, സൂറ അൽ ഖമർ ഒന്നോ രണ്ടോ വർഷം വൈകിയാണ് ഇറങ്ങിയതെങ്കിൽ പോലും ആ സമയത്ത് ആയിശ(റ) രണ്ട് വയസ്സ് പോലും തികയാത്ത, ഇത്തരം വിശദാംശങ്ങൾ ഓർത്തുവെക്കാൻ പോലും കെൽപ്പില്ലാത്ത ഒരു കുഞ്ഞായിരുന്നിരിക്കണം. അത് യുക്തിപരമായി ഒരിക്കലും സാധ്യമല്ല.
ഇവ കൂടാതെയും മറ്റു പല നിവേദനങ്ങളും ചരിത്രവിവരണങ്ങളും ആറ് വയസ്സ് എന്ന അഭിപ്രായത്തെ ചോദ്യം ചെയ്യുന്നു.
ആയിശ(റ)യുടെ പ്രായത്തെ പുനര്‍വിചിന്തനം ചെയ്തുകൊണ്ടുള്ള അഭിപ്രായങ്ങളില്‍ പ്രധാനമായും രണ്ട് വീക്ഷണങ്ങളാണുള്ളത്.
ആദ്യത്തെ വീക്ഷണം: പതിനെട്ട് വയസ്സോ അതിൽ കൂടുതലോ
ഹദ്റത്ത് ആയിശ(റ) തന്റെ മൂത്ത സഹോദരി ഹദ്റത്ത് അസ്മ(റ)യേക്കാൾ പത്ത് വയസ്സ് ഇളയതായിരുന്നു എന്ന് ഒരുപാട് ചരിത്രകാരന്മാർ റിപ്പോർട്ട് ചെയ്തതായി കാണാം.[9] ഹദ്റത്ത് അസ്മ ഹിജ്റ 73-ൽ, 100 വയസ്സിലാണ് മരണപ്പെട്ടത് എന്ന് തഹ്ദിബ് അത്-തഹ്ദിബ്, അൽ–ബിദായ വന്‍-നിഹായ എന്നീ ചരിത്രഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.[10] ഈ കണക്കുകൾ പരിശോധിക്കുമ്പോൾ ഹിജ്റയുടെ സമയത്ത് [നബി(സ) മദീനയിലേക്ക് പലായനം ചെയ്ത സമയം] ഹദ്റത്ത് അസ്മയുടെ പ്രായം ഇരുപത്തിയേഴോ ഇരുപത്തിയെട്ടോ ആയിരുന്നുവെന്ന് വ്യക്തമാകുന്നു. അതിനാൽ ഹിജ്റ രണ്ടാം വർഷം, ആയിശ(റ)യുടെ വിവാഹപൂർത്തീകരണത്തിന്റെ വേളയിൽ ഹദ്റത്ത് അസ്മയുടെ പ്രായം ഇരുപത്തിയെട്ടോ ഇരുപത്തിയൊമ്പതോ ആയിരിക്കേണ്ടതുണ്ട്. ആ സമയം ഹദ്റത്ത് ആയിശ(റ)യുടെ പ്രായം പതിനെട്ടോ പത്തൊമ്പതോ ആണ് എന്നതിലേക്കാണ് ഈ വസ്തുതകളെല്ലാം വിരൽചൂണ്ടുന്നത്.
ഒമ്പത് വയസ്സ് എന്ന അഭിപ്രായത്തെക്കാള്‍ ചരിത്രപരമായി ഈ വീക്ഷണത്തിനാണ് മുൻതൂക്കമെങ്കിളും ഹദ്റത്ത് ആയിശയുടെ പ്രായം സംബന്ധിച്ച ഏറ്റവും കൃത്യമായ അനുമാനം ഇതാണെന്ന് പറയാന്‍ സാധ്യമല്ല.
രണ്ടാമത്തെ വീക്ഷണം: പതിനാല് വയസ്സ്
വിവാഹപൂർത്തീകരണത്തിന്റെ സമയത്ത് ഹദ്റത്ത് ആയിശ(റ)ക്ക് ഏകദേശം പതിനാല് വയസായിരുന്നു പ്രായം എന്ന ഒരു അഭിപ്രായവും നിലനില്‍ക്കുന്നുണ്ട്. ഈ വിഷയത്തിൽ ഏറ്റവും പ്രാമാണ്യയോഗ്യമായ വീക്ഷണം ഇതാണെന്ന് സാക്ഷ്യപ്പെടുത്തുന്ന ഒട്ടനവധി തെളിവുകൾ ചരിത്രത്തിൽ നിന്ന് ലഭ്യമാണ്.
ആദ്യത്തെ തെളിവ്: ഹദ്റത്ത് അബൂബക്കർ(റ)ന് നാല് മക്കളാണ് ഉണ്ടായിരുന്നതെന്നും, അവർ നാല് പേരും ഇസ്ലാമിന് മുമ്പാണ് ജനിച്ചതെന്നും തബരി തന്റെ ഇസ്ലാമിക ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.[11] ഇസ്ലാമിന്റെ ആവിർഭാവത്തിന് മുമ്പാണ് ആയിശയുടെ ജനനമെങ്കിൽ ഹിജ്റ രണ്ടാം വർഷം അവരുടെ പ്രായം പതിനാലിൽ കുറയില്ല എന്നത് വ്യക്തമാണ്.
രണ്ടാമത്തെ തെളിവ്: ഹദ്റത്ത് ഫാത്തിമ(റ) ഹദ്റത്ത് ആയിശ(റ)യെക്കാൾ അഞ്ച് വയസ്സിന് മുതിർന്നതായിരുന്നു എന്നാണ് ഇബ്നു ഹജർ അൽ അസ്ഖലാനി(റഹ്)യുടെ അഭിപ്രായം.[12] നബി(സ)ക്ക് 35 വയസ് പ്രായമുള്ളപ്പോഴാണ് ഹദ്റത്ത് ഫാത്തിമ(റ) ജനിക്കുന്നത് എന്നും ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു.[13] 52 വയസുള്ളപ്പോഴാണ് നബി(സ) മദീനയിലേക്ക് ഹിജ്റ ചെയ്തത് എന്നത് കൂടി കണക്കിലെടുക്കുമ്പോൾ ഹിജ്റ രണ്ടാം വർഷം ഹദ്റത്ത് ആയിശയുടെ പ്രായം പതിനാലോ പതിനഞ്ചോ ആണെന്നത് വ്യക്തമാകുന്നു.
മൂന്നാമത്തെ തെളിവ്: ഉഹുദ് യുദ്ധത്തിൽ ഹദ്റത്ത് ആയിശ(റ)യുടെ സാന്നിധ്യത്തെ സംബന്ധിച്ചുള്ള ഒരു നിവേദനം സഹീഹ് ബുഖാരിയിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:
“ഹദ്റത്ത് അനസ്(റ)ൽ നിന്ന് നിവേദനം: ഉഹുദ് ദിനത്തിൽ മുഹമ്മദ് നബി(സ)ക്ക് ചുറ്റുമായി ആളുകൾക്ക് നിലയുറപ്പിക്കാൻ സാധിച്ചിരുന്നില്ല. ആ ദിവസം തങ്ങളുടെ ചലനത്തിൽ തടസം നേരിടാതിരിക്കുന്നതിനായി ഹദ്റത്ത് ആയിശ(റ)യും ഹദ്റത്ത് ഉമ്മു സുലൈം(റ)യും തങ്ങളുടെ പാദങ്ങളിൽ നിന്ന് വസ്ത്രങ്ങൾ ഉയർത്തിപ്പിടിച്ചിരിക്കുന്നതായി ഞാൻ കണ്ടു.”[14]
ഇബ്നു ഉമർ(റ) പറയുന്നു: “നബി(സ) ഉഹുദിൽ പങ്കെടുക്കാൻ എനിക്ക് അനുവാദം തന്നിരുന്നില്ല. കാരണം ആ സമയത്ത് എന്റെ പ്രായം പതിനാലായിരുന്നു. എന്നാൽ, എനിക്ക് പതിനഞ്ച് വയസ്സായപ്പോൾ, ഖന്തക്ക് യുദ്ധത്തിൽ ചേരാൻ നബി(സ) എനിക്ക് അനുമതി നല്കുകയുണ്ടായി.”[15]
ഉഹുദ് യുദ്ധത്തിന് ഒരു വര്‍ഷം മുമ്പാണ് ഹദ്റത്ത് ആയിശ(റ) നബി തിരുമേനി(സ)യോടൊപ്പം താമസിക്കാന്‍ ആരംഭിച്ചത്. യുദ്ധത്തിൽ പങ്കെടുക്കാൻ പതിനഞ്ച് വയസ്സ് തികഞ്ഞിരിക്കണമെന്നിരിക്കെ, ഹദ്റത്ത് ആയിശ(റ)ക്ക് നബി(സ)യുടെ ഭവനത്തിലേക്ക് മാറുന്ന സമയത്ത് ചുരുങ്ങിയത് പതിനാല് വയസ്സ് ആയിരുന്നിരിക്കണം എന്നത് വ്യക്തമാണ്.
ഈ വസ്തുതകളെല്ലാം തെളിയിക്കുന്നത് ഹദ്റത്ത് ആയിശ(റ)ക്ക് വിവാഹസമയത്ത് ആറോ അമ്പതോ വയസ്സായിരുന്നില്ല എന്നാണ്.
ഉപസംഹാരം
പക്വതയുടെയും ഋതുമതി ആകുന്നതിന്റെയും പ്രായം പല ഘടങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. അംഗീകൃതമായ വിവാഹപ്രായം ചരിത്രത്തിലുടനീളവും ഇന്നും സ്ഥലകാലങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തമാണ്. അതിനാൽ വ്യത്യസ്തമായ രണ്ടു കാലങ്ങളെയും സംസ്കാരങ്ങളെയും അവരവരുടെ അടിസ്ഥാനമൂല്യങ്ങളുടെ വെളിച്ചത്തില്‍ വിലയിരുത്തുന്നതിന് പകരം, ഒരേ മാനദണ്ഡത്തില്‍ അളക്കുന്നത് പരമമായ വിഡ്ഢിത്തമാണ്.
നബി(സ)യുടെയും ഹദ്റത്ത് ആയിശ(റ)യുടെയും വിവാഹം ആയിശ(റ)യുടെ മാതാപിതാക്കൾ ഉൾപ്പടെ രണ്ട് കൂട്ടരുടെയും അനുവാദത്തോട് കൂടി നടന്ന പരിപൂർണമായ ഒരു ഒത്തുചേരലായിരുന്നു. വിവാഹപ്രായം പത്തിൽ താഴെയായിരുന്നു എന്ന് വാദിക്കുന്ന ഹദീസുകളും രേഖകളുമെല്ലാം മുകളില്‍ വിശദീകരിച്ചത് പോലെ പരസ്പരവൈരുധ്യങ്ങൾ നിറഞ്ഞവയും വിശ്വാസയോഗ്യമല്ലാത്തവയുമാണ്. മറ്റു പല വിഷയങ്ങളിലും നബി(സ)യെ അഹോരാത്രം എതിരിട്ടുകൊണ്ടിരുന്ന അന്നത്തെ വിമർശകരും ശത്രുക്കളും ഇത് സംബന്ധമായി യാതൊരു ആരോപണവും ഉന്നയിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
അതിനാൽ, വിവേകശൂന്യവും നിരർത്ഥകവുമായ പരാമർശങ്ങളിൽ നിന്ന് വിട്ട് നിന്നുകൊണ്ട് വസ്തുതകള്‍ക്ക് അനുസൃതമായി കാര്യങ്ങളെ വിശകലനം ചെയ്യാന്‍ ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. കൂടാതെ, വിമര്‍ശിക്കുമ്പോള്‍ സത്യത്തില്‍ നിലനിന്നുകൊണ്ട് വിമര്‍ശനങ്ങള്‍ നടത്തേണ്ടതും, സംഭാഷണങ്ങളില്‍ മാന്യത പുലർത്തേണ്ടതും അനിവാര്യമാണ്. എങ്കില്‍ മാത്രമേ ഇത്തരം വിമര്‍ശകരുടെ വാകുകള്ക്കും എന്തെങ്കിലും വില നല്കാന് സാധിക്കുകയുള്ളൂ.
ആമിര്‍ അസീസ് ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ, അദ്ദേഹം മാനേജ്മെന്റിലും മാസ്റ്റേഴ്സ് ബിരുദധാരിയാണ്.
കുറിപ്പുകള്‍
[1] മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും സമ്മതപ്രായം (ലൈംഗിക ബന്ധത്തിന് പ്രാപ്തമാകുന്ന പ്രായം) 14 മുതല്‍ 16 വരെയാണ്. ഏഴ് രാജ്യങ്ങളില്‍ ഈ പ്രായം 14 ആകുമ്പോള്‍, ഒരു രാജ്യത്ത് മാത്രമാണ് 18 ആയി നിര്‍ണയിച്ചിട്ടുള്ളത്.
യൂ.എസ്സില്‍ പൊതുവില്‍ വിവാഹപ്രായം 18 ആണ്. എന്നാല്‍ ചില സംസ്ഥാനങ്ങളില്‍ മാതാപിതാക്കളുടെയോ കോടതിയുടെയോ സമ്മതത്തോടെ 15 വയസ്സിലും വിവാഹത്തിന് അനുവാദം നല്കപ്പെടുന്നു. നാല് സംസ്ഥാനങ്ങളില്‍ (കാലിഫോര്‍ണിയ, മിസിസിപ്പി, ന്യൂ മെക്സിക്കോ, ഒക്ലഹോമ) ഇത്തരത്തിലുള്ള വിവാഹത്തിന് പ്രായപരിധി ഏര്‍പ്പെടുത്തിയിട്ടില്ല.
[2] സഹീഹുല്‍ ബുഖാരി, കിത്താബ് അന്-നിക്കാഹ് (വിവാഹത്തെ സംബന്ധിച്ച അദ്ധ്യായങ്ങള്‍)
[3] തബക്കാത്തുല് കുബ്റാ, ഇബ്നു സഅ്ദ്, വാള്യം. 8, പേജ്. 271
[4] ശറഹ് അല്‍-മുവാഹിബുല്ലദുന്നിയ്യ, ഇമാം സുര്ഖാനി, വാള്യം. 4, പേജ്. 383
[5] സഹീഹ് മുസ്ലിം, കിത്താബ് അന്-നിക്കാഹ് (വിവാഹത്തെ സംബന്ധിച്ച അദ്ധ്യായങ്ങള്‍)
[6] മുസ്നദ് അഹ്മദ് ബിന്‍ ഹന്ബല്, ബാക്കീ മുസ്നദ് അല്‍-അന്‍സാര്‍
[7] സഹീഹുല്‍ ബുഖാരി, കിത്താബ് അത്-തഫ്സീര്‍ (ഖുര്‍ആനിക വ്യാഖ്യാനത്തെ സംബന്ധിച്ച അദ്ധ്യായങ്ങള്‍)
[8] The Bounteous Quran, എം. എം. ഖത്തീബ് (1985)
[9] സിയറു അഅ്ലാമുന്നുബലാഅ്, ശംസുദ്ദീന്‍ അദ്ദഹബി, വാള്യം. 2, പേജ്. 289
[10] അല്‍-ബിദായ വന്നിഹായ, ഇബ്നു കസീര്‍, വാള്യം. 8, പേജ്. 371-372
[11] താരീഖുല്‍ മുലൂക്ക് വല്‍ ഉമം, തബരി, വാള്യം. 4, പേജ്. 50
[12] അല്‍ ഇസാബ ഫീ തംയീസിസ്സഹാബ, ഇബ്നു ഹജര്‍ അല്‍-അസ്ഖലാനി (റഹ്), അല്‍-മക്തബ അല്‍-അസരിയ്യ, ബെയ്റൂത്ത്, പേജ്. 1940
[13] അതേ സ്രോതസ്സ്
[14] സഹീഹുല്‍ ബുഖാരി, കിത്താബ് അല്‍-ജിഹാദ് വസ്-സൈര്‍ (ജിഹാദിനെ സംബന്ധിച്ച അദ്ധ്യായങ്ങള്‍)
[15] സഹീഹുല്‍ ബുഖാരി, കിത്താബ് അല്‍-മഗാസീ (യുദ്ധങ്ങളെ സംബന്ധിച്ച അദ്ധ്യായങ്ങള്‍)
0 Comments