അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) ….. 2025ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: കെ ഐ ഗുലാം അഹ്‌മദ് ശാഹിദ്
തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്‌റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു: ഖൈബർ യുദ്ധത്തെ തുടർന്നുണ്ടായ ചില സംഭവങ്ങൾ വിവരിക്കുന്നതാണ്.
മാംസത്തിൽ വിഷം ചേർത്ത സംഭവം
ഖൈബർ കീഴടക്കിയ ശേഷം നബിതിരുമേനി(സ) വളരെയധികം ദയ കാണിച്ചുകൊണ്ട് യഹൂദികളുമായി ഉടമ്പടിയിൽ ഏർപ്പെടുകയും അവർക്ക് മാപ്പു നൽകുകയും ഖൈബറിൽ തന്നെ താമസം തുടരാൻ അനുവാദം നൽകുകയും ചെയ്തു.
ഈ അവസരത്തിൽ ഒരു യഹൂദ സൈനികന്റെച ഭാര്യയായ സൈനബ് വറുത്ത മാംസം തയ്യാറാക്കി നബിതിരുമേനി(സ)യുടെ മുമ്പിൽ ഉപഹാരമായി നൽകി. അങ്ങയും അങ്ങയോടൊപ്പം ഉണ്ടായിരുന്ന ചില സഹാബാക്കളും മാംസം കഴിച്ചു. ചില നിവേദനങ്ങളിൽ നബിതിരുമേനി(സ) മാംസം ചവച്ചിറക്കിയതായി പറയുന്നു, മറ്റുചിലതിൽ രുചിക്കുക മാത്രമായിരുന്നു ചെയ്തത് എന്നും പറയുന്നു. മാംസത്തിൽ വിഷം ചേർത്തിരിക്കുന്നുവെന്ന് മനസ്സിലാക്കിയ നബിതിരുമേനി(സ) സഹാബാക്കളെ അത് കഴിക്കുന്നതിൽ നിന്നും വിലക്കി. മാംസത്തിൽ എന്തോ കുഴപ്പമുണ്ടെന്ന് മനസ്സിലായെങ്കിലും നബിതിരുമേനി(സ) കഴിക്കുന്നത് കണ്ടപ്പോൾ ഞാനും കഴിച്ചു എന്ന് ഹദ്റത്ത് ബിഷർ(റ) പറയുന്നു. അതുകാരണം അദ്ദേഹത്തിന് കഠിന രോഗം ബാധിക്കുകയും ഒരു വർഷത്തിനുശേഷം മരണമടയുകയും ചെയ്തു.
നബിതിരുമേനി(സ) മാംസം നൽകിയ സ്ത്രീയെ വിളിച്ച് അതിൽ വിഷം ചേർത്തിട്ടുണ്ടോ എന്ന് ചോദിച്ചപ്പോൾ അവൾ കുറ്റം സമ്മതിച്ചു. എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് ചോദിച്ചപ്പോൾ, അവർ പറഞ്ഞു: അവരുടെ ആളുകളെ മുസ്‌ലിംകൾ വധിച്ചിരിക്കുന്നു. നബിതിരുമേനി(സ) ഒരു ഭൗതീക രാജാവ് ആണെങ്കിൽ അദ്ദേഹത്തിൽനിന്ന് അവർക്ക് മുക്തരാകാമെന്നും ഇനി ദൈവത്തിൽ നിന്നുള്ള പ്രവാചകനാണെങ്കിൽ മാംസത്തിൽ വിഷം കലർത്തിയ കാര്യം ദൈവം അറിയിച്ചു കൊള്ളുമെന്നും കരുതി’.
ഈ സംഭവത്തിന് ശേഷം ആ സ്ത്രീയെ എന്ത് ചെയ്യണം എന്നതിനെക്കുറിച്ച് നബിതിരുമേനി(സ) എന്ത് തീരുമാനിച്ചു എന്നതിനെ സംബന്ധിച്ച് വ്യത്യസ്ത നിവേദനങ്ങൾ ഉണ്ട്. ചിലതിൽ വധിക്കാൻ നിർദ്ദേശിച്ചുവെന്ന് പറയുന്നു. സഹീഹ് മുസ്‌ലിം പോലുള്ള ആധികാരിക ഗ്രന്ഥങ്ങളിൽ നബിതിരുമേനി(സ) ആ സ്ത്രീക്ക് മാപ്പു നൽകിയെന്നും വധശിക്ഷക്ക് വിധിച്ചിരുന്നില്ലെന്നും പറയുന്നു. അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിൻ്റെ രണ്ടാമത്തെ ഖലീഫയായ ഹദ്റത്ത് മിർസാ ബഷീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ്(റ) ചരിത്ര രേഖകൾ അടിസ്ഥാനമാക്കി, നബിതിരുമേനി(സ) ആ സ്ത്രീക്ക് യാതൊരു ശിക്ഷയും വിധിക്കാതെ മാപ്പുനൽകിയെന്ന് അഭിപ്രായപ്പെട്ടു.
ഈ വിഷത്തിന്റെു ദീർഘകാല ഫലങ്ങൾ കാരണമാണ് നബിതിരുമേനി(സ)യുടെ മരണം സംഭവിച്ചതെന്നും ചിലർ പറയുന്നു. ‘ഖൈബറിലെ വിഷം ചേർത്ത മാംസം അദ്ദേഹത്തിന്റെ ആരോഗ്യത്തിൽ എപ്പോഴും പ്രതികൂലമായി അനുഭവപ്പെട്ടിരുന്നുവെന്ന് നബിതിരുമേനി(സ) അവസാന ഘട്ട രോഗത്തിനിടയിൽ പറഞ്ഞിരുന്നതായി സഹീഹ് ബുഖാരിയിൽ, ഹദ്റത്ത് ആയിശ(റ)യുടെ നിവേദനം വന്നിട്ടുണ്ട്.
വിവിധ പണ്ഡിതന്മാർ അനുമാനിക്കുന്നത്, നബിതിരുമേനി(സ)യുടെ മരണം ആ വിഷപ്രയോഗത്തിന്റെു ഫലമായിരുന്നതിനാൽ അദ്ദേഹം ഏറ്റവും വലിയ ശഹീദ് (രക്തസാക്ഷി) ആണെന്നാണ്. യഥാർത്ഥത്തിൽ നബിമാരുടെ പദവിയും സ്ഥാനവും എത്രത്തോളമാണെന്നാല്‍, അത്തരം വിശദീകരണങ്ങൾക്ക് ഒരു പ്രസക്തിയും ഇല്ല. നബിമാർ, പദവികളിൽ ശഹീദും(രക്തസാക്ഷി) സിദ്ദീഖും(സത്യസന്ധൻ) തന്നെയായിട്ടാണ് വിവരിക്കപ്പെട്ടിട്ടുള്ളത്.
ഖലീഫാ തിരുമനസ്സ് പറയുന്നു, നബിതിരുമേനി(സ) വിഷപ്രയോഗത്തിന്റെെ ഫലമായിട്ടാണ് മരണമടഞ്ഞത് എന്ന് കരുതുന്നത് ശരിയല്ല. കാരണം അത് എതിരാളികൾക്ക് പരിഹാസത്തിന് അവസരം നൽകുന്നു. വിഷപ്രയോഗം നബിതിരുമേനി(സ) യുടെ സത്യസന്ധത പരിശോധിക്കാനുള്ള ഒരു ശ്രമമായിരുന്നു, അല്ലാഹു ആ മഹാത്മാവിനെ അതിൽനിന്ന് രക്ഷപ്പെടുത്തുകയും ഈ ദൃഷ്ടാന്തം കണ്ട്, അദ്ദേഹം സത്യ പ്രവാചകനാണെന്ന് അവർ മനസ്സിലാക്കുകയും ചെയ്തു.
ഗവേഷണങ്ങളുടെ അടിസ്ഥാനത്തിൽ നബിതിരുമേനി(സ) മാംസം ചവച്ചതിനുശേഷം വായിൽ നിന്ന് പുറത്തെടുക്കുകയായിരുന്നു. അതിൽ ഉണ്ടായിരുന്ന വിഷം കാരണം അങ്ങയുടെ വായിൽ മുറിവ് സംഭവിക്കുകയോ മറ്റോ ചെയ്തിട്ടുണ്ടാകാം. അതേത്തുടർന്ന് ഭക്ഷണം കഴിക്കുമ്പോൾ അസ്വസ്ഥതകൾ അനുഭവപ്പെട്ടിട്ടുണ്ടാകാം. ഇതിനെക്കുറിച്ച് ആയിരിക്കും നബിതിരുമേനി(സ) അവസാന ഘട്ട രോഗത്തിനിടയിൽ പറഞ്ഞിട്ടുണ്ടാവുക.
ഹദ്റത്ത് സഫിയ(റ) യുമായുള്ള വിവാഹം
ഖൈബർ യുദ്ധത്തിനു ശേഷമുള്ള സംഭവങ്ങളിൽ, ഹദ്റത്ത് സഫിയ(റ) യുമായുള്ള നബിതിരുമേനി(സ)യുടെ വിവാഹത്തെക്കുറിച്ചും പരാമർശമുണ്ട്. ഖൈബറിലെ ബന്ധികളെ വിതരണം ചെയ്തപ്പോൾ, ഹദ്റത്ത് ദിഹ്‌യ(റ)ക്ക് ഹുയയ് ബിൻ അഖ്തബിന്‍റെ മകളായ സഫിയയെ നൽകി. ഒരു സഹാബി നബിതിരുമേനി(സ)യുടെ അടുത്തെത്തി, യഹൂദ ഗോത്രങ്ങളിൽ അവരുടെ സ്ഥാനവും പദവിയും കാരണം, അങ്ങേയ്ക്കല്ലാതെ മറ്റാർക്കെങ്കിലും അവരെ നൽകുന്നത് ഉചിതമല്ലെന്ന് അഭിപ്രായപ്പെട്ടു. അങ്ങനെ ഹദ്റത്ത് സഫിയ(റ)യെ സ്വതന്ത്രയാക്കുകയും ഹദ്റത്ത് ദിഹ്‌യ(റ)യോട് മറ്റാരെയെങ്കിലും സ്വീകരിക്കാൻ പറയുകയും ചെയ്തു. മാത്രമല്ല ഹദ്റത്ത് സഫിയക്ക്, തന്നെ വിവാഹം കഴിക്കാനോ അല്ലെങ്കിൽ സ്വന്തം ഗോത്രത്തിലേക്ക് മടങ്ങാനോ അനുവാദം നൽകി. ഹദ്റത്ത് സഫിയ(റ) സ്വയം നബിതിരുമേനി(സ)യെ സ്വീകരിക്കാൻ തയ്യാറാവുകയും അവിടുന്ന് വിവാഹം കഴിക്കുകയും ചെയ്തു.
ഹദ്റത്ത് സഫിയ(റ) തന്നെ വിവരിക്കുന്നു, പിതാവും ഭർത്താവും മുസ്‌ലിംകൾക്കെതിരെ യുദ്ധത്തിൽ കൊല്ലപ്പെട്ടതിനാൽ, നബിതിരുമേനി(സ)യോട് വിദ്വേഷം ഉണ്ടായിരുന്നു. എന്നാൽ, അങ്ങയുമായുള്ള ആദ്യ യാത്രയിൽ തന്നെ, ഹൃദയം മൃദുവാകാൻ തുടങ്ങി. ആ മഹാത്മാവിന്‍റെ ഉന്നത ധാർമിക ഗുണങ്ങൾ നേരിട്ട് കണ്ടറിഞ്ഞു. അറേബ്യൻ ഭൂമിയിൽ അങ്ങയെക്കാളും പ്രിയപ്പെട്ട മറ്റാരുമില്ല എന്നെനിക്ക് തോന്നി.
ഹദ്റത്ത് സഫിയ(റ)യോടൊപ്പം മദീനയിലേക്കുള്ള യാത്രയിൽ ഒരു ദിവസം രാവിലെ നബിതിരുമേനി(സ) കൂടാരത്തിൽ നിന്ന് പുറത്തുവന്നപ്പോൾ ഹദ്റത്ത് അയ്യൂബ് അൻസാരി(റ) തന്‍റെ വാളുമായി പുറത്ത് നിൽക്കുന്നത് കണ്ടു. എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ “ഇസ്‌ലാം സ്വീകരിച്ചെങ്കിലും മുസ്‌ലിംകൾക്കെതിരെ യുദ്ധത്തിൽ ബന്ധുക്കൾ കൊല്ലപ്പെട്ട യഹൂദ സ്ത്രീയുടെകൂടെ ആണ് അങ്ങ് ഉള്ളതെന്നും അവൾ അങ്ങേയ്ക്ക് എന്തെങ്കിലും ദോഷം വരുത്തുമോ എന്നുമുള്ള ഭയം കാരണം രാത്രി മുഴുവൻ കാവൽ ഇരിക്കുകയായിരുന്നു” എന്നു പറഞ്ഞു. ഇത് കേട്ടപ്പോൾ നബിതിരുമേനി(സ) അദ്ദേഹത്തിന് വേണ്ടി ദുആ ചെയ്തു “അല്ലാഹുവേ, ഏതു പോലെ അയ്യൂബ് എന്നെ സംരക്ഷിച്ചുവോ അതുപോലെ നീയും അദ്ദേഹത്തെ സംരക്ഷിക്കേണമേ”
സഫിയ(റ)യുടെ കണ്ണിനടുത്ത് ചില മുറിവുകൾ കണ്ടപ്പോൾ ഇതെന്താണ് സംഭവിച്ചതെന്ന് നബിതിരുമേനി(സ) ചോദിച്ചപ്പോൾ ഖൈബറിലെ സംഭവങ്ങൾക്ക് മുമ്പോ അല്ലെങ്കിൽ ആ സമയത്തോ അവർ ഒരു സ്വപ്നം കണ്ടിരുന്നു എന്നും അതിൽ മദീനയിൽ നിന്ന് വന്ന ഒരു ചന്ദ്രൻ തന്‍റെ മടിയിൽ വീണതായി കണ്ടുവെന്നും പറഞ്ഞു. ഈ സ്വപ്നം തന്‍റെ യഹൂദ ഭർത്താവിനോട് പറഞ്ഞപ്പോൾ, അദ്ദേഹം അവരെ ആഞ്ഞടിച്ചുകൊണ്ട് പറഞ്ഞു, “യസിരിബിന്‍റെ രാജാവായ മുഹമ്മദിനെ വിവാഹം കഴിക്കുന്ന സ്വപ്നമാണ് നീ കണ്ടത്.”
ഖലീഫാ തിരുമനസ്സ് പറഞ്ഞു, നബിതിരുമേനി(സ)നോടുള്ള വിദ്വേഷം കാരണം ഖൈബറിലെ സംഭവങ്ങളെയും ഹദ്റത്ത് സഫിയ(റ)യുമായുള്ള വിവാഹത്തെയും കുറിച്ച് ആരോപണങ്ങൾ ഉയർത്തുന്നവരുണ്ട്. യഹൂദികളുടെ കുറ്റകൃത്യങ്ങളും അപ്പോഴത്തെ സാഹചര്യങ്ങളും വിശകലനം ചെയ്യുമ്പോൾ, നബിതിരുമേനി(സ)യുടെ പ്രവർത്തനങ്ങൾ എത്രത്തോളം ഉചിതമായിരുന്നെന്ന് മാത്രമല്ല, എത്രത്തോളം കാരുണ്യത്തോടുകൂടിയാണ് യഹൂദികൾക്ക് മാപ്പ് നൽകിയതെന്നും സ്വന്തം നാട്ടിൽതന്നെ താമസം തുടരാൻ അനുവാദം നൽകിയതെന്നും മനസ്സിലാകുന്നതാണ്. വാസ്തവത്തിൽ, നബിതിരുമേനി(സ)യുടെ ജീവിതവും സ്വഭാവവും മനസ്സിലാക്കാത്തതിനാലാണ് ചിലർ ആരോപണങ്ങൾ ഉന്നയിക്കുന്നത്. നബിതിരുമേനി(സ)യുടെ സ്വഭാവ ഗുണങ്ങൾ ആ മഹാത്മാവിന്‍റെ സത്യതക്കുള്ള തെളിവു കൂടിയാണ്. വിശുദ്ധ ഖുർആൻ പറയുന്നു:
‘ഞാൻ നിങ്ങളുടെ ഇടയിൽ ഒരായുസ്സ് മുഴുവൻ കഴിച്ചുകൂട്ടി, എന്നിട്ടും നിങ്ങൾ ചിന്തിച്ച് മനസ്സിലാകുന്നില്ലേ?’ (വിശുദ്ധ ഖുർആൻ, 10:17)
നബിതിരുമേനി(സ) ഹദറത്ത് സഫിയ(റ)യുടെ സൗന്ദര്യം കണ്ടു കൊണ്ടാണ് വിവാഹം കഴിച്ചതെന്ന് ചിലർ ആരോപിക്കുന്നു. നബിതിരുമേനി(സ)യുടെ സ്ഥാപിതമായ മാതൃക വെച്ച് നോക്കുകയാണെങ്കിൽ ഇത് തികച്ചും തെറ്റാണെന്ന് മനസ്സിലാകുന്നു. വിവാഹത്തിന് ഒരിക്കലും ആ മഹാത്മാവ് ഈ രീതി സ്വീകരിച്ചിരുന്നില്ല. വിധവകളെയും തന്നെക്കാൾ വളരെ പ്രായമേറിയവരെയും വിവാഹം കഴിച്ചിട്ടുണ്ട്. അതും വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലോ ഏതെങ്കിലും സമൂഹവുമായോ രാജ്യവുമായോ ബന്ധം സ്ഥാപിക്കുന്നതിന് വേണ്ടിയോ ആയിരുന്നു. മാത്രമല്ല ഹദ്റത്ത് സഫിയ(റ)ക്ക്, നബിതിരുമേനി(സ)യെ വിവാഹം കഴിക്കാനോ അല്ലെങ്കിൽ സ്വന്തം ഗോത്രത്തിലേക്ക് മടങ്ങാനോ അനുവാദം നൽകിയിരുന്നു. എന്നിട്ടും അവർ അങ്ങയോടൊപ്പം കഴിയാൻ തീരുമാനിച്ചു. പിന്നെങ്ങനെയാണ് ഈ രീതിയിലുള്ള ആക്ഷേപങ്ങൾ ഉന്നയിക്കപ്പെടുന്നത്.
വാഗ്ദത്ത മസീഹ്(അ) അരുൾ ചെയ്യുന്നു നബിതിരുമേനി(സ)യുടെ ഓരോ പ്രവർത്തിയും ദൈവീകമായിരുന്നു. വിശുദ്ധ ഖുർആൻ സാക്ഷ്യപ്പെടുത്തി പറയുന്നു:
‘പറയുക, എന്‍റെ പ്രാർത്ഥനയും എന്‍റെ ത്യാഗവും എന്‍റെ ജീവിതവും എന്‍റെ മരണവും സർവ്വലോക രക്ഷിതാവായ അല്ലാഹുവിന് മാത്രമാകുന്നു.’ (വിശുദ്ധ ഖുർആൻ, 6:163)
നബിതിരുമേനി(സ)യുടെ ജീവിതത്തിന്‍റെ വിവിധ വശങ്ങൾ വിശകലനം ചെയ്യുമ്പോൾ, അടിസ്‌ഥാനമില്ലാത്ത ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം വിശുദ്ധ ഖുർആനിലെ ഈ വചനം മുന്നിൽ കാണേണ്ടതുണ്ട്.
റമദാൻ മാസത്തിന്റെത ആരംഭത്തിനുള്ള പ്രാർത്ഥനകൾ
രണ്ട് ദിവസത്തിനുള്ളിൽ റമദാൻ ആരംഭിക്കുന്നതാണെന്നും, എല്ലാവർക്കും ഈ അവസരം പൂർണ്ണമായി ഉപയോഗപ്പെടുത്താനും വളരെയധികം പ്രാർത്ഥനകളിലും ആരാധനകളിലും മുന്നേറാനും അല്ലാഹു തൗഫീഖ് നൽകട്ടെ എന്ന് ഖലീഫാ തിരുമനസ്സ് ദുആ ചെയ്തു. ഇതിനുവേണ്ടി പ്രാർത്ഥിക്കുവാനും പ്രയത്നിക്കുവാനും ഉപദേശിക്കുകയും ചെയ്തു.
അനുസ്മരണം
ചൗധരി മുഹമ്മദ് അൻവർ ഗിയാസ്
ഖുത്ബയുടെ അവസാനത്തില്‍ ഖലീഫാ തിരുമനസ്സ് കഴിഞ്ഞ ദിവസങ്ങളില്‍ മരണപ്പെട്ട റബ്‌വയിലെ ചൗധരി മുഹമ്മദ് അൻവർ ഗിയാസ് സാഹിബിനെ അനുസ്മരിച്ചു. ‘അദ്ദേഹം ഗ്രാമത്തിലെ ആദ്യ അഹ്‌മദികളിൽ പെട്ടയാളായിരുന്നു. വിശ്വാസം കാരണം അദ്ദേഹത്തിന് കുറച്ച് നാൾ ജയിലിൽ കഴിയേണ്ടി വന്നിട്ടുണ്ട്. നിരവധി ഗുണങ്ങൾക്ക് ഉടമയായിരുന്നു. പ്രാർത്ഥനകളിലും സാമ്പത്തിക ത്യാഗങ്ങളിലും വ്യവസ്ഥിതമായിരുന്നു. അദ്ദേഹത്തിന്‍റെ മകൻ അഹ്‌മദിയ മുസ്‌ലിം ജമാഅത്ത് കെനിയയിലെ ദേശീയ പ്രസിഡന്റും മിഷനറി ഇൻചാർജുമായി സേവനമനുഷ്ഠിക്കുന്നു. അല്ലാഹു അദ്ദേഹത്തിന് മേൽ കരുണ ചൊരിയുമാറാകട്ടെ, അദ്ദേഹത്തിന്‍റെ മക്കൾക്ക് ക്ഷമ പ്രധാനം ചെയ്യുമാറാകട്ടെ’. ആമീൻ.
0 Comments