അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 27 ജൂണ്‍, 2025ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: കെ ഐ ഗുലാം അഹ്‌മദ് ശാഹിദ്
തശഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം, ഹദ്റത്ത് മിർസാ മസ്റൂർ അഹ്‌മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു, കഴിഞ്ഞ ഖുതുബയിൽ, നബിതിരുമേനി(സ) സൈന്യത്തോടൊപ്പം ആരുടെയും ശ്രദ്ധയിൽപ്പെടാതെ എങ്ങനെ മക്കയുടെ അടുത്ത് എത്തി അവിടെ താവളമടിച്ചുവെന്ന് വിവരിച്ചിരുന്നു. അതിന്‍റെ തുടർച്ചയാണ് വിവരിക്കുന്നത്.
വിശ്വാസികളുടെ അനുസരണവും അബൂ സുഫ്‌യാനിൽ ഉണ്ടായ പ്രഭാവവും
നബിതിരുമേനി(സ) സൈന്യത്തോട് 10,000 സ്ഥലത്ത് തീ കൂട്ടാൻ നിർദ്ദേശിച്ചു. ഇത് കണ്ടപ്പോൾ അബൂ സുഫ്‌യാനും കൂട്ടാളികളും ആശങ്കാകുലരായി. ഹദ്റത്ത് അബ്ബാസ്(റ) നിർബന്ധിച്ചപ്പോൾ, നബിതിരുമേനി(സ)യെ കാണാൻ അദ്ദേഹത്തോടൊപ്പം പോകാൻ അബൂ സുഫ്‌യാൻ സമ്മതിച്ചു. ഹദ്റത്ത് ഉമർ(റ) തന്നെ കണ്ടാൽ തന്നെ വധിച്ചു കളയുമോ എന്ന് അബൂ സുഫ്‌യാൻ ഭയന്നു. എന്നാൽ, അബൂ സുഫ്‌യാനെ വധിക്കരുതെന്ന് നബിതിരുമേനി(സ) നേരത്തെ തന്നെ അനുചരന്മാർക്ക് നിർദ്ദേശം നൽകിയിരുന്നു. ഏതാനും വർഷം മുൻപ് വളരെ കുറഞ്ഞ എണ്ണത്തിൽ മാത്രം കണ്ടിരുന്ന മുസ്‌ലിങ്ങളെ, ഇപ്പോൾ നബിതിരുമേനി(സ)യെ അനുഗമിക്കുന്ന വലിയ സൈന്യമായി കണ്ടപ്പോൾ അബൂ സുഫ്‌യാൻ വല്ലാതെ അത്ഭുതപ്പെട്ടു. നബിതിരുമേനി(സ) അബൂ സുഫ്‌യാനെ കണ്ടപ്പോൾ, രാത്രി അവിടെ തങ്ങാനും രാവിലെ കൂടിക്കാഴ്ച്ച നടത്താമെന്നും പറഞ്ഞു.
അടുത്ത ദിവസം രാവിലെ, പ്രഭാതത്തിന് തൊട്ടുമുൻപ് പ്രാർത്ഥനയ്ക്കായി മുസ്‌ലിങ്ങൾ തയ്യാറെടുക്കുന്നത് കണ്ടപ്പോൾ, അവർ തനിക്കെതിരെ പുതിയ എന്തെങ്കിലും ശിക്ഷ തയ്യാറാക്കുകയാണോ എന്ന് അബൂ സുഫ്‌യാൻ ആശങ്കപ്പെട്ടു, കാരണം അദ്ദേഹം മുമ്പ് ഒരിക്കലും ഈ കാഴ്ച കണ്ടിരുന്നില്ല. എന്നാൽ, അവർ പ്രാർത്ഥനയ്ക്ക് വേണ്ടി മാത്രമാണ് തയ്യാറെടുക്കുന്നത്തെന്ന് അദ്ദേഹത്തിന് ഉറപ്പ് നൽകി. അങ്ങനെ ആയിരക്കണക്കിന് മുസ്‌ലിങ്ങൾ നബിതിരുമേനി(സ)യുടെ ഓരോ ചലനങ്ങളെയും പിന്തുടർന്ന് പ്രാർത്ഥന നിർവഹിക്കുന്നത് അബൂ സുഫ്‌യാൻ കണ്ടു. ഇതേക്കുറിച്ച് അദ്ദേഹം ഹദ്റത്ത് അബ്ബാസ്(റ)നോട് ചോദിച്ചപ്പോൾ, നബിതിരുമേനി(സ) മുസ്‌ലിങ്ങളോട് ഭക്ഷണം കഴിക്കുന്നത് ഉപേക്ഷിക്കാൻ പറഞ്ഞാൽ പോലും അവർ ഉടൻ തന്നെ അദ്ദേഹത്തെ അനുസരിക്കുമെന്ന് പറഞ്ഞു. അബൂ സുഫ്‌യാൻ പറഞ്ഞു: ഈ നാട്ടിലെ ഏറ്റവും വലിയ ഭരണാധികാരികളെ ഞാൻ സന്ദർശിച്ചിട്ടുണ്ട്, എന്നാൽ ഇത്രയും വിശ്വസ്തരും തങ്ങളുടെ നേതാവിനെ അനുസരിക്കാൻ തയ്യാറായവരുമായ അനുയായികളെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല.
അനന്തരം അബൂ സുഫ്‌യാനെ നബിതിരുമേനി(സ)യുടെ അടുത്തേക്ക് കൊണ്ടുപോയി. അല്ലാഹു അല്ലാതെ ആരാധനയ്ക്ക് അർഹനായി മറ്റാരുമില്ലെന്ന് ഇപ്പോൾ മനസ്സിലായില്ലേ എന്ന് അല്ലാഹുവിന്‍റെ പ്രവാചകൻ ചോദിച്ചു. മറ്റൊരു ദൈവം ഉണ്ടായിരുന്നെങ്കിൽ അവൻ തങ്ങളെയും മക്കക്കാരെയും ഇപ്പോൾ സഹായിക്കുമായിരുന്നു എന്ന് അബൂ സുഫ്‌യാൻ മറുപടി നൽകി. മുഹമ്മദ്(സ) അല്ലാഹുവിന്‍റെ ദൂതനാണെന്ന് മനസ്സിലായില്ലേ എന്ന് നബിതിരുമേനി(സ) അബൂ സുഫ്‌യാനോട് ചോദിച്ചു. ഇതിന് മറുപടിയായി, തനിക്ക് അതിൽ ഇപ്പോഴും ചില സംശയങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, അബൂ സുഫ്‌യാൻ നബിതിരുമേനി(സ)ക്ക് ബൈഅത്ത് ചെയ്തു. അങ്ങനെ, മക്കാ വിജയത്തിന് ശേഷമാണ് അബൂ സുഫ്‌യാൻ(റ)ന്‍റെ ഹൃദയം ഇസ്‌ലാമിന് വേണ്ടി പൂർണ്ണമായും തുറന്നത്.
മക്കക്കാർക്ക് നൽകിയ സംരക്ഷണവും മുസ്‌ലിങ്ങളുടെ സമാധാനപരമായ പ്രവേശനവും
ഈ വലിയ സൈന്യത്തെ മക്കക്കാരെ നശിപ്പിക്കാനാണോ കൊണ്ടുവന്നതെന്ന് നബിതിരുമേനി(സ)യോട് ഹക്കീം ബിൻ ഹിസാം(റ) ചോദിച്ചപ്പോൾ നബിതിരുമേനി(സ) പറഞ്ഞു: മക്ക വിജയവും ഹവാസിനിന്‍റെ പതനവും അല്ലാഹു മുഹമ്മദിലൂടെ(സ) നിർവഹിക്കുമെന്നാണ് ഞാൻ പ്രത്യാശിക്കുന്നത്. അബൂ സുഫ്‌യാൻ(റ) ചോദിച്ചു: മക്കക്കാർ വാളെടുക്കുന്നില്ലെങ്കിൽ അവർ സുരക്ഷിതരായിരിക്കുമോ? അതെ, സ്വന്തം വീടുകളിൽ കഴിയുന്നവർ സുരക്ഷിതരായിരിക്കുമെന്ന് നബിതിരുമേനി(സ) പറഞ്ഞു. മാത്രമല്ല അബൂ സുഫ്‌യാൻ(റ)ന്‍റെ വീട്ടിലുള്ള എല്ലാവർക്കും, കഅബക്കുള്ളിൽ പ്രവേശിക്കുന്നവർക്കും സംരക്ഷണം ലഭിക്കുന്നതാണെന്ന് കൂട്ടിച്ചേർത്തു. അതുപോലെ, ആയുധം താഴെ വെക്കുന്നവരും, വീടിന്‍റെ വാതിലുകൾ അടച്ചു വെക്കുന്നവരും, ഹക്കീം ബിൻ ഹിസാമിന്‍റെ വീട്ടിലുള്ളവരും സുരക്ഷിതരായിരിക്കും.
അബൂ സുഫ്‌യാനും(റ) ഹക്കീം ബിൻ ഹിസാമും(റ) മക്കയിലേക്ക് മടങ്ങുമ്പോൾ, അബൂ സുഫ്‌യാൻ ഇസ്‌ലാം സ്വീകരിച്ചതിനെക്കുറിച്ച് ഹദ്റത്ത് അബ്ബാസ്(റ) സംശയം പ്രകടിപ്പിച്ചിരുന്നു. നബിതിരുമേനി(സ) പറഞ്ഞു, അദ്ദേഹത്തെ തിരികെ കൊണ്ടുവരുന്നത് മുഖേന, ഇസ്‌ലാമിനെക്കുറിച്ച് ശരിയായ രീതിയിൽ പഠിക്കാനും, മുസ്‌ലിം സൈന്യത്തിന്‍റെ പൂർണ്ണ ശക്തി കാണാനും സാധിക്കും. വ്യത്യസ്ത ഗോത്രങ്ങളനുസരിച്ച് വേർതിരിക്കപ്പെട്ട മുസ്‌ലിം സൈന്യത്തിന്‍റെ ഓരോ സംഘം കടന്ന് പോകുമ്പോഴും, അബൂ സുഫ്‌യാൻ(റ) അവരെക്കുറിച്ച് ചോദിച്ചറിഞ്ഞു. നബിതിരുമേനി(സ) ഉൾപ്പെട്ട അവസാന സംഘം കടന്നുപോയപ്പോൾ, യുദ്ധം ചെയ്യാൻ സൈന്യത്തോട് താങ്കള്‍ കൽപ്പിച്ചിട്ടുണ്ടോ എന്ന് അബൂ സുഫ്‌യാൻ(റ) ചോദിച്ചു. നബിതിരുമേനി(സ) മറുപടി പറഞ്ഞു:
ഇത് കാരുണ്യത്തിന്‍റെ ദിവസമാണ്. ഇന്നെ ദിവസം അല്ലാഹു കഅബയെ ആദരിക്കുകയും ഖുറൈശികളെ ബഹുമാനിക്കുകയും ചെയ്യുന്നതാണ്.
മക്കക്കാരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കാൻ മുന്നോട്ട് പോകാൻ ഹദ്റത്ത് അബ്ബാസ്(റ) നബിതിരുമേനി(സ)യോട് അനുവാദം ചോദിച്ചു. അല്ലാഹുവിന്‍റെ പ്രവാചകൻ അനുമതി നൽകി, അങ്ങനെ ഹദ്റത്ത് അബ്ബാസ്(റ) മുന്നോട്ട് പോയി മക്കക്കാരെ ഇസ്‌ലാം സ്വീകരിക്കാൻ ക്ഷണിക്കുകയും നബിതിരുമേനി(സ)യോടൊപ്പം വന്ന വലിയ സൈന്യത്തെക്കുറിച്ച് അവരോട് പറയുകയും ചെയ്തു. അബൂ സുഫ്‌യാൻ(റ) മുസ്‌ലിങ്ങളോടൊപ്പം വരുന്നത് കണ്ടപ്പോൾ, അദ്ദേഹത്തിന്‍റെ ഭാര്യ ഹിന്ദ് മുന്നോട്ട് വന്ന് അദ്ദേഹത്തിന്‍റെ താടിയിൽ പിടിച്ച് അദ്ദേഹത്തെ കൊല്ലാൻ മക്കക്കാരോട് വിളിച്ചുപറഞ്ഞു. ഇപ്പോൾ ഇത്തരത്തിലുള്ള കാര്യങ്ങള്‍ക്കുള്ള സമയമല്ലെന്നും, അറബികൾ ഇന്നേവരെ കണ്ടിട്ടില്ലാത്തത്ര ശക്തമായ ഒരു സൈന്യത്തോയാണ് ഞാൻ കണ്ടത്. അതിനാൽ സംരക്ഷിക്കപ്പെടാൻ വീട്ടിലേക്ക് പോകണമെന്നും അബൂ സുഫ്‌യാൻ(റ) അവരോട് പറഞ്ഞു.
മദീനയുടെ വിവിധ ഭാഗങ്ങളിലൂടെ പ്രവേശിക്കാനും അവിടെ അവരരുടെ പതാക ഉയർത്താനും നബിതിരുമേനി(സ) വിവിധ സംഘങ്ങളെ ചുമതലപ്പെടുത്തിയിരുന്നു. അവർ യുദ്ധത്തിൽ ഏർപ്പെടരുതെന്നും, ആരെങ്കിലും മുന്നോട്ട് വന്ന് ആക്രമിച്ചാൽ മാത്രമേ പോരാടാൻ പാടുള്ളൂ എന്നും നബിതിരുമേനി(സ) എല്ലാ സൈന്യാധിപന്‍മാര്‍ക്കും നിർദ്ദേശം നൽകിയിരുന്നു.
ഒരു മക്കക്കാരൻ തന്‍റെ പടച്ചട്ട ധരിക്കാൻ തുടങ്ങിയപ്പോൾ ഭാര്യ ചോദിച്ചു, താങ്കൾ എന്താണ് ചെയ്യുന്നത്. അവർ പറഞ്ഞു, മുസ്‌ലിങ്ങളോട് യുദ്ധം ചെയ്യാൻ തയ്യാറെടുക്കുകയാണ്. ഈ സൈന്യത്തോട് യുദ്ധം ചെയ്യാൻ പാടില്ലെന്നും, പിന്മാറണമെന്നും ഭാര്യ ബുദ്ധിപൂർവ്വം അയാളെ ഉപദേശിച്ചു. താൻ ഒരു മുസ്‌ലിമിനെ അടിമയായി പിടികൂടി നിനക്ക് വേണ്ടി കൊണ്ടുവരുമെന്ന് അയാൾ ഭാര്യയോട് പറഞ്ഞു. നബിതിരുമേനി(സ)ക്കും അദ്ദേഹത്തിന്‍റെ അനുചരന്മാർക്കും എതിരായി യുദ്ധം ചെയ്യരുതെന്ന് അവൾ വീണ്ടും അപേക്ഷിച്ചു, പക്ഷേ അയാൾ പിടിവാശിയോടെ എതിർത്തു. ഹദ്റത്ത് ഖാലിദ് ബിൻ വലീദ്(റ) തനിക്ക് നിർദ്ദേശിക്കപ്പെട്ട സ്ഥാനത്തിലൂടെ താൻ നയിക്കുന്ന സംഘങ്ങളോടൊപ്പം പ്രവേശിച്ചപ്പോൾ, മക്ക സൈന്യത്തിന്‍റെ ഒരു സംഘം അവരുടെ വഴി തടയാൻ മുന്നിൽ നിൽക്കുകയും അമ്പ് എയ്യാൻ തുടങ്ങുകയും ചെയ്തു. മുസ്‌ലിം സൈന്യത്തിന്‍റെ സംഘങ്ങൾ സ്വയം പ്രതിരോധിച്ചു, ഒടുവിൽ ഇത് അവിശ്വാസികളുടെ പെട്ടെന്നുള്ള പരാജയത്തിലേക്ക് നയിച്ചു. ഭാര്യക്ക് ഒരു മുസ്‌ലിം അടിമയെ കൊണ്ടുവരുമെന്ന് വാഗ്ദാനം ചെയ്ത വ്യക്തി വീട്ടിലേക്ക് ഓടിപ്പോയി ഭാര്യയോട് വാതിൽ അടക്കാൻ പറഞ്ഞു. അവരുടെ വലിയ അവകാശവാദങ്ങൾക്കെല്ലാം എന്ത് സംഭവിച്ചുവെന്ന് അവൾ ചോദിച്ചപ്പോൾ, മഹത്തായ മുസ്‌ലിം സൈന്യത്തെ നീ കണ്ടിട്ടില്ലെന്ന് അയാള്‍ ഖേദത്തോടെ മറുപടി നൽകി.
ഹദ്റത്ത് ബിലാൽ(റ)ന്‍റെ മനോഹരമായ പ്രതികാരം
മക്കക്കാർക്ക് സംരക്ഷണം നേടാൻ കഴിയുന്ന വഴികൾ നബിതിരുമേനി(സ) ഒരു വ്യക്തിയെകൊണ്ട് വിളംബരം ചെയ്യിച്ചു. അത് ഇപ്രകാരമായിരുന്നു: ആയുധം താഴെ വെക്കുന്നവരും സ്വന്തം വീടുകളിൽ പോയി വാതിലുകൾ അടക്കുന്നവരും അബൂ സുഫ്‌യാൻ(റ)ന്‍റെയും ഹക്കീം ബിൻ ഹിസാം(റ)ന്‍റെയും വീടുകളിൽ പ്രവേശിക്കുന്നവരും കഅബയിൽ പ്രവേശിക്കുനവരും സുരകഷിതരായിരിക്കും എന്നായിരുന്നു. മക്കക്കാർ ഈ വഴികളിലൂടെ സംരക്ഷണം തേടുന്നത് കണ്ടപ്പോൾ, ഏതാനും വർഷം മുൻപ് അതേ തെരുവുകളിൽ നടന്ന ക്രൂരതകൾ നബിതിരുമേനി(സ) ഓർമ്മിച്ചിട്ടുണ്ടാവാം. തെരുവുകളിലൂടെ വലിച്ചിഴയ്ക്കപ്പെട്ട അതേ ബിലാൽ(റ) ഇപ്പോൾ ഈ മഹത്തായ മുസ്‌ലിം സൈന്യത്തിലെ ഒരംഗമായി അതേ തെരുവുകളിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. നബിതിരുമേനി(സ) ഇതിന് തീർച്ചയായും പ്രതികാരം ചോദിക്കേണ്ടതാണ് എന്ന് കരുതി. അദ്ദേഹം അത് ഏറ്റവും മനോഹരമായ രീതിയിൽ ചെയ്തു. അല്ലാഹുവിന്‍റെ പ്രവാചകൻ(സ) ബിലാൽ(റ)മായി സാഹോദര്യ ബന്ധം സ്ഥാപിച്ച അബൂ റുവൈഹ(റ)ക്ക് ഒരു പതാക നൽകുകയും, അബൂ റുവൈഹ(റ)യുടെ പതാകക്ക് കീഴിൽ വരുന്ന എല്ലാവർക്കും സംരക്ഷണം ലഭിക്കുമെന്ന് പ്രഖ്യാപിക്കാൻ ഹദ്റത്ത് ബിലാൽ(റ)നോട് നിർദ്ദേശിക്കുകയും ചെയ്തു. ഇത് എത്ര ബുദ്ധിപൂർവ്വവും മനോഹരവുമായ പ്രതികാരമായിരുന്നു. കണങ്കാലിൽ കയർ കെട്ടി തെരുവുകളിലൂടെ വലിച്ചിഴയ്ക്കപ്പെട്ടിരുന്ന ബിലാൽ(റ)ന് ഈ തെരുവുകൾ ഒരു സംരക്ഷണ സ്ഥലമായിരുന്നില്ല. ഹദ്‌റത്ത് ബിലാൽ(റ)ന്‍റെ മനസ്സിലൂടെ പ്രതികാര ചിന്തകൾ കടന്നുപോയിരിക്കാമെന്നും, തന്‍റെ വിശ്വസ്തനായ അനുയായിയെ പരിഗണിക്കേണ്ടതുണ്ടെന്നും നബിതിരുമേനി(സ)ക്ക് അറിയാമായിരുന്നു. അതേസമയം, ഈ പ്രതികാരം ഇസ്‌ലാമിന്‍റെ അന്തസ്സിന് അനുസൃതവും ആയിരിക്കണം. അതുകൊണ്ട്, ബിലാൽ(റ)ന് വേണ്ടിയുള്ള നബിതിരുമേനി(സ)യുടെ പ്രതികാരം വാളിലൂടെയായിരുന്നില്ല, മറിച്ച് ബിലാലിന്‍റെ സഹോദരന് പതാക നൽകിക്കൊണ്ടും, പിന്നീട് അദ്ദേഹത്തിന്‍റെ സഹോദരന്‍റെ പതാകയുടെ കീഴിൽ നിൽക്കുന്ന എല്ലാവർക്കും സംരക്ഷണം ലഭിക്കുമെന്ന് പ്രഖ്യാപിക്കാൻ ബിലാൽ(റ)നെ ചുമതലപ്പെടുത്തിക്കൊണ്ടുമായിരുന്നു. ഇത് എത്ര മനോഹരമായ പ്രതികാരമായിരുന്നു.
നബിതിരുമേനി(സ) അസാഖിറിന്‍റെ പർവത പാതയിലൂടെയാണ് മക്കയിൽ പ്രവേശിച്ചത്. വാളുകളുടെ തിളക്കം കണ്ടപ്പോൾ, യുദ്ധം പാടില്ലെന്ന് നിർദ്ദേശിച്ചിരുന്ന കാര്യം അല്ലാഹുവിന്‍റെ പ്രവാചകൻ മുസ്‌ലിങ്ങളെ ഓർമ്മിപ്പിച്ചു.
ഖാലിദ് ബിൻ വലീദിന്‍റെ(റ) സംഘങ്ങളെ മക്കക്കാർ ആദ്യം ആക്രമിക്കുകയായിരുന്നുവെന്നും, അവർക്ക് സ്വയം പ്രതിരോധിക്കേണ്ടി വന്നുവെന്നും നബിതിരുമേനി(സ)യെ അറിയിച്ചപ്പോൾ, അല്ലാഹുവിന്‍റെ തീരുമാനം ഏറ്റവും നല്ലതാണെന്ന് ആ മഹാത്മാവ് പറഞ്ഞു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മുസ്‌ലിങ്ങൾ മക്കയിൽ പ്രവേശിക്കുന്നത് തടയാൻ ബലപ്രയോഗം കൊണ്ട് സാധിക്കില്ലെന്ന് അല്ലാഹു മക്കക്കാരെ കാണിക്കാൻ ആഗ്രഹിച്ചു.
ഈ വിവരണങ്ങൾ ഇനിയും തുടരുന്നതാണെന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
അനുസ്മരണം
ഖുത്ബയുടെ അവസാനത്തിൽ കുറച്ച് ദിവസം മുൻപ് മരണപ്പെട്ട ജമാഅത്തിലെ സഹോദരി അമീന ഷാനസ് സാഹിബയെ ഖലീഫാ തിരുമനസ്സ് അനുസ്മരിച്ചു:
അമീന ഷാനസ്, ലാഹോറിലെ ഇനാമുല്ലാഹ് സാഹിബിന്‍റെ ഭാര്യയാണ്. അവർക്ക് ഭർത്താവും, ഒരു മകനും നാല് പെൺമക്കളുമാണുള്ളത്. അവരുടെ മകൻ സെനഗലിൽ ഒരു മിഷനറിയായി സേവനം അനുഷ്ഠിക്കുകയാണ്. സേവന രംഗത്ത് ആയതിനാൽ അദ്ദേഹത്തിന് ഉമ്മയുടെ ജനാസ നമസ്കാരത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. അദ്ദേഹം പറയുന്നു: ഉമ്മ വളരെ ധർമ്മനിഷ്ഠയായ, നമസ്കാരവും നോമ്പും കൃത്യമായി നിർവഹിക്കുന്ന, പതിവായി വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന, ഖിലാഫത്തിനോട് അഗാധമായ സ്നേഹമുള്ള സ്ത്രീയ്യായിരുന്നു. ഖലീഫാ തീരുമനസ്സിന് കത്തെഴുതാൻ അവർ എപ്പോഴും മക്കളെ പ്രോത്സാഹിപ്പിച്ചിരുന്നു. അവർ വളരെ ആതിഥ്യമര്യാദ ഉള്ളവരായിരുന്നു. തനിക്ക് സാധിക്കുന്നതിലും അപ്പുറം അതിഥികളെ പരിചരിച്ചിരുന്നു. അഹ്‌മദിയ്യത്തിനെതിരെ എതിർപ്പ് പ്രകടിപ്പിച്ചാൽ പോലും, അഹ്‌മദിദിയല്ലാത്ത അയൽക്കാരോട് അവർ വളരെ സ്നേഹത്തോടെ പെരുമാറിയിരുന്നു. ജമാഅത്തിന് വേണ്ടിയുള്ള ഭർത്താവിന്‍റെ സേവനങ്ങളിൽ അവർ വളരെയേറെ പിന്തുണ നൽകിയിരുന്നു. മരണപ്പെട്ട കുടുംബാംഗങ്ങളുടെ പേരിലും സാമ്പത്തിക സംഭാവനകൾ നൽകുന്നത് അവർ പതിവായിരുന്നു. അഹ്‌മദിയല്ലാത്ത അവരുടെ ഒരു അയൽക്കാരി പറയുന്നു, അമീന ഷാനസ് സാഹിബ എന്നെ ഒരു സഹോദരിയെപ്പോലെയാണ് കണ്ടിരുന്നത്. എന്‍റെ മക്കൾ അവരെ അമ്മായി എന്നാണ് വിളിച്ചിരുന്നത്. ഇവര്‍ സെക്രട്ടറി മാല്‍ സേവനം അനുഷ്ഠിക്കുകയും വലിയ സേവനങ്ങൾ ചെയ്യുകയും ചെയ്തിടുണ്ട്. ഖലീഫാ തിരുമനസ്സ്(അയ്യദഹുല്ലാഹ്) അവർക്ക് വേണ്ടി പ്രാർത്ഥിച്ചു. അല്ലാഹു അവർക്ക് പൊറുത്തു കൊടുക്കട്ടെ, കാരുണ്യം വർഷിക്കട്ടെ. അവരുടെ ജനാസ നമസ്കാരത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്ന മകന് അല്ലാഹു ക്ഷമയും സഹനവും പ്രദാനം ചെയ്യട്ടെ. അവരുടെ എല്ലാ മക്കൾക്കും അല്ലാഹു അവരുടെ പ്രാർത്ഥനകളുടെ ഫലം നൽകട്ടെ. ആമീൻ
0 Comments