തിരുനബിചരിത്രം: മക്കാ വിജയവുമായി ബന്ധപ്പെട്ട സംഭവങ്ങൾ

സർ വില്യം മ്യൂർ, സർ മോണ്ട്ഗോമറി തുടങ്ങിയ ഓറിയന്റലിസ്റ്റുകൾ മക്കാ വിജയത്തെക്കുറിച്ച് എഴുതവെ നബി(സ)യുടെ നീതിപൂർവമായ പെരുമാറ്റത്തെ എടുത്ത് പറഞ്ഞിട്ടുണ്ട്

തിരുനബിചരിത്രം: മക്കാ വിജയവുമായി ബന്ധപ്പെട്ട സംഭവങ്ങൾ

സർ വില്യം മ്യൂർ, സർ മോണ്ട്ഗോമറി തുടങ്ങിയ ഓറിയന്റലിസ്റ്റുകൾ മക്കാ വിജയത്തെക്കുറിച്ച് എഴുതവെ നബി(സ)യുടെ നീതിപൂർവമായ പെരുമാറ്റത്തെ എടുത്ത് പറഞ്ഞിട്ടുണ്ട്

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 18 ജൂലൈ 2025ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: മുനവ്വർ അഹ്‌മദ്‌ എം

തശഹ്ഹുദ്, തഅവ്വുദ്, സൂറത്തുൽ ഫാത്തിഹ പാരായണം ചെയ്ത ശേഷം, സയ്യിദ്നാ ഹദ്‌റത്ത് മിർസാ മസ്റൂർ അഹ്മദ് (അയ്യദഹുല്ലാഹ്) മക്കാ വിജയത്തെക്കുറിച്ചുള്ള വിവരണം തുടരുമെന്ന് പറഞ്ഞു.

എത്രനാൾ നബി(സ) മക്കയിൽ താമസിച്ചു?

നബി(സ) മക്കയിൽ എത്രനാൾ താമസിച്ചു എന്നതിനെക്കുറിച്ച് വിവിധ അഭിപ്രായങ്ങളുണ്ട്. മക്കയിലേക്കും തിരിച്ചുമുള്ള യാത്രയടക്കം 19 ദിവസമാണ് നബി(സ) മക്കയിൽ തങ്ങിയതെന്ന് മിക്ക നിവേദനങ്ങളിലും പറയുന്നു. യാത്രാദിവസങ്ങൾ ഉൾപ്പെടാത്തതിനാൽ കുറഞ്ഞ ദിവസങ്ങൾ മാത്രമാണ് ചില നിവേദനങ്ങളിൽ പരാമർശിക്കുന്നത്.

മക്കാ വിജയത്തെക്കുറിച്ച് ഓറിയന്റലിസ്റ്റുകൾ

സർ വില്യം മ്യൂർ, സർ വില്യം മോണ്ട്ഗോമറി തുടങ്ങിയ ഓറിയന്റലിസ്റ്റുകൾ മക്കാ വിജയത്തെക്കുറിച്ച് എഴുതിയതിനെക്കുറിച്ച് ഹുസൂർ തിരുമനസ്സ് പറയുന്നു, ഇവർ ഇസ്‌ലാം വിമർശകർ ആണെങ്കിലും, മക്കക്കാരെ ഇസ്‌ലാം സ്വീകരിക്കാൻ നിർബന്ധിച്ചിട്ടില്ലെന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നബി(സ) അവരോടെല്ലാം നീതിയോടെ പെരുമാറുകയും അതുവഴി ഐക്യത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. അറേബ്യയെ ലോകമെമ്പാടുമുള്ള ഒരു അംഗീകൃത ശക്തിയായി മാറ്റുന്ന ഒരു ഏകീകൃത അറേബ്യയെക്കുറിച്ച് ദീർഘവീക്ഷണം നടത്താനുള്ള കഴിവ് നബി(സ)ക്കുണ്ടായിരുന്നു. പിന്നീട് അറേബ്യയിലെ വലിയ ശക്തികൾ നബി(സ)യുടെ മുന്നിൽ തലകുനിച്ചതോടെ അക്കാര്യം യാഥാർത്ഥ്യമായി. അമേരിക്കൻ ഓറിയന്റലിസ്റ്റ് ആർതർ ഗിൽമാൻ മക്കാ വിജയത്തെക്കുറിച്ച് എഴുതുന്നു , നബി(സ) തന്റെ വിശ്വസ്തനായ ഒട്ടകത്തിൻ്റെ പുറത്ത് കയറി മക്കയിൽ പ്രവേശിച്ചപ്പോൾ, തെരുവുകൾ ശൂന്യമായിരുന്നു. അത് സമാധാനപരമായി താൻ സ്വീകരിക്കപ്പെടുമെന്നുള്ള സൂചന ആയതുകൊണ്ട് അവിടുന്ന് അങ്ങേയറ്റം നന്ദിയുള്ളവനായിരുന്നു. രക്തച്ചൊരിച്ചിൽ പാടില്ലെന്ന് നബി(സ) ഉത്തരവിട്ടു, ഖാലിദ് ബിൻ വലീദിന് ഏർപ്പെടേണ്ടിവന്ന ചെറിയ യുദ്ധം പോലും ആ മഹാത്മാവിന് അനിഷ്ടകരമായിരുന്നു. കഅ്ബയിൽ പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹങ്ങളെ ശുദ്ധീകരിക്കുക എന്നതായിരുന്നു നബി(സ)യുടെ ആദ്യത്തെ ദൗത്യം.

അതിനുശേഷം, ആളുകളെ നമസ്കാരത്തിനായി വിളിക്കാൻ കഅ്ബയുടെ മുകളിൽ കയറാൻ അവിടുന്ന് ബാങ്ക് കൊടുക്കുന്ന ആളോട് നിർദ്ദേശിച്ചു. ഭൂതകാലത്ത് ഹീനമായ കുറ്റകൃത്യങ്ങൾ ചെയ്ത 10,12 പേർക്ക് മാത്രമാണ് ശിക്ഷ വിധിച്ചത്, അതിൽ നാല് പേർക്ക് വധശിക്ഷ നൽകി. എന്നിരുന്നാലും, ജറുസലേം കീഴടക്കിയപ്പോൾ മുസ്‌ലിംകൾ നേരിട്ട ക്രൂരതകളെയും ഗോൾഡ് കോസ്റ്റ് കീഴടക്കിയപ്പോൾ നടന്ന അനീതികളെയും അപേക്ഷിച്ച്, നബി(സ) വലിയ കാരുണ്യം പ്രകടിപ്പിക്കുകയും പൊതുമാപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.

മറ്റൊരു അമേരിക്കൻ ഓറിയന്റലിസ്റ്റ് റൂത്ത് ക്രാൻസ്റ്റൺ പറയുന്നു, മക്കയിൽ കല്ലേറ് കൊള്ളുകയും പുറത്താക്കപ്പെടുകയും ചെയ്ത് പത്ത് വർഷത്തിന് ശേഷം, നബി(സ) പതിനായിരം മുസ്‌ലിംകളോടൊപ്പം മക്കയിൽ പ്രവേശിച്ചു. ആരെയും കൊല്ലരുതെന്നും മക്കക്കാരോട് ദയയോടെ പെരുമാറണമെന്നും നബി(സ) നിർദ്ദേശിച്ചു. നബി(സ) അല്ലാതെ മറ്റൊരാളായിരുന്നെങ്കിൽ എത്ര വലിയ രക്തച്ചൊരിച്ചിൽ നടക്കുമായിരുന്നു എന്ന് സങ്കൽപ്പിക്കുക. നബി(സ) ഓരോ വിഗ്രഹത്തെയും കഅ്ബയിൽ നിന്ന് എടുത്ത് നശിപ്പിക്കുകയും ‘സത്യം വന്നു, അസത്യം അപ്രത്യക്ഷമായി’ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.

പ്രശസ്ത ഇംഗ്ലീഷ് ഓറിയന്റലിസ്റ്റ് കാരൺ ആംസ്ട്രോംഗ് പറയുന്നു, നബി(സ)ക്ക് രക്തരൂക്ഷിതമായ പ്രതികാരത്തിൽ താൽപ്പര്യമില്ലായിരുന്നു. ആരെയും ഇസ്‌ലാം സ്വീകരിക്കാൻ നിർബന്ധിച്ചില്ല. നബി(സ)ക്ക് അങ്ങനെ ആഗ്രഹവുമില്ലായിരുന്നു. പകരം, ഐക്യവും സൗഹൃദവും സ്ഥാപിക്കാനാണ് അവിടുന്ന് ആഗ്രഹിച്ചത്. മക്കാ വിജയത്തിലൂടെ, മുഹമ്മദ്(സ) തന്റെ പ്രവാചകത്വത്തിന്റെ സത്യസന്ധത കാണിച്ചു. ആ മഹാത്മാവിന്റെ കഠിന ശത്രുക്കൾ അങ്ങേയറ്റം ഭക്തരായ സഹചാരികളായി മാറി.

അബ്ദുള്ള ബിൻ സഅദ് ബിൻ അബീ സർഹിന്റെ പശ്ചാത്താപം

മക്കാ വിജയകാലത്തെ മറ്റൊരു സംഭവമാണ് അബ്ദുള്ള ബിൻ സഅദ് ബിൻ അബീ സർഹിന്റെ പശ്ചാത്താപം. അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുകയും പിന്നീട് വെളിപാടുകൾ എഴുതുകയും ചെയ്ത വ്യക്തിയായിരുന്നു. എന്നിരുന്നാലും, അദ്ദേഹം മതത്തിൽ നിന്ന് വ്യതിചലിക്കുകയും ഇസ്‌ലാം ഉപേക്ഷിക്കുകയും ചെയ്തു. മക്കാ വിജയ സമയത്ത്, അദ്ദേഹം തന്റെ വളർത്ത് സഹോദരനായ ഹദ്റത്ത് ഉസ്മാൻ ബിൻ അഫ്‌വാന്റെ (റ) വീട്ടിൽ ഒളിച്ചിരുന്നു. ഹദ്റത്ത് ഉസ്മാൻ(റ) അബ്ദുല്ലായെ നബി(സ)യുടെ അടുത്തേക്ക് കൊണ്ടുവരുകയും അനുസരണ പ്രതിജ്ഞ സ്വീകരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. കുറച്ചു നേരം നിർത്തിയതിന് ശേഷം, നബി(സ) അദ്ദേഹത്തിന്റെ പ്രതിജ്ഞ സ്വീകരിച്ചു. പിന്നീട്, നബി(സ) താൻ അൽപനേരം നിർത്തിയതിന്റെ കാരണം വിശദീകരിച്ചു, ഒരു മുസ്‌ലിം അദ്ദേഹത്തിനെതിരെ മാരകമായ ആക്രമണം നടത്തുമോ എന്ന് സംശയിച്ചാണ് താൻ നിർത്തിയതെന്ന് അവിടുന്ന് പറഞ്ഞു. എന്തുകൊണ്ടാണ് നബി(സ) അത് സൂചിപ്പിക്കാതിരുന്നത് എന്ന് സ്വഹാബികൾ ചോദിച്ചപ്പോൾ, അത്തരം സൂചനകൾ നൽകുന്നത് ഒരു പ്രവാചകന് ഉചിതമല്ലെന്ന് നബി(സ) മറുപടി നൽകി. ഈ സംഭവം വിവരിക്കുന്ന നിവേദനങ്ങൾ വിശ്വസനീയമല്ല. കാരണം ഇത് നബി(സ)യുടെ പരിശുദ്ധ സ്വഭാവത്തിന് വിരുദ്ധമാണ്. അബ്ദുല്ലാഹ് ബിൻ സഅദിന് നബി(സ) സംരക്ഷണം നൽകിയെന്നും അദ്ദേഹത്തെ വധിച്ചില്ല എന്നും പരാമർശിക്കുന്ന മറ്റു നിവേദനങ്ങളുമുണ്ട്. ഈ സംഭവം പരാമർശിക്കപ്പെട്ട നിവേദനങ്ങളുടെ ആധികാരികത സംശയാസ്പദമാണെന്നും ഈ നിവേദനങ്ങൾ ദുർബലമാണെന്നും ഹുസൂർ(അയ്യദഹുല്ലാഹ്) ഊന്നിപ്പറഞ്ഞു.

ഇസ്‌ലാമിൽ മതപരിവർത്തനത്തിന് ശിക്ഷയില്ല, അതിനാൽ അബ്ദുല്ലാഹ് ബിൻ സഅദിനെ മതം ഉപേക്ഷിച്ചതിന്റെ പേരിൽ നബി(സ) കൊല്ലാൻ നിർദ്ദേശിച്ചു എന്ന് പറയുന്ന ഒരു നിവേദനവും ശരിയല്ല.മാത്രമല്ല, ഈ സംഭവം വിവരിക്കുന്ന രീതി നബി(സ)യുടെ അന്തസ്സിന് വിരുദ്ധമാണ്. അന്നേ ദിവസം, നബി(സ) കാരുണ്യത്തിന്റെ ഏറ്റവും ഉയർന്ന നിലവാരം പ്രകടിപ്പിക്കുകയും മാപ്പ് തേടിയവർക്ക് , അവർ വധശിക്ഷക്ക് വിധിക്കപ്പെട്ടിരുന്നെങ്കിൽ പോലും മാപ്പ് നൽകുകയും ചെയ്തു. കൂടാതെ, ബുഖാരി, മുസ്‌ലിം എന്നീ ആധികാരിക ഗ്രന്ഥങ്ങളിൽ ഇത്തരം നിവേദനങ്ങൾ കാണുന്നില്ല. മാത്രമല്ല, നബി(സ) ഒരു വിജയശ്രീലാളിതനായ നേതാവായിരുന്നു, ആർക്കെങ്കിലും വധശിക്ഷ നൽകണമെന്ന് അവിടുന്ന് ആഗ്രഹിച്ചിരുന്നെങ്കിൽ, ആംഗ്യങ്ങളിലൂടെ സൂചിപ്പിക്കേണ്ട ആവശ്യമില്ലായിരുന്നു; പകരം, വ്യക്തമായി വധശിക്ഷ നൽകണമെന്ന് പറയാമായിരുന്നു. അതുകൊണ്ട് നബി(സ)യെക്കുറിച്ച് ഇത്തരം കാര്യങ്ങൾ ആരോപിക്കുന്നത് ഉചിതമല്ല. നബി(സ) തന്റെ ഹൃദയത്തിൽ ഒരു കാര്യം ആഗ്രഹിച്ചു, പക്ഷേ ആംഗ്യം കൊണ്ടോ കണ്ണുകൊണ്ടോ അത് സൂചിപ്പിച്ചില്ല. ആ ദിവസം നബി(സ)യുടെ കാരുണ്യത്തിൻ്റെ ദിനമായി വിശേഷിപ്പിക്കപ്പെടുന്നു. അതിനാൽ, ഈ സംഭവവുമായി ബന്ധപ്പെട്ട നിവേദനങ്ങൾ സ്വീകരിക്കാൻ കഴിയില്ല, അതുകൊണ്ടാണ് പല ചരിത്രകാരന്മാരും ഈ സംഭവം അവഗണിച്ചത്. വാസ്തവത്തിൽ, അബ്ദുള്ള ബിൻ അബീ സർഹ് പിന്നീട് ഈജിപ്തിലെ ഗവർണറായി എന്നും രേഖപ്പെടുത്തിയിട്ടുണ്ട്.

ഇക്‌രിമ ബിൻ അബീ ജഹലിനെക്കുറിച്ചുള്ള പ്രവചനത്തിന്റെ പൂർത്തീകരണം

ഇക്‌രിമ ബിൻ അബീ ജഹൽ ഇസ്‌ലാം സ്വീകരിച്ച സംഭവവും ഹുസൂർ(അയ്യദഹുല്ലാഹ്) പറഞ്ഞു. ഇക്‌രിമ വധശിക്ഷയ്ക്ക് ഉത്തരവിട്ടവരിൽ ഒരാളായിരുന്നു. അദ്ദേഹവും പിതാവും മുസ്‌ലിംകൾക്കെതിരെ വലിയ ക്രൂരതകൾ ചെയ്തിരുന്നു. ഈ ഉത്തരവിനെക്കുറിച്ച് കേട്ടപ്പോൾ അദ്ദേഹം യെമനിലേക്ക് പലായനം ചെയ്തു. മുസ്‌ലിംകൾക്കെതിരെ ചെയ്ത ക്രൂരതകൾ കാരണം തങ്ങൾ തീർച്ചയായും കൊല്ലപ്പെടുമെന്നും അതിനാൽ പലായനം ചെയ്യാമെന്നും മക്കയിലെ നേതാക്കൾ തന്നെ ഊഹിച്ചിരിക്കാം. നബി(സ)യുടെ വലിയ ദയയും ക്ഷമയും കാരുണ്യവും അവർ കണക്കാക്കിയിരുന്നില്ല. പിന്നീട് നബി(സ)യുടെ കാരുണ്യത്തെ ക്കുറിച്ച് മനസ്സിലാക്കിയപ്പോൾ, അവർ മക്കയിലേക്ക് മടങ്ങാൻ തുടങ്ങി. ഇക്‌രിമ ധീരരായ മക്കൻ സൈനികരുടെ ഒരു സംഘത്തെ സംഘടിപ്പിക്കുകയും ഖാലിദ് ബിൻ വലീദ്(റ) മക്കയിൽ പ്രവേശിക്കുന്നത് തടയാൻ ശ്രമിക്കുകയും ചെയ്തു. എന്നാൽ, അവരുടെ 20 ഓളം പടയാളികൾ കൊല്ലപ്പെടുന്നത് കണ്ടപ്പോൾ ഇക്‌രിമയും മറ്റുള്ളവരും പലായനം ചെയ്തു.

ഇക്‌രിമയുടെ ഭാര്യ തന്റെ ഭർത്താവ് മരണഭയത്താൽ പലായനം ചെയ്തു എന്ന് കേട്ടപ്പോൾ, നബി(സ)യുടെ അടുത്ത് ചെന്ന് അദ്ദേഹത്തിന് വേണ്ടി മാപ്പിനപേക്ഷിച്ചു. ഇക്‌രിമയ്ക്ക് മാപ്പ് നൽകിയിട്ടുണ്ടെന്ന് നബി(സ) പറഞ്ഞു, അങ്ങനെ അദ്ദേഹത്തിന്റെ ഭാര്യ അദ്ദേഹത്തെ പിന്തുടർന്ന് മാപ്പ് ലഭിച്ചതായും മക്കയിലേക്ക് മടങ്ങണമെന്നും അറിയിച്ചു. ഇക്‌രിമ തിരിച്ചെത്തി നബി(സ)യെ കണ്ടുമുട്ടിയപ്പോൾ, അവിശ്വാസിയായിക്കൊണ്ട് തന്നെ മക്കയിൽ സമാധാനപരമായി ജീവിക്കാൻ കഴിയുമെന്ന് തന്റെ ഭാര്യ തന്നെ അറിയിച്ചതായി പറഞ്ഞു. ഇത് സത്യമാണെന്ന് നബി(സ) പറഞ്ഞു. ഇത് കേട്ടപ്പോൾ, ഇക്‌രിമ ഏകദൈവത്തിലുള്ള തന്റെ വിശ്വാസവും മുഹമ്മദ്(സ) അവന്റെ ദൂതനാണെന്ന വിശ്വാസവും പ്രഖ്യാപിച്ചു. ആ ദിവസം ഇക്‌രിമ എന്ത് ആവശ്യപ്പെട്ടാലും നബി(സ) അത് നൽകുമെന്ന് പറഞ്ഞു. നബി(സ)യോട് താൻ ചെയ്ത എല്ലാ തെറ്റുകൾക്കും മാപ്പ് ലഭിക്കുന്നതിനായി പ്രാർത്ഥിക്കാൻ ഇക്‌രിമ ആവശ്യപ്പെട്ടു; അങ്ങനെ നബി(സ) അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചു. തുടർന്ന്, നബി(സ) തന്റെ സ്വന്തം മേലങ്കി ഇക്‌രിമയ്ക്ക് നൽകി.

ഇക്‌രിമയുടെ ഇസ്‌ലാം സ്വീകരണം ഒരു പ്രവചനത്തിന്റെ പൂർത്തീകരണമായിരുന്നു. വർഷങ്ങൾക്ക് മുമ്പ്, നബി(സ) ഒരു സ്വപ്നം കണ്ടിരുന്നു, അതിൽ അദ്ദേഹം സ്വർഗ്ഗത്തിലായിരിക്കെ ഒരു മുന്തിരിക്കുല കണ്ടു. അത് ആർക്കുവേണ്ടിയാണെന്ന് അന്വേഷിച്ചപ്പോൾ, അത് അബൂജഹലിന് വേണ്ടിയാണെന്ന് അറിയിച്ചു. സത്യവിശ്വാസികൾക്ക് മാത്രമേ സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ കഴിയൂ എന്ന് പ്രവാചകൻ(സ) സ്വയം ചിന്തിച്ചു. പിന്നീട് വ്യക്തമായത്, സ്വർഗ്ഗത്തിൽ നിന്നുള്ള ഈ മുന്തിരിക്കുല പിന്നീട് സത്യവിശ്വാസിയായി മാറിയ അബൂജഹലിന്റെ മകനായ ഇക്‌രിമക്ക് വേണ്ടിയായിരുന്നു എന്നാണ്.

ഹബ്ബാർ ബിൻ അസ്വദിന്റെ ഇസ്‌ലാം സ്വീകരണം

ഹബ്ബാർ ബിൻ അസ്വദ് പലായനം ചെയ്തതും പിന്നീട് ഇസ്‌ലാം സ്വീകരിച്ച സംഭവവും ഹുസൂർ(അയ്യദഹുല്ലാഹ്) വിവരിച്ചു. അദ്ദേഹം പലപ്പോഴും ആളുകളെ പ്രവാചകൻ(സ)ക്ക് എതിരായി ഇളക്കിവിടുമായിരുന്നു, കൂടാതെ അദ്ദേഹം സ്വയം വളരെ മോശം സ്വഭാവമുള്ള ഒരാളായിരുന്നു.ആ വ്യക്തിയായിരുന്നു ഗർഭിണിയായിരുന്ന ഹദ്റത്ത് സൈനബിനെ(റ) ആക്രമിച്ചത്. അത് അവരുടെ ഗർഭം അലസുന്നതിനും ശേഷിച്ച ജീവിതകാലം മുഴുവൻ രോഗിയായി കഴിയുന്നതിനും കാരണമായി.

അയാൾക്കെതിരെ വധശിക്ഷയ്ക്ക് ഉത്തരവിട്ടിരുന്നു, അങ്ങനെ മക്കാ വിജയം നടന്നപ്പോൾ ആ വ്യക്തി പലായനം ചെയ്യുകയും ഒളിവിൽ കഴിയുകയും ചെയ്തു. നബി(സ) മദീനയിലേക്ക് മടങ്ങിയപ്പോൾ, അദ്ദേഹം നബി(സ)യുടെ മുമ്പാകെ ഹാജരായി. അദ്ദേഹത്തെ വെറുതെ വിടാൻ നബി(സ) സ്വഹാബികളോട് നിർദ്ദേശിച്ചു. അദ്ദേഹം നബി(സ)യെ കണ്ടുമുട്ടുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. ഒളിവിലിരിക്കുമ്പോൾ, നബി തിരുമേനി(സ) യുടെ വലിയ കാരുണ്യത്തെക്കുറിച്ച് കേൾക്കുകയും, തിരുമേനി(സ)യോട് താൻ ചെയ്ത എല്ലാ അതിക്രമങ്ങൾക്കും മാപ്പ് തേടുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.

ഹബ്ബാർ മാപ്പ് തേടുമ്പോൾ, നബി(സ) തല വിനയത്തോടെ താഴ്ത്തിയിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തിരുനബി(സ) ഹബ്ബാറിന്റെ അപേക്ഷ സ്വീകരിക്കുകയും മാപ്പ് നൽകുകയും ചെയ്തു. ഹുസൂർ അൻവർ(അയ്യദഹുല്ലാഹ്) പറഞ്ഞു. ചിലർ വാദിക്കാൻ ശ്രമിക്കുന്നതുപോലെ ഹബ്ബാർ ബിൻ അസ്‌വദിന് മാപ്പ് നൽകിയിരിക്കെ, അബ്ദുല്ല ബിൻ അബീ സർഹിനെ വധിക്കാൻ നബി തിരുമേനി(സ) ആഗ്രഹിച്ചിരുന്നു എന്നത് എങ്ങനെയാണ് പ്രായോഗികമാകുക.
ഇത് അബ്ദുള്ള ബിൻ അബീ സർഹിനെക്കുറിച്ചുള്ള നിവേദനങ്ങളുടെ അസാധുതയെ കൂടുതൽ തെളിയിക്കുന്നു എന്ന് ഹുസൂർ(അയ്യദഹുല്ലാഹ്) അഭിപ്രായപ്പെട്ടു.

കഅബ് ബിൻ സുഹൈറിന്റെ ഇസ്‌ലാം സ്വീകരണം

കഅബ് ബിൻ സുഹൈറും ഇസ്‌ലാം സ്വീകരിച്ചതായി ഹുസൂർ(അയ്യദഹുല്ലാഹ്) പറഞ്ഞു. മുമ്പ്, തൻ്റെ സഹോദരൻ ഇസ്ലാം മതം സ്വീകരിച്ചതിൽ അയാൾ വളരെ അസ്വസ്ഥനാവുകയും അക്രമത്തിന് പ്രേരിപ്പിക്കുന്ന കവിതകൾ എഴുതുകയും ചെയ്തു.
എന്നിരുന്നാലും, പിന്നീട് കഅബിന് പ്രവാചകൻ(സ) മുമ്പാകെ കീഴടങ്ങുകയും മാപ്പ് തേടുകയും അല്ലാതെ മറ്റു മാർഗ്ഗമില്ലായിരുന്നു, അങ്ങനെ പ്രവാചകൻ(സ) മദീനയിലായിരിക്കുമ്പോൾ അദ്ദേഹം ഇസ്ലാം മതം സ്വീകരിച്ചു. ആ അവസരത്തിൽ, കഅബ് താൻ രചിച്ച ഒരു കവിത ചൊല്ലി, ആ കവിത മാപ്പിന് അപേക്ഷിച്ചുകൊണ്ടും നബി തിരുമേനി ആദരിച്ചുകൊണ്ടുമുള്ളതായിരുന്നു. അത് കേട്ടപ്പോൾ, നബി(സ) താൻ ധരിച്ചിരുന്ന മേലങ്കി കഅബിന് നൽകി.

ഹുസൂർ(അയ്യദഹുല്ലാഹ്) ഈ സംഭവങ്ങൾ ഭാവിയിൽ തുടർന്നും പരാമർശിക്കുമെന്ന് പറഞ്ഞു.

വരാനിരിക്കുന്ന വാർഷിക കൺവെൻഷനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ

അടുത്ത ആഴ്ച യു.കെ.യിലെ അഹ്മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ ജൽസ സലാന (വാർഷിക സമ്മേളനം) ആരംഭിക്കുകയാണ്. അല്ലാഹു ഈ ജൽസയെ എല്ലാ വിധത്തിലും അനുഗ്രഹിക്കട്ടെയെന്നും അവന്റെ അനുഗ്രഹങ്ങൾ അതിൽ തുടർച്ചയായി വർഷിച്ചുകൊണ്ടിരിക്കട്ടെ എന്നും ഹുസൂർ(അയ്യദഹുല്ലാഹ്) പ്രാർത്ഥിച്ചു. ഏതെങ്കിലും തരത്തിലുള്ള ദ്രോഹം ചെയ്യാൻ ശ്രമിക്കുന്നവരുടെ കുതന്ത്രങ്ങളിൽ നിന്ന് അല്ലാഹു സംരക്ഷിക്കട്ടെ. രാജ്യത്തിനകത്തുനിന്നോ വിദേശത്തുനിന്നോ വരുന്ന എല്ലാ അതിഥികളെയും അല്ലാഹു ജൽസയിലേക്ക് സുരക്ഷിതമായി എത്തിക്കുകയും അവരെ തൻ്റെ സംരക്ഷണയിൽ നിലനിർത്തുകയും ചെയ്യട്ടെ.

എല്ലാ അതിഥികളെയും ഹോസ്പിറ്റാലിറ്റി വിഭാഗം പരിപാലിക്കണമെന്ന് ഹുസൂർ(അയ്യദഹുല്ലാഹ്) പറഞ്ഞു. അതിഥികളെ ശരിയായ രീതിയിൽ പരിചരിക്കാൻ എല്ലാ ആതിഥേയർക്കും അല്ലാഹു കഴിവ് നൽകട്ടെ.സന്തോഷത്തോടും ആവേശത്തോടും കൂടി വളണ്ടിയർമാർ ജൽസയിൽ സേവനമനുഷ്ഠിക്കാൻ സ്വയം സന്നദ്ധരാകുന്നു.
അവരെല്ലാവർക്കും അവരവരുടെ ഡിപ്പാർട്ട്‌മെൻ്റുകളിൽ നിസ്വാർത്ഥമായി സേവനം ചെയ്യാൻ അല്ലാഹു കഴിവ് നൽകട്ടെ.അവർ അതിഥികളെ ആദരവോടെയും സന്തോഷത്തോടെയും സേവിക്കുന്നവരാകട്ടെ. ചിലപ്പോൾ, ജോലിയുടെ ആധിക്യവും ഉറക്കമില്ലായ്മയും വളണ്ടിയർമാരുടെ സന്തോഷത്തെ ബാധിച്ചേക്കാം; എന്നിരുന്നാലും, ഓരോ വളണ്ടിയറും, ഏത് വകുപ്പിൽ പ്രവർത്തിക്കുന്നവരാണെങ്കിലും, വാഗ്ദത്ത മസീഹിൻ്റെ (അ) അതിഥികളെ സേവിക്കാൻ അല്ലാഹു അവർക്ക് അവസരം നൽകിയിരിക്കുന്നു എന്ന് മനസ്സിൽ ഓർമ വെക്കേണ്ടതാണ്. അതിനാൽ പുഞ്ചിരിയോടെ ത്യാഗങ്ങൾ സഹിച്ചുകൊണ്ട് സേവനമനോഭാവത്തോടെ പ്രവർത്തിക്കുമെന്ന് ഓരോരുത്തരും പ്രതിജ്ഞ ചെയ്യേണ്ടതാണ്. സ്ത്രീയോ പുരുഷനോ, കുട്ടികളോ മുതിർന്നവരോ, ചെറുപ്പക്കാരോ പ്രായമായവരോ, ഉദ്യോഗസ്ഥരോ വളണ്ടിയർമാരോ, പാചകക്കാരോ സുരക്ഷാ വിഭാഗത്തിലുള്ളവരോ പാർക്കിംഗിൽ സേവനം ചെയ്യുന്നവരോ, ശുചിത്വ, ആരോഗ്യ വിഭാഗത്തിലുള്ളവരോ അച്ചടക്ക വിഭാഗത്തിലുള്ളവരോ, കുട്ടികളുടെ ടെൻ്റിൽ സേവനം ചെയ്യുന്നവരോ പ്രധാന ജൽസ ഹാളിൽ സേവനം ചെയ്യുന്നവരോ ആകട്ടെ, എല്ലാവരും തങ്ങളുടെ ജോലികൾ ചെയ്യുമ്പോൾ എപ്പോഴും മുഖത്ത് പുഞ്ചിരി നിലനിർത്തേണ്ടതാണ്.
എല്ലാവർക്കും അങ്ങനെ ചെയ്യാൻ അല്ലാഹു കഴിവ് നൽകട്ടെ.
അതേസമയം, ആരും ഒരു തരത്തിലുള്ള ദ്രോഹവും ചെയ്യാൻ ധൈര്യപ്പെടാതിരിക്കാൻ എല്ലാവരും ജാഗ്രത പുലർത്തേണ്ടതാണ്.
എല്ലാ സന്നദ്ധപ്രവർത്തകർക്കും മികച്ച രീതിയിൽ സേവനം ചെയ്യാൻ അല്ലാഹു സൗഭാഗ്യം നൽകട്ടെ.
സർവ്വശക്തനായ അല്ലാഹുവിങ്കൽ നിന്നുള്ള പ്രതിഫലം അവർക്ക് ലഭിക്കുകയും ചെയ്യട്ടെ

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed