അഹ്മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 1 ഓഗസ്റ്റ്
2025ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: സി. ജി. നസീര്‍ അഹ്‍മദ്
തശഹ്ഹുദ്, തഅവ്വുദ്, സൂറത്തുൽ ഫാത്തിഹ എന്നിവ പാരായണം ചെയ്ത ശേഷം, ഖലീഫാ തിരുമനസ്സ് പറഞ്ഞു, അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ ജൽസ സലാന (വാർഷിക സമ്മേളനം) യു.കെ കഴിഞ്ഞ ഞായറാഴ്ച സമാപിച്ചു. അല്ലാഹു പല അനുഗ്രഹങ്ങളും വർഷിച്ച വളരെ ധന്യമായ ദിവസങ്ങളായിരുന്നു അവ.
ഖലീഫാ തിരുമനസ്സ് പറഞ്ഞു, അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ കാലാവസ്ഥ അനുകൂലമായിരുന്നു. ജൽസയുടെ എല്ലാ കാര്യങ്ങളും വിജയകരമായിരുന്നു. പ്രധാന പ്രസംഗങ്ങളും പരിപാടികളും കൂടാതെ, അഹ്മദികളിലും അഹ്മദികളല്ലാത്തവരിലും ഒരുപോലെ നല്ല മതിപ്പുളവാക്കിയ പ്രദർശനങ്ങളും ഉണ്ടായിരുന്നു. ഇത് ജനങ്ങളെ അവരുടെ അറിവ് മെച്ചപ്പെടുത്താൻ സഹായിച്ചു. അതുപോലെ, എം.ടി. എ. സെഷനുകൾക്കിടയിൽ വിവരദായകമായ പരിപാടികൾ സംപ്രേക്ഷണം ചെയ്തു. അത് ലോകമെമ്പാടുമുള്ള ആളുകൾക്ക് വളരെ ഉപകാരപ്രദമായി. ലോകമെമ്പാടുമുള്ള 56 രാജ്യങ്ങളിലെ 119 കേന്ദ്രങ്ങൾ എം.ടി.എ. വഴി ജൽസയുമായി ദ്വിമുഖ ബന്ധത്തിൽ (two-way connection) ഉണ്ടായിരുന്നു. അതിനാൽ, അവർ ഒരു ടിവി സംപ്രേക്ഷണം കാണുകയായിരുന്നില്ല, മറിച്ച് പരിപാടികളുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുകയായിരുന്നു. ആയിരക്കണക്കിന് മൈലുകൾ അകലെ ഇരുന്നിട്ടും, ജൽസയുടെ പന്തലിൽ ഇരിക്കുന്നതായി അവർക്ക് അനുഭവപ്പെട്ടു എന്ന് ആളുകൾ പറഞ്ഞു
നന്ദി പ്രകടനം
ഖലീഫാ തിരുമനസ്സ് പറഞ്ഞു ആധുനിക സാങ്കേതികവിദ്യയിലൂടെ, മറ്റെവിടെയും കാണാത്ത വിധത്തിൽ മുഴുവൻ അഹ്മദിയ്യാ സമൂഹവും ബന്ധപ്പെട്ടിരിക്കുന്നു എന്നത് അല്ലാഹുവിൻ്റെ ഒരു അനുഗ്രഹമാണ്. ജൽസയുടെ ക്രമീകരണങ്ങൾ മികച്ചതായിരുന്നു എന്നും, എല്ലാവർക്കും ജൽസയിൽ ഒരു പ്രത്യേക ആത്മീയ അനുഭവം ഉണ്ടായി എന്നും പലരും അറിയിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു, ‘നിങ്ങൾ നന്ദിയുള്ളവരാണെങ്കിൽ, ഞാൻ തീർച്ചയായും നിങ്ങൾക്ക് കൂടുതൽ അനുഗ്രഹങ്ങൾ നല്കും.’ (വിശുദ്ധ ഖുർആൻ 14:8). കൂടാതെ, ‘തീർച്ചയായും അല്ലാഹു നന്ദി കാണിക്കുന്നവനും എല്ലാം അറിയുന്നവനുമാണ്’ എന്ന് സ്വയം തന്നെക്കുറിച്ച് വിശേഷിപ്പിക്കുന്നു. (വിശുദ്ധ ഖുർആൻ, 2:159). ഒരാൾ ശരിക്കും നന്ദിയുള്ളവനാണെങ്കിൽ, അല്ലാഹു തീർച്ചയായും കൂടുതൽ നല്കും. ഈ നന്ദി കേവലം വാക്കുകളിൽ ഒതുങ്ങരുത്, മറിച്ച് നന്ദിയുടെ യഥാർഥ മനോഭാവം ഉണ്ടായിരിക്കണം.
ദൈവത്തോട് നന്ദിയുള്ളവരായിരിക്കുമ്പോൾ തന്നെ, തങ്ങളുടെ കാര്യങ്ങൾ എളുപ്പവും സുഗമവുമാക്കാൻ സേവിച്ച വളണ്ടിയർമാരോടും നന്ദി കാണിക്കണം എന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
അല്ലാഹുവിൻ്റെ കൃപയാൽ, ഈ വർഷത്തെ ജൽസയിലെ പങ്കാളിത്തം 46,000-ത്തിലധികം ആയിരുന്നു എന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. വാസ്തവത്തിൽ, സ്ത്രീകളുടെ കണക്ക് ശരിയായി എടുത്തിട്ടില്ല, വീണ്ടും കണക്കാക്കുകയാണെങ്കിൽ, പങ്കാളിത്തം 50,000 വരും എന്ന് സ്ത്രീകൾ പറഞ്ഞു. അതിനാൽ, എല്ലാ 50,000 പേരും, എല്ലാ കാര്യങ്ങളിലും തങ്ങളുടെ അനുഭവം എളുപ്പമാക്കിയ പ്രവർത്തകർക്ക് നന്ദിയുള്ളവരായിരിക്കണം. ചെയ്തതെല്ലാം അല്ലാഹുവിൻ്റെ അനുഗ്രഹത്താൽ മാത്രമാണ്. അതിനാൽ, അല്ലാഹു തങ്ങളെ മികച്ച രീതിയിൽ പ്രവർത്തിക്കാൻ പ്രാപ്തരാക്കിയതിൽ പ്രവർത്തകരും നന്ദിയുള്ളവരായിരിക്കണം. അതേസമയം ജൽസ സുഗമമായി നടത്തുന്നതിന് രാവും പകലും നിസ്വാർത്ഥമായി പ്രവർത്തിച്ച പ്രവർത്തകർക്ക്, പങ്കെടുത്തവരും നന്ദിയുള്ളവരായിരിക്കണം. കാനഡയിൽ നിന്നും ഓസ്‌ട്രേലിയയിൽ നിന്നും യാത്ര ചെയ്ത് ഇവിടെ എത്തിയ യുവാക്കളും, ജൽസക്ക് മുമ്പും ഇപ്പോഴും സേവനം ചെയ്യുന്നുണ്ട്. അല്ലാഹു അവർക്ക് പ്രതിഫലം നൽകട്ടെ എന്ന് ഖലീഫാ തിരുമനസ്സ് ദുആ ചെയ്തു.
അല്ലാഹുവിൻ്റെ ജോലി ചെയ്യുന്ന ആളുകളോട് നന്ദിയുള്ളവരായിരിക്കാൻ അല്ലാഹു പഠിപ്പിക്കുന്നുണ്ട് എന്ന് ഖലീഫാ തിരുമനസ്സ് ഒരു ഹദീഥിനെ ഉദ്ധരിച്ച് പറഞ്ഞു. ഈ നന്ദിയുള്ള മനോഭാവം നന്ദിയുടെ ഒരു പൂർണമായ അന്തരീക്ഷം സൃഷ്ടിക്കും. ഈ അന്തരീക്ഷവും ആവേശവും ജൽസയിലെ അതിഥികളിൽ വലിയ സ്വാധീനം ചെലുത്തുന്നു.
ജൽസയിൽ പങ്കെടുത്ത അതിഥികൾ, തൊഴിലാളികളാണെന്ന് തെറ്റിദ്ധരിച്ച് പ്രവർത്തകരോട് അവരുടെ തൊഴിൽ എന്താണെന്ന് ചോദിച്ചിരുന്നു എന്ന് ഹുസൂർ തിരുമനസ്സ് പറഞ്ഞു. എന്നാൽ, ഈ ആളുകളിൽ പലരും വിവിധ മേഖലകളിലെ പ്രൊഫഷണലുകളാണെന്ന് ( അധ്യാപകരോ ഡോക്ടറേറ്റ് ഉള്ളവരോ ഒക്കെ ) അറിഞ്ഞപ്പോൾ അവർ അത്ഭുതപ്പെട്ടു.
അതിഥികളുടെ അഭിപ്രായങ്ങൾ
ജൽസയിൽ പങ്കെടുത്ത അതിഥികളിൽ നിന്ന് ലഭിച്ച നിരവധി വികാരപ്രകടനങ്ങളിൽ നിന്നും അഭിപ്രായങ്ങളിൽ നിന്നും ചിലതിനെക്കുറിച്ച് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
റോഡറിക് ദ്വീപിലെ പോലീസ് സേനയുടെ അസിസ്റ്റന്റ് കമ്മീഷണർ, താൻ തൻ്റെ പദവിയിൽ പല പരിപാടികളിലും പങ്കെടുത്തിട്ടുണ്ട്, എന്നാൽ ഇതുവരെ ജൽസ പോലെ ഒന്നു കണ്ടിട്ടില്ല എന്ന് പറഞ്ഞു. സംഘാടനവും അച്ചടക്കവും മാതൃകാപരമായിരുന്നു, എല്ലാവരും മാതൃകാപരമായ ആവേശത്തോടെ ഒന്നിച്ച് പ്രവർത്തിക്കുന്നുണ്ടായിരുന്നു. കൈയിൽ പരിക്ക് കാരണം കെട്ടുണ്ടായിരുന്ന ആൾ പോലും പുഞ്ചിരിയോടെ ആളുകളെ സേവിച്ചു. ഡോക്ടർമാരെയും ബിസിനസ് പ്രൊഫഷണലുകളെയും അദ്ദേഹം കണ്ടു, അവരെല്ലാം വിനയത്തോടെയാണ് പ്രവർത്തിച്ചിരുന്നത്. ജൽസയിലേക്കും തിരിച്ചുമുള്ള അദ്ദേഹത്തിൻ്റെ ഡ്രൈവർ, താൻ ബയോകെമിസ്ട്രിയിൽ ഡോക്ടറേറ്റ് പൂർത്തിയാക്കി എന്ന് പറഞ്ഞു, അത് അദ്ദേഹത്തിൽ ഒരു വലിയ മതിപ്പ് ഉണ്ടാക്കി. അത്തരത്തിലുള്ള ഭക്തിയും വിനയവും താൻ മറ്റെവിടെയും കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സുരക്ഷാ ക്രമീകരണങ്ങളെയും മറ്റ് എല്ലാ ക്രമീകരണങ്ങളെയും അദ്ദേഹം പ്രശംസിച്ചു.
ബെൽജിയത്തിൽ നിന്നുള്ള HRWF-ൻ്റെ ഒരു പ്രതിനിധി, ജൽസയിൽ ചേർന്നത് ഒരു അവിസ്മരണീയമായ അനുഭവമാണെന്നും തനിക്ക് ലഭിച്ച സ്നേഹവും ആതിഥ്യവും മനസ്സിൽ മായാത്ത ഒരു മതിപ്പ് ഉണ്ടാക്കിയെന്നും പറഞ്ഞു. ജൽസക്കുള്ള ഒരുക്കങ്ങൾ മാസങ്ങൾക്ക് മുമ്പ് ആരംഭിച്ചതായി അദ്ദേഹം മനസ്സിലാക്കി. ജൽസയുടെ സംഘടനാപരമായ കാര്യങ്ങൾ മാത്രമല്ല, പങ്കെടുത്ത എല്ലാവരുടെയും ധാർമിക നിലവാരവും വലിയ സ്വാധീനം ചെലുത്തി. വ്യത്യസ്ത വകുപ്പുകളിലെ ഓരോ വ്യക്തിയും ഒരു പ്രശ്നവുമില്ലാതെ മികച്ച രീതിയിൽ പ്രവർത്തിച്ചു. ഇത് അഹ്മദിയ്യാ സമൂഹം സമാധാനത്തിൻ്റെയും ഐക്യത്തിൻ്റെയും മനോഭാവം പ്രാവർത്തികമാക്കുന്നവരാണ് എന്ന് കാണിക്കുന്നു. അപരിചിതരായ ആളുകൾ വന്ന് നിങ്ങളെ ഞങ്ങൾ എങ്ങനെയാണ് സേവിക്കേണ്ടത് എന്ന് ചോദിച്ചത് ഒരു വലിയ അനുഭവമായിരുന്നു. ഇന്നും ദൈവം ആളുകളോട് സംസാരിക്കുന്നു എന്നത് ജൽസയിലൂടെ വ്യക്തമായിരുന്നു എന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.
ഇസ്‌ലാമിന്റെ യഥാർഥ അധ്യാപനങ്ങളെക്കുറിച്ച് അറിയാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ബ്രസീലിൽ നിന്നുള്ള ഒരു രാഷ്ട്രീയക്കാരൻ പറഞ്ഞു. ജൽസയുടെ താൽക്കാലിക ക്രമീകരണങ്ങളിൽ അദ്ദേഹം അത്ഭുതം പ്രകടിപ്പിച്ചു. സേവനത്തിന്റെയും ത്യാഗത്തിന്റെയും അത്തരത്തിലുള്ള ഒരു മനോഭാവം നല്ല പരിശീലനം ലഭിച്ചവരിൽ മാത്രമേ ഉണ്ടാകൂ എന്ന് അദ്ദേഹം പറഞ്ഞു. ഈ ജമാഅത്ത് ലോകമെമ്പാടുമുള്ള
ഹൃദയങ്ങളെ സമാധാനത്തിലും ഐക്യത്തിലും ഒരുമിപ്പിക്കാൻ പ്രേരിപ്പിക്കുന്നു. കൂടാതെ അത് പഠിപ്പിക്കുന്ന കാര്യങ്ങൾ യഥാർഥത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്നു. ഈ ഇസ്‌ലാം മതം ആളുകളെ ഭിന്നിപ്പിക്കുന്ന ഒന്നല്ല, മറിച്ച് ആളുകളെ ഒരുമിപ്പിക്കുന്ന ഒന്നാണ് എന്ന് അദ്ദേഹം പറഞ്ഞു.
ചിലിയിൽ നിന്നുള്ള ഒരു പ്രൊഫസറും ജൽസയിൽ പങ്കെടുത്തു എന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ജൽസയുടെ എല്ലാ കാര്യങ്ങളിലുമുള്ള സംഘാടനം അസാധാരണമായിരുന്നു എന്ന് അവർ പ്രകടിപ്പിച്ചു. ഇത്രയും വലിയ ഒരു കൂട്ടം ആളുകൾ ഉള്ളതുകൊണ്ട്, ശുചിമുറി സൗകര്യങ്ങൾ അത്ര മികച്ചതായിരിക്കില്ല അല്ലെങ്കിൽ വൃത്തിയായിരിക്കില്ല എന്ന് അവർ കരുതിയിരുന്നു. എന്നാൽ, നേരിട്ട് കണ്ടപ്പോൾ, ആരും ശുചിമുറി ഉപയോഗിക്കാത്ത പോലെ തോന്നുകയും അഹ്മദികളുടെ ശുചിത്വത്തിൽ അവർ ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു. ജൽസയിലെ സാഹോദര്യത്തിന്റെ അന്തരീക്ഷം അഹ്മദികളല്ലാത്ത അതിഥികളെയും ഉൾക്കൊണ്ടിരുന്നു എന്നും, അതുകൊണ്ട് എല്ലാവരും ഒരു വലിയ കുടുംബത്തിന്റെ ഭാഗമാണെന്ന് അവർക്ക് അനുഭവപ്പെട്ടു എന്നും അവർ പറഞ്ഞു.
ഇറ്റലിയിൽ നിന്നുള്ള ഒരു രാഷ്ട്രീയ പ്രവർത്തക പറഞ്ഞു, ഇത് പൂർണമായും മതപരമായ അനുഭവം മാത്രമായിരിക്കുമെന്ന് ഞാൻ കരുതി. എന്നാൽ ജൽസ ഒരു അസാധാരണമായ വൈകാരിക അനുഭവം കൂടിയാണെന്ന് കാണാൻ സാധിച്ചു. മനോഹരമായ സംവിധാനങ്ങളിലും, ജൽസയുടെ സുഗമമായ നടത്തിപ്പിനായി സ്ത്രീകളും പുരുഷന്മാരും ഒരുപോലെ സേവനം ചെയ്യുന്നതിലും അവർ അത്ഭുതപ്പെട്ടു. അർഥപൂർണമാണെന്ന് അവർക്ക് അനുഭവപ്പെട്ട മൗന പ്രാർഥനയും അവരെ സ്പർശിച്ചു. മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്ന് ചിന്തിക്കാനുള്ള ഒരു അവസരമാണ് ജൽസ എന്ന് അവർക്ക് തോന്നി.
ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ഒരു സീനിയർ പ്രൊഫസർ, ജൽസയിൽ ഹുസൂർ തിരുമനസ്സിന്റെ സാന്നിധ്യം തന്റെ ഹൃദയത്തെ സ്പർശിച്ചു എന്ന് പറഞ്ഞു. താൻ ലോകത്തിലെ പല കൺവെൻഷനുകളും സന്ദർശിച്ചിട്ടുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ഐക്യവും സാഹോദര്യവും സമാധാനപരമായ അന്തരീക്ഷവും മറ്റെവിടെയും കണ്ടിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും മുഖത്ത് പുഞ്ചിരി കണ്ടു, അത് അഹ്മദിയ്യാ അധ്യാപനങ്ങളുടെ ഒരു പ്രതിഫലനമാണെന്നും അദ്ദേഹം പറഞ്ഞു. അതിഥികളോട് എങ്ങനെ പെരുമാറണം എന്നതിനെക്കുറിച്ചുള്ള ഹുസൂറിന്റെ പ്രസംഗത്തിൽ അദ്ദേഹം ആകൃഷ്ടനായി. സുരക്ഷാ ക്രമീകരണങ്ങളെ അദ്ദേഹം അഭിനന്ദിച്ചു, എല്ലാം എത്ര സുഗമമായി പ്രവർത്തിക്കുന്നു എന്നതിൽ അദ്ദേഹം അത്ഭുതപ്പെട്ടു
സാഹോദര്യത്തിന്റെ അന്തരീക്ഷം അനുഭവിക്കാൻ ആളുകൾ ജൽസയിൽ സ്വയം പങ്കെടുക്കണം എന്നും അദ്ദേഹം പറഞ്ഞു. അഹ്മദിയ്യത്തിന്റെ ഭാവി ശോഭനമാണ് എന്നും അദ്ദേഹം പറഞ്ഞു. ഒരു മുസ്‌ലിം എന്ന നിലയിൽ, അഹ്മദിയ്യത്തിനെക്കുറിച്ച് കൂടുതൽ അറിയാൻ അവസരം ലഭിച്ചതിൽ അദ്ദേഹം സന്തോഷിച്ചു. എല്ലാവരും നിസ്വാർത്ഥമായും സ്നേഹത്തോടെയും പ്രവർത്തിക്കുന്നു എന്നത് അഹ്മദിയ്യാ സമൂഹത്തിന്റെ ഭാഗമായതുകൊണ്ട് അവർക്ക് ലഭിച്ച ഉയർന്ന പരിശീലനത്തിന്റെ ഒരു പ്രതിഫലനമാണ്. അഹ്മദിയ്യാ സമൂഹം വിദ്യാഭ്യാസത്തിന് നൽകുന്ന ശ്രദ്ധയിൽ അദ്ദേഹം ആകൃഷ്ടനായി.
ഇന്തോനേഷ്യയിൽ നിന്നുള്ള ഒരു പുരോഹിതൻ, തനിക്ക് മുൻപ് അഹ്മദിയ്യത്തിനെക്കുറിച്ച് അറിയാമായിരുന്നെങ്കിലും, അഹ്മദിയ്യത്ത് യഥാർഥത്തിൽ ഒരു ആത്മീയ പ്രസ്ഥാനമാണെന്ന് ജൽസയിൽ നിന്നാണ് മനസ്സിലാക്കിയത് എന്ന് പറയുകയുണ്ടായി. ദൈവത്തോട് കൂടുതൽ അടുക്കാൻ ഐക്യത്തോടെ ആളുകൾ എങ്ങനെ ഒത്തുകൂടുന്നു എന്ന് അദ്ദേഹം കണ്ടു. ദൈവവുമായി കൂടുതൽ അടുപ്പം സ്ഥാപിക്കുന്നതിന് നൽകുന്ന ഊന്നലിൽ അദ്ദേഹം ആകൃഷ്ടനായി. ഇത് ഇന്നത്തെ ലോകത്ത് പലപ്പോഴും അവഗണിക്കപ്പെടുന്ന ഒന്നാണ്.
മത്തായി 7:16-ൽ ഇങ്ങനെ പറയുന്നു, ‘അവരുടെ ഫലത്താൽ നിങ്ങൾ അവരെ തിരിച്ചറിയും.’ ഇത് ജൽസ സാലാന യുകെ 2025-ന് അനുകൂലമായി നിലകൊള്ളുന്നതായി താൻ കണ്ടെത്തി എന്ന് ഐസ്‌ലൻഡിൽ നിന്നുള്ള ഒരു അതിഥിയും യൂണിവേഴ്സൽ ഫെഡറേഷൻ ഫോർ പീസിൻ്റെ ചെയർമാനും പറഞ്ഞു. ജൽസ കണ്ടപ്പോൾ, ഈ സമൂഹത്തിൽ ദൈവം പ്രസാദിച്ചിരിക്കുന്നു എന്ന് ബോധ്യപ്പെട്ടുവെന്നും, ഹ്യൂമാനിറ്റി ഫസ്റ്റ് പ്രദർശനം സന്ദർശിച്ചപ്പോൾ, മാനവരാശിക്കുള്ള സേവനം ഒരു വ്യക്തിയെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുന്നുവെന്ന് മനസ്സിലായെന്നും പറഞ്ഞു.
(ഖലീഫാ തിരുമനസ്സ് പങ്കുവച്ച അതിഥികളുടെ വിവിധ അഭിപ്രായങ്ങളിൽ ചില ഉദാഹരണങ്ങൾ മാത്രമാണിത്.)
ജൽസയിൽ പങ്കെടുത്ത എല്ലാവരുടെയും ഹൃദയങ്ങൾ അല്ലാഹു കൂടുതൽ തുറക്കട്ടെ എന്നും അവർക്ക് അഹ്മദിയ്യത്ത് അഥവാ യഥാർഥ ഇസ്‌ലാം മനസ്സിലാക്കാനും കാലഘട്ടത്തിന്റെ ഇമാമിനെ സ്വീകരിക്കാനും കഴിയട്ടെ എന്നും ഖലീഫാ തിരുമനസ്സ് ദുആ ചെയ്തു. അല്ലാഹു പുതിയതായി ഇസ്‌ലാം സ്വീകരിച്ചവരുടെ വിശ്വാസവും ആത്മാർത്ഥതയും വർദ്ധിപ്പിക്കട്ടെ. ഓരോ അഹ്മദിക്കും ജൽസയിൽ നിന്ന് പഠിച്ചതെല്ലാം പ്രാവർത്തികമാക്കാൻ അല്ലാഹു പ്രാപ്തനാക്കട്ടെ. കൂടാതെ അവർ ഭൗതികതയേക്കാൾ വിശ്വാസത്തിന് മുൻഗണന നൽകട്ടെ. ഓരോ അഹ്മദിക്കും ജൽസയുടെ അനുഗ്രഹങ്ങളിൽ നിന്ന് എപ്പോഴും പ്രയോജനം ലഭിക്കട്ടെ, അവർ എപ്പോഴും സ്വയം മെച്ചപ്പെടുത്താൻ ശ്രമിക്കട്ടെ.
മീഡിയാ കവറേജ്
ജൽസയുടെ ചില പരിപാടികൾ യൂറോപ്പ് കമ്മ്യൂണിക്കേഷൻ ന്യൂസ് ഏജൻസി വിവിധ അഭിമുഖങ്ങളോടൊപ്പം സംപ്രേക്ഷണം ചെയ്തു എന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. 60 പത്രങ്ങൾ ജൽസയെക്കുറിച്ച് റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചു. അര മില്യൺ ആളുകൾ പിന്തുടരുന്ന ഇറ്റലിയിൽ നിന്നുള്ള രണ്ട് റിപ്പോർട്ടർമാരും ജൽസയെക്കുറിച്ച് നല്ല റിപ്പോർട്ട് നല്കി. അഹ്മദിയ്യാ പ്രസ്സ് വിഭാഗത്തിന്റെ പ്രവർത്തനത്തിലൂടെ, 50 ദശ ലക്ഷം ആളുകൾ വിവിധ വെബ്‌സൈറ്റുകളിലൂടെ ജൽസയെക്കുറിച്ചുള്ള ഓൺലൈൻ റിപ്പോർട്ടുകൾ കണ്ടു. 17 ലേഖനങ്ങൾ അച്ചടി മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ചു. ഇത് 20 മില്യൺ ആളുകളിലേക്ക് എത്തി. ജൽസയെക്കുറിച്ച് 25 റേഡിയോ പരിപാടികൾ ഉണ്ടായിരുന്നു, ശ്രോതാക്കളുടെ എണ്ണം 20 ദശ ലക്ഷം ആയിരുന്നു. 5 ദശ ലക്ഷം ആളുകൾ ജൽസയെക്കുറിച്ചുള്ള ടിവി റിപ്പോർട്ടുകൾ കണ്ടു. സോഷ്യൽ മീഡിയയിലൂടെ, 14 മില്യൺ ആളുകൾ ജൽസയെക്കുറിച്ചുള്ള പരിപാടികൾ കണ്ടു. മൊത്തത്തിൽ, ജൽസയുടെ വാർത്ത 100 മില്യൺ ആളുകളിലേക്ക് എത്തി. ജൽസയെ കവർ ചെയ്ത പ്രമുഖ വാർത്താ ഏജൻസികളിൽ ITV, LBC, The Times, The Guardian, Telegraph, Daily Mail, Independent, BBC എന്നിവ ഉൾപ്പെടുന്നു.
എംടിഎയിലൂടെ ഹുസൂറിന്റെ പ്രസംഗങ്ങൾ വിവിധ ചാനലുകളിൽ സംപ്രേക്ഷണം ചെയ്തു എന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു. ജൽസ സലാനയുടെ പരിപാടികൾ കണ്ടതിന് ശേഷം 50-ൽ അധികം ആളുകൾ അഹ്മദിയ്യത്ത് സ്വീകരിച്ചു. മൊത്തത്തിൽ 304 മണിക്കൂർ സംപ്രേക്ഷണം നടന്നു. ഇത് 65 മില്യൺ ആളുകളിലേക്ക് എത്തി. ജൽസയെക്കുറിച്ച് റേഡിയോയിൽ 41 റിപ്പോർട്ടുകൾ ഉണ്ടായിരുന്നു, ഇത് 16 ദശ ലക്ഷം ആളുകളിലേക്ക് എത്തി. 150 ദശ ലക്ഷം ആളുകളിലേക്ക് വിവിധ മാധ്യമ സ്ഥാപനങ്ങളിലൂടെ സന്ദേശമെത്തി.
ജൽസ സാലാന യു.കെ. മൂന്നാം ദിവസം മാലിയിൽ കനത്ത മഴ പെയ്തത് കാരണം ജൽസ പരിപാടികൾ കാണാൻ ആരും പള്ളിയിൽ വരില്ല എന്ന് തോന്നി എന്ന് മാലിയിലെ മിഷണറി പറഞ്ഞു. എന്നാൽ, ആഗോള ബൈഅത്ത് ചടങ്ങിന് മുമ്പ്, ജമാഅ ത്തംഗങ്ങൾ മഴ നനഞ്ഞ് പള്ളിയിലേക്ക് വന്നു. ഇതിൽ പുതുതായി ഇസ്‌ലാം സ്വീകരിച്ച ചിലരും ഉണ്ടായിരുന്നു. വീട്ടിലിരുന്ന് റേഡിയോയിൽ പരിപാടികൾ കേട്ടാൽ പോരെ എന്ന് ചോദിച്ചപ്പോൾ, അങ്ങനെയായാൽ ഹുസൂറിനെ കാണാൻ കഴിയില്ല എന്നും യഥാർത്ഥ സന്തോഷം ഹുസൂറിനെ കാണുന്നതിലാണ് എന്നും അവർ പറഞ്ഞു.
അല്ലാഹു എല്ലാവരുടെയും വിശ്വാസവും ഉറപ്പും വർദ്ധിപ്പിക്കട്ടെ എന്ന് ഖലീഫാ തിരുമനസ്സ് ദുആ ചെയ്തു.
ജനാസ നമസ്കാരം
അവസാനം ഖലീഫാ
തിരുമനസ്സ് ഗസ്സയിൽ നിന്നുള്ള അബ്ദുൽ കരീം ജമാൽ സാഹിബിൻ്റെ ജനാസ ഗായിബ് നമസ്കാരം നിർവഹിക്കുമെന്ന് പറഞ്ഞു:
അബ്ദുൽ കരീം ജമാൽ സാഹിബ്, ഇസ്രായീൽ സൈന്യത്തിന്റെ വെടിവെപ്പിൽ അടുത്തിടെ മരിച്ചു. അദ്ദേഹത്തിന് നാല് പെൺമക്കളും രണ്ട് ആൺമക്കളും ഉണ്ട്, മൂത്തയാൾക്ക് 16 വയസ്സും ഇളയയാൾക്ക് ഒന്നര വയസ്സും ആണ്. പിതാവിനെ വീട്ടുചെലവുകളിൽ സഹായിക്കാൻ പതിനൊന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ അദ്ദേഹം ജോലി ചെയ്യാൻ തുടങ്ങി. 2013-ൽ അദ്ദേഹം അഹ്മദിയ്യത്ത് സ്വീകരിച്ചു. ഒരു അഹ്മദി ആയതുകൊണ്ട് അദ്ദേഹത്തിന് എതിർപ്പ് നേരിടേണ്ടി വന്നിരുന്നു, എന്നാൽ അദ്ദേഹം തന്റെ വിശ്വാസത്തിൽ നിന്ന് ഒരിക്കലും പിന്തിരിഞ്ഞില്ല. അദ്ദേഹത്തിൻ്റെ വീട് ആക്രമണത്തിൽ തകർക്കപ്പെട്ടു. അദ്ദേഹം മരിച്ച ദിവസം ഇസ്രായീൽ സൈന്യം വെടിയുതിർത്തപ്പോൾ, അദ്ദേഹത്തിന് സമീപം ഉണ്ടായിരുന്ന ഒരാൾക്കാണ് ആദ്യം വെടിയേറ്റത്, അയാളെ സഹായിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് വെടിയേറ്റത്. അദ്ദേഹം വളരെ ആത്മാർഥതയുള്ള ഒരു അഹ്മദിയായിരുന്നു. അല്ലാഹു അദ്ദേഹത്തിൻ്റെ പദവി ഉയർത്തുകയും അദ്ദേഹത്തിൻ്റെ മക്കളെ തൻ്റെ സംരക്ഷണ വലയത്തിൽ നിലനിർത്തുകയും ചെയ്യട്ടെ എന്ന് ഖലീഫാ
തിരുമനസ്സ് ദുആ ചെയ്തു
0 Comments