സയ്യിദ നായില, കട്ടക്ക്
ലേഖനത്തിന്റെ ഒറിജിനല്‍ ഇംഗ്ലീഷ് ഇവിടെ വായിക്കുക.
“യജമാനനേ, എന്റെ കുഞ്ഞിനെ എന്നില്‍ നിന്ന് വേർപ്പെടുത്തല്ലേ”. ആ അമ്മയുടെ ചങ്കുരുകിയ യാചന എന്നാല്‍ അയാളില്‍ യാതൊരു സഹാനുഭൂതിയും ഉളവാക്കിയില്ല. മറിച്ച്, കൂടുതല്‍ ക്ഷുഭിതനായിക്കൊണ്ട് അയാള്‍ ആ അമ്മയുടെ തോളില്‍ ശക്തമായി അടിക്കുകയും, അവരുടെ മകനെ അവരുടെ കൈകളില്‍ നിന്ന് ബലം പ്രയോഗിച്ച് എടുക്കുകയും ചെയ്തു. തന്റെ അമ്മയെ അടിമച്ചന്തയിലേക്ക് വലിച്ചിഴച്ച് കൊണ്ട് പോകുന്നത് ആ പിഞ്ചുബാലന് നിസ്സഹായനായി നോക്കി നിന്നു. പിന്നീടൊരിക്കലും അവന് തന്റെ അമ്മയെ ജീവിതത്തില്‍ കണ്ടിട്ടില്ല.
തന്റെ ആത്മകഥയായ ഫിഫ്റ്റി യേഴ്സ് ഇന്‍ ചെയിന്‍സ് (Fifty Years in Chains) എന്ന ഗ്രന്ഥത്തില്‍ ചാള്‍സ് ബോള്‍ (Charles Ball) ആ ദിവസത്തിന്റെ ഓര്‍മ്മകള്‍ ഇപ്രകാരം അയവിറക്കുന്നു:
“നന്നേ ചെറിയ പ്രായമായതിനാല്‍, ആ ദിവസത്തെ ഭീകരതകള്‍ എന്റെ ഹൃദയത്തില്‍ ആഴത്തില്‍ പതിയുകയുണ്ടായി. അര നൂറ്റാണ്ട് പിന്നിട്ടിട്ടും, ആ സംഭവത്തിന്റെ ഭീകരത ഇന്നും എന്റെ ഓര്‍മകളില്‍ വേദനാജനകമായ സ്പഷ്ടതയോടെ തിരിച്ചുവരുന്നു.”[1]
പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ കാലങ്ങളിലെ അടിമകളെ പറ്റിയുള്ള ഉള്ളുലക്കുന്ന വിവരണങ്ങൾ നിറഞ്ഞ ഈ ഓർമക്കുറിപ്പ് വായിക്കുമ്പോൾ, ഏത് ദുഃഖമാണ് വലുതെന്ന് ഞാൻ അത്ഭുതപ്പെട്ട് പോകുകയാണ്: അടിമകൾക്ക് അനുഭവിക്കേണ്ടി വന്ന ശാരീരിക ക്രൂരതകളോ, അതോ അവരുടെ പ്രിയപ്പെട്ടവരിൽ നിന്ന് വേർപിരിക്കപ്പെട്ടതിന്റെ പറഞ്ഞറിയിക്കാൻ കഴിയാത്ത സങ്കടമോ? എന്നിരുന്നാലും, ഇത്തരം പീഡനങ്ങള്‍ ഏറ്റുവാങ്ങാന്‍ മാത്രം എന്ത് അപരാധമാണ് അവര്‍ ചെയ്തത്?
പ്രചലിതമായ സമ്പ്രദായം
ചരിത്രത്തിലുടനീളം വിവിധ സമൂഹങ്ങളിലും സംസ്കാരങ്ങളിലും അടിമത്തം വ്യാപകമായിരുന്നു. ഈ വ്യവസ്ഥയില്‍ അടിമകള്‍ വെറും സ്ഥാവര ജംഗമസ്വത്തായായിരുന്നു കണക്കാക്കപ്പെട്ടിരുന്നത്. തങ്ങളുടെ ഉടമസ്ഥരില്‍ നിന്നും അതിക്രൂരമായ പെരുമാറ്റത്തിന് വിധേയരായിരുന്ന ഇവര്‍ക്ക് സ്വന്തം ജീവിതത്തിന്മേല് പോലും യാതൊരു അധികാരവും ഉണ്ടായിരുന്നില്ല. അടിമത്തം നിലനിന്നിരുന്ന സമൂഹങ്ങളില്‍ അടിമച്ചന്തകള്‍ സാധാരണമായിരുന്നു. ഇത്തരം ചന്തകളില്‍ അടിമകള്‍ ലേലത്തില്‍ വില്ക്കപ്പെടുകയും, അത് പലപ്പോഴും മാതാപിതാക്കളും കുട്ടികളും മറ്റു ബന്ധുക്കളും തമ്മില്‍ വേര്‍പ്പെടുന്നതിനു കാരണമായിത്തീരുകയും ചെയ്തിരുന്നു.
ഇസ്ലാമിന് മുമ്പ് അറേബ്യന്‍ സമൂഹത്തില്‍ അടിമത്തം ആഴത്തില്‍ വേരൂന്നുകയും, അന്നത്തെ സാമൂഹിക സാമ്പത്തിക ഘടനയുടെ അവിഭാജ്യഘടകമായി മാറുകയും ചെയ്തിരുന്നു. ദുര്‍ബലരായ ഗോത്രങ്ങളെ ആക്രമിച്ച് കൊണ്ട് ആളുകളെ അടിമകളാക്കുന്നതും, അറേബ്യക്ക് പുറത്ത് നിന്ന് അടിമകളെ കൊണ്ടുവരുന്നതും അക്കാലഘട്ടത്തില്‍ സര്‍വസാധാരണമായിരുന്നു.[2] ആയതിനാല്‍, ഇസ്ലാമിന്റെ ആവിര്‍ഭാവ സമയമായപ്പോഴേക്കും അറേബ്യയില്‍ അടിമകളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു.[3] അതിക്രൂരമായ പെരുമാറ്റത്തിന് പാത്രമായിരുന്ന ഈ അടിമകള്‍, അറേബ്യന്‍ സമൂഹശ്രേണിയില്‍ ഏറ്റവും താഴ്ന്ന വിഭാഗമായിട്ടാണ് കണക്കാക്കപ്പെട്ടിരുന്നത്.
പുതുയുഗപ്പിറവി
അടിമകളുടെ അവസ്ഥയിലും അവകാശങ്ങളിലും ഒരു നവയുഗത്തിന്റെ ഉദയത്തെ അടയാളപ്പെടുത്തികൊണ്ടാണ് ഇസ്ലാം ആവിര്‍ഭവിച്ചത്. അടിമകള്ക്കെതിരെയുള്ള ക്രൂരതകള്‍ക്ക് അറുതി വരുത്തുന്നതോടൊപ്പം തന്നെ ഇസ്ലാം അവരുടെ അവകാശങ്ങള്‍ സ്ഥാപിക്കുകയും അവരുടെ വിമോചനത്തിനുള്ള പുതിയ മാര്‍ഗങ്ങള്‍ തുറക്കുകയും ചെയ്തു.
ഇസ്ലാം അതിന്റെ ആരംഭകാലം മുതല്‍ തന്നെ അടിമകളെ സ്വതന്ത്രരാക്കാനും അവരെ സമൂഹത്തിന്റെ ഭാഗമാക്കി മാറ്റാനും ശ്രമിച്ചു. ഇത്തരത്തില്‍ അടിമകളെ മോചിപ്പിക്കാനുള്ള ആഹ്വാനങ്ങള്‍ വിശുദ്ധ ഖുര്‍ആന്റെ ആദ്യകാല അധ്യാപനങ്ങളില്‍ തന്നെ കാണാവുന്നതാണ്.[4]
എന്നാല്‍, അടിമത്തം എന്ന സമ്പ്രദായത്തെ ഒറ്റയടിക്ക് ഇല്ലാതാക്കുന്നതിന് പകരം, അടിമകളുടെയും സമൂഹത്തിന്റെയും ഉത്തമ താല്പര്യങ്ങളെ മുന്നില്‍ വച്ചുകൊണ്ട് അവരുടെ അവകാശങ്ങള്‍ ധ്വംസിക്കപ്പെടാത്ത രീതിയില്‍ വളരെ ഫലവത്തായ ഒരു ക്രമാനുഗത പ്രക്രിയയാണ് ഇസ്ലാം ഇതിനു വേണ്ടി കൈക്കൊണ്ടത്. ഇങ്ങനെയൊരു മാര്‍ഗം സ്വീകരിച്ചതിന്റെ പിന്നിലെ യുക്തി താമസിയാതെ ഈ ലേഖനത്തില്‍ തന്നെ ചര്‍ച്ച ചെയ്യുന്നതാണ്. അതിന് മുമ്പായി ഇസ്ലാം ഇതിനു വേണ്ടി അവലംബിച്ച രീതി നമുക്ക് പരിശോധിക്കാം.
ജനങ്ങളെ അടിമകളാക്കുന്ന സമ്പ്രദായത്തെ പാടെ നിഷിദ്ധമാക്കി എന്നതാണ് അടിമത്ത വിമോചനവുമായി ബന്ധപ്പെട്ട് ഇസ്ലാം നടപ്പിലാക്കിയ ആദ്യത്തെ ചുവടുവയ്പ്പ്. സ്വതന്ത്രനായ ഒരു വ്യക്തിയെ അടിമയാക്കുന്ന പ്രവൃത്തിയെ പ്രവാചകന്(സ) നിശിതമായി വിലക്കുകയും, അത്തരം ആളുകളുമായി ന്യായവിധിനാളില്‍ താന്‍ യുദ്ധത്തിലായിരിക്കുമെന്ന് നബി തിരുമേനി(സ) പ്രഖ്യാപിക്കുകയും ചെയ്തു.[5]
മറുഭാഗത്ത്, അടിമകളെ മോചിപ്പിക്കുക എന്നത് അല്ലാഹുവിന്റെയടുക്കള് അത്യധികം ശ്രേഷ്ഠമായ പ്രവൃത്തിയാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പ്രസ്താവിച്ചു.[6] അടിമകളെ സ്വതന്ത്രരാക്കുന്നതിന് പ്രവാചകന്(സ) എത്രമാത്രം ഊന്നല്‍ നല്കിയെന്നാല്, ഒരാള്‍ക്ക് തനിയെ അത് ചെയ്യാന്‍ കഴിയാത്ത പക്ഷം മറ്റുള്ളവരുടെ സഹായത്തോടെ അടിമകളെ മോചിപ്പിക്കണമെന്നും, അങ്ങനെ ചെയ്താല്‍ അവര്‍ സ്വര്ഗത്തിന് അവകാശികളാകുമെന്നും നബി തിരുമേനി(സ) തന്റെ അനുയായികള്‍ക്ക് അനുശാസനം നല്കി.[7] ഈ അധ്യാപനങ്ങള്‍ അന്നത്തെ മുസ്ലീങ്ങളില്‍ അടിമകളെ സ്വമേധയാ മോചിപ്പിക്കാനുള്ള ഉല്‍ക്കടമായ ആഗ്രഹം ഉണര്‍ത്തുകയുണ്ടായി. ഇത്തരമൊരു ഇച്ഛാശക്തിയുടെ അഭാവം ചരിത്രത്തില്‍ നടന്നിട്ടുള്ള മറ്റ് വിമോചനശ്രമങ്ങളില് നമുക്ക് പ്രകടമായി കാണാവുന്നതാണ്.
സ്വേച്ഛയോടെ അടിമകളെ സ്വതന്ത്രരാക്കുന്നതിന് പുറമെ, അടിമവിമോചനത്തിനുള്ള നിര്‍ബന്ധ സാഹചര്യങ്ങളും ഇസ്ലാം ഒരുക്കുകയുണ്ടായി. ഉദാഹരണത്തിന്, അബദ്ധത്തില്‍ ചെയ്ത് പോകുന്ന കൊലപാതകം,[8] ശപഥം ലംഘിക്കല്‍,[9] ഭാര്യയുമായി ബന്ധം വര്ജിക്കുമെന്ന് പ്രതിജ്ഞയെടുക്കല്‍[10] തുടങ്ങിയ അപരാധങ്ങള്‍ക്ക് പ്രായശ്ചിത്തമായി അടിമകളെ മോചിപ്പിക്കാനാണ് വിശുദ്ധ ഖുര്‍ആന്‍ കല്പിക്കുന്നത്. കൂടാതെ, ആരെങ്കിലും തന്റെ അടിമയെ അടിക്കുന്ന പക്ഷം,[11] അല്ലെങ്കില്‍ അടിമ തന്റെ അടുത്ത ബന്ധുവാകുന്ന അവസ്ഥയില്‍,[12] അല്ലെങ്കില്‍ ഗ്രഹണം സംഭവിക്കുന്ന വേളയില്‍[13] എല്ലാം തന്നെ അടിമകളെ മോചിപ്പിക്കേണ്ടത് നിര്‍ബന്ധമാണെന്ന് നബി തിരുമേനി(സ) പ്രഖ്യാപിച്ചു.
ഇതിനു പുറമെ, അടിമകള്‍ക്ക് സ്വയം തങ്ങളുടെ സ്വാതന്ത്ര്യം കരസ്ഥമാക്കാനുള്ള മാര്‍ഗവും വിശുദ്ധ ഖുര്‍ആന്‍ നല്കുകയുണ്ടായി. ‘മുകാത്തബ’ എന്നറിയപ്പെടുന്ന ഈ വ്യവസ്ഥ പ്രകാരം ഒരു അടിമക്ക് തന്റെ മോചനത്തിനായി യജമാനനുമായി ഒരു കരാറില്‍ ഏര്‍പ്പെടാവുന്നതാണ്. അങ്ങനെ ചെയ്യുന്ന പക്ഷം മോചനത്തിനായി നിശ്ചയിച്ച തുക സമ്പാദിക്കാന്‍ അവരെ സ്വതന്ത്രരാക്കേണ്ടത് ഉടമസ്ഥന് മേല്‍ നിര്‍ബന്ധമായിരിക്കും.[14]
ഇത്തരത്തില്‍ വ്യവസ്ഥാപിതമായി അടിമകളെ മോചിപ്പിക്കുന്നതോടൊപ്പം, നിലവിലുള്ള അടിമകളുടെ മാനസികാവസ്ഥ ഉയര്‍ത്താനുള്ള നടപടികളും ഇസ്ലാം സ്വീകരിച്ചു. അടിമകളുടെ സാമൂഹികോദ്ഗ്രഥനത്തിന് ഇത് അത്യന്താപേക്ഷിതമായിരുന്നു. ഇത് സംബന്ധമായി, ഉടമകളെ ‘പ്രഭു’ ‘യജമാനന്’ എന്നീ വാക്കുകളാല്‍ അഭിസംബോധന ചെയ്യരുതെന്നും, പകരം അവരെ ‘രക്ഷാകര്‍ത്താവ്’ എന്ന് വിളിക്കണമെന്നും നബി തിരുമേനി(സ) കല്പിക്കുകയുണ്ടായി. അത്പോലെതന്നെ, അടിമകളെ ‘അടിമ’ എന്ന് വിളിക്കരുതെന്നും മറിച്ച് ‘പയ്യന്’ ‘പെണ്‍കുട്ടി’ എന്നിങ്ങനെ അഭിസംബോധന ചെയ്യണമെന്നും പ്രവാചകന്(സ) ആജ്ഞാപിച്ചു.[15]
അടിമകളും യജമാനരും തമ്മില്‍ തുല്യത പ്രഖ്യാപിച്ചു കൊണ്ട് നബി തിരുമേനി(സ) പറഞ്ഞു:
“നിങ്ങളുടെ അടിമകള്‍ നിങ്ങളുടെ സഹോദരങ്ങളാണ്. അതിനാല്‍, ഒരു വ്യക്തിയുടെ അധീനതയില്‍ ഒരു അടിമയുണ്ടെങ്കില്, താന്‍ ഭക്ഷിക്കുന്നതില്‍ നിന്ന് അവനും ഭക്ഷിക്കാന്‍ നല്‍കുകയും, താന്‍ ഉടുക്കുന്നത് കൊണ്ട് അവനെ ഉടുപ്പിക്കുകയും ചെയ്യേണ്ടതാണ്. അവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ജോലി അവരെ ഏല്പിക്കാതിരിക്കുക. അഥവാ അങ്ങനെ ചെയ്യുന്ന പക്ഷം, ആ ജോലിയില്‍ സ്വയം അവരെ സഹായിക്കേണ്ടതാണ്.”[16]
ഈ രീതിയിൽ, ഇസ്ലാം നിലവിലുള്ള അടിമകളുടെ അവസ്ഥ മെച്ചപ്പെടുത്തുകയും, അതോടൊപ്പം അവരുടെ ശാശ്വത മോചനത്തിലേക്കുള്ള മാര്‍ഗങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു.
ക്രമാനുഗതമായ വിമോചനത്തിന് പിന്നിലെ യുക്തി
നിഷ്പക്ഷ ബുദ്ധിയോടെ ചിന്തിക്കുന്ന ഒരാള്‍ക്കും അടിമകളുടെ അവകാശങ്ങള്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട ഇസ്ലാമിന്റെ വിപ്ലവകരമായ നയങ്ങളെ എതിര്‍ക്കാന്‍ സാധിക്കില്ല. എന്നിരുന്നാലും, അടിമത്തം എന്ന സമ്പ്രദായത്തെ ഒറ്റത്തവണയില്‍ നിര്‍മാര്‍ജനം ചെയ്യാതെ ക്രമാനുഗതമായ ഒരു സമീപനം അവലംബിച്ചു കൊണ്ട് ഒരു വലിയ ബഹുമതി സ്വന്തമാക്കാനുള്ള അവസരം എന്ത് കൊണ്ടാണ് ഇസ്ലാം പാഴാക്കിയതെന്ന് ചിലര്‍ ചോദിച്ചേക്കാം.
ആഴത്തില്‍ വേരൂന്നിയ സാമൂഹിക ഘടനകളെ പൊടുന്നനെ തകിടം മറിക്കുന്നത് നീതി സ്ഥാപിക്കുന്നതിന് പകരം അരാജകത്വത്തിനും കുഴപ്പങ്ങള്‍ക്കും വഴിയൊരുക്കും എന്നതാണ് വാസ്തവം. ഇത്തരത്തില്‍ പെട്ടെന്ന് കൊണ്ടുവന്ന സമൂലമായ സാമൂഹിക മാറ്റങ്ങളുടെ ഭവിഷ്യത്തുകള്‍ക്ക് മനുഷ്യ ചരിത്രത്തില്‍ ഒരുപാട് ഉദാഹരണങ്ങള്‍ കാണാവുന്നതാണ്.
അമേരിക്കന്‍ ആഭ്യന്തരയുദ്ധത്തിന് ശേഷം 1865-ല്‍ പതിമൂന്നാം ഭേദഗതിയിലൂടെയാണ് അടിമത്തം അവിടെ നിയമപരമായി നിര്‍ത്തലാക്കപ്പെട്ടത്. മോചിതരായ അടിമകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ പതിനാലാം ഭേദഗതിയും അതോടൊപ്പം തന്നെ അവതരിപ്പിക്കപ്പെട്ടിരുന്നു. എന്നാല്‍, ഭരണഘടന ഉറപ്പുനല്‍കിയ ഈ അവകാശങ്ങള്‍ യഥാര്‍ഥത്തില്‍ നടപ്പിലാക്കാന്‍ കറുത്തവര്‍ഗക്കാര്‍ക്ക് ഒരു നൂറ്റാണ്ടോളം നീണ്ട സമരങ്ങളും നിയമപോരാട്ടങ്ങളും ആവശ്യമായി വന്നു.
1965 വരെ നിലവിലുണ്ടായിരുന്ന ജിം ക്രോ നിയമങ്ങൾ പോലുള്ള പല വിവേചനപരമായ വ്യവസ്ഥകളും കറുത്തവർഗക്കാരുടെ പൗരാവകാശങ്ങൾ നിഷേധിച്ചു. ഇത്തരം നിയമങ്ങളുടെ ബാക്കിപത്രം പല രൂപങ്ങളിലും കറുത്തവർഗക്കാർക്കെതിരെ ഇന്നും നിലനില്ക്കുന്നു എന്നതാണ് ഏറെ ദുഃഖകരമായ കാര്യം.
അതുപോലെ, 1789 ജൂലൈ 14-നാണ് ഫ്രഞ്ച് വിപ്ലവത്തിന്റെ ഭാഗമായി ബാസ്റ്റിൽ കോട്ട ആക്രമിക്കപ്പെടുന്നത്. പിന്നീട്, അതേവർഷം ഓഗസ്റ്റ് 26-ന് മനുഷ്യാവകാശ-പൗരാവകാശ പ്രഖ്യാപനവും (The Declaration of the Rights of Man and of the Citizen) നിലവിൽ വന്നു. ഈ പ്രഖ്യാപനം സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവക്ക് ഊന്നൽ നല്‍കുകയും, അന്നത്തെ ഫ്യൂഡൽ വ്യവസ്ഥിതിയെ വെല്ലുവിളിക്കുകയും ചെയ്തു.
എന്നാൽ, ഈ വിപ്ലവത്തിന് ശേഷം അധികം വൈകാതെ ഫ്രാൻസ് നെപ്പോളിയന്റെ ഭരണത്തിന് കീഴിലായി. 1804-ൽ അദ്ദേഹം സ്വയം ചക്രവർത്തിയായി പ്രഖ്യാപിച്ചു. രാജ്യത്ത് നിലനിന്നിരുന്ന രാഷ്ട്രീയ അരാജകത്വം അവസാനിപ്പിച്ച് നെപ്പോളിയൻ ക്രമസമാധാനം സ്ഥാപിച്ചുവെങ്കിലും, അദ്ദേഹത്തിന്റെ ഭരണം ക്രമേണ സ്വേച്ഛാധിപത്യപരമായി മാറി. തങ്ങളുടെ വിപ്ലവത്തിലൂടെ നേടിയെടുത്ത ചില അവകാശങ്ങൾ ഫ്രഞ്ചുകാർക്ക് നഷ്ടമായിത്തുടങ്ങി. ഒടുവിൽ, പത്തൊമ്പതാം നൂറ്റാണ്ടോടെ മാത്രമാണ് ഫ്രാൻസിന് ഒരു സുസ്ഥിരമായ റിപ്പബ്ലിക്കൻ ഭരണകൂടം സ്ഥാപിക്കാൻ കഴിഞ്ഞത്.
അഥവാ, ഒരു സമൂഹത്തെ ഒറ്റരാത്രി കൊണ്ട് മാറ്റിമറിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകാവുന്ന അപകടങ്ങളെ ഈ വിപ്ലവം നമുക്ക് കൃത്യമായി മനസ്സിലാക്കിത്തരുന്നുണ്ട്.
ഇതില്‍ നിന്നെല്ലാം, ആറാം നൂറ്റാണ്ടിലെ അറേബ്യയിലെ അടിമത്ത സമ്പ്രദായം പെട്ടെന്ന് നിര്‍ത്തലാക്കിയാല്‍ ഉണ്ടാകാമായിരുന്ന അരാജകത്വവും അരക്ഷിതാവസ്ഥയും നമുക്ക് സങ്കല്പിക്കാവുന്നതാണ്. തങ്ങളുടെ ഉപജീവനത്തിനും നിലനില്‍പ്പിനും യജമാനരെ പരിപൂര്‍ണമായി ആശ്രയച്ചിരുന്നതിനാല് ഈ അരാജകത്വത്തിന്റെ പ്രഥമ ഇരകളും ഈ അടിമകള്‍ തന്നെയാകും എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ, ഇസ്ലാം ഈ വിഷയത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയും, വളരെ പ്രായോഗികവും ഫലവത്തായതുമായ പ്രക്രിയയിലൂടെ അടിമത്തം ഘട്ടംഘട്ടമായി ഉന്മൂലനം ചെയ്യുവാനുള്ള നിയമങ്ങള്‍ മുന്നോട്ട് വയ്ക്കുകയും ചെയ്തു.
മനുഷ്യാവകാശങ്ങളുടെ അതുല്യമായ മാതൃക
ഇസ്ലാം മുന്നോട്ട് വച്ച അടിമവിമോചന നിയമങ്ങള്‍ അതിന്റെ വ്യതിരിക്തമായ മൂല്യങ്ങളാല്‍ വേറിട്ടു നില്ക്കുന്നു എന്ന് ഇതില്‍ നിന്നും വ്യക്തമാണ്. അടിമകളെ സ്വതന്ത്രരാക്കുന്നതോടൊപ്പം ഇസ്ലാം ഈ ക്രൂര സമ്പ്രദായത്തിന് ഊര്‍ജം പകര്‍ന്ന മാനസികാവസ്ഥയെ അവസാനിപ്പിക്കാനുള്ള നടപടികളും സ്വീകരിച്ചു.
അതുകൊണ്ടുതന്നെ, ഇസ്ലാമിലൂടെ സ്വതന്ത്രരായ അടിമകള്‍ വളരെ സുഗമമായി സമൂഹത്തിന്റെ ഭാഗമായി മാറിയപ്പോള്‍, മറ്റ് വിമോചന സംവിധാനങ്ങളിലൂടെ മോചിതരായവര്‍ക്ക് തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ വര്‍ഷങ്ങളോളം പോരാടേണ്ടി വന്നു.
ഇസ്ലാമില്‍ സ്വതന്ത്രരാക്കപ്പെട്ട അടിമകള്‍ പിന്നീട് വലിയ വലിയ പദവികള്‍ അലങ്കരിച്ചതായും കാണാവുന്നതാണ്. പലപ്പോഴും, സമൂഹത്തിലെ മറ്റു അംഗങ്ങളുടെ മേലെ ഇവര്‍ നിയമിക്കപ്പെട്ടിരുന്നു. ഉദാഹരണത്തിന് പൂര്‍വ അടിമയായിരുന്ന സൈദ്(റ), പില്ക്കാലത്ത് അദ്ദേഹത്തിന്റെ മകന് ഉസാമ(റ) എന്നിവര്‍ പല സൈനിക നീക്കങ്ങളിലും ഇസ്ലാമിക സൈന്യത്തിന്റെ കമാന്‍ഡര്‍മാരായി നിയമിക്കപ്പെട്ടു.[17] ഈ അവസരങ്ങളില്‍ നബി തിരുമേനി(സ)യുടെ നിരവധി പ്രമുഖ സഹാബാക്കള്‍ ഇവര്‍ക്ക് കീഴിലായിരുന്നു പോരാടിയത്.
അതുപോലെ, മോചിതരായ അടിമകള്‍ ഇസ്ലാമിക സമൂഹത്തില്‍ വളരെയധികം ആദരിക്കപ്പെട്ടിരുന്നു. പലപ്പോഴും ഉന്നതരായ നേതാക്കള്‍ക്ക് മേല്‍ ഇവര്‍ക്ക് മുന്‍ഗണന നല്കപ്പെട്ടു. ഒരിക്കല്‍ ഖലീഫാ ഉമര്‍(റ)നെ കാണാന്‍ പൂര്‍വകാല അടിമകളായിരുന്ന ഹദ്റത്ത് ബിലാല്‍(റ), ഹദ്റത്ത് സുഹൈബ്(റ), ഹദ്റത്ത് അമ്മാര്‍(റ) എന്നിവര്‍ പോയ സംഭവം ചരിത്രത്തില്‍ രേഖപ്പെട്ടിട്ടുണ്ട്. ആ സമയം, അറേബ്യന്‍ പ്രമാണിമാരായ പല മുസ്ലിം നേതാക്കളും ഖലീഫയെ കാണാന്‍ കാത്തിരിക്കുകയായിരുന്നു. എന്നാല്‍, ഹദ്റത്ത് ബിലാലും(റ) കൂട്ടരും വന്ന വിവരമറിഞ്ഞപ്പോള്‍ ഹദ്റത്ത് ഉമര്‍(റ) ആദ്യം അവരെ ക്ഷണിക്കുകയും, മറ്റുള്ളവര്‍ക്ക് കാത്തിരിക്കേണ്ടതായി വരികയും ചെയ്തു.[18] ഉമര്‍(റ) പലപ്പോഴും ഹദ്റത്ത് ബിലാല്‍(റ)നെ ‘സയ്യിദുനാ’ അഥവാ ‘നമ്മുടെ നേതാവ്’ എന്നായിരുന്നു അഭിസംബോധന ചെയ്തിരുന്നത് എന്നും ചരിത്രത്തില്‍ കാണാവുന്നതാണ്.[19]
ഇസ്ലാം കൊണ്ടുവന്ന സമൂലമായ സാമൂഹിക മാറ്റത്തിന്റെ മറ്റൊരു ഉജ്ജ്വലമായ ഉദാഹരണമാണ് ഹദ്റത്ത് ഉമര്‍(റ) ജറുസലേം നഗരത്തില്‍ പ്രവേശിച്ച ആ ചരിത്ര സംഭവം. തന്റെ ഭൃത്യനെ ഒട്ടകപ്പുറത്ത് ഇരുത്തി സ്വയം നടന്നുകൊണ്ടായിരുന്നു ഉമര്‍(റ) നഗരത്തിലേക്ക് പ്രവേശിച്ചത്. ഇസ്ലാമും മനുഷ്യാവകാശങ്ങളും (Islam & Human Rights) എന്ന ഗ്രന്ഥത്തില്‍ സര് മുഹമ്മദ് സഫറുല്ലാഹ് ഖാന്(റ) ഈ സംഭവം ഇപ്രകാരം വിവരിക്കുന്നു:
“അങ്ങനെ അവർ ജറുസലേമിൽ എത്തി. അവിടെ മഹാനായ ഖലീഫയെ സ്വാഗതം ചെയ്യാൻ ഒത്തുകൂടിയ പ്രമുഖരും ജനങ്ങളും കണ്ടത്, തന്റെ ‘അടിമ’ സവാരി ചെയ്യുന്ന ഒട്ടകത്തെ നയിച്ച് കൊണ്ട് മുന്നില്‍ നടന്നു വരുന്ന ഖലീഫയെയാണ്.”[20]
ഇസ്ലാം കൊണ്ടുവന്നത് വെറും നാമമാത്ര സ്വാതന്ത്ര്യമല്ല. മറിച്ച്, മോചിതരായ അടിമകളുടെ എല്ലാ അവകാശങ്ങളും സ്ഥാപിക്കാനുള്ള സമഗ്രമായ നടപടികളാണ് ഇസ്ലാം സ്വീകരിച്ചത്. യഥാര്‍ഥ സാമൂഹിക പരിവര്‍ത്തനം കൊണ്ടുവരുന്നതില്‍ ഇസ്ലാമികാധ്യാപനങ്ങളുടെ പ്രായോഗികതയാണ് ഇത്തരം സംഭവങ്ങള്‍ നമുക്ക് മനസ്സിലാക്കിത്തരുന്നത്.
സയ്യിദ നായില കട്ടക്കിലെ റാവന്ശാ യൂണിവേഴ്സിറ്റിയില്‍ നിന്നും കെമിസ്ട്രി ബിരുദധാരിയാണ്. നിലവില്‍ ഒഡീഷ അഡ്മിനിസ്ട്രേറ്റീവ് സർവീസ് ഓഫീസര്‍ ആയി സേവനമനുഷ്ടിക്കുന്നു.
കുറിപ്പുകള്‍
[1] Fifty Years in Chains, ചാള്‍സ് ബോള്‍, p. 11, H. Dayton Publisher, Indian (1859)
[2] Islam, Slavery, and Racism: The Use of Strategy in the Pursuit of Human Rights, ഫാദില്‍ അബ്ദുല്ലാഹ് (1987), The American Journal of Islamic Social Sciences
[3] On the Provenance of Slaves in Mecca during the Time of the Prophet Muhammad, ഹെന്‍ഡ് ഗില്ലി-എലെവി (2017), International Journal of Middle East Studies
[4] വിശുദ്ധ ഖുര്‍ആന്‍ 90:13–14
[5] സഹീഹുല്‍ ബുഖാരി, കിതാബുല്‍ ഇത്ഖ് (അടിമവിമോചനവുമായി ബന്ധപ്പെട്ട അധ്യായങ്ങള്‍)
[6] വിശുദ്ധ ഖുര്‍ആന്‍ 2:178
[7] മിശ്കാത്തുല്‍ മസാബീഹ്, കിതാബുല്‍ ഇത്ഖ് (അടിമവിമോചനവുമായി ബന്ധപ്പെട്ട അധ്യായങ്ങള്‍)
[8] വിശുദ്ധ ഖുര്‍ആന്‍ 4:93
[9] വിശുദ്ധ ഖുര്‍ആന്‍ 5:90
[10] വിശുദ്ധ ഖുര്‍ആന്‍ 58:4
[11] സഹീഹ് മുസ്ലിം, കിതാബുല്‍ ഐമാന് (പ്രതിജ്ഞകളുമായി ബന്ധപെട്ട അധ്യായങ്ങള്‍)
[12] സുനന് ഇബ്നു മാജ, കിതാബുല്‍ ഇത്ഖ് (അടിമവിമോചനവുമായി ബന്ധപ്പെട്ട അധ്യായങ്ങള്‍)
[13] സഹീഹുല്‍ ബുഖാരി, കിതാബുല്‍ ഇത്ഖ് (അടിമവിമോചനവുമായി ബന്ധപ്പെട്ട അധ്യായങ്ങള്‍)
[14] വിശുദ്ധ ഖുര്‍ആന്‍ 24:34
[15] സഹീഹുല്‍ ബുഖാരി, കിതാബുല്‍ ഇത്ഖ് (അടിമവിമോചനവുമായി ബന്ധപ്പെട്ട അധ്യായങ്ങള്‍)
[16] അതേ സ്രോതസ്സ്
[17] ഹദ്റത്ത് സൈദ്(റ) മുഅ്ത്ത, അൽ-ജുമും, അൽ-ഈസ്, ഹിസ്മ എന്നീ സൈനിക നീക്കങ്ങള്‍ ഉൾപ്പെടെ നിരവധി യുദ്ധങ്ങളില്‍ മുസ്ലിം സൈന്യത്തിന്റെ കമാൻഡറായി നിയമിതനായിരുന്നു. ഒരിക്കൽ, മുസ്ലിം സൈന്യത്തെ നയിക്കാൻ പ്രവാചകൻ(സ) ഹദ്റത്ത് ഉസാമ(റ)യെ ചുമതലപ്പെടുത്തി. ചില ആളുകൾ ആ തീരുമാനത്തിന്റെ യുക്തിയെ സംശയിച്ചപ്പോള്‍ നബി തിരുമേനി(സ) പറഞ്ഞു: “നിങ്ങൾ ഉസാമയുടെ നേതൃത്വത്തെ വിമർശിക്കുന്നത്, മുമ്പ് അവന്റെ പിതാവായ സൈദിന്റെ നേതൃത്വത്തെ വിമർശിച്ചതുപോലെയാണ്. എന്നാൽ, അവർ രണ്ടുപേരും നേതൃസ്ഥാനത്തിന് യോഗ്യരും എന്റെ പ്രിയപ്പെട്ടവരുമാണ്.” [സഹീഹുല്‍ ബുഖാരി, കിതാബുല്‍ മനാഖിബ്]
[18] ഉസദുല് ഗാബ ഫീ മഅ്രിഫത്തിസ്സഹാബ, ഇബ്നുല്‍ അസീര്‍, വാള്യം. 2, പേജ്. 586, സുഹൈല്‍ ബിന്‍ അംറിന്റെ വിവരണത്തില്‍
[19] ഉസദുല് ഗാബ ഫീ മഅ്രിഫത്തിസ്സഹാബ, ഇബ്നുല്‍ അസീര്‍, വാള്യം. 1, പേജ്. 418, ബിലാല്‍ ബിന്‍ റവാഹയുടെ വിവരണത്തില്‍
[20] Islam & Human Rights, സര് സഫറുല്ലാഹ് ഖാന്, പേജ്. 94
0 Comments