അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള നേതാവും ഖലീഫത്തുല് മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്സാ മസ്റൂര് അഹ്മദ് (അയ്യദഹുല്ലാഹ്) 5 സെപ്റ്റംബർ 2025ന്
മസ്ജിദ് മുബാറക്ക് ഇസ്ലാമാബാദ് ടില്ഫോര്ഡില് വച്ച് നിര്വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്ത്തനം: പി.എം. വസീം അഹ്മദ് ശാഹിദ്
തശഹ്ഹുദ് തഅവ്വുദ് സൂറ ഫാത്തിഹ എന്നിവ പാരായണം ചെയ്തതിന് ശേഷം ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മിർസാ മസ്റൂർ അഹ്മദ് (അയ്യദഹുല്ലാഹ്) ഹദ്റത്ത് ഹുനൈൻ യുദ്ധത്തെ കുറിച്ചുളള പരാമർശം തുടർന്നു.
നേതാവിനെ അനുസരിക്കേണ്ടതിന്റെ പ്രാധാന്യം
ശത്രുക്കളുടെ പൊടുന്നനെയുള്ള അമ്പെയ്ത്തിനെ തുടർന്ന് ചിതറിപ്പോയ മുസ്ലിങ്ങളെ കുറിച്ച് വിശുദ്ധ ഖുർആനിൽ അല്ലാഹു ഇപ്രകാരം പറയുന്നു:
“(നിങ്ങളിൽ ആരെയെങ്കിലും) ദൈവദൂതൻ വിളിക്കുന്നത് നിങ്ങൾ അന്യോന്യം വിളിക്കുന്നത് പോലെ ഗണിക്കരുത്. (അന്യരെ) മറപിടിച്ചുകൊണ്ട് നിങ്ങളിൽ നിന്ന് (കൂടിയാലോചനാ സദസ്സ് വിട്ട്) രഹസ്യമായി മാറിക്കളയുന്നവരെ കുറിച്ച് അല്ലാഹു അറിയുന്നുണ്ട്. അതിനാൽ അദ്ദേഹത്തിന്റെ (ദൈവ ദൂതന്റെ) കല്പനയെ ലംഘിക്കുന്നവരെ വല്ല വിപത്തും ബാധിക്കുകയോ അല്ലെങ്കിൽ അവർക്ക് വേദനാജനകമായ ശിക്ഷ വന്നെത്തുകയോ ചെയ്യുന്നതിനെ അവർ സൂക്ഷിച്ചുകൊള്ളട്ടെ.” (വിശുദ്ധ ഖുർആൻ 24:64)
ഈ വചനത്തിന്റെ വിശദീകരണത്തിൽ ഹദ്റത്ത് മിർസാ ബശീറുദ്ദീൻ മഹ്മൂദ് അഹ്മദ്(റ) പറയുന്നു: “ഈ വചനത്തിൽ ഇമാമിന്റെ ആഹ്വാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് പരാമർശിക്കുന്നു. അത് സാധാരണ ഒരു വ്യക്തിയുടെ ആഹ്വാനം പോലെയല്ല. ദൈവത്തിന്റെ പ്രവാചകൻ വിളിക്കുമ്പോൾ ഉടനെ തന്നെ അതിന് ഉത്തരം നൽകേണ്ടതാണ്. എത്രത്തോളമെന്നാൽ ആരെങ്കിലും നമസ്കരിച്ചുകൊണ്ടിരിക്കെ ദൈവത്തിന്റെ പ്രവാചകൻ വിളിക്കുകയാണെങ്കിൽ അയാൾ നമസ്കാരം നിർത്തി ആ വിളിക്ക് ഉത്തരം നൽകേണ്ടതാണ്. ഈ അനുസരണ വിശ്വാസത്തിന്റെ അടയാളമാകുന്നു. ദൈവം പറയുന്നു: പ്രവാചകൻ നിങ്ങളെ വിളിക്കുകയാണെങ്കിൽ അത് ഒരു സാധാരണ വ്യക്തി വിളിക്കുന്നതായി കണക്കാക്കരുത്. ഉദാഹരണത്തിന്, ഹുനൈൻ യുദ്ധത്തിൽ മക്കയിൽ നിന്നുള്ള പുതിയ മുസ്ലിങ്ങൾ യുദ്ധഭൂമിയിൽ നിന്ന് ഓടിപ്പോയ സാഹചര്യത്തിൽ വെറും പന്ത്രണ്ടുപേർ മാത്രം പരിശുദ്ധ പ്രവാചകൻ ﷺ യുടെ സമീപത്ത് ശേഷിച്ചിരുന്നു. അത്തരം സാഹചര്യത്തിലും, പ്രവാചകൻ ﷺ മുന്നോട്ട് നീങ്ങുവാൻ ഉദ്ദേശിച്ചു. അതിനുശേഷം ഉയർന്ന ശബ്ദമുള്ള ഹദ്റത്ത് അബ്ബാസ്(റ)നോട് പ്രവാചകൻ ﷺ “അല്ലാഹുവിന്റെ ദൂതൻ നിങ്ങളെ വിളിക്കുകയാണ്” എന്ന് അറിയിച്ചുകൊണ്ട്, ഓടിപ്പോയ മുസ്ലിങ്ങളെ വിളിക്കുവാൻ അദ്ദേഹത്തോട് കല്പിച്ചു. ഈ വിളി കേട്ട ഉടൻ, ഓടിപ്പോകുകയായിരുന്ന അതേ മുസ്ലിങ്ങൾ തന്നെ തിരിഞ്ഞുവന്ന് പ്രവാചകൻ ﷺ യുടെ അടുത്തേക്ക് ഓടിത്തുടങ്ങി. അധികം വൈകാതെ, പതിനായിരം പേരടങ്ങിയ സൈന്യം വീണ്ടും പ്രവാചകൻ ﷺ യുടെ ചുറ്റും ഒരുമിച്ചു. അങ്ങനെ തോൽവി ഉറപ്പാണെന്ന് തോന്നിയിരുന്ന അവസ്ഥ അത്ഭുതകരമായ വിജയമായി മാറി.
ഹദ്റത്ത് ഇബ്നു മസ്ഊദ്(റ) നിവേദനം ചെയ്യുന്നത് പ്രകാരം പരിശുദ്ധ പ്രവാചകൻ ﷺ യുടെ സമീപത്ത് സ്ഥിരതയോടെ നിന്നവരിൽ മുഹാജിറുകളിൽ (മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റത്ത് ചെയ്തവർ) നിന്നും അൻസാറുകളിൽ (മദീന സ്വദേശികൾ) നിന്നും ഏകദേശം എൺപത് മുസ്ലീങ്ങൾ ഉണ്ടായിരുന്നു.
അന്ന് പ്രവാചകൻ ﷺ തന്റെ കോവർ കഴുതയുടെ പുറത്തായിരുന്നു സവാരി ചെയ്തിരുന്നത്. അദ്ദേഹം ഒരടി പോലും പിന്നോട്ട് നീങ്ങിയില്ല. ഒരു പിടി മണൽ കൊണ്ടുവരുവാൻ പ്രവാചകൻ ﷺ ആവശ്യപ്പെട്ടു. അത് എതിരാളികളുടെ നേര്ക്ക് എറിഞ്ഞപ്പോൾ, അവരുടെ മുഖവും കണ്ണുകളും മണൽ തരികളാൽ മൂടപ്പെട്ടു.
അതിനു ശേഷം പ്രവാചകൻ ﷺ മുഹാജിറുകളോടും അൻസാറുകളോടും വാളുകൾ എടുത്ത് മുന്നോട്ടു നീങ്ങാൻ കല്പിച്ചു. അതിന്റെ ഫലമായി, എതിരാളികൾ പിന്തിരിഞ്ഞോടി.
മറ്റൊരു നിവേദന പ്രകാരം പരിശുദ്ധ പ്രവാചകൻ ﷺ ഏകദേശം നൂറ് മുസ്ലിങ്ങളോടൊപ്പം മുന്നോട്ടു നീങ്ങിയപ്പോൾ പ്രവാചകൻ ﷺ പ്രാർത്ഥിച്ചു. അപ്പോൾ മലക്ക് ജിബ്രീൽ(അ) അദ്ദേഹത്തിന്റെ അടുത്തെത്തി, കടൽ പിളർത്തപ്പെട്ട സമയത്ത് മൂസാ(അ)ന് പഠിപ്പിക്കപ്പെട്ട അതേ പ്രാർത്ഥന അദ്ദേഹത്തെയും പഠിപ്പിച്ചു.
യുദ്ധത്തിൽ പ്രമുഖ വനിതാസഹാബികളുടെ സംഭാവനകൾ
മുസ്ലിം സ്ത്രീകളും യുദ്ധഭൂമിയിൽ സ്ഥൈര്യത്തോടെ നിലകൊണ്ടു. അവരിൽ ഉമ്മു സുലൈം(റ), ഉമ്മു അമ്മാറ(റ), നസീബ ബിൻത് കഅ്ബ്(റ), ഉമ്മു ഹാരിസ്(റ) ഉമ്മു സലീത് ബിൻത് ഉബൈദ്(റ) എന്നിവർ ഉൾപ്പെടുന്നു.
പരിശുദ്ധ പ്രവാചകൻ ﷺ യുദ്ധഭൂമിയിൽ തന്റെ ഭർത്താവിനൊപ്പം ഉണ്ടായിരുന്ന ഹദ്റത്ത് ഉമ്മു സുലൈം ബിൻത് മിൽഹാൻ (റ)നെ കണ്ടു. അന്ന് അവർ ഗർഭിണിയുമായിരുന്നു. അവരുടെ കൈയിൽ ഒരു കത്തി ഉണ്ടായിരുന്നു. പ്രവാചകൻ ﷺ അവർക്ക് കത്തി എന്തിനാണെന്ന് ചോദിച്ചു.
അതിന് അവർ മറുപടി നൽകി: “എതിരാളികളിൽ ആരെങ്കിലും എന്റെ അടുത്തേക്ക് വരുകയാണെങ്കിൽ, അവരുടെ വയർ കീറിക്കളയും.”
ഇത് കേട്ട് പ്രവാചകൻ ﷺ പുഞ്ചിരിച്ചു.
പിന്നീട്, മുസ്ലിങ്ങൾ യുദ്ധഭൂമിയിൽ നിന്ന് ഓടിപ്പോകുന്നത് കണ്ടപ്പോൾ, ഉമ്മു സുലൈം (റ) അത്യന്തം വേദനയോടെ പ്രവാചകനോട് പറഞ്ഞു: “ഓടിപ്പോയവർക്ക് വധശിക്ഷ നൽകണം.” എന്നാൽ, പ്രവാചകൻ ﷺ മറുപടി നൽകി: “ശത്രുവിനെ നേരിടുന്നതിന് അല്ലാഹു മതി.
മറ്റൊരു വനിതാ സഹാബി ആയിരുന്നു ഹദ്റത്ത് ഉമ്മു അമ്മാറ(റ) അവര് പറഞ്ഞു: മുസ്ലിങ്ങൾ യുദ്ധഭൂമിയിൽ നിന്ന് ഓടിപ്പോയപ്പോൾ, നാലു വനിതകൾ മാത്രം അവിടെ സ്ഥിരതയോടെ നിലകൊണ്ടിരുന്നു. ഉമ്മു അമ്മാറ (റ) ഹവാസിൻ ഗോത്രത്തിലെ പതാകവാഹകരിൽ ഒരാളെ, മുസ്ലിങ്ങളെ പിന്തുടരുന്നതായി കണ്ടു. ഉടൻ, അവർ അവന്റെ വഴിയിൽ തടഞ്ഞു നിർത്തി അയാളോട് പോരാടി അയാളെ വധിച്ചു.
അവസാനം, പരിശുദ്ധ പ്രവാചകൻ ﷺ യുടെ വിളി കേട്ട് മുസ്ലിങ്ങൾ തിരികെ വന്നപ്പോൾ, ശത്രുക്കൾക്ക് മുൻകാലത്ത് അനുഭവിക്കാത്ത തരത്തിലുള്ള തോൽവി സംഭവിച്ചു.
ശത്രുക്കൾ ആത്മാർത്ഥ അനുയായികളായി മാറുന്നു
യുദ്ധത്തിനിടയിൽ, പരിശുദ്ധ പ്രവാചകൻ ﷺ ദുആ ചെയ്ത്, മണലും ചെറുകല്ലുകളും ശത്രുസൈന്യത്തിന്റെ നേര്ക്ക് എറിഞ്ഞ സംഭവത്തെക്കുറിച്ച് ഖലീഫാ തിരുമനസ്സ് കൂടുതൽ വിശദീകരിക്കുന്നു.
യുദ്ധം അതിന്റെ ഉച്ചസ്ഥായിയിൽ ആയിരിക്കുമ്പോൾ, പ്രവാചകൻ ﷺ ഒരു പിടി ചെറുകല്ലുകൾ കൈയിൽ എടുത്ത്, ശത്രുക്കളുടെ നേർക്ക് എറിഞ്ഞു. തുടർന്ന് അദ്ദേഹം ഇപ്രകാരം പറഞ്ഞു: “മുഹമ്മദിന്റെ രക്ഷിതാവാണ് സത്യം, മറ്റൊരു നിവേദന പ്രകാരം ‘കഅ്ബയുടെ രക്ഷിതാവാണ് സത്യം, ഇവർ പരാജിതരായിരിക്കുന്നു.”
ഹദ്റത്ത് അബ്ബാസ്(റ) നിവേദനം ചെയ്യുന്നതനുസരിച്ച്, പ്രവാചകൻ ﷺ ചെറുകല്ലുകൾ എറിഞ്ഞ ഉടനെ, ശത്രുക്കളുടെ പോരാട്ടത്തിലെ വേഗത കുറഞ്ഞു, അവരുടെ തോൽവിയിലേക്കുള്ള വഴിയാരംഭിച്ചു.
മറ്റൊരു നിവേദന പ്രകാരം, പരിശുദ്ധ പ്രവാചകൻ ﷺ മണലും ചെറുകല്ലുകളും എറിഞ്ഞതിന് ശേഷം, ശത്രുസൈനികർ തങ്ങളുടെ കണ്ണുകളിൽ ഒരു കഠിനമായ നീറ്റൽ അനുഭവപ്പെടുന്നതായി പരാതിപ്പെടാൻ തുടങ്ങി. അവർ കണ്ണുകൾ തുടച്ചുകൊണ്ടിരുന്നു.
ശൈബ ബിൻ ഉസ്മാൻ അന്ന് ഇസ്ലാം സ്വീകരിച്ചിട്ടില്ലായിരുന്നു. ശൈബയുടെ പിതാവ് ഉഹുദ് യുദ്ധത്തിൽ കൊല്ലപ്പെട്ടിരുന്നു. അതിനാൽ, പരിശുദ്ധ പ്രവാചകൻ ﷺ നെ വധിച്ച് പ്രതികാരം നടത്തുമെന്ന ഉദ്ദേശ്യത്തോടെ അയാൾ ഈ യുദ്ധത്തിൽ പങ്കെടുത്തിരുന്നു.
ശൈബക്ക് ഇസ്ലാമിനോടുള്ള വൈരാഗ്യം അത്രമേൽ കൂടുതലായിരുന്നു; ലോകം മുഴുവൻ പ്രവാചകൻ ﷺ യെ അംഗീകരിച്ചാലും താൻ ഒരിക്കലും അംഗീകരിക്കില്ലെന്ന് വരെ അയാൾ പ്രഖ്യാപിച്ചിരുന്നു.
മുസ്ലിങ്ങൾ യുദ്ധഭൂമിയിൽ നിന്ന് ഓടിപ്പോയത് കണ്ടപ്പോൾ, പ്രവാചകൻ ﷺ യെ ആക്രമിക്കാനുള്ള ഏറ്റവും നല്ല അവസരമാണ് ഇതെന്ന് കരുതി, ശൈബ മുന്നോട്ട് നീങ്ങി. എന്നാൽ, ഒരുവശത്ത് ഹദ്റത്ത് അബ്ബാസ്(റ), മറുവശത്ത് ഹദ്റത്ത് അബൂ സുഫിയാൻ(റ) എന്നിവരെ കണ്ടു. പിറകിലൂടെ ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ശൈബയുടെ കണ്ണുകൾ മൂടപ്പെട്ടു; ഉടൻ തന്നെ പിൻമാറി. തന്നെ വിഴുങ്ങുന്ന തീജ്വാലകൾ കാണുകയാണെന്ന് ശൈബക്ക് തോന്നി.
അപ്പോൾ, പ്രവാചകൻﷺ അദ്ദേഹത്തിന്റെ പേര് വിളിച്ചു — അതായത്, ശൈബ പിന്നിൽ തന്നെയുണ്ടെന്ന് പ്രവാചകൻ ﷺ അറിഞ്ഞിരുന്നു. ശൈബ പ്രവാചകന്റെ സമീപത്തേക്ക് എത്തിയപ്പോൾ പ്രവാചകൻ ﷺ പുഞ്ചിരിച്ചു. തന്റെ കൈ ശൈബയുടെ നെഞ്ചിൽ വെച്ചു, “അല്ലാഹു നിന്നിൽ നിന്ന് ശൈതാനെ നീക്കട്ടെ” എന്ന് പ്രാർത്ഥിച്ചു.
ശൈബ പറയുന്നു: ആ നിമിഷം തന്നെ എന്റെ ഹൃദയം ശുദ്ധമായി, പ്രവാചകൻ ﷺ എന്റെ ജീവതത്തിലെ ഏറ്റവും പ്രിയപ്പെട്ടവനായി മാറി.
യുദ്ധം അവസാനിച്ച ശേഷം, പരിശുദ്ധ പ്രവാചകൻ ﷺ തന്റെ കൂടാരത്തിൽ ഇരിക്കുമ്പോൾ, ശൈബ അദ്ദേഹത്തെ കാണാൻ വന്നു. അപ്പോൾ പ്രവാചകൻ ﷺ ശൈബയോട് പറഞ്ഞു: “ആ നിമിഷത്തിൽ നീ എന്നെ ആക്രമിക്കാൻ വിചാരിച്ചപ്പോൾ, അല്ലാഹു നിനക്കായി വിധിച്ചതാണ് നിന്റെ ചിന്തകളേക്കാൾ ഏറെ ഉത്തമമായിരുന്നത്.”
തുടർന്ന്, പ്രവാചകൻ ﷺ ശൈബ അന്ന് മനസ്സിൽ വിചാരിച്ചിരുന്നതെല്ലാം ശൈബയോട് വിശദമായി പറഞ്ഞു.
ഇത് കേട്ട്, ശൈബ മാപ്പ് തേടി. പ്രവാചകൻ ﷺ അദ്ദേഹത്തിനുവേണ്ടി ക്ഷമാപണ പ്രാർത്ഥന നടത്തി.
ഹുനൈൻ യുദ്ധത്തിൽ ദുഷ്ടലാക്കോടുകൂടി പങ്കെടുത്ത മറ്റൊരു മക്കക്കാരൻ നുസൈർ ബിൻ ഹാരിസ് ആയിരുന്നു. ബദ്ർ യുദ്ധത്തിൽ അയാളുടെ സഹോദരൻ കൊല്ലപ്പെട്ടതിനാൽ, പ്രതികാരത്തിന്റെ ഉദ്ദേശ്യത്തോടെ നുസൈർ ബിൻ ഹാരിസ് ഹുനൈൻ സൈന്യത്തിൽ ചേർന്നിരുന്നു.
മുസ്ലിങ്ങൾ യുദ്ധഭൂമിയിൽ നിന്ന് ഓടിപ്പോയപ്പോൾ, പ്രവാചകൻ ﷺ യെ ആക്രമിക്കാൻ അയാൾ മുന്നോട്ട് നീങ്ങി. എന്നാൽ അപ്പോഴേക്കും വെളുത്ത മുഖങ്ങളുള്ള ചില വ്യക്തികളെ അയാൾ കണ്ടു. അവർ ഭയപ്പെടുത്തുന്ന രീതിയിൽ നുസൈറിനോട് “അകന്നു പോകുക, ദൂരെ പോകുക” എന്ന് പറഞ്ഞു കൊണ്ടിരുന്നു.
ഭയന്നുപോയ നുസൈർ അവിടെ നിന്ന് ഓടി മരങ്ങളിൽ ഒളിച്ചു; കുറച്ച് ദിവസങ്ങൾ അവിടെ തന്നെയുണ്ടായിരുന്നു. തുടർന്ന്, ഇസ്ലാം വിജയം നേടിയെന്നും എല്ലാവരും ഇസ്ലാം സ്വീകരിച്ചെന്നും കണ്ടപ്പോൾ, അദ്ദേഹം മുസ്ലിങ്ങളുടെ കൂടെ ചേർന്നു.
പ്രവാചകൻ ﷺ അയാളെ കണ്ടപ്പോൾ പറഞ്ഞു: “നീ ഹുനൈൻ ദിവസത്തിൽ വിചാരിച്ചതിനേക്കാൾ, ഇന്ന് നീ സ്വീകരിച്ചിരിക്കുന്നത് നിനക്കായി ഏറെ നല്ലതാണ്. അന്ന്, അല്ലാഹു തന്നെയാണ് നിന്റെ പദ്ധതിക്കും നിനക്കും ഇടയിൽ തടസ്സമായി നിന്നത്.”
നുസൈർ പ്രവാചകന്റെ മുന്നിലേക്ക് വന്നു പറഞ്ഞു: “മറ്റൊരു ദൈവം ഉണ്ടായിരുന്നെങ്കിൽ, എന്റെ പദ്ധതി വിജയിച്ചേനെ.” തുടർന്ന്, അദ്ദേഹം ഇസ്ലാമിന്റെ കലിമ ഇസ്ലാം സ്വീകരിച്ചു.
ഹുനൈൻ യുദ്ധത്തിനുശേഷം, യുദ്ധത്തിൽ ലഭിച്ച സ്വത്തുസാമഗ്രികൾ (ഗനീമത്ത്) വിതരണം ചെയ്യുന്നതിനിടെ, പരിശുദ്ധ പ്രവാചകൻ ﷺ ഇസ്ലാം സ്വീകരിച്ചിരുന്ന ചില മക്കൻ പ്രമുഖർക്കു പ്രോത്സാഹനാർത്ഥം ഓരോരുത്തർക്കും നൂറ് ഒട്ടകങ്ങൾ വീതം നൽകി. അവരിൽ നുസൈറും ഉൾപ്പെട്ടിരുന്നു. പിന്നീട് അദ്ദേഹം ആത്മാർത്ഥനായ ഒരു മുസ്ലിം ആയി.
ഇൻശാ അല്ലാഹ് ഈ സംഭവങ്ങൾ ഭാവിയിലും തുടരുന്നതാണ് എന്ന് ഖലീഫാ തിരുമനസ്സ് പറഞ്ഞു.
0 Comments