അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 26 സെപ്റ്റംബർ
2025ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: സി. ജി. നസീര്‍ അഹ്‍മദ് ശാഹിദ്
തശഹുദ്, തഅവ്വുദ്, സൂറത്തുൽ ഫാത്തിഹ എന്നിവ പാരായണം ചെയ്ത ശേഷം, ഹദ് റത്ത് മിർസാ മസ്‌റൂർ അഹ്മദ് (അയ്യദഹുല്ലാഹു) ഹുനൈൻ യുദ്ധത്തിലെ യുദ്ധമുതലുകളുടെ വിതരണത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ തുടർന്നും പറയുമെന്ന് പ്രസ്താവിച്ചു.
വിതരണത്തെക്കുറിച്ച് അൻസാറുകളിലെ യുവാക്കളുടെ ആശങ്ക
ഖുറൈശികളുടെ നേതാക്കളുമായി പരസ്പരബന്ധം ശക്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ നബി തിരുമേനി ഖുംസിന്റെ (യുദ്ധമുതലിൽ അഞ്ചിലൊന്ന്) ഭൂരിഭാഗവും അവർക്ക് നല്കിയിരുന്നു. ഇതിനെ തുടർന്ന്, ഇസ്‌ലാമിനുവേണ്ടി വലിയ സേവനങ്ങൾ ചെയ്തതിനാൽ ഈ സമ്പത്ത് ലഭിക്കാൻ തങ്ങൾക്കാണ് കൂടുതൽ അവകാശമെന്ന് അൻസാറുകളിലെ ചില യുവാക്കൾക്ക് തോന്നി. പ്രയാസകരമായ സമയങ്ങളിൽ തങ്ങളെ വിളിക്കുമെന്നും എന്നാൽ യുദ്ധമുതലിൽ ഒരു വിഹിതം പോലും തങ്ങൾക്ക് ലഭിക്കില്ലെന്നും ചിലർ പറഞ്ഞു. തിരുനബി ﷺ അൻസാറുകളുടെ നേതാവായ ഹദ് റത്ത് സഅദ് ബിൻ ഉബാദയെ (റ) വിളിക്കുകയും എല്ലാ അൻസാറുകളെയും ഒരുമിച്ചുകൂട്ടാൻ നിർദേശിക്കുകയും ചെയ്തു. നബി തിരുമേനി ﷺ അവരെ അഭിസംബോധന ചെയ്തുകൊണ്ട് വിഷയം എന്താണെന്ന് ചോദിച്ചു.
തങ്ങളുടെ വിവേകമതികളായവർ ഒന്നും പറഞ്ഞിട്ടില്ലെന്നും എന്നാൽ ഇസ്‌ലാമിനുവേണ്ടി വലിയ സേവനങ്ങൾ ചെയ്ത സാഹചര്യത്തിൽ, യുദ്ധമുതൽ വിതരണം ചെയ്തതിലെ ദുഃഖം തങ്ങളുടെ ചില യുവാക്കൾ പ്രകടിപ്പിച്ചു എന്നും അൻസാറുകൾ പറഞ്ഞു. അപ്പോൾ നബി തിരുമേനി ﷺ അൻസാറുകൾക്ക് ലഭിച്ച വലിയ അനുഗ്രഹങ്ങൾ എണ്ണിപ്പറഞ്ഞു. അവർ വഴിതെറ്റിപ്പോയവരായിരുന്നെന്നും എന്നാൽ താൻ അവരെ ദൈവത്തിലേക്ക് നയിക്കുകയും അവർക്കിടയിൽ സാഹോദര്യം സ്ഥാപിക്കുകയും ചെയ്തു എന്നും അവരെ ഓർമ്മിപ്പിച്ചു. ഇത് നിസ്സംശയം ശരിയാണെന്ന് അൻസാറുകൾ സമ്മതിച്ചു.എങ്കിലും, നബി തിരുമേനി ﷺ പറഞ്ഞു, നബി തിരുമേനി ﷺ മറ്റുള്ളവർ നിഷേധിച്ചപ്പോൾ അൻസാറുകളുടെ അടുത്തേക്ക് വന്നു എന്നും, എന്നാൽ അൻസാറുകൾ അദ്ദേഹത്തിൻറെ സത്യതക്ക് സാക്ഷ്യം വഹിച്ചു എന്നും, മറ്റുള്ളവർ അദ്ദേഹത്തെ അവഗണിച്ചപ്പോൾ അൻസാറുകൾ അദ്ദേഹത്തെ തിരിച്ചറിഞ്ഞു എന്നും, മറ്റുള്ളവർ അദ്ദേഹത്തെ നാടുകടത്തിയപ്പോൾ അൻസാറുകൾ അദ്ദേഹത്തെ സ്വാഗതം ചെയ്തു എന്നും അൻസാറുകൾക്ക് മറുപടി പറയാമായിരുന്നു. ഇത് കേട്ടപ്പോൾ സന്നിഹിതരായിരുന്ന എല്ലാ അൻസാറുകളും നാണക്കേട് കാരണം തലകുനിച്ചു നിശ്ശബ്ദരായി.
തുടർന്ന് തിരുനബി ﷺ എന്തിനാണ് ഖുറൈശികൾക്ക് കൂടുതൽ യുദ്ധമുതൽ നല്കിയതെന്ന് അൻസാറുകൾക്ക് വിശദീകരിച്ചു കൊടുത്തു. മക്കയുടെ വിജയസമയത്ത് അവരിൽ പലരും ഇസ്‌ലാം സ്വീകരിച്ചതേയുള്ളൂ എന്നും പലരും ഇസ്‌ലാം സ്വീകരിക്കാനിരിക്കുന്നതേയുള്ളൂ എന്നും അദ്ദേഹം വിശദീകരിച്ചു. ഇതിനകം മുസ്ലിങ്ങളായിട്ടുള്ളവരുമായി താരതമ്യം ചെയ്യുമ്പോൾ, ഈ പുതിയ മുസ്ലിങ്ങളുടെ ഹൃദയത്തിൽ ഇസ്‌ലാം രൂഢമൂലമാകുന്നതിന് ഇത്തരം നല്ല കാര്യങ്ങളും ബന്ധം വർദ്ധിപ്പിക്കുന്ന പ്രവൃത്തികളും അവർ കാണേണ്ടതുണ്ടായിരുന്നു. കൂടാതെ, മുൻ യുദ്ധങ്ങളിൽ ഖുറൈശികൾക്ക് വലിയ നഷ്ടം സംഭവിച്ചിരുന്നു. അതിനാൽ, അവരുടെ വികാരങ്ങളെ പരിഗണിക്കാനും അവരെ പൂർണമായി ഇസ്‌ലാമിലേക്ക് കൊണ്ടുവരാനുമാണ് താൻ ഉദ്ദേശിച്ചതെന്ന് നബി തിരുമേനി ﷺ വിശദീകരിച്ചു. തുടർന്ന് നബി തിരുമേനി ﷺ ചോദിച്ചു: മറ്റുള്ളവർ കന്നുകാലികളുമായി വീടുകളിലേക്ക് മടങ്ങുമ്പോൾ, അൻസാറുകളായ നിങ്ങൾ അല്ലാഹുവിനെയും അവൻ്റെ ദൂതനെയും ﷺ കൂട്ടി വീടുകളിലേക്ക് മടങ്ങാൻ ഇഷ്ടപ്പെടുന്നില്ലേ? മറ്റുള്ളവരെ തൻ്റെ പുറം വസ്ത്രത്തോടും അൻസാറുകളെ തൻ്റെ അകത്തെ വസ്ത്രത്തോടും നബി തിരുമേനി ﷺ ഉപമിച്ചു. അൻസാറുകൾ അന്ത്യനാളിൽ തന്നെ കണ്ടുമുട്ടുമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് തിരുനബി ﷺ അൻസാറുകൾക്ക് വേണ്ടി പ്രാർഥിച്ചു. ഈ സമയം അൻസാറുകൾ കണ്ണീരൊഴുക്കുകയും, നബി തിരുമേനി ﷺ യുദ്ധമുതൽ വിതരണം ചെയ്ത രീതിയിൽ തങ്ങൾ സംതൃപ്തരാണെന്ന് പറയുകയും ചെയ്തു.
അൻസാറുകളെ കാത്തിരിക്കുന്ന യഥാർഥ പ്രതിഫലം
അൻസാറുകളിൽ എല്ലാവരും ആദ്യം അതൃപ്തി പ്രകടിപ്പിച്ചില്ലെങ്കിൽ പോലും, അവർ ചെയ്ത ത്യാഗങ്ങൾക്ക് ഈ ലോകത്തല്ല, പരലോകത്തായിരിക്കും പ്രതിഫലം ലഭിക്കുക എന്ന് നബി തിരുമേനി ﷺ പറഞ്ഞത് സത്യമാണ് എന്ന് രണ്ടാമത്തെ ഖലീഫയായ ഹദ് റത്ത് മിർസാ ബശീറുദ്ദീൻ മഹ്മൂദ് അഹ്മദ് (റ) പറഞ്ഞതായി ഹുസൂർ തിരുമനസ്സ് ഉദ്ധരിച്ചു. ചരിത്രം കാണിക്കുന്നത്, അൻസാറുകൾ ഒഴികെ എല്ലാ സമുദായത്തിൽ നിന്നുള്ളവരും ഇസ്‌ലാം വഴി ഭരണത്തിൻറെയും നേതൃത്വത്തിൻറെയും സ്ഥാനങ്ങൾ നേടി എന്നാണ്. ഒരു വ്യക്തിയുടെ പ്രസ്താവനയ്ക്ക് ഒരു ജനതയിൽ മുഴുവൻ എത്രമാത്രം ആഴത്തിലുള്ള സ്വാധീനം ചെലുത്താൻ കഴിയും എന്ന് ഇത് വ്യക്തമാക്കുന്നു. ഈ ആശയം ഇന്നും സത്യമാണ്. ഏതെങ്കിലും ഒരു സ്ഥാനമോ പദവിയോ സമ്പത്തോ നേടാൻ വേണ്ടി മാത്രം ഖലീഫ ആഹ്വാനം ചെയ്യുമ്പോൾ ത്യാഗത്തിനായി മുന്നോട്ടു വരരുത്; പകരം അല്ലാഹുവിനുവേണ്ടി ത്യാഗം ചെയ്യാൻ തയ്യാറുള്ളവർ മാത്രം മുന്നോട്ട് വരുക. അല്ലാഹുവിൻ്റെ പ്രീതിക്ക് വേണ്ടി ചെയ്യുന്ന ത്യാഗങ്ങൾക്ക് അല്ലാഹു പ്രതിഫലം നല്കും. ആത്മാർഥതയുള്ളവരുടെ ത്യാഗങ്ങൾ അവൻ ഒരിക്കലും പാഴാക്കില്ല.
ജമാഅത്തിനുള്ളിൽ പോലും ഒരു പ്രത്യേക പ്രായത്തിലെത്തുകയോ അനുഭവപരിചയമുണ്ടാകുകയോ ചെയ്യുമ്പോൾ തങ്ങൾക്ക് അംഗീകാരവും പ്രതിഫലവും ലഭിക്കണം എന്ന് ചിന്തിക്കുന്ന ചിലരുണ്ട് എന്ന് ഹുസൂർ തിരുമനസ്സ് പറഞ്ഞു. ഇന്ന് അഹ്മദിയാ മുസ്ലിം ജമാഅത്തിലെ മജ്‌ലിസ് അൻസാറുള്ളയുടെ വാർഷിക സമ്മേളനം ആരംഭിക്കുകയാണ്. ഈ പ്രായത്തിലുള്ള ആളുകൾക്കാണ് സാധാരണയായി ഇത്തരം ചിന്തകൾ വരാറ്. അതിനാൽ, പ്രായത്തിൻ്റെയോ പരിചയത്തിൻ്റെയോ പേരിൽ അത്തരം ചിന്തകൾ മനസ്സിലുദിക്കുന്നെങ്കിൽ അവ ഉപേക്ഷിച്ച് അല്ലാഹുവിൻ്റെ പ്രീതി നേടാൻ വേണ്ടി പരിശ്രമിക്കണം.
ബദ്‌വികൾ കാണിച്ച അക്ഷമയോട് നബി തിരുമേനിയുടെ ﷺ പ്രതികരണം
ഹുനൈൻ യുദ്ധത്തിലെ യുദ്ധമുതൽ വിതരണത്തിലേക്ക് മടങ്ങുമ്പോൾ, ബദ്‌വികൾ (ഗ്രാമീണ അറബികൾ) കാണിച്ച അക്ഷമയെക്കുറിച്ചും പരാമർശമുണ്ട് എന്ന് ഹുസൂർ തിരുമനസ്സ് പറഞ്ഞു. കുറച്ച് യുദ്ധമുതൽ തങ്ങൾക്ക് നല്കണമെന്ന് ആവശ്യപ്പെട്ട് ചില ബദ്‌വികൾ നബി തിരുമേനി ﷺ യുടെ ചുറ്റും തടിച്ചുകൂടി. വലിയ ജനക്കൂട്ടം നബി തിരുമേനി ﷺ യുടെ അടുത്ത് കൂടിയത് തള്ളിക്കയറ്റത്തിന് പോലും കാരണമായി. ഇത് കാരണം നബി തിരുമേനി ﷺ യുടെ പുതപ്പ് ഒരു മരക്കൊമ്പിൽ കുടുങ്ങി. ആ മരത്തിലെ മുള്ളുകളുടെ എണ്ണത്തിന് തുല്യമായ ഒട്ടകങ്ങൾ തനിക്കുണ്ടെങ്കിൽപോലും അതെല്ലാം അവർക്ക് നല്കുമായിരുന്നെന്ന് നബി തിരുമേനി ﷺ പറഞ്ഞു, കാരണം താൻ ഒരിക്കലും പിശുക്കനല്ല. അവരുടെ മോശം പെരുമാറ്റത്തിന് നബി തിരുമേനി ﷺ അവരെ ശാസിച്ചില്ല; പകരം, പുഞ്ചിരിയോടെ മനോഹരമായി പ്രതികരിക്കുകയും യുദ്ധമുതലിൽ നിന്ന് അവർക്ക് കുറച്ച് സമ്പത്ത് നല്കുകയും ചെയ്തു.
ഹുനൈൻ യുദ്ധത്തിലെ യുദ്ധമുതൽ നബി തിരുമേനി ﷺ ഖുറൈശികൾക്കും ദരിദ്രർക്കും മാത്രമാണോ വിതരണം ചെയ്തത്, അതോ യുദ്ധത്തിൽ പങ്കെടുത്തവർക്കും അതിൻ്റെ സാധാരണ വിഹിതം ലഭിച്ചോ എന്ന ചോദ്യം ഉയരുന്നുണ്ടെന്ന് ഹുസൂർ തിരുമനസ്സ് പറഞ്ഞു. ചരിത്രപരമായ രേഖകൾ സൂചിപ്പിക്കുന്നത്, യുദ്ധത്തിൽ പങ്കെടുത്തവർക്ക് അവരുടെ സാധാരണ വിഹിതമായ നാല് ഒട്ടകങ്ങളോ അല്ലെങ്കിൽ നാൽപ്പത് ആടുകളോ ലഭിച്ചിട്ടുണ്ടാവാം എന്നാണ്. എങ്കിലും, യുദ്ധത്തിൽ പങ്കെടുത്തവർക്ക് യുദ്ധമുതൽ ലഭിക്കാതിരിക്കാനും സാധ്യതയുണ്ട്.
ഒരു ബദ്‌വി നബി തിരുമേനി ﷺ യുടെ അടുത്ത് വന്ന് വാഗ്ദാനം ചെയ്തത് നല്കാൻ ആവശ്യപ്പെട്ടു. നബി തിരുമേനി ﷺ “സന്തോഷിക്കുക” എന്ന് പറഞ്ഞു. നബി തിരുമേനി ﷺ മുമ്പും ഇത് പറഞ്ഞിട്ടുണ്ടെന്നും എന്നാൽ ഒന്നും നല്കിയിട്ടില്ലെന്നും ബദ്‌വി മറുപടി പറഞ്ഞു. ബദ്‌വികളുടെ ഈ പ്രതികരണം നബി തിരുമേനി ﷺ യെ നീരസപ്പെടുത്തുകയും അദ്ദേഹം മുഖംതിരിഞ്ഞുനിൽക്കുകയും ചെയ്തു. അടുത്ത് നിന്നിരുന്ന ഹദ് റത്ത് ബിലാലിനെയും (റ) ഹദ് റത്ത് അബൂ മൂസയെയും (റ) കണ്ടപ്പോൾ, ഈ സന്തോഷവാർത്ത സ്വീകരിക്കാനും സന്തോഷിക്കാനും അദ്ദേഹം അവരോട് പറഞ്ഞു. നബി തിരുമേനി ﷺ കുറച്ച് വെള്ളമെടുത്ത് അംഗശുദ്ധി വരുത്തി. എന്നിട്ട് ബാക്കിയുള്ള വെള്ളം ആ രണ്ട് സ്വഹാബികൾക്ക് നല്കി, ആ വെള്ളം കുടിക്കാനും വുദൂ ചെയ്യാനും ആവശ്യപ്പെട്ടു. ഇതെല്ലാം നടന്നത് നബി തിരുമേനിﷺ യുടെ ഭാര്യയായ ഹദ് റത്ത് ഉമ്മു സലമയുടെ (റ) കൂടാരത്തിനടുത്തായിരുന്നു. അവർ ആ രണ്ട് സ്വഹാബികളെ വിളിച്ചുകൊണ്ട് തനിക്കും കുറച്ച് വെള്ളം ബാക്കിവയ്ക്കാൻ ആവശ്യപ്പെട്ടു.
ഒരു വ്യക്തി നബി തിരുമേനി ﷺ യുടെ അടുത്ത് പോയി വലിയൊരു ആട്ടിൻകൂട്ടത്തെ കാണുകയും അത് തനിക്ക് തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു എന്ന് ഹുസൂർ തിരുമനസ്സ് പറഞ്ഞു. ചോദ്യമൊന്നും കൂടാതെ നബി തിരുമേനിﷺ ആട്ടിൻകൂട്ടത്തെ അയാൾക്ക് നല്കി. ആ മനുഷ്യൻ തൻ്റെ ജനങ്ങളുടെ അടുത്ത് മടങ്ങിയെത്തി. നബി തിരുമേനി ﷺ യിൽ വിശ്വസിക്കാൻ അവരെ പ്രേരിപ്പിച്ചു കൊണ്ട് പറഞ്ഞു ‘അദ്ദേഹം ഒരൽപ്പം പോലും ദാരിദ്ര്യത്തെ ഭയപ്പെടുന്നില്ല’. ഇത് മുകളിൽ പറഞ്ഞ സംഭവത്തിൻ്റെ ഭാഗമാണെന്നും പറയപ്പെടുന്നു.
ഈ സംഭവങ്ങൾ ഇനിയും തുടരുമെന്ന് ഹുസൂർ തിരുമനസ്സ് പറഞ്ഞു.
മയ്യിത്ത് നമസ്കാരം (Funeral Prayers)
ഹുസൂർ തിരുമനസ്സ് താഴെ പറയുന്നവരുടെ ജനാസ ഗാഇബ് നിർവ്വഹിക്കുമെന്ന് അറിയിച്ചു:
1.ഫഹീമുദ്ദീൻ നാസർ റൊമാനിയയിലെ ഒരു മുബല്ലിഗ് ആയിരുന്നു. അദ്ദേഹം ആദ്യം പാക്കിസ്ഥാനിലെ വിവിധ സ്ഥലങ്ങളിൽ സേവനമനുഷ്ഠിച്ചു. വിശുദ്ധ ഖുർആൻറെ വ്യാഖ്യാനത്തിൽ അദ്ദേഹം വൈദഗ്ദ്ധ്യം നേടിയിരുന്നു. 2006-ൽ അദ്ദേഹം റൊമാനിയയിൽ സേവനത്തിനായി നിയോഗിക്കപ്പെട്ടു, മരണം വരെ അവിടെ തുടർന്നു.
അദ്ദേഹത്തിൻ്റെ ഭാര്യ പറയുന്നത്, അദ്ദേഹം മാതൃകാപരമായ ഭർത്താവും മികച്ച പിതാവുമായിരുന്നു എന്നാണ്. ദൈവവുമായി ഉറച്ച ബന്ധം പുലർത്തിയിരുന്ന അദ്ദേഹം, പ്രാർത്ഥനാനിരതനും ക്ഷമയുള്ളവനും തൻ്റെ സേവനവും ജീവിത സമർപ്പണവും പൂർണമായി നിർവഹിക്കാൻ അഭിനിവേശമുള്ളയാളുമായിരുന്നു. എല്ലാ കാര്യങ്ങളിലും അദ്ദേഹം ഖലീഫയുടെ ഉപദേശം തേടിയിരുന്നു. കുട്ടികളെ പഠിപ്പിക്കുന്നതിൽ അദ്ദേഹത്തിന് മികച്ച ശൈലിയുണ്ടായിരുന്നു. രോഗാവസ്ഥയിലും അദ്ദേഹം പ്രാർഥനകളിൽ ശ്രദ്ധാലുവായിരുന്നു, ദൈവത്തിൻ്റെ പടിവാതിൽ ഒരിക്കലും ഉപേക്ഷിക്കരുതെന്ന് അദ്ദേഹം കുടുംബത്തെ ഉപദേശിച്ചു. ഇസ്‌ലാം അഹ്മദിയ്യയുടെ സന്ദേശം പ്രചരിപ്പിക്കാൻ കിട്ടുന്ന ഒരവസരവും അദ്ദേഹം പാഴാക്കിയില്ല. എപ്പോഴും പുഞ്ചിരിക്കുന്ന മുഖഭാവമുള്ള, സൗഹൃദപരമായ വ്യക്തിയായിരുന്നു അദ്ദേഹം. രോഗാവസ്ഥയിലും, മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് വരെ, അദ്ദേഹം തൻ്റെ പതിവ് ജോലികൾ തുടർന്നു.
വിശുദ്ധ ഖുർആൻ്റെ റൊമാനിയൻ പരിഭാഷയിലും മസീഹ് മൗഊദ് (അ) ൻ്റെ ചില പുസ്തകങ്ങളുടെ പരിഭാഷയിലും അദ്ദേഹം പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. റൊമാനിയൻ ഭാഷയിലുള്ള അദ്ദേഹത്തിൻ്റെ വൈദഗ്ധ്യം അവിടുത്തെ ആളുകളെ വളരെയധികം ആകർഷിച്ചു. അദ്ദേഹത്തിൻ്റെ മാതാവ് പറയുന്നത്, അദ്ദേഹം വളരെ അനുസരണയുള്ള മകനും മികച്ച സ്വഭാവഗുണങ്ങളുള്ളവനുമായിരുന്നു എന്നാണ്. അദ്ദേഹം ജനിക്കുന്നതിനുമുമ്പ് അദ്ദേഹത്തിൻ്റെ പിതാവ് ഒരു സ്വപ്നം കണ്ടിരുന്നു: നെറ്റിയിൽ ഒരു ചന്ദ്രനും നക്ഷത്രവുമുള്ള ഒരു കുട്ടിയെ പിടിച്ചിരിക്കുന്നു എന്നതായിരുന്നു സ്വപ്നം. അദ്ദേഹം ഒരു മുബല്ലിഗ് ആയപ്പോൾ തന്നെ, അവൻ തീർച്ചയായും ഒരു ദിവസം ശോഭിക്കുമെന്ന് തങ്ങൾക്ക് അറിയാമായിരുന്നു എന്ന് ഉമ്മ പറഞ്ഞു. റൊമാനിയയിലെ ആദ്യത്തെ മുബല്ലിഗ് ആയിരുന്നു അദ്ദേഹം, അവിടെ ജമാഅത്ത് സ്ഥാപിക്കുന്നതിൽ മഹത്തായ സേവനങ്ങൾ ചെയ്തു. തൻ്റെ ഇളയ സഹോദരി മരിച്ചപ്പോൾ ഒഴികെ അദ്ദേഹം ഒരിക്കലും അവധി എടുത്തില്ല. പ്രാദേശിക സമുദായ അംഗങ്ങൾ തങ്ങളുടെ ജീവിതത്തിൽ അദ്ദേഹത്തിൻ്റെ ആഴത്തിലുള്ള സ്വാധീനം വിവിധ രീതികളിൽ പ്രകടിപ്പിച്ചു, തനിക്ക് കഴിയുന്ന എല്ലാ വഴികളിലൂടെയും അദ്ദേഹം അവരെ സഹായിച്ചിരുന്നു. അദ്ദേഹം തങ്ങൾക്ക് ഒരു മുബല്ലിഗ് മാത്രമല്ല, ഒരു പിതൃതുല്യനും, സഹോദരനും, സുഹൃത്തും ആയിരുന്നു എന്ന് ചിലർ പറഞ്ഞു.
ഹുസൂർ തിരുമനസ്സ് പറഞ്ഞു, ഇതാണ് ഒരു മുബല്ലിഗിൽ ഉണ്ടായിരിക്കേണ്ട ഗുണങ്ങൾ. പ്രബോധനത്തിലും ധാർമിക പരിശീലനത്തിലുമുള്ള തങ്ങളുടെ പരിശ്രമത്തിൽ ഫലം കാണണമെങ്കിൽ ഒരു മുബല്ലിഗ് വയ് ക്കേണ്ട മാതൃക ഇതാണ്. ഈ മുബല്ലിഗ് ഒരു വിദേശ രാജ്യത്ത് സത്യവിശ്വാസത്തിന് വേണ്ടി പൂർണമായി സമർപ്പിച്ചു, ഇത് തീർച്ചയായും അദ്ദേഹത്തെ ഒരു രക്തസാക്ഷിയാക്കുന്നു എന്ന് ഹുസൂർ തിരുമനസ്സ് പറഞ്ഞു. തൻ്റെ അവസാന ശ്വാസം വരെ അദ്ദേഹം സേവനമനുഷ്ഠിച്ചു. അദ്ദേഹത്തെ എപ്പോഴും പുഞ്ചിരിക്കുന്ന മുഖത്തോടെയാണ് കണ്ടിട്ടുള്ളതെന്ന് ഹുസൂർ തിരുമനസ്സ് സാക്ഷ്യപ്പെടുത്തി. വിദേശത്ത് അന്തരിച്ച മറ്റൊരു മുബല്ലിഗിനെക്കുറിച്ച് രണ്ടാമത്തെ ഖലീഫ (റ) പറഞ്ഞത്, അദ്ദേഹവും ഒരു രക്തസാക്ഷിയാണെന്നും അദ്ദേഹത്തിൻ്റെ ജീവിതത്തിൽ നിന്ന് പാഠങ്ങൾ പഠിക്കണം എന്നുമാണ്. ഫഹീമുദ്ദീൻ നാസർ സാഹിബിൻ്റെ കാര്യവും അതുപോലെയാണ്; അദ്ദേഹത്തിൻ്റെ ജീവിതം ഒരു മാതൃകയാണ്, പ്രത്യേകിച്ച് വഖ്ഫെ സിന്ദഗികൾക്ക് (ജീവിതം സമർപ്പിച്ചവർക്ക്). അല്ലാഹു അദ്ദേഹത്തിൻ്റെ പദവി ഉയർത്തുകയും കുടുംബത്തിന് ക്ഷമ നൽകുകയും ചെയ്യട്ടെ എന്ന് ഹുസൂർ തിരുമനസ്സ് ദുആ ചെയ്തു.
2. അബ്ദുൽ അലീം ഫാറൂഖി (കാനഡ)
കാനഡയിലെ അബ്ദുൽ അലീം ഫാറൂഖി. അദ്ദേഹം ഉറങ്ങിക്കിടക്കുമ്പോൾ മൂന്ന് സായുധർ വീട്ടിൽ അതിക്രമിച്ചു കയറുകയും, അദ്ദേഹത്തിൻ്റെ ഭാര്യയും മൂന്ന് കുട്ടികളും താഴെയായിരിക്കെ അദ്ദേഹം അന്തരിക്കുകയും ചെയ്തു. കവർച്ചക്കാർ എല്ലാവരുടെയും ഫോണുകൾ എടുത്തു, ബഹളം കേട്ട് അബ്ദുൽ അലീം ഫാറൂഖി സാഹിബ് ഉണർന്നു. അക്രമികളിൽ ഒരാൾ അദ്ദേഹത്തിൻ്റെ മുറിയിൽ പ്രവേശിച്ചു, അയാളെ ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിച്ചപ്പോൾ, അക്രമി അദ്ദേഹത്തിൻ്റെ മുഖത്തും തോളിലും വടി കൊണ്ട് അടിക്കുകയും തുടർന്ന് ഓടിപ്പോകുകയും ചെയ്തു. തുടർന്ന് അബ്ദുൽ അലീം ഫാറൂഖി സാഹിബ് മകൻ്റെ മുറിയിലേക്ക് നടക്കാൻ തുടങ്ങിയപ്പോൾ, കോണിപ്പടിക്ക് അടുത്ത് നിന്നിരുന്ന ഒരു അക്രമി അദ്ദേഹത്തിന് നേരെ രണ്ട് തവണ വെടിയുതിർത്തു. ഒരു വെടിയുണ്ട ഹൃദയത്തിനടുത്ത് തട്ടി തോളിലൂടെ പുറത്തുപോകുകയും അദ്ദേഹം തൽക്ഷണം മരണപ്പെടുകയും ചെയ്തു.
അദ്ദേഹം ജമാഅത്തിലെ സജീവ അംഗമായിരുന്നു, കൃത്യമായി നമസ്കരിക്കുന്ന വ്യക്തിയും സന്ദേശം പ്രചരിപ്പിക്കുന്നതിൽ സജീവവുമായിരുന്നു. അദ്ദേഹം തൻ്റെ പ്രാദേശിക ജമാഅത്തിലെ ലോക്കൽ പ്രസിഡൻറായി സേവനമനുഷ്ഠിച്ചിരുന്നു. ഭാര്യയും ഒരു മകനും മൂന്ന് പെൺമക്കളുമുണ്ട്. അദ്ദേഹം തഹജ്ജുദ് കൃത്യമായി നിർവഹിക്കുന്ന വ്യക്തിയായിരുന്നു. അദ്ദേഹത്തിന് നിരവധി സദ്ഗുണങ്ങളുണ്ടായിരുന്നു, കൂടാതെ സാമ്പത്തിക ത്യാഗങ്ങൾ ചെയ്യുന്നതിൽ അദ്ദേഹം മുൻപന്തിയിലായിരുന്നു.
അദ്ദേഹത്തിൻ്റെ ഭാര്യ പറയുന്നത്, അദ്ദേഹം മാതൃകാപരമായ ഒരു ഭർത്താവായിരുന്നു എന്നും അദ്ദേഹത്തിൽ നിന്ന് താൻ ഒരുപാട് കാര്യങ്ങൾ പഠിച്ചു എന്നും ആണ്. അദ്ദേഹത്തിന് ഖിലാഫത്തുമായി വളരെ ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു. തൻ്റെ കുട്ടികളോട് ജമാഅത്തായി നമസ്കരിക്കാൻ അദ്ദേഹം എപ്പോഴും നിർദേശിക്കുമായിരുന്നു. അദ്ദേഹത്തിൻ്റെ മകൾ പറയുന്നു, തങ്ങളുടെ ആവശ്യങ്ങളെക്കുറിച്ച് അദ്ദേഹം എപ്പോഴും ആകുലനായിരുന്നു. സമുദായത്തിന് വേണ്ടിയുള്ള സേവനത്തിൽ ദിവസം മുഴുവൻ ചെലവഴിച്ച ശേഷവും, വീട്ടിലെത്തി കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കുകയും അവർക്ക് എന്തെങ്കിലും ആവശ്യമുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്യുമായിരുന്നു. അദ്ദേഹം വീട്ടിൽ സൗഹൃദപരമായ ഒരന്തരീക്ഷം നിലനിർത്തിയിരുന്നു.
അദ്ദേഹത്തിൻ്റെ മകൻ പറയുന്നത്, തൻ്റെ പിതാവ് ഒരു റോൾ മോഡലായിരുന്നു എന്നും അദ്ദേഹത്തിൻ്റെ പാത പിന്തുടരാൻ താൻ പരിശ്രമിക്കുമെന്നുമാണ്. പ്രബോധനത്തിനായി എല്ലാ ഞായറാഴ്ചയും അദ്ദേഹം പിതാവിനൊപ്പം പോകുമായിരുന്നു. വിശുദ്ധ ഖുർആൻ മുഴുവനായും മനഃപാഠമാക്കാൻ അദ്ദേഹം മകനെ സഹായിക്കുകയും ചെയ്തു. അദ്ദേഹത്തിൻ്റെ അമ്മ പറയുന്നത്, തൻ്റെ മകൻ സമുദായത്തോട് അർപ്പണബോധമുള്ളവനും എല്ലാവരെയും സ്നേഹിക്കുന്നവനുമായിരുന്നു എന്നാണ്. അദ്ദേഹത്തിന് പ്രബോധനത്തിലും ജമാഅത്തായി നമസ്കരിക്കുന്നതിലും വലിയ താൽപ്പര്യമുണ്ടായിരുന്നു. താൻ നമസ്കരിച്ചോ എന്നറിയാൻ ജോലിസ്ഥലത്ത് നിന്ന് ഉമ്മയെ വിളിക്കുകയും, നമസ്കരിച്ചിട്ടില്ലെങ്കിൽ, അദ്ദേഹത്തിനായി കാത്തിരിക്കാൻ ആവശ്യപ്പെടുകയും, തുടർന്ന് അവർ ഒരുമിച്ച് നമസ്കരിക്കുകയും ചെയ്യുമായിരുന്നു.
അല്ലാഹു മർഹൂമിന് പൊറുത്തുകൊടുക്കുകയും കരുണ കാണിക്കുകയും അദ്ദേഹത്തിൻ്റെ കുടുംബത്തിന് ക്ഷമ പ്രദാനം ചെയ്യുകയും ചെയ്യട്ടെ. അദ്ദേഹത്തിൻ്റെ കുടുംബം അദ്ദേഹത്തിൻ്റെ സദ്ഗുണങ്ങളുടെ പാത പിന്തുടരട്ടെ എന്ന് ഹുസൂർ തിരുമനസ്സ് ദുആ ചെയ്തു.
0 Comments