തിരുനബിചരിത്രം: ഹുനൈൻ യുദ്ധത്തിന് ശേഷമുള്ള സംഭവങ്ങൾ

ഒരിക്കൽ പ്രവാചകൻ ﷺ യുടെ കടുത്ത ശത്രുവായിരുന്ന മാലിക് ബിൻ ഔഫ് പിന്നീട് നബിതിരുമേനി ﷺ യുടെ ആത്മാർഥനും വിശ്വസ്തനുമായ അനുയായിയായി മാറി

തിരുനബിചരിത്രം: ഹുനൈൻ യുദ്ധത്തിന് ശേഷമുള്ള സംഭവങ്ങൾ

ഒരിക്കൽ പ്രവാചകൻ ﷺ യുടെ കടുത്ത ശത്രുവായിരുന്ന മാലിക് ബിൻ ഔഫ് പിന്നീട് നബിതിരുമേനി ﷺ യുടെ ആത്മാർഥനും വിശ്വസ്തനുമായ അനുയായിയായി മാറി

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 3 ഒക്ടോബർ 
2025ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: പി.എം. വസീം അഹ്‌മദ്‌ ശാഹിദ്

തശഹ്ഹുദ്, തഅവ്വുദ്, സൂറത്തുൽ ഫാത്തിഹ എന്നിവ പാരായണം ചെയ്ത ശേഷം, ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്‌ അയ്യദഹുല്ലാഹു പറഞ്ഞു:  ഹുനൈൻ യുദ്ധത്തിൽ ലഭിച്ച യുദ്ധമുതലുകൾ വിതരണം ചെയ്യുന്നതിനെ കുറിച്ചുള്ള വിശദീകരണം തുടരുകയാണ്.

ഹുനൈൻ യുദ്ധത്തിന് ശേഷം, പരിശുദ്ധ പ്രവാചകൻ(സ) യുദ്ധത്തിൽ ലഭിച്ച എല്ലാ സമ്പാദ്യങ്ങളും ജിഅ്‌റാനയിൽ ഒരുമിച്ചുകൂട്ടാൻ നിർദേശിച്ചു. തുടർന്ന്  പ്രവാചകൻ(സ) തായിഫ് കോട്ട ഉപരോധിക്കാനായി പോയി. അതിനുശേഷം ജിഅ്‌റാനയിലേക്ക് മടങ്ങി.

ജിഅ്‌റാനയിലെത്തിയ ഉടനെ തന്നെ പ്രവാചകൻ(സ) യുദ്ധമുതലുകൾ വിതരണം ചെയ്തില്ല. മറിച്ച്, ബനൂ ഹവാസിൻ ഗോത്രം പശ്ചാത്താപിച്ച് തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ കുറച്ചു ദിവസങ്ങൾ കാത്തുനിന്നു. അങ്ങനെ സംഭവിച്ചാൽ അവരുടെ സമ്പത്ത് അവർക്കു തന്നെ തിരികെ നല്കാമെന്നായിരുന്നു അദ്ദേഹം കരുതിയത്. എന്നാൽ അവർ തിരിച്ചുവരില്ലെന്ന് മനസ്സിലായപ്പോൾ, പ്രവാചകൻ(സ) യുദ്ധസമ്പാദ്യങ്ങൾ വിതരണം ചെയ്തു.

ബനൂ ഹവാസിൻ ഇസ്‌ലാം സ്വീകരിക്കുന്നു

യുദ്ധസമ്പാദ്യങ്ങൾ വിതരണം ചെയ്തതിനു ശേഷം ബനൂ ഹവാസിൻ ഗോത്രത്തിലെ പതിനാലു പ്രമുഖർ നബിതിരുമേനി(സ)യുടെ സന്നിധിയിലെത്തി. ഇവര്‍  ഇസ്‌ലാം സ്വീകരിച്ചിരുന്നു. അവരുടെ മുഴുവൻ ഗോത്രവും ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു എന്ന് അവർ നബിതിരുമേനി(സ)യെ അറിയിക്കുകയും  അതിനാൽ അവരോട് കരുണയോടെ പെരുമാറണമെന്നും പറഞ്ഞു.

ഈ സംഘത്തിന്‍റെ നേതാവ് വിനയത്തോടെ അപേക്ഷിച്ചു: ബന്ദികളില്‍ പ്രവാചകൻ(സ)യുടെ ബന്ധുക്കളും ബാല്യകാലത്ത് അദ്ദേഹത്തെ വളർത്തിയവരും ഉൾപ്പെടുന്നു. കാരണം, പ്രവാചകൻ(സ) തന്‍റെ മുലകുടിക്കുന്ന പ്രായത്തില്‍ ബനൂ ഹവാസിൻ ഗോത്രത്തിലെ ഒരു ശാഖയായ ബനൂ സഅദ് ഗോത്രത്തിൽ ചെലവഴിച്ചിരുന്നു. തുടർന്ന് അവർ കവിതകളിലൂടെയും ഉത്സാഹഭരിതമായ പ്രഭാഷണങ്ങളിലൂടെയും തങ്ങളുടെ വികാരങ്ങൾ പ്രകടിപ്പിച്ചു.

അവരുടെ ഹൃദയസ്പർശിയായ അപേക്ഷ കേട്ടശേഷം നബിതിരുമേനി(സ) പറഞ്ഞു: ഞാൻ നിരവധി ദിവസങ്ങളായി നിങ്ങളെ കാത്തിരിക്കുകയായിരുന്നു, നിങ്ങൾ വരില്ലെന്ന് കരുതിയിരുന്നു.അദ്ദേഹം തുടര്‍ന്നു,  ഭൂരിഭാഗം തടവുകാരും ഇതിനകം വിതരണം ചെയ്യപ്പെട്ട് കഴിഞ്ഞിരിക്കുന്നു.  അതിനാൽ നിങ്ങൾ രണ്ടിൽ ഒന്നിനെ തിരഞ്ഞെടുക്കാം: തടവുകാർ അല്ലെങ്കിൽ സമ്പത്ത്. ബനൂ ഹവാസിൻ തടവുകാരെ മോചിപ്പിക്കാനാണ് തീരുമാനിച്ചത്.

പ്രവാചകൻ(സ) പറഞ്ഞു: എന്‍റെ വിഹിതത്തിൽ ഉൾപ്പെട്ട എല്ലാ തടവുകാരെയും ഞാൻ മോചിപ്പിക്കുകയും നിങ്ങള്‍ക്ക് തിരിച്ചുനല്കുകയും ചെയ്യും. മറ്റുള്ളവരെ കുറിച്ച് ഞാൻ മുസ്‌ലിങ്ങളോടു സംസാരിക്കുന്നതാണ്.കൂടാതെ പ്രവാചകൻ(സ) അവരോട് ഇപ്രകാരം പറഞ്ഞു: മധ്യാഹ്ന(ളുഹ്ര്‍) നമസ്കാരത്തിന് ശേഷം ജനങ്ങൾക്കുമുന്നിൽ നിന്നുകൊണ്ട്, പ്രവാചകൻ(സ) ഞങ്ങളുടെ മധ്യസ്ഥനാണ് എന്ന്  പ്രഖ്യാപിച്ചുകൊണ്ടു  വിതരണം ചെയ്യപ്പെട്ട തടവുകാരെ മോചിപ്പിക്കണമെന്ന് അഭ്യർത്ഥിക്കൂ. അതിന് ശേഷം ഞാന്‍ മുസ്‌ലിങ്ങളോടു  തടവുകാരെ മോചിപ്പിക്കാൻ അഭ്യർത്ഥന നടത്താമെന്ന് പറഞ്ഞു.

പ്രവാചകൻ(സ) ബനൂ ഹവാസിന് തടവുകാരെ തിരികെ നല്കുന്നു

പരിശുദ്ധ പ്രവാചകൻ(സ) മനോഹരമായ രീതിയിലായിരുന്നു ഇരുവിഭാഗങ്ങളുടെയും വികാരങ്ങളെ പരിഗണിച്ചത്.  പ്രവാചകൻ(സ) നിർദേശിച്ച പ്രകാരം ബനൂ ഹവാസിൻ അവരവരുടെ അപേക്ഷയുമായി മുന്നോട്ടുവന്നു. അവരുടെ അപേക്ഷയ്ക്കുശേഷം പ്രവാചകൻ(സ) പ്രഖ്യാപിച്ചു: ആർക്കെങ്കിലും സ്വമേധയാ ബനൂ ഹവാസിനിൽപ്പെട്ട തടവുകാരെ തിരിച്ചുനല്കാൻ ആഗ്രഹമുണ്ടെങ്കിൽ, അവർക്ക് അതു ചെയ്യാം. എന്നാൽ അത് ചെയ്തവർക്ക് എന്തെങ്കിലും പ്രതിഫലം ആഗ്രഹമുണ്ടെങ്കിൽ, അതും നല്കപ്പെടും.

മുസ്‌ലിങ്ങൾ മറുപടി നല്കി: അല്ലാഹുവിന്‍റെ പ്രവാചകൻ(സ)യുടെ  പേരിൽ  ഞങ്ങൾ സന്തോഷത്തോടെ ഞങ്ങൾക്ക് ലഭിച്ച തടവുകാരെ മോചിപ്പിക്കുന്നു.ഈ മറുപടി പ്രവാചകൻ(സ)യെ അതിയായ സന്തോഷത്തിലാക്കി. ഇങ്ങനെ  പ്രവാചക(സ)യുടെ അതുല്യമായ കരുണ വീണ്ടും പ്രകടമായി. കാരണം മുസ്‌ലിങ്ങൾ യാതൊരു പ്രതിഫലവും തേടാതെ തന്നെ തടവുകാരെ മോചിപ്പിക്കാൻ തയ്യാറായി.

എന്നിരുന്നാലും, പ്രവാചകൻ(സ) മുസ്‌ലിങ്ങളുടെ കാര്യം കൂടി പരിഗണിച്ച്, ഓരോ തടവുകാരനെയും മോചിപ്പിച്ചവർക്ക് പ്രതിഫലമായി ആറ് ഒട്ടകങ്ങൾ നല്കണമെന്നു നിർദേശിച്ചു. അതോടൊപ്പം, മോചിതരായ ഓരോ തടവുകാരനും പുതുവസ്ത്രം ലഭിക്കണമെന്നും നിർദേശിച്ചു. ഇങ്ങനെ ആകെ 6,000 തടവുകാരെ ബനൂ ഹവാസിന് തിരിച്ചുനല്കുകയുണ്ടായി

ഉയൈന ബിൻ ഹിസ്ൻ തടവുകാരിയെ മോചിപ്പിക്കാൻ വിസമ്മതിച്ച സംഭവം

ചിലർ ആദ്യം തടവുകാരെ മോചിപ്പിക്കാ തയ്യാറായിരുന്നില്ല. പക്ഷേ, പരിശുദ്ധ പ്രവാചകൻ(സ) ഓരോ തടവുകാരനെയും മോചിപ്പിക്കുന്നതിന് പ്രതിഫലമായി ആറ് ഒട്ടകങ്ങൾ നല്കുമെന്ന് അറിയിച്ചതിനെ തുടർന്ന്  അവർ ഒടുവിൽ സമ്മതിച്ചു. എങ്കിലും, ഉയൈന ബി ഹിസ് അപ്പോഴും സമ്മതിച്ചില്ല. തനിക്ക് ലഭിച്ച തടവുകാരിയെ മോചിപ്പിച്ചില്ല. ഇതിന്‍റെ ഫലമായി  അയാൾ അനുഗ്രഹങ്ങൾ നിഷേധിക്കപ്പെട്ടവനായി മാറി.

ഉയൈനയുടെ കൈവശം തടവുകാരിയായിരുന്ന സ്ത്രീയുടെ മകൻ, തന്‍റെ  മാതാവിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ഉയൈനയുടെ അടുത്തെത്തി. നൂറ് ഒട്ടകങ്ങൾ വരെ പ്രതിഫലമായി നല്കാമെന്നും വാഗ്ദാനം ചെയ്തു. എന്നാൽ ഉയൈന ആ വാഗ്ദാനം നിരസിച്ചു, മകൻ ഇനിയും തുക കൂട്ടുമെന്ന് കരുതി. പക്ഷേ മകൻ തിരിച്ചുവന്നില്ല. പിന്നീട് ഉയൈന തന്നെ ആ സ്ത്രീയുടെ മകന്‍റെ അടുത്തെത്തി ചോദിച്ചു: നിന്‍റെ ആദ്യ വാഗ്ദാനം ഇപ്പോഴും നിലനിൽക്കുന്നുണ്ടോ?” അതിന് മകൻ മറുപടി നല്കി  “ഇപ്പോൾ അത് അൻപത് ഒട്ടകമായി കുറഞ്ഞു.സംസാരങ്ങൾ തുടരുന്തോറും വാഗ്ദാനം പത്തു ഒട്ടകമായി കുറഞ്ഞു.

അവസാനം ഉയൈന പറഞ്ഞു: അവളെ വെറുതെയെടുത്തുകൊൾക.അതിന് മകൻ മറുപടി നല്കി: പ്രവാചകൻ(സ) ഓരോ മോചിതരായ അടിമയ്ക്കും പുതുവസ്ത്രം നല്കിയിട്ടുണ്ട്.അതിനാൽ ഉയൈനയ്ക്ക് തന്‍റെ മേലങ്കി തന്നെ ആ സ്ത്രീക്ക് നകേണ്ടി വന്നു.

അപ്പോൾ മകൻ അവനോട് പറഞ്ഞു: നിനക്കു ബുദ്ധിയില്ല, അവസരങ്ങളെ തിരിച്ചറിയാനുള്ള സൂക്ഷ്മബോധവുമില്ല.മറ്റുള്ളവരും ഉയൈനയുടെ ഈ തെറ്റായ തീരുമാനത്തെ പരിഹസിച്ചു. ഒടുവിൽ അവൻ പൂർണമായും ശൂന്യനായിത്തീർന്നു.

ഒരു കാലത്തെ കടുത്ത ശത്രു ഇസ്‌ലാം സ്വീകരിക്കുന്നു

ബനൂ ഹവാസിന്‍റെ നേതാവും പിന്നീട് ഇസ്‌ലാം സ്വീകരിച്ചു. പരിശുദ്ധ പ്രവാചകൻ(സ) തായിഫിലുണ്ടായിരുന്ന ആ വ്യക്തിക്ക് ഒരു സന്ദേശം നല്കി: നീ എനിക്ക് അനുസരണയുള്ളവനായി മാറുകയാണെങ്കിൽ, നിന്‍റെ തടവിലായിരിക്കുന്ന കുടുംബാംഗങ്ങളെ നിന്നിലേക്ക് തിരികെ നല്കും.  പ്രവാചകൻ(സ) ഉറപ്പു നല്‍കി. ആ തടവുകാരെ ആര്‍ക്കും വീതിച്ച് നല്കരുത് എന്നും മക്കയിൽ തന്നെ താമസിപ്പിക്കണമെന്നും നബിതിരുമേനി(സ) നിര്‍ദേശിച്ചു.

ഈ സന്ദേശം ലഭിച്ചതോടെ, ബനൂ ഹവാസിന്‍റെ നേതാവായ മാലിക് ബിൻ ഔഫ് അതേ രാത്രിയിൽ തന്നെ പ്രവാചകനെ(സ) കാണാനായി യാത്രയ്ക്ക് തയ്യാറായി. മാലിക് ബിന്‍ ഔഫ്‌ ജിഅ്‌റാനയിലേക്ക് എത്തി. അവിടെ അദ്ദേഹത്തിന് കുടുംബാംഗങ്ങളെ തിരികെ ലഭിച്ചു. കൂടാതെ നൂറ് ഒട്ടകങ്ങളും സമ്മാനമായി നല്കി.

പ്രവാചകൻ(സ)യുടെ കാരുണ്യവും ദാനശീലവും കണ്ടപ്പോൾ, മാലിക് ബിൻ ഔഫ് ഹൃദയപൂർവം ഇസ്‌ലാം സ്വീകരിച്ചു. ഒരിക്കൽ പ്രവാചകൻ(സ)യുടെ കടുത്ത ശത്രുവായിരുന്ന ഈ വ്യക്തി, പിന്നീട്  നബിതിരുമേനി(സ)യുടെ ആത്മാർത്ഥനും വിശ്വസ്തനുമായ അനുയായിയായി മാറി

പ്രവാചകൻ(സ)യുടെ ബാല്യകാലത്തെ ഒരു മധുരസ്മരണ

തടവുകാരിൽ ശൈമാ എന്ന് പേരുള്ള ഒരു സ്ത്രീയും ഉണ്ടായിരുന്നു. അവർ ബന്ധിയാക്കപ്പെട്ടപ്പോൾ, താൻ പരിശുദ്ധ പ്രവാചകൻ (സ) യുടെ മുലകുടി ബന്ധത്തിലെ സഹോദരിയാണെന്ന് പറഞ്ഞു. എന്നാൽ അവരെ ബന്ധിയാക്കിയ സഹാബികൾ അത് വിശ്വസിച്ചില്ല. അവർ അവരെ പ്രവാചകൻ(സ)യുടെ സന്നിധിയിൽ കൊണ്ടുവന്നു.

അവർ പ്രവാചകൻ(സ)യോടു പറഞ്ഞു: ഞാൻ താങ്കളുടെ മുലകുടി ബന്ധത്തിലെ സഹോദരിയാണ്.പ്രവാചകൻ(സ) ചോദിച്ചു: അതിനുള്ള തെളിവുണ്ടോ?” അവൾ തന്‍റെ ശരീരത്തിലെ ഒരു കടിയേറ്റ പാടു കാണിച്ച് പറഞ്ഞു: താങ്കൾ കുഞ്ഞായിരുന്നപ്പോൾ, ഞാൻ താങ്കളെ മടിയിൽ ഇരുത്തിയപ്പോൾ താങ്കൾ കടിച്ചതാണ്.അവർ അദ്ദേഹത്തിന്‍റെ ബാല്യകാലത്തെ ചില അനുഭവങ്ങളും ഓർമ്മിപ്പിച്ചു.  അത് നബിതിരുമേനി(സ) തിരിച്ചറിഞ്ഞു.

അപ്പോൾ നബിതിരുമേനി(സ) എഴുന്നേറ്റ്, തന്‍റെ മേലങ്കി വിരിച്ച് അവരെ അതിന്മേൽ ഇരിക്കാൻ ക്ഷണിച്ചു. അവരെ ഹൃദയപൂർവം വരവേറ്റു. അവരുടെ മാതാപിതാക്കളെ കുറിച്ച് അദ്ദേഹം ചോദിച്ചു; അവർ മരിച്ചുവെന്നറിഞ്ഞപ്പോൾ പ്രവാചക(സ)യുടെ കണ്ണുകളിൽ കണ്ണീർ നിറഞ്ഞു.

പ്രവാചകൻ(സ) അവര്‍ക്ക് അവിടെ തന്നെ തുടരാനോ, അല്ലെങ്കിൽ അവരുടെ ജനങ്ങളിലേക്ക് മടങ്ങാനോ ഉള്ള അവസരം നല്കി. ശൈമാ തന്‍റെ ജനങ്ങളിലേക്കു മടങ്ങാനാണ് തീരുമാനിച്ചത്. അതിനുശേഷം പ്രവാചകൻ(സ) അവരെ ആദരിച്ച് മൂന്നു അടിമകളെയും, ഒരു ദാസിയെയും, രണ്ടു ഒട്ടകങ്ങളെയും സമ്മാനമായി നല്കാൻ നിർദേശിച്ചു. പിന്നെ, അവരുടെ ജനങ്ങൾ താമസിച്ചിരുന്ന ജിഅ്‌റാനയിലേക്കു അവരെ കൊണ്ടുപോകാനും തയ്യാറായി. അവരും  ഇസ്‌ലാം സ്വീകരിച്ചു.

പരിശുദ്ധ പ്രവാചകൻ(സ) മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്‌റത്ത് ചെയ്തപ്പോൾ  മക്കക്കാർ അദ്ദേഹത്തെ ജീവനോടെയോ അല്ലാതെയോ തിരികെ കൊണ്ടുവരുന്ന ആര്‍ക്കും പ്രതിഫലം  വാഗ്ദാനം പ്രഖ്യാപിച്ചിരുന്നു. അങ്ങനെ സുറാഖ അദ്ദേഹത്തെ പിന്തുടർന്നു. എങ്കിലും, അല്ലാഹു അത്ഭുതകരമായ രീതിയിൽ പ്രവാചകൻ(സ)യെ സംരക്ഷിച്ചു. ആ സമയത്ത് പ്രവാചകൻ(സ) സുറാഖയോട് ഇപ്രകാരം പറഞ്ഞിരുന്നു: “സുറാഖാ! നിന്‍റെ കൈകളിൽ കിസ്റയുടെ വളകൾ  അണിഞ്ഞിരിക്കുന്ന സമയത്ത് നിന്‍റെ അവസ്ഥ എന്തായിരിക്കും.”  അന്ന്  സുറാഖക്ക് സുരക്ഷയുടെ ഉറപ്പും പ്രവാചകൻ(സ) എഴുതി നല്കിയിരുന്നു. അതേ സുറാഖ തന്നെയാണ് പിന്നീട് ആ എഴുത്തുപത്രം കൈയിൽ എടുത്ത് ജിഅ്‌റാനയിലേക്ക് എത്തി ഇസ്‌ലാം സ്വീകരിച്ചത്.

ഹദ്റത്ത് ഉമർ(റ) പ്രവാചകൻ(സ)യുടെ അടുത്തെത്തി പറഞ്ഞു: മസ്ജിദുൽ ഹറാമിൽ ഒരു നിശ്ചിതകാലം ആത്മീയ സേവനത്തിൽ ചെലവഴിക്കുമെന്ന് ജാഹിലിയാ കാലത്ത് ഞാൻ ഒരു പ്രതിജ്ഞ എടുത്തിരുന്നു.  അതിന് പ്രവാചകൻ(സ) ഉത്തരവായി പറഞ്ഞു:
നിങ്ങളുടെ പ്രതിജ്ഞ പാലിക്കുക.  നിശ്ചിത സമയത്തെ സേവനം പൂർത്തിയാക്കുക.

മദീനയിലേക്കുള്ള മടക്കയാത്ര

ദുൽഖഅദ മാസത്തിൽ 12 ദിവസം ശേഷിക്കെ, ഒരു വ്യാഴാഴ്ചയാണ് പരിശുദ്ധ പ്രവാചകൻ(സ) മദീനയിലേക്കുള്ള മടക്കയാത്രക്ക് പുറപ്പെട്ടത്. വഴിയിൽ കാണുന്ന ആളുകൾക്ക് നല്കുന്നതിനായി വിതരണം ചെയ്യുന്നതിനായി ചില മൃഗങ്ങളെയും അദ്ദേഹം കൊണ്ടുപോയി.

ഒന്‍പത് ദിവസത്തെ യാത്രക്ക് ശേഷമാണ് പ്രവാചകൻ(സ) മദീനയിൽ തിരിച്ചെത്തിയത്. ആകെ രണ്ട് മാസം പതിനാറ് ദിവസത്തേക്ക് അദ്ദേഹം മദീനയിൽ നിന്ന് അകന്നു കഴിഞ്ഞിരുന്നു.

പാശ്ചാത്യ എഴുത്തുകാര്‍ നബിതിരുമേനി(സ)ക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങളുടെ മറുപടി

ചില ഓറിയന്റലിസ്റ്റുകൾ മക്കയുടെ കീഴടക്കലും ഹുനൈൻ യുദ്ധവും തായിഫ് കോട്ട ഉപരോധവും സംബന്ധിച്ച് ചില ആരോപണങ്ങൾ ഉയർത്തുന്നു. ഉദാഹരണത്തിന്, വില്ല്യം മോണ്ട്ഗോമറി വാട്ട് (William Montgomery Watt) പറയുന്നു: പ്രമുഖ സഹാബികൾക്ക് മാത്രമാണ് കുറച്ച് സ്ത്രീകളെ നല്‍കിയത്.  ബാക്കി യുദ്ധമുതലുകളും തടവുകാരും ജിഅ്‌റാനയിൽ മാറ്റി നിര്‍ത്തപ്പെട്ടിരിക്കുകയായിരുന്നു.

സർ വില്ല്യം മ്യൂർ (Sir William Muir) പറയുന്നു: അലി(റ) ഉസ്മാൻ(റ) ഉമർ(റ) എന്നിവർക്ക് മാത്രമാണ് മൂന്ന് സ്ത്രീകളെ നല്കിയത്. ആരോപണം ഉന്നയിക്കുന്നതിനായി മാത്രമാണ് ഈ വ്യക്തി ഇത് പറയുന്നത്.

എന്നാല്‍ രേഖകൾ സൂചിപ്പിക്കുന്നത്  6,000 തടവുകാരെ മുഴുവൻ മുസ്‌ലിങ്ങള്‍ക്കിടയിൽ വിതരണം ചെയ്തിരുന്നു. എന്നാൽ ഗോത്രനേതാക്കൾ പ്രവാചകൻ(സ)യെ സമീപിച്ചപ്പോൾ, പ്രവാചകൻ(സ) മുസ്‌ലിങ്ങളോട് തടവുകാരെ മോചിപ്പിക്കാൻ നിര്‍ദേശം നല്കി. അപ്രകാരം ചെയ്യുന്നവര്‍ക്ക് പ്രതിഫലവും നല്കാമെന്നും പ്രഖ്യാപിച്ചു. ഈ ചരിത്രപരമായ വസ്തുതകൾ മ്യൂർ ഉയർത്തിയ ആരോപണങ്ങൾ പൊള്ളയാണ്‌ എന്ന് തെളിഞ്ഞു. വാസ്തവത്തിൽ  മ്യൂർ തന്നെ ഹുനൈൻ യുദ്ധത്തിലെ എല്ലാ തടവുകാരും മോചിപ്പിക്കപ്പെട്ടതായി ക്കുന്നുണ്ട്. അതിനാൽ, അദ്ദേഹത്തിന്‍റെ തന്നെ പ്രസ്താവന തന്‍റെ തന്നെ ആരോപണത്തെ തള്ളുന്നുണ്ട്. വാട്ട് തന്നെ പറഞ്ഞത്  ഇത്തരം ആരോപണങ്ങൾ വ്യാജമാകാൻ സാധ്യതയുണ്ട് എന്നാണ്.

മാർഗോളിയോത്ത് (Margoliouth) മാലിക് ബിൻ ഔഫ് നിര്‍ബന്ധിതനായി ഇസ്‌ലാം സ്വീകരിച്ചുവെന്ന് ആരോപിക്കുന്നു. എന്നാൽ ഈ ആരോപണം പൂര്‍ണമായും തെറ്റാണ്.  പ്രവാചകൻ(സ)യുടെ മഹത്തായ കാരുണ്യത്തെ ചിലർ ബലപ്രയോഗമായി ചിത്രീകരിക്കുന്നത് ദുർഭാഗ്യകരമാണ്. ഈ ആരോപണം തീര്‍ത്തും അടിസ്ഥാനരഹിതമാണ്.

ചരിത്ര രേഖകൾ സൂചിപ്പിക്കുന്നത് എന്തെന്നാൽ  എല്ലാ തടവുകാരെയും ബനു ഹവാസിനിലേക്ക് തിരിച്ചയച്ചശേഷം പ്രവാചകൻ(സ) ബനു ഹവാസിന്‍റെ നേതാവ് മാലിക് ബിൻ ഔഫിനെ കുറിച്ച് അന്വേഷിച്ചു. അതേ കാരുണ്യഭാവത്തിൽ, പ്രവാചകൻ(സ) മാലിക് ബിൻ ഔഫിനോട്‌ ഇസ്‌ലാം സ്വീകരിക്കാൻ തയ്യാറാകുകയാണെങ്കിൽ, അദ്ദേഹത്തിന്‍റെ കുടുംബത്തെ മോചിപ്പിക്കാമെന്നും,  നൂറു ഒട്ടകങ്ങൾ സമ്മാനമായി നല്കുമെന്നും നിർദ്ദേശിച്ചു.

ഇവിടെ ശ്രദ്ധിക്കേണ്ടത് എന്തെന്നാൽ പ്രവാചകൻ(സ) വിജയിയായിരുന്നു.  അദ്ദേഹത്തിന് മാലിക് ബിൻ ഔഫിന്‍റെ ഇസ്‌ലാം സ്വീകരണത്തിൽ വ്യക്തിപരമായ യാതൊരു ലാഭവും ഉണ്ടായിരുന്നില്ല. അതുപോലെ മാലിക് ബിൻ ഔഫിന്‍റെ തീരുമാനത്തിന് അദ്ദേഹം ഉത്തരവാദിയുമായിരുന്നില്ല. അദ്ദേഹം ദയാവായ്പോടെ ഇസ്‌ലാം സ്വീകരിക്കാൻ ക്ഷണം നല്കിയതാണ്. ചരിത്രം തെളിയിക്കുന്നത് എന്തെന്നാൽ മാലിക് തന്‍റെ ഹൃദയത്തിൽ ഇതിനോടകം തന്നെ ഇസ്‌ലാം സ്വീകരിക്കാൻ തീരുമാനിച്ചിരുന്നുവെന്നാണ്. അങ്ങനെ അദ്ദേഹം അവസരം ഉപയോഗപ്പെടുത്തി ഇസ്‌ലാം സ്വീകരിച്ചു. പ്രവാചകൻ(സ) അദ്ദേഹത്തോടുള്ള പ്രതിജ്ഞ പാലിച്ചു. ആ സമയം, മാലിക് ബിൻ ഔഫ് ഒരു കവിതയും രചിച്ചു: മുഹമ്മദ്(സ)യെ  പോലൊരു മഹാനും മാന്യനുമായ വ്യക്തിയെ ഞാൻ ഒരിക്കലും കണ്ടിട്ടില്ല, കേട്ടിട്ടില്ല എന്ന് പറഞ്ഞാണ് അദ്ദേഹം തന്‍റെ വികാരങ്ങൾ പ്രകടിപ്പിച്ചത്.

ഹുനൈൻ യുദ്ധവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ഇതോടെ സമാപിച്ചു. ഖലീഫാ തിരുമനസ്സ് പറയുന്നു, ഭാവിയിൽ അദ്ദേഹം മറ്റ് യുദ്ധങ്ങളെ കുറിച്ചുള്ള വിവരണങ്ങൾ വിശദീകരിക്കുന്നതാണ്.

അനുസ്മരണങ്ങള്‍

ഖുത്ബയുടെ അവസാനത്തില്‍ ഖലീഫാ തിരുമനസ്സ് കാനഡയിലെ ഡോക്ടര്‍ ലയീഖ് അഹ്‌മദ്‌ ഫാറൂഖ് സാഹിബ്, ഹൈദരാബാദ്, ഇന്ത്യയിലെ ഹമീദ് അഹ്‌മദ്‌ ഗോറി സാഹിബ്‌ എന്നിവർ   മരണപ്പെട്ട വിവരം അറിയിക്കുകയും ഇരുവരുടെയും ദീനീ സേവനങ്ങളെ കുറിച്ച് പരാമര്‍ശിക്കുകയും അവരുടെ ഉയര്‍ന്ന പദവികൾക്ക് വേണ്ടിയും പാപ പൊറുതിക്ക് വേണ്ടിയും അവരുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ടിയും പ്രാര്‍ഥിക്കുകയും ഇരുവരുടെയും ജനാസാ നമസ്കരിക്കുന്നതാണ് എന്ന് വിളംബരപ്പെടുത്തുകയും ചെയ്തു. 

Related Topics

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed