അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള നേതാവും ഖലീഫത്തുല് മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്സാ മസ്റൂര് അഹ്മദ് (അയ്യദഹുല്ലാഹ്) 18 സെപ്റ്റംബർ 2026ന് മസ്ജിദ് മുബാറക്ക് ഇസ്ലാമാബാദ് ടില്ഫോര്ഡില് വച്ച് നിര്വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്ത്തനം: എം. മുനവ്വർ അഹ്മദ് ശാഹിദ്
തശഹ്ഹുദും തഅവ്വുദും സൂറത്തുൽ ഫാത്തിഹയും പാരായണം ചെയ്തതിനുശേഷം, സർവ്വശക്തനായ അല്ലാഹുവിലുള്ള നബി തിരുമേനി(സ) യുടെ തവക്കുലിനെക്കുറിച്ചുള്ള (ഭാരമേല്പിക്കൽ) പരാമർശം തുടരുമെന്ന് ഹുദൂർ തിരുമനസ്സ് പറഞ്ഞു.
നബി തിരുമേനി (സ) യെ വധിക്കാനുള്ള ഗൂഢശ്രമത്തിന് പിന്നാലെ വെളിപ്പെട്ട അസാമാന്യ ധീരത
തിരുനബി (സ) മക്കയിൽ നിന്ന് മദീനയിലേക്ക് ഹിജ്റ പോവുകയായിരുന്ന വേളയിൽ, പ്രവാചകന്റെ മേൽ പ്രഖ്യാപിച്ചിരുന്ന ഇനാം (പാരിതോഷികം) സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ സുറാഖ ബിൻ മാലിക് അദ്ദേഹത്തെ പിന്തുടരാൻ തുനിഞ്ഞ സംഭവം ഹുദൂർ തിരുമനസ്സ് പരാമർശിക്കുകയുണ്ടായി. പിൽക്കാലത്ത് ഇസ്ലാം സ്വീകരിച്ച സുറാഖ തന്നെ ഇപ്രകാരം വിവരിക്കുന്നു , നബി തിരുമേനി (സ) യെയും ഹസ്രത്ത് അബൂബക്കർ (റ) നെയും പിടികൂടുകയോ വധിക്കുകയോ ചെയ്യുന്നവർക്ക് വലിയൊരു ഇനാം പ്രഖ്യാപിക്കപ്പെട്ടിരുന്നു. മൂന്ന് ആളുകൾ യാത്ര ചെയ്യുന്നത് കണ്ടുവെന്നും, ഒരുപക്ഷേ അത് നബി തിരുമേനി (സ) യും സംഘവുമാകാമെന്നും ആരോ സുറാഖയോട് പറയുകയുണ്ടായി. തുടർന്ന്, ആ പാരിതോഷികം മറ്റാരുമായും പങ്കുവെക്കേണ്ടി വരരുത് എന്ന ഉദ്ദേശ്യത്തോടെ സുറാഖ തന്ത്രപൂർവ്വം ആ സംഘത്തെ തനിച്ച് പിന്തുടരാൻ തീരുമാനിച്ചു. തന്റെ ഏറ്റവും വേഗതയേറിയ കുതിരയെ ഒരുക്കി അയാൾ പുറപ്പെടാൻ ഒരുങ്ങി. യാത്ര തിരിക്കുന്നതിന് മുമ്പ് അയാൾ ശകുനം നോക്കിയെങ്കിലും ഫലം എതിരായിരുന്നു; എന്നിരുന്നാലും അതവഗണിച്ച് അയാൾ യാത്ര തിരിക്കുകയാണുണ്ടായത്.
അല്പം അകലെവെച്ച് നബി തിരുമേനി (സ) യെ കാണാനിടയായെന്നും തുടർന്ന് അദ്ദേഹത്തെ പിന്തുടരുകയും ചെയ്തു. എന്നാൽ അങ്ങനെ പിന്തുടരുന്നതിനിടയിൽ സുറാഖയുടെ കുതിര കാലിടറി വീണു. എങ്കിലും നൂറ് ഒട്ടകങ്ങൾ എന്ന ആ വലിയ സമ്മാനം കരസ്ഥമാക്കണമെന്ന ഉറച്ച തീരുമാനത്തിൽ സുറാഖ വീണ്ടും എഴുന്നേറ്റ് കൂടുതൽ അരികിലേക്ക് അടുത്തു. നബി തിരുമേനി (സ) വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നത് കേൾക്കാവുന്നത്ര അടുത്ത് സുറാഖ എത്തിച്ചേർന്നു. നബി തിരുമേനി (സ) ഒട്ടും അങ്ങോട്ടുമിങ്ങോട്ടും നോക്കുന്നില്ലെന്നും, എന്നാൽ നബി തിരുമേനി (സ) ക്ക് എന്തെങ്കിലും ആപത്തുണ്ടോ എന്ന് ഉറപ്പുവരുത്താനെന്നവണ്ണം ഹദ്റത്ത് അബൂബക്കർ (റ) ചുറ്റും ശ്രദ്ധിക്കുന്നുണ്ടെന്നും അയാൾ കണ്ടു. സുറാഖ ഒന്നുകൂടി അരികിലേക്ക് നീങ്ങിയ നിമിഷം തന്നെ കുതിര വീണ്ടും നിലംപതിക്കുകയും അതിന്റെ കാലുകൾ മരുഭൂമിയിലെ മണലിൽ ആണ്ടുപോവുകയും ചെയ്തു. സുറാഖ കുതിരയെ ശകാരിച്ചു; ഒടുവിൽ അത് മണലിൽ നിന്ന് കാലുകൾ ഊരിയെടുത്തപ്പോൾ അയാൾ ഒരിക്കൽക്കൂടി ശകുനം നോക്കി, എന്നാൽ ഇത്തവണയും ഫലം അയാൾക്ക് അനുകൂലമായിരുന്നില്ല.
ആ ഘട്ടത്തിൽ, തന്നിൽ നിന്ന് അവർക്ക് ഇനി യാതൊരുവിധ ഉപദ്രവവും ഉണ്ടാവില്ലെന്ന് സുറാഖ നബി തിരുമേനി (സ) യോട് ഉറക്കെ വിളിച്ചുപറഞ്ഞു. ഇതേത്തുടർന്ന്, ആ മനുഷ്യന് എന്താണ് ആവശ്യമെന്ന് ചോദിക്കാൻ നബി തിരുമേനി (സ) ഹദ്റത്ത് അബൂബക്കർ (റ) നോട് നിർദ്ദേശിച്ചു. തനിക്ക് അവരോട് സംസാരിക്കാൻ മാത്രമേ ഉദ്ദേശ്യമുള്ളൂ എന്ന് സുറാഖ മറുപടി നൽകി. തുടർന്ന്, ആ പാരിതോഷികം കൈക്കലാക്കാനാണ് താൻ പുറപ്പെട്ടതെന്നും എന്നാൽ അത് സംഭവിക്കാൻ പോകുന്നില്ലെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്നും അയാൾ വിവരിച്ചു. യാത്ര തുടരുന്നതിനായി നബി തിരുമേനി (സ) ക്ക് കുറച്ച് വഴിച്ചിലവുകളും ഭക്ഷണസാധനങ്ങളും നൽകാൻ പോലും സുറാഖ തയ്യാറായെങ്കിലും നബി തിരുമേനി (സ) അത് നിരസിച്ചു. തങ്ങൾ എവിടെയാണെന്ന വിവരം ആരോടും പറയരുതെന്ന് മാത്രമേ അവിടുന്ന് സുറാഖയോട് ആവശ്യപ്പെട്ടുള്ളൂ. സുറാഖ അത് സമ്മതിക്കുകയും ഒപ്പം നബി തിരുമേനി (സ) വിജയം വരിക്കുമ്പോൾ താൻ സുരക്ഷിതനായിരിക്കുമെന്നതിന് ഒരു രേഖാമൂലമുള്ള ഉറപ്പ് നൽകണമെന്ന് അപേക്ഷിക്കുകയും ചെയ്തു. നബി തിരുമേനി (സ) ഇതിന് സമ്മതം മൂളുകയും സുറാഖയ്ക്ക് രേഖാമൂലമുള്ള അഭയം നൽകുകയും ചെയ്തു.
ദൈവത്തിലുള്ള നബി തിരുമേനി (സ) യുടെ തവക്കുൽ അത്രമേൽ ദൃഢമായിരുന്നതിനാൽ അവിടുത്തേക്ക് ലവലേശം ഭയമുണ്ടായിരുന്നില്ലെന്ന് ഖലീഫ തിരുമനസ്സ് അരുളി. വിശുദ്ധ ഖുർആൻ സൂക്തങ്ങൾ പാരായണം ചെയ്തുകൊണ്ട് അവിടുന്ന് ശാന്തനായി തന്റെ യാത്ര തുടരുകയായിരുന്നു. തനിക്ക് യാതൊരുവിധ ദോഷവും സംഭവിക്കില്ലെന്നും അന്തിമവിജയം തനിക്കായിരിക്കുമെന്നുമുള്ള പൂർണ്ണ വിശ്വാസമുള്ളതിനാൽ, ശത്രുവായി വന്ന സുറാഖയ്ക്ക് പോലും അവിടുന്ന് സമാധാനവും സുരക്ഷിതത്വവും ഉറപ്പുനൽകി. സുറാഖ മടങ്ങിപ്പോകാൻ ഒരുങ്ങവെ നബി തിരുമേനി (സ) അയാളോട് ചോദിച്ചു: “സുറാഖാ! കിസ്റയുടെ (പേർഷ്യൻ ചക്രവർത്തിയുടെ) വളകൾ താങ്കളുടെ കൈകളിൽ അണിയുമ്പോൾ താങ്കളുടെ അവസ്ഥ എന്തായിരിക്കും?” ഇത് കേട്ട സുറാഖ അത്യധികം അത്ഭുതപ്പെട്ടുപോയി. ഒടുവിൽ, ഹദ്റത്ത് ഉമർ (റ) ന്റെ ഖിലാഫത്ത് കാലത്ത് കിസ്റയുടെ വളകൾ മുസ്ലിംകൾക്ക് അധീനമായപ്പോൾ, നബി തിരുമേനി (സ) പ്രവചിച്ചിരുന്നതുപോലെ തന്നെ ഹസ്രത്ത് ഉമർ (റ) സുറാഖയെ വിളിച്ചുവരുത്തുകയും ആ വളകൾ അദ്ദേഹത്തിന് അണിയിച്ചു കൊടുക്കുകയും ചെയ്തു.
ദൈവത്തിലുള്ള ഭാരമേല്പിക്കലിന്റെ പ്രായോഗിക മാതൃക
അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ രണ്ടാം ഖലീഫയായ ഹദ്റത്ത് മിർസാ ബശീറുദ്ദീൻ മഹ്മൂദ് അഹ്മദ് (റ) ന്റെ വാക്കുകൾ ഖലീഫ തിരുമനസ്സ് ഉദ്ധരിക്കുകയുണ്ടായി. പറയുന്നു.
നബി തിരുമേനി (സ) യുടെ എല്ലാവിധ നടപടികളും ഏകനായ ദൈവത്തിലുള്ള അവിടുത്തെ അചഞ്ചലമായ വിശ്വാസത്തിന്റെ ഫലമായിരുന്നു. അല്ലാഹുവിലുള്ള നബി തിരുമേനി (സ) യുടെ തവക്കുൽ എന്നത് ദൈവത്തിലുള്ള അവിടുത്തെ വിശ്വാസത്തിന്റെയും, ദൈവം തന്നെ നിയോഗിച്ച ദൗത്യം സാക്ഷാത്കരിക്കുന്നതിന്റെയും പ്രതിഫലനമായിരുന്നു. അതുപോലെ തന്നെ, താൻ നിഷ്ക്രിയനായിരിക്കുമെന്നും ദൈവം തനിക്ക് വിജയം നൽകിക്കൊള്ളുമെന്നും പറഞ്ഞ് തെറ്റായ രീതിയിലല്ല നബി തിരുമേനി (സ) തന്റെ വിശ്വാസത്തെ പ്രകടിപ്പിച്ചത്. മറിച്ച്, ലഭ്യമായ എല്ലാ ഭൗതിക മാർഗ്ഗങ്ങളും അവിടുന്ന് യഥാവിധി പ്രയോജനപ്പെടുത്തി. തന്റെ സൈന്യത്തിന് അവിടുന്ന് പരിശീലനം നൽകി, യാത്രാമൃഗങ്ങളെ സജ്ജമാക്കി, ആയുധങ്ങൾ ശേഖരിച്ചു, സൈന്യത്തിനാവശ്യമായ ഭക്ഷണപാനീയങ്ങൾ ക്രമീകരിച്ചു. തുടർന്ന്, തന്നെക്കാൾ എത്രയോ മടങ്ങ് വലിയ ശത്രുസൈന്യത്തെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ, സാധ്യമായ എല്ലാ പരിശ്രമങ്ങളും ഒരുക്കങ്ങളും പൂർത്തിയാക്കിയ ശേഷം, ദൈവത്തിൽ പരിപൂർണ്ണമായി ഭരമേല്പിച്ചുകൊണ്ട് നബി തിരുമേനി (സ) മുന്നോട്ട് നീങ്ങുമായിരുന്നു. അങ്ങനെ, പ്രായോഗികമായ കർമ്മവും ദൈവത്തിലുള്ള തവക്കുലും പരസ്പരപൂരകങ്ങളായി ഒത്തുപോകേണ്ടതാണെന്ന് നബി തിരുമേനി (സ) സ്വജീവിതത്തിലൂടെ തെളിയിച്ചു തന്നു.
വാഗ്ദത്ത മസീഹ് ഹദ്റത്ത് മിർസാ ഗുലാം അഹ്മദ് (അ) ന്റെ വാക്കുകൾ ഖലീഫ തിരുമനസ്സ് ഉദ്ധരിക്കുകയുണ്ടായി; അദ്ദേഹം കുറിക്കുന്നു:
മക്കാജീവിതത്തിൽ പതിമൂന്ന് വർഷക്കാലത്തോളം നീണ്ടു നിന്നിരുന്ന കഷ്ടതകളുടെയും ക്ലേശങ്ങളുടെയും സ്ഥിതിഗതികൾ അവധാനപൂർവ്വം പഠനം ചെയ്യുന്നതായാൽ, സത്യഭക്തരായ സിദ്ധപുരുഷന്മാർ കഷ്ടാനുഭവകാലത്ത് പ്രകാശിപ്പിച്ചിരുന്ന സകല ധാർമ്മികഗുണങ്ങളും എത്രയും മഹത്തരമായ നിലയിൽ നബി തിരുമേനി (സ) ജീവിച്ചുകാണിച്ചിട്ടുണ്ടെന്ന് പ്രസ്പഷ്ടമാകുന്നതാണ്. ദൈവത്തിലുള്ള അസന്ദിഗ്ദ്ധമായ വിശ്വാസവും പ്രത്യാശയും അക്ഷമത പ്രദർശിപ്പിക്കാത്ത ദൃഢമനസ്കതയും കർത്തവ്യനിഷ്ഠയും സ്ഥിരോത്സാഹവും നിർഭയതയും എന്നുവേണ്ട സകലവിധ ഉൽക്കൃഷ്ട ഗുണങ്ങളും നിരതിശയമാംവിധം തിരുനബിയുടെ ജീവിതത്തിൽ പ്രതിഫലിച്ചുകാണുക നിമിത്തം അപഹൃതചിത്തരായ അവിശ്വാസികൾ, ദൈവത്തിൽ പരിപൂർണ്ണമായ അനുരക്തി ലഭിച്ച ഒരു ദിവ്യാത്മാവിനല്ലാതെ ഇത്തരം പരീക്ഷാഘട്ടത്തിൽ സ്ഥിരനിഷ്ഠയും സഹനശീലവും പാലിക്കാൻ കഴിയുകയില്ലെന്ന് ബോധിക്കുകയും സാക്ഷ്യം വഹിക്കുകയും ചെയ്യുകയുണ്ടായി. (ഇസ്ലാം മത തത്വജ്ഞാനം , പേജ് 192,193)
ഖലീഫ തിരുമനസ്സ് പറഞ്ഞു. നബി തിരുമേനി (സ) മദീനയിലെത്തിയപ്പോൾ, അറേബ്യ മുഴുവൻ ഒന്നടങ്കം എതിർത്തുവന്നാൽ പോലും നേരിടാൻ തയ്യാറാണെന്ന് മുസ്ലിംകൾ പ്രതിജ്ഞ ചെയ്യുകയുണ്ടായി. ആ കാലഘട്ടത്തിൽ, രാത്രികാലങ്ങളിൽ ആയുധങ്ങൾ തൊട്ടടുത്ത് വെക്കാതെ മുസ്ലിംകൾ ഉറങ്ങാൻ പോലും കിടക്കാത്ത വിധമുള്ള സാഹചര്യമായിരുന്നു നിലനിന്നിരുന്നത്. അവർ അല്ലാഹുവിൽ പൂർണ്ണമായി ഭാരമേല്പിക്കുക മാത്രമല്ല ചെയ്തത്, മറിച്ച് ഏതു നിമിഷവും ഉണ്ടായേക്കാവുന്ന ഒരു ആക്രമണത്തെ ചെറുത്തുതോൽപ്പിക്കാൻ സ്വയം പ്രതിരോധത്തിനായുള്ള എല്ലാവിധ മുൻകരുതലുകളും അവർ സ്വീകരിക്കുകയും ചെയ്തിരുന്നു.
മദീനയിലെത്തിയ ശേഷമുള്ള ഒരു രാത്രിയിൽ, പുറത്ത് കാവൽ നിൽക്കാൻ ആരെങ്കിലുമുണ്ടായിരുന്നെങ്കിൽ എന്ന് നബി തിരുമേനി (സ) ആഗ്രഹം പ്രകടിപ്പിച്ച സംഭവം ഖലീഫ തിരുമനസ്സ് വിവരിക്കുകയുണ്ടായി. ആ നിമിഷം തന്നെ പുറത്തുനിന്ന് ആയുധങ്ങളുടെ ശബ്ദം അവിടുന്ന് കേട്ടു. അത് ആരാണെന്ന് നബി തിരുമേനി (സ) അന്വേഷിച്ചപ്പോൾ, അനുചരന്മാരിൽ ഒരാൾ കാവൽ നിൽക്കാനായി എത്തിച്ചേർന്നതാണെന്ന് വ്യക്തമായി. നബി തിരുമേനി (സ) ക്ക് കാവൽ നിൽക്കാൻ പോകണമെന്ന് തന്റെ മനസ്സിൽ തോന്നിയതിനാലാണ് താൻ വന്നതെന്ന് അദ്ദേഹം അറിയിച്ചു. ഈ സന്ദർഭത്തിലാണ് നബി തിരുമേനി (സ) ക്ക്
‘അല്ലാഹു നിന്നെ ജനങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതാണ്.’ (വിശുദ്ധ ഖുർആൻ, 5:68)
എന്ന ഖുർആനിക വചനം അവതീർണ്ണമായത്.
ഇതേത്തുടർന്ന്, തനിക്ക് സംരക്ഷണം നൽകുന്നത് അല്ലാഹു തന്നെയായിരിക്കുമെന്ന് അവൻ അറിയിച്ചിരിക്കുന്നതിനാൽ സ്വന്തം ഭവനങ്ങളിലേക്ക് മടങ്ങിക്കൊള്ളാൻ നബി തിരുമേനി (സ) തൻ്റെ കൂടാരത്തിന് പുറത്തുണ്ടായിരുന്നവരോട് നിർദ്ദേശിച്ചു. ഈ ദിവ്യസന്ദേശം ലഭിക്കുന്നതുവരെ, നബി തിരുമേനി (സ) തനിക്ക് ചുറ്റുമുള്ള ഭൗതിക മാർഗ്ഗങ്ങളും മുൻകരുതലുകളും യഥാവിധി പ്രയോജനപ്പെടുത്തിയിരുന്നു.
മരണത്തെ മുഖാമുഖം കണ്ട വേളയിലെ അചഞ്ചലമായ ധീരത
ഖലീഫ തിരുമനസ്സ് അരുളി. യുദ്ധങ്ങൾക്ക് പുറപ്പെടുമ്പോൾ നബി തിരുമേനി (സ) അല്ലാഹുവിനോട് ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു:
‘അല്ലാഹുവേ, നീയാണ് എന്റെ കരുത്തും എന്റെ സഹായിയും, നിന്റെ സഹായത്താലാണ് ഞാൻ പോരാടുന്നത്.’
അല്ലാഹുവിലുള്ള നബി തിരുമേനി (സ) യുടെ തവക്കുലിൻ്റെ പ്രസിദ്ധമായ ഒരു സംഭവം ഹുദൂർ തിരുമനസ്സ് പരാമർശിക്കുകയുണ്ടായി. ഒരിക്കൽ, ഒരു മരത്തണലിൽ നബി തിരുമേനി (സ) തനിച്ചിരിക്കുന്നത് ഒരു അവിശ്വാസിയുടെ ശ്രദ്ധയിൽപ്പെട്ടു. അയാൾ തന്റെ വാളൂരിപ്പിടിച്ചുകൊണ്ട് നബി തിരുമേനി (സ) യോട് ചോദിച്ചു: “ഇപ്പോൾ താങ്കളെ എന്നിൽ നിന്ന് ആര് രക്ഷിക്കും?” തെല്ലും ശങ്ക കൂടാതെ നബി തിരുമേനി (സ) മറുപടി നൽകി: “അല്ലാഹു!” ആ മറുപടി അവിശ്വാസിയുടെ മനസ്സിൽ ഉണ്ടാക്കിയ സ്വാധീനം എത്രമാത്രം ആഴത്തിലുള്ളതായിരുന്നുവെന്നാൽ, അയാളുടെ കയ്യിലിരുന്ന വാൾ പെട്ടെന്ന് നിലത്തേക്ക് ഊർന്നു വീണുപോയി.
ശത്രുബലത്തിന് മുന്നിലും അടിപതറാത്ത സമ്പൂർണ്ണ തവക്കുൽ
ഖലീഫ തിരുമനസ്സ് പറഞ്ഞു. ഖന്തഖ് യുദ്ധവേളയിൽ (കിടങ്ങ് യുദ്ധം, അഹ്സാബ് യുദ്ധം) മുസ്ലിംകൾ അത്യന്തം ദുർഘടമായ സാഹചര്യങ്ങളിലൂടെയാണ് കടന്നുപോയിരുന്നത്. മുസ്ലിംകൾ മദീനയിൽ തന്നെ നിലയുറപ്പിച്ചു ശത്രുവിനെ നേരിടാൻ തീരുമാനമായി. ഇത് ഭയം കൊണ്ടായിരുന്നില്ല, മറിച്ച് ഒരു യുദ്ധതന്ത്രമായിരുന്നു. പെട്ടെന്നുള്ള ഒരു ആക്രമണത്തെ ചെറുത്തുതോൽപ്പിക്കാനായി മദീനയ്ക്ക് ചുറ്റും ഒരു കിടങ്ങ് കുഴിച്ചു. അക്കാലത്ത് മുസ്ലിംകളിൽ ഭൂരിഭാഗവും ദരിദ്രരായിരുന്നു; അവർക്ക് ഭക്ഷിക്കാൻ പോലും ആവശ്യത്തിന് ഒന്നുമുണ്ടായിരുന്നില്ല. എന്നിരുന്നാലും, ആ മുസ്ലിംകൾ ഒത്തൊരുമയോടെ കിടങ്ങ് കുഴിക്കുന്നതിൽ പങ്കാളികളായി. ശത്രുസൈന്യത്തിന്റെ എണ്ണം ഏറ്റവും ചുരുങ്ങിയത് പതിനായിരത്തോളം വരുമായിരുന്നുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്; ഇത് മുസ്ലിംകളെ അപേക്ഷിച്ച് എത്രയോ ഇരട്ടി വലുതായിരുന്നു. എന്നിട്ടും, ദാരിദ്ര്യവും സംഖ്യാബലത്തിലെ കുറവും വകവെക്കാതെ മുസ്ലിംകൾ ശത്രുവിനെ നേരിടാൻ സർവ്വ സന്നദ്ധരായി നിലകൊണ്ടു. ഈ യുദ്ധത്തിൽ വിജയം കൈവരുമെന്ന് അല്ലാഹു നേരത്തെ തന്നെ അവർക്ക് ശുഭവാർത്ത അറിയിച്ചിരുന്നു; ഇത് മുസ്ലിംകളുടെ മനക്കരുത്തിനെയും വിശ്വാസത്തെയും കൂടുതൽ ദൃഢമാക്കുകയാണുണ്ടായത്. തുടർന്ന്, മുന്നിൽ കണ്ട ശത്രുക്കളുടെ വൻ പടയെ നോക്കി മുസ്ലിംകൾക്ക് ദൈവത്തിലുള്ള തവക്കുൽ തെല്ലും പതറിയില്ല; അവർ അചഞ്ചലരായി ഉറച്ചുനിന്നു. ആ അടിയുറച്ച തവക്കുലിന്റെ ഫലമായി അല്ലാഹു ഒരു കൊടുങ്കാറ്റ് അയക്കുകയും, അത് ശത്രുക്കളെ ഭയചകിതരാക്കുകയും ചെയ്തു. ഒടുവിൽ, തങ്ങളുടെ ആയുധങ്ങളും മറ്റ് സാമഗ്രികളും ഉപേക്ഷിച്ച് അവർ ജീവനും കൊണ്ടോടി; അത് മുസ്ലിംകൾക്ക് വലിയ മുതൽക്കൂട്ടായി മാറുകയും ചെയ്തു.
മുസ്ലിംകൾ കിടങ്ങ് കുഴിച്ചുകൊണ്ടിരിക്കെ, അവർക്ക് പൊട്ടിക്കാൻ സാധിക്കാത്ത ഒരു വലിയ പാറക്കല്ല് മുന്നിൽ തടസ്സമായി വരികയും അവർ വിവരം നബി തിരുമേനി (സ) യെ അറിയിക്കുകയും ചെയ്തു. താൻ തന്നെ നേരിട്ട് കിടങ്ങിലിറങ്ങി അത് പൊട്ടിക്കാൻ ശ്രമിക്കാമെന്ന് നബി തിരുമേനി (സ) പറഞ്ഞു. നബി തിരുമേനി (സ) അപ്പോൾ വിശപ്പിന്റെ കാഠിന്യത്താൽ വയറ്റിൽ രണ്ട് കല്ലുകൾ വെച്ചുകെട്ടിയ അവസ്ഥയിലായിരുന്നു. എന്നിരുന്നാലും, നബി തിരുമേനി (സ) കിടങ്ങിലേക്ക് ഇറങ്ങിച്ചെന്ന് ആ വലിയ പാറക്കല്ല് തകർത്തു. ഇതുകണ്ട ഒരു അനുചരൻ, നബി തിരുമേനി (സ) യുടെ വിശപ്പിന്റെ കാഠിന്യം കണ്ട് മനസ്സലിഞ്ഞ് വീട്ടിലേക്ക് ഓടുകയും, വീട്ടിൽ ലഭ്യമായ അല്പം ഭക്ഷണം എന്താണെങ്കിലും അത് പാകം ചെയ്യാൻ ഭാര്യയോട് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് അദ്ദേഹം നബി തിരുമേനി (സ) യെ ഭക്ഷണത്തിനായി ക്ഷണിച്ചു. എത്രത്തോളം ഭക്ഷണമുണ്ടെന്ന് നബി തിരുമേനി (സ) അദ്ദേഹത്തോട് ചോദിച്ചപ്പോൾ, അല്പം ബാർലിയും ചെറിയൊരു ആടും മാത്രമേയുള്ളൂവെന്ന് അനുചരൻ മറുപടി നൽകി. ഇത് ധാരാളമാണെന്ന് നബി തിരുമേനി (സ) അരുളി. താൻ എത്തുന്നതുവരെ അടുപ്പിൽ നിന്ന് പാത്രം താഴെ ഇറക്കരുതെന്ന് ഭാര്യയോട് പറയാൻ നബി തിരുമേനി (സ) ആ അനുചരന് നിർദ്ദേശം നൽകി. തുടർന്ന്, അവിടെയുണ്ടായിരുന്ന മുഴുവൻ അനുചരന്മാരോടും തന്നോടൊപ്പം വരാൻ നബി തിരുമേനി (സ) ആവശ്യപ്പെട്ടു. വളരെ കുറഞ്ഞ അളവിൽ മാത്രം ഭക്ഷണമുണ്ടായിരുന്നിടത്തേക്ക് ഇത്രയധികം ആളുകൾ എത്തിച്ചേർന്നത് കണ്ട് ഭക്ഷണം തയ്യാറാക്കിയ ആ അനുചരൻ അത്യധികം അമ്പരന്നുപോയി. തുടർന്ന് നബി തിരുമേനി (സ) റൊട്ടി കഷണങ്ങളാക്കി അതിൽ അല്പം ഇറച്ചിയും വെച്ച് അനുചരന്മാർക്കിടയിൽ വിളമ്പാൻ തുടങ്ങി. എല്ലാ അനുചരന്മാരും വയറുനിറയെ കഴിച്ചു തൃപ്തിപ്പെടുകയും, എന്നിട്ടും ഭക്ഷണം ബാക്കിയാവുകയും ചെയ്യുന്നതുവരെ അവിടുന്ന് അത് തുടർന്നു. ഇത് നബി തിരുമേനി (സ) ക്ക് അല്ലാഹുവിലുണ്ടായിരുന്ന പരിപൂർണ്ണ തവക്കുലിന്റെ ഫലമായിരുന്നു.
ഹുനൈൻ യുദ്ധത്തിൽ നാലായിരത്തോളം വരുന്ന ശത്രുപക്ഷത്തെ അമ്പെയ്ത്തുകാർ ശരവർഷം നടത്തുകയും മുസ്ലിംകൾ പരാജയത്തിന്റെ വക്കിലെത്തിനിൽക്കുകയും ചെയ്ത ഘട്ടത്തിൽ, ‘ഞാൻ പ്രവാചകനാണ്, ഇതിൽ തെല്ലും കളവില്ല; ഞാൻ അബ്ദുൽ മുത്വലിബിന്റെ മകനാണ്’ എന്ന് പ്രഖ്യാപിച്ചുകൊണ്ട് നബി തിരുമേനി (സ) ധീരമായി മുന്നോട്ട് നീങ്ങിയ സംഭവം ഖലീഫ തിരുമനസ്സ് വിവരിക്കുകയുണ്ടായി. വിജയം വാഗ്ദാനം ചെയ്തിട്ടുള്ള അല്ലാഹുവിലുള്ള അവിടുത്തെ തവക്കുലിൽ നിന്നാണ് നബി തിരുമേനി (സ) ക്ക് ഈ മനോധൈര്യം ലഭിച്ചത്. അങ്ങനെ, പരാജയം തൊട്ടുമുന്നിൽ കണ്ട നിമിഷത്തിലും ദൈവത്തിലുള്ള നബി തിരുമേനി (സ) യുടെ വിശ്വാസം തെല്ലും പതറിയില്ല; ഒടുവിൽ മുസ്ലിംകൾ മഹത്തായ വിജയം വരിക്കുകയും ചെയ്തതിലൂടെ ആ വിശ്വാസം സാക്ഷാത്കരിക്കപ്പെടുകയാണുണ്ടായത്.
വാഗ്ദത്ത മസീഹ് (അ) വിവരിക്കുന്നു:
ഇന്നത്തെ ബുദ്ധിജീവികളുടെ കാഴ്ചപ്പാടിൽ ആരെയെങ്കിലും ശത്രുവാക്കുക എന്നത് തെറ്റാണ്. എന്നാൽ സത്യം പറയട്ടെ ഇതും സത്യതയുടെ ഒരു തെളിവാണ്! റസൂലുല്ലാഹി (സ) ആരോടും നീക്കുപോക്കുകൾ നടത്തിയില്ല, എല്ലാവരെയും തനിക്കെതിരെ തിരിച്ചു. ആ ആളുകളുടെ കാഴ്ചപ്പാടിൽ നഊദുബില്ലാഹ് അവിടുന്ന് തെറ്റ് ചെയ്യുകയായിരുന്നു! എന്നാൽ കേവലം അല്ലാഹുവിന് വേണ്ടി മാത്രം എല്ലാവരോടും ഇടഞ്ഞത് അവിടുത്തെ സത്യസന്ധതയുടെ വ്യക്തമായ തെളിവാണ്; അതിലൂടെ അങ്ങയുടെ ഈമാനിന്റെ അപാരമായ കരുത്ത് വെളിപ്പെടുന്നു. ഒരുവശത്ത് മസീഹ് ഈസാ നബിയെ നോക്കൂ; സുവിശേഷങ്ങളിൽ കാണപ്പെടുന്ന അദ്ദേഹത്തിന്റെ അധ്യാപനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്, ആരെയും വേദനിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ ഉദ്ദേശ്യമേ ആയിരുന്നില്ല എന്നാണ്. തോറയിലെ ഒരു വള്ളിയോ പുള്ളിയോ പോലും മാറ്റാനല്ല ഞാൻ വന്നതെന്ന് യഹൂദന്മാരോട് പറയുകയുണ്ടായി. ഈ വാക്കുകളിൽ നിന്ന് അവരെ സന്തുഷ്ടരാക്കാനാണ് അദ്ദേഹം ആഗ്രഹിച്ചതെന്ന് വ്യക്തമാണ്. ഇതിന് വിപരീതമായി, തിരുനബി (സല്ലല്ലാഹു അലൈഹി വസല്ലം) യുടെ അധ്യാപനങ്ങൾ പരിശോധിച്ചാൽ കാണാൻ സാധിക്കുന്നത്, ഭൂമുഖത്തുള്ള ഒരു വിഭാഗത്തെയോ മതത്തെയോ പോലും [ഇസ്ലാമിലേക്ക്] ക്ഷണിക്കാതെയോ അവരുടെ തെറ്റുകുറ്റങ്ങൾ ചൂണ്ടിക്കാണിക്കാതെയോ അവിടുന്ന് വിട്ടുകളഞ്ഞിട്ടില്ല എന്നാണ് (മാത്രവുമല്ല, ഒടുവിൽ താൻ വിജയിക്കുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്യുമെന്ന് അവിടുന്ന് അവകാശപ്പെടുകയും ചെയ്തു). ദൈവത്തിൽ പൂർണ്ണമായ തവക്കുലും വിശ്വാസവുമുള്ള ഒരാൾക്കല്ലാതെ മറ്റാർക്കാണ് ഇപ്രകാരം ചെയ്യാൻ സാധിക്കുക എന്ന് ദയവായി പറയൂ?’ (മൽഫൂസാത്ത് , ഇംഗ്ലീഷ് പരിഭാഷ , വാള്യം 7,പേജ് 59,60)
0 Comments