വാഗ്ദത്ത മസീഹ്(അ)ന് അല്ലാഹുവിന്മേല്‍ ഉണ്ടായിരുന്ന തവക്കുലിന്‍റെ (ഭരമേല്‍പ്പിക്കല്‍) അതിമഹത്തായ മാതൃക

ദൈവത്തിൽ ഭരമേല്‍പിക്കുന്നവര്‍ വലിയ നിധികൾ കൈവശമുള്ളവരെപ്പോലെയാണ്. കാരണം അവരുടെ സംതൃപ്തി ഭൗതിക സമ്പത്തിലല്ല; മറിച്ച്, ദൈവം തങ്ങളെ ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്ന തിരിച്ചറിവിലാണ്.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) സെപ്റ്റംബര്‍ 25, 2025ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: പി. എം. മുഹമ്മദ്‌ സാലിഹ് ശാഹിദ്

തിരുനബിയുടെ(സ) അല്ലാഹുവിൽ ഭരമേൽപ്പിക്കുന്നതിന്‍റെ ഉദാഹരണങ്ങളാണ് കഴിഞ്ഞ ഏതാനും ഖുതുബകളിലായി താൻ പരാമർശിച്ചു കൊണ്ടിരിക്കുന്നതെന്നും ഈ കാലഘട്ടത്തിൽ, തിരുനബി(സ)യുടെ സത്യസന്ധനായ സേവകനായ വാഗ്ദത്ത മസീഹ്(അ) തന്‍റെ പ്രവൃത്തികളിലൂടെയും അധ്യാപനങ്ങളിലൂടെയും ഈ പൂർണ്ണമായ മാതൃക പിന്തുടർന്ന കാര്യങ്ങളാണ് ഇനി വിവരിക്കാൻ പോകുന്നതെന്നും തശഹ്ഹുദും തഅവ്വുദും സൂറത്തുൽ ഫാത്തിഹയും പാരായണം ചെയ്തതിനു ശേഷം, ഹദ്റത്ത് മീർസാ മസ്റൂർ അഹ്‍മദ് (അയ്യദഹുല്ലാഹു തആലാ ബിനസ്രിഹിൽ അസീസ്) പ്രസ്താവിച്ചു.

ദൈവത്തിൽ പൂർണ്ണമായി ഭാരമേൽപ്പിക്കുന്നതിലൂടെ ലഭിക്കുന്ന യഥാർത്ഥ സംതൃപ്തി

വാഗ്ദത്ത മസീഹ്(അ) എഴുതുന്നു :

“ചിലർ ലൗകിക മാർഗ്ഗങ്ങളെ മാത്രം ആശ്രയിക്കുമ്പോൾ, അത്തരം ഉപാധികൾ ഏതെങ്കിലും ഒരു ഘട്ടത്തിൽ തീർച്ചയായും നശിക്കുകയോ പരാജയപ്പെടുകയോ ചെയ്യുന്നു; അതിനാൽ മനുഷ്യൻ എപ്പോഴും ദൈവത്തിൽ നിന്ന് സഹായം തേടേണ്ടതുണ്ട്. ആകയാൽ, ലൗകിക മാർഗ്ഗങ്ങൾ വിനിയോഗിച്ച ശേഷം, ആ മാർഗ്ഗങ്ങളെ ഫലപ്രദമാക്കിത്തീർക്കാനായി ഒരുവൻ ദൈവത്തിലേക്ക് തന്നെ തിരിയേണ്ടതുണ്ട്.”

വാഗ്ദത്ത മസീഹ്(അ) എഴുതുന്നു:

“ദൈവത്തിൽ തൃപ്തനാവുക എന്നാൽ അവനെ പൂർണ്ണമായി വിശ്വസിക്കുകയും, അവനിലേക്ക് തിരിയുകയും, അവനെ കുറിച്ച് ഒരു സംശയമോ പരാതിയോ ഇല്ലാതിരിക്കുക എന്നാണ്. അതുപോലെ, ദൈവത്തിന്‍റെ പ്രീതി നേടുന്നതിന്, പരിശുദ്ധ പ്രവാചകന്‍റെ(സ) അനുചരന്മാരെപ്പോലെ ഭക്തിയുടെയും അനുസരണത്തിന്‍റെയും ഏറ്റവും ഉന്നതമായ മാനദണ്ഡങ്ങൾ കൈവരിക്കണം. അവർ ദൈവവുമായി വളരെ ശക്തമായ ബന്ധം സ്ഥാപിച്ചു, അത് നമുക്ക് മുന്നിൽ മാതൃകയായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. യേശു(അ) രോഗികളെ സുഖപ്പെടുത്തിയിരുന്നു എന്ന് പറയപ്പെടുന്നു, എന്നാൽ ഇത് അവിടുത്തെ ശിഷ്യന്മാർക്ക് ദൈവത്തിലുള്ള വിശ്വാസം വർദ്ധിപ്പിച്ചോ? തീർച്ചയായും, യേശു(അ) രോഗികളെ സുഖപ്പെടുത്തിയെന്ന അടിസ്ഥാനത്തിൽ മാത്രം ശിഷ്യന്മാരിൽ ദൈവത്തിലുള്ള വിശ്വാസത്തിന്‍റെ ഉന്നത നിലവാരം കണ്ടെത്താനാവില്ല. ഇത്തരം കാര്യങ്ങൾക്ക് ദൈവത്തിൽ യഥാർത്ഥ വിശ്വാസം കൊണ്ടുവരാൻ കഴിയില്ല; ദൈവവുമായി ശക്തമായ ഒരു വ്യക്തിഗത ബന്ധം സ്ഥാപിക്കുന്നതിലൂടെ മാത്രമേ അവന്‍റെ പ്രീതി കരസ്ഥമാകുന്ന യഥാർത്ഥ ബന്ധത്തിലേക്ക് നയിക്കാൻ കഴിയൂ.”

വാഗ്ദത്ത മസീഹ്(അ) വീണ്ടും എഴുതുന്നു:

“ദുരന്തത്തിന്‍റെ മുറിവുകൾക്ക് അല്ലാഹു തആലയിലുള്ള തവക്കുലിനേക്കാൾ (വിശ്വാസവും ഭാരമേൽപ്പിക്കലും) ആശ്വാസവും ശാന്തിയും നൽകുന്ന മറ്റൊരു മരുന്നും ഇല്ലെന്ന കാര്യവും ഓർക്കുക. അല്ലാഹുവിൽ ഭാരമേൽപ്പിക്കുന്ന വ്യക്തി, എത്ര കഠിനമായ പ്രയാസങ്ങളിലും പ്രതിസന്ധികളിലും തന്‍റെ ഉള്ളിൽ ആശ്വാസവും സംതൃപ്തിയും കണ്ടെത്തുന്നു. അവന്‍റെ ഹൃദയത്തിൽ കയ്പ്പോ മാനസിക പീഡയോ അനുഭവപ്പെടുകയില്ല. പരമാവധി, ഈ പ്രയാസത്തിന്‍റെ അന്തിമഫലം മരണമായേക്കാം—അത് മാറ്റമില്ലാത്ത വിധിയാണെങ്കിൽ.

“എന്നിരുന്നാലും, ഇതുമൂലം എന്ത് സംഭവിക്കാനാണ്? ഈ ലോകം ആർക്കും എന്നെന്നേക്കുമായി ജീവിക്കാനുള്ള ഒരു സ്ഥലമല്ലല്ലോ. ആത്യന്തികമായി, ഈ ലോകം ഉപേക്ഷിക്കേണ്ട ഒരു ദിവസവും സമയവും ഏവർക്കും വന്നെത്തുക തന്നെ ചെയ്യും. ഇനി, ഇതിന്‍റെ ഫലം മരണമാണെങ്കിൽ തന്നെ, അതുകൊണ്ട് എന്ത് ദോഷമാണ് സംഭവിക്കുക? ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം, ഈ മരണം കൂടുതൽ ആശ്വാസകരവും താൻ സ്നേഹിക്കുന്ന റബ്ബുമായി ഒന്നിക്കാനുള്ള മാർഗ്ഗവുമായി മാറുന്നു. കാരണം, അവന് അല്ലാഹുവിൽ പൂർണ്ണ വിശ്വാസമുണ്ട്, അവന്‍റെ സർവ്വശക്തിയിൽ ഭാരമേൽപ്പിക്കുന്നു, കൂടാതെ പരലോകം തനിക്ക് ശാശ്വതമായ ആശ്വാസത്തിന്‍റെ കേന്ദ്രമാണെന്ന് അവൻ അറിയുകയും ചെയ്യുന്നു.

“അതുകൊണ്ട്, ഒരു സാധാരണ വിപത്ത്—അത് രോഗമാകട്ടെ മറ്റേതെങ്കിലും തരത്തിലുള്ള മുസീബത്താകട്ടെ—ദുരിതത്തിനോ പീഡനങ്ങൾക്കോ കാരണമാകാൻ കഴിയില്ല. മറിച്ച്, അല്ലാഹുവിലുള്ള വിശ്വാസവും തവക്കുലും ഇല്ലാത്ത പ്രതിസന്ധിയാണ് യഥാർത്ഥത്തിൽ വേദനാജനകമായ ശിക്ഷയായി മാറുന്നത്. അങ്ങനെയുള്ള ഒരാൾ കഠിനമായ മാനസിക യാതന അനുഭവിക്കുന്നു. തനിക്ക് മരണം സംഭവിക്കില്ലെന്ന് ആരെങ്കിലും കരുതുന്നുവെങ്കിൽ, ആ ചിന്ത തികച്ചും തെറ്റാണ്; കാരണം അല്ലാഹു ഈ ലോകത്തെ അസ്ഥിരമായിട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അങ്ങനെയുള്ള ഒരാൾക്ക് പരലോകത്ത് അത്യധികം വേദനാജനകമായ നരകമുണ്ടായിരിക്കും, അതിനായി അവൻ തയ്യാറായിരിക്കേണ്ടി വരും.”[1]

അല്ലാഹുവിലുള്ള പൂർണ്ണമായ തവക്കുലിലൂടെ പരീക്ഷണങ്ങളെയും ശിക്ഷകളെയും മനസ്സിലാക്കൽ

ഒരു കാര്യം പരീക്ഷണമാണോ അതോ ശിക്ഷയാണോ എന്ന് എങ്ങനെ അറിയാൻ സാധിക്കും എന്ന് ആളുകൾ സാധാരണ ചോദിക്കാറുള്ള ചോദ്യത്തിനുള്ള ഉത്തരം കൂടിയാണ് ഇത്.

വാഗ്ദത്ത മസീഹ്(അ) എഴുതുന്നു:

“അല്ലാഹു സുബ്ഹാനഹു വതആലാ ബലഹീനനാണെന്ന് കരുതരുത്. തീർച്ചയായും അവൻ വലിയ കഴിവുള്ളവനാണ്. ഏതു കാര്യത്തിലും സഹായത്തിനായി നിങ്ങൾ അവനിൽ ഭരമേൽപ്പിച്ചാൽ അവൻ നിങ്ങളെ സഹായിക്കും. “ആരെങ്കിലും അല്ലാഹുവിൽ ഭരമേൽപ്പിച്ചാൽ അവന് അല്ലാഹു മതിയായവനാണ്.”[2]

വാഗ്ദത്ത മസീഹ്(അ) വീണ്ടും എഴുതുന്നു:

“ദൈവത്തിൽ പൂർണ്ണമായി ഭരമേൽപ്പിക്കുന്നവർ ലൗകികമായ ആകുലതകളിൽ പെട്ടുപോവുകയില്ല. തീർച്ചയായും, ദൈവത്തിൽ പൂർണ്ണമായി ഭരമേല്‍പിക്കുന്നവര ആയിരക്കണക്കിന് നിധികൾ കൈവശമുള്ളവരെപ്പോലെയാണ്. കാരണം അവരുടെ സംതൃപ്തി ഭൗതിക സമ്പത്തിൽ നിന്നല്ല ഉണ്ടാകുന്നത്; മറിച്ച്, ദൈവത്തിലേക്ക് പൂർണ്ണമായി സമർപ്പിക്കുകയും അവനിൽ ഭരമേൽപ്പിക്കുകയും ചെയ്യുന്നവരെ ദൈവം ഒരിക്കലും ഉപേക്ഷിക്കുകയില്ല എന്ന തിരിച്ചറിവിൽ നിന്നാണ്. വഴിയിൽ അവർക്ക് പ്രയാസങ്ങൾ നേരിടേണ്ടി വന്നേക്കാമെങ്കിലും, ദൈവം അവരെ കൈവിടുകയില്ല.”

ദൈവികസഹായവും ദൈവത്തിലുള്ള പരിപൂർണ്ണ വിശ്വാസവും

വാഗ്ദത്ത മസീഹ്(അ) പറയുന്നു:

“മസീഹിന്‍റെ ആഗമനത്തെക്കുറിച്ചുള്ള സൂചനകളിൽ പ്രധാനം, അദ്ദേഹം രണ്ട് മലക്കുകളുടെ തോളുകളിൽ കൈകൾ വെച്ചുകൊണ്ട് അവതരിക്കും എന്നതാണ്. മസീഹിന് ലഭിക്കുന്ന വിജ്ഞാനവും ആന്തരികമായ ആത്മീയ വെളിച്ചവും ദൈവത്തെക്കുറിച്ചുള്ള തിരിച്ചറിവും മലക്കുകളാൽ ശക്തിപ്പെടുത്തപ്പെടുമെന്നാണ് ഇത് അർത്ഥമാക്കുന്നത്. അതായത്, അദ്ദേഹത്തിന്‍റെ അറിവ് കേവലം പുസ്തകങ്ങളിൽ നിന്ന് നേടിയെടുക്കുന്ന ഒന്നായിരിക്കില്ല; മറിച്ച് സർവ്വേശ്വരൻ അദ്ദേഹത്തെ നേരിട്ട് പഠിപ്പിക്കുന്നതായിരിക്കും. അതിലുപരിയായി, ഈ മസീഹിന്‍റെ സർവ്വ ആവശ്യങ്ങളും സാക്ഷാൽ ദൈവത്താൽ തന്നെ പൂർത്തീകരിക്കപ്പെടുകയും നിർവ്വഹിക്കപ്പെടുകയും ചെയ്യും.

“എന്‍റെ മനസ്സിന്‍റെ അവസ്ഥ തികച്ചും വിചിത്രമായി എനിക്ക് അനുഭവപ്പെടുന്നു. അന്തരീക്ഷത്തിൽ അസഹ്യമായ ഉഷ്ണം നിറയുകയും ചൂട് കഠിനമായി വർദ്ധിക്കുകയും ചെയ്യുമ്പോൾ, വൈകാതെ മഴ പെയ്യുമെന്ന ഉറച്ച പ്രതീക്ഷ ആളുകളിൽ ഉണ്ടാകാറുണ്ടല്ലോ. അതുപോലെ തന്നെ, എന്‍റെ ഭണ്ഡാരം ശൂന്യമായിരിക്കുമ്പോൾ, അത് സർവ്വേശ്വരന്‍റെ കാരുണ്യത്താൽ വീണ്ടും നിറയ്ക്കപ്പെടും എന്നൊരു നിശ്ചയദാർഢ്യം എന്നിൽ നിറയുന്നു; യഥാർത്ഥത്തിൽ സംഭവിക്കുന്നതും അതുതന്നെയാണ്.”

വാഗ്ദത്ത മസീഹ്(അ) വീണ്ടും എഴുതുന്നു”

“എന്‍റെ ഭണ്ഡാരം ശൂന്യമായിരിക്കുമ്പോൾ സർവ്വശക്തനായ ദൈവത്തിൽ അർപ്പിക്കുന്ന വിശ്വാസത്തിൽ നിന്ന് എനിക്ക് ലഭിക്കുന്ന ആനന്ദവും നിർവൃതിയും വാക്കുകൾക്ക് അതീതമാണ്. ഭണ്ഡാരം നിറഞ്ഞിരിക്കുന്ന അവസ്ഥയേക്കാൾ, അത് ശൂന്യമായിരിക്കുന്ന വേളയിലാണ് എന്‍റെ മനം ഏറേ ആശ്വാസവും സംതൃപ്തിയും അനുഭവിക്കുന്നത്.”[3]

പ്രാർത്ഥനകളാണ് പ്രതിസന്ധികളിൽ കരുത്തേകുന്നത്

വാഗ്ദത്ത മസീഹ്(അ) എഴുതുന്നു:

“പ്രാർത്ഥനയിലൂടെ ഏതു പ്രതിസന്ധികളെയും അതിജീവിക്കാനും തരണം ചെയ്യാനും സാധിക്കും. പ്രയാസങ്ങളുടെ വേളയിൽ ഒരു മനുഷ്യനിൽ ആശങ്കകൾ ഉടലെടുക്കുന്നത് സ്വാഭാവികമാണെങ്കിലും, സർവ്വേശ്വരനിലുള്ള അചഞ്ചലമായ വിശ്വാസം ഒരുനാളും ഉപേക്ഷിക്കരുത്. അതായത്, ഒരിക്കലും നിരാശപ്പെടരുത്; എന്തെന്നാൽ നിരാശ അവിശ്വാസികളുടെ ലക്ഷണമാണ്. വിശ്വാസം സംശയങ്ങളെ ദൂരീകരിക്കുന്നു; അതുകൊണ്ട് തന്നെ പ്രയാസങ്ങളിൽ മനസ് പതറിയേക്കാമെങ്കിലും, ആകുലതകളത്രയും വിശ്വാസത്താലും പ്രാർത്ഥനയാലും അലിഞ്ഞില്ലാതാകുന്നു.”

വാഗ്ദത്ത മസീഹ്(അ) വീണ്ടും എഴുതുന്നു:

“പ്രാർത്ഥനയുടെ രണ്ടാമത്തെ വശം ആത്മവിശുദ്ധീകരണവും ഉത്തമമായ പര്യവസാനം പ്രാപിക്കുന്നതിനായി സത്കർമ്മങ്ങൾ ചെയ്യാനുള്ള ശേഷി കൈവരിക്കലുമാണ്. സർവ്വേശ്വരനിൽ എത്രത്തോളം വിശ്വസിക്കുകയും ആശ്രയിക്കുകയും തളരാതെ മുന്നേറുകയും ചെയ്യുന്നുവോ, അത്രത്തോളം ഉന്നതമായ ഫലങ്ങളും അനുഗ്രഹങ്ങളും ഒരാൾക്ക് ലഭിക്കുന്നു. എല്ലാ പ്രയാസങ്ങളും നീങ്ങുകയും പ്രാർത്ഥിക്കുന്ന വ്യക്തി ധർമ്മിഷ്ഠതയുടെ മഹത്തായ പദവിയിലെത്തിച്ചേരുകയും ചെയ്യും.”[4]

ലൗകിക കാര്യങ്ങളേക്കാൾ വാഗ്ദത്ത മസീഹിന്(അ) ദൈവത്തിലുണ്ടായിരുന്ന പൂർണ്ണ വിശ്വാസം

വാഗ്ദത്ത മസീഹിനെ(അ) ബാല്യകാലം മുതൽ അറിയാമായിരുന്ന ഒരു ഹിന്ദു സഹോദരൻ സാക്ഷ്യപ്പെടുത്തുന്നത്, അദ്ദേഹം ഒരുനാളും ലൗകിക കാര്യങ്ങളിൽ വ്യാപൃതനാകാൻ ആഗ്രഹിച്ചിരുന്നില്ല എന്നാണ്. മറിച്ച്, എപ്പോഴും പള്ളിയിൽ തന്നെ സമയം ചെലവഴിക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ രീതി. കുട്ടിക്കാലത്തെ കളിചിരികളിൽ പോലും അദ്ദേഹം ആരോടും ദേഷ്യപ്പെടുകയോ തർക്കിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിരുന്നില്ല. ലൗകിക വീക്ഷണകോണിലൂടെ നോക്കുമ്പോൾ, അദ്ദേഹത്തിന്‍റെ ഭാവി എന്താകുമെന്നോർത്ത് ചുറ്റുമുള്ളവർ ആകുലപ്പെട്ടിരുന്നു. വാഗ്ദത്ത മസീഹിന്‍റെ(അ) പിതാവുപോലും തന്‍റെ മകൻ എങ്ങനെ ജീവിക്കുമെന്നോർത്ത് ആശങ്കാകുലനായിരുന്നു. ഉയർന്ന ഉദ്യോഗസ്ഥരുമായുള്ള തന്‍റെ ബന്ധം ഉപയോഗിച്ച് അദ്ദേഹത്തിന് ഒരു ജോലി വാങ്ങിനൽകാൻ പോലും പിതാവ് സന്നദ്ധനായി. എന്നാൽ, സർവ്വ ഉദ്യോഗസ്ഥരുടെയും ഉദ്യോഗസ്ഥനും സർവ്വാധിപതിയുമായ അല്ലാഹുവിന്‍റെ സേവനത്തിലാണ് താനെന്നായിരുന്നു വാഗ്ദത്ത മസീഹിന്‍റെ(അ) മറുപടി. എങ്കിലും പിതാവിനോടുള്ള അനുസരണ മുൻനിർത്തി, ജോലി അന്വേഷിക്കാമെന്ന് അദ്ദേഹം സമ്മതിച്ചു. അല്ലാഹുവിലുള്ള അദ്ദേഹത്തിന്‍റെ അചഞ്ചലമായ ഈ ആശ്രയത്വം കണ്ട പിതാവുപോലും മകന്‍റെ ആത്മീയ പദവി ഉന്നതമാണെന്ന് സാക്ഷ്യപ്പെടുത്തുകയും, അവൻ ഒരു സാധാരണ മനുഷ്യനല്ല, മറിച്ച് ഒരു മാലാഖയാണെന്ന് പറയുകയും ചെയ്തു. ഈ സംഭവം വിവരിക്കുമ്പോൾ ആ ഹിന്ദു സഹോദരന്‍റെ കണ്ണുകൾ പോലും നിറഞ്ഞിരുന്നു.

വാഗ്ദത്ത മസീഹ്(അ) ഉപദേശിച്ചതുപോലെ, ആരെങ്കിലും ഏതെങ്കിലും ന്യായാധിപന്‍റെയോ ഉയർന്ന ഉദ്യോഗസ്ഥന്‍റെയോ മുന്നിൽ ഹാജരാകേണ്ടി വന്നാൽ, സൂറത്തുൽ ഫാത്തിഹ (വിശുദ്ധ ഖുർആനിലെ പ്രാരംഭ അധ്യായം) ഏഴു തവണ പാരായണം ചെയ്യുകയും, വിരൽ കൊണ്ട് നെറ്റിയിൽ “യാ അസീസു” (പ്രതാപശാലിയായവനേ) എന്ന് ഏഴു തവണ എഴുതുകയും വേണം.

ഇത് ആ വ്യക്തിക്ക് തന്‍റെ കാര്യത്തിൽ വിജയം നൽകും. ഭൗതിക മാർഗ്ഗങ്ങളിലുള്ള നിരാശ്രയത്വത്തിന്‍റെയും ദൈവത്തിലുള്ള പൂർണ്ണമായ ആശ്രയത്വത്തിന്‍റെയും പ്രതിഫലനമായിരുന്നു വാഗ്ദത്ത മസീഹിന്‍റെ (അ) ഈ ഉപദേശം.

ദൈവത്തിലുള്ള ആശ്രയത്വത്തിലൂടെ ലഭിക്കുന്ന പൂർണ്ണമായ ദൃഢവിശ്വാസം

വാഗ്ദത്ത മസീഹ്(അ) അരുൾ ചെയ്തിരിക്കുന്നു, തനിക്കെതിരെ എത്ര കടുത്ത ശത്രു നിയമനടപടിയുമായി മുന്നോട്ടു വന്നാലും, അന്തിമമായി അല്ലാഹു ഉദ്ദേശിക്കുന്ന വിധിന്യായം മാത്രമേ നടപ്പിലാകൂ എന്ന പൂർണ്ണമായ ദൃഢവിശ്വാസം തനിക്കുണ്ടെന്നാണ്.

ഒരു കോടതി കേസിനിടയിൽ, മജിസ്ട്രേറ്റ് വാഗ്ദത്ത മസീഹിന്(അ) എതിരായി വിധി പ്രസ്താവിക്കുമെന്ന് ഉറപ്പായ ഒരു സാഹചര്യമുണ്ടായി. വാഗ്ദത്ത മസീഹിന്‍റെ(അ) കൂടെയുണ്ടായിരുന്നവരെല്ലാം വലിയ ആശങ്കയിലായി. എന്നാൽ, അല്ലാഹുവിന്‍റെ സിംഹത്തെ സ്പർശിക്കാൻ ആർക്കെങ്കിലും സാധിക്കുമോ എന്ന് അത്യന്തം ധീരതയോടെയാണ് വാഗ്ദത്ത മസീഹ്(അ) അന്ന് ചോദിച്ചത്. തുടർന്ന്, ആ മജിസ്ട്രേറ്റ് അവിടെനിന്നും സ്ഥലം മാറ്റപ്പെടുക മാത്രമല്ല, അദ്ദേഹത്തിന്‍റെ പദവി പൂർണ്ണമായി താഴ്ത്തപ്പെടുകയും ചെയ്തു. പിന്നീട് വന്ന പുതിയ മജിസ്ട്രേറ്റ് വാഗ്ദത്ത മസീഹിന്(അ) അനുകൂലമായി വിധി പ്രസ്താവിക്കുകയും ചെയ്തു. ഈ സംഭവങ്ങളിലുടനീളം, ഒരു നിമിഷം പോലും വാഗ്ദത്ത മസീഹ്(അ) ദൈവത്തിലുള്ള തന്‍റെ പൂർണ്ണമായ ആശ്രയത്വം കൈവിട്ടിരുന്നില്ല.

തിരുനബി(സ)യെ അനുസരിച്ചുകൊണ്ട് വാഗ്ദത്ത മസീഹ്(അ) കാണിച്ചുതന്ന ഈ മാതൃകാപരമായ ദൈവവിശ്വാസം പിന്തുടരാൻ എല്ലാവർക്കും സാധിക്കുമാറാകട്ടെ.

കുറിപ്പുകള്‍

[1] മൽഫൂസാത്ത് ഇംഗ്ലീഷ് പരിഭാഷ, വാള്യം. 7 പേ. 384 -385

[2] മൽഫൂസാത്ത്, ഇംഗ്ലീഷ് പരിഭാഷ, വാള്യം 1, പേ. 11

[3] മൽഫൂസാത്ത്, ഇംഗ്ലീഷ് പരിഭാഷ, വാള്യം 2, പേ. 43

[4] മൽഫൂസാത്ത്, ഇംഗ്ലീഷ് പരിഭാഷ, വാള്യം 7, പേ. 74

അനുബന്ധ വിഷയങ്ങള്‍

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു