പരിശുദ്ധ പ്രവാചകൻ: മനുഷ്യ കുലത്തിനുള്ള ഉത്തമ മാതൃക

ഒരു സമൂഹം മുഴുവൻ ഒന്നടങ്കം ഒരാളുടെ മഹത്വത്തെ കുറിച് ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്ത ഒരു ചരിത്രം നബിതിരുമേനി(സ)യുടെ കാര്യത്തിലല്ലാതെ വേറെ എവിടെയുമില്ല.

പരിശുദ്ധ പ്രവാചകൻ: മനുഷ്യ കുലത്തിനുള്ള ഉത്തമ മാതൃക

ഒരു സമൂഹം മുഴുവൻ ഒന്നടങ്കം ഒരാളുടെ മഹത്വത്തെ കുറിച് ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്ത ഒരു ചരിത്രം നബിതിരുമേനി(സ)യുടെ കാര്യത്തിലല്ലാതെ വേറെ എവിടെയുമില്ല.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 19 ഡിസംബർ 2025ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: സി. ജി. നസീര്‍ അഹ്‍മദ് ശാഹിദ്

തശഹുദ്, തഅവുദ്, സൂറത്തുൽ ഫാത്തിഹ എന്നിവയ്ക്ക് ശേഷം അഹ്‌മദിയ്യ ജമാഅത്തിന്റെ അഞ്ചാം ഖലീഫ ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ്‌ (അയ്യദഹുല്ലാഹു ബിനസ്‌റിഹിൽ അസീസ്) വിശുദ്ധ ഖുർആനിലെ 33ആം അധ്യായത്തിലെ 22ആം വചനം പാരായണം ചെയ്തു. അതിന്റെ പരിഭാഷ ഇപ്രകാരമാണ്.

‘തീർച്ചയായും നിങ്ങൾക്ക് അല്ലാഹുവിൻ്റെ ദൂതനിൽ ഉത്തമമായ മാതൃകയുണ്ട്; അതായത് അല്ലാവിനെയും അന്ത്യദിനത്തെയും ഭയപ്പെടുകയും അല്ലാഹുവെ ധാരാളമായി സ്മരിക്കുകയും ചെയ്യുന്നവർക്ക്.’ (വിശുദ്ധ ഖുർആൻ, 33:22)

വിശുദ്ധ ഖുർആൻ തിരുനബി ﷺ യുടെ സ്വഭാവമഹിമയെ സാക്ഷ്യപ്പെടുത്തുന്നു

തിരുനബി ﷺ യുടെ സ്വഭാവത്തെക്കുറിച്ചും അവിടുത്തെ ഉത്തമ മാതൃകയെക്കുറിച്ചും ഒരാൾ ഹദ്റത്ത് ആയിഷ (റ) യോട് ചോദിച്ചു. ഹദ്റത്ത് ആയിഷ (റ) ഇപ്രകാരം ചോദിച്ചു കൊണ്ട് മറുപടി നൽകി: ‘നിങ്ങൾ വിശുദ്ധ ഖുർആൻ വായിച്ചിട്ടില്ലേ? ദൈവം തന്നെ തിരുനബി ﷺ യുടെ സ്വഭാവമഹിമയെക്കുറിച്ച് ഇപ്രകാരം സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്: “തീർച്ചയായും നീ ഉന്നതമായ സ്വഭാവ മഹിമയിലാകുന്നു.” (വിശുദ്ധ ഖുർആൻ, 68:5)’
ദൈവത്തോടുള്ള കടമകളും മനുഷ്യരോടുള്ള കടമകളും നിറവേറ്റുന്ന കാര്യത്തിൽ തിരുനബി ﷺ ഏറ്റവും ഉന്നതമായ നിലവാരമാണ് പുലർത്തിയത്. അതുകൊണ്ടാണ് തിരുനബി ﷺ പറഞ്ഞത് വിശ്വസിച്ചാൽ മാത്രം പോരാ, മറിച്ച് നാം മാതൃകയാക്കേണ്ട തികഞ്ഞ ഒരു ഉത്തമ മാതൃകയായിരുന്നു അവിടുത്തെ ജീവിതം എന്ന് അല്ലാഹു അരുളിയത്.

ഈ ലോകത്ത് ചില മേഖലകളിലും ചില കാലഘട്ടങ്ങളിലും വിജയം നേടുന്നവരുണ്ടാകാം. അവരുടെ നേട്ടങ്ങൾക്കായി അവർക്ക് സമ്മാനങ്ങളും ബഹുമതികളും നല്കപ്പെടാറുണ്ട്.

എന്നിരുന്നാലും ഇത്തരം അംഗീകാരങ്ങൾ നൽകുന്നത് ഗവൺമെൻ്റുകളോ അല്ലെങ്കിൽ അതിനായി നിയോഗിക്കപ്പെട്ട കമ്മിറ്റികളോ ആണ്. എന്നാൽ ഒരു സമൂഹം മുഴുവൻ ഒരുമിച്ച് വരികയും ഒരാളുടെ മഹത്വത്തെക്കുറിച്ച് ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്ത ഒരു ചരിത്രം തിരുനബി ﷺ യുടെ കാര്യത്തിലല്ലാതെ വേറെ എവിടെയുമില്ല. വാസ്തവത്തിൽ അവിടുത്തെ പ്രവാചകത്വത്തിന് മുമ്പ് തന്നെ അവിടുത്തെ ജനത ‘സത്യസന്ധൻ’ (അസ്-സ്വാദിഖ്), ‘വിശ്വസ്തൻ’ (അൽ-അമീൻ) എന്നീ സ്ഥാനപ്പേരുകൾ അവിടുത്തേക്ക് നൽകിയിരുന്നു. തിരുനബി ﷺ ക്ക് യാതൊരു പ്രതിഫലത്തിൻ്റെയും ആവശ്യമില്ലായിരുന്നുവെങ്കിലും സമൂഹത്തിന്റെ മുഴുവൻ കണ്ണിലും അവിടുന്ന് സമാനതകളില്ലാത്ത ഒരു നിലവാരത്തിൽ എത്തിയിരുന്നു.

​തിരുനബി ﷺ തന്നെ പറഞ്ഞിരിക്കുന്നത്, താൻ ഉന്നതമായ സ്വഭാവ മഹിമകൾ പൂർത്തീകരിക്കാനാണ് നിയോഗിക്കപ്പെട്ടിട്ടുള്ളതെന്നാണ്, അതിനാൽ തൻ്റെ മാതൃക പിന്തുടരണമെന്ന് അവിടുന്ന് നിർദ്ദേശിച്ചു. തിരുനബി ﷺ നമുക്ക് ഉത്തമ മാതൃകയാണെന്ന് ദൈവം തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതിനാൽ നാം ആ മാതൃക പിന്തുടരുകയും തിരുനബി ﷺ പറഞ്ഞതും ചെയ്തതുമായ എല്ലാ കാര്യങ്ങളും മുറുകെ പിടിക്കുകയും വേണം; അതെല്ലാം വിശുദ്ധ ഖുർആനെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു.
​തിരുനബി ﷺ യുടെ ജീവിതത്തിലെ വിവിധ വശങ്ങളുടെ ഉദാഹരണങ്ങൾ ഞാൻ ഇന്ന് അവതരിപ്പിക്കുന്നതാണ്.

​നബി തിരുമേനി ﷺ യുടെ ദൈവ സ്നേഹം.

ദൈവാരാധനയുടെ കടമകൾ നിറവേറ്റുന്ന കാര്യത്തിലുള്ള തിരുനബി ﷺ യുടെ മാതൃകയാണ് ആദ്യം വിവരിക്കുന്നത്. നബിതിരുമേനി ﷺ യുടെ ജീവിതം മുഴുവൻ ദൈവത്തോടുള്ള സ്നേഹത്തിലാണ് ചെലവഴിച്ചതെന്ന് നമുക്ക് കാണാം. പുതിയൊരു നിയമം സ്ഥാപിക്കുകയും ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്ന വലിയ ഉത്തരവാദിത്തങ്ങൾ വഹിക്കുന്നതിനിടയിലും അവിടുന്ന് ഇപ്രകാരം ജീവിച്ചു. വാഗ്ദത്ത മസിഹ് (അ) പറഞ്ഞത് പോലെ, തിരുനബി ﷺ വന്യമൃഗങ്ങളെപ്പോലെ ആയിരുന്ന ജനങ്ങളെ മനുഷ്യരാക്കി മാറ്റി. പിന്നീട് അവരെ സംസ്ക്കാര സമ്പന്നരാക്കി മാറ്റി. തുടർന്ന് അവരെ ദൈവീക ഗുണമുള്ളവരാക്കി മാറ്റി. ഇതൊരു വലിയ ദൗത്യമായിരുന്നു. എന്നിട്ടും ആ സമയമെല്ലാം ആരാധനയുടെ കാര്യത്തിൽ നബിതിരുമേനി ﷺ ഒരിക്കലും അയവ് വരുത്തിയില്ല. ശത്രുക്കളിൽ നിന്നുള്ള യുദ്ധങ്ങളും ആക്രമണങ്ങളും ഉണ്ടായിരുന്നു. എന്നിട്ടും ആരാധനാ കർമ്മങ്ങൾ നിറവേറ്റുന്നതിൽ തിരുനബി ﷺ ഒരിക്കലും ഉപേക്ഷിച്ചില്ല.

​ആരാധനയുടെ കടമകൾ നിറവേറ്റുക

എല്ലാ ​ സാഹചര്യത്തിലും നബിതിരുമേനി ﷺ ആരാധനയുടെ കടമകൾ നിറവേറ്റിയിരുന്നു. എന്ത് സംഭവിച്ചാലും നാം എപ്പോഴും ആരാധനയുടെ കടമകൾ നിറവേറ്റണം എന്നതിന് ഇതൊരു മാതൃകയാണ്. ചിലർ തങ്ങൾ പ്രയാസങ്ങൾ നേരിടുമ്പോൾ പ്രാർത്ഥിച്ചു എന്നും എന്നാൽ ഒന്നും സംഭവിച്ചില്ല എന്നും പറയാറുണ്ട്. പ്രശ്നം എന്തെന്നാൽ, അവർ തങ്ങളുടെ പ്രശ്നങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നുണ്ടെങ്കിലും ദൈവത്തോടുള്ള കടമകൾ നിറവേറ്റുന്നില്ല എന്നതാണ് യാഥാർഥ്യം. ദൈവത്തോടുള്ള കടമകൾ നിറവേറ്റുന്നതിൽ നാം എപ്പോഴും ശ്രദ്ധാലുവായിരിക്കണം. തത്ഫലമായി നമ്മുടെ പ്രാർത്ഥനകൾക്ക് ഉത്തരവും ലഭിക്കും.

നബിതിരുമേനി ﷺ യുടെ പ്രാർത്ഥനയുടെ രീതി എന്തായിരുന്നുവെന്നാൽ രാത്രിയുടെ പകുതി കഴിഞ്ഞാൽ അവിടുന്ന് ഉണരുകയും പ്രാർത്ഥനയിൽ മുഴുകുകയും ചെയ്യുമായിരുന്നു. ഒരിക്കൽ നബിതിരുമേനി ﷺ പ്രാർത്ഥനയിൽ നിന്നപ്പോൾ അവിടുന്ന് അല്ലാഹുവിൻ്റെ തിരഞ്ഞെടുക്കപ്പെട്ട ആളാണെന്നും, എന്നിട്ടും രാത്രിയുടെ പകുതി പ്രാർത്ഥനയിൽ ചെലവഴിച്ച് എന്തിനാണ് സ്വയം ഇത്തരം പ്രയാസങ്ങൾ അനുഭവിക്കുന്നത് എന്നും താൻ ചോദിച്ചതായി ഹസ്റത്ത് ആയിഷ (റ) ചോദിച്ചു. നബിതിരുമേനി ﷺ മറുപടി നൽകി, ‘ഓ ആയിഷാ, ഞാൻ നന്ദിയുള്ള ഒരു ദാസനാകേണ്ടതില്ലേ?’ നബിതിരുമേനി ﷺ യെ അവസാനത്തെ ശരീഅത്തി പ്രവാചകനാക്കി മാറ്റുകയും, അവിടുത്തേക്ക് വിശുദ്ധ ഖുർആൻ വെളിപ്പെടുത്തി നൽകുകയും ചെയ്തുകൊണ്ട് ദൈവം വലിയ അനുഗ്രഹം നൽകിയിരുന്നു. അതിന് പകരമായി നസബിതിരുമേനി ﷺ അങ്ങേയറ്റം നന്ദിയുള്ളവനായിരിക്കുകയും തൻ്റെ പ്രാർത്ഥനകളിലൂടെ അത് പ്രകടിപ്പിക്കുകയും ചെയ്തു.

ദൈവം നമുക്ക് വലിയ അനുഗ്രഹങ്ങൾ നൽകിയിട്ടുണ്ട്. അതിനാൽ അവനോട് നന്ദിയുള്ളവരായിരിക്കണമെന്നും അവനെ ആരാധിക്കണമെന്നും ഇത് സ്വാഭാവികമായ കാര്യമാണ്. യുവാക്കൽ ഉൾപ്പടെ ചിലർ ദൈവത്തെ എങ്ങനെ ആരാധിക്കണം എന്നും, ദൈവത്തിന് എന്തിനാണ് നമ്മുടെ ആരാധന ആവശ്യമായി വരുന്നത് എന്നും ചോദിക്കാറുണ്ട്. ദൈവത്തിന് നമ്മുടെ ആരാധനയുടെ ആവശ്യമില്ല എന്നതാണ് അതിനുള്ള മറുപടി. മറിച്ച് ദൈവം നൽകിയ ആത്മീയവും ഭൗതികവുമായ അനുഗ്രഹങ്ങൾക്ക് അവനോട് നന്ദി പ്രകടിപ്പിക്കേണ്ടത് അനിവാര്യമാണ്.

നബിതിരുമേനിക്ക് ദൈവീക ഗ്രന്ഥത്തോടുള്ള സ്നേഹം ​

വിശുദ്ധ ഖുർആൻ പാരായണം കേൾക്കുമ്പോഴേല്ലാം ​നബിതിരുമേനി ﷺ യുടെ കണ്ണുകൾ നിറയുമായിരുന്നുവെന്നും, പ്രത്യേകിച്ച് അവിടുത്തെ ഉത്തരവാദിത്തങ്ങളെക്കുറിച്ച് ഓർമ്മിപ്പിക്കപ്പെടുന്ന വചനങ്ങൾ കേൾക്കുമ്പോൾ ഇത് സംഭവിക്കാറുണ്ടെന്നും നിവേദനങ്ങളിൽ കാണാം. ഒരിക്കൽ തിരുനബി ﷺ തൻ്റെ അനുചരന്മാരിൽ ഒരാളായ ഹസ്രത്ത് അബ്ദുള്ള ബ്നു മസ്ഊദ് (റ) നോട് വിശുദ്ധ ഖുർആൻ പാരായണം ചെയ്യാൻ ആവശ്യപ്പെട്ടു. വിശുദ്ധ ഖുർആൻ നബിതിരുമേനി ﷺ ക്ക് തന്നെയാണ് ഇറക്കപ്പെട്ടിട്ടുള്ളത് എന്നും, അതിനാൽ താൻ അത് പാരായണം ചെയ്യാൻ അവിടുന്ന് ആഗ്രഹിക്കുന്നത് എന്തുകൊണ്ടാണ് എന്നും ഹസ്രത്ത് അബ്ദുല്ലാഹ് ബ്നു മസ്ഊദ് (റ) ചോദിച്ചു. മറ്റുള്ളവർ വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നത് കേൾക്കുന്നത് താൻ ആസ്വദിക്കുന്നു എന്ന് തിരുനബി ﷺ മറുപടി നൽകി. അങ്ങനെ ഹദ്റത്ത് അബ്ദുല്ലാഹ് ബ്നു മസ്ഊദ് (റ) വിശുദ്ധ ഖുർആൻ പാരായണം ചെയ്യാൻ തുടങ്ങി, അതിൽ ഈ വചനവും ഉൾപ്പെട്ടിരുന്നു:

“ഓരോ ജനതയിൽ നിന്നും നാം ഓരോ സാക്ഷിയെ കൊണ്ടുവരികയും ഇവർക്കെതിരായി നിന്നെ നാം സാക്ഷിയായി കൊണ്ടുവരികയും ചെയ്യുമ്പോൾ (അവരുടെ അവസ്ഥ) എങ്ങനെയുള്ളതായിരിക്കും!” (വിശുദ്ധ ഖുർആൻ, 4:43)

ഇത് കേട്ടപ്പോൾ നബിതിരുമേനി ﷺ ഹദ്റത്ത് അബ്ദുല്ലാഹ് ബ്നു മസ്ഊദ് (റ) നോട് നിർത്താൻ ആവശ്യപ്പെട്ടു. നബിതിരുമേനി ﷺ യുടെ കണ്ണുകളിൽ നിന്ന് കണ്ണീർ ഒഴുകുന്നത് ഹസ്രത്ത് അബ്ദുല്ലാഹ് ബ്നു മസ് ഊദ് (റ) കണ്ടു, കാരണം ഈ വചനം കേട്ടപ്പോൾ തൻ്റെ ജനത അവിടുന്ന് അവർക്കെതിരായി സാക്ഷി പറയേണ്ടി വരുന്ന വിധത്തിൽ എന്തെങ്കിലും പ്രവർത്തിച്ചേക്കുമോ എന്ന ആശങ്ക അവിടുത്തേക്ക് ഉണ്ടായി. അതിനാൽ നബിതിരുമേനി ﷺ യുടെ സാക്ഷ്യം നമുക്കെതിരായി മാറുന്ന വിധത്തിൽ പ്രവർത്തിക്കുന്നതിനെക്കുറിച്ച് നാം ആകുലപ്പെടണം. അതിനുപകരം നബിതിരുമേനി ﷺ യുടെ മാതൃക പിന്തുടരുന്ന രീതിയിൽ പ്രവർത്തിക്കുന്നതിൽ നാം ശ്രദ്ധ കേന്ദ്രീകരിക്കണം.

​നബിതിരുമേനി ﷺ നമസ്കാരങ്ങൾ കൃത്യമായി നിർവ്വഹിക്കുന്ന കാര്യത്തിൽ എത്രത്തോളം നിഷ്കർഷതയുള്ളവനായിരുന്നുവെന്നാൽ കഠിനമായ രോഗാവസ്ഥയിൽ പോലും അവിടുന്ന് നമസ്കരിക്കുമായിരുന്നു. അവിടുത്തെ അവസാന രോഗാവസ്ഥയിൽ അത്തരം സാഹചര്യങ്ങളിൽ കിടന്നുകൊണ്ട് പോലും നമസ്കരിക്കാൻ അനുവാദമുണ്ടായിരുന്നിട്ടും നബിതിരുമേനി ﷺ രണ്ട് അനുചരന്മാരുടെ സഹായത്തോടെ പള്ളിയിൽ പോയി നമസ്കരിച്ചു. രണ്ട് അനുചരന്മാർ സഹായിക്കുമ്പോഴും നബിതിരുമേനി ﷺ യുടെ അവസ്ഥ അവിടുത്തെ പാദങ്ങൾ നിലത്ത് ഇഴയുന്ന വിധത്തിലായിരുന്നുവെന്ന് ഹദ്റത്ത് ആയിഷ (റ) രേഖപ്പെടുത്തുന്നു. എന്നിട്ടും ഈ അവസ്ഥയിലും തിരുനബി ﷺ നമസ്കരിക്കുക മാത്രമല്ല മറിച്ച് പള്ളിയിൽ പോകുന്നു എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. ഈ രീതിയിലായിരുന്നു അവിടുന്ന് ദൈവത്തെ സ്നേഹിച്ചിരുന്നത്.

മഹാനായ അധ്യാപകൻ

ജനങ്ങളെ പഠിപ്പിക്കുന്നതിൽ മാത്രമല്ല അതേ സമയം ദൈവത്തിൻ്റെ മഹത്വം സ്ഥാപിക്കുന്നതിലും നബിതിരുമേനി ﷺ ന് മഹത്തായ ഒരു രീതി ഉണ്ടായിരുന്നു. അക്കാലത്ത് അറേബ്യയിൽ എന്തെങ്കിലും കാര്യത്തിലേക്ക് ശ്രദ്ധ ആകർഷിക്കാൻ ആഗ്രഹിക്കുമ്പോൾ ആളുകൾ കൈയടിക്കുന്നത് പതിവായിരുന്നു. അതിനുപകരം ദൈവത്തെ മഹത്വപ്പെടുത്തുന്നതാണ് നല്ലതെന്ന് നബിതിരുമേനി ﷺ പഠിപ്പിച്ചു. ഉദാഹരണത്തിന് ഒരിക്കൽ നബിതിരുമേനി ﷺ എന്തോ കാര്യത്തിൽ വ്യാപൃതനായിരുന്നപ്പോൾ നമസ്കാരത്തിന് നേതൃത്വം നൽകാൻ ഹദ്റത്ത് അബൂബക്കർ (റ) നോട് നിർദ്ദേശിച്ചു. തുടർന്ന് നബിതിരുമേനി ﷺ നമസ്കാരത്തിൽ ചേരാനായി പള്ളിയിലേക്ക് പോയി. അവിടുന്ന് എത്തിയപ്പോഴേക്കും ഹദ്റത്ത് അബൂബക്കർ (റ) നമസ്കാരം ആരംഭിച്ചിരുന്നു. നബിതിരുമേനി ﷺ പള്ളിയിൽ എത്തിയെന്ന് മനസ്സിലാക്കിയപ്പോൾ നബിതിരുമേനി ﷺ സന്നിഹിതനാണെന്ന് ഹദ്റത്ത് അബൂബക്കർ (റ) നോട് സൂചിപ്പിക്കാൻ ആളുകൾ കൈയടിക്കാൻ തുടങ്ങി. ഹദ്റത്ത് അബൂബക്കർ (റ) പുറകോട്ട് മാറുകയും നബിതിരുമേനി ﷺ നമസ്കാരത്തിന് നേതൃത്വം നൽകാൻ സൗകര്യമൊരുക്കുകയും ചെയ്തു.

നമസ്കാരത്തിന് ശേഷം താൻ നിർദ്ദേശിച്ച പ്രകാരം ഹദ്റത്ത് അബൂബക്കർ (റ) തന്നെ നമസ്കാരത്തിന് നേതൃത്വം നൽകേണ്ടതായിരുന്നു എന്ന് നബിതിരുമേനി ﷺ പറഞ്ഞു. നബിതിരുമേനി ﷺ സന്നിഹിതനായിരിക്കുമ്പോൾ തനിക്ക് എങ്ങനെ നമസ്കാരത്തിന് നേതൃത്വം നൽകാൻ കഴിയും എന്ന് ഹദ്റത്ത് അബൂബക്കർ (റ) മറുപടി നൽകി. തുടർന്ന് തിരുനബി ﷺ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു, ദൈവത്തോട് പ്രാർത്ഥിക്കുമ്പോൾ കൈയടിക്കുന്നത് ഉചിതമല്ല. നമസ്കാരത്തിനിടയിൽ എന്തെങ്കിലും കാര്യത്തിലേക്ക് ശ്രദ്ധ ആകർഷിക്കേണ്ടതുണ്ടെങ്കിൽ കൈയടിക്കുന്നതിന് പകരം ‘സുബ്ഹാനല്ലാഹ്’ (അല്ലാഹു എത്ര പരിശുദ്ധൻ) എന്ന് പറഞ്ഞ് ദൈവനാമം വാഴ്ത്തണം.
​പ്രാർത്ഥനയിൽ അങ്ങേയറ്റം തൽപരനായിരുന്നപ്പോഴും ആളുകൾ അനാവശ്യമായ നടപടികൾ സ്വീകരിക്കാൻ നബിതിരുമേനി ﷺ ആഗ്രഹിച്ചിരുന്നില്ല. ഉദാഹരണത്തിന് ഒരിക്കൽ പള്ളിയിൽ ഒരു കയർ തൂങ്ങിക്കിടക്കുന്നത് നബിതിരുമേനി ﷺ കണ്ടു. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇത് ഹദ്റത്ത് സൈനബ് (റ)ൻ്റേതാണെന്നും നമസ്കാരത്തിൽ നിൽക്കുമ്പോൾ അവർക്ക് ക്ഷീണം അനുഭവപ്പെടുമ്പോൾ നിൽക്കാൻ സഹായിക്കുന്നതിന് ആ കയർ ഉപയോഗിക്കുമെന്നും അവിടുത്തോട് പറയപ്പെട്ടു. ഇതിൻ്റെ ആവശ്യമില്ലെന്ന് നബിതിരുമേനി ﷺ പറഞ്ഞു. ഒരാൾക്ക് ശാരീരികമായി കഴിയുന്നിടത്തോളം മാത്രമേ നമസ്കരിക്കേണ്ടതുള്ളൂ.

​നമസ്കാരം നിർവ്വഹിക്കാനുള്ള ശരിയായ മര്യാദകൾ

സൗകര്യത്തിനായി നമസ്കാരം വേഗത്തിൽ നിർവ്വഹിക്കുന്നതിൽ അർത്ഥമില്ല. ചിലർ സ്വയം ഒഴിയാൻ വേണ്ടി മിനിറ്റുകൾക്കുള്ളിൽ നമസ്കാരം നിർവ്വഹിക്കും. എന്നിരുന്നാലും നമസ്കാരം നിർവ്വഹിക്കാനുള്ള ശരിയായ രീതി അത് അതീവ ശ്രദ്ധയോടെ ചെയ്യുക എന്നതാണ്. ഒരിക്കൽ ജമാഅത്ത് നമസ്കാരം കഴിഞ്ഞതിന് ശേഷം ഒരാൾ വൈകി പള്ളിയിൽ വരികയും സ്വന്തമായി നമസ്കരിച്ച ശേഷം നബിതിരുമേനി ﷺ യുടെ സദസ്സിൽ ചേരുകയും ചെയ്തു. തിരിച്ചുപോയി വീണ്ടും നമസ്കരിക്കാൻ നബിതിരുമേനി ﷺ അദ്ദേഹത്തോട് പറഞ്ഞു, ഇത് മൂന്നോ നാലോ തവണ തുടരുകയുണ്ടായി. ഒടുവിൽ താൻ എന്താണ് വ്യത്യസ്തമായി ചെയ്യേണ്ടത് എന്ന് അദ്ദേഹം നബിതിരുമേനി ﷺ യോട് ചോദിച്ചു. നമസ്കാരം വേഗത്തിൽ നിർവ്വഹിക്കുന്നതിന് പകരം അതീവ ശ്രദ്ധയോടെ നിർവ്വഹിക്കണം എന്ന് നബിതിരുമേനി ﷺ മറുപടി നൽകി.

ഏകദൈവത്തോടുള്ള അചഞ്ചലമായ ഭക്തി

ദൈവത്തിൽ പങ്കുചേർക്കുന്നതിനോട് നബിതിരുമേനി ﷺ ക്ക് ശക്തമായ വിരക്തി ഉണ്ടായിരുന്നു. അവിടുത്തെ അവസാന രോഗാവസ്ഥയിൽ പോലും തങ്ങളുടെ പ്രവാചകന്മാരുടെ ഖബറുകൾ ആരാധനാ കേന്ദ്രങ്ങളാക്കി മാറ്റിയ മുൻകാല മതസ്ഥരെക്കുറിച്ച് നബിതിരുമേനി ﷺ ദുഃഖം പ്രകടിപ്പിക്കുമായിരുന്നു. അത്തരം കാര്യങ്ങൾ ദൈവത്തിൽ പങ്കുചേർക്കുന്നതിലേക്ക് നയിക്കുന്നതിനാൽ അവിടുത്തെ കാര്യത്തിൽ അത്തരം പ്രവൃത്തികളൊന്നും ചെയ്യരുത് എന്ന് നബിതിരുമേനി ﷺ വ്യക്തമായി പഠിപ്പിച്ചു. നബിതിരുമേനി ﷺ യുടെ അധ്യാപനങ്ങളുടെ വെളിച്ചത്തിൽ ഇത്തരം എല്ലാ ആചാരങ്ങളും ഉപേക്ഷിക്കാൻ ഞങ്ങളെ പഠിപ്പിച്ച വാഗ്ദത്ത മസിഹ് (അ) നെ സ്വീകരിക്കാൻ കഴിഞ്ഞതിൽ നാം ഭാഗ്യവാന്മാരാണ്. കാരണം ഇന്ന് പല മുസ്‌ലീങ്ങളും തങ്ങളുടെ പണ്ഡിതന്മാർക്കായി ആരാധനാ കേന്ദ്രങ്ങൾ നിർമ്മിക്കുന്നത് നിർഭാഗ്യവശാൽ സംഭവിക്കുന്നുണ്ട്.

സർവ്വശക്തനായ ദൈവത്തിൻ്റെ സന്നിധിയിൽ യഥാർത്ഥ വിനയത്തിൻ്റെ മാതൃക

ദൈവത്തിൻ്റെ മുമ്പിൽ നബിതിരുമേനി ﷺ വലിയ വിനയം പ്രകടിപ്പിച്ചിരുന്നു. ഒരിക്കൽ ദൈവത്തിൻ്റെ പ്രീതിയും അവിടുത്തെ പാപമോചനവും തീർച്ചയായും അവിടുത്തേക്ക് ലഭിക്കും എന്ന് ആളുകൾ നബിതിരുമേനി ﷺ യോട് പറഞ്ഞു, കാരണം ദൈവം തന്നെ നബിതിരുമേനി ﷺ യുടെ ഉന്നതമായ സ്വഭാവത്തിന് സാക്ഷ്യം നൽകിയിട്ടുണ്ട്. എന്നാൽ കാര്യം അങ്ങനെയല്ലെന്നും മറിച്ച് ദൈവത്തിൻ്റെ കൃപയാൽ മാത്രമേ തനിക്ക് പാപമോചനം ലഭിക്കുകയുള്ളൂ എന്നും നബിതിരുമേനി ﷺ മറുപടി നൽകി. മറ്റൊരു സന്ദർഭത്തിൽ ഒരാൾക്ക് തൻ്റെ പ്രവൃത്തികൾ കൊണ്ട് നിർബന്ധപൂർവ്വം സ്വർഗ്ഗത്തിൽ പ്രവേശിക്കാൻ കഴിയില്ലെന്ന്നബിതിരുമേനി ﷺ പറഞ്ഞു. ഇത് അവിടുത്തേക്കും ബാധകമാണോ എന്ന് ആരോനബിതിരുമേനി ﷺ യോട് ചോദിച്ചു. സ്വന്തം പ്രവൃത്തികൾ കൊണ്ട് താൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ലെന്നും, മറിച്ച് ദൈവത്തിൻ്റെ കൃപയാൽ മാത്രമേ താൻ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയുള്ളൂ എന്നും നബിതിരുമേനി ﷺ പറഞ്ഞു.

ഓരോ പ്രവൃത്തിയിലും നന്മ ഉൾക്കൊള്ളുക.

നമ്മുടെ പ്രവൃത്തികളിൽ നന്മ ഉൾക്കൊള്ളാൻ നബിതിരുമേനി ﷺ ഉപദേശിച്ചു. മരണം ആഗ്രഹിക്കരുത്; ഒരാൾ പുണ്യവാനാണെങ്കിൽ അവൻ തൻ്റെ ജീവിതത്തിലുടനീളം പുണ്യം വർദ്ധിപ്പിച്ചുകൊണ്ടിരിക്കും, ഒരാൾ പാപിയാണെങ്കിൽ തൻ്റെ ജീവിതത്തിലുടനീളം പാപങ്ങളിൽ നിന്ന് പശ്ചാത്തപിക്കാൻ അവർക്ക് അവസരം ലഭിക്കും. നാം എപ്പോഴും ഓർമ്മിക്കേണ്ട വളരെ പ്രധാനപ്പെട്ട ഒരു മാർഗ്ഗനിർദ്ദേശമാണിത്. എന്തെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ നേരിടുന്നത് കാരണം ആളുകൾ മരണം ആഗ്രഹിക്കാറുണ്ട്. എന്നാൽ ജീവിതം നന്മ വർദ്ധിപ്പിക്കാനോ പാപങ്ങളിൽ നിന്ന് പശ്ചാത്തപിക്കാനോ ഉള്ള അവസരം നൽകുന്നു എന്ന് നബിതിരുമേനി ﷺ പറഞ്ഞു.

പ്രാർത്ഥനകളുടെ നിലവാരം ഉയർത്തുക.

നബിതിരുമേനി ﷺ മറ്റുള്ളവർക്ക് അവരുടെ പ്രാർത്ഥനകളുടെ നിലവാരം ഉയർത്താൻ നബിതിരുമേനി ﷺ ഉപദേശിക്കാറുണ്ടായിരുന്നു. ഒരിക്കൽ നബിതിരുമേനി ﷺ തൻ്റെ മകൾ ഫാത്തിമ (റ) യുടെയും ഭർത്താവ് ഹദ്റത്ത് അലി (റ) ന്റെയും വീട്ടിൽ പോയി. അവർ തഹജ്ജുദ് നമസ്കരിക്കാറുണ്ടോ എന്ന് അവിടുന്ന് ചോദിച്ചു. ദൈവം ഉദ്ദേശിച്ചെങ്കിൽ ഞങ്ങൾ ഉണരുമായിരുന്നു, അല്ലാത്തപക്ഷം ഞങ്ങൾ ഉറങ്ങി പോവുന്നതാണ് എന്ന് ഹദ്റത്ത് അലി (റ) മറുപടി നൽകി. അവർ തഹജ്ജുദ് നമസ്കരിക്കണമെന്ന്നബിതിരുമേനി ﷺ ഉപദേശിച്ചു. തുടർന്ന് വീട്ടിലേക്ക് പോയി. വീട്ടിലേക്ക് നടക്കുമ്പോൾ നബിതിരുമേനി ﷺ ഇപ്രകാരം ആവർത്തിച്ചു പറഞ്ഞു, “എന്നാൽ മനുഷ്യൻ എല്ലാ കാര്യത്തിലും ഏറ്റവും കൂടുതൽ തർക്കിക്കുന്നവനാകുന്നു.” (വിശുദ്ധ ഖുർആൻ, 18:55). അതായത് ആളുകൾ പലപ്പോഴും തങ്ങളുടെ തെറ്റുകൾ സമ്മതിക്കാതെ കുറ്റം മറ്റുള്ളവരിലേക്ക് തിരിച്ചുവിടാൻ ശ്രമിക്കുന്നു. അതിനാൽ പ്രാർത്ഥനക്ക് ഉണരുന്നതിലെ സ്വന്തം കുറവുകൾ അംഗീകരിക്കുന്നതായിരുന്നു ദൈവത്തെ കുറ്റപ്പെടുത്തുന്നതിനേക്കാൾ നല്ലതെന്ന് നബിതിരുമേനി ﷺ ഈ രീതിയിൽ വിശദീകരിച്ചു.

കഴിവുകളുടെ ശരിയായ ഉപയോഗത്തിലൂടെയുള്ള ആരാധന

​ദൈവം നൽകിയ കഴിവുകൾ ശരിയായ രീതിയിൽ ഉപയോഗിക്കുന്നതും ആരാധനയുടെ മറ്റൊരു രൂപമാണെന്ന് നബിതിരുമേനി ﷺ പഠിപ്പിച്ചു. ഈ കാലഘട്ടത്തിൽ വിവിധ ലൗകീക ആകർഷണങ്ങളും വിവിധ തിന്മ നിറഞ്ഞ പരിപാടികളുമുണ്ട്. ഇത്തരം കാര്യങ്ങൾ കാണാൻ നമ്മുടെ കണ്ണുകൾ ഉപയോഗിക്കുന്നത് പാപമാണ്. ഇത്തരം കാര്യങ്ങൾ ഒഴിവാക്കുന്നതാണ് യഥാർത്ഥ നന്മ. നമ്മുടെ കണ്ണുകളിലും കാതുകളിലും മറ്റ് കഴിവുകളിലും ദൈവം വലിയ അനുഗ്രഹങ്ങൾ നൽകിയിട്ടുണ്ട്. നാം ഈ കഴിവുകൾ ഉപയോഗിക്കണം. എന്നാൽ അതേ സമയം മറ്റുള്ളവരെക്കുറിച്ചുള്ള കിംവദന്തികളും അസത്യങ്ങളും കേൾക്കുന്നത് പാപമാണ്. അതിനാൽ ദൈവം നമുക്ക് നൽകിയ കഴിവുകൾ നാം ഉപയോഗിക്കണം. എന്നാൽ അവയുടെ യഥാർത്ഥവും ഉചിതവുമായ രീതിയിലും നന്മകൾക്കുമായി നാം അവ ഉപയോഗിക്കണം.

നബിതിരുമേനി​ ﷺ ക്ക് മുമ്പിൽ രണ്ട് വഴികൾ ഉണ്ടാകുമ്പോൾ, എളുപ്പമുള്ള വഴി തിന്മയിലേക്കും പാപത്തിലേക്കും നയിക്കാത്തതാണെങ്കിൽ അവിടുന്ന് എപ്പോഴും എളുപ്പമുള്ള വഴി തിരഞ്ഞെടുക്കുമായിരുന്നുവെന്ന് ഹദ്റത്ത് ആയിഷ (റ) വിവരിക്കുന്നു. കാരണം ദൈവം പ്രയാസമല്ല മറിച്ച് എളുപ്പമാണ് ആഗ്രഹിക്കുന്നത്. എന്നിരുന്നാലും എളുപ്പമുള്ള വഴി പാപത്തിലേക്കും തിന്മയിലേക്കും നയിക്കുമെങ്കിൽ നബിതിരുമേനി ﷺ അത് ഒഴിവാക്കുകയും പ്രയാസമുള്ള വഴി സ്വീകരിക്കുകയും ചെയ്യുമായിരുന്നു. പ്രശംസിക്കപ്പെടാൻ വേണ്ടി ചിലർ സ്വന്തം ഇഷ്ടപ്രകാരം പ്രയാസങ്ങൾ ഏറ്റെടുക്കാറുണ്ട്. എന്നാൽ ഇത് നബിതിരുമേനി ﷺ യുടെ രീതിയല്ലായിരുന്നു. അത്തരം ആളുകൾ മറ്റുള്ളവരെ വഞ്ചിക്കാൻ വേണ്ടി മാത്രമാണ് ഇത് ചെയ്യുന്നത്. ഇതിൽ ദൈവത്തിൽ നിന്ന് യാതൊരു പ്രതിഫലവുമില്ല. ഈ രീതിയിൽ പ്രവർത്തിക്കുന്നത് ആളുകളെ ദൈവത്തിലേക്ക് അടുപ്പിക്കുന്നില്ല. മറിച്ച് അത് അവൻ്റെ അപ്രീതിക്ക് കാരണമാകുന്നു. കാരണം അപ്രകാരം ചെയ്യുന്നതിലെ ഉദ്ദേശ്യം ശുദ്ധമല്ല.

നബിതിരുമേനി ﷺ ഒരു പരിപൂർണ്ണനായ ഭർത്താവ്

നബിതിരുമേനി ﷺ തൻ്റെ ഭാര്യമാരോടുള്ള പെരുമാറ്റത്തിൽ അത്യുത്തമനും നീതിമാനും ആയിരുന്നു. ആളുകൾ ഇത് മനസ്സിലാക്കുകയാണെങ്കിൽ ഇന്നത്തെ പല കുടുംബ പ്രശ്നങ്ങളും പരിഹരിക്കപ്പെടും. അവിടുത്തെ ഭാര്യമാർ അവിടുത്തോട് പരുഷമായ രീതിയിൽ സംസാരിച്ച സന്ദർഭങ്ങൾ പോലും ഉണ്ടായിരുന്നു, എന്നിരുന്നാലും നബിതിരുമേനി ﷺ പുഞ്ചിരിക്കുകയും ആ വിഷയം തിരിച്ചുവിടുകയും ചെയ്യുമായിരുന്നു. ഒരിക്കൽ നബിതിരുമേനി ﷺ ഹദ്റത്ത് ആയിഷ (റ) യോട് എനിക്ക് നീ എപ്പോഴാണ് എന്നോട് പിണങ്ങിയിരിക്കുന്നത് എന്ന് പറയാൻ കഴിയുമെന്ന് പറഞ്ഞു. അത് എങ്ങനെ എന്ന് അവർ ചോദിച്ചു. നീ എന്നോട് സന്തോഷവതിയായിരിക്കുമ്പോഴും നിനക്ക് സത്യം ചെയ്യേണ്ടി വരുമ്പോൾ ‘മുഹമ്മദിൻ്റെ (സ) രക്ഷിതാവാണെ സത്യം’ എന്ന് നീ പറയുമെന്ന് നബിതിരുമേനി ﷺ പറഞ്ഞു. എന്നാൽ നീ എന്നോട് പിണങ്ങുമ്പോൾ ‘ഇബ്രാഹിമിൻ്റെ രക്ഷിതാവാണെ സത്യം’ എന്ന് നീ പറയുമെന്ന് അവിടുന്ന് പറഞ്ഞു. ഹദ്റത്ത് ആയിഷ (റ) ചിരിക്കുകയും അവിടുന്ന് പറഞ്ഞത് ശരിയാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. നബിതിരുമേനി ﷺ അവിടുത്തെ ആദ്യ ഭാര്യ ഹദ്റത്ത് ഖദീജ (റ) യെ അവരുടെ മരണശേഷവും എപ്പോഴും ആദരിച്ചിരുന്നു. ഉദാഹരണത്തിന് അവരുടെ സുഹൃത്തുക്കളിൽ ആരെങ്കിലും വന്നാൽ നബിതിരുമേനി ﷺ എഴുന്നേറ്റ് നിൽക്കുകയും അവരെ അഭിവാദ്യം ചെയ്യുകയും ചെയ്യുമായിരുന്നു. ഹദ്റത്ത് ഖദീജ (റ) ഉണ്ടാക്കിയ എന്തെങ്കിലും അവിടുത്തെ മുമ്പിൽ വന്നാൽ അവിടുത്തെ കണ്ണുകൾ നിറയുമായിരുന്നു.

ഒരിക്കൽ ബദ്ർ യുദ്ധത്തിൽ നബിതിരുമേനി ﷺ യുടെ മരുമകന്മാരിൽ ഒരാൾ തടവിലാക്കപ്പെട്ടപ്പോൾ അവിടുത്തെ മകളും നബിതിരുമേനി ﷺ യുടെ മകളുമായ ഹസ്രത്ത് സൈനബ് (റ) അദ്ദേഹത്തിന്റെ മോചനത്തിനായി തൻ്റെ പക്കലുള്ളതെല്ലാം അയച്ചുകൊടുത്തു. അതിൽ ഹദ്റത്ത് ഖദീജ (റ)യുടേതായിരുന്ന ഒരു മാലയുമുണ്ടായിരുന്നു. മാല കണ്ടപ്പോൾ നബിതിരുമേനി ﷺ യുടെ കണ്ണുകൾ നിറഞ്ഞു. ഈ കാര്യത്തിൽ താൻ അവർക്ക് ഒരു നിർദ്ദേശം നൽകില്ലെന്ന് നബിതിരുമേനി ﷺ അനുചരന്മാരോട് പറഞ്ഞു, എന്നിരുന്നാലും അവർക്ക് ഉചിതമെന്ന് തോന്നുകയാണെങ്കിൽ ഒരു മകൾക്ക് അവളുടെ മാതാവിൻ്റെ ഏക സ്മരണിക നഷ്ടപ്പെടാതിരിക്കട്ടെ എന്ന് അവിടുന്ന് അഭ്യർത്ഥിച്ചു. തങ്ങളെ മറ്റൊന്നും സന്തോഷിപ്പിക്കില്ലെന്ന് അനുചരന്മാർ പറയുകയും അവർ ആ മാല അവൾക്ക് തിരികെ അയക്കുകയും ചെയ്തു.
​ഹദ്റത്ത് ഖദീജ (റ) തന്നോട് പെരുമാറിയ രീതി നബിതിരുമേനി ﷺ യെ അത്രയധികം സ്വാധീനിച്ചിരുന്നു. അവിടുന്ന് പലപ്പോഴും അവരുടെ പെരുമാറ്റത്തെക്കുറിച്ച് വിവരിക്കാറുമുണ്ടായിരുന്നു. ഒരിക്കൽ നബിതിരുമേനി ﷺ ഹദ്റത്ത് ഖദീജ (റ) യുടെ ചില നല്ല ഗുണങ്ങളെക്കുറിച്ച് ഹദ്റത്ത് ആയിഷ (റ) യോട് പറയുകയായിരുന്നു. അതിന് മറുപടിയായി ചിലപ്പോൾ അസൂയ തോന്നുന്നത് സ്വാഭാവികമായതിനാൽ, അവിടുത്തേക്ക് ഇപ്പോൾ മറ്റ് യുവതികളായ ഭാര്യമാരുള്ളപ്പോൾ എന്തിനാണ് ഹദ്റത്ത് ഖദീജ (റ) യെക്കുറിച്ച് ഇപ്പോഴും സംസാരിക്കുന്നത് എന്ന് ഹദ്റത്ത് ആയിഷ (റ) ചോദിച്ചു. നബിതിരുമേനി ﷺ കരയാൻ തുടങ്ങുകയും ഹദ്റത്ത് ഖദീജ (റ) തന്നോട് പെരുമാറിയ ഉത്തമമായ രീതി നിനക്ക് അറിയില്ലെന്ന് ഹദ്റത്ത് ആയിഷ (റ) യോട് പറയുകയും ചെയ്തു.

ഒരു കുട്ടി എന്ന നിലയിലുള്ള നബിതിരുമേനി ﷺ യുടെ ഉത്തമ സ്വഭാവം

മാതാപിതാക്കളുടെ മരണശേഷം നബിതിരുമേനി ﷺ യുടെ ആദ്യ എട്ട് വർഷങ്ങൾ അവിടുത്തെ പിതാമഹന്റെ സംരക്ഷണത്തിലും പിന്നീട് അവിടുത്തെ പിതൃസഹോദരന്റെ സംരക്ഷണത്തിലുമാണ് ചെലവഴിച്ചത്. എന്നിരുന്നാലും അദ്ദേഹത്തിന്റെ പിതൃസഹോദരന്റെ ഭാര്യ അദ്ദേഹത്തോട് പ്രത്യേകിച്ച് ദയയുള്ളവളായിരുന്നില്ല. വീട്ടിൽ എന്തെങ്കിലും കഴിക്കാൻ വന്നാൽ അത് അദ്ദേഹത്തിന് നൽകില്ലായിരുന്നു. മറിച്ച് സ്വന്തം മക്കൾക്ക് മാത്രമേ നൽകുമായിരുന്നുള്ളൂ. എന്നിരുന്നാലും പിതൃസാഹോദരൻ അബൂത്വാലിബ് വീട്ടിൽ വരുമ്പോഴെല്ലാം തൻ്റെ കൊച്ചു ജ്യേഷ്ഠപുത്രനെ കരയുന്നതോ പരാതി പറയുന്നതോ ആയി കാണാറില്ലായിരുന്നു, തൻ്റെ മക്കൾ വീട്ടിൽ വന്ന പലഹാരങ്ങൾ ആസ്വദിക്കുമ്പോഴും ചെറിയ മുഹമ്മദ് ﷺ ശാന്തനായും ക്ഷമയോടെയും ഒരു മൂലയിൽ ഇരിക്കുമായിരുന്നു. ആ ചെറിയ പ്രായത്തിൽ പോലും ഇത്തരത്തിലായിരുന്നു അദ്ദേഹത്തിന്റെ സ്വഭാവം. ഇന്ന് പ്രായമാകുമ്പോഴും ആളുകൾ തങ്ങളുടെ കുട്ടിക്കാലത്തെ പരാതികൾ ഓർമ്മിക്കുകയും പ്രതികാരം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ അവിടുന്ന് വളരുകയും സാഹചര്യങ്ങൾ മാറുകയും ചെയ്തപ്പോഴും നബിതിരുമേനി ﷺ ഒരിക്കലും അത്തരത്തിൽ പ്രവർത്തിച്ചില്ല, മറിച്ച് തൻ്റെ ആ സഹോദരങ്ങളോട് അത്യുത്തമമായ രീതിയിൽ പെരുമാറുകയും അവരെ തൻ്റെ സംരക്ഷണത്തിൽ എടുക്കുകയും ചെയ്തു.

നബിതിരുമേനി ﷺ മുന്നോട്ടുവെച്ച ക്ഷമയുടെ അസാധാരണമായ മാതൃക

നബിതിരുമേനി ﷺ യുടെ ക്ഷമയുടെ നിലവാരം അസാധാരണമായിരുന്നു. ഒരിക്കൽ ഒരു ശ്മശാനത്തിനടുത്തു കൂടെ നടക്കുമ്പോൾ ഒരു മാതാവ് തൻ്റെ കുട്ടിയുടെ ഖബറിന് അരികിൽ ഇരുന്ന് വിലപിക്കുന്നത് നബിതിരുമേനി ﷺ കണ്ടു. ക്ഷമിക്കാൻ നബിതിരുമേനി ﷺ അവളോട് ആവശ്യപ്പെട്ടു. ആ സ്ത്രീ തിരുനബി ﷺ യെ തിരിച്ചറിഞ്ഞില്ല. തിരുനബി ﷺ യുടെ മകൻ തൻ്റേത് പോലെ മരിച്ചിരുന്നെങ്കിൽ യഥാർത്ഥ ക്ഷമ എന്താണെന്ന് അവിടുന്ന് അറിയുമായിരുന്നു എന്ന് അവൾ മറുപടി നൽകി. വാസ്തവത്തിൽ തൻ്റെ ഏഴ് മക്കൾ മരിച്ചിട്ടുണ്ട് എന്ന് തിരുനബി ﷺ പറഞ്ഞു. തൻ്റെ കഴിഞ്ഞകാല പ്രയാസങ്ങളെക്കുറിച്ച് തിരുനബി ﷺ ഇത്രയേ പ്രകടിപ്പിക്കുമായിരുന്നുള്ളൂ, ഒരിക്കലും പരാതിപ്പെട്ടില്ല, മനുഷ്യത്വത്തിന് നൽകുന്ന സേവനങ്ങളിൽ ഈ പ്രയാസങ്ങൾ തടസ്സമാക്കാൻ അവിടുന്ന് അനുവദിച്ചുമില്ല.

തിരുനബി ﷺ യുടെ സമാനതകളില്ലാത്ത സഹിഷ്ണുത

തിരുനബി ﷺ യുടെ സഹിഷ്ണുതയും ഏറ്റവും ഉന്നതമായ നിലവാരത്തിലായിരുന്നു. ഒരിക്കൽ ഒരു ജൂതൻ തിരുനബി ﷺ യുടെ അടുത്ത് വരികയും അവിടുത്തോട് തർക്കിക്കാൻ തുടങ്ങുകയും ചെയ്തു, അതിനിടയിൽ അവൻ തിരുനബി ﷺ യെ അവിടുത്തെ പേര് വിളിച്ച് അനാദരവോടെ അഭിസംബോധന ചെയ്തു, സാധാരണയായി മുസ്ലിം അല്ലാത്തവർ പോലും ആദരവ് കാരണം തിരുനബി ﷺ യെ അവിടുത്തെ കുടുംബപ്പേരായ അബുൽ-ഖാസിം എന്ന് വിളിക്കാറുള്ളപ്പോഴായിരുന്നു ഇത്. ഈ അനാദരവ് കാണാൻ അനുചരന്മാർക്ക് കഴിഞ്ഞില്ല, ഒരു അനുചരൻ സംസാരിക്കുകയും തിരുനബി ﷺ യെ പേര് വിളിച്ച് വിളിക്കരുത് എന്ന് പറയുകയും ചെയ്തു. അദ്ദേഹത്തിന് മാതാപിതാക്കൾ നൽകിയ പേര് തന്നെ വിളിക്കുന്നത് തുടരുമെന്ന് ആ ജൂതൻ പറഞ്ഞു. തിരുനബി ﷺ പുഞ്ചിരിക്കുകയും അത് ശരിയാണെന്നും തൻ്റെ മാതാപിതാക്കൾ നൽകിയ പേര് അത് തന്നെയാണെന്നും പറഞ്ഞു, അതിനാൽ ആ ജൂതനെ വെറുതെ വിടണമെന്നും അവൻ തന്നെ അഭിസംബോധന ചെയ്യുന്ന രീതിയെക്കുറിച്ച് അവനോട് ഒന്നും പറയരുതെന്നും അവിടുന്ന് പറഞ്ഞു.

ഉത്തമ സ്വഭാവ മര്യാദകൾ

എല്ലാ കാര്യങ്ങളിലും തിരുനബി ﷺ ഉത്തമ സ്വഭാവമാണ് പ്രകടിപ്പിച്ചത്. ചിലപ്പോൾ ഹസ്തദാനം ചെയ്യുമ്പോൾ ആളുകൾ മര്യാദയ്ക്ക് നിരക്കാത്ത വിധത്തിൽ കൂടുതൽ നേരം അവിടുത്തെ കൈ മുറുകെ പിടിക്കാറുണ്ട്, എന്നിട്ടും തിരുനബി ﷺ അവരെ കുറ്റപ്പെടുത്താതെ ക്ഷമയോടെ നിൽക്കുമായിരുന്നു. അതുപോലെ ആളുകൾ പലപ്പോഴും തിരുനബി ﷺ യോട് കാര്യങ്ങൾ ചോദിക്കാറുണ്ട്, തിരുനബി ﷺ അവ അവർക്ക് നൽകാറുണ്ടായിരുന്നു. ചിലർ ആവർത്തിച്ച് തിരുനബി ﷺ യോട് ചോദിക്കും, യാതൊരു പരാതിയും കൂടാതെ തിരുനബി ﷺ അവർക്ക് സാധനങ്ങളും പണവും നൽകിക്കൊണ്ടിരിക്കും. അതേ സമയം ചോദിക്കുന്ന വ്യക്തി ആത്മാർത്ഥതയുള്ളവനാണെന്ന് തിരുനബി ﷺ കണ്ടാൽ അവർ ചോദിച്ചത് എന്തും നൽകിയ ശേഷം ദൈവത്തിൽ വിശ്വാസമർപ്പിക്കുന്നതാണ് അവർക്ക് നല്ലതെന്ന് അവിടുന്ന് ഉപദേശിക്കും.

തിരുനബി ﷺ മാതൃകയാക്കിയ ഉത്തമ ഗുണങ്ങളിൽ ചിലത് മാത്രമാണ് ഇവയെന്ന് ഖലീഫ തിരുമനസ്സ് പറഞ്ഞു. ഇവയെല്ലാം നമുക്ക് ഉത്തമ മാതൃകയായി വർത്തിക്കുന്ന കാര്യങ്ങളാണ്. ഭാവിയിൽ മറ്റ് വശങ്ങളെയും ഗുണങ്ങളെയും കുറിച്ചും താൻ വിവരിക്കുമെന്നും ഖലീഫ തിരുമനസ്സ് പറഞ്ഞു. തിരുനബി ﷺ യുടെ മാതൃക നടപ്പിലാക്കിക്കൊണ്ട് നമ്മെ എല്ലാവരെയും യഥാർത്ഥ മുസ്ലിംകളാക്കി മാറ്റാൻ അല്ലാഹു അനുഗ്രഹിക്കട്ടെ എന്നും ലോകമെമ്പാടും തിരുനബി ﷺ യുടെ സന്ദേശം പ്രചരിപ്പിക്കുന്നവരും ലോകത്തെ അവിടുത്തെ പതാകയ്ക്ക് കീഴിൽ കൊണ്ടുവരുന്നവരും ആയിരിക്കാൻ നമ്മെ അനുഗ്രഹിക്കട്ടെ.

Related Topics

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed