ജൽസ സാലാന: ആതിഥ്യമര്യാദ എന്ന വിശ്വാസത്തിന്റെ ഉത്തമ അടയാളം

അതിഥികളുടെ വികാരങ്ങൾ വളരെ മൃദുലമായിരിക്കുമെന്നും അതിനാൽ അവരെ വളരെ ശ്രദ്ധയോടെ വേണം സൽക്കരിക്കാനെന്നും വാഗ്ദത്ത മസീഹ്(അ) വിശദീകരിക്കുകയുണ്ടായി.

ജൽസ സാലാന: ആതിഥ്യമര്യാദ എന്ന വിശ്വാസത്തിന്റെ ഉത്തമ അടയാളം

അതിഥികളുടെ വികാരങ്ങൾ വളരെ മൃദുലമായിരിക്കുമെന്നും അതിനാൽ അവരെ വളരെ ശ്രദ്ധയോടെ വേണം സൽക്കരിക്കാനെന്നും വാഗ്ദത്ത മസീഹ്(അ) വിശദീകരിക്കുകയുണ്ടായി.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 24 ജൂലൈ 2026ന് ജൽസാ ഗാഹ്, ഹദീഖത്തുൽ മഹ്ദിയിൽ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: കെ.ഐ ഗുലാം അഹ്‌മദ്‌
ശാഹിദ്

തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫ തിരുമനസ്സ് ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ് (അയ്യദഹുല്ലാഹ്) അരുൾ ചെയ്തു, സർവ്വശക്തനായ അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഇന്ന് ജൽസ സാലാന (വാർഷിക സമ്മേളനം) ആരംഭിക്കുകയാണ്.

വാഗ്ദത്ത മസീഹി(അ)ന്റെ അതിഥികളുടെ സേവനം

ഈ പരിപാടിക്കായി ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള ആളുകൾ ഒത്തുകൂടിയിട്ടുണ്ട്. അവരെല്ലാവരെയും വാഗ്ദത്ത മസീഹി(അ)ന്റെ അതിഥികളായിട്ടാണ് കണക്കാക്കപ്പെടേണ്ടത്. ഈ അതിഥികളെ സേവിക്കുന്നതിന് സവിശേഷമായ പ്രാധാന്യമുണ്ട്. ലോകമെമ്പാടും എവിടെയെല്ലാം ജൽസ സാലാന നടക്കുന്നുണ്ടോ അവിടെയെല്ലാം ചെറുപ്പക്കാരും പ്രായമായവരുമായ എല്ലാവരും ജൽസയിലെ അതിഥികളെ സേവിക്കേണ്ടതുണ്ടെന്ന് മനസ്സിലാക്കുകയും സ്വയം സേവകരായി മുന്നോട്ടുവരികയും ചെയ്യുന്നു. ലോകത്ത് ഭൂരിഭാഗം ആളുകളുടെയും മുൻഗണനകൾ മാറിയിട്ടുണ്ട്. എന്നാൽ അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിലെ ആത്മാർത്ഥരായ അംഗങ്ങൾ വാഗ്ദത്ത മസീഹി(അ)ന്റെ അതിഥികളെ സൽക്കരിക്കുന്നതിനായി തങ്ങളുടെ ജോലികളിൽ നിന്ന് അവധിയെടുത്ത് സേവനത്തിനായി മുന്നോട്ടുവരുന്നു.

ആതിഥ്യമര്യാദ ഒരു ദൈവിക കൽപ്പനയാണ്

നബിതിരുമേനി(സ) യുടെ അധ്യാപനത്തിന് അനുസൃതമായി അതിഥി സൽക്കാരത്തിന് ദൈവം വലിയ പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് മനസ്സിലാക്കിക്കൊണ്ടാണ്ട് ഇവർ ഇതിനെ തയ്യാറാകുന്നത്. വാഗ്ദത്ത മസീഹ്(അ) ഇക്കാര്യത്തിലേക്ക് നിരന്തരം ശ്രദ്ധ ക്ഷണിച്ചിരുന്നു. യാത്രക്കാർക്ക് അവരുടെ അർഹമായ അവകാശങ്ങൾ നൽകണമെന്ന് വിശുദ്ധ ഖുർആൻ പഠിപ്പിക്കുന്നു. ഇബ്രാഹിം (അ)ൻ്റെ അടുക്കൽ ചില അതിഥികൾ വന്നപ്പോൾ അവർ ഭക്ഷണം കഴിക്കുമോ ഇല്ലയോ എന്ന് അദ്ദേഹം ചോദിച്ചില്ല. മറിച്ച് അദ്ദേഹം ഒരു കാളക്കുട്ടിയെ അറുത്ത് പാകം ചെയ്ത് അതിഥികൾക്ക് സമർപ്പിച്ചതായി വിശുദ്ധ ഖുർആൻ രേഖപ്പെടുത്തുന്നു.

നബിതിരുമേനി(സ)യുടെ ആതിഥ്യമര്യാദയെക്കുറിച്ചുള്ള അധ്യാപനങ്ങൾ

അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവർ അതിഥികൾക്ക് അർഹമായ അവകാശങ്ങൾ നൽകണമെന്ന് നബിതിരുമേനി(സ) അരുളിച്ചെയ്തിരിക്കുന്നു. അർഹമായ ആ അവകാശങ്ങൾ എന്താണെന്ന് ചോദിച്ചപ്പോൾ, അത് ഒരു പകലും ഒരു രാത്രിയും ആതിഥ്യമര്യാദ കാണിക്കലാണെന്ന് നബിതിരുമേനി(സ) മറുപടി നൽകി. മറ്റൊരു സന്ദർഭത്തിൽ, മൂന്ന് ദിവസം ഒരാളുടെ വീട്ടിൽ അതിഥികളെ സൽക്കരിക്കലാണ് ഇതെന്ന് നബിതിരുമേനി(സ) നിർവ്വചിച്ചു. തീർച്ചയായും കുറച്ച് ദിവസത്തേക്ക് ഒരാളുടെ വീട് സന്ദർശിക്കുന്ന അതിഥികളെയാണ് ഇത് പൊതുവായി സൂചിപ്പിക്കുന്നത്. അതിനാൽ, അതിഥികളോട് ആതിഥ്യമര്യാദ കാണിക്കാൻ മുസ്‌ലിംകളോട് കൽപ്പിക്കപ്പെട്ടിരിക്കുന്നു. ജൽസ സാലാനയിലെ അതിഥികൾ ലോകത്തിന്റെ നാനാഭാഗത്തുനിന്നും വരുന്നവരാണ്, അതുകൊണ്ടുതന്നെ അവർ മൂന്ന് ദിവസത്തിലധികം താമസിക്കുകയും ചെയ്യും. അവർ എത്രകാലം താമസിക്കുന്നുവോ അത്രയും കാലം അഹ്‌മദികൾ അവരുടെ ആതിഥ്യം ഏറ്റെടുക്കുന്നു. അത് മൂന്നോ നാലോ ആഴ്ചകൾ ആയാൽ പോലും. പ്രതിഫലം നൽകപ്പെടുന്നവരല്ല, മറിച്ച് സ്വമേധയാ സേവനം ചെയ്യുന്നവരാണ് ഈ അതിഥികളെ പരിചരിക്കുന്നത്. യുകെയിലെ അവസ്ഥ എന്തെന്നാൽ, കാലത്തിന്റെ ഖലീഫയുടെ സാന്നിധ്യം കാരണം വാഗ്ദത്ത മസീഹി(അ)ന്റെ അതിഥികൾ വർഷം മുഴുവനും സന്ദർശിക്കാറുണ്ട്. അതിനാൽ ഇവിടെ മസീഹ് മൗഊദ്(അ)ന്റെ ലങ്കർ ഖാന (community kitchen) വർഷം മുഴുവനും പ്രവർത്തിക്കുന്നു. ജമാഅത്തിലെ സേവകർ അതിഥികളെ മികച്ച രീതിയിലാണ് സൽക്കരിക്കുന്നത്. അവരുടെ പ്രയത്നങ്ങൾക്ക് അല്ലാഹു പ്രതിഫലം നൽകുമാറാകട്ടെ.

പ്രത്യേകിച്ച് ജൽസയുടെ ദിവസങ്ങളിൽ അതിഥികളെ നന്നായി പരിചരിക്കേണ്ടതാണ്. നബിതിരുമേനി(സ) യുടെ അധ്യാപനമനുസരിച്ച് പൂർണ്ണമായ അന്തസ്സോടും ബഹുമാനത്തോടും കൂടിയായിരിക്കണം അവരെ പരിചരിക്കേണ്ടത്. ഒരു വിശ്വാസിയാകുന്നതിനുള്ള നിബന്ധനകളിലൊന്ന്, അവർ ആതിഥ്യമര്യാദയുള്ളവരും സൽസ്വഭാവികളും തങ്ങളുടെ അതിഥികളോട് ദയയുള്ളവരുമായിരിക്കണം എന്നതാണ്. അതിനാൽ, ജൽസയിലെ പുരുഷന്മാരും സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടുന്ന ആയിരക്കണക്കിന് സേവകർക്ക് ഈ വലിയ ആദരവുണ്ട്. ആതിഥ്യമര്യാദയോട് നീതി പുലർത്തുമ്പോൾ മാത്രമേ ഈ ആദരവിനോട് തങ്ങൾക്ക് നീതി പുലർത്താനാവുകയുള്ളൂ എന്ന് അവർ ഓർമ്മിക്കേണ്ടതുണ്ട്.

അതിഥികളുടെ വികാരങ്ങൾ വളരെ മൃദുലമായിരിക്കുമെന്നും അതിനാൽ അവരെ വളരെ ശ്രദ്ധയോടെ വേണം സൽക്കരിക്കാനെന്നും വാഗ്ദത്ത മസീഹ്(അ) വിശദീകരിക്കുകയുണ്ടായി. എല്ലാ സേവകരും മനസ്സിൽ സൂക്ഷിക്കേണ്ട ഒരു കാര്യമാണിത്. സേവനത്തിനായി സ്വയം സമർപ്പിച്ചവർ അല്ലാഹുവിൽ നിന്ന് സഹായം തേടുകയും, ദൈവപ്രീതി നേടണമെന്ന ഉദ്ദേശത്തോടുകൂടി തങ്ങളുടെ ഉത്തരവാദിത്തങ്ങൾ സാധ്യമായ ഏറ്റവും മികച്ച രീതിയിൽ നിറവേറ്റാൻ പരിശ്രമിക്കുകയും വേണം.

ജൽസ സന്ദർശിക്കുന്ന അഹ്‌മദികളല്ലാത്തവർ ജൽസയുടെ സംഘാടനം കണ്ട് അതിശയിച്ചുപോകുന്നു. ആയിരക്കണക്കിന് ആളുകൾക്ക് ഭക്ഷണം നൽകുന്നത്, ജലവിതരണം, പാർക്കിംഗ്, സുരക്ഷ, ശുചിത്വം തുടങ്ങി മറ്റു നിരവധി വകുപ്പുകൾ എല്ലാം സന്നദ്ധസേവകരാലാണ് കൈകാര്യം ചെയ്യപ്പെടുന്നത്. അവർ ഉത്തമമായ രീതിയിൽ തങ്ങളുടെ കടമകൾ നിർവ്വഹിക്കുന്നു. ഇതും ഇസ്‌ലാമിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിനുള്ള ഒരു മാർഗ്ഗമായി മാറുന്നു. അതിനാൽ, ഓരോ സേവകനും ഈ അതിഥികളുടെ ആവശ്യങ്ങൾ നിറവേറ്റാൻ പരിശ്രമിക്കണം. കാരണം അങ്ങനെ ചെയ്യുന്നത് അവരുടെ വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമാണ്.

വാഗ്ദത്ത മസീഹി(അ)ന്റെ ആതിഥ്യമര്യാദയുടെ മാതൃക

ഖലീഫ തിരുമനസ്സ് അരുൾ ച്ചെയ്തു, അതിഥികളെ മികച്ച രീതിയിൽ പരിചരിക്കണമെന്ന് ലങ്കർ ഖാന (community kitchen) ലെ ചുമതലക്കാരന് പ്രത്യേകം നിർദ്ദേശം നൽകിയതായി വാഗ്ദത്ത മസീഹ്(അ)ന്റെ ആദിത്യ മര്യാദയെ വ്യക്തമാക്കുന്ന ഒരു വിവരണത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. 1902-ൽ ഒരാൾ ഖാദിയാൻ സന്ദർശിക്കാൻ യാത്ര പുറപ്പെട്ടു. യാത്രാമധ്യേ അദ്ദേഹത്തിനും സഹയാത്രികനും കനത്ത മഴയെ നേരിടേണ്ടിവരികയും, ബട്ടാലയിൽ നിന്ന് ഖാദിയാനിലേക്കുള്ള യാത്രയ്ക്കായി അവർക്ക് ഒരു വണ്ടി വാടകയ്‌ക്കെടുക്കേണ്ടി വരികയും ചെയ്തു. ഖാദിയാനിലെത്തിയപ്പോൾ, അക്കാലത്ത് പുസ്തകശാലയായിരുന്ന ഒരു സ്ഥലത്ത് അവർക്കുള്ള താമസസൗകര്യം ഒരുക്കാൻ വാഗ്ദത്ത മസീഹ്(അ) നിർദ്ദേശിച്ചു. പിറ്റേന്ന് രാവിലെ അവർക്ക് മികച്ച പ്രഭാതഭക്ഷണം നൽകി. ഭക്ഷണം കഴിക്കുമ്പോൾ, അവർക്ക് എന്തെങ്കിലും വേണോ എന്നും അതോ മറ്റേതെങ്കിലും വിധത്തിലുള്ള സേവനം ആവശ്യമുണ്ടോ എന്നും വാഗ്ദത്ത മസീഹ്(അ) അവരോട് നിരന്തരം ചോദിച്ചുകൊണ്ടിരുന്നു. ഇത്രയധികം ശ്രദ്ധയോടെയാണ് വാഗ്ദത്ത മസീഹ്(അ) തന്റെ അതിഥികളെ പരിചരിക്കാൻ ആഗ്രഹിച്ചിരുന്നത്.

ഒരിക്കൽ വാഗ്ദത്ത മസീഹ്(അ) മറ്റുചില അതിഥികൾക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു. രണ്ട് തരം വിഭവങ്ങളായിരുന്നു തയ്യാറാക്കിയിരുന്നത്. വാഗ്ദത്ത മസീഹ്(അ) ഭക്ഷണം കഴിക്കുമ്പോൾ, തന്റെ പ്ലേറ്റിൽ ഇറച്ചിക്കഷ്ണങ്ങൾ കാണുമ്പോഴെല്ലാം, അതിഥികൾക്ക് കൂടുതൽ മികച്ച ഭക്ഷണം കഴിക്കാൻ കഴിയുന്നതിനായി അത് സ്വന്തം പ്ലേറ്റിൽ നിന്ന് മാറ്റുകയും തന്റെ അതിഥികളിൽ ഒരാളുടെ പ്ലേറ്റിൽ വച്ചുകൊടുക്കുകയും ചെയ്യുമായിരുന്നു.

ചിലപ്പോൾ അതിഥികൾ ചില കാര്യങ്ങൾ ആവശ്യപ്പെടാറുണ്ട്. ഒരിക്കൽ ഒരു അതിഥി മാമ്പഴം കഴിക്കാൻ ആഗ്രഹമുണ്ടെന്ന് പറഞ്ഞപ്പോൾ അതൊരു നല്ല ആഗ്രഹമാണെന്ന് വാഗ്ദത്ത മസീഹ്(അ) പറഞ്ഞു. മാമ്പഴം വാങ്ങാൻ ചന്തയിൽ പോകണമോ എന്ന് ഒരാൾ വാഗ്ദത്ത മസീഹി(അ)നോട് ചോദിച്ചപ്പോൾ പോകേണ്ടതില്ല എന്ന് മറുപടി നൽകി. അല്പസമയത്തിനുശേഷം എട്ട് മാമ്പഴങ്ങൾ അടങ്ങിയ ഒരു പാഴ്‌സൽ വന്നു. അവിടെയുണ്ടായിരുന്ന അതിഥികളുടെ എണ്ണവും കൃത്യം എട്ട് തന്നെയായിരുന്നു. വാഗ്ദത്ത മസീഹ്(അ) അതിഥികൾക്ക് ആ മാമ്പഴങ്ങൾ വിതരണം ചെയ്തു. ശേഷം വാഗ്ദത്ത മസീഹ്(അ) തനിക്ക് ലഭിച്ച മാമ്പഴം എടുത്ത് കഷണങ്ങളാക്കി മുറിച്ച് ആ കഷണങ്ങൾ കൂടി അതിഥികൾക്കിടയിൽ വിതരണം ചെയ്തു.

ഒരിക്കൽ ജൽസ സാലാനയുടെ അവസരത്തിൽ, രാവിലെ മുതൽ ഭക്ഷണം കഴിക്കാൻ സാധിക്കാത്ത ഒരു അതിഥിക്ക് ജമാഅത്തിന്റെ സുപ്രധാന യോഗം കാരണം സമയത്തിന് അത്താഴവും കഴിക്കാൻ കഴിഞ്ഞില്ല. സാധാരണയായി ജൽസയുടെ ദിവസങ്ങളിൽ സന്ധ്യാസമയത്തായിരുന്നു അത്തരം യോഗങ്ങൾ നടന്നിരുന്നത്. ഒടുവിൽ അദ്ദേഹം ലങ്കർ ഖാന (community kitchen)യിൽ എത്തിയപ്പോഴേക്കും രാത്രി പതിനൊന്ന് മണിയായിരുന്നു. അപ്പോഴേക്കും അദ്ദേഹത്തിന് കഠിനമായ വിശപ്പുണ്ടായിരുന്നു. ബാക്കിവന്ന ചെറിയ റൊട്ടിക്കഷ്ണങ്ങളല്ലാതെ മറ്റൊന്നും അവശേഷിക്കുന്നില്ലെന്ന് അദ്ദേഹത്തോട് പറയപ്പെട്ടു. അദ്ദേഹം ആ റൊട്ടിക്കഷണങ്ങൾ എടുത്ത് കഴിക്കാൻ തുടങ്ങി. അല്പസമയത്തിനുശേഷം, അദ്ദേഹത്തിന്റെ വാതിലിൽ ഉച്ചത്തിൽ മുട്ടി വിളിക്കുകയും “വിശന്നിരിക്കുന്നവരോ ഭക്ഷണം കഴിക്കാത്തവരോ ആരെങ്കിലുമുണ്ടെങ്കിൽ അവർ പാചകശാലയിൽ ചെന്ന് ഭക്ഷണം കഴിക്കണം” എന്ന് പറയുന്ന ഒരു ശബ്ദവും കേട്ടു. അദ്ദേഹം വീണ്ടും പോയി അപ്പോൾ അവിടെ ലഭ്യമായ ഭക്ഷണം കഴിച്ചു. പിറ്റേന്ന് വാഗ്ദത്ത മസീഹ്(അ) ചില ജോലിക്കാരേ ഉപദേശിക്കുന്നതായി അദ്ദേഹം കണ്ടു. “ഭക്ഷണക്രമീകരണങ്ങൾ മികച്ചതായിരിക്കണം. കഴിഞ്ഞ രാത്രി, ചില അതിഥികൾ വിശന്നിരിക്കുന്നതായി ദൈവം വെളിപാട് നൽകി, ‘ഓ പ്രവാചകാ, വിശക്കുന്നവർക്ക് ഭക്ഷണം നൽകുക’. അങ്ങനെ, വാഗ്ദത്ത മസീഹി(അ)ന് ലഭിച്ച ഒരു വെളിപാടിന്റെ ഫലമായി ആ അതിഥിക്ക് തലേദിവസം രാത്രി ഭക്ഷണം ലഭിച്ചു.

അതിനാൽ, ജൽസയുടെ സമയത്ത് അതിഥികൾക്ക് തങ്ങളുടെ യാത്രകളിൽ ചിലപ്പോൾ കാലതാമസം നേരിടേണ്ടി വന്നേക്കാം. ഈ കാര്യം സേവകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രാത്രി വൈകിയും ഭക്ഷണം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ ഉണ്ടായിരിക്കണം. മാത്രമല്ല ഭക്ഷണം പുതിയതാണെന്നും അത് കേടായിട്ടില്ലെന്നും അവർ ഉറപ്പുവരുതണം.

എല്ലാ അതിഥികൾക്കുമായി ഒരുതരം വിഭവമേ തയ്യാറാക്കാവൂ എന്ന് വാഗ്ദത്ത മസീഹ്(അ) ഉപദേശിച്ചിട്ടുണ്ട്. പല അതിഥികളും ദരിദ്രരാണെന്നും വീട്ടിൽ പരിപ്പ് പോലുമില്ലാത്ത അവസ്ഥയായിരിക്കുമെന്നും, പരിപ്പുകറി തയ്യാറാക്കിക്കൊടുത്താൽ അവർ സന്തോഷിക്കുമെന്നും ഇറച്ചിയുള്ള വിഭവങ്ങൾ അവർക്ക് ആവശ്യമില്ലെന്നും ഒരാൾ വാഗ്ദത്ത മസീഹി(അ)നോട് അഭിപ്രായപ്പെട്ടു. അതിന് മറുപടിയായി വാഗ്ദത്ത മസീഹ്(അ) പറഞ്ഞു, അത് അങ്ങനെയൊക്കെ ആയിരിക്കാം, പക്ഷേ മറ്റുള്ളവർ ഇറച്ചി വിഭവങ്ങൾ കഴിക്കുന്നത് കാണുമ്പോൾ അവർക്കും ആ ഭക്ഷണം കഴിക്കാൻ ആഗ്രഹമുണ്ടാകും. മാത്രമല്ല മറ്റുള്ളവർക്ക് വ്യത്യസ്തമായ ഭക്ഷണം നൽകുന്നത് കാണുമ്പോൾ അത് അവരുടെ വികാരങ്ങളെ വ്രണപ്പെടുത്തുകയും ചെയ്യും. ചില അതിഥികൾക്ക് ഒരുതരം ഭക്ഷണവും മറ്റുള്ളവർക്ക് വേറൊരുതരം ഭക്ഷണവും നൽകുന്നത് അനുയോജ്യമല്ല. ദരിദ്രരോ ധനികരോ ആകട്ടെ എല്ലാ അനുയായികളുമായും തനിക്ക് ഒരേ ബന്ധമാണുള്ളതെന്നും, അതിനാൽ അവരെല്ലാവർക്കും ഒരേതരം ഭക്ഷണം നൽകണമെന്നും അത് മാംസമായാലും പരിപ്പായാലും അങ്ങനെത്തന്നെ ചെയ്യണമെന്നും വാഗ്ദത്ത മസീഹ്(അ) പറഞ്ഞു.

ജൽസ സാലാനയിലെ സന്നദ്ധസേവകർക്കും അതിഥികൾക്കുമായുള്ള ഉപദേശം

വാഗ്ദത്ത മസീഹി(അ)ന്റെ ലങ്കർ ഖാനയിൽ നിന്ന് തങ്ങൾക്ക് ലഭിക്കുന്നത് എന്താണെങ്കിലും അത് സന്തോഷത്തോടും സംതൃപ്തിയോടും കൂടി കഴിക്കണമെന്ന് അതിഥികൾ എപ്പോഴും ഓർമ്മ വെക്കേണ്ടതാണ്. ആത്മീയ ഭക്ഷണം സ്വീകരിക്കുന്നതിനായി വാഗ്ദത്ത മസീഹി(അ)ന്റെ ക്ഷണപ്രകാരം ജൽസയിൽ വന്നിട്ടുള്ളതിനാൽ അതായിരിക്കണം അവരുടെ പ്രധാന ഉദ്ദേശ്യം. മാത്രമല്ല ഭക്ഷണകാര്യങ്ങളിൽ അവർ അനാവശ്യമായ പരാതികൾ ഉന്നയിക്കാനും പാടില്ല. ചില സമയങ്ങളിൽ ഭക്ഷണം കഴിക്കുന്നതിനായി അതിഥികൾ ചന്തയിൽ പോകാറുണ്ട്. ഇത് കടകൾ വൈകുവോളം തുറന്നിരിക്കാൻ കാരണമാകുകയും സംഘാടകർക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാക്കുകയും ചെയ്യുന്നു. പ്രത്യേകിച്ച് യുകെയിൽ ഈ ദിവസങ്ങളിലുള്ള വരണ്ട കാലാവസ്ഥ കാരണം വളരെയധികം ശ്രദ്ധ ആവശ്യമാണ്. രാത്രി വൈകുമ്പോൾ കടയുടമകൾ മിക്കവാറും കടകൾ അടച്ചിട്ടുണ്ടാകും. ചന്തയിൽ ആവശ്യമായത്ര ശ്രദ്ധയോ മേൽനോട്ടമോ ഉണ്ടായിരിക്കണമെന്നില്ല. അതിനാൽ, അതിഥികൾ തങ്ങൾക്ക് നൽകുന്ന ഭക്ഷണത്തിൽ സംതൃപ്തരായിരിക്കുകയും ഭക്ഷണത്തിലുള്ള അതൃപ്തി പ്രകടിപ്പിക്കാതിരിക്കാൻ ശ്രമിക്കുകയും ചെയ്യണം.

ഭക്ഷണം പാഴാക്കാതിരിക്കുന്നതിലേക്കും ഖലീഫ തിരുമനസ്സ് പ്രത്യേകം ശ്രദ്ധ ക്ഷണിച്ചു. ഒരാൾ തനിക്ക് കഴിക്കാൻ ആവശ്യമായ ഭക്ഷണം മാത്രമേ എടുക്കാവൂ. ആത്യന്തികമായി ജൽസയിൽ ലഭ്യമാകുന്ന ആത്മീയ പോഷണത്തിൽ തന്നെയായിരിക്കണം പ്രധാന ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.

ഖലീഫ തിരുമനസ്സ് അരുൾ ചെയ്തു, ഒരിക്കൽ ജൽസയുടെ ദിവസങ്ങളിൽ വാഗ്ദത്ത മസീഹ്(അ) നേരിട്ട് പാചക ശാലയിൽ പോയി പാത്രങ്ങൾ പരിശോധിച്ച് ഭക്ഷണ ക്രമീകരണങ്ങൾ വിലയിരുത്തി. വാഗ്ദത്ത മസീഹ്(അ) പരിശോധിച്ചപ്പോൾ അദ്ദേഹത്തിന് ഭക്ഷണത്തിന്റെ ഗന്ധം ഇഷ്ടപ്പെട്ടില്ല. പാകം ചെയ്ത ഭക്ഷണത്തിൽ എന്തോ കുഴപ്പമുണ്ടെന്നും അത് കളയണമെന്നും അദ്ദേഹം ഉടൻ തന്നെ നിർദ്ദേശിച്ചു. ഭക്ഷണത്തിന്റെ ഗന്ധം തനിക്ക് തന്നെ ഇഷ്ടപ്പെടാത്ത സാഹചര്യത്തിൽ എങ്ങനെയാണ് അത് അതിഥികൾക്ക് വിളമ്പുകയെന്ന് വാഗ്ദത്ത മസീഹ്(അ) ചോദിച്ചു. അതിഥികളെ സൽക്കരിക്കുന്ന കാര്യത്തിൽ വാഗ്ദത്ത മസീഹി(അ)നുണ്ടായിരുന്ന ശ്രദ്ധയുടെയും കരുതലിന്റെയും നിലവാരം ഇത്തരത്തിലുള്ളതായിരുന്നു. അതിനാൽ, ഈ രീതിയിൽ ഭക്ഷണം കേടാകാതിരിക്കാൻ ലങ്കർ ഖാനയിലെ ജോലിക്കാർ ജാഗ്രത പാലിക്കേണ്ടതുണ്ട്.

എല്ലാ വകുപ്പുകളിലെയും ജോലിക്കാർ അതിഥികളെ മികച്ച രീതിയിൽ പരിചരിക്കുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതാണ്. സുരക്ഷാ ചുമതല നിർവ്വഹിക്കുന്നവർ പോലും, തങ്ങളുടെ ഡ്യൂട്ടി ചെയ്യുമ്പോൾ അതിഥികളോട് ദയയോടും പരിഗണനയോടും കൂടി പെരുമാറുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. സുരക്ഷാ ഡ്യൂട്ടി ചെയ്യുമ്പോൾ മറ്റുള്ളവരോട് പരുഷമായി പെരുമാറണമെന്നില്ല. മറിച്ച് ദയാപൂർവ്വമായിരിക്കണം അവർ തങ്ങളുടെ കടമകൾ നിർവ്വഹിക്കേണ്ടത്.

ഖലീഫ തിരുമനസ്സ് അതിഥികളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു, ഒരു പ്രത്യേക കാരണം ലക്ഷ്യമാക്കിയാണ് ദീർഘവും ദുഷ്കരവുമായ യാത്രകൾ സഹിച്ച് ജൽസ സാലാനയിൽ പങ്കെടുക്കാൻ വന്നിരിക്കുന്നത്. അതായത് ഈ സമ്മേളനം നടത്തുന്നതിലൂടെ വാഗ്ദത്ത മസീഹ്(അ) ലക്ഷ്യമാക്കിയ ആഗ്രഹങ്ങളും ഉദ്ദേശ്യങ്ങളും നിറവേറ്റുക എന്നതാണ് അത്. ജൽസയുടെ മൂന്ന് ദിവസങ്ങളിൽ മറ്റെവിടെയെങ്കിലും ഇരിക്കുകയോ വെറുതെ അലഞ്ഞുതിരിയുകയോ അനാവശ്യ സംസാരങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നതിന് പകരം, അവർ ജൽസയിലെ പരിപാടികൾ ശ്രദ്ധിച്ച് കേൾക്കണമെന്ന കാര്യം ഓർമ്മിക്കേണ്ടതുണ്ട്. അതുപോലെ, കുട്ടികളുടെ പന്തലിൽ ഇരിക്കുന്ന സ്ത്രീകളും ജൽസയിലെ പരിപാടികൾ ശ്രദ്ധയോടെ കേൾക്കേണ്ടതുണ്ട്. അവർക്ക് സംസാരിക്കേണ്ടി വന്നാൽ, അത് തങ്ങളുടെ കുട്ടികളെ പരിചരിക്കാൻ വേണ്ടി മാത്രമായിരിക്കണം. ജൽസ പരിപാടികൾ നടക്കുന്നതിനിടയിൽ ഉമ്മമാർ പരസ്പരം സംസാരിക്കരുത്. കാരണം ഇത് അനാവശ്യമായ ബഹളങ്ങൾക്കും ശ്രദ്ധ പതറുന്നതിനും കാരണമാകുന്നു.

ചന്തയിലെ അച്ചടക്കത്തെക്കുറിച്ചും അതിഥികൾ ഓർക്കേണ്ടതുണ്ട്. ജൽസയുടെ അന്തരീക്ഷത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു സംഭവവും അവിടെ ഉണ്ടാകരുത്. തിരക്കേറിയ സമയങ്ങളിൽ എല്ലാവരും ക്ഷമയോടും ശ്രദ്ധയോടും കൂടി വേണം അവിടെ ചെന്ന് സാധനങ്ങൾ വാങ്ങാൻ.

അഹ്‌മദികളിൽ നിന്ന് പ്രതീക്ഷിക്കുന്ന സൽസ്വഭാവം എന്താണെന്ന് തന്റെ സമുദായത്തോട് വിശദീകരിക്കവേ വാഗ്ദത്ത മസീഹ്(അ) കൽപിച്ചു, നീതി പാലിക്കുകയും സൽകർമ്മങ്ങൾ അനുഷ്ഠിക്കുകയും ചെയ്യുന്നവരായി മാറുക. കാരണം നീതി പാലിക്കാതെ അല്ലാഹുവിനെ പ്രീതിപ്പെടുത്താനാവില്ല. തങ്ങളുടെ നീതിബോധം വളർത്തിയെടുക്കുന്നതിന് വേണ്ടിയാണ് ഈ ജൽസയിൽ പങ്കെടുക്കുന്നതെന്ന് എല്ലാവരും ഓർമ്മ വെക്കണം. അതിനാൽ, എല്ലാവരും പരസ്പരം ദയയോടും അനുകമ്പയോടും കൂടി പെരുമാറണം. എല്ലാവരും സമാധാനത്തിന്റെ അഭിവാദ്യങ്ങൾ പരത്തണം. പരസ്പരമുള്ള ശത്രുതകളോ പരാതികളോ ഇല്ലാതാക്കാൻ ശ്രമിക്കണം. ദൈവത്തിന്റെ പ്രീതി നേടുന്നതിനായി എല്ലാവരും തങ്ങളുടെ ക്ഷമയുടെ നിലവാരം വർദ്ധിപ്പിക്കാൻ ശ്രമിക്കേണ്ടതുണ്ട്. ഓർക്കുക, ജൽസയുടെ ഉദ്ദേശ്യം നിറവേറ്റപ്പെടുന്നില്ലെങ്കിൽ ഇവിടെ വന്നതിന് യാതൊരു അർത്ഥവും ഉണ്ടാവുകയില്ല.

നമസ്കാരങ്ങൾ നിർവ്വഹിക്കുന്നതിന്റെ പ്രാധാന്യത്തിലേക്കും ഖലീഫ തിരുമനസ്സ് ശ്രദ്ധ ക്ഷണിച്ചു. പ്രത്യേകിച്ച് ജൽസ നടക്കുന്നിടത്ത് മൂന്ന് ദിവസം താമസിക്കുന്നവർ തഹജ്ജുദ് നമസ്കാരത്തിനായി ഉണരാൻ ശ്രമിക്കണം.

പാർക്കിംഗ് സ്ഥലത്തും വലിയ ശ്രദ്ധ ആവശ്യമാണ്. എല്ലാവരും ക്ഷമയോടും ശാന്തതയോടും നിർദ്ദേശങ്ങൾ ശ്രവിക്കുകയും ധൃതി കൂട്ടാതിരിക്കുകയും ചെയ്യുക. യുകെയിൽ മുസ്‌ലിംകൾക്കെതിരെ ശത്രുത നിലനിൽക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. അതിനാൽ എല്ലാവരും ജാഗ്രത പാലിക്കുകയും സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ അത് അധികാരികളെ അറിയിക്കുകയും ചെയ്യണം.

വരണ്ട കാലാവസ്ഥ കാരണം തീപിടുത്തമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ എല്ലാവരും ജാഗ്രത പാലിക്കുകയും ബന്ധപ്പെട്ട അധികാരികളുമായി കൂടിയാലോചിച്ച ശേഷം സുരക്ഷിതമായ സ്ഥലത്ത് മാത്രമേ ഒരു തീപ്പെട്ടി കൊള്ളി പോലും കത്തിക്കാൻ പാടുള്ളൂ. ചിലരുടെ പക്കൽ എഞ്ചിൻ പെട്ടെന്ന് ചൂടാകുന്ന പഴയ കാറുകളാണുള്ളത്. ഉണങ്ങിയ പുല്ലുള്ളതിനാൽ ഇതും തീപിടുത്തത്തിന് കാരണമായേക്കാം. അതിനാൽ സേവകരും അത്തരം വാഹനങ്ങളുടെ ഉടമകളും വളരെയധികം ശ്രദ്ധിക്കണം.

ശുചിത്വത്തിന്റെ കാര്യത്തിൽ, എല്ലാവരും തങ്ങളെ ഈ വകുപ്പിലെ ഒരു സേവകനായി കണക്കാക്കുകയും തങ്ങളുടെ ചുറ്റുപാടുകൾ വൃത്തിയാക്കി സൂക്ഷിക്കാൻ ശ്രദ്ധിക്കുകയും വേണം.

ഈ ദിവസങ്ങളിൽ എല്ലാവരും തങ്ങളുടെ വിശ്വാസത്തിന്റെ നിലവാരം വർദ്ധിപ്പിക്കാൻ ശ്രമിക്കണം. പങ്കെടുക്കുന്നവർ ദൈവസ്മരണയിൽ മുഴുകുകയും വിശ്വാസത്തെയും ആത്മീയതയെയും കുറിച്ച് പരസ്പരം സംസാരിക്കുകയും ചെയ്യണം. ഇതിനുവേണ്ടി, തീർച്ചയായും സന്ദർശിക്കപ്പെടേണ്ട വിവിധ പ്രധാനപ്പെട്ട എക്സിബിഷനുകളും സംഘടിപ്പിച്ചിട്ടുണ്ട്.

ഈ ജൽസയിൽ നിന്ന് ആത്മീയമായും മതപരമായും ബൗദ്ധികമായും പ്രയോജനം നേടാനും ജൽസയുമായി ബന്ധപ്പെട്ട അനുഗ്രഹങ്ങളിൽ പങ്കുചേരാനും ഏവർക്കും കഴിയട്ടെ. വാഗ്ദത്ത മസീഹി(അ)ന്റെ ആഗമനത്തിന്റെ ലക്ഷ്യം നിറവേറ്റുന്നതിനുള്ള ഒരു ഉപാധിയാകാൻ എല്ലാവർക്കും സാധിക്കട്ടെ. എല്ലാവരും സശ്രദ്ധം പ്രഭാഷണങ്ങൾ കേൾക്കുകയും അതിലെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്യണം.

Related Topics

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു