അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 24 ഒക്ടോബർ 2025ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: എം. മുനവ്വർ അഹ്‍മദ് ശാഹിദ്
തശഹ്ഹുദ്, തഅവ്വുദ്, സൂറത്തുൽ ഫാത്തിഹ എന്നിവ പാരായണം ചെയ്ത ശേഷം, ഹദ്റത്ത് മിർസാ മസ്റൂർ അഹ്‌മദ് (അയ്യദഹുല്ലാഹ്) തബൂക്ക് യുദ്ധത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ തുടർന്നും വിവരിക്കുന്നതാണെന്ന് പറയുകയുണ്ടായി.
കപടവിശ്വാസികൾ നിരത്തിയ ന്യായീകരണങ്ങൾ
കപടവിശ്വാസികളിൽ ജദ്ദ് ബിൻ ഖൈസ് എന്ന് പേരുള്ള ഒരാളുണ്ടായിരുന്നു. അബ്ദുല്ലാഹ് ബിൻ ഉബയ്യിനു ശേഷം രണ്ടാമത്തെ വലിയ കപടവിശ്വാസിയായിരുന്നു അയാൾ. ഹുദൈബിയ സന്ധിയുടെ അവസരത്തിൽ ഇയാൾ അനുസരണ പ്രതിജ്ഞ എടുത്തിരുന്നില്ല. തബൂക്ക് യുദ്ധത്തിൽ പങ്കെടുക്കാതിരിക്കാൻ നബിതിരുമേനി(സ)യോട് അയാൾ ഒരു കാരണം അവതരിപ്പിച്ചു.
തന്‍റെ ആളുകൾക്ക് അറിയാവുന്നതുപോലെ, സ്ത്രീകളോട് തന്നേക്കാൾ കൂടുതൽ ആഗ്രഹം മറ്റാർക്കുമില്ലെന്നും, ബൈസൻറ്റൈൻകാര്‍ക്കെതിരെ യുദ്ധത്തിന് പോയി അവരുടെ സ്ത്രീകളെ കാണുകയാണെങ്കിൽ തനിക്ക് ആത്മനിയന്ത്രണം പാലിക്കാൻ കഴിയില്ല എന്ന് പറഞ്ഞുകൊണ്ടാണ് അയാൾ നബിതിരുമേനി(സ)യോട് അവധി ചോദിച്ചത്. ഈ അസംബന്ധമായ ഒഴികഴിവ് കേട്ടപ്പോൾ, നബിതിരുമേനി(സ) അയാളിൽ നിന്ന് തിരിഞ്ഞുനിന്ന്, യുദ്ധത്തിൽ ചേരേണ്ട ആവശ്യമില്ലെന്ന് പറയുകയുണ്ടായി.
ജദ്ദ് ബിൻ അബ്‌ദുല്ലാഹിന്‍റെ മകനും വിശ്വസ്തനായ സ്വഹാബിയുമായിരുന്ന അബ്‌ദുല്ലാഹ് ബിൻ ജദ്ദ് തന്‍റെ പിതാവിനോട് നേരിട്ട് ചെന്ന് ചോദിച്ചു.
“സമ്പത്ത് ഉണ്ടായിരുന്നിട്ടും, എന്തുകൊണ്ടാണ് താങ്കൾ ഈ യുദ്ധത്തിൽ പങ്കെടുക്കാത്തത്, അല്ലെങ്കിൽ ആരെയും സാമ്പത്തികമായി സഹായിക്കാത്തത്?”
ഇത്രയും കൊടും ചൂടിൽ ഈ യുദ്ധത്തിൽ പങ്കെടുക്കേണ്ട ആവശ്യമില്ലെന്നാണ് ജദ്ദ് മറുപടി പറഞ്ഞത്. മാത്രമല്ല, സ്വന്തം വീട്ടിലിരിക്കുമ്പോൾ പോലും താൻ ബൈസന്റൈൻസിനെ ഭയപ്പെടുന്നുവെന്നും, അതുകൊണ്ട് റോമിന്‍റെ മഹാശക്തിക്കെതിരെ അങ്ങോട്ട് പോയി എന്തിനാണ് യുദ്ധം ചെയ്യുന്നതെന്നും അയാൾ ചോദിച്ചു. യുദ്ധത്തിൽ പങ്കെടുക്കാത്തത് കപടവിശ്വാസം കൊണ്ടാണെന്ന് മകൻ ഉറപ്പിച്ചു പറഞ്ഞു. ജദ്ദ് മകനെ ചെരിപ്പുകൊണ്ട് അടിച്ചു. ഒരു വാക്ക് പോലും മിണ്ടാതെ മകൻ അവിടെ നിന്ന് പോയി.
ജദ്ദ് ബിൻ ഖൈസുമായി ബന്ധപ്പെട്ട് ആണ് താഴെ പറയുന്ന ഖുർആൻ വാക്യം അവതരിച്ചു എന്ന് രേഖപ്പെടുത്തിയിരിക്കുന്നു:
“(യുദ്ധ യാത്രയിൽ നിന്ന് ഒഴിഞ്ഞു നിൽക്കുവാൻ) എനിക്ക് അനുമതി നൽകിയാലും, എന്നെ പരീക്ഷണത്തിൽ ആക്കരുതേ! (എന്ന്) നിന്നോട് പറയുന്ന ചിലരും അവരിലുണ്ട്.”- വിശുദ്ധ ഖുർആൻ (9:49)
പിന്നീട് ജദ്ദ് ബിൻ ഖൈസ് പശ്ചാത്തപിക്കുകയും ഒരു യഥാർഥ മുസ്‌ലിം ആയിത്തീരുകയും ചെയ്തു. യുദ്ധവുമായി ബന്ധപ്പെട്ട് കൂട്ടം ചേരുകയും ഗൂഢാലോചന നടത്തുകയും ചെയ്യുന്ന ഒരു സംഘം ആളുകൾ ഉണ്ടായിരുന്നു. മദീനയിൽ അവർ ഒരുതരം ആസ്ഥാനം തന്നെ സ്ഥാപിച്ചിരുന്നു. മുസ്‌ലീങ്ങളെ യുദ്ധത്തിന് പോകുന്നതിൽ നിന്ന് പിന്തിരിപ്പിക്കാനായി അവർ തെറ്റായ വാർത്തകൾ പ്രചരിപ്പിച്ചുകൊണ്ടിരുന്നു.
അവരുടെ ശ്രമങ്ങളെക്കുറിച്ച് റിപ്പോർട്ടുകൾ ലഭിച്ചതിനെത്തുടർന്ന്, അവരുടെ ആസ്ഥാനം പൊളിച്ചുമാറ്റാൻ നബിതിരുമേനി(സ) നിർദേശിച്ചു. ഈ ആളുകൾക്ക് അവിടുന്ന് ഇളവുകള്‍ നല്കിയിരുന്നു; എന്നിരുന്നാലും, ഭരണകൂടത്തിനെതിരായ അവരുടെ ഗൂഢാലോചനയുടെ കാര്യത്തിൽ, അത്തരത്തിലുള്ള അരാജകത്വം അവസാനിപ്പിക്കാൻ തിരുമേനി (സ) വിവേകപൂർണവും നിർണായകവുമായ നടപടികൾ സ്വീകരിച്ചു.
ഇതൊരു പ്രധാനപ്പെട്ട വിഷയമാണ്. ഭരണകൂടത്തിനെതിരായുള്ള ശ്രമങ്ങളെ കർശനമായ നടപടിയിലൂടെ നേരിടേണ്ടതാണ്.
മദീനയിലെ സുവൈലിം എന്ന് പേരുള്ള ഒരാളുടെ വീട്ടിൽ കപടവിശ്വാസികൾ ഒത്തുകൂടുകയും, മുസ്‌ലീങ്ങളെ ഈ യുദ്ധത്തിന് പോകുന്നതിൽ നിന്ന് തടയാൻ ഗൂഢാലോചന നടത്തുകയും ചെയ്യുന്നുണ്ടെന്ന് തിരുനബി(സ) മനസ്സിലാക്കി. ചുരുക്കത്തിൽ, നിഷേധാത്മകമായ പ്രചാരണങ്ങളുടെ പദ്ധതികൾ മെനഞ്ഞിരുന്നത് ഈ ആസ്ഥാനത്ത് വച്ചായിരുന്നു. തിരുനബി(സ) ഹദ്റത്ത് ത്വൽഹ ബിൻ ഉബൈദുല്ലാഹ്(റ)നെ കുറച്ച് ആളുകളോടൊപ്പം സുവൈലിമിന്‍റെ വീട്ടിലേക്ക് അയക്കുകയും, ആ വീട് നിലംപരിശാക്കാൻ ഉത്തരവിടുകയും ചെയ്തു. അതോടെ വീട്ടിൽ ഒരുമിച്ചു കൂടിയവരെല്ലാം ഓടിപ്പോയി. എന്നിട്ടും, തിരുനബി(സ) കാരുണ്യവാനായാതിനാല്‍ ആ വീട്ടിൽ ഒരുമിച്ചു കൂടിയിരുന്നവരെ പിടികൂടാൻ നിർദേശം നല്കിയില്ല; മറിച്ച് അവരുടെ സംഗമസ്ഥലം ഇല്ലാതാക്കാൻ മാത്രമാണ് അവിടുന്ന് കല്പിച്ചത്.
യുദ്ധത്തിൽ പങ്കെടുക്കാനുള്ള മുസ്‌ലിങ്ങളുടെ ആവേശവും സമ്പന്നരായ സഹാബികളുടെ സാമ്പത്തിക ത്യാഗങ്ങളും
മുസ്‌ലീങ്ങൾ തബൂക്ക് യുദ്ധത്തിനായി ഒരുങ്ങുകയായിരുന്നു, സാമ്പത്തികപരമായ ത്യാഗങ്ങൾ ഉച്ചസ്ഥായിയിൽ നടന്നുകൊണ്ടിരിക്കുകയായിരുനു. ധനികർ ദരിദ്രർക്ക് ആയുധങ്ങളും സവാരി മൃഗങ്ങളെയും പോലുള്ള അവശ്യ വസ്തുക്കൾ നല്കി. യാത്രയുടെ കാഠിന്യം സഹിക്കാൻ കഴിവുള്ളവരും, സവാരി മൃഗങ്ങൾ കൈവശമുള്ളവരും യുദ്ധത്തിന് പോകണമെന്ന് പ്രവാചകൻ(സ) നിർദേശിച്ചു. സ്വഹാബിമാർ തിരുനബി(സ)യോട് സവാരി മൃഗങ്ങൾ അപേക്ഷിച്ചു. എന്നാൽ അവർക്ക് നല്കാൻ തിരുനബി(സ)യുടെ പക്കൽ ഒന്നുമുണ്ടായിരുന്നില്ല. അവർ കരഞ്ഞുകൊണ്ട് തിരിച്ചുപോയി. അവരെപ്പറ്റി വിശുദ്ധ ഖുർആൻ ഇപ്രകാരം വർണിച്ചു:
“മറ്റൊരു തരക്കാരായ ആളുകളുടെ മേലും (കുറ്റം) ഇല്ല. നീ അവർക്ക് എന്തെങ്കിലും സവാരി ഏർപ്പാട് ചെയ്‌തുകൊടുക്കുന്നതിനായി അവർ നിന്‍റെയടുക്കൽ വന്നപ്പോൾ, നിങ്ങളെ വഹിച്ചുകൊണ്ട് പോകുവാൻ ഞാൻ ഒന്നും കണ്ടെത്തുന്നില്ല എന്ന് നീ പറഞ്ഞു. അപ്പോൾ, ചെലവഴിക്കാനുള്ള വക കണ്ടെത്തുന്നില്ലായെന്ന ദുഃഖം നിമിത്തം അവരുടെ നയനങ്ങൾ അശ്രുകണങ്ങൾ പൊഴിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിയിൽ അവർ തിരിച്ചുപോയി.”
(വിശുദ്ധ ഖുർആൻ, 9:92)
അവർ ധാരധാരയായി കണ്ണുനീർ ഒഴുക്കിയതുകൊണ്ട്, ചരിത്രം ആ വ്യക്തികളെ ‘അൽ-ബക്കാഊൻ’ (ധാരാളമായി കരഞ്ഞവർ) എന്ന പേരിലാണ് ഓർമിക്കുന്നത്. അവരുടെ എണ്ണത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ നിലവിലുണ്ട്; എന്നാൽ അവർ ഏഴ് പേർ ആയിരുന്നു എന്ന മതക്കാരാണ് കൂടുതൽ പേരും.
ഈ ആളുകളുടെ വിഷമം മറ്റ് ചില സ്വഹാബിമാർ അറിഞ്ഞപ്പോൾ, അവർക്ക് മുസ്‌ലിം സൈന്യത്തിൽ ചേരാനും ഈ യുദ്ധത്തിനായുള്ള യാത്ര പുറപ്പെടാനും സാധിക്കുന്നതിനായി അവർ സവാരി മൃഗങ്ങളും യാത്രാ സാമഗ്രികളും നല്കി.
ഹദ്റത്ത് അബൂ മൂസാ അൽഅശ്അരി(റ)ന്‍റെ ഗോത്രത്തിൽപ്പെട്ട ആറ് പേർ തിരുനബി(സ)യോട് സവാരി മൃഗങ്ങൾ ആവശ്യപ്പെട്ടു; എന്നാൽ തന്‍റെ പക്കൽ അവർക്ക് നൽകാൻ ഒന്നുമില്ലെന്ന് പറഞ്ഞ് തിരുനബി(സ) അവർക്ക് അതേ മറുപടി തന്നെ നല്കി, തത്ഫലമായി അവർ കരഞ്ഞുകൊണ്ട് തിരിച്ചുപോയി. എങ്കിലും, അതിനിടയിൽ തിരുനബി(സ) അവർക്കായി ഒട്ടകങ്ങളെ വാങ്ങി, ഹദ്റത്ത് അബൂ മൂസാ(റ)നെ തിരിച്ചുവിളിക്കുകയും ഈ ഒട്ടകങ്ങളെ അദ്ദേഹത്തിന്‍റെ ഗോത്രക്കാർക്ക് യുദ്ധത്തിൽ പങ്കെടുക്കാൻ വേണ്ടി നല്കാൻ കല്പിക്കുകയും ചെയ്തു
രണ്ടാം ഖലീഫ, ഹദ്റത്ത് മിർസാ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ്(റ) പറയുന്നു. തിരുനബി(സ) അവരുടെ അപേക്ഷയ്ക്ക് ആദ്യമായി മറുപടി നല്കിയപ്പോൾ, തന്‍റെ പക്കൽ കൊടുക്കാൻ ഒന്നുമില്ലാത്തതിനാൽ, അവർക്ക് ഒന്നും നല്കില്ലെന്ന് അവിടുന്ന് അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്തിരുന്നു. എങ്കിലും, ഇവിടെ ഒരു ചോദ്യം ഉയരുന്നു: ആവശ്യപ്പെട്ട കാര്യം നല്കാൻ പോലും കഴിവില്ലാതിരുന്ന ഒരു സന്ദർഭത്തിൽ തിരുനബി(സ) എന്തിനാണ് അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്തത്? അത്, സൂര്യനടുത്ത് പോകില്ലെന്ന് ഒരാൾ അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്യുന്നതിന് തുല്യമാകുമായിരുന്നു. അങ്ങനെയെങ്കിൽ, ഈ സന്ദർഭത്തിൽ തിരുനബി(സ) എന്തിനാണ് അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്തത്?
അതിന് കാരണം, ഗ്രാമീണരും സംസ്കാരമില്ലാത്തവരുമായ ആളുകൾ പരമ്പരാഗതമായി മറ്റൊരാൾ പറയുന്നത് സത്യം ചെയ്താലല്ലാതെ വിശ്വസിച്ചിരുന്നില്ല. പുതുതായി ഇസ്‌ലാമിലേക്ക് വന്ന, തിരുനബി(സ)യുടെ മഹത്തായ ധാർമ്മിക സ്വഭാവത്തെക്കുറിച്ചും അവിടുന്ന് ഒരു സാഹചര്യത്തിലും കള്ളം പറയില്ല എന്നതിനെക്കുറിച്ചും അറിവില്ലാത്ത ആ ആളുകളുടെ അവസ്ഥ അത്തരത്തിലായിരുന്നു. അതിനാൽ, അവർ തിരുനബി(സ)യോട് സവാരി മൃഗങ്ങൾ ആവശ്യപ്പെട്ടപ്പോൾ, അവിടുന്ന് ഒരു രാജാവാണെന്നും എന്തും നല്കാൻ കഴിയുമെന്നും കരുതി അവർ നിർബന്ധിച്ചു.
അതുപോലെ, എത്ര നിസ്സാരമായ കാര്യമാണെങ്കിൽ പോലും, അല്ലാഹുവിൽ സത്യം ചെയ്യുകയോ അല്ലെങ്കിൽ അത് വിശ്വസിക്കാൻ അല്ലാഹുവിനെക്കൊണ്ട് സത്യം ആവശ്യപ്പെടുകയോ ചെയ്യുന്നത് അറബികളുടെ ഒരു സ്വഭാവമാണ്. അതുകൊണ്ട്, തന്‍റെ പക്കൽ അതിനുള്ള മാർഗമില്ലാത്തതിനാൽ അവരുടെ ആവശ്യം നിറവേറ്റാൻ കഴിയില്ലെന്ന് ആ ഗ്രാമീണരെ വിശ്വസിപ്പിക്കുന്നതിനായാണ് തിരുനബി(സ) അല്ലാഹുവിനെക്കൊണ്ട് സത്യം ചെയ്തത്. പിന്നീട്, അതിനുള്ള മാർഗം ലഭ്യമായപ്പോൾ, തിരുനബി(സ) അവർക്ക് സവാരി മൃഗങ്ങൾ നല്കുകയുണ്ടായി.
മദീനയിലെ പ്രതിനിധി നിയമനം
തബൂക്ക് യുദ്ധത്തിനായി പുറപ്പെട്ടപ്പോൾ, തിരുനബി(സ) മദീനയിൽ ഒരു പ്രതിനിധിയെ നിയമിച്ചു. ചില നിവേദനങ്ങളനുസരിച്ച് അത് ഹദ്റത്ത് മുഹമ്മദ് ബിൻ മസ്‌ലമ(റ) ആയിരുന്നു. മറ്റു ചിലതിൽ ഹദ്റത്ത് സിബാഅ് ബിൻ ഉർഫാത്വ(റ), ഹദ്റത്ത് അലി(റ), ഹദ്റത്ത് അബ്ദുല്ലാഹ് ബിൻ ഉമ്മു മക്തൂം(റ) എന്നിവരെക്കുറിച്ചും പറയുന്നു.
നിവേദനങ്ങളിലുള്ള ഈ വ്യത്യാസങ്ങൾ താഴെ പറയുന്ന പ്രകാരം ഏകീകരിക്കാൻ കഴിയും: ഈ നാല് പേരെയും പ്രതിനിധികളായി നിയമിച്ച എങ്കിലും വ്യത്യസ്ത ചുമതലകളോടെയാണ് നിയമിച്ചത്.
* തിരുനബി(സ)യുടെ കുടുംബ കാര്യങ്ങൾ നോക്കുന്നതിനായി ഹദ്റത്ത് അലി(റ)യെ നിയമിച്ചു.
* മദീനയിലെ പൊതു കാര്യങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിനായി ഹദ്റത്ത് മുഹമ്മദ് ബിൻ മസ്‌ലമ(റ)നെ നിയമിച്ചു.
* നമസ്‌കാരങ്ങൾക്ക് നേതൃത്വം നല്കാനായി ഹദ്റത്ത് അബ്ദുല്ലാഹ് ബിൻ ഉമ്മു മക്തൂം(റ)നെ നിയമിച്ചു.
* ഹദ്റത്ത് സിബാഅ് ബിൻ ഉർഫത(റ)നെ ആദ്യം പൊതു കാര്യങ്ങൾക്കായുള്ള പ്രതിനിധിയായി നിയമിച്ചിരുന്നു, അതിനുശേഷമാണ് ഹദ്റത്ത് മുഹമ്മദ് ബിൻ മസ്‌ലമ(റ)യെ നിയമിച്ചത്.
തിരുനബി(സ)യുടെ കുടുംബത്തെ പരിപാലിക്കുക എന്ന പ്രധാനപ്പെട്ട ഉത്തരവാദിത്വം ഹദ്റത്ത് അലി(റ)നെ ഏൽപ്പിച്ചിരുന്നു വെങ്കിലും കപടവിശ്വാസികൾ ഹദ്റത്ത് അലി(റ)നെ മദീനയിൽ നിര്‍ത്തി എന്ന് മുനാഫിഖുകൾ പരിഹസിച്ചു. ഈ പരിഹാസം ഹദ്റത്ത് അലി(റ)നെ അലട്ടി. അതിനാൽ അദ്ദേഹം ആയുധങ്ങളുമെടുത്ത് മദീനയിൽ നിന്ന് മൂന്ന് മൈൽ അകലെയായിരുന്ന നബിതിരു മേനി(സ)യുടെ അടുക്കൽ ചെന്നു. അദ്ദേഹം തന്‍റെ ആശങ്ക നബിതിരു മേനി (സ)യെ അറിയിക്കുകയും താൻ ശക്തനും യുദ്ധം ചെയ്യാൻ കഴിവുള്ളവനുമാണെന്ന് പറയുകയും ചെയ്തു.
അതിനോട് പ്രതികരിച്ചുകൊണ്ട് നബിതിരു മേനി (സ) പറഞ്ഞു: “ഓ അലീ, എനിക്ക് നീ മൂസാക്ക് ഹാറൂൻ എന്ന പോലെയാകുന്നതിൽ നിനക്ക് സന്തോഷമില്ലേ? ഞാൻ മൂസാ ആയിരിക്കുന്ന സ്ഥാനത്ത് നീ ഹാറൂൻ ആയിരിക്കും. ഒരേയൊരു വ്യത്യാസം, നീ എന്‍റെ സ്ഥാനത്ത് ഒരു പ്രവാചകൻ അല്ല എന്നുള്ളതാണ്.”
ഒരുക്കങ്ങൾ പൂർത്തിയാക്കിയ ശേഷം, നബിതിരു മേനി (സ) നിരന്തരമായ പ്രാർഥനകളിൽ മുഴുകി, ആവർത്തിച്ച് ഇപ്രകാരം പ്രാര്‍ഥിച്ചു: “അല്ലാഹുവേ, ഈ ചെറിയ സംഘം നശിപ്പിക്കപ്പെട്ടാൽ, പിന്നെ നിന്നെ ആരാധിക്കാൻ ഭൂമുഖത്ത് ആരും അവശേഷിക്കില്ല.”
ഈ പ്രാര്‍ഥന നബിതിരു മേനി (സ) തന്‍റെ ഏറവും ആദ്യത്തെ യുദ്ധത്തിൽ ചെയ്തിരുന്നു. അവിടുന്ന് പങ്കെടുത്ത അവസാനത്തെ യുദ്ധത്തിലും ഇതേ പ്രാര്‍ഥന തന്നെയായിരുന്നു അദ്ദേഹം ആവര്‍ത്തിച്ചത്.
ഈ യുദ്ധത്തില്‍ പങ്കെടുത്ത മുസ്‌ലിങ്ങളുടെ എണ്ണം
കപടവിശ്വാസികൾ വ്യാജ പ്രചാരണങ്ങൾ നടത്തിയിട്ടും, മുസ്‌ലിം സൈന്യത്തിൽ 10,000 കുതിരപ്പടയാളികളടക്കം 30,000 പേർ ഉണ്ടായിരുന്നു. നബിതിരു മേനി (സ)യുടെ ജീവിതകാലത്ത് നടന്ന യുദ്ധങ്ങളിൽ വച്ച് ഏറ്റവും വലിയ സൈന്യം ഇതായിരുന്നു.
സൈന്യത്തിന്‍റെ എണ്ണം 40,000, 70,000 എന്നിങ്ങനെയും പരാമര്‍ശിക്കുന്ന മറ്റ് ചില നിവേദനങ്ങളുണ്ടെങ്കിലും, മിക്ക ചരിത്രകാരന്മാരും ഈ എണ്ണം 30,000 ആയിരുന്നു എന്ന അഭിപ്രായക്കാരാണ്.
സൈന്യത്തിലെ ഓരോ വിഭാഗത്തോടും വലുതോ ചെറുതോ ആയ ഒരു പതാക ഉണ്ടാക്കാൻ നബിതിരു മേനി (സ) നിർദേശിച്ചു. സൈന്യത്തിലെ ഏറ്റവും വലിയ പതാക ഹദ്റത്ത് അബൂബക്കർ(റ)നാണ് നല്കിയത്. മറ്റുള്ളവർക്കും പതാകകൾ നല്കിയിരുന്നു. ഓരോ സൈനിക വിഭാഗത്തോടൊപ്പവും വഴി കാണിക്കുന്നതിനായി ഒരു വഴി കാട്ടിയും ഉണ്ടായിരുന്നു.
നബിതിരു മേനി (സ) തബൂക്കിലേക്ക് യാത്ര തിരിച്ചു. മുസ്‌ലിം സൈന്യം മദീനയ്ക്ക് പുറത്തുള്ള സനിയ്യത്തുൽ വദാഇൽ ഒത്തുകൂടി. അവസാന ശ്രമമെന്ന നിലയിൽ, തങ്ങളും മുസ്‌ലീങ്ങളെ അനുഗമിക്കാൻ തയ്യാറാണെന്ന് വരുത്തിത്തീർക്കാൻ അബ്ദുല്ലാഹ് ഇബ്നു ഉബയ്യും അവിടെ കപടവിശ്വാസികളുടെ ഒരു ചെറിയ സംഘത്തെ ഒരുമിച്ചു കൂട്ടി.
എങ്കിലും, മുന്നോട്ട് നീങ്ങാൻ തിരുനബി(സ) നിർദേശിച്ചപ്പോൾ, ഇത്രയും വലിയ സൈന്യവുമായി ഇത്രയും കഠിനമായ ചൂടിൽ യുദ്ധം ചെയ്യേണ്ട ആവശ്യമില്ലെന്ന് അബ്ദുല്ലാഹ് ഇബ്നു ഉബയ്യ് പറയുകയും തന്‍റെ സംഘത്തോടൊപ്പം മദീനയിലേക്ക് തിരിച്ചുപോകുകയും ചെയ്തു. ഏതാനും ചില മുസ്‌ലീങ്ങളെങ്കിലും ഇവരെ പിന്തുടരുമെന്നായിരുന്നു അവരുടെ പ്രതീക്ഷ, എന്നാൽ പതിവുപോലെ ഈ ശ്രമവും പരാജയപ്പെട്ടു.
ഇതിൻറെ വിവരണങ്ങൾ തുടരുന്നതാണെന്ന് ഖലീഫ തിരുമനസ്സ് പറഞ്ഞു.
അനുസ്മരണം
തുടർന്ന് ഖലീഫ തിരുമനസ്സ് പറഞ്ഞു: ഞാൻ താഴെ പറയുന്നവരുടെ ജനാസ നമസ്‌കാരം അനുഷ്ഠിക്കുന്നതാണ്.
ഗുലാം വഹീഉദ്ദീൻ സുലൈമാൻ സാഹിബ്:
ഇന്തോനേഷ്യയിൽ സേവനമനുഷ്ഠിച്ചിരുന്ന ഒരു മിഷനറിയായിരുന്നു. അദ്ദേഹം ജാമിഅ അഹ്മദിയ്യ റബ്‌വയിൽ നിന്ന് പഠനം പൂർത്തിയാക്കി ബിരുദം നേടിയ ശേഷം, നാലാം ഖലീഫ(റഹ്) അദ്ദേഹത്തെ ഇന്തോനേഷ്യയിൽ സേവനത്തിനായി നിയമിച്ചു. അദ്ദേഹത്തിന്‍റെ സേവനകാലം 40 വർഷം നീണ്ടുനിന്നു. അദ്ദേഹത്തിന് രണ്ട് ആൺമക്കളും ഒരു മകളുമുണ്ട്. അദ്ദേഹത്തിന്‍റെ ഒരു മകനും ഇന്തോനേഷ്യയിൽ മിഷനറിയായി സേവനം ചെയ്യുന്നു.
അദ്ദേഹം ആത്മാർഥനും, ലാളിത്യമുള്ളവനും, വളരെയധികം സ്നേഹമുള്ളവനുമായിരുന്നു എന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹം തന്‍റെ ജീവിതം മത സേവനത്തിനും മറ്റുള്ളവരെ സഹായിക്കുന്നതിനും വേണ്ടി സമർപ്പിച്ചു. അദ്ദേഹവുമായി ഇടപഴകിയ എല്ലാവർക്കും അദ്ദേഹത്തെക്കുറിച്ച് നല്ല അഭിപ്രായമായിരുന്നു. അടുത്ത തലമുറയെ വിശ്വാസത്തിൽ ഉറച്ച അടിത്തറയിൽ സ്ഥാപിക്കുന്നതിനെക്കുറിച്ച് അദ്ദേഹം എപ്പോഴും ശ്രദ്ധാലുവായിരുന്നു. അദ്ദേഹം പ്രബോധന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു, ഖിലാഫത്തുമായി അഗാധമായ ബന്ധം പുലർത്തിയിരുന്നു. തന്‍റെ അസുഖസമയത്ത് അദ്ദേഹം ക്ഷമ കാണിക്കുകയും എപ്പോഴും സംതൃപ്തനായിരിക്കുകയും ചെയ്തു.
അല്ലാഹു അദ്ദേഹത്തിന് പൊറുത്തുകൊടുക്കുകയും കരുണ നല്കുകയും ചെയ്യട്ടെ.
പാക്കിസ്ഥാനിൽ നിന്നുള്ള ഡോ. മുഹമ്മദ് ഷഫീഖ് സൈഗൽ സാഹിബ്. അദ്ദേഹം മുമ്പ് മുൾത്താനിലെ അമീർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്, പിന്നീട് റബ്‌വയിലെ നായിബ് വക്കീലുത്തസ്‌നീഫ് ആയി സേവനം ചെയ്തു. അദ്ദേഹത്തിന് മൂന്ന് ആൺമക്കളുണ്ട്.
രണ്ടാം ഖലീഫ (റ) യുടെ കാലത്താണ് അദ്ദേഹം തന്‍റെ ജീവിതം ദീനീ സേവനത്തിനായി സമർപ്പിച്ചത്. കൂടുതൽ വിദ്യാഭ്യാസം നേടാൻ രണ്ടാം ഖലീഫ(റ) അദ്ദേഹത്തെ ഉപദേശിച്ചിരുന്നു. ഒടുവിൽ, അദ്ദേഹം യുകെയിൽ നിന്ന് രസതന്ത്രത്തിൽ പി.എച്ച്.ഡി. നേടി. അദ്ദേഹത്തിന്‍റെ പ്രൊഫസർമാരിൽ ഒരാൾ ഒരു നോബൽ സമ്മാന ജേതാവ് കൂടിയായിരുന്നു. അദ്ദേഹം ജമാഅത്തിൽ വിവിധ പദവികളിൽ സേവനമനുഷ്ഠിച്ചു. ഫുർഖാൻ ഫോഴ്സിലും അദ്ദേഹം അംഗമായിരുന്നു.
രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഒരു തർക്കം പരിഹരിക്കുന്നതിനായി നാലാം ഖലീഫ അദ്ദേഹത്തെ വിശ്വസിച്ചേൽപ്പിക്കുകയും, അദ്ദേഹം അത് മികച്ച രീതിയിൽ പരിഹരിക്കുകയും ചെയ്തു. നാലാം ഖലീഫ അദ്ദേഹത്തെ വിവിധ ജോലികൾക്കും ചുമതലകൾക്കുമായി നിയമിക്കുമായിരുന്നു. അദ്ദേഹം തന്‍റെ ജീവിത സമർപ്പണ പ്രതിജ്ഞക്ക് എപ്പോഴും മുൻഗണന നൽകി. 2003-ൽ അദ്ദേഹം നായിബ് വക്കീലുത്തസ്‌നീഫ് ആയി നിയമിക്കപ്പെട്ടു, ഈ പദവിയിൽ അദ്ദേഹം വളരെ കൃത്യനിഷ്ഠയോടെ സേവനമനുഷ്ഠിച്ചു.
അദ്ദേഹം ദയയും ആത്മാർഥതയും സ്നേഹവും ഉള്ളവനായിരുന്നെന്നും, ശിക്ഷണം നല്കുന്നതിൽ മനോഹരമായ രീതി അദ്ദേഹത്തിനുണ്ടായിരുന്നെന്നും പലരും അഭിപ്രായപ്പെട്ടു. മറ്റുള്ളവരുടെ പ്രവർത്തനങ്ങളിൽ നിരുത്സാഹപ്പെടാതെ, പകരം എപ്പോഴും കാലത്തിന്‍റെ ഖലീഫയെ നോക്കാൻ അദ്ദേഹം ആളുകളെ ഉപദേശിച്ചു.
അല്ലാഹു അദ്ദേഹത്തിന് പൊറുത്തുകൊടുക്കുകയും കരുണ ചെയ്യുകയും ചെയ്യട്ടെ.
യുഎസ്എയിലെ പർവേസ് മിൻഹാസ് സാഹിബിന്‍റെ ഭാര്യ ബുഷ്റ പർവേസ് മിൻഹാസ് സാഹിബ.
പാകിസ്ഥാനിലെയും യുഎസ്എയിലെയും ജമാഅത്തിന്‍റെ വിവിധ നിലകളിൽ സേവനമനുഷ്ഠിച്ചു. നമസ്‌കാരങ്ങൾ കൃത്യമായി നിർവഹിക്കുന്ന, ദയാലുവും സാമൂഹികമായി ഇടപെഴകുന്ന, ആത്മാർത്ഥതയുള്ള, ചന്ദ മുടങ്ങാതെ നൽകുന്ന, ഖിലാഫത്തുമായി ശക്തമായ ബന്ധം പുലർത്തുന്ന വനിതയായിരുന്നു. അല്ലാഹു അവർക്ക് പൊറുത്തുകൊടുക്കുകയും കരുണ നല്കുകയും ചെയ്യട്ടെ.



0 Comments