റമദാന്‍: ആത്മസംസ്കരണത്തിന്‍റെ വിശുദ്ധ മാസം

റമദാന്‍ ബാഹ്യമായ വ്രതാനുഷ്ഠാനത്തിന്‍റെ മാത്രം മാസമല്ല. മറിച്ച്, ശാശ്വതമായ ഒരു ആത്മീയ മാറ്റം കൈവരിക്കാനുള്ള ഒരു ജീവിതരീതിയാണ് റമദാന്‍ മുന്നോട്ട് വയ്ക്കുന്നത്.

റമദാന്‍: ആത്മസംസ്കരണത്തിന്‍റെ വിശുദ്ധ മാസം

റമദാന്‍ ബാഹ്യമായ വ്രതാനുഷ്ഠാനത്തിന്‍റെ മാത്രം മാസമല്ല. മറിച്ച്, ശാശ്വതമായ ഒരു ആത്മീയ മാറ്റം കൈവരിക്കാനുള്ള ഒരു ജീവിതരീതിയാണ് റമദാന്‍ മുന്നോട്ട് വയ്ക്കുന്നത്.

സി. എന്‍. താഹിര്‍ അഹ്‍മദ്

ഓരോ വർഷവും റമദാൻ മാസം സമാഗതമാകുമ്പോൾ, ജീവിതത്തിലെ ആദ്യത്തെ റമദാൻ എന്ന പോലെയാണ് വിശ്വാസി അതിനെ വരവേല്ക്കുന്നത്. ഒരു പുത്തൻ ഉണർവും ആത്മീയ ചൈതന്യവുമാണ് ആ പുണ്യമാസത്തിലൂടെ അവന് ലഭിക്കുന്നത്. തന്‍റെ ആത്മീയ ദാഹത്തിന്‍റെ ശമനം റമദാനിലൂടെ ഉണ്ടാകണമെന്ന് അവൻ ആഗ്രഹിക്കുന്നു. ഭൗതിക ലക്ഷ്യങ്ങൾക്ക് പിന്നാലെ പോകുന്ന മനുഷ്യനെ, അവന്‍റെ ജീവിത ലക്ഷ്യത്തെ ഓർമപ്പെടുത്തിക്കൊണ്ടാണ് റമദാൻ കടന്നുവരുന്നത്. കഴിഞ്ഞുപോയ പാപങ്ങളിൽ നിന്നും പാപ പൊറുതി തേടിക്കൊണ്ട്, സ്രഷ്ടാവുമായി സുദൃഢബന്ധം സ്ഥാപിക്കാനും, അവന്‍റെ അനുരക്തിയിൽ സർവതും ത്വജിച്ചുകൊണ്ട് സ്വർഗീയ ജീവിതത്തിലേക്ക് കടക്കാനുമുള്ള ഒരവസരമാണ് റമദാനിലൂടെ ഒരു വിശ്വാസിക്ക് ലഭിക്കുന്നത്.

ഈ മാസത്തിന്‍റെ യഥാര്‍ഥ അന്തസത്ത എന്താണെന്ന് അതിന്‍റെ പേര് പരിശോധിച്ചാല്‍ തന്നെ മനസ്സിലാകുന്നതാണ്. സൂര്യതാപം, കടുത്ത ചൂട് എന്നീ അര്‍ഥങ്ങള്‍ വരുന്ന ‘റമദ’ എന്ന ധാതുപദത്തില്‍ നിന്ന് നിഷ്പന്നമായതാണ് ‘റമദാന്‍’ എന്ന വാക്ക്. ‘റമദ’യുടെ ദ്വിവചനമാണ് ‘റമദാന്‍’. അഥവാ രണ്ട് തരം ഉഷ്ണങ്ങള്‍ റമദാനില്‍ ഒന്നായിച്ചേരുന്നു എന്ന് സാരം.

രണ്ട് താപങ്ങളുടെ സംയോജനം

എന്താണ് ഈ രണ്ട് താപങ്ങള്‍? ഒരാള്‍ വ്രതമനുഷ്ഠിച്ചു കൊണ്ട് ഭക്ഷണപാനീയങ്ങളില്‍ നിന്ന് വിട്ടു നില്ക്കുമ്പോള്‍ അത് നിശ്ചയമായും അവന്‍റെ ഉള്ളില്‍ ഒരു ശാരീരിക ജ്വലനത്തിന് കാരണമാകുന്നു. ഇതിനു പുറമെ, രാത്രികാലങ്ങളില്‍ ഉറക്കം ത്യജിച്ചു കൊണ്ട് നിര്‍വഹിക്കുന്ന ആരാധനകളും മറ്റും ഈ ഭൗതിക താപത്തെ തീക്ഷ്ണമാക്കുന്ന ഘടകങ്ങളാണ്.

മറുവശത്ത്, ഭൗതികതയില്‍ നിന്ന് അകന്ന് ദൈവാരാധനയിലും ദൈവസ്മരണയിലും വ്യാപൃതനാകുമ്പോള്‍ അവനില്‍ ആത്മീയമായ ഒരു അഗ്നി ജ്വലിക്കുകയും, തിന്മ കത്തിയെരിയുകയും അവനില്‍ ദൈവസ്നേഹത്തിന്‍റെ താപം വര്‍ധിക്കുകയും ചെയ്യുന്നു.

ചുരുക്കത്തില്‍, ഭൗതികവും ആത്മീയവുമായ ഈ രണ്ട് ചൂടുകളും ഒരുമിക്കുമ്പോള്‍ മാത്രമാണ് റമദാന്‍റെ യഥാര്‍ഥ ഉദ്ദേശ്യം പൂര്‍ത്തിയാകുന്നത്. കേവലം ഒരു ആചാരമായി വ്രതമനുഷ്ഠിക്കുകയും അതിന്‍റെ അന്തസത്തയെ പാടെ അവഗണിക്കുകയും ചെയ്‌താല്‍ ഒരാള്‍ക്ക് റമദാന്‍റെ അനുഗ്രഹങ്ങള്‍ കൈരിവരിക്കാന്‍ സാധിക്കുന്നതല്ല.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ സ്ഥാപകന്‍ ഹദ്റത്ത് മിര്‍സാ ഗുലാം അഹ്‌മദ്(അ) പറയുന്നു:

“നോമ്പ് എന്നാല്‍ മനുഷ്യൻ വിശന്നും ദാഹിച്ചും ഇരിക്കുക എന്നത് മാത്രമല്ല. അതിനൊരു തത്ത്വമുണ്ട്. അതിനൊരു പ്രഭാവമുണ്ട്. അത് അനുഭവത്തിലൂടെയാണ് അറിയാൻ കഴിയുക. ഭക്ഷണം കുറയ്ക്കുന്നതനുസരിച്ച് ആത്മാവ് പരിശുദ്ധമാകുകയും ജാഗ്രതാദര്‍ശനത്തിനുള്ള ശക്തി വര്‍ധിക്കുകയും ചെയ്യുന്നുവെന്നത് മനുഷ്യ പ്രകൃതിയിലുള്ളതാണ്. ഭൗതിക ഭക്ഷണം കുറയ്ക്കുകയും ആത്മീയ ഭക്ഷണം അധികമാക്കുകയും ചെയ്യുക എന്നതാണ് അല്ലാഹു ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.”[1]

അതായത്, ഭൗതിക യജ്ഞത്തോടൊപ്പം ആത്മീയവും ധാര്‍മികവുമായ മാറ്റങ്ങളും ഉണ്ടാകേണ്ടത് അനിവാര്യമാണ്. ഇക്കാര്യം കൂടുതല്‍ സ്ഥിതീകരിക്കുന്നതാണ് പ്രവാചകന്‍(സ)ന്‍റെ ചുവടെച്ചേര്‍ക്കുന്ന വാക്കുകള്‍. നബി(സ) അരുള്‍ ചെയ്യുന്നു:

“റമദാന്‍ മാസം പ്രവേശിക്കുമ്പോൾ സ്വർഗകവാടങ്ങൾ തുറക്കപ്പെടുകയും, നരകകവാടങ്ങൾ അടക്കപ്പെടുകയും ശൈത്താൻ ബന്ധസ്ഥനാക്കപ്പെടുകയും ചെയ്യുന്നു.”[2]

പ്രസ്തുത ഹദീസനുസരിച്ച് ലോകത്തെ നാം വീക്ഷിക്കുമ്പോൾ റമദാന്‍ മാസത്തില്‍ പരിപൂര്‍ണമായും പാപങ്ങള്‍ ഇല്ലാതാകുന്നു എന്ന് പറയാന്‍ സാധിക്കുന്നതല്ല. ഇവിടെ ‘റമദാന്‍ മാസം പ്രവേശിക്കുമ്പോള്‍’ എന്ന വാക്യം ശ്രദ്ധേയമാണ്. ഓരോ വ്യക്തിയുടെ ഹൃദയത്തിലും റമദാൻ മാസവും അതിന്‍റെ യഥാര്‍ഥ ആത്മാവും പ്രവേശിക്കുമ്പോള്‍ മാത്രമാണ് ഈ തത്ത്വം പൂര്‍ത്തിയാകുന്നത്. അഥവാ, റമദാന്‍ ബാഹ്യമായ വ്രതാനുഷ്ഠാനം മാത്രമല്ല, മറിച്ച് അതൊരു ജീവിതരീതിയാണ് മുന്നോട്ട് വയ്ക്കുന്നത്. ശാശ്വതമായ ഒരു ആത്മീയ മാറ്റം കൈവരിക്കാനുള്ള ഒരു മാര്‍ഗമാണ് റമദാന്‍. അതായത്, ഈ മാസത്തിലുള്ള വ്രതാനുഷ്ഠാനവും മറ്റു കര്‍മങ്ങളെല്ലാം ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആത്മീയവും ധാര്‍മികവുമായ ഉന്നമനം കൈവരിക്കാനുള്ള ഒരു പരിശീലന കളരിയാണ്.

വ്രതാനുഷ്ഠാനത്തിന്‍റെ പ്രധാന ലക്ഷ്യമായി വിശുദ്ധ ഖുര്‍ആന്‍ പറയുന്ന കാര്യവും ഇതു തന്നെയാണ്. വിശുദ്ധ ഖുര്‍ആനില്‍ വന്നിരിക്കുന്നു:

“വിശ്വാസികളെ! നിങ്ങൾക്ക് മുമ്പുള്ളവർക്ക് നിർബന്ധമാക്കപ്പെട്ടിരിക്കുന്നത് പോലെ നിങ്ങൾക്കും വ്രതാനുഷ്ഠാനം നിർബന്ധമാക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ [ധാർമികവും ആത്മീയവുമായ ന്യൂനതകളിൽ നിന്നും സുരക്ഷിതരാകും വിധം] ദോഷബാധയെ സൂക്ഷിക്കുന്നതിന് വേണ്ടി.”[3]

ദോഷബാധയെ സൂക്ഷിക്കുക എന്നതിന് ‘തഖ്‌വ’ എന്ന അറബി പദമാണ് ഇവിടെ പ്രയുക്തമായിട്ടുള്ളത്. തഖ്‌വയെ സംബന്ധിച്ച് ഹദ്രത്ത് മിര്‍സാ ഗുലാം അഹ്‌മദ്(അ) പറയുന്നു:

“തഖ്‌വ കൈകൊള്ളുന്നതിന്…. അസാന്മാര്‍ഗികത ഉപേക്ഷിച്ചുകൊണ്ട് അതിനുപകരമായി ധാർമിക മൂല്യങ്ങളിൽ പുരോഗതി കൈവരിക്കേണ്ടത് അനിവാര്യമാണ്. ജനങ്ങളോട് ഔദാര്യത്തോടും സല്‍സ്വഭാവത്തോടും അനുകമ്പയോടും കൂടി പെരുമാറുക. അല്ലാഹുവിനോട് തികഞ്ഞ കൂറും, ആത്മാർത്ഥതയും പ്രകടിപ്പിക്കുക. ഈ കാര്യങ്ങളാല്‍ മനുഷ്യൻ മുത്തഖി എന്ന് വിളിക്കപ്പെടുന്നതാണ്.”[4]

ഈയൊരു ലക്ഷ്യം കൈവരിക്കുന്നതിന് മനുഷ്യനെ പ്രാപ്തനാക്കുക എന്നതാണ് റമദാന്‍റെ ഉദ്ദേശ്യം എന്ന് ചുരുക്കം.

സൃഷ്ടിസേവനം: റമദാന്‍റെ അഭിവാജ്യ ഘടകം

മനുഷ്യന്‍റെ ധാര്‍മിക ഉന്നമനത്തിന് റമദാന്‍ മറ്റൊരു സുപ്രധാനമായ പങ്ക് കൂടി നിര്‍വഹിക്കുന്നുണ്ട്. സമസൃഷ്ടികളോട് അനുഭാവപൂര്‍വം പെരുമാറുക എന്നത് ധാര്‍മികതയുടെ അടിസ്ഥാന തത്ത്വങ്ങളില്‍ പെട്ടതാണ്. ആഹാരപാനീയങ്ങൾ ഉപേക്ഷിക്കുന്നതിലൂടെ ഒരു വ്യക്തി വിശക്കുന്നവന്‍റെ അവസ്ഥയിലൂടെ കടന്നു പോകുകയും വിശപ്പിന്‍റെയും ദാഹത്തിന്‍റെയും കാഠിന്യം എത്രമാത്രമാണെന്ന് അനുഭവിച്ചറിയുകയും ചെയ്യുന്നു. ഇപ്രകാരം സമസൃഷ്ടികളുടെ വേദനയിൽ പങ്ക് ചേര്‍ന്നു കൊണ്ട് അവരുടെ വികാരങ്ങളെ ഉൾക്കൊണ്ട് വിശക്കുന്നവര്‍ക്ക് ഒരു സഹായഹസ്ത്മായി മാറാൻ ഒരു വ്രതാനുഷ്ഠാനിക്ക് ഉൾപ്രേരണയുണ്ടാകുന്നു.

റമദാനും ദുആ സ്വീകാര്യതയും

ആത്മീയ ഔന്നത്യം കരസ്ഥമാക്കി ദൈവ സായൂജ്യത്തിന്‍റെ പദവിയിലേക്ക് ഉയരാനുള്ള ഒരു പ്രസക്തമായ ഘടകവും റമദാന്‍ ഉള്‍ക്കൊള്ളുന്നുണ്ട്. ദൈവാസ്തിത്വത്തിന്‍റെ ജീവല്‍ദൃഷ്ടാന്തമായ ദുആ സ്വീകാര്യതയുടെ അത്ഭുതാവഹമായിട്ടുള്ള പ്രഭാവങ്ങൾ കാണിച്ച് തരുന്ന മാസമാണ് റമദാന്‍. അല്ലാഹു പറയുന്നു:

“എന്നെ സംബന്ധിച്ച് എന്‍റെ ദാസന്മാര്‍ നിന്നോട് ചോദിക്കുന്ന പക്ഷം, [പറയുക] നിശ്ചയമായും ഞാന്‍ സമീപസ്ഥനാകുന്നു. പ്രാര്‍ഥിക്കുന്നവന്‍റെ പ്രാര്‍ഥനയ്ക്ക് ഞാന്‍ ഉത്തരം നല്കും; അവന്‍ എന്നെ വിളിച്ച് പ്രാര്‍ഥിക്കുമ്പോള്‍. അതുകൊണ്ട്, അവര്‍ എന്‍റെ വിളിക്ക് ഉത്തരം നല്കുകയും എന്നില്‍ വിശ്വസിക്കുകയും ചെയ്യട്ടെ. അവര്‍ സന്മാര്‍ഗം പ്രാപിക്കുന്നതിന് വേണ്ടി.”[5]

റമദാന്‍ മാസത്തെ പറ്റി പ്രതിപാദിച്ചതിന് ശേഷമാണ് വിശുദ്ധ ഖുര്‍ആനില്‍ ഈ സൂക്തം വന്നിട്ടുള്ളത്. പ്രാര്‍ഥനാ സ്വീകാര്യതയ്ക്ക് ഈ മാസവുമായി അഭേദ്യമായ ബന്ധമുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത്. തന്‍റെ പ്രാര്‍ഥനകള്‍ക്ക് ഉത്തരം ലഭിക്കുമ്പോള്‍ ഒരാള്‍ക്ക് അല്ലാഹുവിനെ സംബന്ധിച്ച ദൃഢജ്ഞാനവും വിശ്വാസവും കൈവരുന്നു. വാഗ്ദത്ത മസീഹ് ഹദ്രത്ത് മിര്‍സാ ഗുലാം അഹ്‌മദ്(അ) പറയുന്നു:

“പ്രതാപവാനായ അല്ലാഹു സൃഷ്ടികളുടെ നന്മയ്ക്കു വേണ്ടി തുറന്നിട്ടുള്ള ഒരേ ഒരു വാതിൽ ദുആയുടെ വാതിലാണ്. ഒരു വ്യക്തി വിലപിച്ചുകൊണ്ട് ഈ കവാടത്തിലൂടെ പ്രവേശിക്കുമ്പോൾ, ആ ഔദാര്യവാനായ നാഥൻ അവനെ പരിശുദ്ധിയുടെയും പവിത്രതയുടെയും പുതപ്പ് അണിയിക്കുന്നു.”[6]

ഒട്ടനേകം ആത്മീയ അനുഗ്രഹങ്ങളുമായി വന്നുചേർന്നിരിക്കുന്ന ഈ പുണ്യ മാസത്തെ നമ്മുടെ ജീവിതങ്ങളിലേക്ക് പ്രവേശിപ്പിക്കേണ്ടതും, ആരാധനകൾകൊണ്ടും ദാനധർമങ്ങൾകൊണ്ടും അതിനെ വരവേല്ക്കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്.

കുറിപ്പുകള്‍

[1] അല്‍ഹക്കം, ജനുവരി 17, 1907

[2] സഹീഹുല്‍ ബുഖാരി, കിത്താബ് അസ്-സൗം (വ്രതാനുഷ്ഠാനത്തെ സംബന്ധിച്ച അദ്ധ്യായങ്ങള്‍)

[3] വിശുദ്ധ ഖുര്‍ആന്‍ 2:184

[4] മല്‍ഫൂസാത്ത്, വാള്യം. 4, പേജ്. 400-401

[5] വിശുദ്ധ ഖുര്‍ആന്‍ 2:187

[6] മല്‍ഫൂസാത്ത്, വാള്യം. 5, പേജ്. 438

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Mirza_Ghulam_Ahmad
Hazrat Mirza Ghulam Ahmad – The Promised Messiah and Mahdi as
Mirza Masroor Ahmad
Hazrat Mirza Masroor Ahmad aba, the Worldwide Head and the fifth Caliph of the Ahmadiyya Muslim Community
wcpp
Download and Read the Book
World Crisis and the Pathway to Peace

More Articles

Twitter Feed