ഒറിജിനല്‍ ഇംഗ്ലീഷ് ലേഖനം ഇവിടെ വായിക്കുക.
ഒരു വ്യക്തിയോട് ആരാധന തോന്നുക എന്നത് മനുഷ്യന്‍റെ സഹജവാസനയാണ്. സ്വന്തം വ്യക്തിത്വം രൂപപ്പെടുത്തുന്നതിനായി മനുഷ്യന്‍ താന്‍ ആരാധിക്കുന്നവരുടെ മാതൃക അനുകരിക്കാനുള്ള പ്രവണത കാണിക്കാറുണ്ട്. പലപ്പോഴും, സമ്പത്ത്, പ്രശസ്തി തുടങ്ങിയ ഭൗതിക സവിശേഷതകളുടെ അടിസ്ഥാനത്തിലാണ് ജനങ്ങള്‍ തങ്ങളുടെ ആരാധനാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍, അനീതിയും, ധാര്‍മിക അധപതനവും, ലൗകിക താല്പര്യങ്ങളും കാരണം ശിഥിലമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത്, മനുഷ്യഹൃദയങ്ങളില്‍ മാനവിക മൂല്യങ്ങള്‍ ഊട്ടിയുറപ്പിക്കുന്നതിനായി, അനുകരണയോഗ്യമായ ഒരു യഥാര്‍ഥ മാതൃക പിന്‍പറ്റേണ്ടത് അനിവാര്യമാണ്.
ഈയൊരു ഉദേശ്യത്തോടുകൂടിയാണ് അല്ലാഹു പ്രവാചകന്‍ മുഹമ്മദ്(സ)യുടെ ജീവിതത്തെ മാനവരാശിക്ക് ഒരു ഉത്തമ മാതൃകയായി അവതരിപ്പിച്ചത്. വിശുദ്ധ ഖുർആൻ പ്രഖ്യാപിക്കുന്നു:
“നീ മഹത്തായ ധാർമിക ഗുണങ്ങൾ ഉള്ളവൻ തന്നെയാണ്.”[1]
തീര്‍ച്ചയായും, പ്രവാചകന്‍(സ)യുടെ സ്വഭാവഗുണങ്ങള്‍ ജീവിതത്തിന്‍റെ സര്‍വമേഖലകളിലും മനുഷ്യന് ഉത്തമ മാതൃക പ്രദാനം ചെയുന്നവയാണ്. അത്തരത്തിലുള്ള നബി തിരുമേനി(സ)യുടെ പത്ത് കാലാതീതമായ വ്യക്തിസവിശേഷതകള്‍ ഇവിടെ ചര്‍ച്ച ചെയ്യുകയാണ്.
1. സത്യസന്ധത
വിശ്വാസത്തിന്‍റെ അടിസ്ഥാനമാണ് സത്യസന്ധത. എന്നാൽ ഇന്ന് സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും അസത്യം വ്യാപിച്ചിരിക്കുന്നു. തന്‍റെ അപാരമായ സത്യസന്ധത കാരണം, നബി തിരുമേനി(സ) പ്രവാചകത്വത്തിന് വളരെ മുമ്പുതന്നെ, ജനങ്ങൾക്കിടയിൽ സിദ്ദീഖ് (സത്യസന്ധൻ), അമീൻ (വിശ്വസ്തൻ) എന്നീ പേരുകളിൽ ആയിരുന്നു അറിയപ്പെട്ടിരുന്നത്. വ്യാപാരത്തിലും വ്യക്തിപരമായ ഇടപാടുകളിലും നിയതമായി പുലര്‍ത്തിയ ഈ സത്യസന്ധത പ്രവാചകന്(സ) തന്നെ എതിര്‍ത്തവരില്‍ നിന്ന് പോലും ബഹുമാനം നേടിക്കൊടുത്തു.
സ്വാർഥതാത്പര്യങ്ങൾക്കായി പലപ്പോഴും സത്യസന്ധത ബലിയർപ്പിക്കപ്പെടുന്ന ഇക്കാലത്ത്, വിശ്വാസ്യതയും വിശ്വാസവും ശാശ്വതമായ വിജയവും സത്യസന്ധതയിലധിഷ്ഠിതമാണെന്ന് മുഹമ്മദ്(സ)യുടെ ജീവിതം നമ്മെ ഓർമപ്പെടുത്തുന്നു.
2. നീതി
വ്യക്തിവ്യവഹാരങ്ങള്‍ മുതൽ അന്താരാഷ്‌ട്ര ഇടപെടലുകള്‍ വരെ, ഇന്ന് നിലനില്ക്കുന്ന പല പ്രശ്നങ്ങളുടെയും മൂലകാരണം നീതി നിഷേധമാണ്. നബി തിരുമേനി(സ) നീതിയുടെ മൂർത്തീമദ്ഭാവമായിരുന്നു. യാതൊരു കാരണവശാലും വിട്ടുവീഴ്ച ചെയ്യാന്‍ പാടില്ലാത്ത ഒരു മൂല്യമായാണ് പ്രവാചകന്‍(സ) നീതിയെ പരിചയപ്പെടുത്തിയത്. വിശുദ്ധ ഖുര്‍ആന്‍ ഇതുമായി ബന്ധപ്പെട്ട് നിർദ്ദേശിക്കുന്നത് ഇപ്രകാരമാണ്:
“വിശ്വസിച്ചവരേ, നിങ്ങൾ പരിപൂർണമായി നീതിപാലിക്കുന്നവരും അല്ലാഹുവിനുവേണ്ടി സാക്ഷ്യം വഹിക്കുന്നവരുമാകുവിൻ. അത് നിങ്ങള്‍ക്ക് തന്നെയോ [നിങ്ങളുടെ] മാതാപിതാക്കള്‍ക്കോ ബന്ധുക്കള്‍ക്കോ എതിരായിരുന്നാല്‍ പോലും.”[2]
ഒരിക്കല്‍ ഒരു ധനികയായ സ്ത്രീ മോഷണം നടത്തിയപ്പോള്‍ അവരെ നിയമപരമായ ശിക്ഷയിൽ നിന്ന് ഒഴിവാക്കാൻ ചിലയാളുകള്‍ നബി തിരുമേനി(സ)യെ സമീപിച്ചു. ഇതുകേട്ട് പ്രവാചകന്‍(സ) വളരെയധികം ക്ഷുഭിതനാവുകയും, തന്‍റെ മകൾ ഫാത്തിമ(റ) അത്തരമൊരു കുറ്റകൃത്യം ചെയ്താലും താൻ അവൾക്ക് കൃത്യമായ ശിക്ഷ നടപ്പാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.[3]
പദവി, സമ്പത്ത്, വ്യക്തിബന്ധങ്ങൾ എന്നിവയാൽ നീതി നിർവഹണത്തിൽ വിട്ടുവീഴ്ച ചെയ്യാൻ പാടുള്ളതല്ല എന്ന ശക്തമായ സന്ദേശമാണ് മുഹമ്മദ്(സ) തന്‍റെ ഈ ഉദാത്തമായ ഈ മാതൃകയിലൂടെ നല്കിയത്.
3. സഹാനുഭൂതി
മറ്റുള്ളവരുടെ വികാരങ്ങളെ തൊട്ടറിയുകയും, അവരുടെ സന്തോഷത്തിലും ദുഃഖത്തിലും പങ്കുചേരുകയും ചെയ്യുന്നത് സമൂഹങ്ങളെ ഒന്നിപ്പിക്കുന്ന ഒരു മഹത്തായ ഗുണമാണ്. എന്നാല്‍, വ്യക്തിസ്വാതന്ത്ര്യവും, സ്വാർഥതയും വര്‍ധിച്ചുവരുന്ന ഇന്നത്തെ സമൂഹത്തിൽ, സഹാനുഭൂതി പലപ്പോഴും അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്.
വിശുദ്ധ ഖുർആൻ നബി തിരുമേനി(സ)യെ സംബന്ധിച്ച് ഇപ്രകാരം വിവരിക്കുന്നു:
“സത്യമായും നിങ്ങളിൽ നിന്ന് തന്നെയുള്ള ഒരു ദൂതൻ നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നു. നിങ്ങൾ വിഷമത്തിൽ അകപ്പെടുന്നത് അദ്ദേഹത്തിന് അസഹ്യമാണ്. നിങ്ങളുടെ ക്ഷേമ കാര്യങ്ങളിൽ ഉൽക്കടമായ ആഗ്രഹമുള്ള ആളാണ് അദ്ദേഹം. സത്യവിശ്വാസികളോട് കൃപയും കരുണയുമുള്ള ആളുമാണ്.[4]
ഈ വാക്യം നബി തിരുമേനി(സ)യുടെ അഗാധമായ സഹാനുഭൂതി നിദർശിപ്പിക്കുന്നു. മറ്റുള്ളവരുടെ വേദന സ്വന്തം വേദനയായി അനുഭവിക്കുകയും, അവരുടെ വൈഷമ്യങ്ങളിൽ ചിന്താകുലനാകുകയും, അവരുടെ കഷ്ടപ്പാടുകളിൽ ആകുലചിത്തനാകുകയും ചെയ്യുന്ന വ്യക്തിത്വമായിരുന്നു പ്രവാചകന്‍(സ)യുടേത്. അദ്ദേഹത്തിന്‍റെ കരുണ കുടുംബാംഗങ്ങളിലോ അനുയായികളിലോ പരിമിതപ്പെട്ടിരുന്നില്ല. മറിച്ച് നബി തിരുമേനി(സ) അപരിചിതരിതോടും ദരിദ്രരോടും പാർശ്വവൽക്കരിക്കപ്പെട്ടവരോടും ഒരുപോലെ കരുണ കാണിക്കുമായിരുന്നു.
4. സഹിഷ്ണുത
മനുഷ്യവംശത്തിന്‍റെ വൈവിധ്യം കണക്കിലെടുക്കുമ്പോൾ, ഭിന്നതകൾ സ്വാഭാവികമാണ്. യഥാർഥ സമാധാനം ഭിന്നതകളെ ഇല്ലാതാക്കുന്നതിലല്ല, മറിച്ച് അവയെ ആദരവോടുകൂടി അംഗീകരിക്കുന്നതിലാണ്. പ്രവാചകന്‍ മുഹമ്മദ്(സ) മദീനയിൽ എത്തിയപ്പോൾ, മനുഷ്യചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വമായ ഒരു രേഖയായ മദീന ഉടമ്പടി സ്ഥാപിക്കുകയുണ്ടായി. മദീനയില്‍ താമസിക്കുന്ന മുസ്‌ലീങ്ങൾക്കും യഹൂദന്മാർക്കും മറ്റു വിഭാഗങ്ങൾക്കും പരസ്പര ഉത്തരവാദിത്വങ്ങളും സംരക്ഷണങ്ങളും ഒരു സമൂഹമായി ജീവിക്കുന്നതിനുള്ള അവകാശങ്ങളും ഉറപ്പ് നല്കുന്നതായിരുന്നു പ്രസ്തുത കരാര്‍.
തുടര്‍ന്നും നൂറ്റാണ്ടുകള്‍ സമാനതകളില്ലാതെ നിലനിന്ന ഈ ഉടമ്പടി, ബഹുസ്വരതയെക്കുറിച്ചുള്ള നബി തിരുമേനി(സ)യുടെ ദർശനത്തെ എടുത്തുകാണിക്കുന്നു. ധ്രുവീകരണത്തിന്‍റെയും വിഭാഗീയതയുടെയും ഇന്നത്തെ ലോകത്ത്, പ്രവാചകന്‍(സ) കാഴ്ച വച്ച സഹിഷ്ണുതയുടെ മാതൃക സമാധാനത്തിനും സഹവർത്തിത്വത്തിനുമുള്ള ഒരു പ്രായോഗിക മാർഗരേഖയാണ് പ്രദാനം ചെയ്യുന്നത്.
5. സാര്‍വത്രിക ബഹുമാനം
ബഹുമാനത്തിന്‍റെ അഭാവം ബന്ധങ്ങളെയും സമൂഹങ്ങളെയും ദുർബലമാക്കുന്നു. പലപ്പോഴും ബഹുമാനം എന്നത് സ്വന്തം ആളുകളോട് മാത്രം കാണിക്കേണ്ട ഒരു മൂല്യമായി ഒതുങ്ങിപ്പോകാറുണ്ട്. അന്യരെ ആദരിക്കേണ്ടത് പൊതുവില്‍ അനിവാര്യമായി കണക്കാക്കപ്പെടുന്നില്ല. എന്നാല്‍, പ്രവാചകൻ മുഹമ്മദ്(സ) ബഹുമാനത്തെ സാര്‍വത്രികമായൊരു മൂല്യമായാണ് പരിചയപ്പെടുത്തുന്നത്. അദ്ദേഹം പറയുന്നു:
“ഏതെങ്കിലും ജനതയിലെ ബഹുമാന്യനായ വ്യക്തി നിങ്ങളുടെ അടുക്കൽ വരുമ്പോൾ, അദ്ദേഹത്തെ ആദരിക്കുക.”[5]
ഈ ആദരവ് മറ്റ് മതസ്ഥരോടും കാണിക്കണമെന്ന പാഠമാണ് നബി തിരുമേനി(സ) നല്കുന്നത്. എത്രത്തോളമെന്നാല്‍, ബഹുദൈവാരാധകര്‍ അല്ലാഹുവിനെ കൂടാതെ വിളിക്കുന്നവരെപ്പോലും അപമാനിക്കരുതെന്ന പാഠമാണ് വിശുദ്ധ ഖുര്‍ആന്‍ നല്കുന്നത്. സ്രഷ്ടാവായ ഒരു ദൈവത്തിന് പുറമെ മറ്റു ദൈവങ്ങള്‍ ഉണ്ടെന്ന ആശയത്തെ യുക്തിപരമായി ചോദ്യം ചെയ്യുമ്പോഴും, മറ്റുള്ളവരുടെ ആരാധനാപാത്രങ്ങളെ നിന്ദിക്കരുതെന്ന സന്ദേശം ഇസ്‌ലാം നല്കുന്നു.
ഈ സാര്‍വത്രിക ബഹുമാനം നബി തിരുമേനി(സ)യുടെ ജീവിതത്തിലുടനീളം പ്രതിഫലിക്കുന്നതായി നമുക്ക് കാണാവുന്നതാണ്. ഒരിക്കല്‍ ഒരു ജൂതന്‍റെ മൃതദേഹവുമായി ആളുകള്‍ കടന്ന് പോയപ്പോള്‍ അതിനോടുള്ള ബഹുമാനസൂചകമായി പ്രവാചകന്‍(സ) എഴുന്നേറ്റുനില്ക്കുകയുണ്ടായി. സഹാബികൾ അത് ഒരു ജൂതന്‍റെ മൃതദേഹമാണെന്ന് പറഞ്ഞപ്പോൾ, നബി തിരുമേനി(സ) ചോദിച്ചു: “അതും ഒരു മനുഷ്യാത്മാവായിരുന്നില്ലേ?”[7]
തന്നെ എതിര്‍ത്തവരോട് പോലും ഇത്തരം ബഹുമാനം കാണിക്കുന്നതിലൂടെ, ആദരവ് സര്‍വമനുഷ്യരുടേയും അവകാശമാണെന്ന കാലാതീതമായ അധ്യാപനമാണ് പ്രവാചകന്‍(സ) പ്രദാനം ചെയ്തത്. ഇന്നത്തെ ശിഥിലമായ സമൂഹങ്ങളിൽ, ഭിന്നതകൾക്കതീതമായ ബഹുമാനം സമാധാനത്തിനും സഹവർത്തിത്വത്തിനും അത്യന്താപേക്ഷിതമാണ്.
6. വിവേകം
പ്രവാചകൻ മുഹമ്മദ്(സ)യുടെ പ്രതിപാദ്യ ഗുണങ്ങളിലൊന്നായിരുന്നു വിവേകം. കാര്യങ്ങള്‍ ദീർഘദൃഷ്ടിയോടുകൂടി കാണാനും, നീതിപൂർവം വിലയിരുത്താനും, എല്ലാവരുടെയും അവകാശങ്ങള്‍ നിലർനിർത്തികൊണ്ടുള്ള പരിഹാരങ്ങൾ കണ്ടെത്താനും നബി തിരുമേനി(സ)ക്ക് പ്രത്യേക കഴിവുണ്ടായിരുന്നു.
കഅ്ബയുടെ പുനർനിർമാണ വേളയിൽ, ഹജറുൽ അസ്‌വദ് (കറുത്ത കല്ല്) സ്ഥാപിക്കാനുള്ള ബഹുമതി ആർക്ക് ലഭിക്കണമെന്ന കാര്യത്തില്‍ ഗോത്രങ്ങൾ തമ്മിൽ തർക്കമുണ്ടായപ്പോൾ, നബി തിരുമേനി(സ)യുടെ വിവേകബുദ്ധിയുടെ ഒരു വ്യക്തമായ ഉദാഹരണം കാണാൻ കഴിഞ്ഞു. പ്രവാചകന്‍(സ) ഹജറുൽ അസ്‌വദ് ഒരു തുണിയിൽ വയ്ക്കാനും, ഓരോ ഗോത്ര നേതാവും തുണിയുടെ ഓരോ മൂല പിടിക്കാനും നിർദ്ദേശിച്ചു. തുടർന്ന് അദ്ദേഹം തന്‍റെ തിരുകരങ്ങളാല്‍ ആ കല്ല് എടുക്കുകയും അതിന്‍റെ പ്രസ്തുത സ്ഥാനത്ത് വയ്ക്കുകയും ചെയ്തു. വലിയ സംഘർഷത്തിലേക്ക് നീങ്ങാൻ സാധ്യതയുണ്ടായിരുന്ന ആ സാഹചര്യത്തെ പ്രവാചകന്‍(സ) തന്‍റെ ദീർഘവീക്ഷണത്തിലൂടെയും യുക്തിപരമായ ഇടപെടലിലൂടെയും സമാധാനപരമായി പരിഹരിച്ചു.
ഇത്തരം വിവേകപൂര്‍ണമായ തീരുമാനങ്ങള്‍ നബി തിരുമേനി(സ)യുടെ ജീവിതത്തിലുടനീളം നമുക്ക് കാണാന്‍ സാധിക്കും. യഥാർഥ യുക്തി മറ്റുള്ളവരെ കീഴടക്കുന്നതിലല്ല, മറിച്ച് ദീർഘവീക്ഷണത്തോടെയും നീതിയോടെയും കാരുണ്യത്തോടെയും സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിലാണെന്ന് പ്രവാചകന്‍(സ)യുടെ ജീവിതം നമ്മെ ഓർമപ്പെടുത്തുന്നു.
7. ക്ഷമ
ജീവിതത്തിലെ പരീക്ഷണങ്ങളെ നേരിടാൻ അനിവാര്യമായ ഒരു ഗുണമാണ് ക്ഷമ. പ്രവാചകൻ മുഹമ്മദ്(സ) അചഞ്ചലനായ ക്ഷമാശീലൻ ആയിരുന്നു. തന്‍റെ ജനനത്തിന് മുമ്പ് തന്നെ തന്‍റെ പിതാവിനെയും, ചെറുപ്രായത്തിൽ മാതാവിന്‍റെയും, പിന്നീട് പിതാമഹന്‍റെയും, പിന്നീട് തന്‍റെ പല സന്താനങ്ങളുടെയും മരണം ജീവിതത്തില്‍ കണ്ട വ്യക്തിയായിരുന്നു പ്രവാചകന്‍(സ). ഈ അതീവ ദുഃഖസാഹചര്യങ്ങളിലെല്ലാം അദ്ദേഹം അചഞ്ചലനും ശാന്തനുമായി തുടരുകയും, തന്‍റെ ദുഃഖത്തെ ധൈര്യം കൊണ്ടും വിശ്വാസം കൊണ്ടും നേരിടുകയും ചെയ്തു.
“യഥാർഥ ക്ഷമ ദുരന്തത്തിന്‍റെ ആദ്യ ആഘാതത്തിലാണ്”[8] വേണ്ടതെന്ന് നബി തിരുമേനി(സ) പഠിപ്പിക്കുകയുണ്ടായി. അദ്ദേഹത്തിന്‍റെ ജീവിതം ഈ തത്ത്വത്തിന്‍റെ പ്രാവര്‍ത്തിക രൂപമായിരുന്നു. സമ്മർദ്ദം, ഉത്കണ്ഠ, കഷ്ടപ്പാടുകൾ എന്നിവയാൽ വലയം ചെയ്യപ്പെടുന്ന ഇന്നത്തെ ലോകത്തിന് മുഹമ്മദ്(സ)യുടെ മാതൃക, ശക്തിയും സഹനശീലവും പ്രദാനം ചെയ്യുന്നു.
8. പൊറുത്തുകൊടുക്കല്‍
പൊറുത്തുകൊടുക്കുക എന്നത് നബി തിരുമേനി(സ)യുടെ ഏറ്റവും ശ്രദ്ധേയമായ സ്വഭാവഗുണങ്ങളിലൊന്നാണ്. വിജയശ്രീലാളിതനായിക്കൊണ്ട് മക്കയിൽ മടങ്ങിയെത്തിയപ്പോൾ, തന്നെ പീഡിപ്പിക്കുകയും സ്വന്തം നാട്ടില്‍ നിന്ന് പുറത്താക്കുകയും ചെയ്തവര്‍ക്ക് പ്രവാചകന്‍(സ) പൊറുത്ത് കൊടുക്കുകയും “നിങ്ങൾക്ക് പോകാം, നിങ്ങൾ സ്വതന്ത്രരാണ്” എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.[9] തന്‍റെ പ്രിയപ്പെട്ട പിതൃസഹോദരനായ ഹംസ(റ)യുടെ മൃതദേഹം വികൃതമാക്കിയ ഹിന്ദ് എന്ന സ്ത്രീയോടും, തന്‍റെ മകളുടെ മരണത്തിന് ഉത്തരവാദിയായ വ്യക്തിയോടും അദ്ദേഹം ക്ഷമിക്കുകയുണ്ടായി.[10]
പ്രതികാരദാഹം നിറഞ്ഞുനിൽക്കുന്ന ലോകത്ത്, നബി തിരുമേനി(സ)യുടെ ക്ഷമയുടെ മാതൃക ഐക്യത്തിലേക്കും സമാധാനത്തിലേക്കുമുള്ള വഴികാട്ടിയായി വിളങ്ങി നിൽക്കുന്നു.
9. ലാളിത്യം
അല്ലാഹുവിന്‍റെ ദൂതനും, ഒരു വലിയ വിശ്വാസി സമൂഹത്തിന്‍റെ നേതാവും, ഒരു നാടിന്‍റെ ഭരണാധികാരി ആയിരുന്നിട്ടും, നബി തിരുമേനി(സ) ലാളിത്യത്തോടും വിനയത്തോടും കൂടിയാണ് ജീവിച്ചത്. അദ്ദേഹം സ്വയം വസ്ത്രങ്ങൾ നന്നാക്കുകയും, ആടുകളുടെ പാൽ കറക്കുകയും, ഭാര്യമാരെ വീട്ടുജോലികളില്‍ സഹായിക്കുകയും ചെയ്യുമായിരുന്നു. പലപ്പോള്‍ തന്‍റെ അനുചരന്മാര്‍ നിൽക്കുകയും അദ്ദേഹത്തിന് ഇരിക്കാനുള്ള അവസരം നല്‍കുകയും ചെയ്യുമ്പോഴും, പ്രവാചകന്‍(സ) അത് നിരസിക്കുമായിരുന്നു. ആഡംബരത്തേക്കാൾ സമത്വത്തിനായിരുന്നു നബി തിരുമേനി(സ) മുൻഗണന നല്കിയത്.
ഹദ്റത്ത് മുഹമ്മദ്(സ) പറയുന്നു: “ഞാൻ ഒരു ദാസൻ മാത്രമാണ്. ദാസൻ ഭക്ഷിക്കുന്നതുപോലെ ഞാൻ ഭക്ഷിക്കുന്നു, ദാസൻ ഇരിക്കുന്നതുപോലെ ഞാൻ ഇരിക്കുന്നു.”[11]
സ്ഥാനമാനങ്ങളും പൊങ്ങച്ചപ്രകടനവും കൊണ്ട് ഭ്രമിച്ച ഈ ലോകത്ത് പ്രവാചകന്‍റെ വിനയം നമ്മെ പഠിപ്പിക്കുന്നത്, അഹങ്കാരമില്ലാതെ മാന്യതയും, നേതൃത്വവും പുലർത്താനാകുമെന്നാണ്.
10. സാധാരണക്കാരിലൊരുവൻ
നബി തിരുമേനി(സ) ആർക്കും സമീപിക്കാവുന്നവനും എല്ലാവരോടും സ്നേഹവായ്പുള്ളവനുമായിരുന്നു. അദ്ദേഹം തന്‍റെ അനുചരന്മാരോടൊപ്പം അവരിലൊരാളായി ഇരിക്കുമായിരുന്നു. അവരുടെ സന്തോഷത്തിലും സന്താപത്തിലും പങ്കുചേരുകയും, സംസാരിക്കുന്നവരെ ശ്രദ്ധയോടെ കേൾക്കുകയും ചെയ്യുമായിരുന്നു. ജനങ്ങള്‍ക്ക് തങ്ങൾ വിലപ്പെട്ടവരാണെന്നും സ്നേഹിക്കപ്പെടുന്നവരാണെന്നുമുള്ള ഒരു തോന്നല്‍ ഉലവാക്കുന്നതായിരുന്നു പ്രവാചകന്‍(സ)യുടെ വിനയവും പെരുമാറ്റവും.
നബി തിരുമേനി(സ)യുടെ കൂടെ പത്ത് വർഷത്തോളം ഒരുമിച്ച് കഴിഞ്ഞ അനസ് ഇബ്നു മാലിക്(റ) ഇപ്രകാരം പറയുകയുണ്ടായി: “അല്ലാഹുവിന്‍റെ ദൂതർ ഒരിക്കൽപോലും ഒരുവാക്ക് പോലും എന്നോട് പരുഷമായി പറഞ്ഞിട്ടില്ല. ‘നീ എന്തുകൊണ്ട് ഇത് ചെയ്തു?’ അല്ലെങ്കിൽ ‘നീ എന്തുകൊണ്ട് അത് ചെയ്തില്ല?’ എന്ന് ഒരിക്കലും ചോദിച്ചിട്ടില്ല”[12]
ഏകാന്തതയും ഒറ്റപ്പെടലും നിറഞ്ഞ ഒരു കാലഘട്ടത്തിൽ സ്നേഹത്തിന്‍റെയും കരുണയുടെയും ശക്തി എത്ര മഹത്തരമാണെന്ന് പ്രവാചകന്‍(സ)യുടെ മാതൃക നമ്മെ ഓർമിപ്പിക്കുന്നു.
മനുഷ്യരാശിക്ക് കാലാതീതമായ മാതൃക
ഒരു ചരിത്രകഥ എന്നതിലുപരി, നബി തിരുമേനി(സ)യുടെ ജീവിതം എല്ലാ കാലത്തേക്കും മനുഷ്യന് ഒരു വഴികാട്ടിയായി നിലനില്ക്കുന്നു. ഭിന്നിപ്പും ഭൗതികതാത്പര്യങ്ങളും ധാർമിക അനിശ്ചിതത്വവും അധികരിച്ചു നിൽക്കുന്ന ഇക്കാലഘട്ടത്തില്‍, പ്രവാചകന്‍(സ)യുടെ മാതൃക നന്മയുടെയും സ്നേഹത്തിന്‍റെയും പ്രതീകമായി നിലകൊള്ളുന്നു.
സര്‍വരോടും സഹാനുഭൂതിയും, എല്ലാവരോടും ബഹുമാനവും, അചഞ്ചലമായ നീതിനിര്‍വഹണവും, കൊടിയ ശത്രുക്കളോടും ക്ഷമയും കാണിച്ച ജീവിതമായിരുന്നു ഹദ്റത്ത് മുഹമ്മദ്(സ)യുടേത്. വിശ്വസ്തതയുടെയും വിവേകജ്ഞാനത്തിന്‍റെയും വിനയത്തിന്‍റെയും മൂര്‍ത്തീമദ്ഭാവമായിരുന്നു അദ്ദേഹത്തിന്‍റെ വ്യക്തിത്വം. ആത്മീയതയും മാനവികതയും സമഗ്രമായി പ്രതിഫലിപ്പിച്ച അദ്ദേഹത്തിന്‍റെ ജീവിതം സര്‍വമനുഷ്യര്‍ക്കും ശാശ്വതമായ മാതൃകയാണ് പ്രദാനം ചെയ്യുന്നത്.
വിശുദ്ധ ഖുർആൻ പറയുന്നു:
“നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനിൽ തീർച്ചയായും ഒരു ഉത്തമ മാതൃകയുണ്ട്. അതായത് അല്ലാഹുവിനെയും അന്ത്യനാളിനെയും ഭയപ്പെടുകയും, അല്ലാഹുവിനെ അധികമായി സ്മരിക്കുകയും ചെയ്യുന്നവർക്ക്.”[13]
നൈതിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നേതാക്കളുടെയും റോള്‍ മോഡലുകളുടെയും ആവശ്യം വിളിച്ചോതുന്ന ഇന്നത്തെ ലോക സാഹചര്യത്തില്‍, പ്രവാചകന്‍ മുഹമ്മദ്(സ) കേവലം ഒരു ചരിത്രപുരുഷന്‍ മാത്രമായി ഒതുങ്ങുന്നില്ല. മറിച്ച്, അദ്ദേഹത്തിന്‍റെ വ്യക്തിത്വം ഏവര്‍ക്കും അനുകരണാര്‍ഹമായ ഒരു മാതൃകയായി നിലകൊള്ളുന്നു.
കുറിപ്പുകള്‍
[1] വിശുദ്ധ ഖുർആൻ 68:5
[2] വിശുദ്ധ ഖുർആൻ 4:136
[3] സുനൻ ഇബ്നു മാജ, കിതാബ് അൽ-ഹുദൂദ് (ശിക്ഷകളെ കുറിച്ചുള്ള അധ്യായങ്ങള്‍)
[4] വിശുദ്ധ ഖുർആൻ 9:128
[5] സുനൻ ഇബ്നു മാജ, കിതാബ് അൽ-ആദാബ് (മര്യാദകളെക്കുറിച്ചുള്ള അധ്യായങ്ങള്‍)
[6] വിശുദ്ധ ഖുർആൻ 6:109
[7] സഹീഹ് അൽ-ബുഖാരി, കിതാബ് അൽ-ജനാഇസ് (മരണാന്തര സംസ്കാരങ്ങളെക്കുറിച്ചുള്ള അധ്യായങ്ങള്‍)
[8] സഹീഹ് അൽ-ബുഖാരി, കിതാബ് അൽ-ജനാഇസ് (മരണാന്തര സംസ്കാരങ്ങളെക്കുറിച്ചുള്ള അധ്യായങ്ങള്‍)
[9] സീറത്ത് ഇബ്നു ഹിശാം, വാള്യം. 4, പേജ്. 55
[10] താരീഖ് അൽ-ഖമീസ്, ഇമാം ഹുസൈൻ ബിൻ മുഹമ്മദ് ദിയാർബക്രി, വാള്യം. 2, പേജ്. 103
[11] മുസന്നഫ് അബ്ദുൽ റസാഖ്, ഹദീസ് നമ്പർ. 19554
[12] സഹീഹ് അൽ-ബുഖാരി, കിതാബ് അൽ-ആദാബ് (മര്യാദകളെക്കുറിച്ചുള്ള അധ്യായങ്ങള്‍)
[13] വിശുദ്ധ ഖുർആൻ 33:22
0 Comments