അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 15 ഓഗസ്റ്റ് 2025ന്
മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: മുഹമ്മദ് സ്വാലിഹ് ശാഹിദ്
മക്കാ വിജയ സമയത്ത് മൂന്ന് പ്രമുഖ വിഗ്രഹ ധ്വംസനത്തെകുറിച്ചുള്ള വിശദാംശങ്ങൾ പരാമർശിക്കുന്നതാണെന്ന് തശഹ്ഹുദ്, തഅവ്വുദ്, സൂറ ഫാത്തിഹ എന്നിവ പാരായണം ചെയ്ത ശേഷം ഖലീഫാ തിരുമനസ്സ് ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ് പറഞ്ഞു
മനാത്ത് വിഗ്രഹധ്വംസനത്തിനായുള്ള സൈനിക നീക്കം
ഹിജ്‌റ 8 റമദാനിൽ ഖുദൈദിലെ ചെങ്കടലിന്റെ തീരത്തുണ്ടായിരുന്ന മനാത്ത് വിഗ്രഹ ധ്വംസനത്തിനായി ഹദ്‌റത്ത് സഅദ് ബിൻ അശ്ഹലി (റ) യുടെ ഒരു സൈനികനീക്കം നടന്നു. ഹദ്‌റത്ത് സഅദ്(റ) ഖുദൈദിലെത്തി വിഗ്രഹ ധ്വംസനത്തിനായി മുന്നോട്ട് നീങ്ങിയപ്പോൾ, ആദ്യം അദ്ദേഹത്തിന് നാട്ടുകാരിൽ നിന്ന് എതിർപ്പ് നേരിടേണ്ടി വന്നു. ഒടുവിൽ, ഹദ്‌റത്ത് സഅദും (റ) അദ്ദേഹത്തോടൊപ്പമുള്ളവരും വിഗ്രഹത്തിലേക്ക് നീങ്ങി അത് ധ്വംസിച്ചു, അതിനുശേഷം അവർ തിരുനബിയുടെ അടുത്തേക്ക് മടങ്ങി. മറ്റൊരു ഹദീസിൽ മനാത്ത് വിഗ്രഹ ധ്വംസനത്തിനായി നബി (സ) അബൂസുഫ്‌യാനെ (റ) നിയോഗിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്, അതേസമയം മറ്റ് ചില ഹദീസുകളിൽ ഈ ദൗത്യത്തിനായി നിയോഗിക്കപ്പെട്ടത് ഹദ്‌റത്ത് അലി (റ) ആയിരുന്നുവെന്ന് പറയുന്നു.
ഉസ്സ വിഗ്രഹധ്വംസനത്തിനായുള്ള സൈനിക നീക്കം
ഹിജ്‌റ 8 റമദാനിൽ ഹദ്‌റത്ത് ഖാലിദ് ബിൻ വലീദ് (റ) നഖ്‌ലയിലേക്ക് ഒരു സൈനികനീക്കം നടത്തി. ഖാലിദ് ബിൻ വാലിദ് (റ) യുടെ നേതൃത്വത്തിൽ 30 പേരായിരുന്നു ആ സംഘത്തിലുണ്ടായിരുന്നത്. ഖുറൈശികളുടെ ഏറ്റവും പ്രധാനപ്പെട്ട വിഗ്രഹമായ ഉസ്സയെ ധ്വംസിക്കുക എന്ന ദൗത്യമായിരുന്നു അവർക്ക്. ഖാലിദ് ബിൻ വലീദ് (റ) വിന്റെ വരവിനെക്കുറിച്ചുള്ള വാർത്ത ലഭിച്ചപ്പോൾ, ഉസ്സയുടെ പരിചാരകൻ വിഗ്രഹത്തിൽ ഒരു വാൾ തൂക്കിയിട്ട് മലയിലേക്ക് ഓടിപ്പോവുകയും ഹദ്‌റത്ത് ഖാലിദിനെതിരെ പോരാടാൻ ഉസ്സയോട് പ്രാർത്ഥിക്കുകയും ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഹദ്‌റത്ത് ഖാലിദ് (റ) അവിടെ എത്തിയപ്പോൾ, അദ്ദേഹവും അദ്ദേഹത്തിന്റെ ആളുകളും ഉസ്സയുടെ വിഗ്രഹാലയം തകർത്തു. അദ്ദേഹം തിരിച്ചെത്തിയപ്പോൾ, തിരുനബി (സ) അദ്ദേഹത്തോട് എന്തെങ്കിലും ശ്രദ്ധേയമായത് കണ്ടോ എന്ന് ചോദിച്ചു, അതിന് ഹദ്‌റത്ത് ഖാലിദ് (റ) കണ്ടില്ല എന്ന് മറുപടി നൽകി. ഇതിനു മറുപടിയായി തിരുനബി (സ), ഖാലിദ് ഉസ്സ എന്ന വിഗ്രഹം തകർത്തിട്ടില്ല എന്നും അതിനായി തിരിച്ചു പോകണമെന്നും നിർദേശം നൽകി. അങ്ങനെ, ഹസ്രത്ത് ഖാലിദ് (റ) യും അദ്ദേഹത്തിന്റെ സംഘാംഗങ്ങളും തിരികെ പോയി, അദ്ദേഹത്തെ കണ്ടപ്പോൾ, പരിചാരകർ വീണ്ടും ഉസ്സയോട് ഹദ്‌റത്ത് ഖാലിദിനെ (റ) നശിപ്പിക്കാൻ പ്രാർത്ഥിച്ചു. അദ്ദേഹം എത്തിയപ്പോൾ, ഹസ്രത്ത് ഖാലിദ് (റ) ഈ ഈരടികൾ ചൊല്ലുകയായിരുന്നു, അല്ലയോ ഉസ്സ ഞാൻ നിന്നെ നിഷേധിച്ചു ,നിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നില്ല, കാരണം അല്ലാഹു നിന്നെ അപമാനിച്ചതിന് ഞാൻ സാക്ഷിയാണ്. ഇതെല്ലാം തിരുനബിയെ(സ) അറിയിച്ചപ്പോൾ, ഉസ്സയെ ഇനി എവിടെയും ആരാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
സുവാഇ വിഗ്രഹധ്വംസന സൈനികനീക്കം
ഹിജ്‌റ 8 റമദാനിൽ സുവാഅ് വിഗ്രഹധ്വംസനത്തിനായി
ഹദ്‌റത്ത് അംറ് ബിൻ അൽ ആസ്(റ) ന്റെ നേതൃത്വത്തിൽ ഒരു സൈനികനീക്കം നടന്നു. ഈ വിഗ്രഹം ഒരു സ്ത്രീയെപ്പോലെയായിരുന്നു, ആളുകൾ ഈ വിഗ്രഹത്തിന് ചുറ്റും വട്ടമിട്ടു നിൽക്കുമായിരുന്നു. ഈ വിഗ്രഹത്തെക്കുറിച്ച് വിശുദ്ധ ഖുർആനിലും പരാമർശിച്ചിട്ടുണ്ട്.
“അവർ പരസ്പരം പറഞ്ഞു, ഒരു കാരണവശാലും നിങ്ങള്‍ നിങ്ങളുടെ ദൈവങ്ങളെ ഉപേക്ഷിക്കരുത്. വദ്ദ്, സുവാഅ്, യഗൂഥ്, യഊഖ്, നസ്‌റ് എന്നിവരെ നിങ്ങള്‍ ഉപേക്ഷിക്കരുത്”.
നോഹയുടെ കാലത്ത് നിലനിന്നിരുന്ന അതേ വിഗ്രഹങ്ങൾ അറേബ്യയിലും നിലവിലുണ്ടായിരുന്നുവെന്നും നോഹയുടെ കാലത്തെ കുലീനരായ ആളുകളുടെ പേരിലാണ് അവയ്ക്ക് പേരിട്ടതെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. ഹദ്‌റത്ത് അംറ് ബിൻ അൽ ആസ്(റ) വിഗ്രഹമായ സുവയുടെ അടുത്ത് എത്തിയപ്പോൾ, ആ വിഗ്രഹം അവരെ ഏതെങ്കിലും രീതിയിൽ തടയുമെന്ന് അതിന്റെ പരിചാരകൻ ഉറപ്പിച്ചിരുന്നു. എന്നാൽ ഹദ്‌റത്ത് അംറ്(റ) മുന്നോട്ട് ഗമിക്കുകയും ആ വിഗ്രഹത്തെ തകർക്കുകയും ചെയ്തു. തന്റെ വിഗ്രഹം നശിപ്പിക്കപ്പെടുന്നത് കണ്ടപ്പോൾ, പരിചാരകൻ ഏകനായ ദൈവത്തെ അംഗീകരിക്കുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു.
ബനൂ ജസീമയിലേക്ക് ഹദ്‌റത്ത് ഖാലിദ് ബിൻ വലീദ് (റ) ന്റെ സൈനികനീക്കം
ഹിജ്‌റ 8 ശവ്വാൽ മാസത്തിൽ ബനൂ ജസീമയിലേക്ക് ഹദ്‌റത്ത് ഖാലിദ് ബിൻ വലീദ് (റ) ന്റെ നേതൃത്വത്തിൽ സൈനിക നീക്കം നടന്നു. മക്കാ വിജയത്തിനുശേഷം, വിഗ്രഹമായ ഉസ്സയെ ധ്വംസിച്ച്
ഹദ്‌റത്ത് ഖാലിദ് (റ) തിരിച്ചെത്തിയപ്പോൾ, നബി (സ) അദ്ദേഹത്തെ ബനൂജസീമ ഗോത്രത്തിലേക്ക് അയച്ചു, അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കാനും അവരുമായി യുദ്ധം ചെയ്യരുതെന്നും നിർദ്ദേശിച്ചു. ഹദ്‌റത്ത് ഖാലിദ് ബിൻ വലീദ് (റ) 350 പുരുഷന്മാരുമായി പുറപ്പെട്ടു, അവിടെ എത്തിയപ്പോൾ, ആളുകൾ യുദ്ധത്തിന് തയ്യാറായി നിൽക്കുന്നത് അദ്ദേഹം കണ്ടു. ഹദ്‌റത്ത് ഖാലിദ് (റ) അവരോട് ആയുധം താഴെയിടാൻ ആവശ്യപ്പെട്ടു, അവർ അങ്ങനെ ചെയ്തപ്പോൾ, അവരുടെ ഉദ്ദേശ്യങ്ങൾ വ്യക്തമല്ലാത്തതിനാൽ അവരെ തടവുകാരായി പിടികൂടി. ഹദ്‌റത്ത് ഖാലിദ് (റ) അവരുടെ വിശ്വാസത്തെക്കുറിച്ച് ചോദിച്ചപ്പോൾ, അവർ മുസ്ലീങ്ങളാണെന്നും അറേബ്യയിലെ മറ്റൊരു ഗോത്രവുമായി ഭിന്നത ഉണ്ടായിരുന്നതിനാൽ ഒരു മുൻകരുതൽ എന്ന നിലയിലാണ് ആയുധം ധരിച്ചത് എന്നും മറുപടി നൽകിയതായി ഒരു നിവേദനത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും, ഈ മറുപടി ആദ്യം ഹദ്‌റത്ത് ഖാലിദിൽ (റ) സംശയം ജനിപ്പിച്ചു. അതിനാൽ രാത്രിയിൽ ഹദ്‌റത്ത് ഖാലിദ് (റ) തടവുകാരെ കൊല്ലാൻ നിർദ്ദേശിച്ചുവെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ചില മുസ്ലിങ്ങൾ തങ്ങളുടെ തടവുകാരെ വധിക്കുകയുണ്ടായി. എന്നിരുന്നാലും, മുഹാജിറുകളും (പാലായനം ചെയ്ത് മക്കയിൽ എത്തിയവർ) അൻസാറുകളും (മദീന സ്വദേശികൾ) ഹദ്‌റത്ത് ഖാലിദ് (റ) യുടെ അഭിപ്രായത്തോട് യോജിച്ചില്ല, അവർ മുസ്ലീങ്ങളാണെന്ന് പറഞ്ഞ് അത് നിരസിക്കുകയും തങ്ങളുടെ തടവുകാരെ മോചിപ്പിക്കാനൊരുങ്ങുകയും ചെയ്തു. ഇതിനെ കുറിച്ച് അറിഞ്ഞ പ്രവാചകൻ (സ) ദുഃഖിതനായി, ഹദ്‌റത്ത് ഖാലിദ് (റ) വിനെ അവരെ വധിക്കാനായി അയച്ചിട്ടില്ലെന്നും, മറിച്ച് അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കാൻ വേണ്ടിയാണ് അയച്ചതെന്നും പറഞ്ഞു. ഹദ്‌റത്ത് ഖാലിദ് (റ) ചെയ്തതിൽ താൻ പങ്കാളിയല്ലെന്ന് പറഞ്ഞുകൊണ്ട് തിരുനബി (സ) ദൈവത്തോട് പ്രാർത്ഥിച്ചു. തുടർന്ന് അദ്ദേഹം ഹദ്‌റത്ത് ഖാലിദിനോട് (റ) അദ്ദേഹത്തിന്റെ പ്രവൃത്തികളിലും തിടുക്കത്തിലും അതൃപ്തി പ്രകടിപ്പിച്ചു. പിന്നീട് കൊല്ലപ്പെട്ട തടവുകാരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകാൻ തിരുനബി (സ) ഹദ്‌റത്ത് അലി (റ) യെ അയച്ചു. ഹദ്‌റത്ത് അലി (റ) തിരുനബി (സ)യുടെ അടുക്കലേക്ക് മടങ്ങിവന്ന്, ഏറ്റവും ചെറിയ വസ്തുക്കൾ പോലും ബനൂ ജസീമ ഗോത്രത്തിന് തിരികെ നൽകിയതായും, ബാക്കിയായ സമ്പത്തും അവർക്ക് നൽകിയതായും അറിയിച്ചു. ഇതിൽ പ്രവാചകൻ (സ) സന്തുഷ്ടനാകുകയും ഹദ്‌റത്ത് അലി (റ) യെ അഭിനന്ദിക്കുകയും ചെയ്തു.
ഈ യാത്ര തിരുനബി (സ) കണ്ട ഒരു സ്വപ്നത്തിന്റെ പൂർത്തീകരണം കൂടിയായിരുന്നു. ആ സ്വപ്നത്തിൽ അദ്ദേഹം ഹൈസ് എന്നൊരു ഭക്ഷണം കഴിക്കുന്നതായി കണ്ടു, ആദ്യം അത് നല്ലതായി തോന്നി; എന്നിരുന്നാലും, പിന്നീട് അത് ശ്വാസം മുട്ടിക്കാൻ തുടങ്ങി. ആ സമയത്താണ് ഹദ്‌റത്ത് അലി (റ) വന്ന് സ്വപ്നത്തിൽ ശ്വാസം മുട്ടുന്നതിൽ നിന്ന് തിരുനബി (സ) യെ രക്ഷിച്ചത്. തിരുനബി (സ) നല്ല ഉദ്ദേശ്യത്തോടെ ഒരു സംഘത്തെ അയക്കുമെന്നും എന്നാൽ അത് നിരാശക്ക് കാരണമാകുമെന്നും ഹദ്‌റത്ത് അബൂബക്കർ (റ) ഈ സ്വപ്നത്തെ വ്യാഖ്യാനിച്ചു, തുടർന്ന് ഹദ്‌റത്ത് അലിയെ (റ) ഈ വിഷയം പരിഹരിക്കാൻ അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ സംഭവത്തിന്റെ വിശദാംശങ്ങൾ വ്യക്തമാക്കുന്ന വിവിധ പരാമർശങ്ങൾ സമർപ്പിച്ചുകൊണ്ട് ഇത് ഹദ്‌റത്ത് ഖാലിദ് (റ) യുടെ ഉദ്ദേശ്യമായിരുന്നില്ലെന്ന് ഖലീഫാ തിരുമനസ്സ് വ്യക്തമാക്കുകയുണ്ടായി. തീരുമാനം എടുക്കുന്നതിൽ വന്ന ഒരു പിശകായിരുന്നു. തിരുനബി (സ) ഈ വിഷയത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ, പ്രതികാരത്തിന് പകരം, നഷ്ടപരിഹാരം നൽകുന്നതാണ് കൂടുതൽ ഉചിതമെന്ന് അദ്ദേഹം തീരുമാനിച്ചു. ഹദ്‌റത്ത് ഖാലിദ് (റ) ക്ഷമാപണം നടത്തിയപ്പോൾ, തിരുനബി (സ) അദ്ദേഹത്തിന് മാപ്പുനൽകുകയും, കുറച്ചു കഴിഞ്ഞപ്പോൾ, ഹുനൈൻ യുദ്ധത്തിൽ ഒരു സംഘത്തിന്റെ നേതാവായി ഹദ്‌റത്ത് ഖാലിദ് (റ) നെ നിയമിക്കുകയും ചെയ്തു.
ഹദ്‌റത്ത് ഹിശാം ബിൻ അൽ ആസ് (റ) യുടെ യലംലമിലേക്കുള്ള സൈനിക നീക്കം
ഹദ്‌റത്ത് ഹിശാം ബിൻ അൽ-ആസ് (റ) യുടെ നേതൃത്വത്തിൽ യലംലം സൈനികനീക്കം നടന്നു, അദ്ദേഹം 200 പേരെ യലംലം ലക്ഷ്യമാക്കി നയിച്ചു. ഹദ്‌റത്ത് ഖാലിദ് ബിൻ സഈദ് ബിൻ അൽ-ആസിന്റെ നേതൃത്വത്തിൽ 300 പേരടങ്ങുന്ന ഉറാന സൈനികനീക്കവും ഉണ്ടായിരുന്നു. ഈ സൈനികനീക്കങ്ങളെ കുറിച്ച് വ്യാപകമായി രേഖപ്പെടുത്തിയിട്ടില്ല, അതിനാൽ അവയുടെ ആധികാരികത വ്യക്തമല്ല. ഇസ്ലാമിന്റെ ചില ശത്രുക്കൾ ആരോപിക്കുന്നത് പോലെ, പ്രവാചകൻ (സ) ഒരിക്കലും പരുഷമായി പെരുമാറിയിട്ടില്ലെന്നും, സൈനികനീക്കങ്ങളിൽ ആളുകളെ കൊല്ലാൻ നിർദ്ദേശിച്ചിട്ടില്ലെന്നും ഈ സംഭവങ്ങൾ വ്യക്തമാക്കുന്നു. മറിച്ച്, ഇതുപോലുള്ള എന്തെങ്കിലും അബദ്ധത്തിൽ സംഭവിച്ചാൽ പോലും തിരുനബി (സ) വലിയ അതൃപ്തി പ്രകടിപ്പിക്കുമായിരുന്നു. പ്രവാചകൻ (സ) യുടെ ജീവിതത്തിലെ യുദ്ധങ്ങളെയും സൈനികനീക്കങ്ങളെയും കുറിച്ചുള്ള കൂടുതൽ പരാമർശങ്ങൾ തുടരുന്നതാണെന്ന് ഖുത്ബയുടെ അവസാനം ഖലീഫാ തിരുമനസ്സ് പറയുകയുണ്ടായി
0 Comments