അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 15 മെയ് 2026ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം:
എം. മുനവ്വർ അഹ്‍മദ് ശാഹിദ്
തശഹ്ഹുദ്, തഅവ്വുദ്, സൂറഃ ഫാത്തിഹ എന്നിവ പാരായണം ചെയ്ത ശേഷം അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും അഞ്ചാം ഖലീഫയുമായ മിർസാ മസ്‌റൂർ അഹ്‌മദ് അയ്യദഹുല്ലാഹ് തആലാ പറഞ്ഞു: ലോകത്തിൽ എപ്പോഴെങ്കിലും ഒരു പൂർണ്ണ മനുഷ്യൻ ഉണ്ടായിട്ടുണ്ടെങ്കിൽ അത് പ്രവാചകൻ മുഹമ്മദ് മുസ്തഫ(സ) ആയിരുന്നു എന്ന് അഹ്‌മദികൾ വിശ്വസിക്കുന്നു. അദ്ദേഹത്തിന് മുമ്പോ ശേഷമോ അത്തരത്തില്‍ പൂർണ്ണതയിൽ എത്തുവാൻ ആർക്കും സാധിച്ചിട്ടില്ല. അല്ലാഹുവിനോടുള്ള കടമകളും മനുഷ്യരോടുള്ള കടമകളും പൂർണ്ണമായി നിറവേറ്റുന്നതിലും ഉന്നതമായ ധാർമ്മികത പുലർത്തുന്നതിലും അദ്ദേഹം ഉദാത്തമായ മാതൃകയായിരുന്നു.
ഏതൊരു ധാർമ്മിക ഗുണമെടുത്താലും അതിന്‍റെ പൂർണ്ണത പ്രവാചകന്‍റെ(സ) വ്യക്തിത്വത്തിൽ ദർശിക്കാൻ സാധിക്കും. അങ്ങനെയുള്ള ഒരു ധാർമ്മിക ഗുണമാണ് വിനയം. പ്രവാചകൻ(സ) അതിനെ പൂർണ്ണമായ അളവിൽ ഉൾക്കൊണ്ടിരുന്നു. തന്‍റെ അനുയായികളെ വിനയമെന്ന ഗുണം വളർത്തിയെടുക്കാൻ പ്രവാചകൻ(സ) പഠിപ്പിച്ചു. സ്വന്തം വിനയത്തെക്കുറിച്ച് ഇപ്രകാരം പ്രഖ്യാപിക്കാൻ സർവ്വശക്തനായ അല്ലാഹു പ്രവാചകനോട്(സ) കൽപ്പിച്ചു:
“പറയുക: ‘തീർച്ചയായും ഞാൻ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമാകുന്നു.” (വിശുദ്ധ ഖുർആൻ, 18:111)
ദൈവം അദ്ദേഹത്തിന് അന്തിമ ശരീഅത്ത് ലഭിച്ച പ്രവാചകനും ഖാത്തമുന്നബിയ്യിൻ (പ്രവാചകന്മാരുടെ മുദ്ര) എന്ന പദവിയും നൽകിയിട്ടുണ്ടെന്ന വസ്തുത നിലനിൽക്കെത്തന്നെ, താൻ വിനയാന്വിതനായ ഒരു മനുഷ്യനാണെന്ന് പ്രഖ്യാപിക്കാൻ അല്ലാഹു അദ്ദേഹത്തോട് കൽപ്പിച്ചു.
പ്രവാചക(സ)യിൽ ദർശിക്കാൻ കഴിഞ്ഞ ഈ വിനയമെന്ന ഗുണത്തെക്കുറിച്ച് ഇന്ന്‍ ഞാൻ വിശദീകരിക്കുന്നതാണ്.
പ്രവാചകൻ(സ) കാണിച്ചുതന്നതുപോലെയുള്ള വിനയത്തിന്‍റെ മറ്റൊരു ഉദാഹരണം ചരിത്രത്തിൽ ഉണ്ടായിട്ടില്ലെന്ന് വാഗ്ദത്ത മസീഹ്(അ) പറയുന്നു. തനിക്ക് ലഭിച്ച ഉന്നതമായ പദവികൾക്കെല്ലാം ഉപരിയായി, താൻ മറ്റുള്ളവരെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമാണെന്ന് അദ്ദേഹം നിരന്തരം പ്രഖ്യാപിച്ചുകൊണ്ടിരുന്നു. അദ്ദേഹം അത്രത്തോളം വിനയം പ്രകടിപ്പിച്ചിരുന്നു; അതിനാൽത്തന്നെ ഒരാൾ ഈ വിനയമെന്ന ഗുണം സ്വായത്തമാക്കാത്തപക്ഷം അയാൾക്ക് ഒരു യഥാർത്ഥ മുസ്ലിമോ പ്രവാചകന്‍റെ(സ) അനുയായിയോ ആകാൻ സാധിക്കുകയില്ല.
ഒരു അന്ധനോടുള്ള പെരുമാറ്റം
പ്രവാചകന്‍റെ(സ) വിനയത്തെക്കുറിച്ച് വിവരിക്കവെ, അദ്ദേഹത്തിന്‍റെ ജീവിതത്തിൽ നിന്നുള്ള ഒരു സംഭവം വാഗ്ദത്ത മസീഹ്(അ) ഉദ്ധരിച്ചിട്ടുണ്ട്. പറയുന്നു: ഒരു അന്ധനായ മനുഷ്യൻ പ്രവാചക(സ)ന്‍റെ അടുക്കൽ വരികയും വിശുദ്ധ ഖുർആൻ പാരായണം ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു. ഒരു ദിവസം ഈ അന്ധനായ മനുഷ്യൻ പ്രവാചകന്‍റെ(സ) അടുക്കൽ ചെന്നപ്പോൾ, പ്രവാചകന്‍റെ(സ) ചുറ്റുമുണ്ടായിരുന്ന ചില ആളുകൾ അദ്ദേഹവുമായി സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. കുറച്ചുനേരം കാത്തുനിന്നതിനു ശേഷം ആ അന്ധൻ അവിടെനിന്ന് എഴുന്നേറ്റു പോയി. അല്ലാഹു ഈ വിവരം പ്രവാചകനെ(സ) അറിയിച്ചു. തുടർന്ന്, പ്രവാചകൻ(സ) അദ്ദേഹത്തിന്‍റെ വീട്ടിൽ ചെല്ലുകയും, അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്ന് തന്‍റെ സ്വന്തം വിരിപ്പിൽ ഇരുത്തുകയും ചെയ്തു. ദൈവത്തോട് ഹൃദയത്തിൽ സ്നേഹമുള്ളവർ തീർച്ചയായും വിനയവും സൗമ്യതയും ഉള്ളവരായിരിക്കണം എന്ന് ഈ സംഭവം കാണിച്ചുതരുന്നു. ഇത് കേവലം ഒരു കഥ മാത്രമല്ല, മറിച്ച് നമ്മൾ ജീവിതത്തിൽ പകർത്തേണ്ട ഒരു പാഠം കൂടിയാണ്.
വിനയം – സ്വർഗ്ഗപ്രാപ്തിക്കുള്ള ഒരു മാർഗ്ഗം
ഓരോ വ്യക്തിയിലും രണ്ട് ചങ്ങലകൾ ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പ്രവാചകൻ(സ) അരുളിയിട്ടുണ്ട്. ഒന്ന് ആകാശത്തേക്കും മറ്റൊന്ന് ഭൂമിയിലേക്കും അഭിമുഖമായിട്ടുള്ളതാണ്. ഒരു വ്യക്തി വിനയം കൈക്കൊള്ളുമ്പോൾ ആകാശത്തിന്‍റെ ഭാഗത്തുള്ള മലക്ക് ആ ചങ്ങല മുകളിലേക്ക് ഉയർത്തുകയും ആ വ്യക്തിയെ ഉന്നതിയിലേക്ക് നയിക്കുകയും ചെയ്യുന്നു. എന്നാൽ, ഒരാൾ അഹങ്കാരവും ഗർവ്വും കാണിക്കുമ്പോൾ ഭൂമിയുടെ ഭാഗത്തുള്ള ചങ്ങല അയാളെ താഴേക്ക് വലിച്ചിടുന്നു.
വിനയം കൈക്കൊള്ളുന്ന ഒരു വ്യക്തി ഏഴാം ആകാശത്തോളം ഉയർത്തപ്പെടുമെന്ന് ഒരിക്കൽ പ്രവാചകൻ(സ) അരുളിയിട്ടുണ്ട്. അതുപോലെ, ഒരാൾ ദൈവത്തിനുവേണ്ടി വിനയം കാണിക്കുകയാണെങ്കിൽ ദൈവം അയാളെ ഉന്നതിയിലേക്ക് ഉയർത്തുമെന്നും പ്രവാചകൻ(സ) പറയുകയുണ്ടായി. അതേസമയം തന്നെ, ദാനം നൽകുന്നത് ഒരാളുടെ സമ്പത്ത് കുറയ്ക്കുകയില്ലെന്നും ക്ഷമിക്കുന്നത് ഒരാളുടെ അന്തസ്സ് കെടുത്തുകയില്ലെന്നും പ്രവാചകൻ(സ) വിശദീകരിച്ചു. ഈ കാര്യങ്ങൾക്ക് ഇന്നത്തെ സമൂഹത്തിൽ വലിയ ഒരു മാറ്റം കൊണ്ടുവരാൻ സാധിക്കുന്നതാണ്.
ഒരിക്കൽ, ഒരു വ്യക്തി പ്രവാചകനെ(സ) അഭിസംബോധന ചെയ്തുകൊണ്ട് തങ്ങളുടെ നേതാവെന്നും തങ്ങളിൽ വെച്ച് ഏറ്റവും ഉത്തമനെന്നും വിളിച്ചു. ഇതിനെത്തുടർന്ന്, പിശാചിന്‍റെ വഞ്ചനയിൽ അകപ്പെടാതിരിക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് പ്രവാചകൻ(സ) ഉപദേശിച്ചു. താൻ മുഹമ്മദ് ബിൻ അബ്ദില്ലാഹ് എന്ന ദൈവത്തിന്‍റെ ദാസനും അല്ലാഹുവിന്‍റെ ദൂതനുമാണെന്ന് അദ്ദേഹം പറഞ്ഞു. ദൈവം തനിക്ക് നൽകിയിട്ടുള്ള പദവികൾക്കപ്പുറമുള്ള രീതിയിൽ തന്നെ അഭിസംബോധന ചെയ്യരുതെന്നും അദ്ദേഹം അരുളി. മറ്റൊരു സന്ദർഭത്തിൽ, ഒരാളുടെയും സ്വന്തം പ്രവർത്തികൾ അവർക്ക് സ്വർഗ്ഗപ്രവേശം സാധ്യമാക്കുകയില്ല എന്ന് പ്രവാചകൻ(സ) പറയുകയുണ്ടായി. ഇത് പ്രവാചകനും(സ) ബാധകമാണോ എന്ന് അനുചരന്മാർ ചോദിച്ചു. അതെ, തീർച്ചയായും ബാധകമാണെന്നും, ദൈവത്തിന്‍റെ കൃപയും കാരുണ്യവും കൊണ്ട് പൊതിയപ്പെടാതെ ആരുടെയും സ്വന്തം പ്രവൃത്തികൾ അവർക്ക് സ്വർഗ്ഗപ്രവേശം നൽകുകയില്ലെന്നും അദ്ദേഹം അരുളി. അതിനാൽ, ദൈവത്തോട് കൂടുതൽ അടുക്കാൻ ആഗ്രഹിച്ചുകൊണ്ട് ഓരോരുത്തരും തങ്ങളുടെ പ്രവർത്തികൾ ശ്രദ്ധാപൂർവ്വം ചെയ്യേണ്ടതുണ്ട്.
എളിയ ജീവിതത്തിനായുള്ള ഒരു പ്രാർത്ഥന
ഒരിക്കൽ പ്രവാചകൻ(സ) ഇപ്രകാരം പ്രാർത്ഥിക്കുന്നത് കേൾക്കുകയുണ്ടായി, ‘അല്ലാഹുവേ, എന്നെ എളിയവനായി ജീവിക്കാൻ അനുവദിക്കേണമേ, എളിയവനായി മരിപ്പിക്കേണമേ, എളിമയുള്ളവരുടെ കൂട്ടത്തിൽ എന്നെ ഉയിർത്തെഴുന്നേൽപ്പിക്കുകയും ചെയ്യേണമേ.’ വിധവകളുടെയോ പാവപ്പെട്ടവരുടെയോ വിഷമങ്ങൾ കേൾക്കുന്നതിനായി അവരുടെ കൂടെ നടക്കാൻ പ്രവാചകൻ(സ) ഒട്ടും മടിച്ചിരുന്നില്ല എന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. തന്‍റെ ഉന്നതമായ ആത്മീയ പദവികൾ നിലനിൽക്കെത്തന്നെ, സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവർക്ക് പറയാനുള്ളതുപോലും ശ്രദ്ധിക്കാൻ പ്രവാചകൻ(സ) പ്രത്യേകം ശ്രദ്ധിക്കുകയും, തികഞ്ഞ ക്ഷമയോടും കരുതലോടെയും അവിടുന്ന് അത് കേൾക്കുകയും ചെയ്യുമായിരുന്നു.
മറ്റുള്ളവരുടെ സാന്നിധ്യത്തിൽ പ്രവാചകന്നുണ്ടായിരുന്ന(സ) സൗമ്യത
ഒരിക്കൽ, പ്രവാചകൻ(സ) നടന്നുപോകുമ്പോൾ പ്രായമായ ഒരു സ്ത്രീ വഴിയിൽ വെച്ച് അദ്ദേഹത്തെ തടയുകയും തങ്ങളുടെ ആവശ്യങ്ങൾ അദ്ദേഹത്തോട് വിവരിക്കാൻ തുടങ്ങുകയും ചെയ്തു. പ്രവാചകൻ(സ) തികഞ്ഞ ക്ഷമയോടെ അവിടെ നിൽക്കുകയും അവർക്ക് പറയാനുള്ളത് കേൾക്കുകയും ചെയ്തു. ആ സമയത്ത് ഹാതിം ബിൻ അദിയ്യ് വിശുദ്ധ പ്രവാചകന്‍റെ(സ) കൂടെയുണ്ടായിരുന്നു. തന്‍റെ മുന്നിൽ നടക്കുന്ന ഈ സംഭവം നോക്കിനിന്ന അദ്ദേഹം, ഈ മനുഷ്യൻ തീർച്ചയായും ഒരു രാജാവാകാൻ വഴിയില്ല എന്ന് ഉള്ളിൽ ചിന്തിച്ചു; കാരണം രാജാക്കന്മാർ പാവപ്പെട്ടവരുടെ വാക്കുകൾ കേട്ട് ഇങ്ങനെ നിൽക്കാറില്ലല്ലോ. തുടർന്ന് പ്രവാചകൻ(സ) ഹാതിമിനെ തന്‍റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും ഒരു മെത്ത കൊണ്ടുവന്ന് അതിൽ ഇരിക്കാൻ ഹാതിമിനോട് ആവശ്യപ്പെടുകയും ചെയ്തു; അതേസമയം പ്രവാചകൻ(സ) തറയിലാണ് ഇരുന്നത്. ഇങ്ങനെയുള്ള ഗുണങ്ങൾ ഒരു രാജാവിന്‍റെ സ്വഭാവരീതിയല്ല എന്ന് ഹാതിം വീണ്ടും ചിന്തിക്കുകയുണ്ടായി.
കുട്ടികളോട് ദയ കാണിക്കുകയും അവരെ അഭിവാദ്യം ചെയ്യുകയും (സലാം പറയുകയും) ചെയ്യുന്നതു പോലെയുള്ളതായിരുന്നു പ്രവാചകന്‍റെ(സ) വിനയം. പ്രവാചകൻ(സ) അൻസാരികളെ കാണുമ്പോഴൊക്കെ അവരുടെ കുട്ടികളെ അഭിവാദ്യം ചെയ്യുകയും അവരുടെ തലയിൽ കൈവെച്ച് അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യാറുണ്ടായിരുന്നു എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഒരിക്കൽ, ഒരു മനുഷ്യൻ പ്രവാചകനോട്(സ) സംസാരിക്കാൻ ചെന്നപ്പോൾ, പ്രവാചകന്‍റെ(സ) സാന്നിധ്യത്തിലുള്ള ആദരവ് കാരണം അയാൾ വിറയ്ക്കാൻ തുടങ്ങിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഉണക്കമാംസം ഭക്ഷിച്ചിരുന്ന ഒരു സ്ത്രീയുടെ മകനാണ് താൻ എന്നതിനാൽ ശാന്തനായിരിക്കാൻ പ്രവാചകൻ(സ) അയാളോട് അരുളി. ഈ സംഭവം വിവരിച്ചുകൊണ്ട്, പ്രവാചകന്‍റെ(സ) വിജയങ്ങൾ വർദ്ധിച്ചുവന്നതിനനുസരിച്ച് അദ്ദേഹത്തിന്‍റെ വിനയത്തിന്‍റെ നിലവാരവും ഉയർന്നുകൊണ്ടേയിരുന്നു എന്ന് വാഗ്ദത്ത മസീഹ്(അ) പറയുന്നു.
ഹിജ്‌റ സമയത്ത് പ്രവാചകൻ(സ) മദീനയിൽ എത്തിയപ്പോൾ, അദ്ദേഹത്തെ ഇതുവരെ കണ്ടിട്ടില്ലാത്ത അൻസാറുകളാണ്( മദീനാ നിവാസികൾ ) അദ്ദേഹത്തെ സ്വീകരിച്ചത്. ആ സമയത്ത് ഹദ്റത്ത് അബൂബക്കർ(റ) പ്രവാചകന്‍റെ(സ) കൂടെയുണ്ടായിരുന്നു. അൻസാറുകളെ സ്വീകരിക്കാനായി അദ്ദേഹം എഴുന്നേറ്റു നിൽക്കുകയും, അവർ വന്ന് ഹദ്റത്ത് അബൂബക്കറിനെ(റ) കാണുകയും ചെയ്തു. ഈ സമയമത്രയും പ്രവാചകൻ(സ) നിശബ്ദനായി ഇരിക്കുകയായിരുന്നു. ഇതിനിടയിൽ, പ്രവാചകന്‍റെ(സ) മേൽ വെയിൽ അടിക്കാൻ തുടങ്ങി. അവിടുത്തേക്ക് തണലേകുന്നതിനായി ഹദ്റത്ത് അബൂബക്കർ(റ) തന്‍റെ പുതപ്പ് കൊണ്ട് അദ്ദേഹത്തെ മറച്ചുപിടിച്ചു. ഹദ്റത്ത് അബൂബക്കർ(റ) ഇത് ചെയ്തപ്പോൾ മാത്രമാണ് അവിടെ ഇരുന്നിരുന്ന വ്യക്തിയാണ് യഥാർത്ഥത്തിൽ പ്രവാചകൻ(സ) എന്ന് അൻസാറുകൾക്ക് മനസ്സിലായത്.
തന്നെക്കുറിച്ച് സംസാരിക്കുമ്പോൾ ക്രൈസ്തവർ ഈസാ നബി(അ)യെക്കുറിച്ച് സംസാരിക്കുകയും പുകഴ്ത്തുകയും ചെയ്യുന്നതുപോലെ അതിശയോക്തി കലർത്തരുതെന്ന് പ്രവാചകൻ(സ) തന്‍റെ അനുയായികളെ ഉപദേശിച്ചു. ഒരിക്കൽ, ഒരാൾ താൻ പറയാൻ ഉദ്ദേശിച്ച കാര്യം പറയുന്നതിന് മുമ്പായി പ്രവാചകന്‍റെ(സ) മഹത്തായ ഗുണങ്ങൾ എണ്ണിപ്പറയാൻ തുടങ്ങിയപ്പോൾ, പ്രവാചകൻ(സ) അദ്ദേഹത്തെ തടയുകയും പിശാചിനാൽ സ്വാധീനിക്കപ്പെടരുതെന്നും, പകരം താൻ യഥാർത്ഥത്തിൽ പറയാൻ ഉദ്ദേശിച്ച കാര്യവുമായി മുന്നോട്ട് പോകാനും ആവശ്യപ്പെട്ടു. മറ്റൊരു സന്ദർഭത്തിൽ, ഒരാൾ പ്രവാചകന്‍റെ(സ) അടുക്കൽ വരികയും അദ്ദേഹത്തെ “സൃഷ്ടികളിൽ വെച്ച് ഏറ്റവും ഉത്തമൻ” എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തു. പ്രവാചകൻ(സ) അദ്ദേഹത്തെ തടയുകയും ഈ പദവി ഇബ്രാഹീം നബി(അ)ക്കുള്ളതാണെന്ന് അരുളുകയും ചെയ്തു. പ്രവാചകന്‍റെ(സ) വിനയം അത്രത്തോളമായിരുന്നു; അദ്ദേഹം യഥാർത്ഥത്തിൽ എല്ലാ സൃഷ്ടികളിലും വെച്ച് ഏറ്റവും ഉത്തമനായിരുന്നിട്ടുകൂടി, തന്‍റെ വിനയം കാരണം ആ പദവി അദ്ദേഹം ഇബ്രാഹീം നബി(അ)ലേക്ക് തിരിച്ചുവിടുകയാണ് ചെയ്തത്.
‘മുഹമ്മദ്’, ‘അഹ്‌മദ്’ എന്നീ നാമങ്ങളുടെ അർത്ഥം
വാഗ്ദത്ത മസീഹ്(അ) എഴുതുന്നു:
‘അഹ്‌മദ് എന്ന നാമം ജമാലിന്‍റെ (സൗന്ദര്യത്തിന്‍റെ/സൗമ്യതയുടെ) പ്രകടനമാണ്, എന്നാൽ ഇതിന് വിപരീതമായി മുഹമ്മദ് എന്ന നാമം ജലാലിന്‍റെ (പ്രതാപത്തിന്‍റെ) പ്രകടനമാണ്. ഇതിന് കാരണം, മുഹമ്മദ് എന്ന നാമത്തിൽ അന്തർലീനമായിരിക്കുന്നത് പ്രിയങ്കരനായിരിക്കുക (മഹബൂബിയ്യത്ത്) എന്ന ഗുണമാണ്; എന്തെന്നാൽ എല്ലാ പ്രശംസനീയമായ ഉൽകൃഷ്ട ഗുണങ്ങളും തികഞ്ഞ സൗന്ദര്യവും ഉൾക്കൊള്ളുന്നതിന് പ്രൗഢിയും ഗാംഭീര്യവും ആദരവും മഹിമയും ആവശ്യമാണ്. എന്നാൽ അഹ്‌മദ് എന്ന നാമത്തിൽ അന്തർലീനമായിരിക്കുന്നത് സ്നേഹത്തിലാവുക (ആശിഖിയ്യത്ത്) എന്ന ഗുണമാണ്; കാരണം ഒരാളെ പ്രശംസിക്കുക എന്നത് വിനയവും കാമുകന്‍റെ വിധേയത്വവും സൗമ്യതയും ആവശ്യപ്പെടുന്നുണ്ട്. ഇതിനെയാണ് യഥാർത്ഥത്തിൽ ജമാലിന്‍റെ അവസ്ഥ എന്ന് വിളിക്കുന്നത്, ഈ അവസ്ഥയ്ക്ക് വിനയവും സൗമ്യതയും അനിവാര്യമാണ്.
നമ്മുടെ പ്രവാചകൻ(സ) അങ്ങേയറ്റം സ്നേഹിക്കപ്പെടാൻ യോഗ്യനായവനായിരുന്നു, അത് മുഹമ്മദ് എന്ന നാമം ആവശ്യപ്പെടുന്ന ഒന്നാണ്; കാരണം ‘മുഹമ്മദ്’ ആയിരിക്കുക എന്നത് – അതായത് പ്രശംസനീയമായ എല്ലാ ഉൽകൃഷ്ട ഗുണങ്ങളും ഉൾക്കൊള്ളുക എന്നത് – അങ്ങേയറ്റം സ്നേഹിക്കപ്പെടാൻ യോഗ്യനായ അവസ്ഥയെ സൃഷ്ടിക്കുന്ന ഒന്നാണ്. കൂടാതെ പ്രവാചകൻ(സ) ഒരു കാമുകന്‍റെ [ദൈവത്തോടും മനുഷ്യരാശിയോടും] ഏറ്റവും ഉത്തമമായ ഗുണങ്ങളും ഉള്ളവനായിരുന്നു, അത് അഹ്‌മദ് എന്ന നാമം ആവശ്യപ്പെടുന്നതാണ്; എന്തെന്നാൽ ഹാമിദ് [പ്രശംസിക്കുന്നവൻ] ഒരു മുഹിബ്ബ് [സ്നേഹിക്കുന്നവൻ] കൂടി ആയിരിക്കുക എന്നത് അനിവാര്യമാണ്. ഒരാൾക്ക് മറ്റൊരാളെ യഥാർത്ഥത്തിലും പൂർണ്ണമായും പ്രശംസിക്കാൻ സാധിക്കുന്നത് അയാൾ സ്നേഹത്തിലായിരിക്കുമ്പോൾ – അല്ലെങ്കിൽ അതിലുപരിയായി അഗാധമായി പ്രണയിക്കുമ്പോൾ – മാത്രമാണ്; ഒരു കാമുകനും മുഹിബ്ബും ആയിരിക്കുന്നതിന് വിധേയത്വവും വിനയവും ആവശ്യമാണ്.
അഹ്‌മദിയ്യത്തിന്‍റെ സത്ത സാക്ഷാത്കരിക്കുന്നതിന് ആവശ്യമായ ജമാലിന്‍റെ അവസ്ഥ ഇതുതന്നെയാണ്. മുഹമ്മദ് എന്ന നാമത്തിൽ അന്തർലീനമായിരുന്ന ആ പ്രിയങ്കരത്വം (മഹ്ബൂബിയ്യത്ത്), അനുചരന്മാരിലൂടെയാണ് വെളിപ്പെട്ടത്. അപമാനിക്കുന്നവരും വിമതരുമായിരുന്ന ആളുകളെ സംബന്ധിച്ചിടത്തോളം, ദൈവത്തിന്‍റെ പ്രിയങ്കരനായിരിക്കുന്നതിന്‍റെ ഭാഗമായുള്ള ജലാൽ അവരെ കീഴടക്കുകയാണുണ്ടായത്.’ (അർബഈൻ, പേജ് 151)
വാഗ്ദത്ത മസീഹ്(അ) വീണ്ടും പറയുന്നു: ‘പ്രവാചകന്‍റെ(സ) അനുഗൃഹീത നാമങ്ങളിൽ അന്തർലീനമായ ഒരു രഹസ്യമുണ്ട്. ഏറ്റവും കൂടുതൽ പ്രശംസിക്കപ്പെട്ടവൻ എന്ന അർത്ഥം വരുന്ന ‘മുഹമ്മദ്’, ഏറ്റവും കൂടുതൽ പ്രശംസിക്കുന്നവൻ എന്ന അർത്ഥം വരുന്ന ‘അഹ്‌മദ്’ എന്നീ അദ്ദേഹത്തിന്‍റെ രണ്ട് നാമങ്ങളും പ്രവാചകൻ(സ) ഉൾക്കൊണ്ടിരുന്ന രണ്ട് വ്യത്യസ്ത ഉൽകൃഷ്ട രൂപങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. മുഹമ്മദ് എന്ന നാമം പ്രതാപത്തിന്‍റെയും പ്രൗഢിയുള്ള മഹത്വത്തിന്‍റെയും സവിശേഷതകൾ ആവശ്യപ്പെടുന്നുണ്ട്; കാരണം ഈ നാമത്തിന്‍റെ അർത്ഥം ‘അത്യധികം പ്രശംസിക്കപ്പെടുന്നവൻ’ എന്നാണ്. സ്വാഭാവികമായും ഈ നാമം വഹിക്കുന്നയാൾ സ്നേഹിക്കപ്പെടേണ്ടതുണ്ട്, സ്നേഹിക്കപ്പെടുന്ന ഒരാളുടെ മുഖമുദ്രയായ പ്രതാപത്തിന്‍റെയും പ്രൗഢിയുള്ള മഹത്വത്തിന്‍റെയും സവിശേഷതകൾ അതിലുണ്ട്. അതേപോലെ തന്നെ, അഹ്‌മദ് എന്ന നാമം അന്തർലീനമായി വിനയത്തിന്‍റെയും സൗമ്യതയുടെയും ഗുണങ്ങൾ ഉൾക്കൊള്ളുന്നു, ഇത് മറ്റൊരാളെ സ്നേഹിക്കുന്ന ആളുടെ സവിശേഷതകളാണ്.
ഈ നാമങ്ങളിലെ അന്തർലീനമായ രഹസ്യം എന്തെന്നാൽ പ്രവാചകന്‍റെ(സ) ജീവിതം പ്രധാനമായും രണ്ട് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരിക്കുന്നു എന്നതാണത്. ആദ്യത്തേത്, പതിമൂന്ന് വർഷക്കാലം നീണ്ടുനിന്ന അദ്ദേഹത്തിന്‍റെ മക്കയിലെ ജീവിതമായിരുന്നു. അദ്ദേഹത്തിന്‍റെ ജീവിതത്തിന്‍റെ രണ്ടാമത്തെ ഭാഗം പത്ത് വർഷം നീണ്ടുനിന്ന മദീനയിലെ ജീവിതമായിരുന്നു. മക്കയിലെ ജീവിതകാലത്ത്, അദ്ദേഹത്തിന്‍റെ അഹ്‌മദ് എന്ന നാമത്തിന്‍റെ പ്രകടനമാണ് നാം കാണുന്നത്. ഈ കാലയളവിൽ, പ്രവാചകൻ(സ) രാപ്പകലില്ലാതെ സർവ്വശക്തനായ അല്ലാഹുവിന്‍റെ മുൻപിൽ കരച്ചിലിലും വിലപിക്കലിലും മുഴുകുകയും, ദിവ്യസഹായം തേടുന്നതിലും പ്രാർത്ഥനയിലുമായി തന്‍റെ സമയം ചെലവഴിക്കുകയും ചെയ്തു. ഈ കാലഘട്ടത്തിൽ പ്രവാചകൻ(സ) തന്‍റെ ജീവിതം ചെലവഴിച്ച രീതിയെക്കുറിച്ച് പൂർണ്ണമായി അറിയാവുന്ന ഏതൊരാൾക്കും അറിയാം, മക്കയിലെ ജീവിതകാലത്ത് പ്രവാചകൻ(സ) ചെയ്തതുപോലെ തന്‍റെ പ്രിയപ്പെട്ടവനെ തേടി ഒരു കാമുകനും ഇത്ര ആവേശത്തോടെ കരയുകയോ വിലപിക്കുകയോ ചെയ്തിട്ടില്ല, ഇനിയൊരിക്കലും ഈ കാര്യത്തിൽ അദ്ദേഹത്തിനൊപ്പം എത്താൻ ആർക്കും സാധിക്കുകയുമില്ല എന്ന കാര്യം.
കൂടാതെ, പ്രവാചകന്‍റെ(സ) ഈ വിലപിക്കലുകൾ അദ്ദേഹത്തിന്‍റെ സ്വന്തം ആത്മാവിനു വേണ്ടിയുള്ളതായിരുന്നില്ല, മറിച്ച് ലോകത്തിന്‍റെ അവസ്ഥയെക്കുറിച്ചുള്ള അദ്ദേഹത്തിന്‍റെ വ്യക്തമായ അറിവ് കാരണമായിരുന്നു അത്. ദൈവത്തോടുള്ള ആരാധന പൂർണ്ണമായും അപ്രത്യക്ഷമായിരുന്നു. പ്രവാചകന്‍റെ(സ) ആത്മാവും അന്തർലീനമായ സ്വഭാവവും ഉന്നതനായ അല്ലാഹുവിലുള്ള വിശ്വാസത്താൽ രൂപപ്പെട്ടതായിരുന്നു, അത് അദ്ദേഹത്തിൽ സന്തോഷവും ആനന്ദവും വളർത്തി. ഈ സന്തോഷവും ആനന്ദവും കൊണ്ട് ലോകത്തെയും നിറയ്ക്കാൻ പ്രവാചകൻ(സ) സ്വാഭാവികമായും ആഗ്രഹിച്ചു. എന്നാൽ അദ്ദേഹം ലോകത്തിലേക്ക് കണ്ണോടിച്ചപ്പോൾ, അവരുടെ ശേഷികളും സ്വഭാവങ്ങളും വിചിത്രമായ രീതിയിൽ വികൃതമാക്കപ്പെട്ടിരിക്കുന്നതായും, നിരവധി ബുദ്ധിമുട്ടുകളും പ്രതിസന്ധികളും നിലനിൽക്കുന്നതായും കണ്ടെത്തി. ചുരുക്കത്തിൽ, ലോകത്തിന്‍റെ ഈ അവസ്ഥയെ ഓർത്ത് പ്രവാചകൻ(സ) കരയുകയും വിലപിക്കുകയും ചെയ്യുമായിരുന്നു; എത്രത്തോളമെന്നാൽ, അദ്ദേഹത്തിന് തന്‍റെ ജീവൻ തന്നെ നഷ്ടപ്പെടുമായിരുന്ന അവസ്ഥയിലേക്ക് അത് എത്തിയിരുന്നു. അല്ലാഹുവിന്‍റെ താഴെ പറയുന്ന വാക്കുകൾ വിരൽ ചൂണ്ടുന്നത് ഇതിലേക്കാണ്:
“അവർ വിശ്വസിക്കുന്നില്ല എന്ന കാരണത്താൽ നീ നിന്‍റെ ജീവൻ തന്നെ അപകടത്തിലാക്കുമോ.”
ദിവ്യകൃപയ്ക്കും കാരുണ്യത്തിനുമായി വിനയത്തോടെ യാചിച്ച പ്രവാചകന്‍റെ(സ) ജീവിതമായിരുന്നു ഇത്; അദ്ദേഹത്തിന്‍റെ അഹ്‌മദ് എന്ന നാമത്തിന്‍റെ പ്രകടനം കാണിച്ച ഒരു ജീവിതം. ഈ കാലഘട്ടത്തിൽ, പ്രവാചകൻ(സ) ആഴത്തിലുള്ള ചിന്തകളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. ഈ ചിന്തകളുടെയും പ്രാർത്ഥനകളുടെയും ഫലങ്ങൾ മദീനയിലെ ജീവിതകാലത്താണ് പ്രകടമായത്, അപ്പോൾ മുഹമ്മദ് എന്ന നാമം വെളിപ്പെട്ടു; അത് താഴെ പറയുന്ന വചനത്തിൽ നിന്ന് വ്യക്തമാണ്:
“അവർ വിജയത്തിനായി പ്രാർത്ഥിച്ചു, അതിന്‍റെ ഫലമായി സത്യത്തിന്‍റെ ശത്രുക്കളായ എല്ലാ അഹങ്കാരികളും നശിച്ചുപോയി.”’ (മൽഫൂസാത്ത്, ഇംഗ്ലീഷ് തർജ്ജമ, വാല്യം 3, പേജ് 70-72)
പ്രവാചകന്‍റെ(സ) വിനയത്തിന്‍റെ കൂടുതൽ ഉദാഹരണങ്ങൾ
വാഗ്ദത്ത മസീഹ്(അ) വീണ്ടും ഇപ്രകാരം പറയുന്നു: ‘അതുകൊണ്ട്, പ്രവാചകന്‍റെ(സ) വിനയവും എളിമയും പൂർണ്ണതയുടെ ഉച്ചിയിൽ എത്തിയതായി കാണപ്പെടുന്ന വിവിധ സന്ദർഭങ്ങളിലെല്ലാം, അതേ അളവിൽ അദ്ദേഹം പരിശുദ്ധാത്മാവിന്‍റെ (റൂഹുൽ ഖുദ്സിന്‍റെ) സഹായത്താലും പ്രകാശത്താലും പിന്തുണയ്ക്കപ്പെടുകയും പ്രകാശിപ്പിക്കപ്പെടുകയും ചെയ്തിരുന്നതായി കാണാം. നമ്മുടെ പുണ്യപ്രവാചകന്‍റെ(സ) പ്രവർത്തികളുടെയും കർമ്മങ്ങളുടെയും അവസ്ഥ ഇത് വ്യക്തമായി തെളിയിക്കുന്നുണ്ട്. വാസ്തവത്തിൽ, അദ്ദേഹത്തിന്‍റെ പ്രകാശത്തിന്‍റെയും അനുഗ്രഹങ്ങളുടെയും മണ്ഡലം അത്രത്തോളം വിശാലമാണ്, അദ്ദേഹത്തിന്‍റെ പ്രകടനവും പ്രതിഫലനവും ശാശ്വതമായി നിലനിൽക്കുന്നതായി ദർശിക്കാൻ സാധിക്കും.
അതുപോലെ തന്നെ, ഈ കാലഘട്ടത്തിൽ ഇറക്കപ്പെടുന്ന സർവ്വശക്തനായ അല്ലാഹുവിന്‍റെ എല്ലാ അനുഗ്രഹങ്ങളും കൃപകളും ലഭിക്കുന്നത് പ്രവാചകനോടുള്ള(സ) അനുസരണത്തിലൂടെയും വിധേയത്വത്തിലൂടെയും മാത്രമാണ്.
തന്‍റെ ആത്മാവിനെ ഏറ്റവും ഉയർന്ന തലത്തിൽ ശുദ്ധീകരിക്കുന്ന ഒരാൾക്ക് നൽകപ്പെടുന്ന ദിവ്യാനുഗ്രഹങ്ങൾ, വെളിപാടുകൾ, ഉൾക്കാഴ്ചകൾ, യാഥാർത്ഥ്യങ്ങൾ, ദർശനങ്ങൾ എന്നിവ ഭാഗ്യപൂർവ്വം കൈവരിക്കാനും, യഥാർത്ഥ പുണ്യം പ്രവർത്തിക്കാനും, സർവ്വശക്തനായ ദൈവത്തിന്‍റെ പ്രീതി നേടാനും, അല്ലാഹുവിന്‍റെ ദൂതനോടുള്ള(സ) വിധേയത്വത്തിൽ ലയിച്ചുചേരുന്നതുവരെ ആർക്കും സാധ്യമല്ല എന്ന് എന്‍റെ സ്വന്തം അനുഭവത്തിന്‍റെ വെളിച്ചത്തിൽ ഞാൻ സത്യസന്ധമായി പറയുകയും പ്രഖ്യാപിക്കുകയും ചെയ്യുന്നു. ഇതിനുള്ള തെളിവ് സർവ്വശക്തനായ അല്ലാഹുവിന്‍റെ സ്വന്തം വചനത്തിൽ നിന്നുതന്നെ ലഭിക്കുന്നുണ്ട്:
“പറയുക: ‘നിങ്ങൾ അല്ലാഹുവിനെ സ്നേഹിക്കുന്നുവെങ്കിൽ എന്നെ പിന്തുടരുക; എന്നാൽ അല്ലാഹു നിങ്ങളെ സ്നേഹിക്കുന്നതാണ്.”
സർവ്വശക്തനായ അല്ലാഹുവിന്‍റെ ഈ അവകാശവാദത്തിന്‍റെ പ്രായോഗികവും ജീവിക്കുന്നതുമായ തെളിവാണ് ഞാൻ. വിശുദ്ധ ഖുർആൻ സ്ഥാപിച്ചിട്ടുള്ള, അല്ലാഹുവിന്‍റെ വലിയ്യിമാരെയും (വിശുദ്ധന്മാരെയും) പ്രിയപ്പെട്ടവരെയും പ്രതിനിധീകരിക്കുന്ന അടയാളങ്ങളുടെ വെളിച്ചത്തിൽ എന്നെ തിരിച്ചറിയുക. ചുരുക്കത്തിൽ, പുണ്യപ്രവാചകൻ(സ) അത്രത്തോളം തികഞ്ഞ ധാർമ്മികതയുള്ളവനായിരുന്നു; പ്രായമായ ഒരു സ്ത്രീ അദ്ദേഹത്തിന്‍റെ കൈകളിൽ പിടിച്ചാൽ പോലും വിശുദ്ധ പ്രവാചകൻ(സ) അവിടെത്തന്നെ നിൽക്കുകയും അവരുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുകയും ചെയ്യുമായിരുന്നു; അവർ അദ്ദേഹത്തെ വിട്ടുപോകുന്നതുവരെ അദ്ദേഹം അവരെ വിട്ടുപോകുമായിരുന്നില്ല.’ (മൽഫൂസാത്ത്, ഇംഗ്ലീഷ് തർജ്ജമ, വാല്യം 1, പേജ് 211)
പ്രവാചകൻ(സ) എപ്പോഴും രോഗികളെ സന്ദർശിക്കാറുണ്ടായിരുന്നുവെന്നും, മയ്യിത്ത് സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും, എല്ലാ സന്ദർഭങ്ങളിലും ജനങ്ങൾക്കിടയിൽ നിലകൊണ്ടിരുന്നുവെന്നും ഹദ്റത്ത് ഉസ്മാൻ(റ) നിവേദനം ചെയ്യുന്നു. തന്നെ എവിടെയെങ്കിലും ക്ഷണിക്കുകയാണെങ്കിൽ താൻ ആ ക്ഷണം സ്വീകരിക്കുമെന്നും, തനിക്ക് വളരെ ചെറിയൊരു സമ്മാനമാണ് നൽകുന്നതെങ്കിൽ പോലും താൻ അത് സ്വീകരിക്കുമെന്നും പ്രവാചകൻ(സ) അരുളിയിട്ടുണ്ട്. ഒരിക്കൽ, പ്രവാചകന്(സ) ചുരക്കയും മാംസവും അടങ്ങിയ കുറച്ച് ഭക്ഷണം നൽകപ്പെടുകയുണ്ടായി. പ്രവാചകൻ(സ) ആ പാത്രത്തിന്‍റെ വശങ്ങളിൽ എവിടെയൊക്കെ ചുരക്ക കണ്ടുവോ അവിടെ നിന്നെല്ലാം അത് എടുത്തു ഭക്ഷിച്ചു. ഇത് ഇന്നത്തെ കാലത്ത് നമുക്കും ഒരു പാഠമാണ്. ജൽസ സലാന (വാർഷിക സമ്മേളന) സമയത്ത് മാംസവും ഉരുളക്കിഴങ്ങും പാകം ചെയ്യുമ്പോൾ ചില ആളുകൾ തങ്ങൾക്ക് മാംസം മാത്രം മതിയെന്ന് വാശിപിടിക്കാറുണ്ട്. എന്നാൽ, തനിക്ക് മുന്നിൽ എന്താണോ തയ്യാറാക്കി നൽകപ്പെടുന്നത് അത് കഴിക്കണമെന്ന മാതൃകയാണ് പ്രവാചകൻ(സ) കാട്ടിത്തന്നത്.
ബദർ യുദ്ധത്തിലേക്കുള്ള യാത്രാമധ്യേ, ഒരു ഒട്ടകത്തിന്മേൽ മൂന്ന് പേർ വീതമാണ് നിശ്ചയിക്കപ്പെട്ടിരുന്നത്. നടക്കാനുള്ള ഊഴം പ്രവാചകന്‍റെതായപ്പോൾ(സ), അവിടുന്ന് ഒട്ടകപ്പുറത്ത് തന്നെ ഇരിക്കണമെന്നും തങ്ങൾ നടന്നുകൊള്ളാമെന്നും കൂടെയുണ്ടായിരുന്ന രണ്ട് അനുചരന്മാർ അഭ്യർത്ഥിച്ചു. എന്നാൽ, നടക്കാൻ തന്നേക്കാൾ കൂടുതൽ സഹനശേഷി അവർക്കില്ലെന്നും താൻ അവരിൽ നിന്ന് ഒട്ടും വ്യത്യസ്തനല്ലെന്നും പ്രവാചകൻ(സ) മറുപടി നൽകി. കൂടാതെ, താൻ നടക്കുമ്പോൾ അവർ ഒട്ടകപ്പുറത്ത് കയറി യാത്ര ചെയ്യണമെന്ന് അദ്ദേഹം നിർബന്ധിക്കുകയും ചെയ്തു.
പ്രവാചകൻ(സ) വീട്ടുജോലികളിൽ സഹായിക്കാറുണ്ടായിരുന്നുവെന്നും, പ്രാർത്ഥനാ സമയമാകുമ്പോൾ പള്ളിയിലേക്ക് പോകാറുണ്ടായിരുന്നുവെന്നും ഹദ്റത്ത് ആയിശ (റ) പറയാറുണ്ടായിരുന്നു. വീട്ടുജോലികൾ ചെയ്യാൻ വിസമ്മതിക്കുകയും അതിന്‍റെ പേരിൽ ഭാര്യമാർ പരാതിപ്പെടാൻ ഇടയാക്കുകയും ചെയ്യുന്ന പുരുഷന്മാർക്കുള്ള ഒരു പാഠമാണിത്. പ്രവാചകന്‍റെ അനുചരന്മാരും ഈ മാതൃക പിന്തുടരുകയും വീട്ടുജോലികളിൽ സഹായിക്കുകയും ചെയ്തിരുന്നു. വീട്ടുജോലികൾ പ്രാഥമികമായി സ്ത്രീകളുടെ ഉത്തരവാദിത്തമാണെങ്കിലും, പുരുഷന്മാർ തങ്ങളുടെ ഭാര്യമാരെ സഹായിക്കാതിരിക്കാൻ യാതൊരു ഒഴികഴിവുമില്ല.
പള്ളികളുടെ നിർമ്മാണവും അറ്റകുറ്റപ്പണികളും പോലുള്ള കഠിനമായ ജോലികളിൽ വിശുദ്ധ പ്രവാചകൻ(സ) തന്‍റെ അനുചരന്മാരെ സഹായിക്കാറുണ്ടായിരുന്നു. ചുരുക്കത്തിൽ, തനിക്ക് ചെയ്യാൻ പറ്റാത്തവിധം വലിയൊരു ജോലിയാണ് ഇതെന്ന് പ്രവാചകൻ(സ) കരുതുന്ന ഒരു കാര്യവും അവിടുത്തെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല.
തങ്ങളുടെ സ്വന്തം ജീവിതത്തിൽ പകർത്താൻ നാം പരമാവധി ശ്രമിക്കേണ്ട പ്രവാചകന്‍റെ(സ) ഉദാത്തമായ മാതൃകകൾ ഇവയൊക്കെയാണെന്ന് ഖലീഫാ തിരുമനസ്സ് പ്രസ്താവിച്ചു.
0 Comments