അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 19 ജൂൺ 2025ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: മുഹമ്മദ് സ്വാലിഹ് ശാഹിദ്
തശഹ്ഹുദ്, തഅവ്വുദ്, സൂറഃ ഫാത്തിഹ എന്നിവ ഓതിയ ശേഷം, നബിതിരുമേനിയുടെ (സ) ഉദാരതയെ കുറിച്ചുള്ള നിവേദനങ്ങൾ സമർപ്പിക്കുന്നത് തുടരുകയാണെന്ന് ഹദ്‌റത് മീർസാ മസ്‌റൂർ അഹ്‌മദ് (അയ്യദഹുല്ലാഹ്) പ്രസ്താവിച്ചു.
മറ്റുള്ളവർക്ക് ദാനങ്ങൾ നൽകുന്നതിൽ നബിതിരുമേനി (സ) പുലർത്തിയ സമാനതകളില്ലാത്ത ഔന്നത്യം
ഒരിക്കൽ ചിലർ നബിതിരുമേനി(സ) യോട് സമ്പത്ത് ചോദിച്ചപ്പോൾ അദ്ദേഹം അത് അവർക്ക് നൽകി. അവർ വീണ്ടും വീണ്ടും സമ്പത്ത് ചോദിച്ചുകൊണ്ടേയിരുന്നു, ഒടുവിൽ നബിതിരുമേനിയുടെ (സ) പക്കൽ ഒന്നും അവശേഷിച്ചില്ല. തന്റെ പക്കലുള്ള സമ്പത്ത് താൻ ഒരിക്കലും ജനങ്ങളിൽ നിന്ന് മറച്ചുവെക്കില്ലെന്നും, യാചനയിൽ നിന്ന് വിട്ടുനിൽക്കുന്നവനെ അല്ലാഹു സംരക്ഷിക്കുമെന്നും നബിതിരുമേനി (സ) അരുളി.
ലോകത്തുള്ള സമ്പത്തിൽ നിന്ന് സ്വതന്ത്രനാകാൻ ആഗ്രഹിക്കുന്നവന് അള്ളാഹു തന്നെ സ്വാതന്ത്ര്യം നല്കുമെന്ന് നബിതിരുമേനി (സ) അരുളി. ക്ഷമ കൈവരിക്കാൻ കഠിനമായി പരിശ്രമിക്കുന്നവന് അള്ളാഹു തന്നെ ക്ഷമ നൽകുമെന്നും, പ്രതിഫലത്തിന്റെ ഏറ്റവും വലിയ ഉറവിടം ക്ഷമയാണെന്നും അദ്ദേഹം പറഞ്ഞു.
ഒരിക്കൽ ഒരു യാത്രയ്ക്കിടയിൽ, ഹദ്റത്ത് ഉമറിന്റെ (റ) പുത്രനായ ഹദ്റത്ത് അബ്ദുല്ലാഹിബ്നു ഉമറിന് (റ) മറ്റുള്ള ഒട്ടകങ്ങളെക്കാൾ വേഗത്തിൽ ഓടുന്ന കരുത്തുറ്റ ഒരു ഒട്ടകം ഉണ്ടായിരുന്നു. എന്നാൽ ഹദ്റത്ത് അബ്ദുല്ലയുടെ (റ) ഒട്ടകം മറ്റുള്ളവയെക്കാൾ മുന്നിലെത്തുമ്പോഴെല്ലാം, ഹദ്റത്ത് ഉമർ (റ) അദ്ദേഹത്തെ ശാസിക്കുകയും മറ്റുള്ളവർക്ക് മുന്നിലായി പോകുന്നതിൽ നിന്ന് വിലക്കുകയും ചെയ്യുമായിരുന്നു. വാസ്തവത്തിൽ, നബിതിരുമേനിയേക്കാൾ (സ) ആരെങ്കിലും മുന്നിൽ നടക്കുന്നത് ഹദ്റത്ത് ഉമറിന് (റ) ഇഷ്ടമായിരുന്നില്ല.
ഇതുകണ്ടപ്പോൾ, ഹദ്റത്ത് ഉമറിനോട് (റ) ആ ഒട്ടകത്തെ തനിക്ക് വിൽക്കാൻ നബിതിരുമേനി (സ) ആവശ്യപ്പെട്ടു. ആദ്യം, ഹദ്റത്ത് ഉമർ (റ) പറഞ്ഞത്, നബിതിരുമേനിക്ക് (സ) വേണമെന്നുണ്ടെങ്കിൽ ആ ഒട്ടകത്തെ എടുക്കാമെന്നും, അതിന് പണം സ്വീകരിക്കാൻ താൻ തയ്യാറല്ലെന്നുമാണ്. എന്നാൽ നബിതിരുമേനി (സ) നിർബന്ധിച്ചതോടെ, ഹദ്റത്ത് ഉമർ (റ) ആ ഒട്ടകത്തെ അദ്ദേഹത്തിന് വിറ്റു.
ആ ഒട്ടകത്തെ ഏറ്റെടുത്ത ശേഷം, നബിതിരുമേനി (സ) അത് ഹദ്റത്ത് അബ്ദുല്ലാഹിബ്നു ഉമറിന് (റ) സമ്മാനമായി നൽകി. ആ ഒട്ടകം ഇപ്പോൾ നിന്റേതാണെന്നും, അത് വെച്ച് നിനക്ക് ഇഷ്ടമുള്ളത് ചെയ്യാനും അതിൽ സവാരി ചെയ്യാനും സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇപ്രകാരം, മനോഹരമായ രീതിയിൽ ഉദാരമായി ഒരു സമ്മാനം നൽകുക മാത്രമല്ല, ഇതൊരു ലൗകിക കാര്യം മാത്രമാണെന്നും, ആ ഒട്ടകം മറ്റുള്ളവയേക്കാൾ മുന്നിൽ പോയാൽ, തന്റെ ഒട്ടകത്തേക്കാൾ മുന്നിൽ പോയാൽ പോലും, അതിൽ അസ്വസ്ഥപ്പെടാൻ ഒന്നുമില്ലെന്ന സന്ദേശവും നബിതിരുമേനി (സ) നൽകി. ഇപ്പോൾ ആ ഒട്ടകം മുന്നോട്ട് പോയാൽ പോലും, നബിതിരുമേനി (സ) സമ്മാനിച്ച ഒട്ടകമാണ് മുന്നോട്ട് പോകുന്നതെന്ന് ആളുകൾ പറയുമല്ലോ.
ഒരിക്കൽ ഒരു യാത്രയ്ക്കിടയിൽ, ഹദ്റത്ത് ജാബിറിന്റെ (റ) ഒട്ടകം തളരുകയും സാവധാനത്തിലാവുകയും ചെയ്തു. ഇതുകണ്ട നബിതിരുമേനി (സ) തന്റെ വാഹനത്തിൽ നിന്നിറങ്ങി, ഒട്ടകത്തിന്റെ കടിഞ്ഞാണിൽ പിടിച്ച് മുന്നോട്ട് നടക്കാൻ നിർദ്ദേശിച്ചു. ഉടൻ തന്നെ ഒട്ടകം വേഗത്തിൽ നടക്കാൻ തുടങ്ങി. തുടർന്ന് നബിതിരുമേനി (സ) ഹദ്റത്ത് ജാബിറിനോട് (റ) വിവാഹിതനാണോ എന്ന് ചോദിച്ചു, അദ്ദേഹം അതെ എന്ന് മറുപടി നൽകി. അപ്പോൾ വീട്ടുകാര്യങ്ങളിൽ ദയയോടും കാരുണ്യത്തോടും കൂടി പെരുമാറാൻ നബിതിരുമേനി (സ) അദ്ദേഹത്തിന് ഉപദേശം നൽകി. പിന്നീട്, ആ ഒട്ടകത്തെ വാങ്ങാൻ നബിതിരുമേനി (സ) ആഗ്രഹിക്കുകയും, ഹദ്റത്ത് ജാബിർ (റ) അത് അദ്ദേഹത്തിന് വിൽക്കുകയും ചെയ്തു. ഹദ്റത്ത് ജാബിർ (റ) മടങ്ങിയെത്തിയപ്പോൾ, ഒട്ടകത്തിന് നിശ്ചയിച്ച വില അദ്ദേഹത്തിന് നല്കാൻ നബിതിരുമേനി (സ) നിർദ്ദേശിച്ചു. അതിനുശേഷം, നബിതിരുമേനി (സ) ഹദ്റത്ത് ജാബിറിനെ (റ) വിളിച്ച്, ഒട്ടകം വിറ്റതിന് ലഭിച്ച തുക അദ്ദേഹത്തിന് സൂക്ഷിക്കാമെന്നും, അതുപോലെ ആ ഒട്ടകത്തെയും തിരികെ അദ്ദേഹത്തിന് തന്നെ വെക്കാമെന്നും അറിയിച്ചു.
ഒരിക്കൽ, ഒരാൾ നബിതിരുമേനി (സ)യുടെ അടുക്കൽ ചെന്ന് തനിക്ക് സമ്പത്ത് നല്കണമെന്ന് അഭ്യർത്ഥിച്ചു. അപ്പോൾ നൽകാൻ തന്റെ കൈവശം ഒന്നുമില്ലെന്ന് നബിതിരുമേനി (സ) പറഞ്ഞു. എന്നാൽ, നബിതിരുമേനിയുടെ (സ) പേരിൽ എന്തെങ്കിലും വാങ്ങിക്കൊള്ളാനും, പിന്നീട് എപ്പോഴാണോ നബിതിരുമേനിക്ക് (സ) സമ്പത്ത് ലഭിക്കുന്നത്, അപ്പോൾ അതിന്റെ വില കൊടുത്തുതീർത്തുകൊള്ളാമെന്നും അദ്ദേഹം ആ മനുഷ്യനോട് പറഞ്ഞു. അപ്പോൾ ഹദ്റത്ത് ഉമർ (റ) നബിതിരുമേനിയോട് (സ) പറഞ്ഞു, താങ്കൾ ഈ മനുഷ്യന് ഇതിനകം സമ്പത്ത് നല്കിയിട്ടുണ്ടെന്നും, അല്ലാത്തപക്ഷം താങ്കളുടെ കൈവശമില്ലാത്ത സമ്പത്ത് നല്കാൻ താങ്കൾ ബാധ്യസ്ഥനല്ലെന്നുമാണ്. ഈ അഭിപ്രായപ്രകടനം നബിതിരുമേനിക്ക് (സ) ഇഷ്ടപ്പെട്ടില്ല. അപ്പോൾ അൻസാരികളിൽപ്പെട്ട ഒരാൾ പറഞ്ഞു, ദാരിദ്ര്യത്തെ ഭയക്കാതെ നബിതിരുമേനി (സ) സമ്പത്ത് നല്കണം, അല്ലാഹു അത് നല്കിക്കൊള്ളും. നബിതിരുമേനി (സ) പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു, അതാണ് അല്ലാഹു എന്നോട് കൽപ്പിച്ചിരിക്കുന്നത്.
ജനങ്ങളുടെ ധാർമ്മിക സംസ്കരണത്തിനുള്ള അദ്ദേഹത്തിന്റെ ശ്രദ്ധ
നബിതിരുമേനി (സ) ഉദാരമതിയായിരുന്നു എന്ന് മാത്രമല്ല, അതീവ കരുണയുള്ളവരും ഒപ്പം ജനങ്ങളുടെ ധാർമ്മിക പരിശീലനത്തിൽ അതീവ ശ്രദ്ധ ചെലുത്തുന്നവരുമായിരുന്നു. ഒരിക്കൽ, ഒരു ബദ്‌വി (മരുഭൂമിയിലെ അറബി) തന്റെ ആവശ്യങ്ങൾക്കായി, ഒരുപക്ഷേ നഷ്ടപരിഹാരത്തുകയുടെ (blood money) കാര്യത്തിനായി, നബിതിരുമേനിയോട് (സ) സമ്പത്ത് ആവശ്യപ്പെട്ടു. നബിതിരുമേനി (സ) അദ്ദേഹത്തിന് കുറച്ച് സമ്പത്ത് നൽകി. തുടർന്ന്, താൻ അദ്ദേഹത്തോട് ദയയോട് കൂടിയാണോ പെരുമാറിയതെന്ന് നബിതിരുമേനി (സ) ആ ബദ്‌വിയോട് ചോദിച്ചു. എന്നാൽ, അദ്ദേഹം (അങ്ങനെ) ചെയ്തിട്ടില്ല എന്നായിരുന്നു ആ ബദ്‌വിയുടെ മറുപടി.
ഇതുകണ്ട് ചില മുസ്ലീങ്ങൾ ദേഷ്യപ്പെടുകയും അവനെ പിടികൂടാൻ ഒരുങ്ങുകയും ചെയ്തു; എന്നാൽ നബിതിരുമേനി (സ) അവരെ തടഞ്ഞു. പിന്നീട്, നബിതിരുമേനി (സ) വീട്ടിലേക്ക് പോവുകയും ആ ബദ്‌വിയെ കൂടെ കൂട്ടുകയും ചെയ്തു. അവിടെ വെച്ച്, നിങ്ങൾ ചോദിച്ചതെല്ലാം നല്കിയിട്ടും ഞാൻ നിങ്ങളോട് നന്നായി പെരുമാറിയില്ലെന്ന് പറഞ്ഞത് എന്തുകൊണ്ടാണെന്ന് നബിതിരുമേനി (സ) ചോദിച്ചു. തുടർന്ന് നബിതിരുമേനി (സ) അവന് കൂടുതൽ സമ്പത്ത് നല്കുകയും, ഇപ്പോൾ താൻ നന്നായി പെരുമാറിയോ എന്ന് ചോദിക്കുകയും ചെയ്തു. അപ്പോൾ താൻ നന്നായി പെരുമാറിയെന്ന് ആ ബദ്‌വി സമ്മതിക്കുകയും, നബിതിരുമേനിക്കും (സ) കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. ബദ്‌വിയുടെ ആദ്യത്തെ പ്രസ്താവന കാരണം സ്വഹാബികൾക്ക് അതൃപ്തിയുണ്ടായെന്ന് നബിതിരുമേനി (സ) അവനോട് പറഞ്ഞു. അതിനാൽ, ആ ബദ്‌വി പുറത്തുപോയി നബിതിരുമേനിയോട് (സ) ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ അവരോടും പറയണമെന്നും, അങ്ങനെ അവരുടെ മനസ്സ് ശാന്തമാക്കണമെന്നും നിർദ്ദേശിച്ചു. തുടർന്ന് നബിതിരുമേനി (സ) പറഞ്ഞു, താനും ആ ബദ്‌വിയും തമ്മിലുള്ള ഉദാഹരണം ഒരു യാത്രക്കാരനും അയാളുടെ ഒട്ടകവും പോലെയാണ്; ആളുകൾ ഒട്ടകത്തിന് പിന്നാലെ ഓടുംതോറും അത് കൂടുതൽ ദൂരേക്ക് ഓടിപ്പോകും.
ഇതുകേട്ടപ്പോൾ, ഒട്ടകത്തിന്റെ ഉടമസ്ഥൻ എല്ലാവരോടും തന്നെയും തന്റെ ഒട്ടകത്തെയും വിട്ടുപോകാൻ ആവശ്യപ്പെട്ടു, കാരണം താനാണ് അതിനോട് കൂടുതൽ ദയ കാണിക്കുന്നതെന്നും അത് തനിക്ക് നന്നായി അറിയാമെന്നും അയാൾ പറഞ്ഞു. തുടർന്ന്, ഒട്ടകത്തിന്റെ ഉടമസ്ഥൻ കുറച്ചു പുല്ല് കയ്യിലെടുത്ത് ഒട്ടകത്തെ സമീപിച്ചു. ആ ബദ്‌വിയെ പിടികൂടാൻ സ്വഹാബികളെ താൻ അനുവദിച്ചിരുന്നുവെങ്കിൽ, അവൻ നരകത്തിലേക്ക് പ്രവേശിക്കുമായിരുന്നു എന്ന് നബിതിരുമേനി (സ) പറഞ്ഞു; എന്നാൽ, താൻ അവനെ അതിൽ നിന്ന് രക്ഷിക്കുകയായിരുന്നു.
മരണപ്പെട്ടവരുടെ കടങ്ങൾ വീട്ടുന്നതിൽ അദ്ദേഹം കാണിച്ച ശ്രദ്ധ
കടബാധ്യതകളുള്ള ഏതെങ്കിലും വ്യക്തിയുടെ മരണാനന്തര ചടങ്ങുകൾ നടക്കുമ്പോൾ, ആ കടങ്ങൾ വീട്ടാൻ ആവശ്യമായ സമ്പത്ത് അവർ ബാക്കിവെച്ചിട്ടുണ്ടോ എന്ന് നബിതിരുമേനി (സ) അന്വേഷിക്കുമായിരുന്നു. സമ്പത്ത് ഉണ്ടെങ്കിൽ നബിതിരുമേനി (സ) മയ്യിത്ത് നമസ്കാരത്തിൽ പങ്കെടുക്കുമായിരുന്നു. അല്ലാത്തപക്ഷം അദ്ദേഹം അതിൽ പങ്കെടുക്കുമായിരുന്നില്ല. അല്ലാഹു നബിതിരുമേനിക്ക് (സ) വിജയങ്ങൾ നൽകിയപ്പോൾ, അദ്ദേഹം പറഞ്ഞു, മുസ്ലീങ്ങളോട് അവരുടെ കുടുംബത്തെക്കാൾ അടുപ്പമുള്ളവനാണ് താൻ എന്ന്. അതിനാൽ, ആരെങ്കിലും കടബാധ്യതകളോടെ മരണപ്പെട്ടാൽ, ആ കടം വീട്ടാനുള്ള ഉത്തരവാദിത്തം താൻ ഏറ്റെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരുപക്ഷേ ആ വ്യക്തി സമ്പത്ത് ബാക്കിവെച്ചിട്ടുണ്ടെങ്കിൽ, അത് അദ്ദേഹത്തിന്റെ അവകാശികളുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒരിക്കൽ, ഹദ്റത്ത് സുബൈറിനോട് (റ) തന്റെ കുതിരയെ എത്രത്തോളം ഓടിക്കാമോ അത്രത്തോളം ഓടിക്കാനും, അത് സഞ്ചരിച്ച മുഴുവൻ ഭൂമിയും അദ്ദേഹത്തിന്റേതായിരിക്കുമെന്നും നബിതിരുമേനി (സ) പറഞ്ഞു. ഒരു ഘട്ടത്തിൽ കുതിര നിന്നപ്പോൾ, അവിടെ നിന്ന് തന്റെ കയ്യിലുണ്ടായിരുന്ന ചാട്ടവാർ ഹദ്റത്ത് സുബൈർ (റ) ദൂരേക്ക് എറിഞ്ഞു. ചാട്ടവാർ ചെന്ന് വീണ സ്ഥലം വരെ ഹദ്റത്ത് സുബൈറിന് (റ) ഭൂമി നല്കണമെന്ന് നബിതിരുമേനി (സ) നിർദ്ദേശിച്ചു.
തബൂക്ക് യുദ്ധവേളയിൽ, നബിതിരുമേനി (സ) മനോഹരമായ ഒരു കുതിരയെ സ്വന്തമാക്കിയിരുന്നു; അതിന്റെ ശബ്ദം അദ്ദേഹത്തിന് പ്രത്യേകം ഇഷ്ടമായിരുന്നു. ഒരു വ്യക്തി നബിതിരുമേനിയുടെ (സ) അടുക്കൽ വന്ന് ആ കുതിരയെ ചോദിച്ചു. അങ്ങേയറ്റം ഇഷ്ടപ്പെട്ടിരുന്നിട്ടും, നബിതിരുമേനി (സ) ആ കുതിരയെ അയാൾക്ക് നൽകി.
നേതാക്കന്മാരുമായി ബന്ധം സ്ഥാപിക്കുന്നതിലെ അദ്ദേഹത്തിന്റെ രീതി
ഹുനൈൻ യുദ്ധത്തിൽ നിന്ന് യുദ്ധമുതൽ ലഭിച്ചപ്പോൾ, നബിതിരുമേനി (സ) ആദ്യം അത് വിതരണം ചെയ്തത് പ്രമുഖരുമായും ഗോത്രത്തലവന്മാരുമായും ബന്ധം സ്ഥാപിക്കുന്നതിനായിരുന്നു. നബിതിരുമേനിയുടെ (സ) മുന്നിൽ കിടക്കുന്ന വലിയൊരു സമ്പത്തിന്റെ കൂന കണ്ടപ്പോൾ, അറേബ്യയിലെ ഏറ്റവും വലിയ ധനികൻ നബിതിരുമേനി (സ) ആയി മാറിയെന്ന് അബൂ സുഫ്‌യാൻ പറഞ്ഞു. ഇതുകേട്ടപ്പോൾ നബിതിരുമേനി (സ) പുഞ്ചിരിക്കുകയും അബൂ സുഫ്‌യാന് വലിയൊരു തുക സമ്മാനമായി നൽകുകയും ചെയ്തു. തുടർന്ന്, തന്റെ പുത്രന്മാർക്കും സമ്പത്ത് നൽകണമെന്ന് അബൂ സുഫ്‌യാൻ നബിതിരുമേനിയോട് (സ) ആവശ്യപ്പെടുകയും, നബിതിരുമേനി (സ) അത് ഉദാരമായി നൽകുകയും ചെയ്തു. അപ്പോൾ അബൂ സുഫ്‌യാൻ പറഞ്ഞു, നബിതിരുമേനി (സ) അത്യന്തം ദയാലുവാണെന്ന്. താൻ നബിതിരുമേനിയോട് (സ) യുദ്ധം ചെയ്തിട്ടുണ്ടെന്നും, യുദ്ധരംഗത്ത് അദ്ദേഹം മികച്ചവനായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. പിന്നീട് അദ്ദേഹം നബിതിരുമേനിയുമായി (സ) സന്ധി ചെയ്യുകയും, സമാധാനം സ്ഥാപിക്കുന്നതിലും നബിതിരുമേനി (സ) എത്ര മികച്ചവനാണെന്ന് പറയുകയും ചെയ്തു.
ഹുനൈൻ യുദ്ധത്തിലെ യുദ്ധമുതൽ വിതരണം ചെയ്ത രീതി, മുസ്ലീങ്ങൾ യുദ്ധം ചെയ്തത് സമ്പത്തും യുദ്ധമുതലും നേടാനായിരുന്നു എന്ന ആരോപണത്തിന് മറുപടി നൽകുന്നുണ്ട്. അതായിരുന്നു ഉദ്ദേശമെങ്കിൽ, ഹുനൈൻ യുദ്ധത്തിലെ മുതൽ ഉടൻ തന്നെ മുസ്ലീങ്ങൾക്കിടയിൽ വീതിച്ചു നൽകുമായിരുന്നു. എന്നാൽ, ഈ സമ്പത്തിൽ നിന്ന് വിഹിതം ലഭിച്ച ആദ്യത്തെ ആളുകൾ മുസ്ലീങ്ങളായിരുന്നില്ല, മറിച്ച് ഗോത്രത്തലവന്മാരും നേതാക്കന്മാരുമായിരുന്നു. ഇത് അവരുമായി ബന്ധം കെട്ടിപ്പടുക്കുന്നതിന് വേണ്ടിയായിരുന്നു. കൂടാതെ, നബിതിരുമേനി (സ) തനിക്കായി ഒന്നും സൂക്ഷിച്ചുവെച്ചില്ല, മാത്രമല്ല തങ്ങളുടെ അനുചരന്മാർക്ക് താരതമ്യേന കുറഞ്ഞ വിഹിതമാണ് അദ്ദേഹം നല്കിയത്.
ഹുനൈൻ യുദ്ധത്തിന് ശേഷം, ആളുകൾ നബിതിരുമേനിയുടെ(സ) അടുക്കൽ വന്ന് സമ്പത്ത് ചോദിച്ചു. എല്ലാം തീരുന്നത് വരെ അവിടുന്ന് അവർക്ക് നല്കി ക്കൊണ്ടിരുന്നു.
നബിതിരുമേനി(സ) ആളുകളോട് ചോദിച്ചു, താൻ പിശുക്കനായി മാറണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ടോ എന്ന്. അല്ലാഹുവിനെത്തന്നെയാണെ സത്യം, താൻ പിശുക്കനോ ഭീരുവോ അല്ലെന്നും, താൻ കള്ളം പറയുന്നവനല്ലെന്നും അവിടുന്ന് അരുളി.
മറ്റുള്ളവർക്ക് നൽകുമ്പോഴുള്ള അദ്ദേഹത്തിൻ്റെ യുക്തിപൂർണമായ രീതി
അവിടുന്ന് മറ്റുള്ളവർക്ക് നൽകുമ്പോഴുള്ള യുക്തി
ആരെങ്കിലും ആവശ്യപ്പെട്ടാൽ അവർക്ക് നല്കുന്നതിലും ഉദാരത കാണിക്കുന്നതിലും മാത്രമല്ല, അത് നിർവഹിക്കുമ്പോൾ യുക്തി ഉപയോഗിക്കുന്നതിലും നബിതിരുമേനി(സ) ഉത്തമമായ മാതൃക കാണിച്ചുതന്നു. ഒരിക്കൽ, നബിതിരുമേനി(സ) ജനങ്ങൾക്കിടയിൽ സമ്പത്ത് വിതരണം ചെയ്തുകൊണ്ടിരിക്കെ, ഒരു വ്യക്തിക്ക് മാത്രം ഒന്നും നൽകിയില്ല. എന്തുകൊണ്ടാണ് അദ്ദേഹത്തിന് നൽകാത്തതെന്ന് ചോദിച്ചപ്പോൾ, “ഓ മുസ്‌ലിം” എന്നായിരുന്നു നബിതിരുമേനി(സ)യുടെ മറുപടി. അതേ ചോദ്യം വീണ്ടും ചോദിച്ചപ്പോഴും അവിടുന്ന് അത് തന്നെ ആവർത്തിച്ചു.
പിന്നീട്, മൂന്നാം തവണ ചോദിച്ചപ്പോൾ നബിതിരുമേനി(സ) ഇപ്രകാരം വിശദീകരിച്ചു: താൻ സമ്പത്ത് വിതരണം ചെയ്യുന്നത് ചില ആളുകളെ നരകത്തിൽ നിന്ന് രക്ഷിക്കാൻ വേണ്ടിയാണ്; കാരണം അവരുടെ വിശ്വാസം അത്ര ശക്തമല്ല. എന്നാൽ, വിശ്വാസത്തിൽ കൂടുതൽ ഉറപ്പുള്ളവർക്ക് അതിന്റെ ആവശ്യമില്ലാത്തതിനാൽ അവർക്ക് താൻ നൽകാറില്ല. അങ്ങനെ, വിശ്വാസത്തിൽ ദുർബലരായവർ തങ്ങളുടെ ബലഹീനത കാരണം വഴിതെറ്റിപ്പോകാതിരിക്കാൻ അവരെ പ്രത്യേകം പരിഗണിക്കണമെന്നും നബിതിരുമേനി(സ) പഠിപ്പിച്ചു.
ഈ സംഭവത്തിലൂടെ നബിതിരുമേനി(സ) നാല് പാഠങ്ങളാണ് പഠിപ്പിച്ചത്. ഒന്നാമതായി, ഒരു മുസ്‌ലിമായിരിക്കുന്നതും യഥാർത്ഥ വിശ്വാസിയായിരിക്കുന്നതും തമ്മിൽ വ്യത്യാസമുണ്ട്; ഒന്ന് ബാഹ്യമായ കാര്യമാണെങ്കിൽ മറ്റൊന്ന് ഹൃദയവുമായി ബന്ധപ്പെട്ടതാണ്. രണ്ടാമത്തെ പാഠം, ശരിയായ സമയത്ത് ശരിയായ വാക്കുകൾ ഉപയോഗിക്കുക എന്നതാണ്. മൂന്നാമത്തേത്, ആളുകളുടെ വികാരങ്ങളെ മാനിക്കുക എന്നതും. നാലാമതായി, മറ്റൊരാളുടെ വിശ്വാസം തകരാൻ കാരണമാകുന്ന രീതിയിൽ സംസാരിക്കാതിരിക്കുക എന്നതാണ്.
നബിതിരുമേനി(സ)യുടെ ഔദാര്യം അവിടുത്തെ സ്വഭാവത്തിന്റെ മറ്റ് വശങ്ങളിലേക്കും ഒരു വാതായനം തുറക്കുന്നു. അവിടുത്തെ അധ്യാപനങ്ങൾ സന്തുലിതമായിരുന്നതുപോലെ തന്നെ, അവിടുത്തെ പ്രവർത്തനങ്ങളും സന്തുലിതമായിരുന്നു. അവിടുത്തെ ജീവിതത്തിലെ ഓരോ വശത്തെക്കുറിച്ചും ചിന്തിക്കാനും അത് പ്രാവർത്തികമാക്കാനും എല്ലാവർക്കും അല്ലാഹു തൗഫീഖ് നൽകട്ടെ, അവിടുത്തെ മാതൃകകൾ പിന്തുടർന്ന് ദൈവപ്രീതി നേടുന്ന രീതിയിൽ നമ്മുടെ ജീവിതത്തെ രൂപപ്പെടുത്താൻ എല്ലാവർക്കും പരിശ്രമിക്കാൻ സാധിക്കട്ടെ.
0 Comments