പ്രവാചകന്റെ (സ) സംതൃപ്തിയും ലാളിത്യവും നിറഞ്ഞ ജീവിതം

അപരിചിതനായ ഒരാൾ വരുമ്പോൾ ഇരിക്കുന്നവരിൽ ആരാണ് പ്രവാചകൻ (സ) എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം, പ്രവാചകൻ (സ) തന്റെ സ്വഹാബികൾക്കിടയിൽ അവരിലൊരാളായി സാധാരണ നിലയിലാണ് ഇരുന്നിരുന്നത്

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 23 ഒക്ടോബർ 2026ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: മുഹമ്മദ്‌ സ്വാലിഹ് ശാഹിദ്

തശഹ്ഹുദും തഅവ്വുദും സൂറത്തുൽ ഫാത്തിഹയും പാരായണം ചെയ്ത ശേഷം, മുഹമ്മദ് നബിയുടെ (സ) ജീവിതത്തിലൂടെ സ്ഥാപിക്കപ്പെട്ട ലാളിത്യത്തിന്റെ മാതൃകയെക്കുറിച്ച് സംസാരിക്കുന്നതാണെന്ന് ഹദ്റത്ത് മീർസ മസ്റൂർ അഹ്‌മദ് (അയ്യദഹുല്ലാഹു തആലാ ബിനസ്രിഹിൽ അസീസ്) പ്രസ്താവിച്ചു.

സ്വന്തം കാര്യങ്ങൾ സ്വയം ചെയ്യേണ്ടതിന്റെ പ്രാധാന്യം

തിരുനബി (സ) തനിക്കാവശ്യമുള്ള സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ സ്വയം പോകുമായിരുന്നു എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഒരിക്കൽ, കുറച്ച് വസ്ത്രങ്ങൾ വാങ്ങാനായി പരിശുദ്ധ പ്രവാചകൻ (സ) മാർക്കറ്റിലേക്ക് പോയി. അന്നൊക്കെ വസ്ത്രങ്ങളുടെ വില നിർണ്ണയിക്കാൻ അവ തൂക്കി നോക്കാറായിരുന്നു പതിവ്. പ്രവാചകൻ (സ) തിരഞ്ഞെടുത്ത വസ്ത്രങ്ങൾ തൂക്കി നോക്കുമ്പോൾ, ത്രാസിൽ ഭാരം കൃത്യമായി ചേർക്കാൻ അവിടുന്ന് വ്യാപാരിയോട് പറഞ്ഞു. ഇത് കേട്ട് വ്യാപാരി അത്ഭുതപ്പെട്ടു, കാരണം സാധാരണയായി ആളുകൾ വില കുറയ്ക്കാനായി ഭാരം കുറയ്ക്കാനാണ് തന്നോട് പറയാറുള്ളത്. ഈ ലാളിത്യവും സത്യസന്ധതയും കണ്ട വ്യാപാരി പ്രവാചകന്റെ (സ) കൈകളിൽ ഉമ്മ വെക്കാനായി മുന്നോട്ടാഞ്ഞു. എന്നാൽ, ഉമ്മ വെക്കാൻ താൻ ഒരു രാജാവല്ലെന്നും പകരം അവരെപ്പോലെയുള്ള ഒരു മനുഷ്യൻ മാത്രമാണെന്നും പറഞ്ഞുകൊണ്ട് തിരുനബി (സ) അതിന് അനുവദിച്ചില്ല. തുടർന്ന് പ്രവാചകൻ (സ) വസ്ത്രങ്ങൾ വാങ്ങിയപ്പോൾ, അവിടുത്തേക്ക് വേണ്ടി ആ വസ്ത്രങ്ങൾ ചുമക്കാൻ കൂടെയുണ്ടായിരുന്ന സ്വഹാബികൾ മുന്നോട്ടുവന്നു. എന്നാൽ, കടുത്ത ശാരീരിക ബുദ്ധിമുട്ടുകളോ ബലഹീനതയോ ഉള്ള ഘട്ടങ്ങളിൽ മാത്രം ഒരു മുസ്ലിം സഹോദരൻ അവരെ സഹായിക്കണമെന്നും അല്ലാത്ത സാഹചര്യങ്ങളിൽ സ്വന്തം സാധനങ്ങൾ സ്വയം ചുമക്കുകയാണ് വേണ്ടതെന്നും, പറഞ്ഞുകൊണ്ട് പ്രവാചകൻ (സ) അതിനും അവരെ അനുവദിച്ചില്ല.

ഒരിക്കൽ, പെരുന്നാൾ ദിവസത്തിൽ, ഹദ്റത്ത് ആയിശയും (റ) അവരുടെ കൂട്ടുകാരികളും ഔസ്, ഖസ്‌റജ് ഗോത്രങ്ങൾക്കിടയിൽ മദീനയിൽ നടന്നിട്ടുള്ള ബുആത് യുദ്ധത്തിലെ വിവരങ്ങൾ അടങ്ങിയ പാട്ടുകൾ പാടി. ഇത് കേട്ടുകൊണ്ട് അവിടെയുണ്ടായിരുന്ന ഹദ്റത്ത് അബൂബക്കർ (റ), അത്തരം കാര്യങ്ങൾ പാടരുതെന്ന് പറഞ്ഞ് അവരെ ശകാരിച്ചു. എന്നാൽ, അത് സാരമില്ലെന്നും ഇതൊരു അനൗപചാരികമായ അന്തരീക്ഷമാണെന്നും പ്രവാചകൻ (സ) ഹദ്റത്ത് അബൂബക്കറിനോട് (റ) പറഞ്ഞു; അവർ പാടിയ പാട്ടുകളിൽ ദൈവത്തിൽ പങ്കുചേർക്കുന്ന യാതൊരു ഘടകവുമില്ലാത്തതിനാൽ അത് പാടുന്നതിൽ തെറ്റില്ലെന്നും അവിടുന്ന് വ്യക്തമാക്കി.

അടുത്ത് വരുന്നവരോട് ക്ഷമ കാണിക്കുന്നതിൻ്റെ ഒരു മാതൃക

താൻ കണ്ടുമുട്ടുന്ന ആരെയും അസ്സലാമു അലൈകും എന്ന സമാധാനത്തിൻ്റെ അഭിവാദനം കൊണ്ട് ആദ്യം അഭിസംബോധന ചെയ്യുന്നവരിൽ പ്രവാചകൻ (സ) എപ്പോഴും മുന്നിലായിരുന്നു. കുട്ടികളുടെ കാര്യത്തിലും ഇത് ബാധകമായിരുന്നു, കാരണം പ്രവാചകൻ (സ) എപ്പോഴും അവരോട് ആദ്യം സലാം പറഞ്ഞ് അഭിവാദ്യം ചെയ്യുമായിരുന്നു. ചിലപ്പോൾ പ്രവാചകൻ (സ) കുട്ടികളുടെ തലയിൽ കൈവെച്ച് അവർക്കായി പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. പ്രവാചകൻ (സ) സൃഷ്ടിച്ചെടുത്ത സമാധാനപരവും ലളിതവുമായ ഒരു അന്തരീക്ഷമായിരുന്നു ഇത്. തീർച്ചയായും, പ്രവാചകന്റെ (സ) അരികിലിരുന്ന് തങ്ങളുടെ ആവശ്യം പറയാനുണ്ടായിരുന്ന ആർക്കും, തങ്ങൾ തന്നെ എഴുന്നേറ്റു പോകുന്നത് വരെ പ്രവാചകൻ (സ) തികഞ്ഞ ക്ഷമയോടെ അവർ പറയുന്നത് കേട്ടിരിക്കുമെന്ന് ബോധ്യമാകുമായിരുന്നു. ഈ പെരുമാറ്റം തങ്ങളുടെ ആവശ്യങ്ങൾ തുറന്നുപറയാൻ അവർക്ക് ധൈര്യം പകർന്നിരുന്നു.

ഇന്നത്തെ കാലത്ത് ഭാരവാഹികളും ഈ മാതൃക പിന്തുടരേണ്ടതുണ്ട് എന്ന് ഖലീഫാ തിരുമനസ്സ് പ്രസ്താവിച്ചു.

പ്രവാചകന്റെ (സ) വസ്ത്രധാരണത്തിലെ ലാളിത്യം

നൂറിലധികം സദസ്സുകളിൽ പ്രവാചകന്റെ (സ) കൂടെ ഇരുന്ന ഒരു സ്വഹാബി വിവരിക്കുന്നത്, ഈ സദസ്സുകളിൽ സ്വഹാബികൾ കാവ്യശകലങ്ങളും ജാഹിലിയ്യാ കാലത്തെ കഥകളും പരസ്പരം പങ്കുവെച്ചിരുന്നു എന്നാണ്. പ്രവാചകൻ (സ) ഇത്തരം സദസ്സുകളിൽ ഒപ്പമിരിക്കുകയും ചിലപ്പോഴൊക്കെ പുഞ്ചിരിക്കുകയും ചെയ്യുമായിരുന്നു. അതായത്, ഈ സദസ്സുകൾ അനൗപചാരികവും സൗഹൃദപരവുമായ ഒരു അന്തരീക്ഷത്തിലായിരുന്നു നടന്നിരുന്നത്. അതുപോലെ, അപരിചിതനായ ഒരാൾ വരുമ്പോൾ ഇരിക്കുന്നവരിൽ ആരാണ് പ്രവാചകൻ (സ) എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം, പ്രവാചകൻ (സ) തന്റെ സ്വഹാബികൾക്കിടയിൽ അവരിലൊരാളായി സാധാരണ നിലയിലാണ് ഇരുന്നിരുന്നത് എന്നും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

മക്കയിൽ നിന്നും മദീനയിലേക്കുള്ള ഹിജ്റ വേളയിൽ ഒരിക്കൽ, പ്രവാചകൻ (സ) ഖുബാക്ക് പുറത്തുള്ള ഒരു മരത്തണലിൽ ഇരിക്കുകയായിരുന്നു. മദീനയിൽ നിന്നുള്ള ചില ആളുകൾ പ്രവാചകനെ(സ) അഭിവാദ്യം ചെയ്യാനായി ഓടിയെത്തിയെങ്കിലും, പ്രവാചകനെ (സ) നേരത്തെ കണ്ടിട്ടില്ലാത്തതിനാൽ അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ല; അവർ ഹദ്റത്ത് അബൂബക്കറിനെ (റ) പ്രവാചകനായി (സ) തെറ്റിദ്ധരിച്ചു. അതിനാൽ അവർ ഹദ്റത്ത് അബൂബക്കറിന് (റ) അഭിമുഖമായി ആദരവോടെ ഇരുന്നു, എന്നാൽ പ്രവാചകൻ (സ) അവരുടെ തെറ്റ് തിരുത്താനായി ഒന്നും പറഞ്ഞതുമില്ല. തുടർന്ന് ഹദ്റത്ത് അബൂബക്കർ (റ) എഴുന്നേറ്റ്, തന്റെ തുണിയുപയോഗിച്ച് പ്രവാചകന് (സ) വെയിൽ തട്ടാതിരിക്കാൻ തണലേകി “അല്ലാഹുവിന്റെ തിരുദൂതരേ (സ)” എന്ന് അഭിസംബോധന ചെയ്യുകയും ചെയ്തു; അങ്ങനെ മദീനയിലെ ആളുകൾക്ക് പറ്റിയ തെറ്റ് അദ്ദേഹം തിരുത്തിക്കൊടുത്തു.
ലളിതജീവിതം നയിക്കാൻ പ്രവാചകൻ (സ) തന്റെ സ്വഹാബികളോടും ആവശ്യപ്പെടുമായിരുന്നു. ചില കാര്യങ്ങൾ ചെയ്യാൻ പ്രവാചകൻ (സ) നിർദ്ദേശിക്കുകയും മറ്റു ചില കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.

സ്വർണ്ണമോതിരങ്ങൾ ധരിക്കുന്നത്, ഹരീർ, ദീബജ് അഥവാ നേർത്ത പട്ട്, ബ്രൊക്കേഡ് (പട്ടുനൂൽകൊണ്ടുള്ള കട്ടിതുണി), സിൽക്ക് അടങ്ങിയ ഈജിപ്തിൽ നിന്നുള്ള പ്രത്യേക തരം തുണിത്തരങ്ങൾ, പട്ട് തലയണകൾ എന്നിവ ഉപയോഗിക്കുന്നതിനെതിരെ പ്രവാചകൻ (സ) മുന്നറിയിപ്പ് നൽകി. തുടർന്ന്, ജനാസ ചടങ്ങുകളിൽ പങ്കെടുക്കൽ, രോഗികളെ സന്ദർശിക്കൽ, എല്ലാവർക്കും സമാധാനത്തിൻ്റെ അഭിവാദനം ചെയ്യാനും പ്രാർത്ഥിക്കുവാനും പ്രവാചകൻ (സ) നിർദ്ദേശിച്ചു. പട്ട് നിരോധിച്ചതിന്റെ ഒരു കാരണം, അത് അഹങ്കാരത്തെയും ഗർവിനെയും പ്രതിനിധീകരിക്കുന്നതും അവിശ്വാസികളുടെ ഒരു പ്രത്യേകതയുമായിരുന്നു എന്നതാണ്. അതുപോലെ, പുരുഷന്മാർ സ്വർണ്ണം ധരിക്കുന്നത് പ്രകടനം നടത്തലിന്റെയും അഹങ്കാരത്തിന്റെയും ഗർവിന്റെയും പ്രതീകമായിരുന്നു.

മറ്റുള്ളവരെക്കാൾ തനിക്ക് മുൻഗണന നൽകുന്നതിനോടുള്ള പ്രവാചകന്റെ (സ) വെറുപ്പ്

ഒരിക്കൽ ഒരു സ്വഹാബിക്ക് രോഗം ബാധിച്ചപ്പോൾ, പ്രവാചകൻ (സ) അദ്ദേഹത്തെ സന്ദർശിക്കാനായി അദ്ദേഹത്തിന്റെ വീട്ടിലേക്ക് നടന്നുപോയി. അവിടുന്ന് എത്തിയപ്പോൾ സ്വഹാബി ബോധരഹിതനായിരുന്നു. പ്രവാചകൻ (സ) വുളൂഅ് ഉണ്ടാക്കുകയും, ആ വെള്ളം ആ സ്വഹാബിയുടെ മേൽ തളിക്കുകയും ചെയ്തു; ഉടൻ തന്നെ അദ്ദേഹം ഉണരുകയും ചെയ്തു.

ബദ്ർ യുദ്ധവേളയിൽ മൂന്ന് സ്വഹാബികൾ ഒരൊറ്റ ഒട്ടകത്തെയാണ് പങ്കിട്ടിരുന്നത്, അതിനാൽ അവർ മാറിമാറിയാണ് അതിൽ യാത്ര ചെയ്തിരുന്നത്. പ്രവാചകന്റെ (സ) ഊഴം നടക്കാനായപ്പോൾ, അദ്ദേഹത്തോടൊപ്പമുള്ള രണ്ട് സ്വഹാബികൾ പ്രവാചകൻ (സ) ഒട്ടകത്തിൽ തന്നെ തുടരണമെന്നും തങ്ങൾ നടന്നു കൊള്ളാമെന്നും നിർബന്ധിച്ചു. എന്നാൽ, അവർ തന്നെക്കാൾ കൂടുതൽ ശക്തന്മാരല്ലെന്നും അല്ലാഹുവിന്റെ പ്രതിഫലം നേടിയെടുക്കാനുള്ള അവസരം തനിക്ക് ആവശ്യമാണെന്നും പ്രവാചകൻ (സ) മറുപടി നൽകി. അങ്ങനെ മുൻകൂട്ടി നിശ്ചയിച്ച ഊഴം അനുസരിച്ച് തന്നെ ചെയ്യുമെന്ന് പ്രവാചകൻ (സ) വ്യക്തമാക്കി.

പ്രവാചകൻ (സ) വഫാത്തായപ്പോൾ, താൻ യാത്ര ചെയ്യാറുണ്ടായിരുന്ന കോവർകഴുതയും തന്റെ പടച്ചട്ടയും വഴിപോക്കർക്കായി ദാനം ചെയ്ത ഒരു ഭൂമിയുമല്ലാതെ മറ്റൊന്നും ബാക്കിവെച്ചിരുന്നില്ല. ഇത് പ്രവാചകൻ (സ) നയിച്ച ലളിതമായ ജീവിതരീതിയെയാണ് പ്രതിഫലിപ്പിക്കുന്നത്. പ്രവാചകൻ (സ) യാതൊരു കാര്യവും തനിക്ക് താഴെയാണെന്ന് കരുതിയിരുന്നില്ല. അവിടുന്ന് സ്വന്തം ഒട്ടകങ്ങൾക്ക് തീറ്റ നൽകുമായിരുന്നു, വീട്ടുജോലികൾ ചെയ്യുമായിരുന്നു, സ്വന്തം ചെരുപ്പുകളും വസ്ത്രങ്ങളും തുന്നുമായിരുന്നു, ആടുകളെ കറക്കുമായിരുന്നു, തന്റെ ജോലിക്കാരോടൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുമായിരുന്നു, ചന്തയിൽ നിന്ന് വാങ്ങിയ സാധനങ്ങൾ ചുമന്ന് വീട്ടിലെത്തിക്കുമായിരുന്നു, പണക്കാരെന്നോ പാവപ്പെട്ടവരെന്നോ വ്യത്യാസമില്ലാതെ എല്ലാവരോടും ഹസ്തദാനം ചെയ്യുമായിരുന്നു, എല്ലാവരോടും സമാധാനത്തിൻ്റെ അഭിവാദനം ചെയ്യുമായിരുന്നു, ഈത്തപ്പഴം മാത്രം കഴിക്കാൻ ആരെങ്കിലും ക്ഷണിച്ചാൽ പോലും പ്രവാചകൻ (സ) അതിനെ ചെറുതായി കണ്ടിരുന്നില്ല, അവിടുന്ന് എപ്പോഴും പുഞ്ചിരി തൂകിക്കൊണ്ടിരുന്നു, അമിതമായി ഉച്ചത്തിൽ ചിരിക്കുമായിരുന്നില്ല, എപ്പോഴും ദൈവത്തെ ഭയപ്പെട്ട് ജീവിച്ചു, അങ്ങേയറ്റം ഉദാരമതിയുമായിരുന്നു. എന്നിരുന്നാലും, ആർഭാട ചെലവുകൾ അവിടുന്ന് ഒഴിവാക്കി; അത്യാഗ്രഹത്താൽ അവിടുന്ന് ഒന്നും തേടിയില്ല; എപ്പോഴും ദയയുള്ളവനായിരുന്നു; അമിതമായി ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നില്ല.

സമ്മാനങ്ങളും തനിക്ക് ഇഷ്ടപ്പെടാത്ത ഭക്ഷണങ്ങളും ലഭിക്കുമ്പോഴുള്ള പ്രവാചകന്റെ (സ) മാതൃക

ചെറിയ സമ്മാനങ്ങൾ പോലും പ്രവാചകൻ (സ) സ്വീകരിക്കുകയും തിരിച്ച് സമ്മാനങ്ങൾ നൽകുകയും ചെയ്യുമായിരുന്നു. പ്രവാചകൻ (സ) തന്റെ മക്കൾക്ക് ആവശ്യമായത് കൃത്യമായി നൽകാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുകയും, അങ്ങനെ അവരുടെ ലളിതമായ ജീവിതത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു.

അതുപോലെ, ചില ഭക്ഷണങ്ങൾ തനിക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ പോലും പ്രവാചകൻ (സ) ഒരിക്കലും തന്റെ അതൃപ്തി പ്രകടിപ്പിക്കുമായിരുന്നില്ല; പകരം അത്തരം ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കുകയാണ് അവിടുന്ന് ചെയ്തിരുന്നത്. ഈന്തപ്പഴത്തോടൊപ്പം അപ്പം കഴിക്കാൻ പ്രവാചകൻ (സ) മടിച്ചിരുന്നില്ല എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ചൂടുള്ളതും പുതിയതുമായ ഒരു ഭക്ഷണം കഴിക്കാൻ കിട്ടാതെ പ്രവാചകന് (സ) ദിവസങ്ങൾ കഴിഞ്ഞുപോയ സന്ദർഭങ്ങളും രേഖകളിൽ കാണാം. ഭക്ഷണം കഴിക്കുന്നത് ജീവിതത്തിന്റെ ലക്ഷ്യമാക്കി മാറ്റിയവരെപ്പോലെ പ്രവാചകൻ (സ) ഒരിക്കലും വയറുനിറയെ ഭക്ഷിച്ചിരുന്നില്ല. ലഭ്യമായതുകൊണ്ട് തൃപ്തിപ്പെടുക എന്നത് സജ്ജനങ്ങളുടെ ഒരു പ്രത്യേകതയാണെന്ന് പ്രവാചകൻ (സ) കാണിച്ചുതന്നു. കഴിക്കാൻ ഒന്നുമില്ലാത്ത അവസ്ഥ പ്രവാചകന് (സ) പലപ്പോഴും ഉണ്ടായിട്ടുണ്ട്, അങ്ങനെയുള്ള വേളകളിൽ അവിടുന്ന് വെറും ഈന്തപ്പഴവും വെള്ളവും കൊണ്ട് തൃപ്തിപ്പെടും. കയ്യിൽ എന്തുണ്ടെങ്കിലും പ്രവാചകൻ (സ) അല്ലാഹുവോട് നന്ദിയുള്ളവനായിരിക്കുകയും അതിനെ ധാരാളമായി കാണുകയും ചെയ്തു. ചാരിയിരുന്ന് ഭക്ഷണം കഴിക്കില്ല എന്ന് വരെ പ്രവാചകൻ (സ) പറയുകയുണ്ടായി.

അത്തരം ലാളിത്യമാണ് ജീവിതത്തിൽ പുലർത്തിയത്. തങ്ങളുടെ സമ്പത്ത് പ്രകടിപ്പിക്കുന്ന ലോകരുടെ ഒരു ശീലമായിരുന്നു ആ രീതിയിൽ ഭക്ഷണം കഴിക്കുക എന്നത്. അതിനാൽ, താനൊരു സാധാരണ മനുഷ്യനാണെന്നും ഒരു സാധാരണക്കാരനെപ്പോലെയാണ് ഭക്ഷണം കഴിക്കുന്നതെന്നും പ്രവാചകൻ (സ) പറഞ്ഞു.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും തികഞ്ഞ മാതൃക

അല്ലാഹുവിന്റെ തിരുദൂതർ (സ) എല്ലാ അർത്ഥത്തിലും തികഞ്ഞൊരു മാതൃകയാണ്. അവിടുത്തെ ജീവിതം പഠിച്ച് അവിടുന്ന് സ്ത്രീകളോട് എങ്ങനെ പെരുമാറിയെന്ന് നോക്കൂ. എൻ്റെ വീക്ഷണത്തിൽ, ഒരു സ്ത്രീയോട് തർക്കിക്കാൻ നിൽക്കുന്ന വ്യക്തി പൗരുഷമില്ലാത്ത ഭീരുവാണ്. അവിടുന്ന് എത്രത്തോളം ദയാലുവായിരുന്നുവെന്ന് കാണാൻ പ്രവാചകന്റെ (സ) പരിശുദ്ധമായ ജീവിതം പഠിക്കുക. പ്രവാചകൻ (സ) വളരെ ഗൗരവമുള്ളൊരു വ്യക്തിത്വത്തിന് ഉടമയായിരുന്നിട്ട് കൂടി, ഒരു വൃദ്ധയായ സ്ത്രീ അവിടുത്തെ തടഞ്ഞുനിർത്തിയാൽ, ആ സ്ത്രീ പോകാൻ അനുവദിക്കുന്നത് വരെ അവിടുന്ന് അവിടെ നിൽക്കുമായിരുന്നു. അവിടുന്ന് സ്വയം ചന്തയിൽ പോവുകയും തന്റെ വീട്ടുസാധനങ്ങൾ വാങ്ങിക്കൊണ്ടുവരികയും ചെയ്യുമായിരുന്നു.

ഒരിക്കൽ പ്രവാചകൻ (സ) ചന്തയിൽ നിന്ന് എന്തോ വാങ്ങിയപ്പോൾ ഒരു സ്വഹാബി, “തിരുദൂതരേ, ആ ജോലി എനിക്ക് നൽകൂ” എന്ന് പറഞ്ഞു. എന്നാൽ പ്രവാചകൻ (സ) മറുപടി നൽകി: “ഒരാൾ തന്റെ സാധനങ്ങൾ സ്വയം ചുമക്കണം.” വിറക് കൊണ്ടുവരുന്നത് പോലുള്ള ചെറിയ ജോലികൾ ചെയ്യാൻ പ്രവാചകൻ (സ) മറ്റുള്ളവരെ ഒരിക്കലും അനുവദിച്ചിരുന്നില്ല എന്ന് ഇതിൽ നിന്ന് അനുമാനിക്കരുത്. എന്നിരുന്നാലും, ഈ സംഭവങ്ങൾ പ്രവാചകന്റെ (സ) ലാളിത്യവും പ്രൗഢിയില്ലാത്ത സ്വഭാവവുമാണ് വ്യക്തമാക്കുന്നത്. തനിക്ക് മുന്നിലോ പിന്നിലോ നടക്കുന്നത് ആരാണെന്ന യാതൊരു വ്യത്യാസവുമില്ലാതെ പ്രവാചകൻ (സ) കാൽനടയായിട്ടായിരുന്നു ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്തിരുന്നത്. ഔപചാരികതകളിൽ അഭിരമിക്കുന്ന ആളുകളുടെ കാര്യത്തിൽ, മറ്റുള്ളവർ തങ്ങൾക്ക് മുന്നിൽ നടക്കുന്നത് അവർ ഇഷ്ടപ്പെടാറില്ല എന്നത് കാണാവുന്നതാണ്. എന്നാൽ പ്രവാചകൻ (സ) എത്രമാത്രം ലാളിത്യമാണ് പ്രകടിപ്പിച്ചതെന്ന് വെച്ചാൽ, ജനങ്ങൾക്കിടയിൽ ആരാണ് അല്ലാഹുവിന്റെ ദൂതൻ എന്ന് ചില അവസരങ്ങളിൽ ആളുകൾക്ക് തിരിച്ചറിയാൻ പോലും കഴിയുമായിരുന്നില്ല.

പ്രവാചകൻ (സ) മദീനയിൽ എത്തിയപ്പോൾ, ഹസ്‌റത്ത് അബൂബക്കറിന്റെ (റ) താടി വെളുത്തതായിരുന്നു, അതിനാൽ അദ്ദേഹമാണ് അല്ലാഹുവിന്റെ പ്രവാചകൻ (സ) എന്ന് ആളുകൾ തെറ്റിദ്ധരിച്ചു. എന്നാൽ, പ്രവാചകനാണ് (സ) ദൈവത്തിന്റെ തിരുദൂതൻ എന്ന് ആളുകൾക്ക് കാണിച്ചുകൊടുക്കുന്നതിനായി ഹദ്റത്ത് അബൂബക്കർ (റ) അവിടുത്തേക്ക് ഒരു സേവനം ചെയ്തു നൽകി, അതോടെയാണ് എല്ലാവർക്കും സത്യം ബോധ്യപ്പെട്ടത്.

ചില സന്ദർഭങ്ങളിൽ പ്രവാചകൻ (സ) ഹദ്റത്ത് ആഇശയുമായി (റ) ഓട്ടമത്സരം പോലും നടത്തിയിട്ടുണ്ട്. ഒരിക്കൽ പ്രവാചകൻ (സ) അവരെ മറികടന്നു, മറ്റൊരു സന്ദർഭത്തിൽ ഹദ്റത്ത് ആഇശയ്ക്ക് (റ) മുന്നേറാൻ അവസരം നൽകാനായി അവിടുന്ന് വേഗത കുറച്ചു, അങ്ങനെ അവർ അവിടുത്തെ മറികടക്കുകയും ചെയ്തു. അതുപോലെ, ഒരിക്കൽ കുറെ അബ്‌സീനിയക്കാർ (എത്യോപ്യക്കാർ) വിനോദപരമായ ചില പ്രകടനങ്ങൾ കാണിക്കാനായി വന്നതും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. പ്രവാചകൻ (സ) ഹദ്റത്ത് ആഇശയ്ക്ക് (റ) അവരുടെ ആ പ്രകടനം കാണിച്ചുകൊടുത്തു. എന്നാൽ ഹദ്റത്ത് ഉമർ (റ) അവിടെയെത്തിയപ്പോൾ, അബ്‌സീനിയക്കാർ അദ്ദേഹത്തെ കണ്ട് ഭയന്നോടിപ്പോയി.
ചുരുക്കത്തിൽ, ഒരാൾ പ്രവാചകന്റെ (സ) ജീവിതം സൂക്ഷ്മമായി പഠിക്കുമ്പോൾ ധാരാളം കാര്യങ്ങൾ മനസ്സിലാക്കുന്നു. എന്നാൽ, അവിടുത്തെ ജീവിതത്തെക്കുറിച്ച് ചിന്തിക്കാതെ അവിടുത്തെയ്ക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ വായ തുറക്കുന്ന ചില മൂഢന്മാരും അജ്ഞരുമായ വ്യക്തികളുണ്ട് – ക്രൈസ്തവരുടെ അവസ്ഥയും ആര്യസമാജികളുടെ അവസ്ഥയും ഇതുതന്നെയാണ്.
(മൽഫൂസാത്ത്, ഇംഗ്ലീഷ് പരിഭാഷ, വാല്യം 3, പേജ് 296-297)
പ്രവാചകന്റെ (സ) പദവി വളരെ ഉയർന്നതായിരുന്നു, അവിടുത്തെ ഓരോ പ്രവൃത്തിയും നമുക്ക് മാതൃകയാണ്.

അനുബന്ധ വിഷയങ്ങള്‍

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു