അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള നേതാവും ഖലീഫത്തുല് മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്സാ മസ്റൂര് അഹ്മദ് (അയ്യദഹുല്ലാഹ്) 30 ഒക്ടോബർ 2026ന് മസ്ജിദ് മുബാറക്ക് ഇസ്ലാമാബാദ് ടില്ഫോര്ഡില് വച്ച് നിര്വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്ത്തനം: കെ.ഐ ഗുലാം അഹ്മദ്
ശാഹിദ്
തശഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം നബിതിരുമേനി (സ)യുടെ ലാളിത്യമാർന്ന ജീവിതത്തെക്കുറിച്ചും ജീവിതരീതിയെക്കുറിച്ചും തുടർന്നും വിവരിക്കുന്നതാണെന്ന് ഖലീഫ തിരുമനസ്സ് ഹദ്റത്ത് മിർസാ മസ്റൂർ അഹ്മദ് (അബി) അരുൾ ചെയ്തു.
ലാളിത്യത്തിന്റെ പരിപൂർണ്ണ മാതൃക
അഹ്മദിയ്യ ജമാഅത്തിന്റെ രണ്ടാം ഖലീഫയായ ഹദ്റത്ത് മിർസാ ബഷീറുദ്ദീൻ മഹ്മൂദ് അഹ്മദ് (റ) പ്രസ്താവിച്ചു, പ്രവാചകശ്രേഷ്ഠൻ(സ) ഏറ്റവും വിശിഷ്ടമായ ആഹാരങ്ങളും രാജകീയമായ വിരുന്നുകളും ആസ്വദിച്ചിരുന്നുവെന്ന് ചിലർ ധരിച്ചേക്കാം. എന്നാൽ യാഥാർത്ഥ്യം ഇതിന് തികച്ചും വിപരീതമായിരുന്നുവെന്ന് അറിയുമ്പോൾ അവർ അത്ഭുതപ്പെടും. എല്ലാ കാര്യങ്ങളിലും ഉദാത്തമായ മാതൃകയായ അവിടുന്ന്, പരമമായ ലാളിത്യത്തിന്റെയും ജീവിതരീതിയുടെയും പ്രതീകം കൂടിയായിരുന്നു. നബി തിരുമേനി(സ)യുടെ ഗൃഹത്തിൽ തുടർച്ചയായി രണ്ടു മാസത്തോളം അടുപ്പു കത്തിച്ചിരുന്നില്ലെന്നത് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഈ കാലയളവിലൊക്കെയും ഈത്തപ്പഴവും വെള്ളവും കൊണ്ടും ചിലപ്പോൾ അയൽവാസികൾ കൊടുത്തയച്ച പാലുകൊണ്ട് തൃപ്തിപ്പെടുമായിരുന്നു. തന്റെ വീട്ടിൽ തുടർച്ചയായി രണ്ട് മാസത്തോളം ഒന്നും പാകം ചെയ്യാതിരിക്കത്തക്കവിധം അത്രയും ലളിതമായിരുന്നു നബിതിരുമേനി (സ)യുടെ ജീവിതം. ഇന്നത്തെ കാലത്ത് മനുഷ്യർ സാമ്പത്തിക ഞെരുക്കങ്ങൾ അനുഭവിക്കുന്നു. അതിനൊരു കാരണം ആഹാരത്തോടുള്ള അനിയന്ത്രിതമായ ആഗ്രഹങ്ങളും ഏറ്റവും മികച്ച ഭക്ഷണത്തിനായുള്ള അഭിവാഞ്ചയുമാണെന്ന് അന്വേഷിച്ചാൽ തിരിച്ചറിയാൻ സാധിക്കും. എന്നാൽ പ്രവാചകചര്യ ഇതിന് തികച്ചും വിരുദ്ധമായിരുന്നു. അവിടുന്ന് അമിതമായി ഭക്ഷിക്കുന്നതിന് പകരം ആവശ്യമുള്ളത്രമാത്രം ഭക്ഷിക്കുകയും ഒരു മിതത്വം കാത്തുസൂക്ഷിക്കുകയും ചെയ്തിരുന്നു. അതേസമയം, സന്യാസതുല്യമായ കഠിനവ്രതങ്ങളെ അവിടുന്ന് പ്രോത്സാഹിപ്പിച്ചില്ല. ലഭ്യമായവയിൽ ഏറ്റവും ഉത്തമമായത് മിതത്വത്തോടെ സ്വീകരിക്കുമായിരുന്നു. ചുരുക്കത്തിൽ, ഏറ്റവും മികച്ച ആഹാരം ഭക്ഷിക്കുക എന്നതായിരുന്നില്ല പ്രവാചകജീവിതത്തിന്റെ ലക്ഷ്യം, ലഭ്യമായതിൽ ശ്രേഷ്ഠമായത് മിതമായ അളവിൽ ആ മഹാത്മാവ് സ്വീകരിക്കുമായിരുന്നു.
നബിതിരുമേനി (സ) നല്ല ഭക്ഷണങ്ങളും കഴിക്കാറുണ്ടായിരുന്നു.
ഒരിക്കൽ അവിടുന്ന് ആട്ടിൻകുട്ടിയുടെ തുടയിറച്ചി കത്തികൊണ്ട് മുറിച്ചു ഭക്ഷിച്ചുകൊണ്ടിരുന്ന സന്ദർഭത്തിൽ നമസ്കാരത്തിന്റെ സമയം സമാഗതമാവുകയും, മുൻകൂട്ടി അംഗസ്നാനം (വുദു) നിർവ്വഹിച്ചിട്ടുണ്ടായിരുന്നതിനാൽ അവിടുന്ന് ഉടൻതന്നെ കത്തി താഴെവെച്ച് നമസ്കാരത്തിന് പോവുകയും ചെയ്തിരുന്നതായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു.
ഫോർക്കുകളും കത്തികളും (Forks and knives) ഉപയോഗിച്ച് ആഹാരം കഴിക്കുന്നതിനെ ഇസ്ലാം വിലക്കുന്നില്ല, എന്നാൽ മറ്റ് ചില ജനതകളെപ്പോലെ ആഡംബരം കാണിക്കുന്നത് ഇസ്ലാം ഇഷ്ടപ്പെടുന്നില്ലെന്ന് വാഗ്ദത്ത മസീഹ് (അ) വ്യക്തമാക്കുകയുണ്ടായി. ഭക്ഷണവേളകളിൽ എളുപ്പത്തിനുവേണ്ടി കത്തി ഉപയോഗിക്കുന്ന മാതൃക പ്രവാചകൻ (സ) കാണിച്ചുതന്നിട്ടുണ്ട്. അതിനാൽ അത്തരം രീതികൾ അവലംബിക്കുന്നതിൽ യാതൊരു തെറ്റുമില്ല. അതുപോലെതന്നെ, മറ്റു ഭക്ഷണരീതികൾ സ്വീകരിക്കുന്നതിലും ആക്ഷേപമില്ല, അവയെ ഒരുവിധത്തിലും ചെറുതായി കാണാൻ പാടില്ലാത്തതുമാണ്. താൻതന്നെ ചില വേളകളിൽ നിലത്തുവിരിച്ച പായയിൽ ഇരുന്ന് ഭക്ഷണം കഴിക്കാറുണ്ടെന്ന് വാഗ്ദത്ത മസീഹ് (അ) തന്റെ അനുഭവം വിവരിക്കുകയുണ്ടായി. അതിനാൽ അന്യരുടെ സംസ്കാരത്തെ പൂർണ്ണമായും അനുകരിക്കാൻ ശ്രമിക്കാതെ ലാളിത്യത്തെ ഏറ്റവും മികച്ച രീതിയായി സ്വീകരിക്കണം.
ചെറിയ സമ്മാനങ്ങൾ പോലും സ്വീകരിക്കുന്നത് പുണ്യമാണ്
ഏറ്റവും ചെറിയ സമ്മാനം പോലും നബിതിരുമേനി (സ) സ്വീകരിക്കുമായിരുന്നു. ചെറിയൊരു കഷ്ണം ആട്ടിറച്ചികഴിക്കാൻ ക്ഷണിക്കപ്പെട്ടാൽ പോലും അത് സ്വീകരിക്കുമെന്നും അല്ലെങ്കിൽ ചെറിയ കഷ്ണം ആട്ടിറച്ചി ഉപഹാരമായി നൽകപ്പെട്ടാൽ അതും സ്വീകരിക്കുമെന്നും ആ മഹാത്മാവ് പറയുകയുണ്ടായി. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഏറ്റവും ലളിതമായ ക്ഷണങ്ങളോ സമ്മാനങ്ങളോ പോലും നബിതിരുമേനി (സ) നിരസിക്കുമായിരുന്നില്ല. സമ്മാനങ്ങൾ നിരസിക്കുന്നത് അത്യന്തം അനിഷ്ടകരമായ കാര്യമാണെന്ന് അവിടുന്ന് പഠിപ്പിച്ചു. നേരെമറിച്ച്, സമ്മാനം എത്രതന്നെ ചെറുതോ ലളിതമോ ആണെങ്കിലും അത് സ്വീകരിക്കുന്നത് ഉദാത്തമായ സൽസ്വഭാവത്തിന്റെ പ്രതിഫലനമാണ്. പരസ്പര സ്നേഹം വർധിക്കുന്നതിന് കാരണമാകുന്നതിനാൽ സമ്മാനങ്ങൾ നൽകുന്നതിനെ നബിതിരുമേനി (സ) പ്രോത്സാഹിപ്പിച്ചു.
ഒരിക്കൽ നബിതിരുമേനി (സ)ക്ക് മാംസവും അദ്ദേഹം ഇഷ്ടപ്പെട്ടിരുന്ന ചുരക്കയും അടങ്ങിയ ഒരു വിഭവം നൽകപ്പെട്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്. നബിതിരുമേനി (സ) വിരലുകൾ കൊണ്ട് ചുരക്ക എടുത്തു ഭക്ഷിക്കുമായിരുന്നു. എന്നാൽ ആ മഹാത്മാവിന് ഭക്ഷിക്കാൻ യാതൊന്നും ഇല്ലാതിരുന്ന സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ട്. അത്തരം വേളകളിൽ വിശപ്പടക്കാൻ അവിടുന്ന് ഉദരത്തിൽ കല്ലുകൾക്കട്ടി വച്ചിരുന്നു. ഈ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാതെ, പ്രവാചകൻ എങ്ങനെയാണ് ഇത്രയും നല്ല ഭക്ഷണം കഴിച്ചത് എന്ന് അത്ഭുതപ്പെടുന്നവർ വിഡ്ഢികളാണ്. കാരണം, ദിവസങ്ങളോളം പട്ടിണി കിടന്ന സന്ദർഭങ്ങളും അവിടുത്തെ ജീവിതത്തിലുണ്ടായിരുന്നു.
സാധുക്കളെ കുറിച്ച് ബോധവാന്മാരായിരിക്കുക
ഒരിക്കൽ രണ്ട് പെൺമക്കളുമായി സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഒരു സ്ത്രീ ഹസ്റത് ആയിഷ (റ)യുടെ അടുക്കൽ ചെന്നപ്പോൾ, ആ ഭവനത്തിൽ ആകെ ഒരു ഈത്തപ്പഴം മാത്രമാണ് ഉണ്ടായിരുന്നത്. ഹസ്റത് ആയിഷ (റ) ആ ഈത്തപ്പഴം ആ സ്ത്രീക്ക് നൽകുകയും, ആ മാതാവ് അത് രണ്ടായി പകുത്ത് തന്റെ പെൺമക്കൾക്ക് നൽകുകയും ചെയ്തു. ഹദ്റത്ത് ആയിഷ (റ) ഇതേക്കുറിച്ച് നബിതിരുമേനി (സ)യോട് പറഞ്ഞപ്പോൾ, രണ്ട് പെൺമക്കളുണ്ടാവുകയും അവരെ നന്നായി വളർത്തുകയും ചെയ്യുന്നവർക്ക് ദൈവം സ്വർഗ്ഗം വിധിച്ചിട്ടുണ്ടെന്ന് അദ്ദേഹം മറുപടി നൽകി. ചുരുക്കത്തിൽ വിശപ്പിന്റെ സമയങ്ങളിൽ നബിതിരുമേനി (സ) ഒരിക്കലും പരാതി പറഞ്ഞിരുന്നില്ല. യഥാർത്ഥത്തിൽ, വിശപ്പിന്റെ ഘട്ടങ്ങളിൽ പരാതി പറയാതിരിക്കുന്ന വ്യക്തിയാണ് ലോകത്തിലെ സകല അനുഗ്രഹങ്ങൾക്കും അർഹനായിത്തീരുന്നത്. കാരണം അവർ എല്ലാ സാഹചര്യങ്ങളിലും തങ്ങളുടെ നാഥനിൽ പൂർണ്ണ സംതൃപ്തരായി വർത്തിക്കുന്നു.
ഹദ്റത്ത് മിർസാ ബഷീറുദ്ദീൻ മഹ്മൂദ് അഹ്മദ് (റ) എഴുതുന്നു:
‘ഭക്ഷണപാനീയങ്ങളുടെ കാര്യത്തിൽ നബി തിരുമേനി(സ) പരമമായ ലാളിത്യമാണ് പുലർത്തിയിരുന്നത്. വേണ്ടത്ര പാകം ചെയ്യപ്പെടാത്തതോ രുചിയില്ലാത്തതോ ആയ ആഹാരത്തെക്കുറിച്ച് അവിടുന്ന് ഒരിക്കലും അസംതൃപ്തി പ്രകടിപ്പിച്ചിരുന്നില്ല. അത് കഴിക്കുവാൻ സാധിക്കുമെങ്കിൽ, അത് തയ്യാറാക്കിയ വ്യക്തിയുടെ മനസ്സ് വേദനിക്കരുത് എന്ന് കരുതി അവിടുന്ന് അത് ഭക്ഷിക്കുമായിരുന്നു. എന്നാൽ ഒരു വിഭവം തീർത്തും അപ്രാപ്യമാണെങ്കിൽ, അവിടുന്ന് അത് കഴിക്കാതെ മൗനം പാലിക്കുക മാത്രമായിരുന്നു ചെയ്തിരുന്നത്. ഒരുക്കത്തിലും അതൃപ്തി പ്രകടിപ്പിച്ചിരുന്നില്ല. ഭക്ഷണത്തിനു മുന്നിൽ ഇരുന്നാൽ ആ മഹാത്മാവ്, മുന്നിലുള്ള ഭക്ഷണത്തിലേക്ക് പൂർണ്ണ ശ്രദ്ധ പതിപ്പിക്കുമായിരുന്നു. ആഹാരത്തോട് അവജ്ഞ കാണിക്കുകയോ അത് നിസ്സാരവൽക്കരിക്കുകയോ ചെയ്യുന്നത് താൻ ഇഷ്ടപ്പെടുന്നില്ല എന്ന് അവിടുന്ന് പറയുമായിരുന്നു. എന്തെങ്കിലും ഭക്ഷ്യവസ്തു അദ്ദേഹത്തിന് സമർപ്പിച്ചാൽ അത് അവിടെയുള്ളവരുമായി എപ്പോഴും പങ്കുവെക്കുമായിരുന്നു. ഒരിക്കൽ ആരോ അദ്ദേഹത്തിന് കുറച്ച് ഈത്തപ്പഴം സമർപ്പിച്ചു. അദ്ദേഹം ചുറ്റും നോക്കി സന്നിഹിതരുടെ എണ്ണം തിട്ടപ്പെടുത്തി ഓരോരുത്തർക്കും ഏഴ് വീതം തുല്യമായി പങ്കുവെച്ചു. യവം (ബാർലി) കൊണ്ടുള്ള റൊട്ടി പോലും നബിതിരുമേനി വയറുനിറയെ കഴിച്ചിട്ടില്ലെന്ന് അബിൂഹുറൈറ (റ) നിവേദനം ചെയ്യുന്നു.
ഒരിക്കൽ അദ്ദേഹം ഒരു വഴിയിലൂടെ കടന്നു പോകുമ്പോൾ ചില ആളുകൾ ചുട്ട ആട്ടിൻകുട്ടിയുടെ ചുറ്റും കൂടി വിരുന്ന് ആസ്വദിക്കാൻ തയ്യാറെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. അവർ നബിതിരുമേനിയെ(സ) കണ്ടപ്പോൾ തങ്ങളോടൊപ്പം ചേരാൻ ക്ഷണിച്ചുവെങ്കിലും ആ മഹാത്മാവ് അത് നിരസിച്ചു. ചുട്ട ഇറച്ചിയോട് അദ്ദേഹത്തിന് ഇഷ്ടമില്ലാത്തതുകൊണ്ടല്ല, മറിച്ച് കഴിക്കാൻ ആവശ്യത്തിന് ഭക്ഷണമില്ലാത്ത പാവപ്പെട്ട ആളുകൾ കാണാൻ ഇടയുള്ള തുറസ്സായ സ്ഥലത്ത് ഇരുന്ന് ആളുകൾ വിരുന്ന് ആസ്വദിക്കുന്നത് അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല എന്നതുകൊണ്ടാണ്. മറ്റ് സന്ദർഭങ്ങളിൽ അദ്ദേഹം ചുട്ട ഇറച്ചി കഴിച്ചിരുന്നതായി നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. തന്റെ മരണം വരെ നബിതിരുമേനി തുടർച്ചയായി മൂന്ന് ദിവസം വയറുനിറയെ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ആയിഷ (റ) നിവേദനം ചെയ്യുന്നു.’ (Introduction to the Study of the Holy Qur’an, pp. 226-227)
നമ്മളിൽ നല്ല ഭക്ഷണം കഴിക്കാൻ ഭാഗ്യം ലഭിച്ചവർ, ദരിദ്രരെയും നിരാലംബരെയും സ്മരിക്കുകയും അവർക്കുവേണ്ടി ദാനധർമ്മങ്ങൾ നിർവ്വഹിക്കുകയും ചെയ്യണമെന്ന് ഖലീഫ തിരുമനസ്സ് (അബി) ഉണർത്തി.
മക്ക വിജയദിവസം നബിതിരുമേനി (സ) വിശപ്പോടെ ഉമ്മു ഹാനി (റ)യുടെ വീട്ടിൽ ചെന്ന് കഴിക്കാൻ എന്തെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു. തന്റെ പക്കൽ കുറച്ച് ഉണങ്ങിയ റൊട്ടി മാത്രമേയുള്ളൂവെന്നും അത് നബിതിരുമേനി (സ)ക്ക് നൽകാൻ മടിയുണ്ടെന്നും അവർ പറഞ്ഞു. എന്നാൽ അത് കൊണ്ടുവരുവാൻ അവിടുന്ന് നിർബന്ധപൂർവ്വം ആവശ്യപ്പെട്ടു. കറിയായി എന്തെങ്കിലുമുണ്ടോ എന്ന് ചോദിച്ചപ്പോൾ സുർക്കയല്ലാതെ മറ്റൊന്നുമില്ല എന്ന് അവർ പറഞ്ഞു. അത് കൊണ്ടുവരാൻ പറയുകയും ആ ഉണങ്ങിയ റൊട്ടി സുർക്കയോടൊപ്പം കഴിക്കുകയും ചെയ്തു. സുർക്ക ഏറ്റവും മികച്ച കറിയാണെന്നും ഏതൊരു ഭവനത്തിൽ സുർക്കയുണ്ടോ ആ ഭവനം അനുഗ്രഹീതമാണെന്നും നബി തിരുമേനി (സ) അരുൾ ചെയ്തു. അത് പ്രവാചകന്മാരുടെ കറിയാണെന്നും അവിടുന്ന് വിശേഷിപ്പിച്ചു.
ഒരിക്കൽ അല്ലാഹുവിൻറെ പ്രവാചകൻ ഭക്ഷിച്ചിരുന്നതുപോലെയുള്ള ഒരു ഭക്ഷണം തയ്യാറാക്കാൻ ഒരാൾ ആവശ്യപ്പെട്ടു. നബി തിരുമേനി(സ)യുടെ ഭക്ഷണം എത്രത്തോളം ലളിതമായിരുന്നു എന്നാൽ ഇപ്പോൾ അത് തയ്യാറാക്കിയാൽ അയാൾക്ക് അത് ഇഷ്ടപ്പെടുകയില്ലെന്നും മറുപടി ലഭിച്ചു. എങ്കിലും അയാൾ നിർബന്ധിച്ചതനുസരിച്ച് ബാർലി പൊടിച്ച് ഒലീവ് എണ്ണയും കുറച്ച് സുഗന്ധവ്യഞ്ജനങ്ങളും ചേർത്ത് നൽകി. ഇതായിരുന്നു ആ മഹാത്മാവ് ഇഷ്ടപ്പെട്ടതും ഇടയ്ക്കിടെ കഴിച്ചിരുന്നതുമായ ഭക്ഷണം.
വസ്ത്രധാരണത്തിലെ ലാളിത്യം
നബിതിരുമേനി (സ) ആരെയും ശപിച്ചിട്ടില്ലെന്നും മടക്കി വെക്കപ്പെട്ട വസ്ത്രങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും രേഖപ്പെടുത്തിയിട്ടുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ധരിച്ചിരുന്ന വസ്ത്രങ്ങൾ മാത്രമേ നബിതിരുമേനി (സ)ന് പലപ്പോഴും ഉണ്ടായിരുന്നുള്ളൂ. മടക്കിവെച്ച അധിക വസ്ത്രങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നില്ല. വസ്ത്രങ്ങൾ കഴുകേണ്ടി വരുമ്പോഴെല്ലാം നബിതിരുമേനി (സ) തന്നെ അവ കഴുകുകയും അവ പൂർണ്ണമായി ഉണങ്ങുന്നതിന് മുമ്പ് തന്നെ ധരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അത്തരം സന്ദർഭങ്ങളിൽ വസ്ത്രങ്ങളിൽ വെള്ളത്തിന്റെ അടയാളങ്ങൾ കാണാമായിരുന്നു. അത്തരമൊരു ലളിത ജീവിതം ഇതുവരെ ആരും കാഴ്ചവെച്ചിട്ടില്ല, ഇനി ആർക്കും സാധ്യവുമല്ല.
പരലോക ജീവിതത്തെക്കുറിച്ച് ആകുലപ്പെടാത്ത പുരുഷന്മാർ മാത്രമേ പട്ട് ധരിക്കുകയുള്ളൂ എന്ന് നബിതിരുമേനി (സ) പറഞ്ഞിട്ടുണ്ട്. നബിതിരുമേനി (സ) ആർക്കെങ്കിലും പട്ട് സമ്മാനിച്ചിട്ടുണ്ടെങ്കിൽ അത് അവർ സ്വയം ധരിക്കുന്നതിനുവേണ്ടി അല്ല, മറിച്ച് കച്ചവടത്തിലൂടെ പ്രയോജനപ്പെടുത്താനോ അല്ലെങ്കിൽ തങ്ങളുടെ വീട്ടിലെ സ്ത്രീകൾക്ക് ധരിക്കാൻ നൽകുന്നതിന് വേണ്ടിയോ ആണ്. പട്ട് എന്നത് സ്ത്രീകൾക്കുള്ള അലങ്കാര മാർഗ്ഗമായാണ് കണക്കാക്കപ്പെടുന്നത്, പുരുഷന്മാർക്കായല്ല.
അതേസമയം തന്നെ, പുരുഷന്മാർ നല്ല വസ്ത്രം ധരിക്കുന്നതിനെ നബിതിരുമേനി (സ) വിലക്കിയിരുന്നില്ല. അഹങ്കാരികൾ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ലെന്ന് നബിതിരുമേനി (സ) ഒരിക്കൽ പറയുകയുണ്ടായി. പുരുഷന്മാർ നല്ല വസ്ത്രങ്ങളും നല്ല ചെരുപ്പുകളും ധരിക്കാൻ ആഗ്രഹിക്കുന്നുണ്ടല്ലോ എന്ന് ഒരാൾ നബിതിരുമേനി (സ)യോട് ചോദിച്ചപ്പോൾ
അല്ലാഹു സുന്ദരനാണെന്നും അവൻ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നുവെന്നും നബിതിരുമേനി (സ) മറുപടി നൽകി. അതിനാൽ നല്ല വസ്ത്രങ്ങൾ ധരിക്കുന്നതിൽ യാതൊരു തെറ്റുമില്ല. എന്നാൽ അത് അഹങ്കാരത്തിലേക്കോ മറ്റുള്ളവരെ തുച്ഛമായി കാണുന്നതിലേക്കോ നയിക്കരുത്.
അഹങ്കാരം ഒഴിവാക്കുക
ഒരിക്കൽ നബിതിരുമേനി (സ) ഹദ്റത്ത് ആയിഷ (റ)യോട് പറഞ്ഞു, പരലോകത്ത് വെച്ച് എന്നെ കണ്ടുമുട്ടാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഈ ലോകത്തിനെ ഒരു യാത്രാവിഭവം മാത്രമായി കാണണം.ധനികരുടെ സഹവാസം സ്വീകരിക്കരുതെന്നും വസ്ത്രങ്ങൾ കളയാതെ തുന്നി ഉപയോഗിക്കണമെന്നും അദ്ദേഹം അവരോട് ഉപദേശിച്ചു. തന്റെ കുടുംബത്തിലും ലാളിത്യത്തിന്റെ ഈ ശീലം ആ മഹാത്മാവ് വളർത്തിയെടുത്തു.
വസ്ത്രധാരണത്തിൽ ഉത്തമമായത് ധരിക്കാനും, എന്നാൽ അത് അഹങ്കാരത്തിന് കാരണമാകാതിരിക്കാൻ ശ്രദ്ധിക്കാനും നബിതിരുമേനി (സ) നിർദ്ദേശിച്ചു. പാവപ്പെട്ടവർ തങ്ങളുടെ വസ്ത്രധാരണത്തെക്കുറിച്ച് അപകർഷതാബോധത്തിന് അടിപ്പെടരുതെന്നും ആവശ്യമുള്ളപ്പോൾ അവ തുന്നിപ്പിടിച്ച് ഉപയോഗിക്കണമെന്നും അവിടുന്ന് പഠിപ്പിച്ചു. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചുപറ്റാനും പ്രശസ്തിക്കുവേണ്ടിയും മാത്രം ഈ ലോകത്ത് വസ്ത്രം ധരിക്കുന്നവർ പരലോകത്ത് അപമാനിതരാകുമെന്നും നബി തിരുമേനി(സ) മുന്നറിയിപ്പ് നൽകുകയുണ്ടായി.
വയറ് പൂർണ്ണമായും നിറച്ചാൽ അത് നശിച്ചുപോകുന്ന ഒരു പാത്രമായിത്തീരുന്നതാണെന്നും നബിതിരുമേനി (സ) അരുൾ ചെയ്തിട്ടുണ്ട്. പകരം, ഒരു ആവശ്യകത എന്ന നിലയിലാണ് ഭക്ഷണം കഴിക്കേണ്ടത്. ആവശ്യത്തിന് ഭക്ഷണമുണ്ടെങ്കിൽ വയറിന്റെ മൂന്നിലൊന്ന് ഭാഗം ഭക്ഷണത്തിനും, മൂന്നിലൊന്ന് വെള്ളത്തിനും, മൂന്നിലൊന്ന് വായുവിനുമായി മാറ്റിവെക്കണം. ഇന്ന് ഡയറ്റീഷ്യന്മാരും ആധുനിക വൈദ്യശാസ്ത്ര വിദഗ്ദ്ധരും 1,400 വർഷങ്ങൾക്ക് മുമ്പ് നബിതിരുമേനി (സ) നൽകിയ അതേ ഉപദേശം തന്നെയാണ് നൽകിക്കൊണ്ടിരിക്കുന്നത്.
വിരോധിച്ചിട്ടില്ലെങ്കിലും, ഒരേ പാത്രത്തിൽ രണ്ട് പാനീയങ്ങൾ കലർത്തുന്നതോ അല്ലെങ്കിൽ ഒരേ പ്ലേറ്റിൽ രണ്ട് തരത്തിലുള്ള വിഭവങ്ങൾ അടങ്ങിയിരിക്കുന്നതോ നബിതിരുമേനി (സ) ഇഷ്ടപ്പെട്ടിരുന്നില്ല. എത്രത്തോളം എന്നാൽ പാലിൽ തേൻ കലർത്തുന്നത് പോലും നബിതിരുമേനി (സ) ഇഷ്ടപ്പെട്ടിരുന്നില്ല. അല്ലാഹുവിന് വേണ്ടിയാണ് താൻ ലാളിത്യം സ്വീകരിച്ചിരിക്കുന്നത് എന്നതാണ് നബിതിരുമേനി (സ) ഇതിന് കാരണമായി പറഞ്ഞത്. ലോക സാഹചര്യങ്ങൾ കാരണം ശീലിച്ച ഭക്ഷണങ്ങൾ വാങ്ങാനോ കണ്ടെത്താനോ കഴിയാതെ വരുമ്പോൾ ആളുകൾ ആശങ്കാകുലരാകുന്നു. ആഗോളതലത്തിൽ ഒരു ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുകയാണെങ്കിൽ ഇത്തരം സാഹചര്യങ്ങൾ കൂടുതൽ വഷളാകുകയേയുള്ളൂ എന്ന് ഖലീഫ തിരുമനസ്സ്(അബിി) മുന്നറിയിപ്പ് നൽകി. അതിനാൽ, നാം ലളിത ജീവിതവും ഉള്ളതിൽ തൃപ്തി അടയുന്ന രീതിയും സ്വീകരിക്കണം. ഇത്തരം ഭൗതിക കാര്യങ്ങളെ നാം പൂർണ്ണമായി ആശ്രയിക്കുന്നവരാകരുത്.
ലോകത്തെ ഇത്തരം വിപത്തുകളിൽ നിന്ന് സർവ്വശക്തനായ അല്ലാഹു സംരക്ഷിക്കട്ടെയെന്നും, സ്വന്തം അഹങ്കാരം കാരണം വരുത്തിവെയ്ക്കുന്ന നാശത്തിൽ നിന്ന് ലോകം രക്ഷപ്പെടട്ടെയെന്നും നാം പ്രാർത്ഥിച്ചു കൊണ്ടിരിക്കണമെന്ന് ഖലീഫ തിരുമനസ്സ് (അബിി) പറഞ്ഞു. അല്ലാത്തപക്ഷം നാശം ഉറപ്പാണ്. മറ്റുള്ളവരുടെ സമ്പത്തും ഭൂമിയും പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിന് പകരം, ഈ രാജ്യങ്ങൾ തങ്ങളുടെ ജനങ്ങളെ സേവിക്കാനാണ് നോക്കേണ്ടത്.
നന്മയിൽ ഉറച്ചുനിൽക്കാൻ അല്ലാഹു നാമെല്ലാവരെയും പ്രാപ്തരാക്കട്ടെ എന്ന് ദുആ ചെയ്യുകയും ചെയ്തു.
0 Comments