അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 16 ഒക്ടോബർ 2026ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: എം. മുനവ്വർ അഹ്‍മദ് ശാഹിദ്
തശഹ്ഹുദും തഅവ്വുദും സൂറത്തുൽ ഫാത്തിഹയും പാരായണം ചെയ്തതിനു ശേഷം, അഹ്‌മദിയ്യാ ജമാഅത്തിന്റെ അഞ്ചാം ഖലീഫ ഹദ്റത്ത് മിർസാ മസ്റൂർ അഹ്‌മദ് (അയ്യദഹുല്ലാഹു തആലാ ബിനസ്വ്‌രിഹിൽ അസീസ്) വിശുദ്ധ ഖുർആനിലെ താഴെ പറയുന്ന സൂക്തം പാരായണം ചെയ്തു:
‘പറയുക: ഞാൻ നിങ്ങളോട് ഇതിനുവേണ്ടി (ഈ സന്ദേശം എത്തിക്കുന്നതിന് വേണ്ടി) പ്രതിഫലം ഒന്നും ആവശ്യപ്പെടുന്നില്ല. ഞാൻ അഭിനയിക്കുന്നവരിൽ പെട്ടവനുമല്ല.’ (വിശുദ്ധ ഖുർആൻ, 38:87)
ഈ സൂക്തത്തിൽ അല്ലാഹു മുഹമ്മദ് നബിയോട് (സ) പ്രഖ്യാപിക്കാൻ കൽപ്പിച്ചത്, താൻ എത്തിച്ചുകൊടുക്കുന്ന ഈ സന്ദേശം ജനങ്ങളുടെ നന്മയ്ക്കും അവരുടെ ഇഹപര ജീവിതങ്ങളുടെ ഉന്നമനത്തിനും വേണ്ടി മാത്രമുള്ളതാണ് എന്നാണ്; അതിനുപകരമായി യാതൊരു പ്രതിഫലമോ പ്രത്യുപകാരമോ അദ്ദേഹം അവരിൽ നിന്ന് ആവശ്യപ്പെടുന്നില്ല. പ്രപഞ്ചത്തിലെ സർവ്വ ഖജനാവുകളുടെയും ഉടമസ്ഥനായ നാഥനിൽ നിന്നാണ് അദ്ദേഹത്തിനുള്ള പ്രതിഫലം; ഭൗതിക സമ്പത്തുക്കളോട് യാതൊരു ആഗ്രഹമോ അഭിലാഷമോ അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ എല്ലാ അടിസ്ഥാന ആവശ്യങ്ങളും അല്ലാഹു തന്നെ നിറവേറ്റിക്കൊടുത്തിരുന്നു, അതിലപ്പുറം മറ്റൊന്നിന്റെയും ആവശ്യം അദ്ദേഹത്തിന് ഇല്ലായിരുന്നു. ഇതായിരുന്നു മുഹമ്മദ് നബിയുടെ(സ) ജീവിത ലാളിത്യം; അത് അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം വിവിധ രൂപങ്ങളിൽ പ്രകടമായിരുന്നു.
ദരിദ്രരോടൊപ്പം പുനരുത്ഥാനം പ്രാപിക്കണമെന്ന പ്രവാചകന്റെ (സ) അഭിലാഷം
ഒരിക്കൽ പ്രവാചകൻ (സ) ഇപ്രകാരം അരുളുകയുണ്ടായി: ‘ഒരു വീട്, നഗ്നത മറയ്ക്കാനാവശ്യമായ വസ്ത്രം, ഉണങ്ങിയ റൊട്ടിയും വെള്ളവും എന്നിവയല്ലാതെ മറ്റൊന്നിനും ആദം സന്തതികൾക്ക് അവകാശമില്ല.’ യഥാർത്ഥത്തിൽ, പ്രവാചകൻ (സ) ഇവിടെ വിവരിച്ചത് താൻ സ്വയം ജീവിച്ച ആ ജീവിതരീതിയെക്കുറിച്ചായിരുന്നു.
മറ്റൊരു സന്ദർഭത്തിൽ, ദരിദ്രരെ സ്നേഹിക്കാൻ നമ്മോട് നിർദ്ദേശിച്ചുകൊണ്ട് പ്രവാചകൻ (സ) ഇപ്രകാരം പ്രാർത്ഥിക്കുകയുണ്ടായി: ‘അല്ലാഹുവേ, ദരിദ്രനായി ജീവിക്കാനും ദരിദ്രനായി മരിക്കാനും ദരിദ്രരുടെ കൂട്ടത്തിൽ എന്നെ ഉയിർത്തെഴുന്നേൽപ്പിക്കാനും നീ എനിക്ക് അനുഗ്രഹം നൽകേണമേ.’ അതുപോലെതന്നെ, ലാളിത്യം മുറുകെപ്പിടിക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തുകൊണ്ട് ലാളിത്യം ഈമാന്റെ (വിശ്വാസത്തിന്റെ) ഭാഗമാണെന്ന് പ്രവാചകൻ (സ) ഉപദേശിച്ചു. കൂടാതെ, വിശ്വാസിയും ദരിദ്രനും കുടുംബസ്ഥനും യാചനയിൽ നിന്ന് ഒഴിഞ്ഞുനിൽക്കുന്നവനുമായ വ്യക്തിയെ അല്ലാഹു തീർച്ചയായും ഇഷ്ടപ്പെടുന്നുവെന്നും പ്രവാചകൻ (സ) അരുളി. ലാളിത്യവും സംതൃപ്തിയും നിറഞ്ഞ ഒരു ജീവിതം നയിക്കുന്നതിലൂടെ ഒരാൾക്ക് യാചനയിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ സാധിക്കുന്നതാണ്.
ധനികർക്ക് മുമ്പായി ദരിദ്രർ സ്വർഗ്ഗത്തിൽ പ്രവേശിക്കും
ഒരിക്കൽ, ദരിദ്രരായ ചില മുഹാജിറുകൾ മുഹമ്മദ് നബിയുടെ(സ) അടുക്കൽ വന്ന്, തങ്ങളേക്കാൾ മുൻഗണന അല്ലാഹു ധനികർക്ക് നൽകിയിരിക്കുന്നുവെന്ന് പരിഭവം പറഞ്ഞു. അപ്പോൾ പ്രവാചകൻ (സ) മറുപടിയായി അരുളി: ഒരു ദരിദ്രനായ വിശ്വാസി ധനികനേക്കാൾ 500 വർഷങ്ങൾക്ക് മുമ്പേ സ്വർഗ്ഗത്തിൽ പ്രവേശിക്കും. അതിനാൽ, ലാളിത്യവും സംതൃപ്തിയും നിറഞ്ഞ ജീവിതം നയിക്കുന്നവർ എത്ര ഭാഗ്യവാന്മാരാണ്! എന്നിരുന്നാലും, ആളുകളുടെ മനസ്സ് ഭൗതിക ലോകത്തിൽ മാത്രം തങ്ങിനിൽക്കുന്ന വിധത്തിൽ അത്യാഗ്രഹത്തിന്റെ ഒരു മനോഭാവത്തെയാണ് ഇന്നത്തെ ലോകം പ്രോത്സാഹിപ്പിക്കുന്നത്. എന്നാൽ നബി തിരുമേനി (സ) ഉപദേശം മുറുകെപ്പിടിക്കുന്നവർക്ക് തീർച്ചയായും അല്ലാഹുവിന്റെ പ്രതിഫലം ലഭിക്കുക തന്നെ ചെയ്യും. അതേസമയം, ഇതിനർത്ഥം ഒരാൾ കൈയും കെട്ടി വെറുതെ ഇരിക്കണം എന്നല്ല. മറിച്ച്, തങ്ങളാൽ കഴിയുന്ന വിധം പരമാവധി പരിശ്രമിക്കുകയും അധ്വാനിക്കുകയും ചെയ്യുക; അതിനുശേഷം ലാളിത്യത്തോടെ ജീവിക്കാനും സംതൃപ്തമായ ഒരു ജീവിതം നയിക്കാനും താല്പര്യം കാണിക്കുക എന്നതാണ് ഇതിന്റെ അർത്ഥം.
അമിത പ്രശംസയോടുള്ള പ്രവാചകന്റെ (സ) അതൃപ്തി
ക്രൈസ്തവർ ഈസാ നബിയുടെ (അ) കാര്യത്തിൽ അതിരുവിട്ട് ഒടുവിൽ അദ്ദേഹത്തെ ദൈവമായി സങ്കല്പിച്ചതുപോലെ, തന്നെ പുകഴ്ത്തുന്നതിൽ അതിരുകടക്കരുതെന്ന് പ്രവാചകൻ (സ) ഉപദേശിക്കാറുണ്ടായിരുന്നു. താൻ അല്ലാഹുവിന്റെ ഒരു ദാസനും അവന്റെ ദൂതനും മാത്രമാണെന്ന് പറയാനാണ് നബി തിരുമേനി (സ) തന്റെ അനുചരന്മാരെ ഉപദേശിച്ചത്. ഒരിക്കൽ ഒരാൾ നബി തിരുമേനിയുടെ (സ) അടുക്കൽ വന്ന് താങ്കൾ ഞങ്ങളുടെ നേതാവാണ് എന്ന് പറഞ്ഞു. യഥാർത്ഥ നേതാവ് അല്ലാഹുവാണെന്നായിരുന്നു നബി തിരുമേനി (സ) നൽകിയ മറുപടി. തുടർന്ന് ആ മനുഷ്യൻ, കാരുണ്യത്തിലും ഔദാര്യത്തിലും തങ്ങളിൽ ഏറ്റവും മഹാനായ വ്യക്തി അങ്ങാണെന്ന് പറഞ്ഞു. എന്നാൽ പിശാച് അവനെ വഴിതെറ്റിക്കാതിരിക്കാൻ വേണ്ടി, അത്തരം സംസാരങ്ങൾ നിർത്തി താൻ പറയാൻ വന്ന യഥാർത്ഥ വിഷയത്തിലേക്ക് കടക്കാൻ നബി തിരുമേനി (സ) അയാളോട് ആവശ്യപ്പെട്ടു. ജീവിതത്തിൽ ലാളിത്യം പുലർത്താൻ മാത്രമല്ല, അല്ലാഹുവിൽ പങ്കുചേർക്കുന്നതിന്റെ (ശിർക്കിന്റെ) അതിസൂക്ഷ്മമായ രൂപങ്ങളിൽ നിന്നുപോലും ഒഴിഞ്ഞുനിൽക്കാനാണ് പ്രവാചകൻ (സ) പഠിപ്പിച്ചത്.
ഒരിക്കൽ, കുറച്ചു പെൺകുട്ടികൾ ദഫ് മുട്ടിക്കൊണ്ട് ബദ്‌റിലെ രക്തസാക്ഷികളെ പ്രകീർത്തിക്കുന്ന ഗാനങ്ങൾ ആലപിക്കുകയും ഒപ്പം വിശുദ്ധ പ്രവാചകനെ (സ) പുകഴ്ത്തുകയും ചെയ്യുകയായിരുന്നു. അങ്ങനെ പാടുന്നതിനിടയിൽ, നാളെ എന്തു സംഭവിക്കുമെന്ന് അറിയുന്ന ഒരു പ്രവാചകൻ തങ്ങളുടെ കൂട്ടത്തിലുണ്ട് എന്ന് അവർ പറഞ്ഞു. അവരുടെ പ്രശംസ അതിരുകടക്കുകയും അല്ലാഹുവിൽ പങ്കുചേർക്കുന്നതിലേക്ക് (ശിർക്കിലേക്ക്) വഴിമാറുകയും ചെയ്തതിനാൽ നബി തിരുമേനി(സ) അവരെ തടഞ്ഞു. അത്തരം പുകഴ്ത്തലുകൾ നിർത്താനും, ബദ്‌റിലെ രക്തസാക്ഷികളെക്കുറിച്ചുള്ള മുൻപത്തെ വിഷയത്തിലേക്ക് തന്നെ മടങ്ങാനും അദ്ദേഹം അവരോട് ആവശ്യപ്പെട്ടു.
വീട്ടിലെ ലളിത ജീവിതം
മസ്ജിദുന്നബവിയോട് ചേർന്ന് പത്തോ പതിനഞ്ചോ അടി മാത്രം വലിപ്പമുള്ള ഒരു ചെറിയ മുറിയായിരുന്നു നബി തിരുമേനിയുടെ (സ) ഭവനമായി ഉണ്ടായിരുന്നത്. നബി തിരുമേനിയുടെ (സ) വിവാഹങ്ങൾ നടന്നതനുസരിച്ച് സമാനമായ മുറികൾ വീടുകളായി ഒരുക്കപ്പെടുകയുണ്ടായി. പട്ടണത്തിലെ മറ്റു വീടുകൾ കല്ലുകൊണ്ട് നിർമ്മിക്കപ്പെട്ടവയായിരുന്നപ്പോൾ, വിശുദ്ധ പ്രവാചകന്റെ (സ) ഭവനങ്ങളാകട്ടെ മണ്ണും ഈന്തപ്പനയോലകളും കൊണ്ടാണ് നിർമ്മിക്കപ്പെട്ടിരുന്നത്. ചില നിവേദനങ്ങൾ അനുസരിച്ച്, ഈ മുറികൾക്ക് അഞ്ച് മീറ്റർ നീളവും നാല് മീറ്റർ വീതിയുമേ ഉണ്ടായിരുന്നുള്ളൂ; കൈ ഉയർത്തിയാൽ തൊടാൻ കഴിയുന്നത്ര ഉയരം മാത്രമേ അവയുടെ മേൽക്കൂരയ്ക്കുണ്ടായിരുന്നുള്ളൂ. വിശുദ്ധ പ്രവാചകന്റെ (സ) വിയോഗത്തിന് ശേഷം ഈ വീടുകളിൽ ഭൂരിഭാഗവും പൊളിച്ചുമാറ്റപ്പെട്ടു. എങ്കിലും, വിശുദ്ധ പ്രവാചകൻ (സ) നയിച്ച ആ മഹത്തായ ജീവിത ലാളിത്യം ദൂരദേശങ്ങളിൽ നിന്നുള്ള ആളുകൾക്ക് നേരിട്ട് വന്ന് കാണാൻ സാധിക്കുന്നതിനായി ആ വീടുകൾ അങ്ങനെ തന്നെ നിലനിൽക്കണമെന്ന് ചില സ്വഹാബിമാർ അതിയായി ആഗ്രഹിച്ചിരുന്നു.
നബി തിരുമേനിക്ക് (സ) കട്ടിലൊന്നും ഉണ്ടായിരുന്നില്ല; പകരം തറയിൽ ഒരു പായ വിരിച്ചായിരുന്നു തിരുമേനി ഉറങ്ങിയിരുന്നത്. വീട്ടിൽ കഴിക്കാനും കുടിക്കാനുമായി ഈത്തപ്പഴവും വെള്ളവും മാത്രമാണ് പലപ്പോഴും ഉണ്ടായിരുന്നതെന്ന് നബി തിരുമേനിയുടെ പത്നി ഹദ്റത്ത് ആയിശ (റ) പ്രസ്താവിച്ചിട്ടുണ്ട്. വാസ്തവത്തിൽ, നബി തിരുമേനി (സ) വഫാത്തായ (വിടപറഞ്ഞ) ആ ദിവസത്തിൽ പോലും ഭവനത്തിൽ ഭക്ഷണപാനീയങ്ങളായി ഈത്തപ്പഴവും വെള്ളവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഹദ്റത്ത് മസീഹ് മൗഊദ്(അ) പറയുന്നു:
‘എണ്ണമറ്റ ആപത്തുകൾക്കും, ശത്രുക്കൾക്കും, നിന്ദകർക്കും, ഭീഷണിപ്പെടുത്തുന്നവർക്കും നടുവിലും അവിടുത്തെ അവസാന ശ്വാസം വരെ നബി തിരുമേനി (സ) തന്റെ പ്രവാചകത്വവാദത്തിൽ എത്രമാത്രം ദൃഢതയോടും അചഞ്ചലതയോടും കൂടിയാണ് ഉറച്ചുനിന്നതെന്ന് ചിന്തിച്ചുനോക്കൂ! വർഷങ്ങളോളം അവിടുന്ന് സഹിച്ച പീഡനങ്ങളും യാതനകളും വിജയത്തിൻ്റെ എല്ലാ സാധ്യതകളെയും തടയുന്ന തരത്തിലുള്ളതും അനുദിനം വർദ്ധിച്ചുവരുന്നതുമായിരുന്നു. എന്നാൽ അവയോടുള്ള അദ്ദേഹത്തിന്റെ ക്ഷമാപൂർവ്വമായ സമീപനം ഭൗതിക നേട്ടങ്ങൾക്കായുള്ള ഏതെങ്കിലും തരത്തിലുള്ള പദ്ധതികളെ പൂർണ്ണമായും തള്ളിക്കളയുന്നു. നേരെമറിച്ച്, പ്രവാചകത്വവാദം ഉന്നയിച്ച ആ നിമിഷം തന്നെ, തനിക്കുണ്ടായിരുന്ന തുച്ഛമായ പിന്തുണ പോലും അദ്ദേഹത്തിന് നഷ്ടപ്പെട്ടു. ഒരൊറ്റ പ്രഖ്യാപനം കൊണ്ട് അദ്ദേഹം അസംഖ്യം ശത്രുക്കളെ സമ്പാദിക്കുകയും എണ്ണമറ്റ പരീക്ഷണങ്ങൾ സ്വയം ഏറ്റുവാങ്ങുകയും ചെയ്തു. രക്തദാഹികളായ ശത്രുക്കളുടെ വേട്ടയാടലുകൾ കാരണം അദ്ദേഹത്തിന് പലായനം ചെയ്യേണ്ടി വന്നു; അദ്ദേഹത്തിന്റെ വീടും സമ്പത്തും നശിപ്പിക്കപ്പെട്ടു, വിഷം കൊടുത്തു കൊല്ലാൻ ആവർത്തിച്ച് ശ്രമങ്ങളുണ്ടായി. ഒരുകാലത്ത് അദ്ദേഹത്തിന്റെ ഗുണകാംക്ഷികളായിരുന്നവർ അദ്ദേഹത്തിന് എതിരായി മാറുകയും സുഹൃത്തുക്കൾ ശത്രുക്കളായിത്തീരുകയും ചെയ്തു. ഇത്രയും നീണ്ട കാലയളവിൽ അവിടുന്ന് ഇത്രയധികം സഹനത്തോടെ നേരിട്ട കഠിനമായ യാതനകൾ വഞ്ചകനായ ഒരു കപടവാദിക്കും സഹിക്കാൻ കഴിയുമായിരുന്നില്ല. ഒടുവിൽ ഇസ്‌ലാം വിജയം വരിക്കുകയും സുഭിക്ഷതയുടെയും സമൃദ്ധിയുടെയും കാലം ആഗതമാവുകയും ചെയ്തപ്പോൾ പോലും, അവിടുന്ന് യാതൊരു സമ്പത്തും വാരിക്കൂട്ടിയില്ല; തനിക്കായി കോട്ടകൊത്തളങ്ങളോ സൗധങ്ങളോ പണിതുയർത്തിയില്ല; ആഡംബരപൂർണ്ണവും രാജകീയവുമായ ജീവിതത്തിനായുള്ള യാതൊരു വിഭവങ്ങളും സംഭരിച്ചുവെച്ചില്ല; വ്യക്തിപരമായ യാതൊരു നേട്ടങ്ങളും ഉണ്ടാക്കിയതുമില്ല. മറിച്ച്, എല്ലാം അനാഥകൾക്കും അഗതികൾക്കും വിധവകൾക്കും കടബാധ്യതയുള്ളവർക്കും ദാനം ചെയ്യുകയാണ് ചെയ്തത്; അതേസമയം അദ്ദേഹം സ്വയം ഒരു നേരം പോലും വയറുനിറയെ ആഹാരം കഴിച്ചിരുന്നില്ല.’ (ബറാഹീനെ അഹ്‌മദിയ്യ ഒന്നാം ഭാഗം, ഇംഗ്ലീഷ് പരിഭാഷ, പേജ്: 127-128)
ഹദ്റത്ത് ആയിശയുടെ (റ) നിവേദനപ്രകാരം, നബി തിരുമേനിയുടെ (സ) വിരിപ്പ് തോൽകൊണ്ട് ഉണ്ടാക്കിയതും അതിൽ ഈന്തപ്പനനാരുകൾ നിറച്ചതുമായിരുന്നു. നബി തിരുമേനി(സ) ഉറങ്ങാറുണ്ടായിരുന്ന വിരിപ്പ് താൻ രണ്ടായി മടക്കിയാണ് വിരിച്ചിരുന്നതെന്ന് ഹദ്റത്ത് ഹഫ്സ (റ) പ്രസ്താവിച്ചിട്ടുണ്ട്. ഒരു രാത്രിയിൽ, നബി തിരുമേനിക്ക് (സ) കൂടുതൽ സുഖം ലഭിക്കട്ടെ എന്ന് കരുതി അവർ അത് നാലായി മടക്കി വിരിച്ചു. അടുത്ത ദിവസം രാവിലെ, തന്റെ വിരിപ്പ് മാറ്റിയിരുന്നോ എന്ന് നബി തിരുമേനി(സ) ചോദിച്ചു. അതേ വിരിപ്പുതന്നെയായിരുന്നുവെന്നും, എന്നാൽ താനത് നാലായി മടക്കി വിരിക്കുകയായിരുന്നുവെന്നും അവർ മറുപടി നൽകി. അപ്പോൾ, വിരിപ്പ് പഴയതുപോലെ തന്നെ വിരിച്ചാൽ മതിയെന്നും, അല്ലാത്തപക്ഷം ഈ അധിക സുഖസൗകര്യം നമസ്കാരത്തിനായി ഉണരുന്നതിന് തടസ്സമായേക്കാമെന്നും നബി തിരുമേനി (സ) അവരോട് ആവശ്യപ്പെട്ടു. ഇതിനർത്ഥം നബി തിരുമേനിക്ക് (സ) അന്ന് നമസ്കാരത്തിനായി ഉണരാൻ ബുദ്ധിമുട്ടുണ്ടായി എന്നല്ല; മറിച്ച്, ഭാവിയിൽ നമസ്കാരം നിർവ്വഹിക്കുന്നതിൽ നേരിയ തോതിലുള്ള വീഴ്ച പോലും വന്നുഭവിക്കരുതെന്ന കാര്യത്തിൽ നബി തിരുമേനിക്ക് (സ) ഉണ്ടായിരുന്ന അതീവ ജാഗ്രതയെയാണ് ഇത് കാണിക്കുന്നത്.
ഐഹിക ലോകത്തിലേക്കല്ല, പരലോകത്തിലേക്കായിരുന്നു ശ്രദ്ധ
ഒരിക്കൽ, ഹദ്റത്ത് ഉമർ (റ) നബി തിരുമേനിയെ(സ) ഭവനത്തിൽ ചെന്ന് സന്ദർശിക്കുകയുണ്ടായി. അദ്ദേഹം വിശുദ്ധ പ്രവാചകന്റെ (സ) മുറിയിൽ പ്രവേശിച്ചപ്പോൾ, പ്രവാചകൻ (സ) പരുക്കനായ ഒരു പുൽപ്പായയിൽ കിടക്കുകയായിരുന്നു. ആ പരുക്കൻ പായയുടെ പാടുകൾ നബി തിരുമേനിയുടെ (സ) മുതുകിൽ പതിഞ്ഞിരിക്കുന്നത് കണ്ട് ഹദ്റത്ത് ഉമറിന്റെ (റ) കണ്ണുകൾ നിറഞ്ഞു. ഖൈസറും കിസ്‌റയും (റോമിലെയും പേർഷ്യയിലെയും ചക്രവർത്തിമാർ) ഇത്രയധികം ആഡംബരത്തിൽ ജീവിക്കുമ്പോൾ വിശുദ്ധ പ്രവാചകൻ (സ) ഇത്തരമൊരു ലളിതമായ അവസ്ഥയിലാണ് കഴിയുന്നത് എന്ന് അദ്ദേഹം സങ്കടത്തോടെ പറഞ്ഞു. അപ്പോൾ നബി തിരുമേനി (സ) പ്രതിവചിച്ചു: ‘അവർക്ക് ഇഹലോകവും നമുക്ക് പരലോകവും ലഭിക്കുന്നതിൽ നീ സംതൃപ്തനല്ലയോ?’
സ്വന്തം മകൾക്ക് നൽകിയ ഉപദേശം
നബി തിരുമേനി (സ) തന്റെ മക്കളോടും ലാളിത്യം കൈക്കൊള്ളാൻ ഉപദേശിച്ചിരുന്നു. ഒരിക്കൽ, അദ്ദേഹത്തിന്റെ മകൾ ഹദ്റത്ത് ഫാത്തിമ (റ) അദ്ദേഹത്തിന്റെ അടുക്കൽ വരികയും ധാന്യം പൊടിക്കുന്നതിൽ താൻ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുകയും ചെയ്തു. അക്കാലത്ത്, നബി തിരുമേനിക്ക് (സ) ചില അടിമകളെ ലഭിച്ചിട്ടുണ്ടായിരുന്നു. അവരിൽ ഒരാളെ തനിക്ക് സഹായിയായി നൽകണമെന്ന് അപേക്ഷിക്കാൻ ഹദ്റത്ത് ഫാത്തിമ (റ) നബി തിരുമേനിയുടെ(സ) ഭവനത്തിലേക്ക് വീണ്ടും ചെന്നുവെങ്കിലും അദ്ദേഹത്തെ അവിടെ കണ്ടെത്താനായില്ല.
പിന്നീട്, നബി തിരുമേനി (സ) വീട്ടിൽ തിരിച്ചെത്തിയപ്പോൾ, ഹദ്റത്ത് ഫാത്തിമ (റ) അദ്ദേഹത്തെ കാണാൻ വന്നിരുന്നു എന്ന വിവരം ഹദ്റത്ത് ആയിശ (റ) അദ്ദേഹത്തെ അറിയിച്ചു. തുടർന്ന് പ്രവാചകൻ (സ) ഫാത്തിമയുടെ (റ) ഭവനത്തിലേക്ക് ചെന്ന് ഇപ്രകാരം അരുളി: ‘നീ ആവശ്യപ്പെട്ടതിനേക്കാൾ ഏറെ ഉത്തമമായ ഒന്ന് ഞാൻ നിനക്ക് പറഞ്ഞുതരട്ടെയോ? രാത്രിയിൽ ഉറങ്ങാൻ കിടക്കുമ്പോൾ 34 തവണ “അല്ലാഹു അക്ബർ” (അല്ലാഹുവാണ് ഏറ്റവും വലിയവൻ) എന്നും, 33 തവണ “സുബ്ഹാനല്ലാഹ്” (അല്ലാഹു എത്രയോ പരിശുദ്ധൻ) എന്നും, 33 തവണ “അൽഹംദുലില്ലാഹ്” (സർവ്വ സ്തുതിയും അല്ലാഹുവിനാകുന്നു) എന്നും ചൊല്ലി അല്ലാഹുവിന്റെ നാമം പ്രകീർത്തിക്കുക. ഇതൊരു വേലക്കാരനെ ലഭിക്കുന്നതിനേക്കാൾ നിനക്ക് ഏറെ ഉത്തമമാണ്.’ ധനമായിട്ടോ സേവകരായിട്ടോ എന്ത് ലഭിച്ചാലും അത് തനിക്കോ തന്റെ കുടുംബത്തിനോ വേണ്ടി കരുതിവെക്കാതെ ജനങ്ങൾക്കിടയിൽ പൂർണ്ണമായും വിതരണം ചെയ്യുക എന്നതായിരുന്നു പ്രവാചകന്റെ (സ) രീതി.
ഭാര്യമാരോട് എങ്ങനെ പെരുമാറണം എന്നതിൽ ഭർത്താക്കന്മാർക്കുള്ള മാതൃക
ഹദ്റത്ത് ഫാത്തിമയുടെ (റ) വിവാഹസമയത്ത്, പട്ടുതുണി, തോൽ കൊണ്ടുള്ള തലയണ, ഈന്തപ്പനനാരുകൾ, രണ്ട് തിരികല്ലുകൾ (ധാന്യം പൊടിക്കുന്ന കല്ല്), ഒരു തുകൽപ്പാത്രം (വെള്ളം സൂക്ഷിക്കുന്ന തോൽസഞ്ചി) എന്നിവയോടു കൂടിയാണ് പ്രവാചകൻ (സ) അവരെ പുതിയ വീട്ടിലേക്ക് അയച്ചത്. ഇത്ര ലളിതമായിരുന്നു പ്രവാചകന്റെ (സ) ജീവിതരീതി. നബി തിരുമേനി (സ) ആഗ്രഹിച്ചിരുന്നുവെങ്കിൽ ഇതിലുമെത്രയോ അധികം നൽകി അയക്കാമായിരുന്നു. പലപ്പോഴും ആളുകൾ തങ്ങളുടെ പെൺമക്കൾക്ക് സാധനങ്ങൾ നൽകി അയക്കുന്നതിനായി കടം വാങ്ങാറുണ്ട്. നബി തിരുമേനിയെ (സ) സഹായിക്കാൻ അവിടുത്തെ സ്വഹാബിമാർ അതീവ സന്നദ്ധരുമായിരുന്നു; എന്നിട്ടും നബി തിരുമേനി (സ) ലാളിത്യത്തെയാണ് തിരഞ്ഞെടുത്തത്. ഹദ്റത്ത് ഫാത്തിമയുടെ (റ) വിവാഹസൽക്കാരവും വളരെ ലളിതമായിരുന്നു. അതിഥികൾക്ക് ഈത്തപ്പഴവും മുന്തിരിയും വെള്ളവുമാണ് നൽകിയത്. അങ്ങനെ, ലാളിത്യം കൈക്കൊള്ളാനും അല്ലാഹുവിന്റെ പ്രീതി നേടിയെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് നബി തിരുമേനി (സ) തന്റെ മകളെ പഠിപ്പിച്ചത്.
പ്രവാചകന്റെ (സ) ഭവനജീവിതവും വളരെ ലളിതമായിരുന്നു. വീട്ടിൽ നബി തങ്ങൾ (സ) എന്താണ് ചെയ്യാറുള്ളത് എന്ന് ചോദിക്കപ്പെട്ടപ്പോൾ, നബി തിരുമേനി വീട്ടിലെ വിവിധ ജോലികളിൽ സഹായിക്കാറുണ്ടായിരുന്നുവെന്നും, നമസ്കാര സമയമാകുമ്പോൾ നമസ്കാരം നിർവ്വഹിക്കാനായി പോവുകയും ചെയ്യാറുണ്ടായിരുന്നുവെന്നാണ് ഹദ്റത്ത് ആയിശ (റ) പറഞ്ഞത്. ഭർത്താക്കന്മാർ വീട്ടിൽ വളരെ ക്രൂരവും നിയന്ത്രണസ്വഭാവമുള്ളതുമായ പെരുമാറ്റമാണ് പുലർത്തുന്നതെന്ന് പല സ്ത്രീകളും എനിക്ക് കത്തെഴുതാറുണ്ട്. എന്നാൽ നബി തിരുമേനിയുടെ (സ) മാതൃകയാകട്ടെ ഇതിന് തികച്ചും വിപരീതമായിരുന്നു. അവർ ഈ വിഷയത്തെക്കുറിച്ച് ചിന്തിക്കുകയും, നബി തങ്ങൾ (സ) കാട്ടിത്തന്ന ഉദാത്തമായ മാതൃക സ്വീകരിക്കുകയും ചെയ്യേണ്ടതുണ്ട്.
പ്രവാചകന്മാരുടെ വിനയപൂർണ്ണമായ ജീവിതം
ഒരിക്കൽ, നബി തിരുമേനിയും (സ) ഏതാനും സ്വഹാബിമാരും ചില ഫലവൃക്ഷങ്ങളുടെ അരികിലൂടെ കടന്നുപോവുകയായിരുന്നു. ഒരു പ്രത്യേക മരത്തിലെ പഴം വളരെ മധുരമുള്ളതായതിനാൽ അതിൽ നിന്ന് പഴങ്ങൾ കഴിക്കാൻ നബി തിരുമേനി (സ) സ്വഹാബിമാരോട് പറഞ്ഞു. അദ്ദേഹത്തിന് ഇത് എങ്ങനെ അറിയാം എന്ന് സ്വഹാബിമാർ ചോദിച്ചു. താൻ ആടുകളെ മേയ്ച്ചു നടന്നിരുന്ന കാലത്താണ് തനിക്കിത് അറിയാൻ സാധിച്ചതെന്ന് പ്രവാചകൻ (സ) മറുപടി നൽകി. അതിനാൽ, പ്രവാചകന്മാർ ആഡംബരപൂർണ്ണമായ ഉന്നത ജീവിതങ്ങളിൽ നിന്നുവരണമെന്ന് അല്ലാഹു ഇച്ഛിക്കുന്നില്ല; മറിച്ച്, നബി തിരുമേനിയെപ്പോലെ (സ) അധ്വാനവും ലാളിത്യവും നിറഞ്ഞ ജീവിതങ്ങളിൽ നിന്നാണ് അവർ കടന്നുവരുന്നത്.
ഒരിക്കൽ നബി തങ്ങൾ (സ) വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുമ്പോൾ, ഒരു വൃദ്ധയായ സ്ത്രീ അദ്ദേഹത്തെ തടഞ്ഞുനിർത്തിയതായി ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അവർ തന്റെ ജീവിത സാഹചര്യങ്ങളെക്കുറിച്ച് അദ്ദേഹത്തോട് സംസാരിക്കാൻ തുടങ്ങി; അവർ പറഞ്ഞുതീരുന്നതുവരെ പ്രവാചകൻ (സ) വളരെ ക്ഷമയോടെ അത് കേട്ടുനിന്നു. പ്രവാചകന്റെ (സ) കൂടെയുണ്ടായിരുന്ന വ്യക്തി, ‘ഇദ്ദേഹം ഒരിക്കലും ഒരു രാജാവാകാൻ വഴിയില്ല, കാരണം രാജാക്കന്മാർക്ക് ഇത്ര ഉന്നതമായ സദ്ഗുണങ്ങൾ ഉണ്ടാകാറില്ല’ എന്ന് മനസ്സിൽ ചിന്തിച്ചു. തുടർന്ന് ആ മനുഷ്യൻ പ്രവാചകനെ (സ) ഭവനത്തിലേക്ക് അനുഗമിക്കുകയും, അവിടുന്ന് ഉറങ്ങാറുണ്ടായിരുന്ന തുകൽ വിരിപ്പ് കാണുകയും ചെയ്തപ്പോൾ, ‘ഇദ്ദേഹം ഭൗതികനായ ഒരു രാജാവല്ല’ എന്ന് വീണ്ടും ചിന്തിച്ചു. വിശുദ്ധ പ്രവാചകന്റെ (സ) ഈ മഹത്തായ ലാളിത്യം കണ്ട് അത്യധികം സ്വാധീനിക്കപ്പെട്ട ആ വ്യക്തി ഇസ്‌ലാം സ്വീകരിക്കുകയുണ്ടായി.
പാകിസ്താനിലെയും മലേഷ്യയിലെയും അഹ്‌മദികൾക്കായുള്ള പ്രാർത്ഥനാ അഭ്യർത്ഥന
പാകിസ്താനിലെ അഹ്‌മദികൾക്കായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്തു. വ്യക്തിതാൽപ്പര്യങ്ങളുള്ള നീതിരഹിതരും ക്രൂരരുമായ ആളുകൾ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും (സ) നാമം ദുരുപയോഗം ചെയ്തുകൊണ്ട് അഹ്‌മദികൾക്കെതിരെ ക്രൂരതകൾ നടത്തികൊണ്ടിരിക്കുകയാണ്. മൗലവിമാരെ ഭയന്ന്, തങ്ങളുടെ വിശ്വാസത്തിന്റെ പേരിൽ മാത്രം തടവിലാക്കപ്പെട്ടിട്ടുള്ള അഹ്‌മദി തടവുകാർക്ക് മോചനം നൽകാൻ പോലും നിയമപാലകർ ഭയപ്പെടുന്നു. ഈ അക്രമികളെ അല്ലാഹു അതിവേഗം പിടി കൂടുകയും കണക്കു ചോദിക്കുകയും ചെയ്യട്ടെ എന്ന് പ്രാർത്ഥിച്ചു.
പാകിസ്താനിലെ അഹ്‌മദികൾ നബി തിരുമേനിയുടെ (സ) മേൽ സ്വലാത്ത് ചൊല്ലുന്നതിലും, ഇസ്തിഗ്ഫാർ ചൊല്ലുന്നതിലും, കുറച്ചുകാലം മുമ്പ് താൻ ഉപദേശിച്ചിട്ടുള്ള പ്രാർത്ഥനകൾ ഉരുവിടുന്നതിലും പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
മലേഷ്യയിലെ അഹ്‌മദികളുടെ അവസ്ഥയും ആശങ്കാജനകമാണ്. അവിടുത്തെ ഭരണകൂടം അഹ്‌മദികളോട് അനീതി പ്രവർത്തിച്ചുകൊണ്ടിരിക്കുകയും, അഹ്‌മദിയ്യാ പള്ളികളിൽ യാതൊരു മുന്നറിയിപ്പുമില്ലാതെ റെയ്ഡുകൾ നടത്തുകയും ചെയ്യുന്നു. മലേഷ്യയിലെ അഹ്‌മദികളെയും അല്ലാഹു സംരക്ഷിക്കട്ടെ.
0 Comments