പ്രവാചകൻ മുഹമ്മദ്‌(സ) വിനയം പ്രകടിപ്പിക്കുന്നതിൽ കാണിച്ച ഉന്നതമായ മാതൃക

ഈ ലോകത്തിലെ സുഖസൗകര്യങ്ങളില്‍ തനിക്ക് താല്പര്യമില്ലെന്നും, അല്‍പനേരം ഒരു മരത്തണലിൽ വിശ്രമിച്ച് വീണ്ടും യാത്രതുടരാന്‍ നില്ക്കുന്ന ഒരു യാത്രക്കാരനെ പോലെയാണ് താനെന്നാണ് നബി തിരുമേനി(സ) പറയാറുണ്ടായിരുന്നത്.

പ്രവാചകൻ മുഹമ്മദ്‌(സ) വിനയം പ്രകടിപ്പിക്കുന്നതിൽ കാണിച്ച ഉന്നതമായ മാതൃക

ഈ ലോകത്തിലെ സുഖസൗകര്യങ്ങളില്‍ തനിക്ക് താല്പര്യമില്ലെന്നും, അല്‍പനേരം ഒരു മരത്തണലിൽ വിശ്രമിച്ച് വീണ്ടും യാത്രതുടരാന്‍ നില്ക്കുന്ന ഒരു യാത്രക്കാരനെ പോലെയാണ് താനെന്നാണ് നബി തിരുമേനി(സ) പറയാറുണ്ടായിരുന്നത്.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 22 മെയ് 2026ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: മുഹമ്മദ്‌ സ്വാലിഹ് ശാഹിദ്

പ്രവാചകൻ മുഹമ്മദ്(സ) തന്‍റെ ജീവിതത്തിലൂടെ കാണിച്ചുതന്ന വിനയത്തിന്‍റെയും എളിമയുടെയും ഉദാഹരണങ്ങളെക്കുറിച്ച് വിവരിക്കുന്നതാണെന്ന് തശഹ്ഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം, ഹദ്റത്ത് മീർസാ മസ്റൂർ അഹ്‌മദ്(അയ്യദഹുല്ലാഹ്) പറഞ്ഞു.

പ്രവാചകൻ(സ) ഒരിക്കൽ പറയുകയുണ്ടായി, താൻ ഒരു അടിമയെപ്പോലെയാണ് ഭക്ഷണം കഴിക്കുന്നത്, ഒരു അടിമയെപ്പോലെയാണ് ഇരിക്കുന്നത്, കാരണം അദ്ദേഹം ഒരു മനുഷ്യൻ മാത്രമായിരുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, ലൗകിക ഭരണാധികാരികളിൽ കാണപ്പെടുന്നതുപോലെയുള്ള അഹങ്കാരമോ ആഡംബരഭ്രമമോ പ്രവാചകന്(സ) ഉണ്ടായിരുന്നില്ല.

ഒരു മത്സരത്തിൽ മറ്റുള്ളവർ വിജയിക്കുമ്പോൾ പ്രവാചകൻ(സ) സ്വീകരിച്ച നിലപാട്

പ്രവാചകന്(സ) അദ്ബ എന്ന് പേരുള്ള ഒരു ഒട്ടകം ഉണ്ടായിരുന്നു, അത് ഏറ്റവും വേഗതയേറിയതായിരുന്നു. ഒരിക്കൽ, ഒരു ഗ്രാമീണനായ അറബി തന്‍റെ ഒട്ടകപ്പുറത്ത് വന്ന് അദ്ബയുമായി മത്സരിച്ചു. ആ മത്സരത്തിൽ അദ്ദേഹത്തിന്‍റെ ഒട്ടകം അദ്ബയെ പരാജയപ്പെടുത്തി. പ്രവാചകന്‍റെ(സ) ഒട്ടകം ഒരു മത്സരത്തിൽ തോറ്റതിൽ അനുചരന്മാർക്ക് അതൃപ്തി ഉണ്ടാവുകയും, അദ്ബയെ തോൽപ്പിക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചില്ല എന്ന് കരുതി അവർ കോപിഷ്ഠരാവുകയും ചെയ്തു. ഇതിനെത്തുടർന്ന് ദേഷ്യപ്പെടാൻ ഒന്നുമില്ലെന്ന് നബി തിരുമേനി(സ) തന്‍റെ അനുചരന്മാരോട് പറഞ്ഞു, കാരണം ഈ ലോകത്ത് അല്ലാഹു എന്തിനെയെല്ലാം ഉയർത്തുന്നുവോ, അതിനെയെല്ലാം അവൻ താഴെ ഇറക്കുകയും ചെയ്യും. മറ്റൊരു രീതിയിൽ പറഞ്ഞാൽ, തന്‍റെ ഒട്ടകം മത്സരത്തിൽ തോറ്റതിൽ പ്രവാചകൻ(സ) അഹങ്കാരമോ അസൂയയോ കാണിച്ചില്ല; മറിച്ച്, ഈ പ്രസ്താവനയിലൂടെ അദ്ദേഹം യഥാർഥ വിനയം പ്രകടിപ്പിക്കുകയാണ് ചെയ്തത്.

തന്‍റെ അനുയായികളോട് പ്രവാചകന്‍(സ) പുലർത്തിയിരുന്ന പരിഗണന

ഒരിക്കൽ, ഹദ്റത്ത് ഉമർ(റ) ഉംറ (ചെറിയ തീർഥാടനം) നിർവഹിക്കാൻ നബി തിരുമേനി(സ)യോട് അനുവാദം ചോദിച്ചു. പ്രവാചകൻ(സ) അദ്ദേഹത്തിന് അനുവാദം നൽകുക മാത്രമല്ല, ‘എന്‍റെ സഹോദരാ, നിന്‍റെ പ്രാർഥനകളിൽ എന്നെ മറക്കരുത്’ എന്ന് പറയുകയും ചെയ്തു. നബി തിരുമേനി(സ) നടത്തിയ ഈ പ്രസ്താവന തനിക്ക് അത്രയും അമൂല്യമാണെന്നും, ലോകത്തിലെ എല്ലാ സമ്പത്തും തനിക്ക് ലഭിച്ചാലും ഇതിനോട് തുല്യമാവില്ലെന്നും ഹദ്റത്ത് ഉമർ(റ) പറയുകയുണ്ടായി. തന്‍റെ അനുയായികളോട് പോലും തങ്ങളെ പ്രാർഥനകളിൽ ഓർക്കണമെന്ന് ആവശ്യപ്പെടുന്ന അത്രയും വിനീതനായിരുന്നു പ്രവാചകൻ(സ).

ഒരിക്കൽ, ഒരു ആടിന്‍റെ തോൽ ഉരിച്ചുകൊണ്ടിരുന്ന ഒരു കുട്ടിയുടെ അരികിലൂടെ പ്രവാചകൻ(സ) കടന്നുപോയി. പ്രവാചകൻ(സ) അവനെ തടഞ്ഞുനിർത്തി. ആ കുട്ടി അത് ചെയ്യുന്നതിൽ അത്ര നിപുണനല്ല എന്ന് അദ്ദേഹത്തിന് തോന്നിയതിനാൽ, നബി തിരുമേനി(സ) സ്വന്തം കരങ്ങൾ കൊണ്ട് ആടിന്‍റെ തോൽ എങ്ങനെ ഉരിക്കണമെന്ന് ആ കുട്ടിയെ കാണിച്ചുകൊടുത്തു. അതുപോലെ, ഒരിക്കൽ ഒരു സ്ത്രീ ആടിനെ കറക്കുമ്പോൾ, ഒരു വലിയ പാത്രം കൊണ്ടുവരാൻ പ്രവാചകൻ(സ) അവരോട് ആവശ്യപ്പെടുകയും, ആ വലിയ പാത്രം നിറയുന്നതുവരെ പ്രവാചകൻ(സ) തന്നെ ആടിനെ കറക്കുകയും ചെയ്തു.

നബി തിരുമേനി(സ)യെ കാണാനായി ഒരാൾ വരികയും ഹസ്തദാനം ചെയ്യുകയും ചെയ്താൽ, അവർ കൈ പിൻവലിക്കുന്നത് വരെ പ്രവാചകൻ(സ) ആ വ്യക്തിയുടെ കൈ വിടുമായിരുന്നില്ല. അതുപോലെ, അവർ തിരിഞ്ഞുനടക്കുന്നത് വരെ അദ്ദേഹം അവരിൽ നിന്ന് മുഖം തിരിക്കുമായിരുന്നില്ല.

ആഡംബരത്തോടുള്ള പ്രവാചകന്‍റെ വിമുഖത

നബി തിരുമേനി(സ) വളരെ വിവേകപൂർവം വിനയം ഉപദേശിക്കാറുണ്ടായിരുന്നു. ഒരിക്കൽ, ആളുകൾ തങ്ങളുടെ സമ്പത്തിനെക്കുറിച്ചും തങ്ങൾക്ക് എത്ര ആടുകളും ഒട്ടകങ്ങളും ഉണ്ടെന്നതിനെക്കുറിച്ചും വീമ്പിളക്കുകയായിരുന്നു. പ്രവാചകൻ(സ) ആ ആളുകളുടെ അടുക്കൽ ചെന്ന് പറഞ്ഞു, മൂസാ(അ) ഒരു പ്രവാചകനായി ഈ ലോകത്തേക്ക് അയക്കപ്പെട്ടവരാണ്, അദ്ദേഹം ഒരു ഇടയനായിരുന്നു. ദാവൂദ്(അ) ഒരു ഇടയനായിരുന്നു. താനും ഒരു ഇടയനായിരുന്നു എന്ന് പ്രവാചകൻ(സ) അരുളി. ഇങ്ങനെ ചെയ്യുന്നതിലൂടെ, മറ്റുള്ളവരെ അപേക്ഷിച്ച് തങ്ങൾക്ക് കുറഞ്ഞ സമ്പത്തേയുള്ളൂ എന്ന് പറയപ്പെട്ട ഇടയന്മാരുടെ വികാരങ്ങളെ പ്രവാചകൻ(സ) പരിഗണിക്കുകയായിരുന്നു.

മറ്റുള്ളവരോടുള്ള അദ്ദേഹത്തിന്റെ കരുതൽ

താൻ കണ്ടുമുട്ടുന്ന എല്ലാവരുടെയും, ദരിദ്രരുടേതുൾപ്പെടെ, വികാരങ്ങളെ പ്രവാചകൻ(സ) എപ്പോഴും പരിഗണിച്ചിരുന്നു. ഗ്രാമീണരായ അറബികളിൽ സാഹിർ എന്ന് പേരുള്ള ഒരാൾ ഉണ്ടായിരുന്നു. അദ്ദേഹം തന്‍റെ ഗ്രാമത്തിൽ നിന്നുള്ള വസ്തുക്കൾ പ്രവാചകന്(സ) കൊണ്ടുവരിക അയാളുടെ പതിവായിരുന്നു. അതുപോലെ, ആ വ്യക്തിയെ തിരികെ അയക്കുമ്പോൾ പ്രവാചകൻ(സ) ധാരാളം സാധനങ്ങൾ നൽകുകയും ചെയ്യുമായിരുന്നു. ഒരു ദിവസം, സാഹിർ ചന്തയിൽ സാധനങ്ങൾ വിൽക്കുമ്പോൾ പ്രവാചകൻ(സ) അദ്ദേഹത്തിന്‍റെ അരികിലെത്തി കെട്ടിപ്പിടിച്ചു. ശേഷം, ഈ അടിമയെ ആരാണ് വാങ്ങുക എന്ന് പ്രവാചകൻ(സ) ചോദിച്ചു. അപ്പോൾ സാഹിർ പ്രവാചകനോട്(സ) പറഞ്ഞു, തന്നെ വിറ്റാൽ വലിയ ലാഭമൊന്നും ലഭിക്കില്ല എന്ന്. ഇതിനു മറുപടിയായി, അല്ലാഹുവിന്‍റെ ദൃഷ്ടിയിൽ അദ്ദേഹം വളരെ വിലപ്പെട്ടവനാണെന്ന് പ്രവാചകൻ(സ) അരുളി.

ഈ സംഭവം കൂടുതൽ വിശദാംശങ്ങളോടെ ഇങ്ങനെയും വിവരിക്കപ്പെടുന്നുണ്ട്: ഈ വ്യക്തിക്ക് ജനിച്ചപ്പോൾ തന്നെ ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു, അത് അദ്ദേഹത്തിന്‍റെ രൂപം അത്ര ആകർഷകമല്ലാത്തതാക്കി മാറ്റി. കൂടാതെ അദ്ദേഹം വളരെ ദരിദ്രനുമായിരുന്നു. അതിനാൽ, അദ്ദേഹത്തിന്‍റെ ശരീരവും വസ്ത്രങ്ങളും പൊടിപിടിച്ച നിലയിലായിരുന്നു ഉണ്ടാകാറുള്ളത്. ഒരിക്കല്‍ ചൂടിൽ വിയർത്തുകൊണ്ട് ചന്തയിൽ സാധനങ്ങൾ വിൽക്കുകയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‍റെ രൂപത്തെയും വൃത്തിയെയും കുറിച്ച് അദ്ദേഹത്തിന് തന്നെ വലിയ മതിപ്പില്ലായിരുന്നെങ്കിലും, പ്രവാചകന്‍റെ(സ) ഹൃദയത്തിൽ ഈ മനുഷ്യന് വലിയൊരു സ്ഥാനമുണ്ടായിരുന്നു. അതിനാൽ അദ്ദേഹത്തെ പ്രവാചകൻ(സ) വളരെയധികം ബഹുമാനിച്ചിരുന്നു.

അദ്ദേഹം ചന്തയിൽ നിൽക്കുമ്പോൾ, പ്രവാചകൻ(സ) പിന്നിലൂടെ വന്ന് തന്‍റെ കൈകൾ കൊണ്ട് അദ്ദേഹത്തിന്‍റെ കണ്ണുകൾ മൂടി. ഇത് പ്രവാചകൻ(സ) ആണെന്ന് മനസ്സിലാക്കിയ അദ്ദേഹം, സന്തോഷത്തോടെ പ്രവാചകനെ(സ) കെട്ടിപ്പിടിച്ചു. ആ സമയത്ത് അദ്ദേഹത്തിന്‍റെ വസ്ത്രത്തിലുണ്ടായിരുന്ന അഴുക്ക് പ്രവാചകന്‍റെ(സ) വസ്ത്രത്തിൽ പറ്റിപ്പിടിച്ചുവെങ്കിലും, പ്രവാചകൻ(സ) അതൊന്നും കാര്യമാക്കിയില്ല. ശേഷം, ഈ അടിമയെ ആരാണ് വാങ്ങുക എന്ന് പ്രവാചകൻ(സ) ചോദിച്ചു. താൻ ഒന്നിനും കൊള്ളാത്തവനാണെന്നും തന്നെ വിറ്റാൽ ലാഭമൊന്നും ലഭിക്കില്ലെന്നും അദ്ദേഹം പ്രവാചകനോട്(സ) പറഞ്ഞു. എന്നാൽ, ഇത് നിഷേധിച്ചുകൊണ്ട്, അല്ലാഹുവിന്‍റെ ദൃഷ്ടിയിൽ അദ്ദേഹം വളരെ വിലപ്പെട്ടവനാണെന്ന് പ്രവാചകൻ(സ) അരുളി.

പ്രവാചകൻ(സ) വീട്ടിലെ സമയം മൂന്നായി ഭാഗിച്ചിരുന്നു. ഒരു ഭാഗം അല്ലാഹുവിനു വേണ്ടിയും, ഒരു ഭാഗം തന്‍റെ കുടുംബത്തിനു വേണ്ടിയും, ഒരു ഭാഗം തനിക്കുവേണ്ടിയുമാണ് നീക്കിവെച്ചിരുന്നത്. എന്നാൽ, തനിക്കുള്ള സമയത്തെ അദ്ദേഹം തന്‍റെ അനുചരന്മാരെ കാണുന്നതിനും അവർക്ക് ദീൻ (മതം) പഠിപ്പിക്കുന്നതിനുമായി വീതിച്ചു നൽകി. പ്രവാചകൻ(സ) പുറത്തിറങ്ങുമ്പോൾ, അനാവശ്യമായി സംസാരിക്കാറുണ്ടായിരുന്നില്ല. അദ്ദേഹം അനുചരന്മാരെ ഒന്നിപ്പിക്കുകയും അവർക്കിടയിൽ ഭിന്നിപ്പുണ്ടാകാൻ അനുവദിക്കാതിരിക്കുകയും ചെയ്തു. അദ്ദേഹം എല്ലാവർക്കും ആദരവ് നൽകി. ആളുകളെക്കുറിച്ച് അദ്ദേഹം ജാഗ്രത പുലർത്തിയിരുന്നുവെങ്കിലും, അത് അവർക്ക് മനസ്സിലാകാത്ത രീതിയിലായിരുന്നു. എങ്കിലും എല്ലാവരെയും സന്തോഷത്തോടെയാണ് അദ്ദേഹം കണ്ടുമുട്ടിയിരുന്നത്. മറ്റുള്ളവരുടെ ക്ഷേമത്തെക്കുറിച്ച് അദ്ദേഹം അന്വേഷിക്കുമായിരുന്നു. നല്ല കാര്യങ്ങളെ അദ്ദേഹം പ്രോത്സാഹിപ്പിക്കുകയും തിന്മകളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു. എല്ലാ കാര്യങ്ങളിലും അദ്ദേഹം മധ്യമമാർഗം സ്വീകരിച്ചു. ഏത് സാഹചര്യത്തെയും നേരിടാൻ അദ്ദേഹം എപ്പോഴും സജ്ജമായിരുന്നു. മറ്റുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ അദ്ദേഹം നീതിമാനായിരുന്നു. അദ്ദേഹത്തിന്‍റെ വീക്ഷണത്തിൽ, സഹാനുഭൂതിയും സഹായമനസ്ഥിതിയും ഉള്ളവരാണ് പദവിയിൽ ഏറ്റവും ഉയർന്നവർ. ആരെങ്കിലും എന്തെങ്കിലും ആവശ്യവുമായി പ്രവാചകന്‍റെ(സ) അടുത്ത് വരികയും, അദ്ദേഹത്തിന്‍റെ പക്കൽ നൽകാൻ എന്തെങ്കിലും ഉണ്ടാവുകയും ചെയ്താൽ, അദ്ദേഹം അത് നൽകുമായിരുന്നു. നൽകാൻ ഒന്നുമില്ലെങ്കിൽ, അദ്ദേഹം സ്നേഹത്തോടെ കാര്യങ്ങൾ വിശദീകരിച്ചു കൊടുക്കുമായിരുന്നു. അദ്ദേഹത്തിന്‍റെ സദസ്സുകൾ അറിവ്, മാന്യത, ക്ഷമ, രഹസ്യസ്വഭാവം എന്നിവയാൽ അടയാളപ്പെടുത്തപ്പെട്ടവയായിരുന്നു. അവിടെ ശബ്ദമുയർത്താറില്ലായിരുന്നു, പരദൂഷണം ഉണ്ടാകാറില്ലായിരുന്നു, ആത്മീയ പദവികളിലല്ലാതെ മറ്റാരെയും മറ്റുള്ളവരേക്കാൾ ഉയർന്നവരായി കണക്കാക്കിയിരുന്നില്ല. ദരിദ്രരെ അദ്ദേഹം സംരക്ഷിക്കുകയും അപരിചിതരുടെ കാര്യത്തിൽ ശ്രദ്ധാലുവായിരിക്കുകയും ചെയ്തു.

ഒരിക്കൽ ഒരു ക്രൈസ്തവൻ പ്രവാചകനെ(സ) സന്ദർശിക്കാൻ വരികയുണ്ടായി. അദ്ദേഹത്തെ വളരെ ആദരവോടെ സ്വീകരിച്ച പ്രവാചകൻ(സ), ആ വ്യക്തിക്ക് വയറുനിറയെ ഭക്ഷണം നൽകി സൽക്കരിച്ചു. അന്ന് രാത്രി, ആ ക്രൈസ്തവൻ കിടന്നിരുന്ന വിരിപ്പ് അശുദ്ധമാക്കുകയുണ്ടായി. നാണക്കേട് തോന്നിയ ആ ക്രൈസ്തവൻ രാവിലെ തന്നെ അവിടെ നിന്നും വേഗത്തിൽ സ്ഥലം വിട്ടു. പിറ്റേന്ന് രാവിലെ, വിരിപ്പ് അശുദ്ധമായത് കണ്ട പ്രവാചകൻ(സ) അത് സ്വന്തം കൈകൾ കൊണ്ട് വൃത്തിയാക്കാൻ തുടങ്ങി. അനുചരന്മാർ അത് തങ്ങള്‍ ചെയ്യാമെന്ന് പറഞ്ഞുവെങ്കിലും, ആ വ്യക്തി തന്‍റെ അതിഥിയായതുകൊണ്ട് താൻ തന്നെ വൃത്തിയാക്കുമെന്ന് പ്രവാചകൻ(സ) ഉറപ്പിച്ചു പറഞ്ഞു. കുറച്ചു കഴിഞ്ഞ്, താൻ മറന്നുവെച്ച സ്വർണ്ണ ക്രൂശ് അണിഞ്ഞ മാല എടുക്കാൻ ആ ക്രൈസ്തവൻ തിരികെ വന്നു. വിരിപ്പ് വൃത്തിയാക്കുന്ന പ്രവാചകന്‍റെ(സ) വിനയം കണ്ട ആ ക്രൈസ്തവൻ അങ്ങേയറ്റം ആകൃഷ്ടനാവുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു.

ജീവിതത്തിൽ ലളിത ജീവിതം ശീലമാക്കൽ

ഒരിക്കൽ പ്രവാചകൻ(സ) ഒരു കട്ടിലിൽ കിടന്നുറങ്ങിയപ്പോൾ, അതിന്‍റെ അടയാളങ്ങൾ അദ്ദേഹത്തിന്‍റെ പുറത്ത് പതിഞ്ഞിരുന്നു. അദ്ദേഹത്തിന് കുറച്ചുകൂടി മൃദുവായ കിടക്ക ഒരുക്കി നൽകാൻ ചില അനുചരന്മാർ അനുവാദം ചോദിച്ചു. ഈ ലോകത്തിലെ സുഖസൗകര്യങ്ങളിലൊന്നും തനിക്ക് താല്പര്യമില്ലെന്ന് പ്രവാചകൻ(സ) മറുപടി നൽകി. ഒരു മരത്തണലിൽ അല്പനേരം വിശ്രമിക്കാൻ നില്‍ക്കുകയും, ശേഷം യാത്ര തുടരുകയും ചെയ്യുന്ന ഒരു വഴിയാത്രക്കാരനെപ്പോലെയാണ് താനെന്ന് അദ്ദേഹം അരുളി.

മോശമായി പെരുമാറുന്നവരോട് പോലും പ്രവാചകൻ(സ) എപ്പോഴും ദയയും നല്ല സ്വഭാവവും കാണിക്കുമായിരുന്നു. ഒരിക്കൽ, ഒരു വ്യക്തി വളരെ പരുക്കൻ രീതിയിൽ തന്‍റെ അവകാശങ്ങൾ ആവശ്യപ്പെട്ട് പ്രവാചകന്‍റെ(സ) അടുക്കൽ വന്നു. ഇത് കണ്ട് അനുചരന്മാർക്ക് ദേഷ്യം വന്നു; എന്നാൽ, ആ വ്യക്തിയെ വിട്ടേക്കാൻ പ്രവാചകൻ(സ) അവരോട് പറഞ്ഞു, കാരണം തന്‍റെ അവകാശങ്ങൾ ചോദിക്കാൻ ഒരു വ്യക്തിക്ക് അവകാശമുണ്ട്. ആ വ്യക്തി ആവശ്യപ്പെട്ട തുകയ്ക്ക് ഒരു ഒട്ടകത്തെ വാങ്ങി നൽകാൻ അനുചരന്മാരോട് പ്രവാചകൻ(സ) നിർദ്ദേശിച്ചു. അവർ അന്വേഷിച്ചു നടന്നെങ്കിലും, ആ വ്യക്തി ആവശ്യപ്പെട്ടതിനേക്കാൾ കൂടുതൽ വിലയുള്ള ഒട്ടകങ്ങളെ മാത്രമേ കണ്ടെത്താൻ സാധിച്ചുള്ളൂ. അത് പ്രശ്നമല്ലെന്നും, ആ വ്യക്തിക്ക് നൽകാനുള്ള കടത്തേക്കാൾ വില കൂടിയതാണെങ്കിലും ആ ഒട്ടകത്തെ വാങ്ങി നൽകണമെന്നും പ്രവാചകൻ(സ) പറഞ്ഞു.

മക്കാ വിജയവേളയിൽ, പ്രവാചകൻ(സ) മസ്ജിദുൽ ഹറാമിൽ പ്രവേശിച്ചപ്പോൾ, ഹദ്റത്ത് അബൂബക്കർ(റ) തന്‍റെ പിതാവിനെ പ്രവാചകനെ(സ) കാണിക്കാനായി കൊണ്ടുവന്നു. അദ്ദേഹത്തെ കണ്ടപ്പോൾ, പ്രവാചകൻ(സ) ഹദ്റത്ത് അബൂബക്കറിനോട്(റ) പറഞ്ഞു, അദ്ദേഹം പ്രായമായ ആളായതുകൊണ്ട് അദ്ദേഹത്തെ വീട്ടിൽ തന്നെ ഇരുത്തണമായിരുന്നു, അദ്ദേഹത്തെ കാണാൻ താൻ തന്നെ അങ്ങോട്ട് ചെല്ലുമായിരുന്നു എന്ന്. എന്നാൽ, പ്രവാചകന്‍റെ(സ) അടുക്കൽ അദ്ദേഹത്തെ കൊണ്ടുവരുന്നതാണ് കൂടുതൽ ഉചിതമെന്ന് ഹദ്റത്ത് അബൂബക്കർ(റ) മറുപടി നൽകി. ഈ സന്ദർഭത്തിലാണ് ഹദ്റത്ത് അബൂബക്കറിന്‍റെ(റ) പിതാവ് ഇസ്‌ലാം സ്വീകരിച്ചത്.

പ്രവാചകൻ(സ) പള്ളി വൃത്തിയാക്കാൻ വേണ്ടി സ്വയം ചൂലെടുത്ത് വൃത്തിയാക്കുമായിരുന്നു, ഇത്തരം പ്രവർത്തികൾ തന്‍റെ അന്തസ്സിന് കുറവാണെന്ന് അദ്ദേഹം ഒരിക്കലും കരുതിയിരുന്നില്ല.

ഒരിക്കൽ, ഇതിനുമുമ്പ് മറ്റൊരാൾക്കും പ്രത്യക്ഷപ്പെടാത്ത ഒരു മാലാഖ പ്രവാചകന്‍റെ(സ) അടുക്കൽ ഇറങ്ങിവന്നു. അദ്ദേഹം ഒരു രാജാവും പ്രവാചകനുമായിരിക്കണോ, അതോ ഒരു ദാസനും പ്രവാചകനുമായിരിക്കണോ എന്ന് ആ മലക്ക് അദ്ദേഹത്തോട് ചോദിച്ചു. പ്രവാചകന്‍റെ(സ) അങ്ങേയറ്റത്തെ വിനയം കാരണം, അദ്ദേഹം ഒരു ദാസനും പ്രവാചകനുമായിരിക്കുന്നതിനെയാണ് തിരഞ്ഞെടുത്തത്.

വാഗ്ദത്ത മസീഹ്(അ) എഴുതുന്നു:

“സർവശക്തനായ അല്ലാഹു ഏറ്റവും കാരുണ്യവാനും ഉദാരമതിയുമാണ്. അവൻ മനുഷ്യനെ എല്ലാവിധത്തിലും പരിപോഷിപ്പിക്കുകയും അവനോട് കരുണ കാണിക്കുകയും ചെയ്യുന്നു. ഈ കാരുണ്യത്തിന്‍റെ അടിസ്ഥാനത്തിലാണ് അവൻ ലോകത്തിലെ ജനങ്ങളെ പാപപൂർണമായ ജീവിതത്തിൽ നിന്ന് മോചിപ്പിക്കാനായി ദൈവ നിയോഗിതരെയും ദൂതന്മാരെയും അയക്കുന്നത്. എന്നാൽ അഹങ്കാരം വളരെ അപകടകരമായ ഒരു രോഗമാണ്. അത് ആരിൽ വളരുന്നുവോ ആ വ്യക്തിയുടെ ആത്മീയ മരണത്തെയാണ് അത് സൂചിപ്പിക്കുന്നത്. ഈ രോഗം കൊലപാതകത്തേക്കാൾ മോശമാണെന്ന് എനിക്ക് ഉറപ്പായുമറിയാം. അഹങ്കാരിയായ വ്യക്തി പിശാചിന്‍റെ സഹോദരനായി മാറുന്നു, കാരണം പിശാചിനെ അപമാനിക്കുകയും നശിപ്പിക്കുകയും ചെയ്തത് യഥാർഥത്തിൽ അഹങ്കാരമായിരുന്നു. അതുകൊണ്ടാണ് ഒരു വിശ്വാസിയിൽ അഹങ്കാരം ഉണ്ടാകരുത് എന്നത് നിർബന്ധമായിരിക്കുന്നത്; മറിച്ച്, വിനയവും എളിമയും സൗമ്യതയും അവനിൽ ഉണ്ടായിരിക്കണം. ദൈവനിയോഗിതരുടെ സവിശേഷ സ്വഭാവമാണിത്. അവരിൽ അതീവ വിനയവും സൗമ്യതയുമുണ്ട്. പ്രവാചകൻ(സ), മറ്റാരേക്കാളും ഉപരിയായി ഈ ഗുണം കൈവരിച്ചിരുന്നു. അദ്ദേഹത്തിന്‍റെ ഒരു സേവകനോട് പ്രവാചകൻ(സ) എങ്ങനെയാണ് അദ്ദേഹത്തോട് പെരുമാറിയതെന്ന് ചോദിക്കുകയുണ്ടായി. താൻ അദ്ദേഹത്തെ സേവിച്ചതിനേക്കാൾ ഉപരിയായി അദ്ദേഹം തന്നെ സേവിച്ചു എന്നതാണ് സത്യമെന്ന് അദ്ദേഹം മറുപടി നൽകി.

“അല്ലാഹുവേ, മുഹമ്മദ് നബി(സ)യുടെ മേലും അദ്ദേഹത്തിന്‍റെ കുടുംബത്തിന്‍റെ മേലും നീ അനുഗ്രഹവും സമാധാനവും ചൊരിയേണമേ.

“ഇതാണ് ഏറ്റവും ഉയർന്ന ധാർമികതയുടെയും വിനയത്തിന്‍റെയും മാനദണ്ഡം. മാത്രമല്ല, [ആരെയെങ്കിലും] സേവിക്കുന്നവരിൽ ഭൂരിഭാഗവും എപ്പോഴും കൂടെയുള്ള അവരുടെ പ്രിയപ്പെട്ടവരിൽ നിന്നുള്ളവരാണ് എന്നതും സത്യമാണ്. അതിനാൽ, ഒരാളുടെ വിനയത്തിന്‍റെയും, എളിമയുടെയും, ക്ഷമയുടെയും, സഹനശീലത്തിന്‍റെയും നിലവാരം കാണാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അത് അവരിൽ നിന്ന് ഏറ്റവും മികച്ച രീതിയിൽ മനസ്സിലാക്കാൻ സാധിക്കും.” [1]

നമ്മുടെ പ്രിയങ്കരനായ നബി തിരുമേനി(സ) സ്ഥാപിച്ച മാതൃക പിന്തുടർന്ന് വിനയം കൈക്കൊള്ളാൻ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ.

അനുസ്മരണം

മുഹമ്മദ് ഇസ്ഹാഖ് സാഹിബിന്‍റെ മകൻ മാലിക് ദാവൂദ് മുഹമ്മദ്:

അദ്ദേഹം പ്രാദേശിക തലത്തിൽ വിവിധ വിഭാഗങ്ങളിൽ സേവനങ്ങളിൽ ഏർപ്പെട്ടിരുന്നു. മൂന്ന് പെൺമക്കളും നാല് ആൺമക്കളും അദ്ദേഹത്തിനുണ്ട്. അദ്ദേഹത്തിന്‍റെ മക്കളിലൊരാളായ മുഹമ്മദ് അക്മൽ ഗാംബിയയിൽ, സേവനരംഗത്തായതുകാരണം അദ്ദേഹത്തിന് ജനാസ നമസ്കാരത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല.

തന്‍റെ പിതാവിനെക്കുറിച്ച് അദ്ദേഹം എഴുതുന്നത്, പിതാവ് ഉന്നത സ്വഭാവഗുണങ്ങൾ ഉള്ള ആളും ഇസ്‌ലാം അഹ്‌മദിയ്യത്തിന്‍റെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ അതീവ താല്പര്യമുള്ള ആളുമായിരുന്നു എന്നാണ്. അദ്ദേഹം വളരെ അതിഥി സൽക്കാരപ്രിയനായിരുന്നു. തന്‍റെ വീട് ഒരു പ്രാർഥനാ കേന്ദ്രമായി ഉപയോഗിക്കാൻ അദ്ദേഹം വിട്ടുകൊടുത്തു. അദ്ദേഹം പതിവായി വിശുദ്ധ ഖുർആൻ പാരായണം ചെയ്യാറുണ്ടായിരുന്നു. തന്‍റെ എല്ലാ സ്വത്തുക്കളും ജമാഅത്തിന്‍റെ സേവനത്തിനായി നൽകുമെന്ന് തീരുമാനിച്ചിട്ടുണ്ടായിരുന്നു. ഒടുവിൽ അദ്ദേഹം അത് നിറവേറ്റുകയും ചെയ്തു. അദ്ദേഹത്തിന് അല്ലാഹു മഗ്ഫിറത്ത് നല്‍കുകയും അദ്ദേഹത്തോട് കാരുണ്യത്തോടെ പെരുമാറുകയും ചെയ്യട്ടെ.

കുറിപ്പുകള്‍

[1]മൽഫൂസാത്ത്, ഇംഗ്ലീഷ് പരിഭാഷ, വാള്യം. 7, പേജ്. 466-467

Related Topics

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു