മുഹമ്മദ് നബി (സ) : മനുഷ്യരാശിക്ക് ഉദാത്ത മാതൃക

തങ്ങളിൽ ഉന്നതമായ ധാർമിക മൂല്യങ്ങൾ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നബി തിരുമേനി(സ)യെ പിന്തുടരണമെന്ന് അല്ലാഹു മുഴുവൻ മനുഷ്യരോടുമായി അനുശാസിക്കുകയും ചെയ്തു.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 4 സെപ്റ്റംബർ 2026ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: എം. മുനവ്വർ അഹ്‍മദ് ശാഹിദ്

തശഹ്ഹുദ്, തഅവ്വുദ്, സൂറഃ ഫാത്തിഹ എന്നിവ പാരായണം ചെയ്തതിന് ശേഷം ഖലീഫാ തിരുമനസ്സ് ഇപ്രകാരം പറഞ്ഞു:

അല്ലാഹു മുഹമ്മദ് നബി(സ)യെ മുഴുവൻ മാനവരാശിക്കും ഉത്തമ മാതൃകയായി നിയോഗിക്കുകയും, അവിടുത്തെ വ്യക്തിത്വത്തിൽ സകല സൽഗുണങ്ങളും നിവേശിപ്പിച്ച് അവയെ പൂർണ്ണതയിലെത്തിക്കുകയും ചെയ്തു. തുടർന്ന് തങ്ങളിൽ ഉന്നതമായ ധാർമിക മൂല്യങ്ങൾ വളർത്തിയെടുക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നബി തിരുമേനി(സ)യെ പിന്തുടരണമെന്ന് അല്ലാഹു മുഴുവൻ മനുഷ്യരോടുമായി അനുശാസിക്കുകയും ചെയ്തു.

ഖലീഫ തിരുമനസ്സ് ഇപ്രകാരം പറഞ്ഞു: ഞാൻ നബിതിരുമേനി(സ)യുടെ ധാർമിക സദ്ഗുണങ്ങളുടെ വിവിധ വശങ്ങളെക്കുറിച്ച് പരാമർശിച്ചുവരികയാണല്ലോ; ഇന്ന് അദ്ദേഹത്തിന്‍റെ ദൈവത്തിൽ ഭരമേല്പിക്കലിനെ കുറിച്ചാണ് സംസാരിക്കുന്നത്. അവിടുന്ന് അത് എങ്ങനെ പ്രാവർത്തികമാക്കി, മറ്റുള്ളവരോട് എങ്ങനെ ഉപദേശിച്ചു, തന്റേതായ ഉത്തമ മാതൃക എങ്ങനെ സ്ഥാപിച്ചു എന്നതിനെക്കുറിച്ചാണ് ഇന്ന് പ്രതിപാദിക്കുന്നത്.

ദൈവത്തിൽ ഭരമേല്പിക്കൽ സകല ഭയങ്ങളെയും അകറ്റുന്നു

വിവിധ ഘട്ടങ്ങളിൽ അല്ലാഹുവിൽ ഭരമേല്പിക്കുന്നതിനെക്കുറിച്ച് അല്ലാഹു മുഹമ്മദ്(സ)യെ പഠിപ്പിച്ചിട്ടുണ്ട്. ഉദാഹരണത്തിന്, വിശുദ്ധ ഖുർആനിൽ അല്ലാഹു ഇപ്രകാരം അരുളുന്നു:
ഓ നബി, നാം നിന്നെ ഒരു സാക്ഷിയും സന്തോഷവാർത്ത അറിയിക്കുന്നവനും താക്കീത് നല്കുന്നവനുമായി അയച്ചിരിക്കുന്നു.

അല്ലാഹുവിന്‍റെ കല്പനയനുസരിച്ച് അവനിലേക്ക് ക്ഷണിക്കുന്ന ആളായും പ്രകാശം നല്‌കുന്ന വിളക്കായും [നിന്നെ അയച്ചിരിക്കുന്നു].
സത്യവിശ്വാസികളെ സന്തോഷവാർത്ത അറിയിക്കുക. അല്ലാഹുവിൽനിന്ന് മഹത്തായ അനുഗ്രഹം അവർക്ക് ലഭിക്കുന്നതാണ് എന്ന്.

അവിശ്വാസികളേയും കപടവിശ്വാസികളേയും നീ അനുസരിക്കരുത്. അവരുടെ ശല്യങ്ങൾ അവഗണിക്കുക. അല്ലാഹുവിൽ ഭരമേല്പിക്കുക. കാര്യനിർവാഹകനായി അല്ലാഹു മതിയായവനാകുന്നു. (വിശുദ്ധ ഖുർആൻ, 33:46-49)

മറ്റൊരിടത്ത്, വിശുദ്ധ ഖുർആനിൽ അല്ലാഹു ഇപ്രകാരം അരുളുന്നു:
“അല്ലാഹു, അവനല്ലാതെ മറ്റൊരു ആരാധ്യനുമില്ല; അതുകൊണ്ട് സത്യവിശ്വാസികൾ അല്ലാഹുവിനെ മാത്രം ആശ്രയമാക്കട്ടെ.” (വിശുദ്ധ ഖുർആൻ, 64:14)

വാഗ്ദത്ത മസീഹ്(അ) പറയുന്നു:

“ഹദ്റത്ത് ഖാത്തമുൽ അൻബിയായുടെ(സ) വിശുദ്ധ ജീവിതം പഠിക്കുമ്പോൾ, അവിടുന്ന് പരമോന്നതമായ സത്യസന്ധതയും ധർമനിഷ്ഠയും ഉള്ള ആളായിരുന്നുവെന്നത് സുവ്യക്തമാണ്. ദൈവമാർഗ്ഗത്തിൽ ജീവൻ ത്യജിക്കാൻ അവിടുന്ന് സദാ സന്നദ്ധനായിരുന്നു. ജനങ്ങളിൽ നിന്നുള്ള സകലവിധ ഭയങ്ങളിൽ നിന്നും പ്രതീക്ഷകളിൽ നിന്നും പൂർണ്ണമായും മുക്തനായിരുന്ന അവിടുന്ന്, തന്‍റെ നാഥനിൽ മാത്രമാണ് ഭരമേല്പിച്ചിരുന്നത്. അല്ലാഹുവിന്‍റെ ഇച്ഛയ്ക്ക് മുന്നിലുള്ള അവിടുത്തെ സമർപ്പണവും ഭക്തിയും എത്രത്തോളമാണെന്നാൽ, തനിക്ക് വന്നുഭവിക്കാനിടയുള്ള ആപത്തുകളെക്കുറിച്ചോ വിഗ്രഹാരാധകരിൽ നിന്ന് അനുഭവിക്കേണ്ടിവരുന്ന പീഡനങ്ങളെയും കഷ്ടപ്പാടുകളെയും കുറിച്ചോ ഒട്ടും ഭയപ്പെടാതെയാണ് അവിടുന്ന് ദൈവത്തിന്‍റെ ഏകത്വം പ്രബോധനം ചെയ്തത്. തന്‍റെ രക്ഷിതാവിന്‍റെ കൽപ്പന നടപ്പിലാക്കുന്നതിൽ സകല പരീക്ഷണങ്ങളെയും പ്രയാസങ്ങളെയും കഷ്ടതകളെയും അവിടുന്ന് സന്തോഷത്തോടെ ആശ്ലേഷിക്കുകയുണ്ടായി.
ഭീഷണികൾക്കു മുന്നിൽ തെല്ലും പതറാതെ, ആത്മീയ സാധനകളുടെയും പ്രബോധനത്തിന്‍റെയും ഉദ്ബോധനത്തിന്‍റെയും സകല കടമകളും അവിടുന്ന് നിറവേറ്റി. ഞാൻ നിങ്ങളോട് സത്യമായി പറയുന്നു: മറ്റു പ്രവാചകന്മാരുടെ ചരിത്രത്തിലുടനീളം നോക്കിയാൽ, ഇത്രയധികം ആപത്തുകൾക്കിടയിലും ദൈവത്തിൽ ഇത്രയേറെ ഭരമേല്പിക്കുകയും, അവന്‍റെ ഏകത്വം പ്രഘോഷിക്കുകയും, വിഗ്രഹാരാധനയെ വിലക്കുകയും, ഒട്ടനവധി ശത്രുക്കളെ അഭിമുഖീകരിക്കുമ്പോഴും സദാ അചഞ്ചലനും ദൃഢചിത്തനുമായി നിലകൊള്ളുകയും ചെയ്ത മറ്റൊരു പ്രവാചകനെയും കാണാൻ സാധിക്കുകയില്ല.” (ബറാഹീനെ അഹ്‌മദിയ്യ – ഭാഗം 2, പേജ് 130-131)

സർവ്വശക്തനായ ദൈവത്തിലേക്ക് സമ്പൂർണ്ണമായി അർപ്പിതനാകാനുള്ള ആദ്യനിബന്ധന

വാഗ്ദത്ത മസീഹ്(അ) പറയുന്നു:

“മറ്റെല്ലാവരെയും ഒഴിവാക്കി, ദൈവത്തിലേക്ക് പൂർണ്ണമായി സമർപ്പിതനായതിന്‍റെ യഥാർത്ഥ മാതൃക അല്ലാഹുവിന്‍റെ റസൂലും നമ്മുടെ പ്രവാചകനുമായ നബിതിരുമേനി(സ) തന്നെയാണ്. നബി തിരുമേനി(സ) ആരുടെയും പ്രശംസയെക്കുറിച്ചോ ആക്ഷേപങ്ങളെക്കുറിച്ചോ തെല്ലും വ്യാകുലപ്പെട്ടിരുന്നില്ല. എണ്ണമറ്റ ദുരിതങ്ങൾ അവിടുത്തേക്ക് നേരിടേണ്ടി വന്നെങ്കിലും, അവിടുന്ന് അവയെ ഒട്ടും ഗൗനിച്ചതേയില്ല. താൻ പൂർത്തീകരിക്കാൻ വന്ന ദൈവീകനിയോഗത്തിൽ നിന്നും നബി തിരുമേനി(സ)യെ പിന്തിരിപ്പിക്കാൻ യാതൊരുവിധ അത്യാഗ്രഹങ്ങൾക്കോ പ്രലോഭനങ്ങൾക്കോ സാധ്യമായിരുന്നില്ല. ഒരു വ്യക്തിക്ക് ഈയൊരു അവസ്ഥ തന്നിൽത്തന്നെ കാണാൻ സാധിക്കുകയും, തങ്ങളുടെ പരീക്ഷണത്തിൽ വിജയിക്കുകയും ചെയ്യുന്നതുവരെ, അയാൾ ഒരിക്കലും അശ്രദ്ധനും സംതൃപ്തനുമായി ഇരിക്കാൻ പാടുള്ളതല്ല.”

കൂടാതെ, ഒരു വ്യക്തി അല്ലാഹുവിലേക്ക് സമ്പൂർണ്ണമായി സമർപ്പിതനാകുമ്പോൾ മാത്രമേ അവനിൽ തവക്കുൽ (ഭരമേല്പിക്കൽ) വളർത്തിയെടുക്കാൻ സാധിക്കൂ എന്ന കാര്യവും ഓർമ്മിക്കേണ്ടതുണ്ട്. അതായത്, അല്ലാഹുവിൽ ഭരമേല്പിക്കുന്ന ഒരുവനായിത്തീരുന്നതിന്, അയാൾ ആദ്യം അവനിലേക്ക് പൂർണ്ണമായി അർപ്പിതനാകുക എന്നത് ഒരു മുൻവ്യവസ്ഥയാണ്. കാരണം, ഒരാൾ മറ്റുള്ളവരുമായി ആശ്രയത്വത്തിന്‍റെയും വിശ്വാസത്തിന്‍റെയും ബന്ധം വെച്ചുപുലർത്തുന്നിടത്തോളം കാലം അയാൾക്ക് എങ്ങനെയാണ് തികച്ചും അല്ലാഹുവിൽ മാത്രം ഭരമേല്പിക്കാൻ സാധിക്കുക? ഒരാൾ ദൈവമാർഗ്ഗത്തിൽ തന്‍റെ സർവ്വ ബന്ധങ്ങളും വേർപെടുത്തുമ്പോൾ, അയാൾ ലൗകികതയിൽ നിന്ന് സ്വയം വിട്ടുനിൽക്കുകയും അല്ലാഹുവുമായി ഒരു ദൃഢബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു; അല്ലാഹുവിൽ അചഞ്ചലമായ വിശ്വാസമുണ്ടാകുമ്പോഴാണ് ഇത് സംഭവിക്കുന്നത്. നമ്മുടെ നബിതിരുമേനി(സ) ദൈവത്തിലേക്ക് പരിപൂർണ്ണമായും സമർപ്പിതനായ ഒരു വ്യക്തിയായിരുന്നതുപോലെ തന്നെ, അവിടുത്തേക്ക് അല്ലാഹുവിൽ അചഞ്ചലമായ തവക്കുലും ഉണ്ടായിരുന്നു. വലിയ ജനസമൂഹങ്ങളെയും ഗോത്രങ്ങളെയും നയിച്ചിരുന്ന ശക്തരായ ഗോത്രത്തലവന്മാരെക്കണ്ട് അവിടുന്ന് ഒട്ടും ഭയപ്പെടാതിരുന്നതും, അവരുടെ എതിർപ്പുകൾ അദ്ദേഹത്തെ തെല്ലുപോലും സ്വാധീനിക്കാതിരുന്നതും ഇക്കാരണത്താലാണ്. സർവ്വശക്തനായ അല്ലാഹുവിന്‍റെ അസ്തിത്വത്തിൽ നബിതിരുമേനി(സ) ക്ക് അസാധാരണമായ വിശ്വാസമാണുണ്ടായിരുന്നത്. ജനങ്ങൾക്ക് യാതൊരുവിധ ശക്തിയുമില്ലെന്ന് മനസ്സിലാക്കിക്കൊണ്ട്, തന്‍റെ മേൽ ഏൽപ്പിക്കപ്പെട്ട മഹത്തായ ഉത്തരവാദിത്തം അവിടുന്ന് ഏറ്റെടുക്കുകയും ലോകത്തെ മുഴുവൻ എതിരിടുകയും ചെയ്തത് അങ്ങനെയാണ്. ഇത് അല്ലാഹുവിലുള്ള ഭരമേല്പിക്കലിന്‍റെ അതിമഹത്തായ ഒരു മാതൃകയാണ്; ലോകത്ത് സമാനതകളില്ലാത്ത ഒന്നാണത്, എന്തെന്നാൽ ഇതിൽ ഒരു മനുഷ്യൻ ദൈവത്തിന് സർവ്വ പ്രാധാന്യവും നൽകുകയും, ലോകം മുഴുവൻ ആ മനുഷ്യന്‍റെ എതിരാളിയായി മാറുകയും ചെയ്യുന്നു.

എന്നിരുന്നാലും, ദൈവത്തെ നേരിൽ കണ്ടതുപോലെ അനുഭവപ്പെടുകയും, ഇതിനുശേഷം തീർച്ചയായും മറ്റൊരു വാതിൽ തങ്ങൾക്കായി തുറക്കപ്പെടുമെന്ന് വിശ്വസിക്കുകയും ചെയ്യുന്നതുവരെ ഒരു വ്യക്തിയിൽ ഈയൊരു അവസ്ഥ രൂപപ്പെടുകയില്ല. ഒരാളിൽ ഈ വിശ്വാസവും ഉറപ്പും ഉടലെടുത്തു കഴിഞ്ഞാൽ, ദൈവമാർഗ്ഗത്തിൽ സ്വന്തം ബന്ധുക്കളുടെ ശത്രുത പോലും സന്തോഷത്തോടെ സഹിക്കാൻ അയാൾ സന്നദ്ധനാകുന്നു. കാരണം, അല്ലാഹു തനിക്ക് പുതിയ സുഹൃത്തുക്കളെ നൽകുമെന്ന് അത്തരം ആളുകൾക്കറിയാം. അതിലും ഉത്തമമായത് തങ്ങൾക്ക് ലഭിക്കുമെന്ന് ഉറപ്പുള്ളതുകൊണ്ട്, അവർ തങ്ങളുടെ സ്വത്തുക്കൾ പോലും ത്യജിക്കാൻ തയ്യാറാകുന്നു.

ചുരുക്കത്തിൽ, മറ്റെല്ലാറ്റിനെയും മാറ്റിനിർത്തി ദൈവത്തിലേക്ക് സമ്പൂർണ്ണമായി അർപ്പിതനാവുക എന്നാൽ ദൈവപ്രീതിക്ക് സർവ്വ പ്രാധാന്യവും നൽകുക എന്നാണ് അർത്ഥം. യഥാർത്ഥത്തിൽ, ദൈവത്തോടുള്ള പരിപൂർണ്ണ സമർപ്പണവും ദൈവത്തിലുള്ള തവക്കുലും (ഭരമേല്പിക്കൽ) ഇരട്ടകളെപ്പോലെയാണ്. ദൈവത്തോടുള്ള പരിപൂർണ്ണ സമർപ്പണത്തിന്‍റെ അന്തസ്സത്ത ദൈവത്തിലുള്ള തവക്കുലാണ്; ദൈവത്തിലുള്ള തവക്കുലിന്‍റെ മുൻവ്യവസ്ഥ ദൈവത്തോടുള്ള പരിപൂർണ്ണ സമർപ്പണവുമാണ്. ഈ വിഷയത്തിൽ എന്‍റെ വിശ്വാസം ഇതാണ്.’ (മൽഫൂസാത്ത്, ഭാഗം 4, പേജ് 27-28)

വാഗ്ദത്ത മസീഹ്(അ) മറ്റൊരിടത്ത് ഇപ്രകാരം പറയുന്നു.

“സർവ്വശക്തനായ അല്ലാഹു ദുർബലനാണെന്ന് നിങ്ങൾ ഒരിക്കലും വിചാരിക്കരുത്. തീർച്ചയായും അവൻ അപാരമായ ശക്തിയുള്ളവനാണ്. ഏതൊരു കാര്യത്തിലും പിന്തുണയ്ക്കായി നിങ്ങൾ അവനിൽ ഭരമേല്പിക്കുമ്പോൾ, അവൻ നിങ്ങളുടെ സഹായത്തിനെത്തും.

‘ആര് അല്ലാഹുവിൽ ഭരമേല്പിക്കുന്നുവോ, അവന് അല്ലാഹു തന്നെ മതിയായവനാകുന്നു.’

എന്നാൽ, ഈ വചനങ്ങളിലൂടെ ആദ്യമായി അഭിസംബോധന ചെയ്യപ്പെട്ടവർ തികഞ്ഞ വിശ്വാസികളായിരുന്നു. അവരുടെ ചിന്തകളെല്ലാം ദീനിനെ (മതത്തെ) ചുറ്റിപ്പറ്റിയുള്ളതായിരുന്നു, തങ്ങളുടെ ഭൗതിക കാര്യങ്ങളെല്ലാം അവർ അല്ലാഹുവിൽ ഭരമേല്പിക്കുകയും ചെയ്തു. അതുകൊണ്ടാണ് അത്യുന്നതനായ അല്ലാഹു അവർക്ക് ആശ്വാസം നൽകുകയും താനാണ് അവരുടെ അവലംബമെന്ന് വ്യക്തമാക്കുകയും ചെയ്തത്. അതിനാൽ, തഖ്‌വയുടെ (ഭയഭക്തിയുടെ) അനുഗ്രഹങ്ങളിലൊന്ന്, ഒരു ഭക്തന്‍റെ മതപരമായ കാര്യങ്ങളെ ബാധിക്കുന്ന ആപത്തുകളിൽ നിന്ന് അത്യുന്നതനായ അല്ലാഹു അവന് സംരക്ഷണം നൽകുന്നു എന്നതാണ്. അക്ഷരജ്ഞാനമില്ലാത്തവനായിരുന്നിട്ടും വേദക്കാരും തത്ത്വചിന്തകരും അതിബുദ്ധിജീവികളും പണ്ഡിതന്മാരും മഹാജ്ഞാനികളും ഉൾപ്പെടുന്ന ലോകത്തെ മുഴുവൻ നബിതിരുമേനി(സ) ക്ക് അഭിമുഖീകരിക്കേണ്ടതുണ്ടായിരുന്നു. എന്നാൽ, നബിതിരുമേനി(സ) ക്ക് അളവറ്റ ആത്മീയവിഭവങ്ങൾ നൽകി അനുഗ്രഹിക്കപ്പെട്ടിരുന്നതിനാൽ, അവിടുന്ന് അവരെയെല്ലാം അതിജയിക്കുകയും അവരുടെ തെറ്റുകളെ തിരുത്തുകയും ചെയ്തു. ഈ ആത്മീയവിഭവം സമാനതകളില്ലാത്ത ഒന്നാണ്.” (മൽഫൂസാത്ത്, ഭാഗം 1, പേജ് 11)

തന്നിൽ ഭരമേല്പിക്കുന്നവർക്ക് സർവ്വശക്തനായ അല്ലാഹു അഭിവൃദ്ധി നൽകിക്കൊണ്ടേയിരിക്കുന്നു

ഒരിക്കൽ നബിതിരുമേനി(സ) ഇപ്രകാരം പറയുകയുണ്ടായി:

ഒരാൾ അല്ലാഹുവിൽ യഥാവിധി ഭരമേല്പിക്കുകയാണെങ്കിൽ, ഒരു പക്ഷിക്കെന്നപോലെ അയാൾക്ക് തീർച്ചയായും ഉപജീവനം നൽകപ്പെടുന്നതാണ്. പ്രഭാതത്തിൽ ആ പക്ഷി ഒഴിഞ്ഞ വയറുമായി തന്‍റെ കൂടുവിട്ടിറങ്ങുകയും, വൈകുന്നേരം വയറുനിറയെ ആഹരിച്ച് കൂട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്യുന്നു.

മറ്റൊരു സന്ദർഭത്തിൽ നബിതിരുമേനി(സ) അരുളി:

ലൗകികവിരക്തിയെന്നാൽ അനുവദനീയമായതിനെ നിഷിദ്ധമാക്കലല്ല. മറിച്ച്, അല്ലാഹുവിന്‍റെ കൈവശമുള്ളതിനേക്കാൾ സ്വന്തം കൈവശമുള്ളതിൽ കൂടുതൽ ആശ്രയം വെച്ചുപുലർത്തുന്നതാണ് ലൗകികതയിലുള്ള അശ്രദ്ധ. അതുകൊണ്ടുതന്നെ, ഒരു ലക്ഷ്യം കൈവരിക്കാനുള്ള ഭൗതിക മാർഗ്ഗങ്ങൾ തന്‍റെ കൈവശം ഉണ്ടെങ്കിൽപ്പോലും, സർവ്വഥാ അല്ലാഹുവിൽ മാത്രം പൂർണ്ണമായി ഭരമേല്പിക്കുക എന്നതാണ് യഥാർത്ഥ തവക്കുൽ അഥവാ ദൈവത്തിലുള്ള വിശ്വാസം.

മറ്റൊരു സന്ദർഭത്തിൽ നബിതിരുമേനി(സ) ഇപ്രകാരം അരുളി:

ഒരു വ്യക്തിയുടെ പ്രധാന ചിന്തയും വ്യാകുലതയും തന്‍റെ ആത്മീയ അവസ്ഥയെക്കുറിച്ചാണെങ്കിൽ, സർവ്വശക്തനായ അല്ലാഹു അയാളുടെ മറ്റ് ഭൗതിക ആവശ്യങ്ങളെയും ആശങ്കകളെയും സ്വയം ഏറ്റെടുത്ത് പരിഹരിക്കുന്നതാണ്.

അല്ലാഹുവിൽ ഭരമേല്പിക്കുക എന്നത് നബി തിരുമേനി(സ)യുടെ നിത്യജീവിതത്തിന്‍റെ ഭാഗമായിരുന്നു. വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴെല്ലാം അവിടുന്ന് ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു:

“അല്ലാഹുവിന്‍റെ നാമത്തിൽ, അവനിൽ ഞാൻ ഭരമേല്പിച്ചിരിക്കുന്നു; അല്ലാഹുവേ, കാലിടറി വീഴുന്നതിൽ നിന്നോ, വഴിതെറ്റിപ്പോകുന്നതിൽ നിന്നോ, അക്രമം പ്രവർത്തിക്കുന്നതിൽ നിന്നോ, അക്രമിക്കപ്പെടുന്നതിൽ നിന്നോ, അഹങ്കാരം കൈക്കൊള്ളുന്നതിൽ നിന്നോ, മറ്റുള്ളവർ ഞങ്ങളോട് അഹങ്കാരത്തോടെ പെരുമാറുന്നതിൽ നിന്നോ ഞങ്ങൾ അങ്ങയോട് കാവൽ തേടുന്നു.”

വീട്ടിൽ പ്രവേശിക്കുമ്പോൾ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു:

“അല്ലാഹുവേ, വീട്ടിൽ പ്രവേശിക്കുന്നതിലെ നന്മയും വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നതിലെ നന്മയും ഞാൻ നിന്നോട് ചോദിക്കുന്നു. അല്ലാഹുവിന്‍റെ നാമത്തിൽ നാം പ്രവേശിക്കുകയും അല്ലാഹുവിന്‍റെ നാമത്തിൽ നാം പുറത്തിറങ്ങുകയും ചെയ്യുന്നു; നമ്മുടെ നാഥനായ അല്ലാഹുവിൽ നാം ഭരമേല്പിക്കുകയും ചെയ്തിരിക്കുന്നു.”
ഈ പ്രാർത്ഥന ചൊല്ലിയ ശേഷം വീട്ടിലുള്ളവർക്ക് സലാം പറയണമെന്ന് നബിതിരുമേനി(സ) ഉപദേശിക്കുകയും ചെയ്തു.

വാഗ്ദത്ത മസീഹ്(അ) പറയുന്നു:

“സർവ്വശക്തനായ അല്ലാഹുവിന്‍റെ കൽപ്പനകൾ അനുസരിക്കുകയും അവനിൽ തവക്കുൽ (ഭരമേല്പിക്കൽ) ചെയ്യുമ്പോൾ മാത്രമേ മനുഷ്യന്‍റെ വിശ്വാസത്തിൽ പുരോഗതിയുണ്ടാവുകയുള്ളൂ. ഒരിക്കൽ പുണ്യറസൂൽ(സ) ബിലാൽ(റ) ഈത്തപ്പഴം ശേഖരിച്ചുവെക്കുന്നത് കാണാനിടയായി. എന്തിനാണ് അങ്ങനെ ചെയ്യുന്നതെന്ന് തിരുമേനി(സ) ചോദിച്ചപ്പോൾ, നാളേക്കായി കരുതിവെക്കുകയാണെന്ന് ബിലാൽ(റ) മറുപടി നൽകി. അപ്പോൾ പ്രവാചകൻ(സ) ചോദിച്ചു: ഭരമേല്പിക്കലിന്‍റെ നാഥനായ ദൈവത്തിൽ താങ്കൾ വിശ്വസിക്കുന്നില്ലയോ?’ എന്നാൽ അവിടുന്ന് ഇത് ബിലാലിനോട്(റ) മാത്രമേ പറഞ്ഞുള്ളൂ; എല്ലാവരോടുമായി പറഞ്ഞില്ല. ഓരോരുത്തർക്കും താങ്ങാൻ കഴിയുന്ന അളവനുസരിച്ചാണ് ഉപദേശങ്ങളും നിർദ്ദേശങ്ങളും നൽകപ്പെടുന്നത്.” (മൽഫൂസാത്ത്, ഭാഗം 9, പേജ് 323)

അല്ലാഹുവിൽ ഭരമേല്പിക്കുക എന്നാൽ മുൻകരുതലുകൾ ഉപേക്ഷിക്കലല്ല

ഖലീഫ തിരുമനസ്സ് ഇപ്രകാരം അരുളി: അല്ലാഹുവിൽ ഭരമേല്പിക്കുക എന്നാൽ സകലവിധ ശ്രദ്ധയും മുൻകരുതലുകളും ഉപേക്ഷിക്കുക എന്നതല്ല. ഒരിക്കൽ ഒരാൾ നബി തിരുമേനി(സ)യോട്, തന്‍റെ ഒട്ടകത്തെ കെട്ടാതെ വിട്ട് അല്ലാഹുവിൽ ഭരമേല്പിക്കണമോ, അതോ ഒട്ടകത്തെ കെട്ടിയിട്ട ശേഷം അല്ലാഹുവിൽ ഭരമേല്പിക്കണമോ എന്ന് ചോദിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ഒട്ടകത്തെ കയറിട്ട് ബന്ധിച്ച ശേഷം അല്ലാഹുവിൽ ഭരമേല്പിക്കാനാണ് പുണ്യപ്രവാചകൻ (സ) നിർദ്ദേശിച്ചത്. അതിനാൽ, ദൈവം കനിഞ്ഞുനൽകിയ കഴിവുകളും മാർഗ്ഗങ്ങളും പരമാവധി ഉപയോഗപ്പെടുത്തുകയും, അതിനുശേഷം ദൈവത്തിൽ പൂർണ്ണമായി ഭരമേല്പിക്കുകയും ചെയ്യുക എന്നതാണ് അല്ലാഹുവിലുള്ള യഥാർത്ഥ തവക്കുൽ അഥവാ ഭരമേല്പിക്കൽ.

ഒരിക്കൽ, ഒരാൾ പരിശുദ്ധ പ്രവാചകനെ(സ) കാണാൻ വരികയും പള്ളിക്ക് പുറത്ത് തന്‍റെ ഒട്ടകത്തെ കെട്ടാതെ വിടുകയും ചെയ്തു. പുറത്തിറങ്ങി നോക്കിയപ്പോൾ ഒട്ടകത്തെ എങ്ങും കാണാനില്ലായിരുന്നു. അദ്ദേഹം തിരുനബിയുടെ(സ) അരികിൽ ചെന്ന്, താൻ അല്ലാഹുവിൽ ഭരമേല്പിച്ചിരുന്നുവെന്നും എന്നിട്ടും തന്‍റെ ഒട്ടകം ഓടിപ്പോയെന്നും ബോധിപ്പിച്ചു. അപ്പോൾ പരിശുദ്ധ പ്രവാചകൻ (സ) അരുളി: താങ്കൾ ആദ്യം ഒട്ടകത്തെ കെട്ടിയിടുകയും, തുടർന്ന് അല്ലാഹുവിൽ ഭരമേല്പിക്കുകയും ചെയ്തിരുന്നെങ്കിൽ എത്ര നന്നായിരുന്നു!

നബിതിരുമേനി(സ)യുടെ ആശ്രയം ഭൗതികലോകത്തോ അതിന്‍റെ ബാഹ്യമാർഗ്ഗങ്ങളിലോ ആയിരുന്നില്ല; മറിച്ച്, അവിടുത്തെ ദൃഷ്ടി സദാ വാനലോകത്തേക്കായിരുന്നു, സകല കാര്യങ്ങളിലും അവിടുന്ന് അല്ലാഹുവിൽ മാത്രം ഭരമേല്പിച്ചു.

ഒരിക്കൽ മുസൈലിമത്തുൽ കദ്ദാബ് ഒരു സൈന്യത്തോടൊപ്പം നബിതിരുമേനി(സ)യുടെ അരികിൽ വന്ന്, തന്നെ പിൻഗാമിയായി നിശ്ചയിക്കുകയാണെങ്കിൽ താനും തന്‍റെ സൈന്യവും ഇസ്‌ലാം സ്വീകരിക്കാമെന്ന് പറഞ്ഞു. അക്കാലത്ത് ഇസ്‌ലാമിന്‍റെ അവസ്ഥ ബാഹ്യദൃഷ്ട്യാ ദുർബലമായിരുന്നു, ലൗകിക വീക്ഷണകോണിൽ നോക്കുകയാണെങ്കിൽ കൂടുതൽ ആളുകൾ കൂടെ ചേരുന്നത് ഗുണകരമാവുമായിരുന്നു. എന്നിരുന്നാലും, അത്തരം ലൗകിക മാനദണ്ഡങ്ങളെ ഒട്ടും വകവെക്കാതിരുന്ന നബി തിരുമേനി(സ) മുസൈലിമയുടെ ആവശ്യം നിഷ്കരുണം തള്ളിക്കളഞ്ഞു. തന്‍റെ കൈവശമുള്ള ഈയൊരു ഈന്തപ്പനച്ചില്ലയാണ് മുസൈലിമ ചോദിച്ചതെങ്കിൽ പോലും താൻ നൽകില്ലായിരുന്നുവെന്ന് പുണ്യപ്രവാചകൻ(സ) അരുളി. അല്ലാഹു മുസൈലിമക്ക് നിശ്ചയിച്ചതിൽ കൂടുതൽ ഒന്നും അവന് ലഭിക്കാൻ പോകുന്നില്ലെന്നും, അവൻ പിന്തിരിഞ്ഞു പോവുകയാണെങ്കിൽ അല്ലാഹു തന്നെ അവനെ നാമാവശേഷമാക്കുമെന്നും നബിതിരുമേനി(സ) പ്രസ്താവിച്ചു.
മുസൈലിമയെക്കുറിച്ച് താൻ ഒരു സ്വപ്നം കണ്ടിരുന്നതായി പരിശുദ്ധ പ്രവാചകൻ (സ) വ്യക്തമാക്കി. താൻ രണ്ട് വളകൾ ധരിച്ചിരിക്കുന്നതായും, അത് തനിക്ക് അനിഷ്ടമുണ്ടാക്കിയതായും അവിടുന്ന് സ്വപ്നത്തിൽ കണ്ടു. ആ വളകളിലേക്ക് ഊതാൻ സ്വപ്നത്തിൽ നബിതിരുമേനി(സ)ക്ക് വെളിപാട് ലഭിച്ചു; ഊതിയ ഉടൻ ആ വളകൾ അപ്രത്യക്ഷമാവുകയും ചെയ്തു. തനിക്കുശേഷം അസ്‌വദ് അൻസി, മുസൈലിമത്തുൽ കദ്ദാബ് എന്നിങ്ങനെ രണ്ട് കള്ളപ്രവാചകന്മാർ പ്രത്യക്ഷപ്പെടുമെന്നാണ് നബി തിരുമേനി(സ) ഇതിലൂടെ ഗ്രഹിച്ചത്. ഇത് അല്ലാഹുവിലുള്ള നബിതിരുമേനി(സ)യുടെ വിശ്വാസത്തിന്‍റെയും തവക്കുലിന്‍റെയും അഗാധതയെയാണ് വ്യക്തമാക്കുന്നത്.

അനുസ്മരണങ്ങള്‍

പാകിസ്ഥാനിലെ മിർസാ സഫ്ദർ മഹ്മൂദ് സാഹിബ്:

സെപ്റ്റംബർ 2-ന്, അജ്ഞാതനായ ഒരാൾ പിന്നിൽ നിന്ന് വെടിയുതിർത്ത് ഓടിപ്പോയി. തുടർന്ന് അദ്ദേഹം രക്തസാക്ഷിത്വം വരിച്ചു. ആക്രമണം നടക്കുമ്പോൾ മിർസാ സഫ്ദർ മഹ്‌മൂദ്‌ പള്ളിയിലേക്ക് പോവുകയായിരുന്നു. തൊഴിൽപരമായി ഒരു മെക്കാനിക്കായിരുന്ന അദ്ദേഹം തന്‍റെ എല്ലാ ഇടപാടുകളിലും സുതാര്യതയും സത്യസന്ധതയും പുലർത്തിപ്പോന്നു. ദരിദ്രരെ സദാ സഹായിച്ചിരുന്ന അദ്ദേഹത്തിന്‍റെ കടയിൽ നിന്നും ഒരു യാചകനും വെറുംകയ്യോടെ മടങ്ങിപ്പോയിരുന്നില്ല. അദ്ദേഹം ഉന്നതമായ സൽഗുണങ്ങളുള്ള വ്യക്തിയായിരുന്നുവെന്നും, പതിവായി നമസ്കാരം നിർവ്വഹിച്ചിരുന്ന ആളായിരുന്നുവെന്നും, കൃത്യമായി സാമ്പത്തിക സംഭാവനകളും ത്യാഗങ്ങളും അർപ്പിച്ചിരുന്നുവെന്നും അദ്ദേഹത്തിന്‍റെ ഭാര്യ സാക്ഷ്യപ്പെടുത്തുന്നു. ജോലിയിൽ എത്ര തിരക്കുണ്ടെങ്കിലും ജമാഅത്തിന്‍റെ പരിപാടികൾക്ക് അദ്ദേഹം എപ്പോഴും മുൻഗണന നൽകിയിരുന്നു. പ്രാദേശിക ജമാഅത്തിൽ വിവിധ തലങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. നമസ്കാരങ്ങൾക്കായി പള്ളി തുറന്നുകൊടുത്തിരുന്നതും അദ്ദേഹമായിരുന്നു. ഭാര്യയും രണ്ട് ആൺമക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിന്‍റെ സന്തപ്തകുടുംബം. അല്ലാഹു ഈ രക്തസാക്ഷിയുടെ മേൽ പാപമോചനവും കാരുണ്യവും വർഷിക്കുകയും, സ്വർഗ്ഗത്തിൽ ഉന്നതമായ പദവികൾ നൽകി അനുഗ്രഹിക്കുകയും ചെയ്യട്ടെ. അല്ലാഹു അദ്ദേഹത്തിന്‍റെ കുടുംബത്തിന് ക്ഷമ നൽകുകയും അവരെ സദാ കാത്തുരക്ഷിക്കുകയും ചെയ്യട്ടെ.

അമത്തുൽ അസീസ് സാഹിബ:

ഇവർ ഹസ്രത്ത് മിർസാ ബശീറുദ്ദീൻ മഹ്മൂദ് അഹ്‌മദിന്‍റെ (റ) പൗത്രിയായിരുന്നു. കൂടാതെ, അവർ ഖലീഫ തിരുമനസ്സിന്‍റെ പിതൃസഹോദരപുത്രിയും , ഹുദൂറിന്‍റെ ധർമ്മപത്നിയുടെ ഇളയ സഹോദരിയുമായിരുന്നു. മഹ്മൂദ് ഇഫ്തിഖാർ, ഹാശിർ അഹ്‌മദ് എന്നിങ്ങനെ രണ്ട് ആൺമക്കളാണ് അവർക്കുള്ളത്. രണ്ട് മക്കളും തങ്ങളുടെ മാതാവിനെ പരമാവധി ശുശ്രൂഷിക്കുകയും സേവിക്കുകയും ചെയ്തു. ജീവിതത്തിൽ ഒട്ടനവധി പ്രതിസന്ധിഘട്ടങ്ങൾ നേരിടേണ്ടി വന്നെങ്കിലും, അവർ അങ്ങേയറ്റം ക്ഷമയോടെ അവയെല്ലാം അതിജീവിച്ചു. അവരെപ്പോലെ ഇത്രയേറെ ക്ഷമാശീലരായ ആളുകളെ ഞാൻ വിരളമായേ കണ്ടിട്ടുള്ളൂ. അവർ മാതാപിതാക്കളെ വളരെയധികം ശുശ്രൂഷിച്ചിരുന്നു. ഖിലാഫത്തിനോട് അവർക്ക് അതിയായ സ്നേഹമുണ്ടായിരുന്നു; തങ്ങളുടെ മക്കളെ ഉത്തമമായ രീതിയിലാണ് അവർ വളർത്തിയത്. ആരെക്കുറിച്ചും മോശമായത് സംസാരിക്കാനോ കേൾക്കാനോ അവർ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. ആളുകൾ അവരുടെ മേൽ വ്യാജമായ ആരോപണങ്ങൾ ഉന്നയിക്കുകയോ അപവാദങ്ങൾ പറയുകയോ ചെയ്തപ്പോൾപ്പോലും, അവർ സകലവിധ തർക്കങ്ങളിൽ നിന്നും സ്വയം ഒഴിഞ്ഞുനിന്നു. എപ്പോഴും മറ്റുള്ളവരോട് ദയയോടെ പെരുമാറിയിരുന്ന അവർക്ക് മറ്റുള്ളവർ പ്രയാസപ്പെടുന്നത് കണ്ടുനിൽക്കാൻ സാധിക്കുമായിരുന്നില്ല. അല്ലാഹുവിൽ അവർക്ക് അഗാധമായ വിശ്വാസവും ഭരമേല്പിക്കലും ഉണ്ടായിരുന്നു. ഖിലാഫത്തിനെ സ്നേഹിക്കാനും ജമാഅത്തിന്‍റെ വ്യവസ്ഥിതിയോട് കൂറുപുലർത്താനും അവർ മക്കളെ ഉപദേശിച്ചുപോന്നു. തന്നെക്കാൾ മറ്റുള്ളവരെക്കുറിച്ചാണ് അവർ ചിന്തിച്ചിരുന്നത്. മരണപ്പെട്ടുപോയ തന്‍റെ ഭർത്താവിന്‍റെ ആദ്യഭാര്യയിലുള്ള മക്കളെയും ഒത്തൊരുമയോടെ ഒരുമിച്ച് ജീവിക്കാൻ അവർ പഠിപ്പിച്ചു; ഞാൻ നേരിൽ കണ്ടിട്ടുള്ള ഒരു കാര്യമാണിത്. ഞാൻ ഉപദേശിച്ച കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ പകർത്താൻ അവർ എപ്പോഴും ശ്രദ്ധിച്ചിരുന്നു. മറ്റുള്ളവരുടെ രഹസ്യങ്ങളെയും കുറവുകളെയും അവർ സദാ മറച്ചുവെക്കുമായിരുന്നു. സർവ്വ ശക്തനായ അല്ലാഹു പരേതയ്ക്ക് മേൽ പാപമോചനവും കാരുണ്യവും വർഷിക്കുകയും, അവരുടെ പദവികളെ ഉയർത്തുകയും ചെയ്യട്ടെ.

റശീദ് അഹ്‌മദ് ഹയാത് സാഹിബ്:

ഭാര്യയും രണ്ട് പെൺമക്കളും നാല് ആൺമക്കളുമടങ്ങുന്നതാണ് അദ്ദേഹത്തിന്‍റെ കുടുംബം. അദ്ദേഹത്തിന്‍റെ മകൻ ഒരു മുബല്ലിഗും ഘാനയിലെ ജാമിഅത്തുൽ മുബശ്ശിരീന്‍റെ വൈസ് പ്രിൻസിപ്പലുമായി സേവനമനുഷ്ഠിച്ചുവരികയുമാണ്. സേവനരംഗത്തായിരുന്നതിനാൽ അദ്ദേഹത്തിന് സ്വന്തം പിതാവിന്‍റെ ജനാസ നമസ്കാരത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല. പരേതൻ ആരാധനകളിൽ അതീവ ശ്രദ്ധാലുവും ഖിലാഫത്തിനെ അത്യധികം സ്നേഹിച്ച വ്യക്തിയുമായിരുന്നു; കൂടാതെ പതിവായി വിശുദ്ധ ഖുർആൻ പാരായണം ചെയ്യുകയും കൃത്യമായി സാമ്പത്തിക സംഭാവനകൾ അർപ്പിക്കുകയും ചെയ്തിരുന്നു. അല്ലാഹു അദ്ദേഹത്തിന് പാപമോചനവും കാരുണ്യവും പ്രധാനം ചെയ്യട്ടെ.

അനുബന്ധ വിഷയങ്ങള്‍

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു