ഹദ്‌റത്ത് മുഹമ്മദ്(സ) യുടെ നന്ദി പ്രകടനത്തിന്‍റെ അദ്ധ്യാപനങ്ങളും ഉദാത്ത മാതൃകയും

ഒരു വ്യക്തി തന്റെ ഉപജീവനമാർഗ്ഗത്തിലും ധനത്തിലും അനുഗ്രഹം ആഗ്രഹിക്കുന്നുവെങ്കിൽ, തനിക്കുള്ള എല്ലാറ്റിനോടും അവൻ നന്ദിയുള്ളവനായിരിക്കേണ്ടതാണ്.

ഹദ്‌റത്ത് മുഹമ്മദ്(സ) യുടെ നന്ദി പ്രകടനത്തിന്‍റെ അദ്ധ്യാപനങ്ങളും ഉദാത്ത മാതൃകയും

ഒരു വ്യക്തി തന്റെ ഉപജീവനമാർഗ്ഗത്തിലും ധനത്തിലും അനുഗ്രഹം ആഗ്രഹിക്കുന്നുവെങ്കിൽ, തനിക്കുള്ള എല്ലാറ്റിനോടും അവൻ നന്ദിയുള്ളവനായിരിക്കേണ്ടതാണ്.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 7 ഓഗസ്റ്റ്  2026ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: എം. മുനവ്വർ അഹ്‍മദ് ശാഹിദ്

തശഹ്ഹുദ്, തഅവ്വുദ്, സൂറഃ ഫാത്തിഹ എന്നിവ പാരായണം ചെയ്തതിനു ശേഷം ഖലീഫാ തിരുമനസ്സ് പറഞ്ഞു: ഹദ്‌റത്ത് മുഹമ്മദ് (സ)യുടെ നന്ദി പ്രകടനത്തിന്‍റെ അദ്ധ്യാപനങ്ങളും ഉദാത്ത മാതൃകയും വിവരിക്കുന്നത് തുടരുകയാണ്.

ചെറിയ കാര്യങ്ങളിൽ പോലുമുള്ള നന്ദി പ്രകടനം

നബി തിരുമേനി(സ) ഏറ്റവും നിസ്സാരമായ കാര്യങ്ങളിൽ പോലും കൃതജ്ഞത കാണിക്കാൻ കൽപ്പിച്ചിട്ടുണ്ട്. ഒരു വ്യക്തി താൻ കഴിക്കുന്ന ഓരോ അപ്പ കഷ്ണത്തിനും കുടിക്കുന്ന ഓരോ ഇറക്കിനും നന്ദി പ്രകടിപ്പിക്കുന്നത് അല്ലാഹുവിന് പ്രിയങ്കരമായ കാര്യമാണെന്ന് നബി തിരുമേനി (സ) പറഞ്ഞിട്ടുണ്ട്. ഒരിക്കൽ നബി തിരുമേനി (സ) തന്‍റെ വീട്ടിനുള്ളിൽ പ്രവേശിച്ചപ്പോൾ പുറത്തുവെച്ചിരുന്ന ഒരു കഷണം റൊട്ടി കാണാനിടയായി. നബി തിരുമേനി(സ) അത് എടുത്ത് തുടക്കുകയും കഴിക്കുകയും ചെയ്തു. തുടർന്ന് ഹദ്റത്ത് ആയിശ(റ)യോട് ആദരിക്കപ്പെടേണ്ടതിനെ ആദരിക്കണമെന്ന് പറഞ്ഞു. അല്ലാഹു ഒരു ജനതയ്ക്ക് ഉപജീവനമാർഗ്ഗങ്ങൾ ഇല്ലാതാക്കിക്കഴിഞ്ഞാൽ, അവർക്ക് അത് പിന്നീട് ഒരിക്കലും തിരികെ ലഭിക്കുകയില്ല. അങ്ങനെ നബി തിരുമേനി (സ) എത്ര ചെറുതാണെങ്കിലും എല്ലാറ്റിനോടും കൃതജ്ഞത കാണിച്ചിരുന്നു. അതിനാൽ, ഒരു വ്യക്തി തന്‍റെ ഉപജീവനമാർഗ്ഗത്തിലും ധനത്തിലും അനുഗ്രഹം ആഗ്രഹിക്കുന്നുവെങ്കിൽ, തനിക്കുള്ള എല്ലാറ്റിനോടും അവൻ നന്ദിയുള്ളവനായിരിക്കേണ്ടതാണ്.

മക്ക വിജയ ദിവസം നബി തിരുമേനി (സ) തന്‍റെ പിതൃവ്യപുത്രിയായ ഉമ്മു ഹാനി(റ)യുടെ വീട്ടിൽ പോയി. അവിടുന്ന് വിശന്ന വയറോടുകൂടിയാണ് ചെന്നതെന്നും കഴിക്കാൻ എന്തെങ്കിലും ഉണ്ടോ എന്ന് ചോദിക്കുകയും ചെയ്തു. ഉണങ്ങിയ റൊട്ടിയല്ലാതെ മറ്റൊന്നും തന്‍റെ കൈയ്യിലില്ലെന്ന് അവർ മറുപടി നൽകുകയും, അത് നബി തിരുമേനി(സ)ന്‍റെ മുൻപിൽ സമർപ്പിക്കുന്നതിലുള്ള ലജ്ജ പ്രകടിപ്പിക്കുകയും ചെയ്തു. എന്നാൽ, ആ പഴയ റൊട്ടി കൊണ്ടുവരാൻ നബി തിരുമേനി(സ) പറയുകയും, അവിടുന്ന് അത് വെള്ളത്തിൽ മുക്കി കഴിക്കുകയും ചെയ്തു.

തുടർന്ന്, എന്തെങ്കിലും കറിയോ കൂട്ടാനോ ഉണ്ടോ എന്ന് നബി തിരുമേനി(സ) ഉമ്മു ഹാനി(റ)യോട് ചോദിച്ചു. സുർക്ക(വിനാഗിരി) അല്ലാതെ മറ്റൊന്നും തന്‍റെ കൈയ്യിലില്ലെന്ന് അവർ മറുപടി നൽകി. അത് കൊണ്ടുവരാൻ നബി തിരുമേനി (സ) ആവശ്യപ്പെടുകയും റൊട്ടിക്ക് മുകളിൽ അത് ഒഴിക്കുകയും ചെയ്തു. തുടർന്ന് സുർക്ക ഉത്തമമായ ഒരു ഭക്ഷണമാണെന്നും, സുർക്കയുള്ള ഒരു വീട് ഒരിക്കലും ദരിദ്രമാകില്ലെന്നും നബി തിരുമേനി (സ) പറഞ്ഞു.
ഇതായിരുന്നു നബി തിരുമേനി (സ)യുടെ കൃതജ്ഞതയുടെ നിലവാരം. വികസിത രാജ്യങ്ങളിൽ ജീവിച്ചിട്ടും, അല്ലാഹു നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും യഥാർത്ഥ നന്ദിയുള്ളവരായിരിക്കുന്നതിന് പകരം, അനേകം ആളുകൾ കൃതഘ്നത കാണിക്കുകയും നിസ്സാര കാര്യങ്ങളിൽ പോലും അസംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്യുന്നു.

നാം ഏവരും ഉൾക്കൊള്ളേണ്ട നന്ദിയുടെ മനോഭാവം

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ രണ്ടാം ഖലീഫയായ ഹദ്റത്ത് മിർസാ ബശീറുദ്ദീൻ മഹ്‌മൂദ്‌ അഹ്‌മദ്‌(റ)ന്‍റെ വാക്കുകൾ ഖലീഫ തിരുമനസ്സ് ഉദ്ധരിക്കുകയുണ്ടായി: ഇന്ന് ആളുകൾക്ക് കീറിയ വസ്ത്രങ്ങൾ ധരിക്കാൻ പോലും സാധിക്കുന്നില്ല, എന്നാൽ നബി തിരുമേനി(സ)ന്‍റെ സ്വഹാബികൾക്ക് കീറിയ വസ്ത്രങ്ങളാണ് ലഭിച്ചതെങ്കിൽ പോലും അവരുടെ ശിരസ്സുകൾ നന്ദിയോടെ അല്ലാഹുവിന്‍റെ മുന്നിൽ കുനിയുമായിരുന്നു. അതുപോലെ ഇന്ന് ഏതെങ്കിലും ഒരു ഭക്ഷണം മുന്നിൽ വെച്ചാൽ, തങ്ങൾക്ക് ഇഷ്ടപ്പെട്ട മറ്റെന്തെങ്കിലും ഉണ്ടായിരുന്നെങ്കിൽ എന്ന് ആളുകൾ പലപ്പോഴും ആഗ്രഹിക്കുന്നു. എന്നാൽ നബി തിരുമേനി(സ) സ്വഹാബികൾക്ക് കഴിക്കാൻ പഴകിയ റൊട്ടിയാണ് ലഭിച്ചതെങ്കിൽ പോലും അവർ അല്ലാഹുവിന് നിരന്തരം നന്ദി അർപ്പിക്കുമായിരുന്നു.

ഈ കൃതജ്ഞതയുടെ ഏറ്റവും വലിയ മാതൃക കാണിച്ചുതന്നത് നബി തിരുമേനി(സ) ആയിരുന്നു. മക്ക വിജയവേളയിൽ തന്‍റെ പിതൃവ്യപുത്രിയുടെ വീട് സന്ദർശിച്ചപ്പോൾ പഴകിയ റൊട്ടിയും സുർക്കയും മാത്രം കഴിക്കാനുണ്ടായിരുന്നപ്പോഴും നബി തിരുമേനി (സ) അല്ലാഹുവിന് നന്ദി അർപ്പിച്ച സംഭവം ഇതിന് തെളിവാണ്. കൃതജ്ഞത ഒരു വ്യക്തിയിൽ വലിയ കരുത്ത് വളർത്തുന്നു, എന്നാൽ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങൾ അനുഭവിച്ചിട്ടും അവയോട് നന്ദി കാണിക്കാതിരിക്കുന്നത് ഒരു വ്യക്തിയുടെ സ്വഭാവത്തെ ഒട്ടും ദൃഢമാക്കുന്നില്ല. കൃതജ്ഞതയ്ക്ക് വളരെ കുറഞ്ഞ അളവിലുള്ള ഭക്ഷണത്തെപ്പോലും മതിയായത് ആക്കി മാറ്റാൻ കഴിയും.

ഈ നന്ദിയുടെ മനോഭാവം ഏവരും, പ്രത്യേകിച്ച് ജീവിതം സമർപ്പിച്ചവർ (വഖ്ഫെ സിന്ദഗികൾ) സ്വീകരിക്കേണ്ട ഒന്നാണെന്ന് ഖലീഫ തിരുമനസ്സ് പറഞ്ഞു . തങ്ങൾക്കുള്ള ചെറിയ മാർഗ്ഗങ്ങളിൽ പോലും അവർ നന്ദിയുള്ളവരായിരിക്കണം, കൂടാതെ സ്വന്തം കൃതജ്ഞതയുടെ നിലവാരത്തോടൊപ്പം തങ്ങളുടെ ഭാര്യമാരുടെയും മക്കളുടെയും നിലവാരവും ഉയർത്തേണ്ടതാണ്. ഒരു മഹത്തായ ലക്ഷ്യത്തിനായാണ് അവർ തങ്ങളുടെ ജീവിതം സമർപ്പിച്ചിരിക്കുന്നത്, ആ ലക്ഷ്യം കൈവരിക്കുന്നതിനായി അവർ മഹത്തായ മാതൃകകൾ സ്ഥാപിക്കുകയും അവ അനുസരിച്ച് പ്രവർത്തിക്കാൻ പരിശ്രമിക്കുകയും വേണം.

നബി തിരുമേനി (സ) തന്‍റെ സ്വഹാബികളുടെ സേവനങ്ങൾക്ക് നന്ദി പ്രകടിപ്പിക്കുക മാത്രമല്ല, അവർക്കായി ധാരാളം പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കൽ ഒരു യാത്രയ്ക്കിടയിൽ നബി തിരുമേനി (സ) തന്‍റെ വാഹനപ്പുറത്ത് ഉറങ്ങിപ്പോവുകയും, ഒരു വശത്തേക്ക് ചരിഞ്ഞു വീഴാൻ തുടങ്ങുകയും ചെയ്തു. ഒന്നും പറയാതെ, ഒരു സ്വഹാബി ആ വശത്തേക്ക് വന്ന് നബി തിരുമേനി(സ) വാഹനത്തിൽ സന്തുലിതാവസ്ഥയിൽ തുടരുന്നതിനായി അങ്ങയെ താങ്ങിനിർത്തി. ഇത് രണ്ടാമതും മൂന്നാമതും സംഭവിച്ചു. മൂന്നാമതും ഇത് സംഭവിച്ചപ്പോൾ, നബി തിരുമേനി (സ) അദ്ദേഹത്തോട് എത്ര സമയമായി തനിക്കൊപ്പം നടന്ന് ഇപ്രകാരം താങ്ങിനിർത്തുന്നു എന്ന് ചോദിച്ചു. രാത്രിയിലുടനീളം താൻ അങ്ങനെ ചെയ്യുന്നുണ്ടെന്ന് ആ സ്വഹാബി മറുപടി നൽകി. പ്രവാചകനെ താങ്ങിനിർത്തിയതുപോലെ അല്ലാഹു അദ്ദേഹത്തെയും സംരക്ഷിക്കട്ടെ എന്ന് നബി തിരുമേനി(സ) പ്രാർത്ഥിച്ചു. ഇത്രയും ആദരണീയമായ രീതിയിലായിരുന്നു നബി തിരുമേനി (സ) തന്‍റെ നന്ദി പ്രകടിപ്പിച്ചിരുന്നത്.

ഒരിക്കൽ അല്ലാഹു തന്നോട് മക്ക നഗരം മുഴുവൻ സ്വർണ്ണമാക്കി മാറ്റണോ എന്ന് ചോദിച്ചതായി നബി തിരുമേനി (സ) പറഞ്ഞു. എന്നാൽ ഇതിന് പകരമായി ഒരു ദിവസം വിശന്നിരിക്കാനും അടുത്ത ദിവസം വയറുനിറയെ കഴിക്കാനും താൻ ആഗ്രഹിക്കുന്നു എന്നാണ് നബി തിരുമേനി(സ) മറുപടി നൽകിയത്; വയറുനിറയെ കഴിക്കുമ്പോൾ അല്ലാഹുവിന് നന്ദി അർപ്പിക്കാനും, വിശന്നിരിക്കുമ്പോൾ അല്ലാഹുവിനോട് യാചിക്കാനും വേണ്ടിയായിരുന്നു അത്.

നബി തിരുമേനി(സ) മൂന്ന് ശ്വാസങ്ങളിലായി വെള്ളം കുടിക്കുമായിരുന്നു. അതായത്, നബി തിരുമേനി (സ) ഒറ്റ വലിക്ക് വെള്ളം കുടിക്കില്ലായിരുന്നു, മറിച്ച് ഇടയിൽ മൂന്ന് തവണ ശ്വാസമെടുത്ത് ശാന്തമായി വെള്ളം കുടിക്കുമായിരുന്നു. ഓരോ തവണ ശ്വാസമെടുക്കാൻ നിർത്തുമ്പോഴും അവിടുന്ന് അല്ലാഹുവിന് നന്ദി അർപ്പിക്കുമായിരുന്നു.

ഉപകാരത്തിന് പ്രത്യുപകാരം ചെയ്യേണ്ടതിന്‍റെ പ്രാധാന്യം

ഒരു വ്യക്തിക്ക് മറ്റൊരാളിൽ നിന്ന് എന്തെങ്കിലും ഉപകാരം ലഭിച്ചാൽ, അവർ ആ ഉപകാരത്തിന് പ്രത്യുപകാരം ചെയ്യാൻ ശ്രമിക്കണമെന്ന് നബി തിരുമേനി(സ) ഒരിക്കൽ പറഞ്ഞതായി ഖലീഫ തിരുമനസ്സ് പറഞ്ഞു. പ്രത്യുപകാരം ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ, ലഭിച്ച ഉപകാരം മറ്റുള്ളവരുടെ മുന്നിൽ ഓർത്തു പറയേണ്ടതാണ്, കാരണം ഒരു ഉപകാരം ഓർത്തു പറയുന്ന വ്യക്തി ആ ഉപകാരത്തിന് നന്ദി പ്രകടിപ്പിക്കുകയാണ് ചെയ്യുന്നത്. അർഹതയില്ലാത്ത വലിപ്പം നടിക്കുന്ന വ്യക്തി വ്യാജത്തിന്‍റെ രണ്ട് വസ്ത്രങ്ങൾ പുതച്ചവനെപ്പോലെയാണ്. അതായത്, അങ്ങനെയുള്ള ഒരാൾ ആപാദചൂഡം നുണയനാണ്.

തനിക്ക് ഉപകാരം ചെയ്തവരെ നബി തിരുമേനി(സ) എപ്പോഴും ഓർക്കുകയും അവരുടെ ഉപകാരങ്ങൾ എടുത്തുപറയുകയും ചെയ്യുമായിരുന്നു. ഉദാഹരണത്തിന്, എല്ലാ ഘട്ടങ്ങളിലും നബി തിരുമേനി (സ)യെ പിന്തുണയ്ക്കുകയും കൂടെ നിൽക്കുകയും ചെയ്ത ഹദ്റത്ത് ഖദീജ (റ) ഉണ്ടായിരുന്നു. അവർ മക്കയിലെ സമ്പന്നരായ സ്ത്രീകളിൽ ഒരാളായിരുന്നു, നബി തിരുമേനിയുമായുള്ള (സ) വിവാഹശേഷം അവർ തന്‍റെ സമ്പത്തെല്ലാം അവിടുന്ന് ഇഷ്ടമുള്ള രീതിയിൽ ഉപയോഗിക്കാനായി സമർപ്പിച്ചു. പ്രവാചകത്വ ലബ്ധിക്ക് ശേഷം, ഹദ്റത്ത് ഖദീജ (റ) തന്‍റെ ഭർത്താവിനൊപ്പം എല്ലാ പരീക്ഷണങ്ങളിലും പ്രയാസങ്ങളിലും ഉറച്ചുനിന്നു. നബി തിരുമേനി (സ) പ്രവാചകത്വത്തിന്‍റെ പത്താം വർഷത്തിൽ വേർപിരിയുന്നത് വരെ അവർ അപ്രകാരം ചെയ്തു.

തന്‍റെ ജീവിതകാലം മുഴുവൻ, ഹദ്റത്ത് ഖദീജ (റ) തനിക്ക് ചെയ്തുതന്ന എല്ലാ ഉപകാരങ്ങളും കാരുണ്യവും നബി തിരുമേനി (സ) എടുത്തു പറയുമായിരുന്നു. നബി തിരുമേനി (സ) മറ്റ് ഭാര്യമാർക്ക് അസൂയ തോന്നുന്നത്രയും അവിടുന്ന് അത് ചെയ്യുമായിരുന്നു. ഒരിക്കൽ ഹദ്റത്ത് ആയിശ (റ) നബി തിരുമേനിയോട് (സ) ചോദിച്ചു, പുതിയ ഭാര്യമാരെ ലഭിച്ചിട്ടും അവിടുന്ന് എന്തിനാണ് പഴയ ഭാര്യയുടെ ഉപകാരങ്ങളെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുന്നത്? ഹദ്റത്ത് ഖദീജയേക്കാൾ (റ) നല്ലൊരു ഭാര്യ തനിക്ക് ലഭിച്ചിട്ടില്ലെന്ന് നബി തിരുമേനി(സ) പറഞ്ഞു , കാരണം മറ്റുള്ളവർ എന്നെ തള്ളിക്കളഞ്ഞപ്പോൾ അവർ എന്നെ സ്വീകരിച്ചു, മറ്റുള്ളവർ എനിക്കെതിരെ സംസാരിച്ചപ്പോൾ അവർ എനിക്ക് അനുകൂലമായി സംസാരിച്ചു, മറ്റുള്ളവർ സമ്പത്ത് തരാതിരുന്നപ്പോൾ അവർ തന്‍റെ സമ്പത്ത് എനിക്ക് നൽകി, മറ്റ് ഭാര്യമാരിൽ നിന്നൊന്നും ലഭിക്കാത്ത സന്താനസൗഭാഗ്യം അല്ലാഹു എനിക്ക് അവരിലൂടെ നൽകി. അങ്ങനെ നബി തിരുമേനി (സ) തന്‍റെ ജീവിതത്തിലുടനീളം ഹദ്റത്ത് ഖദീജ(റ)യോട് നന്ദിയുള്ളവനായിരുന്നു.

നബിതിരുമേനി(സ) പറയുന്നു: അല്ലാഹു ഒരു വ്യക്തിക്ക് ഭൗതിക ലോകത്തെ തിരഞ്ഞെടുക്കണോ അതോ തന്‍റെ പക്കലുള്ള അനുഗ്രഹങ്ങളെ തിരഞ്ഞെടുക്കണോ എന്ന് ചോദിച്ചപ്പോൾ, ആ വ്യക്തി അല്ലാഹുവിന്‍റെ പക്കലുള്ള അനുഗ്രഹങ്ങളെ തിരഞ്ഞെടുത്തു. ഇത് കേട്ടയുടൻ ഹദ്റത്ത് അബൂബക്കർ (റ) കരയാൻ തുടങ്ങി, ഇത് മറ്റ് സ്വഹാബികളെ അത്ഭുതപ്പെടുത്തി. നബി തിരുമേനി (സ) പരാമർശിച്ച ആ വ്യക്തി നബിതിരുമേനി(സ) തന്നെയാണെന്ന് ഹദ്റത്ത് അബൂബക്കർ (റ) മനസ്സിലാക്കിയിരുന്നു. അപ്പോള്‍ നബി തിരുമേനി (സ) പറഞ്ഞു : തന്‍റെ സഹവാസം കൊണ്ടും സമ്പത്ത് കൊണ്ടും ഹദ്റത്ത് അബൂബക്കർ(റ)നേക്കാൾ ഉപകാരം തനിക്ക് വേറെ ആരും ചെയ്തിട്ടില്ല. അല്ലാഹുവിനെ കൂടാതെ മറ്റൊരാളെ തനിക്ക് അടുത്ത സുഹൃത്താക്കാൻ കഴിയുമെങ്കിൽ, അത് ഹദ്റത്ത് അബൂബക്കർ (റ) ആയിരിക്കും.

മക്കയിൽ മുസ്‌ലിംകൾ കടുത്ത പീഡനങ്ങൾ നേരിട്ടപ്പോൾ, അവരിൽ ചിലർ അബിസീനിയയിലേക്ക് പലായനം ചെയ്യുകയും അവിടുത്തെ രാജാവ് അവർക്ക് അഭയം നൽകുകയും ചെയ്തു. അബിസീനിയയിലെ നജജാശി രാജാവ് ചെയ്ത ഈ ഉപകാരം നബി തിരുമേനി(സ) എപ്പോഴും ഓർക്കുകയും അവസരം ലഭിക്കുമ്പോഴെല്ലാം അതിന് നന്ദി പ്രകടിപ്പിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കൽ, നജജാശിയുടെ പ്രതിനിധി സംഘം സന്ദർശനത്തിന് വന്നപ്പോൾ, നബി തിരുമേനി(സ) അവരെ സ്വീകരിക്കാൻ എഴുന്നേറ്റുനിന്നു. പ്രതിനിധി സംഘത്തെ തങ്ങൾ സ്വീകരിക്കാമെന്ന് സ്വഹാബികൾ പറഞ്ഞെങ്കിലും, നജ്ജാശി മുസ്‌ലിംകൾക്ക് വലിയൊരു ഉപകാരം ചെയ്തിട്ടുണ്ടെന്നും ആ ഉപകാരത്തിന് വ്യക്തിപരമായി പ്രത്യുപകാരം ചെയ്യാൻ താൻ ആഗ്രഹിക്കുന്നുവെന്നും നബി തിരുമേനി(സ) പറഞ്ഞു. ഈ നന്ദിയുടെ മനോഭാവം കൊണ്ടാണ് അവിടുന്ന് അദ്ദേഹത്തിന്‍റെ വേർപാടിൽ ജനാസ ഗാഇബ് (അസാന്നിധ്യത്തിലുള്ള മയ്യിത്ത്) നമസ്കാരം നിർവ്വഹിച്ചതും.

നബി തിരുമേനി (സ) - അല്ലാഹുവിന്‍റെ നന്ദിയുള്ള ദാസൻ

ഹിജ്റത്തിന് മുൻപ്, മദീനയിൽ നിന്ന് തന്നെ കാണാൻ വന്ന 70 ആളുകളിൽ നിന്ന് നബി തിരുമേനി(സ) ബൈഅത്ത് (അനുസരണ പ്രതിജ്ഞ) സ്വീകരിച്ചു. അല്ലാഹു വിജയം നൽകിയ ശേഷം നബിതിരുമേനി(സ) മക്കയിലേക്ക് തിരികെ പോകരുതെന്ന ആഗ്രഹം അവരിൽ ഒരാൾ നബി തിരുമേനി (സ)യോട് പ്രകടിപ്പിച്ചു. ഇതിന് മറുപടിയായി അങ്ങനെ ഒരിക്കലും ഉണ്ടാകില്ലെന്ന് നബി തിരുമേനി(സ) പറഞ്ഞു . അവരുടെ രക്തം തന്‍റെ രക്തമായിരിക്കുമെന്നും, അവരുടെ മിത്രങ്ങൾ തന്‍റെ മിത്രങ്ങളായിരിക്കുമെന്നും, അവരുടെ ശത്രുക്കൾ തന്‍റെ ശത്രുക്കളായിരിക്കുമെന്നും നബി തിരുമേനി (സ) പറഞ്ഞു.

ഒരിക്കൽ ഒരു യാത്രയ്ക്കിടയിൽ നബി തിരുമേനി(സ) ഹദ്റത്ത് സ്വഫിയ്യയെ (റ) വിവാഹം കഴിച്ചു. അന്ന് രാത്രി ഒരു സ്വഹാബി നബി തിരുമേനി (സ)യുടെ കൂടാരത്തിന് പുറത്ത് കാവൽ നിന്നു. പിറ്റേന്ന് രാവിലെ, നബി തിരുമേനി(സ) അദ്ദേഹത്തോട് അവിടെ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു. ഖൈബർ യുദ്ധത്തിൽ പിതാവും സഹോദരന്മാരും കൊല്ലപ്പെട്ടതിനാലും അവർ(ഹദ്റത്ത് സ്വഫിയ്യ) ഇസ്ലാമിലേക്ക് പുതിയതായി കടന്നുവന്ന ആളായതിനാലും അവർ എന്തെങ്കിലും ഉപദ്രവം ഉണ്ടാക്കുമോ എന്ന് ഭയന്നാണ് കാവൽ നിന്നതെന്ന് ആ സ്വഹാബി മറുപടി നൽകി. അദ്ദേഹത്തിന്‍റെ ആത്മാർത്ഥത കണ്ട്, ആ സ്വഹാബി രാത്രി മുഴുവൻ തന്നെ സംരക്ഷിച്ചതുപോലെ അല്ലാഹു അദ്ദേഹത്തെയും സംരക്ഷിക്കട്ടെ എന്ന് നബി തിരുമേനി (സ) പ്രാർത്ഥിച്ചു.

ഒരിക്കൽ നബി തിരുമേനി (സ) കുടിക്കാൻ കുറച്ച് വെള്ളം ആവശ്യപ്പെട്ടു. ഒരു സ്വഹാബി ഒരു പാത്രത്തിൽ അവിടുത്തേക്ക് വെള്ളം കൊണ്ടുവന്നു. പാത്രത്തിൽ ഒരു മുടിനാരുണ്ടായിരുന്നു, നബി തിരുമേനിക്ക് (സ) സമർപ്പിക്കുന്നതിന് മുൻപ് സ്വഹാബി അത് എടുത്തു മാറ്റി. ഈ ചെറിയ പ്രവൃത്തിക്ക് പോലും, അല്ലാഹു ഈ മനുഷ്യന് ഭംഗി നൽകട്ടെ എന്ന് നബി തിരുമേനി (സ) പ്രാർത്ഥിച്ചു. നന്ദി പ്രകടിപ്പിക്കാൻ നബി തിരുമേനി(സ) ഒരു അവസരവും പാഴാക്കിയിരുന്നില്ല. നബി തിരുമേനി(സ)യുടെ ഈ പ്രാർത്ഥനയുടെ ഫലമായി ഈ സ്വഹാബി ദീർഘകാലം ജീവിച്ചിരുന്നിട്ടും അദ്ദേഹത്തിന്‍റെ തലയിലെയോ താടിയിലെയോ ഒരു മുടിപോലും വെളുത്തിരുന്നില്ല(നരച്ചിരുന്നില്ല) എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.
ആരെങ്കിലും തനിക്ക് ഒരു സമ്മാനം നൽകിയാൽ, അവർ തിരിച്ച് ഒരു സമ്മാനം നൽകാൻ ശ്രമിക്കണമെന്ന് നബി തിരുമേനി (സ) ഒരിക്കൽ പറയുകയുണ്ടായി. തിരിച്ച് സമ്മാനം നൽകാൻ സാധിച്ചില്ലെങ്കിൽ, തങ്ങൾക്ക് ലഭിച്ച സമ്മാനത്തെക്കുറിച്ച് മറ്റുള്ളവരോട് പറയേണ്ടതാണ്. ലഭിച്ച സമ്മാനത്തെക്കുറിച്ച് എടുത്തുപറയുന്നവൻ നന്ദി പ്രകടിപ്പിക്കുന്നു, എന്നാൽ അത് മറച്ചുവെക്കുന്നവൻ കൃതഘ്നനാണ്.

നബി തിരുമേനി (സ) രാത്രിയിൽ കാൽപാദങ്ങൾ വീങ്ങുന്നതുവരെ പ്രാർത്ഥനയിൽ നിൽക്കുമായിരുന്നു എന്ന്. ഇത് കണ്ട്, അല്ലാഹു അവിടുത്തെ മുൻകാലത്തെയും പിൽക്കാലത്തെയും എല്ലാ തെറ്റുകളിൽ നിന്നും സംരക്ഷിച്ചിരിക്കെ എന്തിനാണ് ഇപ്രകാരം ചെയ്യുന്നതെന്ന് ഹദ്റത്ത് ആയിശ (റ) ചോദിച്ചു. താൻ ഒരു നന്ദിയുള്ള ദാസനാകേണ്ടതില്ലേ എന്നായിരുന്നു നബി തിരുമേനി (സ) നൽകിയ മറുപടി. അങ്ങനെ, നബി തിരുമേനി(സ) നന്ദിയുള്ള ഒരു ദാസനായി മാറിയതിൽ ഉന്നതി പ്രാപിക്കുകയും അപ്രകാരം ചെയ്യാൻ നമ്മോട് കൽപ്പിക്കുകയും ചെയ്തു. അതായത്, അല്ലാഹുവിനോട് യഥാർത്ഥത്തിൽ നന്ദിയുള്ളവരായിത്തീരാൻ നമ്മുടെ ആരാധനകളിൽ യഥാർത്ഥ പരിശ്രമവും പുരോഗതിയും ആവശ്യമാണ്.

അവസാനം ഖലീഫ തിരുമനസ്സ് ഇപ്രകാരം പ്രാർഥിച്ചു. അല്ലാഹു എല്ലാവർക്കും യഥാർത്ഥ നന്ദിയുള്ളവരാകാനും, അല്ലാഹുവിന്‍റെ യഥാർത്ഥ ദാസന്മാരാകാനും, അല്ലാഹുവിന്‍റെ അനുഗ്രഹങ്ങൾ എപ്പോഴും ലഭിക്കുന്നവരാകാനും തൗഫീഖ് നൽകട്ടെ. ആമീൻ

Related Topics

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു