അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 26 ജൂൺ 2026ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: കെ.ഐ ഗുലാം അഹ്‌മദ്
ശാഹിദ്
തശഹുദും തഅവ്വുദും സൂറ ഫാത്തിഹയും പാരായണം ചെയ്ത ശേഷം ഖലീഫ തിരുമനസ്സ് ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ് (അയ്യദഹുല്ലാഹ്) പറഞ്ഞു, ദൈവീക നിർദ്ദേശങ്ങൾക്കനുസൃതമായും നബിതിരുമേനി(സ)ൻ്റെ മാതൃക പിൻപറ്റിക്കൊണ്ടും വാഗ്ദത്ത മസീഹ്(അ) പ്രകടിപ്പിച്ച ഉദാരതയുടെ നിരവധി ഉദാഹരണങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിൽ ഉണ്ട്. ഈ മഹത്തായ ഗുണം അദ്ദേഹത്തിന്റെ ദൗത്യനിയോഗത്തിനുശേഷം മാത്രം പ്രകടമായതല്ല; മറിച്ച്, വാഗ്ദത്ത മസീഹ് (അ) ആയി തിരഞ്ഞെടുക്കപ്പെടുന്നതിന് ഏറെ മുമ്പേ തന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും ഈ ഉദാരസ്വഭാവത്തിൻ്റെ തിളക്കമാർന്ന പ്രതിഫലനങ്ങൾ കാണാനാകുന്നു.
മഹത്തായ ഔദാര്യത്തിന്റെ ഉജ്ജ്വല മാതൃകയായ ഒരു മാതാവിന്റെ പരിപാലനത്തിലാണ് വാഗ്ദത്ത മസീഹ് (അ) വളർന്നത്. ഹദ്റത്ത് ചിരാഗ് ബീവി ഏറ്റവും ഉയർന്ന തലത്തിലുള്ള ഉദാരതയാണ് കാണിച്ചിരുന്നതെന്ന് രേഖപ്പെടുത്തപ്പെട്ടിരിക്കുന്നു. നാല് പേർക്ക് ഭക്ഷണം ആവശ്യമുണ്ടെന്ന് അവരെ അറിയിച്ചാൽ, അതിലും കൂടുതൽ പേർക്ക് ആവശ്യം വന്നാലോ എന്ന് കരുതി അവർ എട്ട് പേർക്കുള്ള ഭക്ഷണം തയ്യാറാക്കി അയക്കുമായിരുന്നു. മരണമടയുന്ന പാവപ്പെട്ടവർക്ക് മരണാനന്തര കാര്യങ്ങൾക്ക് വേണ്ടിയുള്ള സജ്ജീകരണങ്ങൾ ഒരുക്കികൊടുക്കുകയും ചിലപ്പോൾ കഫൻപുടവകൾ വരെ നൽകുകയും ചെയ്യുമായിരുന്നു. ഒരു കാരുണ്യവതിയായ മാതാവിനെപ്പോലെ അവർ എല്ലാവർക്കും വേണ്ടിയുള്ളവരായിരുന്നു. മനുഷ്യരാശിയോടുള്ള അനുകമ്പ, ആതിഥ്യമര്യാദ, ഉദാരത തുടങ്ങിയ ഉന്നതമായ സ്വഭാവഗുണങ്ങൾ ഉള്ള ഒരാൾ മുഖേന വാഗ്ദത്ത മസീഹ്(അ) വളർത്തപ്പെടാനുള്ള ഉപാധികൾ ദൈവം ഒരുക്കുകയായിരുന്നു.
വാഗ്ദത്ത മസീഹ്(അ) സിയാൽകോട്ടിൽ ജോലി ചെയ്തിരുന്ന കാലത്ത് അദ്ദേഹത്തിന്റെ മാതാവ് ഒരാളുടെ കയ്യിൽ കുറച്ച് വസ്ത്രങ്ങളും മറ്റു സാധനങ്ങളും കൊടുത്തയച്ച ഒരു സംഭവം രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ആ സാധനങ്ങളുമായി അയാൾ സിയാൽകോട്ടിൽ വാഗ്ദത്ത മസീഹി(അ)ന്റെ അടുത്തെത്തിയപ്പോൾ, അയച്ച സാധനങ്ങളുടെ പകുതി എടുത്തുകൊള്ളാൻ വാഗ്ദത്ത മസീഹ്(അ) അയാളോട് പറഞ്ഞു. ആ സാധനങ്ങൾ അദ്ദേഹത്തിന് വേണ്ടി കൊടുത്തയച്ചതായതുകൊണ്ട് തനിക്ക് അങ്ങനെ ചെയ്യാൻ കഴിയില്ലെന്ന് അയാൾ പറഞ്ഞു. ആ സാധനങ്ങളും ചുമന്നുകൊണ്ട് ഇത്രദൂരം വന്നതുകൊണ്ട് അതിൽ പകുതി എടുക്കുന്നത് തന്നെയാണ് ശരിയെന്ന് വാഗ്ദത്ത മസീഹ്(അ) മറുപടി നൽകി.
വിധവകളുമായും അഗതികളുമായും സമ്പത്ത് പങ്കിടുക
വാഗ്ദത്ത മസീഹ്(അ) ജോലി ചെയ്തിരുന്ന കാലത്ത് വരുമാനത്തിൽ നിന്ന് അദ്ദേഹത്തിന് അത്യാവശ്യമായിട്ടുള്ളത് മാത്രം മാറ്റിവെച്ചുകൊണ്ട് ബാക്കി വരുന്ന തുക വിധവകൾക്കും ആവശ്യക്കാർക്കും വിതരണം ചെയ്യുമായിരുന്നു. അങ്ങനെ, വാഗ്ദത്ത മസീഹ്(അ) തന്റെ യൗവനകാലം മുതൽ തന്നെ ഉദാരത എന്ന സവിശേഷത എങ്ങനെയാണ് സ്വന്തമാക്കിയിരുന്നത് എന്ന് ഇത് കാണിച്ചുതരുന്നു. അദ്ദേഹം പലപ്പോഴും മറ്റുള്ളവരിൽ നിന്ന് മറച്ചുകൊണ്ടാണ് സൽ പ്രവർത്തികൾ ചെയ്തിരുന്നത്. രഹസ്യസ്വഭാവമുള്ള ഒരു ജീവിതം നയിച്ചിരുന്നതിനാൽ മറ്റുള്ളവരെ പരിചരിക്കാൻ അദ്ദേഹം സ്വീകരിക്കുന്ന നടപടികൾ ആരും അറിയുമായിരുന്നില്ല. എന്നിരുന്നാലും, അദ്ദേഹത്തിന്റെ ജീവിതം പരസ്യമായപ്പോൾ, അദ്ദേഹത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ നിരീക്ഷിച്ചിരുന്ന ആളുകൾ അദ്ദേഹത്തിന്റെ ഉദാരമായ പ്രവൃത്തികൾക്ക് സാക്ഷ്യം പറയാൻ തുടങ്ങി.
ഒരിക്കൽ ജമാഅത്ത് നമസ്കാരത്തിന് ശേഷം ഒരാൾ വാഗ്ദത്ത മസീഹി(അ)നെ സമീപിച്ച്, തനിക്ക് സാമ്പത്തിക സഹായം ആവശ്യമുണ്ടെന്ന് വളരെ പതുക്കെ പറഞ്ഞു. പ്രാർത്ഥന കഴിഞ്ഞതിന് ശേഷം പള്ളിയിൽ പരസ്പരം സംസാരിക്കുന്ന മറ്റുള്ളവരുടെ ശബ്ദങ്ങളുമായി കലർന്നുപോകും വിധം അത്രയും ശാന്തമായ സ്വരത്തിലായിരുന്നു അയാൾ ചോദിച്ചത്. അതുകൊണ്ടുതന്നെ അയാളുടെ ശബ്ദം വാഗ്ദത്ത മസീഹ്(അ)ൻ്റെ ശ്രദ്ധയിൽ പെട്ടില്ല, ആ മഹാത്‌മാവ് തന്റെ വഴിയിലൂടെ നടന്നുനീങ്ങുകയും ചെയ്തു. കുറച്ച് സമയം കഴിഞ്ഞപ്പോൾ ആ വ്യക്തി ചോദിച്ചതെന്താണെന്ന് വാഗ്ദത്ത മസീഹ്(അ)ന് മനസ്സിലാക്കുകയും അത് അദ്ദേഹത്തിന്റെ ഹൃദയത്തെ ആഴത്തിൽ വേദനിപ്പിക്കുകയും ചെയ്തു. വാഗ്ദത്ത മസീഹ്(അ) ആ മനുഷ്യനെ അന്വേഷിച്ച് ആളെ അയച്ചെങ്കിലും അയാൾ അപ്പോഴേക്കും പോയിരുന്നു. പിന്നീട്, അസർ നമസ്കാരത്തിന് ശേഷം അതേ വ്യക്തി വാഗ്ദത്ത മസീഹി(അ)നെ സമീപിച്ച് വീണ്ടും സഹായം അഭ്യർത്ഥിച്ചു. അപ്പോൾത്തന്നെ വാഗ്ദത്ത മസീഹ്(അ) പോക്കറ്റിൽ കയ്യിടുകയും അയാൾക്ക് കുറച്ച് പണം നൽകുകയും ചെയ്തു. പിന്നീട് വാഗ്ദത്ത മസീഹ്(അ) വിശദീകരിച്ചു, ആ മനുഷ്യനെ കണ്ടെത്താൻ കഴിയാതെ വന്നപ്പോൾ ശ്രദ്ധിക്കാൻ കഴിയാത്തതിനാൽ താൻ എന്തോ വലിയ തെറ്റ് ചെയ്തപോലെ കനത്ത ഭാരം അനുഭവപ്പെട്ടിരുന്നു. അയാൾ തിരിച്ചുവന്നത് അദ്ദേഹത്തിന് ആശ്വാസമായി. കൂടാതെ അയാളുടെ മടങ്ങിവരവിനായി പ്രാർത്ഥിക്കുകയും ചെയ്തിരുന്നു. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കിൽ താൻ കടുത്ത വിഷമത്തിലായേനെ എന്ന് വാഗ്ദത്ത മസീഹ്(അ) പറഞ്ഞു.
പള്ളിയിൽ സ്ഥിരമായി വന്ന് ജനാലയ്ക്കരികിൽ ഇരുന്ന് “ഗുലാം അഹ്‌മദ്, എനിക്കൊരു രൂപ വേണം” എന്ന് വിളിച്ചുപറയുന്ന ഒരാളുണ്ടായിരുന്നു. വാഗ്ദത്ത മസീഹ്(അ) പലപ്പോഴും പ്രധാനപ്പെട്ട വിവിധ ജോലികളിൽ വ്യാപൃതനായിരിക്കുമായിരുന്നു. ആ സമയത്തെല്ലാം ഈ വ്യക്തി ഇടയ്ക്കിടെ ഇതേ രീതിയിൽ വിളിച്ചുപറയുമായിരുന്നു. ഇത് പലർക്കും അരോചകമായി തോന്നി, അവർ അയാളെ ശാസിച്ചാൽ മറുപടി പറയുമായിരുന്നു, “ഞാൻ നിങ്ങളോടാണോ ആവശ്യപ്പെട്ടത്? ഞാൻ ഗുലാം അഹ്‌മദിനോട് ചോദിക്കാനാണ് വന്നത്.” ആരെങ്കിലും ആ യാചകനെ ശകാരിച്ചുവെന്ന് വാഗ്ദത്ത മസീഹ്(അ) അറിഞ്ഞാൽ അദ്ദേഹം അത് ഒട്ടും ഇഷ്ടപ്പെടുമായിരുന്നില്ല. പകരം പുഞ്ചിരിച്ചുകൊണ്ട് അയാൾക്ക് കുറച്ച് പണം കൊടുക്കുമായിരുന്നു. യാചകരെ ദീർഘനേരം ചോദിപ്പിച്ച് നിർത്താതിരിക്കുക എന്നത് വാഗ്ദത്ത മസീഹി(അ)ന്റെ ഉയർന്ന ധാർമ്മികനിലവാരമായിരുന്നു.
ഒരിക്കൽ ഒരു യാചകൻ വാഗ്ദത്ത മസീഹി(അ)നെ സമീപിച്ച് “ദാതാ, ദാതാ,” (അതായത് “നൽകുന്നവൻ, നൽകുന്നവൻ”) എന്ന് തുടർച്ചയായി പറഞ്ഞുകൊണ്ടിരുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ അയാൾ വാഗ്ദത്ത മസീഹി(അ)നോട് പണം ചോദിക്കുകയായിരുന്നു. “അല്ലാഹുവാണ് നൽകുന്നവൻ” എന്ന് ആ യാചകന് മറുപടി നൽകിയ ശേഷം വാഗ്ദത്ത മസീഹ്(അ) തന്റെ വീടിനുള്ളിലേക്ക് പോയി. പിന്നീട്, വാഗ്ദത്ത മസീഹ്(അ) വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ യാചകൻ പറഞ്ഞു, “അല്ലാഹുവാണ് നൽകുന്നവൻ, എനിക്ക് എന്തെങ്കിലും നൽകണമെന്ന് അങ്ങയോട് അഭ്യർത്ഥിക്കുന്നു.” ഇതിനുത്തരമായി വാഗ്ദത്ത മസീഹ്(അ) അയാൾക്ക് കുറച്ച് പണം നൽകി. അതായത് വാഗ്ദത്ത മസീഹ്(അ) ഉദാരവാനായിരുന്നു എന്ന് മാത്രമല്ല, ഇത്തരം അധ്യാപനങ്ങൾ പകർന്നുകൊടുക്കാൻ എപ്പോഴും ശ്രമിക്കുകയും ചെയ്തിരുന്നു.
ഒരിക്കൽ വാഗ്ദത്ത മസീഹ്(അ) ഒരു കൂട്ടം ആളുകളോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു യാചകൻ വന്ന് അദ്ദേഹത്തോട് ഉറക്കെ എന്തോ ആവശ്യപ്പെട്ടു. സദസ്സിൽ ഇരുന്ന ഒരാൾക്ക് യാചകൻ വാഗ്ദത്ത മസീഹി(അ)ന്റെ സംസാരം തടസ്സപ്പെടുത്തിയത് ഇഷ്ടമായില്ല. അതിനാൽ അയാൾ വാതിൽ അടച്ചു. ഇതുകണ്ട വാഗ്ദത്ത മസീഹ്(അ), വാതിലടച്ച വ്യക്തിയോട് തന്റെ വീട്ടിൽ ചെന്ന് യാചകന് നൽകാൻ എന്തെങ്കിലും കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ശേഷം വാഗ്ദത്ത മസീഹ്(അ) പറഞ്ഞു, “ഒരു യാചകന് മുന്നിൽ വാതിലടയ്ക്കുന്നത് നല്ല കാര്യമല്ല.”
വാഗ്ദത്ത മസീഹ്(അ)ന്റെ അടുത്ത് ഇടയ്ക്കിടെ ചെന്ന് പല തുകകൾ ചോദിക്കുന്ന ശീലമുള്ള ഒരു യാചകൻ ഉണ്ടായിരുന്നു. ആ മഹാത്മാവ് തിരക്കിലാണെങ്കിൽപ്പോലും അയാൾ ചോദിച്ചുകൊണ്ടേയിരിക്കുകയും താൻ ആവശ്യപ്പെട്ടത് ലഭിക്കാതെ അവിടെ നിന്നു പോവുകയും ചെയ്യുമായിരുന്നില്ല. കാലക്രമേണ വാഗ്ദത്ത മസീഹ്(അ) ഈ യാചകനെ മനസ്സിലാക്കുകയും അയാൾ ചോദിക്കുന്ന തുക എന്താണെങ്കിലും അത് അയാൾക്ക് നൽകിയേക്കണമെന്ന് പറയുകയും ചെയ്തു.
മാനവിക സേവന പദ്ധതികളിലേക്കുള്ള സംഭാവനകൾ
ഖലീഫ തിരുമനസ് പറഞ്ഞു, “യാത്രക്കാർക്ക് ആശ്വാസം നൽകുന്നതിനായി കാട്ടിൽ ഒരു കിണർ നിർമ്മിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞുകൊണ്ട് ഒരു വ്യക്തി എന്നെ സമീപിക്കുകയുണ്ടായി” എന്ന് ഒരാൾ വാഗ്ദത്ത മസീഹ്(അ)നോട് പറഞ്ഞു. ഈ ആശയം ഇഷ്ടപ്പെട്ട അവിടുന്ന് ഈ പദ്ധതിക്കായി 200 രൂപ നൽകി. വാഗ്ദത്ത മസീഹ്(അ) മാനവിക സേവനം പഠിപ്പിക്കുകയും ഉപദേശിക്കുകയും മാത്രമല്ല, അത് സ്വയം ഉൾക്കൊള്ളുകയും മാതൃകയാകുകയും ചെയ്തിരുന്നു.
ശത്രുത കാണിക്കുന്നവരെപ്പോലും സഹായിക്കുക
ഒരിക്കൽ ഒരാൾ വാഗ്ദത്ത മസീഹി(അ)നെ സമീപിച്ച് അദ്ദേഹവുമായി തർക്കിക്കാൻ തുടങ്ങി. അതിനിടയിൽ അയാൾ വാഗ്ദത്ത മസീഹി(അ)നോട് മോശമായ ഭാഷ ഉപയോഗിക്കുകയും ചെയ്തു. ഈ സംഭാഷണം അവസാനിച്ചു കുറച്ച് കഴിഞ്ഞപ്പോൾ, തനിക്ക് സാമ്പത്തിക സഹായം ആവശ്യമുണ്ടെന്ന് പറഞ്ഞ് അയാൾ വാഗ്ദത്ത മസീഹി(അ)ന് ഒരു കുറിപ്പ് അയച്ചു. വാഗ്ദത്ത മസീഹ്(അ) ഉടൻ തന്നെ അയാൾക്ക് 15 രൂപ അയച്ചുകൊടുത്തു. കുറച്ച് മുമ്പ് ആ മനുഷ്യൻ വാഗ്ദത്ത മസീഹി(അ)നോട് വളരെ മോശമായ ഭാഷയാണ് ഉപയോഗിച്ചത് എന്ന വസ്തുത നിലനിൽക്കെയായിരുന്നു ഈ സംഭവം. വാസ്തവത്തിൽ വാഗ്ദത്ത മസീഹ്(അ) വളരെ രഹസ്യമായാണ് ഈ വ്യക്തിക്ക് സാമ്പത്തിക സഹായം നൽകിയത്. അവർ രണ്ടുപേരുമല്ലാതെ മറ്റാരും ഇതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. പിന്നീട് ആ വ്യക്തി ഈ സംഭവം ഒരു പത്രത്തിൽ പ്രസിദ്ധീകരിച്ചപ്പോഴാണ്, തന്നെ അധിക്ഷേപിക്കുന്നവരോട് പോലും വാഗ്ദത്ത മസീഹ്(അ) കാണിക്കുന്ന ഉയർന്ന സ്വഭാവത്തെയും ഉദാരതയെയും കുറിച്ച് മറ്റുള്ളവർ അറിഞ്ഞത്.
തന്നേക്കാളുപരി മറ്റുള്ളവർക്ക് മുൻഗണന നൽകുക
വാഗ്ദത്ത മസീഹ്(അ) ഉദാരശീലനും സഹായഭ്യർത്ഥനകളോട് പ്രതികരിക്കുന്ന വ്യക്തിയും മാത്രമായിരുന്നില്ല, ആളുകൾ എന്തെങ്കിലും ആവശ്യപ്പെടാൻ സാധ്യതയുള്ള രീതികളെക്കുറിച്ചുപോലും അദ്ദേഹം മനസ്സിലാക്കിയിരുന്നു. ഒരിക്കൽ, വാഗ്ദത്ത മസീഹ്(അ) ധരിച്ചിരുന്ന തൊപ്പിയെ ഒരാൾ പ്രശംസിച്ചു. ആ മഹാത്‌മാവ് ഉടൻതന്നെ തന്റെ തലയിൽ നിന്ന് തൊപ്പി മാറ്റി അത് പ്രശംസിച്ച വ്യക്തിക്ക് നൽകി.
ജമാഅത്ത് നമസ്കാരത്തിനായി പള്ളിയിൽ പോകാൻ കഴിയാത്തവിധം വാഗ്ദത്ത മസീഹ്(അ) കടുത്ത രോഗബാധിതനായി കിടപ്പിലായ സമയത്ത്, മരുന്നും അതോടൊപ്പം അദ്ദേഹത്തിന്റെ ഒരു കോട്ടും ആവശ്യപ്പെട്ടു കൊണ്ട് ഒരു കത്ത് ലഭിക്കുകയുണ്ടായി. രോഗാവസ്ഥയിലായിരുന്നിട്ടും ആവശ്യപ്പെട്ടതുപ്രകാരം മരുന്നുകുറിപ്പടിയും തന്റെ ഒരു കോട്ടും ആ വ്യക്തിക്ക് അയച്ചുകൊടുത്തു. കടുത്ത രോഗാവസ്ഥയിൽ പോലും ശാരീരിക ബുദ്ധിമുട്ടുകളൊന്നും വകവയ്ക്കാതെ തന്റെ സേവകർ ഉന്നയിക്കുന്ന ആവശ്യങ്ങൾ എങ്ങനെ നിറവേറ്റിക്കൊടുത്തിരുന്നുവെന്ന് ഈ സംഭവം കാണിച്ചു തരുന്നു.
സന്തോഷകരമായ അവസരങ്ങളിൽ ആഘോഷ സൂചകമായി ഖാദിയാനിൽ ഭക്ഷണം നൽകുന്നതിനുവേണ്ടി ആളുകൾ വാഗ്ദത്ത മസീഹി(അ)ന് കുറച്ച് പണം അയച്ചുകൊടുക്കാറുണ്ടായിരുന്നു. ഖാദിയാനിൽ ഇത്തരം ക്രമീകരണങ്ങൾ ചെയ്യുക എന്നത് വാഗ്ദത്ത മസീഹി(അ)ന് ചുറ്റുമുള്ള വലിയൊരു കൂട്ടം ആളുകൾക്ക് വേണ്ടിയുള്ളതാണെന്ന് പലപ്പോഴും ആളുകൾ മനസ്സിലാക്കിയിരുന്നില്ല. അതിനാൽ അവർ അയക്കുന്ന തുക തികയുമായിരുന്നില്ല. ഖാദിയാനിലെ ആളുകൾക്ക് ഭക്ഷണം ഒരുക്കുന്നതിനായി അദ്ദേഹത്തിൻറെ വക ഒരു തുക ചേർത്തുകൊണ്ട് ആ കുറവ് നികത്തുമായിരുന്നു.
തന്റെ യജമാനനായ മുഹമ്മദ് മുസ്‌തഫ(സ)യോടുള്ള പൂർണ്ണമായ വിധേയത്വത്തിൽ വാഗ്ദത്ത മസീഹ്(അ) പ്രകടിപ്പിച്ച ധാർമ്മിക ഗുണങ്ങൾ സ്വായത്തമാക്കാൻ അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് ഖലീഫ തിരുമനസ്സ് ദുആ ചെയ്തു.
0 Comments