ഹദ്‌റത്ത് മസീഹ് മൗഊദ് (അ) ന്റെ ദയയും ഔദാര്യവും

മതപരമായ കാര്യങ്ങളിലെ എതിർപ്പുകൾ സഹിക്കാൻ വാഗ്ദത്ത മസീഹിന്(അ) സാധിക്കുമായിരുന്നില്ലെങ്കിലും, ഭൗതികമായ കാര്യങ്ങളിലെ എതിർപ്പുകളെ അദ്ദേഹം അവഗണിക്കുകയായിരുന്നു പതിവ്.

ഹദ്‌റത്ത് മസീഹ് മൗഊദ് (അ) ന്റെ ദയയും ഔദാര്യവും

മതപരമായ കാര്യങ്ങളിലെ എതിർപ്പുകൾ സഹിക്കാൻ വാഗ്ദത്ത മസീഹിന്(അ) സാധിക്കുമായിരുന്നില്ലെങ്കിലും, ഭൗതികമായ കാര്യങ്ങളിലെ എതിർപ്പുകളെ അദ്ദേഹം അവഗണിക്കുകയായിരുന്നു പതിവ്.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 10 ജൂലൈ 2026ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: എം. മുനവ്വർ അഹ്‍മദ് ശാഹിദ്

തശഹ്ഹുദ്, തഅവ്വുദ്, സൂറഃ ഫാത്തിഹ എന്നിവ ഓതിയ ശേഷം, ഹദ്‌റത്ത് മസീഹ് മൗഊദ് (അ) ന്റെ ദയയും ഔദാര്യവും പ്രകടമാക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലെ സംഭവങ്ങൾ വിവരിക്കുകയാണെന്ന് ഹുസൂർ തിരുമനസ്സ് പ്രസ്താവിച്ചു.

എതിരാളികളോടുള്ള ദായാ വായ്പ്

ഹദ്‌റത്ത് ഖലീഫത്തുൽ മസീഹ് പ്രസ്താവിച്ചു: വാഗ്ദത്ത മസീഹ്(അ) തന്നെ എതിർത്തവരോട് പോലും കാരുണ്യം കാണിച്ചിരുന്നു. ഉദാഹരണത്തിന്, മിർസാ ഇമാമുദ്ദീൻ അഹ്മദിയ്യത്തിന്റെ കടുത്ത ഒരു എതിരാളിയായിരുന്നു, കൂടാതെ അദ്ദേഹം വാഗ്ദത്ത മസീഹിന്റെ(അ) കുടുംബത്തെയും എതിർത്തിരുന്നു. മതപരമായ കാര്യങ്ങളിലെ എതിർപ്പുകൾ സഹിക്കാൻ വാഗ്ദത്ത മസീഹിന്(അ) സാധിക്കുമായിരുന്നില്ലെങ്കിലും, ഭൗതികമായ കാര്യങ്ങളിലെ എതിർപ്പുകളെ അദ്ദേഹം അവഗണിക്കുകയായിരുന്നു പതിവ്.
പല സന്ദർഭങ്ങളിലും മിർസാ ഇമാമുദ്ദീന് സാമ്പത്തിക സഹായം ആവശ്യമായി വന്നിട്ടുണ്ട്, അപ്പോഴൊക്കെയും വാഗ്ദത്ത മസീഹ്(അ) അദ്ദേഹത്തെ സഹായിക്കാൻ ഒട്ടും മടിച്ചുനിന്നിരുന്നില്ല. വാസ്തവത്തിൽ, വാഗ്ദത്ത മസീഹിൽ(അ) നിന്ന് ഇങ്ങനെയൊക്കെ സഹായം ലഭിച്ചിട്ടും മിർസാ ഇമാമുദ്ദീൻ തന്റെ എതിർപ്പ് തുടർന്നുപോന്നു. ഒരിക്കൽ മിർസാ ഇമാമുദ്ദീന് തന്റെ കുതിരയെ വിൽക്കാൻ ബുദ്ധിമുട്ട് നേരിട്ടപ്പോൾ, വാഗ്ദത്ത മസീഹ്(അ) തന്റെ സ്വന്തം ശുപാർശക്കത്തോടുകൂടി അദ്ദേഹത്തെ ഹദ്‌റത്ത് ഹക്കീം മൗലവി നൂറുദ്ദീന്റെ(റ) അടുക്കലേക്ക് അയച്ചുകൊണ്ട് കുതിരയെ വിൽക്കാൻ സഹായിക്കുകയുണ്ടായി.
ഹദ്‌റത്ത് ഖലീഫത്തുൽ മസീഹ് പറഞ്ഞു : മിർസാ മുഹമ്മദ് ബേഗ്, അഹ്മദിയ്യത്തിന്റെയും വാഗ്ദത്ത മസീഹിന്റെ(അ) കുടുംബത്തിന്റെയും മറ്റൊരു എതിരാളി ആയിരുന്നു. എന്നാൽ, ഈ എതിർപ്പ് നിലനിൽക്കെത്തന്നെ, ജമ്മുവിൽ ജോലി തേടിയ സന്ദർഭത്തിൽ മിർസാ മുഹമ്മദ് ബേഗ് ഹദ്‌റത്ത് ഹക്കീം മൗലവി നൂറുദ്ദീന്റെ(റ) പേരിലൊരു ശിപാർശക്കത്ത് നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വാഗ്ദത്ത മസീഹിനെ(അ) സമീപിച്ചു. വാഗ്ദത്ത മസീഹ്(അ) അദ്ദേഹത്തിന് ഒരു ശിപാർശക്കത്ത് എഴുതിനൽകുകയും, അതിന്റെ ഫലമായി മിർസാ മുഹമ്മദ് ബേഗിന് ജോലി ലഭിക്കുകയും ചെയ്തു.

ഖലീഫ തിരുമനസ്സ് പറഞ്ഞു: ഖാദിയാനിൽ അഹ്മദിയ്യത്തിന്റെ എതിരാളി ആയിരുന്ന പ്രശസ്തനായ ഒരു ഹിന്ദു താർക്കികൻ (Debater) ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന നാളുകളിൽ, ജീവിതാവശ്യങ്ങൾക്കുള്ള അടിസ്ഥാന വകകൾ പോലും ഇല്ലാത്തവിധം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് അദ്ദേഹം ചെന്നുപെട്ടത്. തന്റെ എതിർപ്പ് നിലനിൽക്കെത്തന്നെ അദ്ദേഹം വാഗ്ദത്ത മസീഹിനെ(അ) സന്ദർശിക്കുകയുണ്ടായി. അദ്ദേഹം തന്റെ പ്രയാസകരമായ സാഹചര്യങ്ങൾ വിവരിച്ചപ്പോൾ, വാഗ്ദത്ത മസീഹ്(അ) അദ്ദേഹത്തിന്റെ എല്ലാ എതിർപ്പുകളെയും അവഗണിച്ചുകൊണ്ട് ആ വ്യക്തിക്ക് കുറച്ചു പണം നൽകുകയും, പിന്നീട് കൂടുതൽ നൽകാമെന്ന് പറയുകയും ചെയ്തു. വാസ്തവത്തിൽ, തന്റെ ഉപജീവനത്തിനുള്ള പണം വാങ്ങുന്നതിനായി ഈ മനുഷ്യൻ ഓരോ കുറച്ചു മാസങ്ങൾ കൂടുമ്പോഴും വാഗ്ദത്ത മസീഹിന്റെ(അ) അടുക്കൽ മടങ്ങിവരുമായിരുന്നു.

ദാനം നൽകൽ ഒരിക്കലും ജനങ്ങളെ കാണിക്കാൻ വേണ്ടിയാകരുത്

ഖലീഫ തിരുമനസ്സ് പറഞ്ഞു: ഹദ്‌റത്ത് ഹാമിദ് അലിയുടെ(റ) ഭാര്യ ഉദ്ധരിക്കുന്നു; വാഗ്ദത്ത മസീഹ്(അ) തന്റെ കുടുംബത്തിന്റെ ചിലവുകൾ വഹിച്ചിരുന്നു. വാഗ്ദത്ത മസീഹ്(അ) തനിക്കായി ഒരു കോട്ട് തയ്പ്പിച്ചപ്പോൾ, അതേപോലൊന്ന് ഹദ്‌റത്ത് ഹാമിദ് അലിക്കും(റ) തയ്പ്പിച്ചു നൽകുകയുണ്ടായി. ഒരിക്കൽ, ഹദ്‌റത്ത് ഹാമിദ് അലിയുടെ(റ) ഭാര്യയ്ക്ക് കടുത്ത തണുപ്പ് അനുഭവപ്പെട്ടപ്പോൾ, വാഗ്ദത്ത മസീഹ്(അ) തനിക്ക് നൽകിയ ആ കോട്ട് നല്ല ചൂടുള്ള തുണിയായതിനാൽ അത് ധരിച്ചുകൊള്ളാൻ അദ്ദേഹം(റ) അവളോട് പറയുകയും അവൾ അത് ധരിക്കുകയും ചെയ്തു. പിന്നീട് അവിചാരിതമായി വാഗ്ദത്ത മസീഹ്(അ) അവരെ കാണാനിടയായി. തന്റെ പക്കലും അതേ കോട്ട് ഉണ്ടായിരുന്നതിനാൽ, വാഗ്ദത്ത മസീഹ്(അ) തികച്ചും തമാശരൂപേണ, “നിങ്ങൾ എന്റെ കോട്ടാണോ എടുത്തത്?” എന്ന് ചോദിച്ചു. അപ്പോൾ തങ്ങൾക്കുള്ള എല്ലാ വസ്ത്രങ്ങളും ആഹാരവും വാഗ്ദത്ത മസീഹിന്റെ(അ) കാരുണ്യത്തിന്റെയും ഉദാരതയുടെയും ഫലം മാത്രമാണെന്ന് അവൾ മറുപടി നൽകി.

ഖലീഫ തിരുമനസ്സ് പറഞ്ഞു: വാഗ്ദത്ത മസീഹ്(അ) മറ്റുള്ളവർക്ക് എന്തെങ്കിലും നൽകുമ്പോഴൊക്കെയും, അത് ഒരിക്കലും ജനങ്ങളെ കാണിക്കാൻ വേണ്ടിയായിരുന്നില്ല; മറിച്ച്, അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടിയും മനുഷ്യരാശിയോടുള്ള തന്റെ സഹാനുഭൂതി കാരണവുമായിരുന്നു. അതുകൊണ്ടുതന്നെ, വാഗ്ദത്ത മസീഹിന്റെ(അ) ഉദാരത പലപ്പോഴും രഹസ്യമായിട്ടായിരുന്നു പ്രകടമായിരുന്നത്. ഖാദിയാനിൽ ഒരു അനാഥബാലൻ ഉണ്ടായിരുന്നു, അവന്റെ സകല ചിലവുകളും വിദ്യാഭ്യാസവും പൂർണ്ണമായും വാഗ്ദത്ത മസീഹായിരുന്നു(അ) നടത്തിക്കൊടുത്തിരുന്നത്. പിന്നീട് അവൻ ഖാദിയാനിലെ ‘ബദ്ർ’ പത്രത്തിൽ 12 രൂപ ശമ്പളത്തിൽ ജോലിയിൽ പ്രവേശിച്ചു.

ഒരിക്കൽ വാഗ്ദത്ത മസീഹ്(അ) അവനെക്കുറിച്ച് അന്വേഷിക്കുകയും അവന്റെ ശമ്പളം 12 രൂപയാണെന്ന് മനസ്സിലാക്കുകയും ചെയ്തു. അവന്റെ ജീവിതച്ചിലവുകൾക്ക് ഈ തുക തികയില്ലെന്ന് വാഗ്ദത്ത മസീഹ്(അ) കരുതി. അതിനാൽ, വാഗ്ദത്ത മസീഹ്(അ) ആ വ്യക്തിയുടെ മുറിയുടെ വശത്തുകൂടി നിശബ്ദമായി നടന്നുപോവുകയും ഒരു പണപ്പൊതി അതിനുള്ളിലേക്ക് വെക്കുകയും ചെയ്തു. ഈ പണപ്പൊതി എവിടെ നിന്നാണ് വന്നതെന്ന് ആ മനുഷ്യന് ഒരു ധാരണയുമില്ലായിരുന്നു. വളരെക്കാലത്തിന് ശേഷമാണ്, തന്റെ ജീവിതച്ചിലവുകൾ നിർവ്വഹിക്കാൻ തന്നെ നിശബ്ദമായി സഹായിച്ചത് വാഗ്ദത്ത മസീഹ്(അ) ആയിരുന്നുവെന്ന് അദ്ദേഹം മനസ്സിലാക്കുന്നത്.

ആവശ്യക്കാർ ചോദിക്കുന്നതിനു മുൻപ് തന്നെ അവരെ സഹായിക്കൽ

ഖലീഫ തിരുമനസ്സ് പറഞ്ഞു. വാഗ്ദത്ത മസീഹ്(അ) തന്റെ അടുക്കൽ സഹായം ചോദിച്ചുവന്ന ഒരാളെപ്പോലും ഒരിക്കലും വെറുംകയ്യോടെ മടക്കി അയച്ചിരുന്നില്ലെന്നു മാത്രമല്ല, വരാനിരിക്കുന്ന ഒരു ആവശ്യത്തെ മുൻകൂട്ടി മനസ്സിലാക്കി അത് നിറവേറ്റിക്കൊടുക്കുകയും ചെയ്യുമായിരുന്നു. ഉദാഹരണത്തിന്, ഒരിക്കൽ ശീതകാലത്ത്, ഖാദിയാനിലേക്ക് പുതുതായി കുടിയേറിപ്പാർത്ത ഒരാൾക്ക് തണുപ്പുകാല വസ്ത്രങ്ങൾ വാങ്ങുന്നതിനായി വാഗ്ദത്ത മസീഹ്(അ) കുറച്ചു പണം നൽകുകയുണ്ടായി. ആ മനുഷ്യൻ അവിടുത്തോട് യാതൊന്നും തന്നെ ചോദിച്ചിട്ടുണ്ടായിരുന്നില്ല, എന്നിട്ടും അദ്ദേഹത്തിന് വസ്ത്രത്തിന്റെ ആവശ്യമുണ്ടാകുമെന്ന് വാഗ്ദത്ത മസീഹ്(അ) മുൻകൂട്ടി മനസ്സിലാക്കുകയും അത് നിറവേറ്റിക്കൊടുക്കുകയും ചെയ്തു.
ഒരിക്കൽ, ദരിദ്രനായ മിയാൻ നിസാമുദ്ദീൻ, വാഗ്ദത്ത മസീഹിനെ(അ) സന്ദർശിക്കുന്നതിനായി കപൂർത്തലയിൽ നിന്ന് ഖാദിയാനിലേക്ക് കാൽനടയായി യാത്ര തിരിച്ചു. ഖാദിയാനിൽ എത്തിയപ്പോൾ അദ്ദേഹം രണ്ട് രൂപ വാഗ്ദത്ത മസീഹിന്(അ) ഒരു ഉപഹാരമായി (ഹദ്‌യയായി) സമർപ്പിച്ചു. ഏതാനും ദിവസങ്ങൾക്ക് ശേഷം, മിയാൻ നിസാമുദ്ദീൻ യാത്ര തിരിക്കാൻ ഒരുങ്ങിയപ്പോൾ, വാഗ്ദത്ത മസീഹ്(അ) അദ്ദേഹം മടങ്ങുന്ന വേളയിൽ ഏഴോ എട്ടോ രൂപ അദ്ദേഹത്തിന് ഒരു സമ്മാനമായി നൽകുകയുണ്ടായി.

സഹായിക്കുന്നവരോടുള്ള കരുതൽ

ഖലീഫ തിരുമനസ്സ് പറഞ്ഞു. വാഗ്ദത്ത മസീഹ്(അ) തനിക്ക് സേവനം ചെയ്തവരെ സഹായിക്കുന്ന കാര്യത്തിൽ അങ്ങേയറ്റം ശ്രദ്ധാലുവായിരുന്നു. മുൻശി സഫർ(റ) പറയുന്നു: ഒരിക്കൽ, പെരുന്നാൾ(ഈദ്) ദിനത്തിൽ അദ്ദേഹത്തിന്റെ തലപ്പാവ് ധരിക്കാൻ കൊള്ളാത്തവിധം മൂഷിഞ്ഞിട്ടുണ്ടായിരുന്നു. ഏതാനും ദിവസത്തെ സന്ദർശനത്തിനായി മാത്രം ഖാദിയാനിൽ എത്തിയതായിരുന്നു അദ്ദേഹം, എന്നാൽ അവിടെ കൂടുതൽ ദിവസങ്ങൾ തങ്ങേണ്ടി വരികയും ചുരുങ്ങിയ ദിവസത്തെ യാത്രയ്ക്കായി കൊണ്ടുവന്ന വസ്ത്രങ്ങൾ തന്നെ വീണ്ടും വീണ്ടും ഉപയോഗിക്കേണ്ടി വരികയും ചെയ്തതുകൊണ്ടായിരുന്നു ഇങ്ങനെ സംഭവിച്ചത്. അതിനാൽ, പെരുന്നാൾ അടുത്തപ്പോൾ, തലപ്പാവായി ധരിക്കാൻ ഒരു പുതിയ തുണി വാങ്ങുന്നതിനായി അങ്ങാടിയിലേക്ക് പോകാമെന്ന് അദ്ദേഹം കരുതി.

അദ്ദേഹം അങ്ങാടിയിലേക്ക് നടന്നുപോകുന്ന വഴിയിൽ വാഗ്ദത്ത മസീഹ്(അ) അദ്ദേഹത്തെ കാണുകയും എങ്ങോട്ടാണ് പോകുന്നതെന്ന് അന്വേഷിക്കുകയും ചെയ്തു. താൻ തലപ്പാവായി ധരിക്കാൻ ഒരു തുണിക്കഷണം വാങ്ങാൻ പോവുകയാണെന്ന് മുൻശി സഫർ വിവരിച്ചു. അപ്പോൾത്തന്നെ, വാഗ്ദത്ത മസീഹ്(അ) തന്റെ തലപ്പാവ് അഴിച്ചെടുത്ത് മുൻശി സഫറിന്(റ) നൽകിക്കൊണ്ട്, താൻ അകത്തുപോയി മറ്റൊരു തലപ്പാവ് ധരിച്ചുകൊള്ളാമെന്ന് പറഞ്ഞു. ഈ കാരുണ്യവും ഉദാരതയും മുൻശി സഫറിന്റെ(റ) മനസ്സിൽ ആഴത്തിലുള്ള സ്വാധീനമാണ് ചെലുത്തിയത്.

ദാനം നൽകുമ്പോൾ വിവേകം പ്രയോഗിക്കൽ

ഖലീഫ തിരുമനസ്സ് പറഞ്ഞു. വാഗ്ദത്ത മസീഹ്(അ) തിരുനബി(സ)യുടെ ഉത്തമ മാതൃകയെയാണ് പിന്തുടർന്നിരുന്നത്, അതിലൂടെ വിവേകത്തിന്റെ താല്പര്യങ്ങൾക്കനുസരിച്ച് പ്രവർത്തിച്ചുകൊണ്ട്, ചില സന്ദർഭങ്ങളിൽ ആളുകൾ ആവശ്യപ്പെടുന്ന കാര്യങ്ങൾ അവർക്ക് നൽകാതിരിക്കാൻ വാഗ്ദത്ത മസീഹ്(അ) തീരുമാനിക്കാറുണ്ടായിരുന്നു. ഉദാഹരണത്തിന്, ഒരിക്കൽ ഒരാൾ വാഗ്ദത്ത മസീഹിന്റെ(അ) അടുക്കൽ വന്ന് തന്റെ ഒരു ബന്ധു മരണപ്പെട്ടുവെന്നും എന്നാൽ ശവസംസ്കാര ചടങ്ങുകൾ നടത്തുന്നതിനായി തന്റെ പക്കൽ ആവശ്യത്തിന് പണമില്ലെന്നും പറഞ്ഞു. ആ മനുഷ്യൻ ആവശ്യപ്പെട്ടത് ഉടനടി നൽകുന്നതിന് പകരം, വാഗ്ദത്ത മസീഹ്(അ) തന്റെ അനുചരന്മാരിൽ ഒരാളെ ആ വ്യക്തിക്കൊപ്പം അയക്കുകയും ശവസംസ്കാര ചടങ്ങുകളുടെ കാര്യങ്ങൾ നോക്കിനടത്താൻ ഏൽപ്പിക്കുകയും ചെയ്തു.

അല്പസമയത്തിനുശേഷം ആ അനുചരൻ പുഞ്ചിരിച്ചുകൊണ്ട് മടങ്ങിവരികയും, ആ മനുഷ്യൻ ഒരു വഞ്ചകനാണെന്ന് പറയുകയും ചെയ്തു. പോകുന്ന വഴിയിൽ, കൂടുതൽ മുന്നോട്ട് പോകരുതെന്നും തനിക്ക് കുറച്ചു പണം മാത്രം തന്നാൽ മതിയെന്നും ആ മനുഷ്യൻ അനുചരനെ ബോധ്യപ്പെടുത്താൻ ശ്രമിച്ചു. താൻ കൂടെത്തന്നെ വരുമെന്ന് അനുചരൻ നിർബന്ധം പിടിച്ചപ്പോൾ, താൻ കള്ളം പറഞ്ഞതാണെന്നും തന്റെ കുടുംബത്തിൽ ആരും മരിച്ചിട്ടില്ലെന്നും ആ മനുഷ്യൻ സമ്മതിച്ചു; വാസ്തവത്തിൽ, കുറച്ചു പണം തട്ടിയെടുക്കാനുള്ള അവന്റെ ഒരു തന്ത്രം മാത്രമായിരുന്നു ഇത്. അങ്ങനെ, വാഗ്ദത്ത മസീഹ്(അ) വളരെ വിവേകപൂർവ്വം ഉടനടി പണം നൽകുന്നതിൽ നിന്ന് വിട്ടുനിന്നു.

കുട്ടികളോടുള്ള ഉദാരത

ഖലീഫ തിരുമനസ്സ് പ്രസ്താവിച്ചു. വാഗ്ദത്ത മസീഹിന്റെ(അ) ഉദാരത കുട്ടികളിലേക്കും വ്യാപിച്ചിരുന്നു. ഒരിക്കൽ, വാഗ്ദത്ത മസീഹ്(അ) പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ഒരു കൊച്ചുപെൺകുട്ടി കരയുന്നത് കേൾക്കുകയും അവൾക്ക് എന്താണ് വേണ്ടതെന്ന് അവളുടെ മാതാവിനോട് അന്വേഷിക്കുകയും ചെയ്തു. അവൾ കഴിക്കാൻ എന്തെങ്കിലും ചോദിക്കുകയാണെന്ന് മാതാവ് മറുപടി നൽകി, അതിനാൽ വാഗ്ദത്ത മസീഹ്(അ) അവൾക്ക് കഴിക്കാൻ എന്തോ ഒന്ന് നൽകി; എന്നിട്ടും ആ കൊച്ചുപെൺകുട്ടി കരച്ചിൽ നിർത്തിയില്ല. അവൾ എന്തുകൊണ്ടാണ് ഇപ്പോഴും കരയുന്നതെന്ന് വാഗ്ദത്ത മസീഹ്(അ) ചോദിച്ചപ്പോൾ, വാഗ്ദത്ത മസീഹ്(അ) കഴിച്ചുകൊണ്ടിരുന്ന അതേ ഭക്ഷണം തന്നെ വേണമെന്നാണ് ആ പെൺകുട്ടി ആവശ്യപ്പെടുന്നതെന്ന് മാതാവ് പറഞ്ഞു. ഇതേത്തുടർന്ന്, വാഗ്ദത്ത മസീഹ്(അ) താൻ കഴിച്ചുകൊണ്ടിരുന്ന അതേ ഭക്ഷണത്തിൽ നിന്നും കുറച്ച് ആ കൊച്ചുപെൺകുട്ടിക്ക് നൽകുകയുണ്ടായി.

കടങ്ങൾ വീട്ടുന്നതിന്റെ പ്രാധാന്യം

ഖലീഫ തിരുമനസ്സ് പറഞ്ഞു. മുൻപത്തെ ഖുതുബയിൽ, ലങ്കർഖാനയിലെ ചിലവുകൾ നിർവ്വഹിക്കുന്നതിനായി വാഗ്ദത്ത മസീഹ്(അ) തന്റെ ഭാര്യയുടെ ആഭരണങ്ങൾ ഉപയോഗിച്ച ഒരു സംഭവം ഞാൻ ഉദ്ധരിക്കുകയുണ്ടായി. ഇതിനെത്തുടർന്ന്, ഒരു ഭർത്താവിന് തന്റെ സ്വന്തം ചിലവുകൾ നടത്തുന്നതിനായി ഭാര്യയുടെ ആഭരണങ്ങൾ ഉപയോഗിക്കാൻ സാധിക്കുമോ എന്ന് ഒരാൾ എന്നോട് ചോദിക്കുകയുണ്ടായി.

ഖലീഫ തിരുമനസ്സ് പറഞ്ഞു. വാഗ്ദത്ത മസീഹ്(അ) ഇത് തന്റെ ഭാര്യയിൽ നിന്നുമുള്ള ഒരു കടം ആയിട്ടാണ് വാങ്ങിയിരുന്നതെന്ന് വ്യക്തമായി മനസ്സിലാക്കേണ്ടതുണ്ട്. ഇതുപോലെതന്നെ, ഒരു വരൾച്ചയുടെ സമയത്ത് വീട്ടുചിലവുകൾക്കും ലങ്കർഖാനയിലെ ചിലവുകൾക്കുമായി വാഗ്ദത്ത മസീഹ്(അ) തന്റെ ഭാര്യയിൽ നിന്ന് കടം വാങ്ങിയതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. പിന്നീട് കുറച്ചു പണം ലഭിച്ചപ്പോൾ, വാഗ്ദത്ത മസീഹ്(അ) ആ കടം തന്റെ ഭാര്യയ്ക്ക് വീട്ടുകയുണ്ടായി.
ഖലീഫ തിരുമനസ്സ് പറഞ്ഞു. വാഗ്ദത്ത മസീഹ്(അ) ചിലപ്പോഴൊക്കെ തന്റെ സുഹൃത്തുക്കളോടൊപ്പം ഫലവൃക്ഷത്തോട്ടങ്ങളിൽ ഇരിക്കാറുണ്ടായിരുന്നു. അത്തരം സന്ദർഭങ്ങളിൽ, തന്റെ കൂടെയിരിക്കുന്ന എല്ലാവർക്കുമായി വിവിധതരം പഴങ്ങൾ വിതരണം ചെയ്തുകൊണ്ട് വാഗ്ദത്ത മസീഹ്(അ) വീണ്ടും വീണ്ടും തന്റെ ഉദാരത പ്രകടമാക്കുമായിരുന്നു.

അവസാനത്തിൽ ഖലീഫ തിരുമനസ്സ് പറഞ്ഞു. തന്റെ യജമാനനായ തിരുനബി(സ)യെ പിന്തുടരുന്നതിൽ വാഗ്ദത്ത മസീഹ്(അ) പ്രകടിപ്പിച്ച ഉദാരതയുടെ ഏതാനും ചില ഉദ്ധരണികളായിരുന്നു ഇവ. ഈ ഉദാരത അഹ്മദികളെയും അല്ലാത്തവരെയും ഒരുപോലെ സ്വാധീനിച്ചിരുന്നു; വാസ്തവത്തിൽ, ഇത് അവിടുത്തെ എതിരാളികളുടെ മനസ്സിൽപ്പോലും ആഴത്തിലുള്ള സ്വാധീനമാണ് ചെലുത്തിയത്.

Related Topics

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു