അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 3 ജൂലൈ 2026ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: സി. ജി. നസീര്‍ അഹ്‍മദ് ശാഹിദ്
തശഹ്ഹുദ്, തഅവ്വുദ്, സൂറഃ ഫാത്തിഹ എന്നിവ ഓതിയ ശേഷം, ഹദ്‌റത്ത് മസീഹ് മൗഊദ് (അ) ന്റെ ദയയും ഔദാര്യവും പ്രകടമാക്കുന്ന അദ്ദേഹത്തിന്റെ ജീവിതത്തിലെ സംഭവങ്ങൾ വിവരിക്കുകയാണെന്ന് ഹുസൂർ തിരുമനസ്സ് പ്രസ്താവിച്ചു.
മറ്റുള്ളവരെ സഹായിക്കാനുള്ള സന്നദ്ധത
മേഘങ്ങൾ മഴ വർഷിക്കുന്നത് പോലെയായിരുന്നു ഹദ്‌റത് മസീഹ് മൗഊദ് (അ) ന്റെ ഔദാര്യം, റമദാൻ മാസത്തിൽ അത് വർദ്ധിക്കുമായിരുന്നു. ആവശ്യക്കാർക്ക് രഹസ്യമായി അദ്ദേഹം സഹായം നല്കിയിരുന്നു, എത്ര വിലപിടിപ്പുള്ളതാണെങ്കിലും അത് മറ്റുള്ളവർക്ക് നല്കാൻ അദ്ദേഹം ഒട്ടും മടിച്ചിരുന്നില്ല. അദ്ദേഹം താൻ “മസീഹ് ” ആണെന്ന വാദമുന്നയിക്കുന്നതിന് മുമ്പ് തന്നെ, അതായത്, ആർക്കും അദ്ദേഹത്തെ അറിയാത്ത കാലത്ത് പോലും, അബ്ദുൽ ഗഫ്ഫാർ കശ്മീരിയുടെ വിവാഹസമയത്ത് വിലപിടിപ്പുള്ള രണ്ട് ആഭരണങ്ങൾ നല്കി അദ്ദേഹം സഹായിച്ചിട്ടുണ്ട്. ആർക്കെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ അദ്ദേഹം അത് ഒരിക്കലും നിരസിച്ചിരുന്നില്ല; മറിച്ച്, അവർ ചോദിക്കുന്നതിന് മുമ്പ് തന്നെ അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി അദ്ദേഹം സഹായിക്കുമായിരുന്നു.
ഹദ്‌റത്ത് മിർസാ ബശീറുദ്ദീൻ മഹ്‌മൂദ് അഹ്‌മദ് (റ) ന്റെ വിവാഹസമയത്ത്, പണം സമ്പാദിക്കാൻ ഒരു പാണ സ്ത്രീ വന്ന് മൃദംഗം വായിക്കുമായിരുന്നു. ഇത് കേട്ട ഹദ്‌റത്ത് മസീഹ് മൗഊദ് (അ), അവരെ തടയരുതെന്നും പണം നല്കണമെന്നും നിർദേശിച്ചു. ശൈത്യകാലം വരുന്നുണ്ടെന്നും തണുപ്പ് അനുഭവപ്പെടുമെന്നും അവർ പറഞ്ഞപ്പോൾ, അവർക്ക് ഒരു പുതപ്പും കൂടി നല്കാൻ അദ്ദേഹം നിർദേശിച്ചു.
സമ്മാനങ്ങൾ നൽകുന്ന ശീലം
ഹദ്‌റത്ത് മസീഹ് മൗഊദ് (അ) ലളിതമായ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. സമ്മാനമായി ലഭിക്കുന്ന വസ്ത്രങ്ങൾ അദ്ദേഹം ധരിക്കുമായിരുന്നു, അല്ലാത്തപ്പോൾ സ്വന്തമായി വാങ്ങും. എങ്കിലും, തന്റെ വസ്ത്രം തബർറുക്ക് (അനുഗ്രഹം) ആയി ചോദിച്ചുവരുന്നവർക്ക് അത് ഉടൻ തന്നെ നല്കുന്നതുകൊണ്ട് അദ്ദേഹത്തിന് പുതിയ വസ്ത്രങ്ങൾ പലപ്പോഴും ആവശ്യമായി വരുമായിരുന്നു.
അഹ്‌മദിയ്യത്തിനെ എതിർത്തിരുന്ന ലേഖ് റാമിന്റെ കുറിപ്പുകൾ കൊണ്ടുവന്നിരുന്ന ഒരു യുവാവിനോട് ഹദ്‌റത്ത് മസീഹ് മൗഊദ് (അ) വലിയ ദയ കാണിച്ചിരുന്നു. അദ്ദേഹം ആ യുവാവിന് മിഠായികളും പഴങ്ങളും മറ്റും സമ്മാനമായി നല്കുമായിരുന്നു. ഒരിക്കൽ നല്ല ആപ്പിൾ സമ്മാനമായി നല്കിയപ്പോൾ, ലേഖറാം അത് ആ യുവാവിനോട് ആവശ്യപ്പെട്ടു. എതിരാളിയുടെ വീട്ടിൽ നിന്ന് ലഭിച്ചത് കഴിക്കരുതെന്ന് യുവാവ് തമാശരൂപേണ പറഞ്ഞെങ്കിലും ലേഖ് റാം അത് കഴിക്കുകയുണ്ടായി. അതുപോലെ, ഒരിക്കൽ കസ്തൂരി ആവശ്യപ്പെട്ട ഒരാൾക്ക് തനിക്കുള്ളത് മുഴുവൻ അദ്ദേഹം നല്കുകയും, അയാൾ കുറച്ച് മാത്രം എടുത്തപ്പോൾ കൂടുതൽ എടുക്കാൻ നിർബന്ധിക്കുകയും ചെയ്തു.
സുഹൃത്തുക്കളോടുള്ള ഔദാര്യം
സുഹൃത്തുക്കളോട് ഹദ്‌റത്ത് മസീഹ് മൗഊദ് (അ) വലിയ ദയ കാണിച്ചിരുന്നു. തന്റെ ഭാര്യയ്ക്ക് മെനിഞ്ചൈറ്റിസ് ആണെന്ന് ഒരാൾ പറഞ്ഞപ്പോൾ, അദ്ദേഹം മരുന്ന് കുറിച്ചു നല്കുകയും രാത്രിയാണെങ്കിലും മടിക്കാതെ വിവരങ്ങൾ അറിയിക്കാൻ പറയുകയും ചെയ്തു. രോഗം മൂർച്ഛിച്ചപ്പോൾ, ഭൗതികമായ മാർഗങ്ങളെല്ലാം അവസാനിച്ചുവെന്നും ഇനി പ്രാർത്ഥന മാത്രമാണുള്ളതെന്നും പറഞ്ഞ അദ്ദേഹം, സുഖപ്പെടുന്നത് വരെ താൻ പ്രാർത്ഥനയിലായിരിക്കുമെന്ന് ആ വ്യക്തിക്ക് ഉറപ്പ് നൽകി. പിറ്റേന്ന് രാവിലെ ആ വ്യക്തി എഴുന്നേറ്റപ്പോൾ ഭാര്യ സുഖം പ്രാപിച്ചതായി കണ്ടു.
ആവശ്യക്കാരെ സഹായിക്കുന്നതിലുള്ള ശുഷ്കാന്തി
ഭക്ഷണം പാകം ചെയ്യാൻ ബുദ്ധിമുട്ടനുഭവിക്കുന്നു എന്ന് ഹദ്‌റത്ത് മുഫ്തി മുഹമ്മദ് സാദിഖ് സാഹിബ് (റ) കത്തെഴുതിയപ്പോൾ, എല്ലാ ദിവസവും രണ്ട് മികച്ച കറികൾ അദ്ദേഹത്തിന്റെ വീട്ടിലേക്ക് അയക്കാൻ ഹദ്‌റത്ത് മസീഹ് മൗഊദ് (അ) നിർദ്ദേശിച്ചു. ഒരിക്കൽ ജൽസ സാലാനയ്ക്ക് പണം തികയാതെ വന്നപ്പോൾ, അതിഥികൾക്ക് ഭക്ഷണം നല്കാൻ തന്റെ ഭാര്യയുടെ ആഭരണങ്ങൾ വിൽക്കാൻ അദ്ദേഹം നിർദേശിച്ചു. പണം വീണ്ടും തികയാതെ വന്നപ്പോൾ അദ്ദേഹം പ്രാർത്ഥനയിൽ മുഴുകി; പിറ്റേന്ന് രാവിലെ തന്നെ ജൽസയ്ക്ക് എത്താൻ കഴിയാത്തവരിൽ നിന്ന് ധാരാളം മണി ഓർഡറുകൾ അദ്ദേഹത്തിന് ലഭിച്ചു. ഭൗതിക വ്യാപാരികൾ തങ്ങളുടെ സമ്പാദ്യത്തിൽ ഭരമേൽപ്പിക്കുമ്പോൾ ഹദ്‌റത്ത് മസീഹ് മൗഊദ് (അ) ദൈവത്തിലായിരുന്നു പൂർണമായി ഭരമേൽപ്പിച്ചിരുന്നത്.
ക്ഷാമകാലത്തെ കരുതൽ
ക്ഷാമകാലത്ത്, അടുക്കളയിൽ ദിവസവും ഭക്ഷണം പാകം ചെയ്യാനും ആരെയും തിരിച്ചയക്കരുതെന്നും അദ്ദേഹം നിർദ്ദേശിച്ചു. പണം തീർന്നപ്പോൾ അദ്ദേഹം ജമാഅത്തിനോട് സഹായം അഭ്യർത്ഥിക്കുകയും ആവശ്യമായ പണം സമാഹരിക്കുകയും ചെയ്തു. വിദേശ രാജ്യങ്ങളിൽ ക്ഷാമം ബാധിച്ചവർ വിശന്ന് മരിക്കുന്ന വാർത്തകൾ അദ്ദേഹത്തെ വലിയ വേദനയിലാക്കിയിരുന്നു.
തുറന്ന മനസ്സോടെയുള്ള സഹായം
ഹദ്‌റത്ത് ഹാഫിസ് അലി (റ) പറയുന്നു , എവിടെനിന്നെങ്കിലും പണം ലഭിച്ചാൽ അത് എണ്ണാതെ തന്നെ തനിക്ക് നൽകുമായിരുന്നു. ഒരിക്കൽ സാധനങ്ങൾ വാങ്ങാൻ വിട്ടയാളോട്, കണക്കുകൾ വിവരിക്കുകയോ, ബാക്കി പണം മടക്കി നൽകുകയോ ചെയ്യേണ്ടതില്ലെന്നും, ആ പണം അദ്ദേഹത്തിന്റെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിക്കാനും ഹദ്‌റത്ത് മസീഹ് മൗഊദ് (അ) ദയയോടെ പറഞ്ഞു.
മോഷണം നടത്തിയ സ്ത്രീയോടുള്ള ദയ
ഒരിക്കൽ തന്റെ വീട്ടിൽ നിന്ന് അരി മോഷ്ടിച്ച ദരിദ്രയായ സ്ത്രീയെ കണ്ട്, അവൾ വിശന്നിരിക്കുകയാണെന്ന് മനസ്സിലാക്കിയ ഹദ്‌റത്ത് മസീഹ് മൗഊദ് (അ), അവൾക്ക് കൂടുതൽ അരി നൽകി വിട്ടയക്കാൻ ആളുകളോട് പറഞ്ഞു. തീവ്രമായ വിശപ്പും ദാരിദ്ര്യവും കാരണം മോഷ്ടിക്കുന്നവരുടെ തെറ്റുകൾ പൊറുക്കണമെന്നും അവരെ കള്ളനായി കാണരുതെന്നും പഠിപ്പിച്ച തന്റെ യജമാനനായ ഹദ്‌റത് മുഹമ്മദ് നബി ﷺ യുടെ ഉപദേശമാണ് അദ്ദേഹം പിന്തുടർന്നത്.
0 Comments