അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 31 ജൂലൈ 2026ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: സി. ജി. നസീര്‍ അഹ്‍മദ് ശാഹിദ്
തശഹ്ഹുദ്, തഅവ്വുദ്, സൂറഃ ഫാത്തിഹ എന്നിവ ഓതിയ ശേഷം, അല്ലാഹുവിന്റെ അനുഗ്രഹത്താൽ അഹ്മദിയ്യ മുസ്ലിം ജമാഅത്ത് യുകെ സംഘടിപ്പിച്ച ജൽസ സാലാന (വാർഷിക സമ്മേളനം) കഴിഞ്ഞ ഞായറാഴ്ച സമാപിച്ചതായി ഹുദൂർ തിരുമനസ്സ് പ്രസ്താവിച്ചു.
പ്രവർത്തകരോടുള്ള നന്ദി
ജൽസയുടെ തയ്യാറെടുപ്പുകൾക്കും ആസൂത്രണത്തിനും മാസങ്ങളെടുക്കുമെന്ന് ഹുദൂർ തിരുമനസ്സ് അരുളി. വാസ്‌തവത്തിൽ, ഒരു ജൽസ കഴിയുന്ന നിമിഷം തന്നെ അടുത്ത ജൽസയ്ക്കായുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുകയും, സമ്മേളനത്തിലേക്ക് അടുക്കുന്ന മാസങ്ങളിലും ആഴ്ചകളിലും അത് കൂടുതൽ വേഗത്തിലാകുകയും ചെയ്യുന്നു. ജൽസ നടക്കുമ്പോൾ, ആയിരക്കണക്കിന് സന്നദ്ധപ്രവർത്തകരും ജീവനക്കാരും—പുരുഷന്മാരും സ്ത്രീകളും കുട്ടികളും വയോധികരും—അഹ്മദികളെ മാത്രമല്ല, ലോകമെമ്പാടു നിന്നും ജൽസയിൽ പങ്കെടുക്കാൻ എത്തിയ അഹ്മദികളല്ലാത്ത അതിഥികളെയും സേവിക്കാൻ തുടർച്ചയായി പരിശ്രമിക്കുന്നു. ഈ സേവനത്തിലൂടെ, അവർ ഇസ്ലാമിന്റെയും അഹ്മദിയ്യത്തിന്റെയും യഥാർത്ഥ സന്ദേശം നിശ്ശബ്ദമായി പ്രചരിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ സന്നദ്ധപ്രവർത്തകർ തീർച്ചയായും നന്ദി അർഹിക്കുന്നുണ്ടെന്നും, അവരുടെ എല്ലാ പ്രവർത്തനങ്ങളും പരിശ്രമങ്ങളും അല്ലാഹു സ്വീകരിക്കട്ടെ എന്നും ഹുദൂർ തിരുമനസ്സ് പ്രാർത്ഥിച്ചു.
ലോകമെമ്പാടും ജൽസ തത്സമയം സംപ്രേഷണം ചെയ്യുന്നതിനായി കഠിനാധ്വാനം ചെയ്ത എം.ടി.എ (മുസ്ലിം ടെലിവിഷൻ അഹ്മദിയ്യ) യിൽ പ്രവർത്തിക്കുന്നവരും ഈ സന്നദ്ധപ്രവർത്തകരിൽ ഉൾപ്പെടുന്നുവെന്ന് ഹുദൂർ തിരുമനസ്സ് അരുളി. അവരും നന്ദി അർഹിക്കുന്നു. ലോകമെമ്പാടുമുള്ള വിവിധ വാർത്താ ഏജൻസികളിലേക്ക് ജൽസയുടെ നടപടിക്രമങ്ങളും ഇസ്ലാമിന്റെയും അഹ്മദിയ്യത്തിന്റെയും സന്ദേശവും എത്തിക്കുന്നതിനായി പ്രസ് ആന്റ് മീഡിയ ടീമും അശ്രാന്തം പരിശ്രമിച്ചു.
ഈ വർഷവും അഹ്മദിയ്യ യൂത്ത് അസോസിയേഷൻ കാനഡയിൽ നിന്നുള്ള നിരവധി യുവ സന്നദ്ധപ്രവർത്തകർ വരുകയും ജൽസയ്ക്ക് ശേഷമുള്ള ശുചീകരണ/സമാപന പ്രവർത്തനങ്ങളിൽ സഹായിക്കുകയും ചെയ്തതായി ഹുദൂർ തിരുമനസ്സ് അരുളി. ഓസ്‌ട്രേലിയയിൽ നിന്നുള്ള യുവാക്കളും ഈ ആവശ്യത്തിനായി വരാൻ തുടങ്ങിയിട്ടുണ്ട്. അവരുടെ ശ്രമങ്ങൾക്ക് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെയെന്ന് ഹുദൂർ തിരുമനസ്സ് പ്രാർത്ഥിച്ചു.
ഈ പരിശ്രമങ്ങളും പ്രവർത്തനങ്ങളും ജൽസയിൽ പങ്കെടുക്കുന്ന അഹ്മദികളല്ലാത്ത അതിഥികളിൽ വലിയൊരു പോസിറ്റീവായ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് ഹുദൂർ തിരുമനസ്സ് അരുളി. അതിഥികളിൽ നിന്ന് ലഭിച്ച ചില അഭിപ്രായങ്ങളും പ്രതികരണങ്ങളും താൻ അവതരിപ്പിക്കാമെന്ന് ഹുദൂർ തിരുമനസ്സ് അരുളി. എന്നാൽ അതിനുമുമ്പ്, ജൽസയിലെ എല്ലാ സന്നദ്ധപ്രവർത്തകർക്കും അവരുടെ നിസ്വാർത്ഥ സേവനത്തിന് ഹുദൂർ തിരുമനസ്സ് വ്യക്തിപരമായി നന്ദിയും കടപ്പാടും അറിയിച്ചു. അതേസമയം, വാഗ്ദത്ത മസീഹിന്റെ (അ) അതിഥികളെ സേവിക്കാനുള്ള അവസരം നൽകിയതിന് അല്ലാഹുവോട് നന്ദിയുള്ളവരായിരിക്കാൻ അവർ ഓർമ്മിക്കണം. മറ്റുള്ളവരിൽ നിന്നുള്ള നന്ദി പ്രകടനങ്ങൾ അവരെ കൂടുതൽ വിനയാന്വിതരാക്കാനും കൂടുതൽ കഠിനാധ്വാനം ചെയ്യാനും പ്രേരിപ്പിക്കണം.
ലോകമെമ്പാടുമുള്ള അതിഥികളുടെ അഭിപ്രായങ്ങൾ
ജൽസയിൽ പങ്കെടുത്ത ലോകമെമ്പാടുമുള്ള വിവിധ അതിഥികളുടെയും പ്രമുഖരുടെയും അഭിപ്രായങ്ങൾ ഹുദൂർ തിരുമനസ്സ് അവതരിപ്പിക്കാൻ തുടങ്ങി. ഉദാഹരണത്തിന്, ഗാംബിയയിൽ നിന്നുള്ള ഒരു മന്ത്രി പറഞ്ഞത്, ജൽസ കാണുന്നത് ഈ മഹത്തായ പരിപാടി നിസ്വാർത്ഥ സേവനത്തിലും നിശ്ശബ്ദവും അചഞ്ചലവുമായ ത്യാഗത്തിലും അധിഷ്ഠിതമാണെന്ന ആഴത്തിലുള്ള തിരിച്ചറിവിലേക്ക് അദ്ദേഹത്തെ നയിച്ചു എന്നാണ്. തുടക്കത്തിൽ 75 പേർ പങ്കെടുത്ത ഖാദിയാനിലെ ഒരു ചെറിയ പരിപാടിയിൽ നിന്ന് ആരംഭിച്ച ഇത്തരമൊരു വൻകിട പരിപാടി, ഇപ്പോൾ പതിനായിരക്കണക്കിന് ആളുകൾ പങ്കെടുക്കുന്ന ഒരു ആഗോള പരിപാടിയായി മാറിയതിൽ അദ്ദേഹത്തിന്റെ ഹൃദയം സ്പർശിക്കപ്പെട്ടു. ഇത്രയും വലിയൊരു പരിപാടിക്ക് പോലീസിന്റെ സാന്നിധ്യം ആവശ്യമായി വന്നില്ല എന്നതും, എന്നാൽ എഞ്ചിനീയർമാരോ ഡോക്ടർമാരോ ആയ സന്നദ്ധപ്രവർത്തകർ തന്നെയാണ് എല്ലാ ക്രമീകരണങ്ങളും നടത്തിയത് എന്നതും അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. അന്താരാഷ്ട്ര ബൈഅത്ത് ചടങ്ങിന്റെ കാഴ്ചകളും ശബ്ദങ്ങളും അദ്ദേഹത്തെ സ്പർശിച്ചു, അവിടെ വാഗ്ദത്ത മസീഹിന്റെ ഖലീഫയുമായി ബന്ധിപ്പിച്ചിരിക്കുന്ന ശക്തമായ ഒരു മാനുഷിക ശൃംഖല അദ്ദേഹം കണ്ടു. അഹ്മദിയ്യ ജമാഅത്തിന്റെ വിജയം ഭൗതികമായ യാതൊരു മാർഗ്ഗങ്ങളും കൊണ്ടല്ല, മറിച്ച് അതിന്റെ തഖ്‌വ (ഭക്തി) കാരണമാണെന്ന് താൻ ഉറച്ചു വിശ്വസിക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
സെനഗലിൽ നിന്നുള്ള ഒരു മുൻ ഗവർണർ പറഞ്ഞത് ജൽസയിൽ തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് പരിപാടിയുടെ സംഘാടനമാണെന്നാണ്. സന്നദ്ധപ്രവർത്തകർ ദയയുള്ളവരും എപ്പോഴും ലഭ്യമായവരുമായിരുന്നു. അദ്ദേഹം എല്ലാ പ്രസംഗങ്ങളും ശ്രദ്ധാപൂർവ്വം കേൾക്കുകയും, ലഭ്യമായ വിവിധ ഭാഷാ വിവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. സ്‌നേഹം, സമാധാനം, സാഹോദര്യം എന്നിവയായിരുന്നു അദ്ദേഹം ഉൾക്കൊണ്ട പ്രധാന സന്ദേശം.
ലക്സംബർഗിൽ നിന്നുള്ള ഒരു അഭിഭാഷകൻ പറഞ്ഞത് ജൽസയുടെ മൂന്ന് ദിവസങ്ങൾ തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചില ദിവസങ്ങളായി മാറിയെന്നാണ്. സന്നദ്ധപ്രവർത്തകർ സംഘടിപ്പിച്ച ഇത്രയും വലിയൊരു പരിപാടിയിൽ അദ്ദേഹം ഇതുവരെ പങ്കെടുത്തിരുന്നില്ല. പങ്കെടുത്തവരെല്ലാം ഒരു കുടുംബത്തിലെ അംഗങ്ങളെപ്പോലെയാണ് അദ്ദേഹത്തിന് തോന്നിയത്. ഓരോ സന്നദ്ധപ്രവർത്തകനും മുഖത്ത് ചിരിയോടെ ജോലി ചെയ്യുകയും, ഓരോരുത്തരെയും ആ പരിപാടിയിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയെപ്പോലെ സേവിക്കുകയും ചെയ്തു. അന്താരാഷ്ട്ര ബൈഅത്തിന്റെ കാഴ്ചയും, എല്ലാവരും കാലത്തിന്റെ ഖലീഫയുടെ കൈയ്യിൽ അനുസരണം പ്രതിജ്ഞ ചെയ്യുന്നത് കണ്ടതും അദ്ദേഹത്തെ സ്പർശിച്ചു. ഹുദൂർ തിരുമനസ്സിനെ കാണാനും അദ്ദേഹത്തിന് കഴിഞ്ഞു. ആദ്യം പരിഭ്രമിച്ചിരുന്നെങ്കിലും ആ പരിഭ്രമം പിന്നീട് മാറിപ്പോയി. പറയാൻ ചില കാര്യങ്ങളുണ്ടായിരുന്നെങ്കിലും അത് പറയാൻ കഴിഞ്ഞിരുന്നില്ല, എങ്കിലും കാലത്തിന്റെ ഖലീഫ തന്നെ ആ കാര്യങ്ങളെ പരാമർശിക്കുകയുണ്ടായി.
മുമ്പ് ക്രിസ്ത്യാനിയായിരുന്ന, അഹ്മദിയ്യത്ത് സ്വീകരിച്ച ഒരു നവമുസ്ലിം പറഞ്ഞത്, വിശ്വാസവും സംഗീതവും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എപ്പോഴും പഠിപ്പിക്കപ്പെട്ടിരുന്നു. എന്നിരുന്നാലും, സംഗീതത്തിന് വിശ്വാസവുമായി ഒരു ബന്ധം അനുഭവിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. മുസ്ലിമായ ശേഷം അദ്ദേഹം നമസ്കാരം നിർവ്വഹിക്കാൻ തുടങ്ങിയെങ്കിലും വികാരാധീനനായി കരഞ്ഞു പ്രാർത്ഥിക്കാൻ കഴിഞ്ഞിരുന്നില്ല. അന്താരാഷ്ട്ര ബൈഅത്ത് ചടങ്ങിൽ പങ്കെടുത്തപ്പോൾ, ഒടുവിൽ തീവ്രമായ പ്രാർത്ഥനകളിലേക്കും അങ്ങേയറ്റത്തെ വിലാപത്തിലേക്കും നയിക്കപ്പെടുകയും ആ നിമിഷത്തിൽ ദൈവവുമായി ഒരു ആത്മീയ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞതായി തോന്നുകയും ചെയ്തു. അന്താരാഷ്ട്ര ബൈഅത്തിന് ശേഷം നടന്ന പ്രാർത്ഥനയിലും ഈ വികാരം നിലനിന്നു. ഇതിൽ അത്രയധികം മുഴുകിപ്പോയതിനാൽ ജൽസ ഹാൾ വിട്ടിറങ്ങുമ്പോൾ ചെരുപ്പ് ധരിക്കാൻ മറന്ന കാര്യം പോലും അദ്ദേഹം അറിഞ്ഞില്ല. ഒരു സന്നദ്ധപ്രവർത്തകൻ അദ്ദേഹത്തിന് ചെരുപ്പില്ലെന്ന് കണ്ട് സ്വന്തം ചെരുപ്പ് അദ്ദേഹത്തിന് നൽകി, ഇതും അദ്ദേഹത്തെ ഏറെ സ്പർശിച്ചു.
ചെക്ക് റിപ്പബ്ലിക്കിൽ നിന്നുള്ള ഒരു പ്രൊഫസർ പറഞ്ഞത്, ജൽസയെക്കുറിച്ചുള്ള തന്റെ യഥാർത്ഥ വികാരങ്ങൾ വാക്കുകളിൽ പ്രകടിപ്പിക്കാൻ കഴിയില്ലെന്നും, ഇതൊരു ആത്മീയ അനുഭവമാണെന്നും സഹപ്രവർത്തകരോടും വിദ്യാർത്ഥികളോടും താൻ ഇതിനെക്കുറിച്ച് പറയുമെന്നുമാണ്. അഹ്മദികളെ കണ്ടുമുട്ടിയതിൽ അദ്ദേഹം വളരെ സന്തോഷവാനായിരുന്നു, കൂടാതെ ഒരു വിശ്വാസം ലോകമെമ്പാടുമുള്ള ആളുകളെ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധത്തിൽ എങ്ങനെ ഒന്നിച്ചു കൊണ്ടുവരുന്നുവെന്ന് കണ്ടതിൽ സന്തോഷിച്ചു. ഖലീഫയുടെ പ്രസംഗത്തിനുശേഷം ഇസ്ലാമിനെയും തഖ്‌വയെയും കുറിച്ച് കൂടുതൽ ആഴത്തിലുള്ള ധാരണ തനിക്ക് ലഭിച്ചതായി അദ്ദേഹം പറഞ്ഞു.
അമേരിക്കയിൽ നിന്നുള്ള ഒരു നിയമ പ്രൊഫസർ പറഞ്ഞത്, താൻ ലോകമെമ്പാടുമുള്ള വിവിധ കൺവെൻഷനുകളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ജൽസ സാലാന യുകെ അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണെന്നാണ്. നൂറിലധികം രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ അദ്ദേഹം കണ്ടുമുട്ടി. ശാന്തവും സ്നേഹനിർഭരവുമായ അന്തരീക്ഷം ശരിക്കും അതുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. വിവിധ പ്രദർശനങ്ങളെ അദ്ദേഹം അഭിനന്ദിക്കുകയും ജൽസയ്ക്കായി സന്നദ്ധസേവനം നടത്തുന്ന വിവിധ മേഖലകളിലെ ഉന്നതതല പ്രൊഫഷണലുകളെ കണ്ട് വികാരാധീതനാവുകയും ചെയ്തു.
ക്രിസ്ത്യാനിയായിരുന്നതിനുശേഷം ഇസ്ലാം സ്വീകരിച്ച ഫിലിപ്പീൻസിൽ നിന്നുള്ള ഒരു പ്രൊഫസർ പറഞ്ഞത്, 50,000-ത്തിലധികം ആളുകളാണ് പങ്കെടുത്തതെന്നന്ന് പറയപ്പെട്ടത്, എന്നാൽ ജൽസ ഗാഹിൻ്റെ വ്യാപ്തിയും ഒരുക്കങ്ങളും കണ്ടപ്പോൾ പരിപാടി അതിലും വലുതായി തോന്നിയെന്നാണ്. ഒരു താൽക്കാലിക നഗരത്തിന് ജീവൻ നൽകുകയും ആവശ്യമായ എല്ലാ മാർഗ്ഗങ്ങളും സൗകര്യങ്ങളും നൽകുകയും ചെയ്ത സന്നദ്ധപ്രവർത്തകരുടെ പ്രവർത്തനത്തിൽ അദ്ദേഹം അത്ഭുതപ്പെട്ടു. സമൂഹത്തിൽ വലിയ മാറ്റം കൊണ്ടുവരാൻ കഴിയുന്ന ഗുണമായ വിനയത്തോടെ സന്നദ്ധപ്രവർത്തകർ പ്രവർത്തിക്കുന്നത് കണ്ട് അദ്ദേഹം പ്രചോദിതനായി. കൊച്ചുകുട്ടികൾ വലിയ ഉത്തരവാദിത്തത്തോടെ ജോലി ചെയ്യുന്നത് കണ്ടതിൽ അദ്ദേഹം സന്തോഷിച്ചു. ചൗധരി സഫറുള്ള ഖാൻ സാഹിബ് ഒരു അഹ്മദിയാണെന്ന് അദ്ദേഹം മനസ്സിലാക്കി, ഡോ. അബ്ദുസ്സലാം സാഹിബിന്റെ നേട്ടങ്ങളെക്കുറിച്ചും അദ്ദേഹം മനസ്സിലാക്കി.
സെൻട്രൽ അമേരിക്കൻ പാർലമെന്റിലെ എൽ സാൽവഡോറിന്റെ ഒരു പ്രതിനിധിയും ആദ്യമായി ജൽസ സാലാന യുകെയിൽ പങ്കെടുത്തു. മരത്തിൽ നിന്ന് വേർപെടുത്തുമ്പോൾ ഉണങ്ങിപ്പോകുന്ന ഒരു ശാഖയോട് ഉപമിച്ചുകൊണ്ട് നമ്മൾ നമ്മുടെ ദൈനംദിന ജീവിതം എങ്ങനെ നയിക്കണമെന്നതായിരുന്നു അദ്ദേഹം മനസ്സലാക്കിയ പ്രധാന സന്ദേശം. ഇതുപോലെ, നമ്മൾ ദൈവത്തിൽ നിന്ന് വേർപിരിഞ്ഞാൽ, നാമും ജീവനില്ലാത്തവരായി മാറും. ദാമ്പത്യ സമാധാനത്തെക്കുറിച്ചുള്ള പ്രസംഗങ്ങളിൽ ഹുദൂർ തിരുമനസ്സിന്റെ മാർഗ്ഗനിർദ്ദേശങ്ങളെയും അദ്ദേഹം അഭിനന്ദിച്ചു. ഹുദൂർ തിരുമനസ്സിനെ കണ്ടുമുട്ടിയപ്പോൾ, ഹുദൂർ തിരുമനസ്സ് ലോകമെമ്പാടുമുള്ള തന്റെ ജമാഅത്തിനെക്കുറിച്ച് ശരിക്കും നന്നായി അറിയുന്ന ആളാണെന്ന് അദ്ദേഹം മനസ്സിലാക്കി.
ബൾഗേറിയൻ ലേബർ ആന്റ് സോഷ്യൽ പോളിസി സെക്രട്ടറി ജനറൽ ജൽസ സാലാന യുകെയിൽ പങ്കെടുക്കുകയും ജൽസ സൈറ്റിന്റെയും സൃഷ്ടിക്കപ്പെട്ട താൽക്കാലിക നഗരത്തിന്റെയും അസാധാരണമായ വ്യാപ്തിയാൽ സ്വാധീനിക്കപ്പെടുകയും ചെയ്തു. ജൽസയിലെ പ്രസംഗങ്ങൾ ബുദ്ധിപരമായി ചിന്തിപ്പിക്കുന്നതും വളരെ വിവരദായകവുമാണെന്ന് അദ്ദേഹം കണ്ടെത്തി. മികച്ച രീതിയിൽ അവതരിപ്പിച്ച വിവിധ പ്രദർശനങ്ങളും അദ്ദേഹത്തെ സ്പർശിച്ചു.
അക്കാദമിക പദവിക്കും നേട്ടങ്ങൾക്കും പേരുകേട്ട കൊസോവോയിൽ നിന്നുള്ള ഒരു പ്രൊഫസറും ജൽസയിൽ പങ്കെടുത്തതായി ഹുദൂർ തിരുമനസ്സ് അരുളി. ഓരോ വകുപ്പിലും ബഹുമാനത്തിന്റെയും സംഘാടനത്തിന്റെയും പ്രായോഗിക രൂപം താൻ കണ്ടുവെന്നും അത് ശരിക്കും അഭിനന്ദനീയമാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും അദ്ദേഹത്തെ ഹൃദയംഗമവും സന്തോഷകരവുമായ ആതിഥ്യമരുളിയാണ് സ്വീകരിച്ചത്, അത് അദ്ദേഹത്തിൽ വലിയ പോസിറ്റീവായ സ്വാധീനം ചെലുത്തി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മതത്തെക്കുറിച്ച് വളരെയധികം തെറ്റിദ്ധാരണകൾ നിലനിൽക്കുന്ന ഈ കാലഘട്ടത്തിൽ, ഹുദൂർ തിരുമനസ്സ് തന്റെ പ്രസംഗത്തിൽ നൽകിയ സന്ദേശം വളരെ കാലികപ്രസക്തിയുള്ളതും പ്രയോജനകരവുമാണെന്ന് തെളിഞ്ഞു.
ബൊളീവിയയിൽ നിന്നുള്ള ഒരു മാധ്യമപ്രവർത്തകനും ജൽസയിൽ പങ്കെടുക്കുകയും ഇതൊരു അത്ഭുതകരമായ അനുഭവമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ഹുദൂർ തിരുമനസ്സ് നടത്തിയ പ്രസംഗങ്ങൾ അദ്ദേഹത്തെ സ്വാധീനിച്ചു. ഈ സംഭവം തന്റെ ഹൃദയത്തിൽ എന്നെന്നേക്കുമായി പതിഞ്ഞുനിൽക്കുമെന്നും ദൈവത്തെ തിരിച്ചറിയുന്നതിലേക്ക് നയിക്കാൻ കഴിയുന്ന ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാം സ്ത്രീകളെ പീഡിപ്പിക്കുന്നു എന്ന പഴഞ്ചൻ ധാരണയെ ഇത് ഇല്ലാതാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. തീർച്ചയായും, ഇസ്ലാം സ്ത്രീകളെ എങ്ങനെ ആദരിക്കുകയും ബഹുമാനിക്കുകയും ശാക്തീകരിക്കുകയും ചെയ്യുന്നുവെന്ന് ഇത് കാണിക്കുന്നു.
ഏറ്റവും പ്രമുഖമായ ഒരു ദേശീയ പത്രത്തിന്റെ എഡിറ്റർ ഇൻ ചീഫ് പറഞ്ഞത്, ഈ പരിപാടിയിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് തന്റെ പത്രത്തോട് ആദ്യം നിർദ്ദേശിച്ചപ്പോൾ, തീരുമാനത്തെക്കുറിച്ച് പുനർചിന്തനം നടത്താൻ തന്നോട് ആവശ്യപ്പെട്ടിരുന്നു എന്നാണ്. എന്നാൽ, ജൽസയിൽ പങ്കെടുത്തപ്പോൾ അത് സമാധാനത്തിന്റെയും ഐക്യത്തിന്റെയും ഒരു ചിത്രമാണെന്ന് അദ്ദേഹം മനസ്സിലാക്കി. താൻ സ്വയം കത്തോലിക്കനാണെങ്കിലും, തഖ്‌വയുടെ (ഭക്തിയുടെ) സാരാംശത്തെക്കുറിച്ച് സംസാരിച്ച ഹുദൂർ തിരുമനസ്സിന്റെ പ്രസംഗത്തെ താൻ ശരിക്കും അഭിനന്ദിച്ചുവെന്നും, ഈ വിഷയത്തിലുള്ള തന്റെ അറിവ് ഈ പ്രസംഗം വർദ്ധിപ്പിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ലിത്വാനിയയിൽ നിന്നുള്ള ഒരു അതിഥി പറഞ്ഞത്, ഈ ജൽസയിൽ മുസ്ലിംകൾക്കിടയിൽ കഴിഞ്ഞപ്പോൾ തനിക്ക് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞുവെന്നാണ്. വനിതകളോടുള്ള ഹുദൂർ തിരുമനസ്സിന്റെ പ്രസംഗം കേട്ടതിനുശേഷം, ഇസ്ലാമിലെ സ്ത്രീകളെക്കുറിച്ചുള്ള അവരുടെ തെറ്റിദ്ധാരണകൾ നീങ്ങുകയും, ഇസ്ലാം സ്ത്രീകൾക്ക് നൽകുന്ന ബഹുമാനവും ആദരവും പരിചരണവും അവർ മനസ്സിലാക്കുകയും ചെയ്തു.
ഫസ്റ്റ് നേഷൻസിൽപ്പെട്ട കാനഡയിൽ നിന്നുള്ള ഒരു അതിഥി പറഞ്ഞത്, ജൽസയുടെ സംഘാടനം മികച്ചതായിരുന്നുവെന്നും ഓരോ സന്നദ്ധപ്രവർത്തകനും അവരുടെ പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടായിരുന്നു എന്നുമാണ്. ഇത്രയും വലിയൊരു പരിപാടി നടത്തുന്നത് എളുപ്പമല്ല, എന്നാൽ സന്നദ്ധപ്രവർത്തകർ അത് ചെയ്ത രീതി ആകർഷകമായിരുന്നു.
മുൻവർഷങ്ങളിലും ജൽസയിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും, വനിതകൾക്കായി ഹുദൂർ തിരുമനസ്സ് നടത്തിയ പ്രസംഗം തന്നെ പ്രത്യേകമായി ആകർഷിച്ചുവെന്ന് ബെൽജിയത്തിൽ നിന്നുള്ള ഒരു മാധ്യമപ്രവർത്തകൻ പറഞ്ഞു. അതിൽ മതപരമായ അറിവ് മാത്രമല്ല ഭൗതികമായ അറിവും നേടാൻ ഉപദേശിക്കുകയും എല്ലാ മേഖലകളിലും മികച്ച വിജയം നേടാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
(ഹുദൂർ തിരുമനസ്സ് അവതരിപ്പിച്ച അതിഥികളുടെ വിവിധ അഭിപ്രായങ്ങളുടെയും പ്രതികരണങ്ങളുടെയും ചില ഉദാഹരണങ്ങൾ മാത്രമാണിത്)
വാർഷിക സമ്മേളനത്തിന്റെ മാധ്യമ വാർത്തകൾ
പ്രസ് ആന്റ് മീഡിയ ടീമിന്റെ ശ്രമഫലമായി ജൽസയ്ക്ക് വലിയ മാധ്യമ ശ്രദ്ധ ലഭിച്ചതായി ഹുദൂർ തിരുമനസ്സ് അരുളി. യുകെയിലെ ടൈംസ് പത്രവും ഈ പരിപാടി കവർ ചെയ്തു. ഒരുകോടി വായനക്കാരുള്ള 16 അച്ചടി ലേഖനങ്ങൾ ജൽസയെക്കുറിച്ച് ഉണ്ടായിരുന്നു. 72 ലക്ഷം പ്രേക്ഷകർ ഉണ്ടെന്ന് കണക്കാക്കപ്പെടുന്ന 35 റേഡിയോ പ്രോഗ്രാമുകളും 6 ടിവി പ്രോഗ്രാമുകളും ഉണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ 5,30,000 വ്യൂസ് ഉണ്ടായിരുന്നു, മറ്റൊരു റിപ്പോർട്ട് ദശലക്ഷക്കണക്കിന് വ്യൂസ് പരാമർശിക്കുന്നു. പ്രസ് ആന്റ് മീഡിയ ടീമുകൾ മാത്രം 5,28,000 ആളുകളിലേക്ക് എത്തിച്ചേർന്നു.
ആഫ്രിക്കയിൽ 157 വാർത്താ റിപ്പോർട്ടുകൾ തയ്യാറാക്കിയതായും അത് 63 ലക്ഷം വീടുകളിൽ എത്തിയതായും ഹുദൂർ തിരുമനസ്സ് അരുളി. 18-ലധികം ആഫ്രിക്കൻ ടിവി ചാനലുകൾ ജൽസ തത്സമയം സംപ്രേഷണം ചെയ്തു, ഇത് ആഫ്രിക്കയിലെ ഏകദേശം 35 ലക്ഷം ആളുകളിലേക്ക് എത്തിച്ചേർന്നു.
ഈ ജൽസയുടെ പോസിറ്റീവായ സ്വാധീനം ജമാഅത്തിലെ അംഗങ്ങളിൽ ഉറപ്പിച്ചു നിർത്താനും, അതോടൊപ്പം അഹ്മദികളല്ലാത്തവരെ മാർഗ്ഗദർശനം ചെയ്യാനും അവരെ യഥാർത്ഥ ഇസ്ലാമിലേക്ക് കൊണ്ടുവരാനും അല്ലാഹു അനുഗ്രഹിക്കട്ടെയെന്ന് ഹുദൂർ തിരുമനസ്സ് ദുആ ചെയ്തു.
0 Comments