അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 14 ആഗസ്റ്റ് 2026 ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: മുഹമ്മദ് സ്വാലിഹ് ശാഹിദ്
തശഹുദും തഅവ്വുദും സൂറത്തുൽ ഫാത്തിഹയും ഓതിയ ശേഷം, പ്രവാചകൻ മുഹമ്മദ് നബി(സ)യുടെ നന്ദിപ്രകടനത്തെക്കുറിച്ചുള്ള അധ്യാപനങ്ങളെയും അവിടുത്തെ മാതൃകയെയുമാണ് താൻ പരാമർശിച്ചു വരുന്നത് എന്ന് ഹദ്റത്ത് മീർസാ മസ്റൂർ അഹ്മദ് പ്രസ്താവിച്ചു. ദൈവത്തിന്റെ സത്യസന്ധനായ ദാസനായ വാഗ്ദത്ത മസീഹ് ഈ അധ്യാപനങ്ങളെ എങ്ങനെയാണ് ഗ്രഹിച്ചതെന്നും പിന്തുടർന്നതെന്നും വിശദീകരിച്ചുകൊണ്ടാണ് ഖലീഫ തിരുമനസ്സ് ഖുതുബ ആരംഭിച്ചത്. നമുക്കായി അദ്ദേഹം കാട്ടിത്തന്ന മാതൃകകൾ എന്തൊക്കെയാണെന്നും, നമ്മിൽ നിന്ന് ആ മഹാത്മാവ് എന്താണ് പ്രതീക്ഷിക്കുന്നത് എന്നും ഹുദൂർ തിരുമനസ്സ് വ്യക്തമാക്കി.
കൃതജ്ഞത കൂടുതൽ അനുഗ്രഹങ്ങൾക്ക് അർഹമാക്കുന്നു
വാഗ്ദത്ത മസീഹ് (അ) എഴുതിയിട്ടുണ്ട്: ഒരു വ്യക്തി ഒരു നിശ്ചിത പദവിയിൽ എത്തുമ്പോൾ അയാൾ അഹങ്കാരിയായി മാറുന്നു, എന്നാൽ അത് സൽപ്രവൃത്തികൾ ചെയ്യാനും മനുഷ്യകുലത്തിന് പൊതുവിൽ നന്മ ചെയ്യാനുമുള്ള ഒരു അവസരമാണ്. പരിശുദ്ധ ഖുർആനിൽ അല്ലാഹു പറയുന്നു: ‘നിങ്ങൾ നന്ദിയുള്ളവരാണെങ്കിൽ, തീർച്ചയായും ഞാൻ നിങ്ങൾക്ക് കൂടുതൽ അനുഗ്രഹങ്ങൾ നൽകും; എന്നാൽ നിങ്ങൾ നന്ദികെട്ടവരാണെങ്കിൽ, എൻ്റെ ശിക്ഷ തീർച്ചയായും കഠിനമാണെന്ന് മനസ്സിലാക്കുക.’ (പരിശുദ്ധ ഖുർആൻ, 14:8). അതായത്, സർവ്വശക്തനായ അല്ലാഹുവോടുള്ള നന്ദികേട് അവൻ നൽകിയ അനുഗ്രഹങ്ങൾ തിരികെ എടുക്കുന്നതിന് കാരണമായേക്കാം.
വാഗ്ദത്ത മസീഹ് (അ) മറ്റൊരിടത്ത് എഴുതുന്നു: “ഏറ്റവും പ്രഥമവും പ്രധാനവുമായി ചെയ്യേണ്ടത് നമുക്ക് ജീവനും ആരോഗ്യവും ഊർജ്ജവും സമാധാനവും നൽകുകയും, പ്രചാരണത്തിനുള്ള മാർഗ്ഗങ്ങൾ ഒരുക്കിത്തരുകയും ചെയ്ത അല്ലാഹുവിനോട് നന്ദിയുള്ളവരായിരിക്കുക എന്നതാണ്. യാഥാർത്ഥ്യത്തിൽ, സർവ്വശക്തനായ ദൈവത്തിന്റെ ഈ അനുഗ്രഹങ്ങളെ എണ്ണിത്തിട്ടപ്പെടുത്താൻ ശ്രമിച്ചാൽ, അല്ലാഹുവിന്റെ ദാനങ്ങളെയും അനുഗ്രഹങ്ങളെയും എണ്ണുക എന്നത് നമുക്ക് തീർത്തും അസാധ്യമാണ് എന്നതാണ് സത്യം.” (മൽഫൂസാത്ത്, ഇംഗ്ലീഷ് പരിഭാഷ, വാള്യം 10, പേജ് 491)
യഥാർത്ഥ സ്തുതിക്ക് അർഹൻ അല്ലാഹു മാത്രമാണ്.
വാഗ്ദത്ത മസീഹ് (അ) എഴുതുന്നു: ദൈവം പ്രധാനം ചെയ്ത മനസ്സംഹിതയെ കുറിച്ചും, അത് എല്ലാത്തരം തിന്മകളിൽ നിന്നും അരാജകത്വങ്ങളിൽ നിന്നും എങ്ങനെ സംരക്ഷിക്കുന്നു എന്നതിനെക്കുറിച്ചും ഒരാൾ ചിന്തിക്കുമ്പോൾ, അല്ലാഹു മാത്രമാണ് സർവ്വ സ്തുതികൾക്കും അർഹനെന്നും, അവനുമായി താരതമ്യം ചെയ്യുമ്പോൾ ഒരു മനുഷ്യനും ഇത്തരമൊരു സ്തുതിക്ക് അർഹനുമല്ലെന്നും അവർ മനസ്സിലാക്കും. ശൂന്യതയിൽ നിന്ന് സൃഷ്ടിക്കുകയും, ആവശ്യമായതെല്ലാം നൽകുകയും, ദുരന്തങ്ങളിൽ നിന്ന് സംരക്ഷിക്കുകയും, കഠിനാധ്വാനത്തിന് പ്രതിഫലം നൽകുകയും ചെയ്യുമ്പോൾ മാത്രമേ ഒരാൾ യഥാർത്ഥത്തിൽ സ്തുതിക്ക് അർഹനാകൂ. ഇവയെല്ലാം സ്തുതിക്ക് അർഹനാക്കാൻ പോന്ന ഏറ്റവും ഉയർന്ന ഗുണങ്ങളാണ്. ഈ ഗുണങ്ങളുടെ വെളിച്ചത്തിൽ, അല്ലാഹു മാത്രമാണ് യഥാർത്ഥ സ്തുതിക്ക് അർഹൻ.
വാഗ്ദത്ത മസീഹ് (അ) എഴുതുന്നു:
‘ഓ വിവേകികളായ മനുഷ്യരേ! ആവശ്യമുള്ള ഈ ഘട്ടത്തിലും കടുത്ത അന്ധകാരം നിറഞ്ഞ ഈ ദിനങ്ങളിലും സർവ്വശക്തനായ ദൈവം ഒരു സ്വർഗ്ഗീയ പ്രകാശം ഇറക്കിത്തന്നതിലും, സാർവത്രിക നന്മയ്ക്കായി ഒരു ദാസനെ നിയോഗിച്ച്, ഇസ്ലാമിന്റെ സന്ദേശത്തിന്റെ മേൽക്കോയ്മ [തെളിയിക്കുന്നതിനും], മാനവകുലത്തിലെ ഉത്തമനായ പ്രവാചകന്റെ [പരിശുദ്ധ നബി (സ)] പ്രകാശം പ്രചരിപ്പിക്കുന്നതിനും, മുസ്ലീങ്ങളെ സഹായിക്കുന്നതിനും അവരുടെ ആന്തരികാവസ്ഥയെ ശുദ്ധീകരിക്കുന്നതിനുമായി ലോകത്തിലേക്ക് അയച്ചതിലും നിങ്ങൾ അത്ഭുതപ്പെടേണ്ടതില്ല. മറിച്ച്, ഇസ്ലാം മതത്തിന്റെ സംരക്ഷകനും, ഖുർആനിക അധ്യാപനങ്ങളുടെ കാവൽക്കാരനായി എന്നും നിലകൊള്ളുമെന്നും അതിനെ ഒരിക്കലും ജീവനറ്റതോ പ്രകാശമില്ലാത്തതോ ആക്കി മാറ്റാൻ അനുവദിക്കില്ലെന്നും വാഗ്ദാനം ചെയ്ത അല്ലാഹു – ആഭ്യന്തരവും ബാഹ്യവുമായ കുഴപ്പങ്ങൾ കാണുകയും ഈ അന്ധകാരം വീക്ഷിക്കുകയും ചെയ്തിട്ടും, തന്റെ വിശുദ്ധ ഗ്രന്ഥത്തിൽ ഇത്രയധികം ഊന്നിപ്പറഞ്ഞ ആ വാഗ്ദാനം മറന്നുകൊണ്ട് മൗനം പാലിച്ചിരുന്നെങ്കിലാണ് അത്ഭുതപ്പെടേണ്ടിയിരുന്നത്.’
ഞാൻ വീണ്ടും പറയുന്നു, ഈ പരിശുദ്ധ പ്രവാചകന്റെ വ്യക്തവും സുവ്യക്തവുമായ പ്രവചനം നിറവേറ്റപ്പെടാതെ പോയിരുന്നുവെങ്കിലാണ് അത്ഭുതപ്പെടാൻ വകയുണ്ടായിരുന്നത്; അതായത്, തന്റെ ദീനിനെ പുനരുജ്ജീവിപ്പിക്കുന്നതിനായി സർവ്വശക്തനായ ദൈവം ഓരോ നൂറ്റാണ്ടിന്റെയും തുടക്കത്തിൽ ഉന്നതനായ ഒരു ദാസനെ നിയോഗിച്ചുകൊണ്ടിരിക്കുമെന്ന് പ്രസ്താവിച്ചിരുന്ന പ്രവചനം. അതിനാൽ ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. മറിച്ച്, ആയിരക്കണക്കിന് നന്ദികൾ അർപ്പിക്കാനുള്ള അവസരമാണിത്, കൂടാതെ സർവ്വശക്തനായ ദൈവം തന്റെ കൃപയാലും കാരുണ്യത്താലും തന്റെ വാഗ്ദാനം നിറവേറ്റുകയും തന്റെ പ്രവാചകന്റെ പ്രവചനപൂർത്തീകരണത്തിൽ ഒരു മിനിറ്റിന്റെ പോലും കാലതാമസം വരുത്താതിരിക്കുകയും ചെയ്തു എന്നതിൽ സ്വന്തം വിശ്വാസവും ഉറപ്പും ശക്തമാക്കേണ്ട സമയവുമാണിത്. അല്ലാഹു ഈ പ്രവചനം നിറവേറ്റുക മാത്രമല്ല ചെയ്തത്, ഭാവിയിലെ ആയിരക്കണക്കിന് പ്രവചനങ്ങൾക്കും അത്ഭുതങ്ങൾക്കുമുള്ള വാതിൽ തുറന്നു തരുകയും ചെയ്തു. നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ, നന്ദിയുള്ളവരായിരിക്കുക, നന്ദിയുടെ സാഷ്ടാംഗം പ്രണമിക്കുക, കാരണം നിങ്ങളുടെ ശ്രേഷ്ഠരായ പൂർവ്വികർ ഏത് കാലഘട്ടത്തെയാണോ ആകാംക്ഷയോടെ പ്രതീക്ഷിച്ചുകൊണ്ട് വിടപറഞ്ഞുപോയത്, ഏത് കാലഘട്ടത്തെയാണോ തീവ്രമായി ആഗ്രഹിച്ചുകൊണ്ട് എണ്ണമറ്റ ആത്മാക്കൾ ഈ ജീവിതത്തിൽ നിന്ന് വേർപിരിഞ്ഞുപോയത്, ആ കാലഘട്ടത്തിലാണ് നിങ്ങൾ വന്നുചേർന്നിരിക്കുന്നത്. ഇനി ഇതിനെ വിലമതിക്കുകയോ അല്ലാതിരിക്കുകയോ ചെയ്യുന്നതും, ഇതിൽ നിന്ന് പ്രയോജനം നേടുകയോ അല്ലാതിരിക്കുകയോ ചെയ്യുന്നതും നിങ്ങളുടെ കൈകളിലാണ്.
ഞാൻ അത് വീണ്ടും വീണ്ടും പ്രഖ്യാപിക്കും – അത് പ്രഖ്യാപിക്കുന്നതിൽ നിന്നും എനിക്ക് മാറിനിൽക്കാനാവില്ല – അധഃപതിച്ച മാനവരാശിയുടെ പരിഷ്കരണത്തിനായി കൃത്യസമയത്ത് അയക്കപ്പെട്ടയാൾ ഞാൻ തന്നെയാണ്, അതായത് ഹൃദയങ്ങളിൽ ദീനിനെ പുതുതായി വീണ്ടും ദൃഢമായി സ്ഥാപിക്കുന്നതിന് വേണ്ടി തന്നെ.’ (ഫത്ഹെ ഇസ്‌ലാം, പേജ് 7-10)
സത്യം സ്വീകരിക്കാൻ സൗഭാഗ്യം സിദ്ധിച്ചതിന് നന്ദിയുള്ളവരായിരിക്കുക
വാഗ്ദത്ത മസീഹ് (അ) എഴുതുന്നു: ‘ആവശ്യ സമയത്ത് കൃത്യമായി നമ്മുടെ സഹായത്തിനെത്തുകയും ഈ പ്രസ്ഥാനം സ്ഥാപിക്കുകയും ചെയ്തതിന് ദൈവത്തോട് നന്ദിയുള്ളവരായിരിക്കുക. അതിനാൽ, നിങ്ങൾക്ക് നൽകപ്പെട്ട ഈ അനുഗ്രഹം പാഴാക്കിക്കളയാതിരിക്കുക അതിനെ ആദരിക്കുകയും ചെയ്യുക എന്നത് നിങ്ങളുടെ ഉത്തരവാദിത്തമാണ്; നിങ്ങൾക്ക് ലഭിച്ച അല്ലാഹുവിൻ്റെ ഈ സഹായത്തെയും പിന്തുണകളെയും വിലമതിക്കുക.
ദൈവത്തിന്റെ പിന്തുണയില്ലാതെ, അവിടുന്ന് സംസാരിക്കാൻ പ്രാപ്തനാക്കാത്തിടത്തോളം, ഒരു വ്യക്തിക്കും പൂർണ്ണമായ കരുത്തോടെയും ശരിയായ രീതിയിലും ഒരു കാര്യവും വിശദീകരിക്കാൻ കഴിയില്ലെന്ന് നന്നായി ഓർത്തിരിക്കുക. ഇതുകൂടാതെ, ഒരാൾക്ക് ശരിയായ വാദങ്ങൾ എന്താണെന്ന് കണ്ടെത്താനോ ഫലപ്രദമായ രീതിയിൽ സംസാരിക്കാനോ കഴിയില്ല. നന്മ നിറഞ്ഞ ആളുകൾക്ക് ദൈവിക ശക്തിയോടെയും കരുത്തോടെയും പരിശുദ്ധാത്മാവിൻ്റെ സഹായത്താലും സംസാരിക്കുന്ന വ്യക്തിയെ തിരിച്ചറിയാൻ കഴിയുന്നത് ദൈവത്തിന്റെ പ്രത്യേക കൃപകൊണ്ടു കൂടിയാണ്. അതിനാൽ, നിങ്ങൾക്ക് ഈ കഴിവ് നൽകുകയും സത്യം തിരിച്ചറിയാനുള്ള കണ്ണുകൾ നൽകുകയും ചെയ്തത് സർവ്വശക്തനായ ദൈവത്തിന്റെ മഹത്തായ ഒരു അനുഗ്രഹമാണ്. മറ്റുള്ളവർ മറക്കുള്ളിൽ അകപ്പെടുകയും അധിക്ഷേപങ്ങൾ ചൊരിയുകയും ചെയ്യുന്നതുപോലെ നിങ്ങളെ അനുഗ്രഹിച്ചിരുന്നില്ലെങ്കിൽ, നിങ്ങളും അവർക്കിടയിൽപ്പെടുമായിരുന്നു. നിങ്ങളെ ഇവിടെവരെ എത്തിച്ചത് ദൈവത്തിന്റെ കൃപ ഒന്നു കൊണ്ട് മാത്രമാണ്.
ഉദാഹരണത്തിന്, മിയാൻ അബ്ദുൽ ഹഖിനെ മാത്രം നോക്കൂ. ദൈവത്തിന്റെ കൃപ അദ്ദേഹത്തിന്റെ സഹായത്തിനെത്തിയിരുന്നില്ലെങ്കിൽ, അദ്ദേഹത്തിന് എങ്ങനെ തന്റെ ആഡംബര ജീവിതം ഉപേക്ഷിക്കാൻ കഴിയുമായിരുന്നു? പ്രത്യേകിച്ചും, ധാരാളം ആളുകൾ അദ്ദേഹത്തെ ഉപദേശിക്കുകയും ഖാദിയാൻ സന്ദർശിക്കരുതെന്ന് നിർബന്ധിക്കുകയും ചെയ്തപ്പോൾ. വാസ്തവത്തിൽ, അവരിൽ ഒരാൾ ചീത്ത വിളിക്കുകപോലും ചെയ്തു; അത് അവരുടെ മതത്തിൽ നിഷിദ്ധവും മര്യാദയ്ക്കും മാന്യതയ്ക്കും നിരക്കാത്തതുമായിരുന്നിട്ടുപോലും. എന്നാൽ ദൈവത്തിന്റെ കൃപ ഇവയെല്ലാം മറികടന്ന് അദ്ദേഹത്തെ നമ്മിലേക്ക് ആകർഷിക്കുകയും ചെയ്തു. തിന്മയിലേക്ക് നയിക്കുന്ന കാര്യങ്ങൾ അദ്ദേഹത്തിന് മുന്നിൽ ഉദിച്ചതേയില്ല; അല്ലാത്തപക്ഷം, ആ ആളുകൾക്കിടയിൽ നിന്നാണ് അദ്ദേഹം വിവാഹം കഴിച്ചിരുന്നതെങ്കിൽ, അത് അദ്ദേഹത്തെ പരീക്ഷണത്തിലാക്കുമായിരുന്നു. എന്നിരുന്നാലും, ദൈവം അദ്ദേഹത്തെ എല്ലാവിധത്തിലും രക്ഷിച്ചു. ദൈവത്തിന്റെ കൃപ മനുഷ്യന്റെ തന്ത്രങ്ങളിലൂടെ പ്രാപിക്കാനാകില്ല. ദൈവം ഒരു വ്യക്തിക്ക് തന്റെ അനുഗ്രഹം ചൊരിയുമ്പോൾ, അവർ എല്ലാവിധത്തിലും സംരക്ഷിക്കപ്പെടുന്നു. ‘നാം മുസ്ലീങ്ങളാണ്’ എന്നത് മാത്രം മതിയെന്ന് കരുതരുത്. ഇസ്ലാം എന്നത് മഹത്തായ ഒരു അനുഗ്രഹമാണ്, അതിനാൽ അതിനെ നെഞ്ചിലേറ്റുകയും അതിന് നന്ദിയുള്ളവരായിരിക്കുകയും ചെയ്യുക. വെറും വാചകമടികൊണ്ട് മാത്രം യഥാർത്ഥത്തിൽ തിരിച്ചറിയാൻ കഴിയാത്ത ഒരു തത്ത്വം അതിന് പിന്നിലുണ്ട്.’ (മൽഫൂസാത്, ഇംഗ്ലീഷ് പരിഭാഷ, വോള്യം 4, പേജ് 250-251)
തങ്ങളുടെ അടുത്ത സുഹൃത്തുക്കളോട് നന്ദി പ്രകടിപ്പിക്കുക
വാഗ്ദത്ത മസീഹ് (അ) എഴുതുന്നു: ‘സർവ്വശക്തനായ ദൈവത്തിന്റെ കൃപയും അനുഗ്രഹവും എന്നെ തനിച്ചാക്കിയിട്ടില്ല എന്ന വസ്തുത പരാമർശിക്കാതെയും അതിന് നന്ദി പ്രകടിപ്പിക്കാതെയും എനിക്ക് മുന്നോട്ട് പോകാനാവില്ല. ഞാനുമായി സഹോദരബന്ധം സ്ഥാപിക്കുകയും, സർവ്വശക്തനായ ദൈവം സ്വന്തം കൈയാൽ സ്ഥാപിച്ച ഈ പ്രസ്ഥാനത്തിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നവർ അത്ഭുതകരമായ രീതിയിൽ സ്നേഹത്തിന്റെയും വിശ്വസ്തതയുടെയും വർണ്ണങ്ങളാൽ അലങ്കരിക്കപ്പെട്ടിരിക്കുന്നു. അത് എന്റെ ഏതെങ്കിലും പരിശ്രമം കൊണ്ടല്ല, മറിച്ച് തന്റെ പ്രത്യേക ഔദാര്യത്താൽ സർവ്വശക്തനായ ദൈവം നിഷ്കളങ്കത നിറഞ്ഞ ഈ ആത്മാക്കളെ എനിക്ക് സമ്മാനിച്ചതാണ്.’
ആദ്യമായി, എന്റെ ഒരു ആത്മീയ സഹോദരനെക്കുറിച്ച് പരാമർശിക്കാൻ എന്റെ ഹൃദയത്തിൽ ഒരു തീവ്രമായ ആഗ്രഹം ഞാൻ കാണുന്നു; അദ്ദേഹത്തിന്റെ നിഷ്കളങ്കതയുടെ നൂറുപോലെ (പ്രകാശം) തന്നെയാണ് അദ്ദേഹത്തിന്റെ പേരും—നൂറുദ്ദീൻ [അതായത് ‘മതത്തിന്റെ പ്രകാശം’]. ഇസ്ലാമിന്റെ സന്ദേശ പ്രചാരണത്തിനായി താൻ ന്യായമായി സമ്പാദിച്ച ധനത്തിൽ നിന്ന് ചെലവഴിച്ച് അദ്ദേഹം ചെയ്തുവരുന്ന വിവിധ മതപരമായ സേവനങ്ങളെ വളരെയധികം ആഗ്രഹത്തോടെ ഞാൻ എപ്പോഴും നോക്കിക്കാണുന്നു. ആ സേവനങ്ങൾ എനിക്കും ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ! മതത്തെ സേവിക്കാനായി അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിറഞ്ഞൊഴുകുന്ന ആവേശം ഞാൻ സങ്കൽപ്പിക്കുമ്പോൾ, തന്റെ ദാസന്മാരെ തന്നിലേക്ക് എങ്ങനെ ആകർഷിക്കുന്നു എന്നതിനെക്കുറിച്ചുള്ള ദൈവീക ശക്തിയുടെ ചിത്രം എന്റെ കണ്ണുകൾക്ക് മുന്നിൽ തെളിയുന്നു. തന്റെ സമ്പത്തും മുഴുവൻ ശക്തിയും എല്ലാ വിഭവങ്ങളും ഉപയോഗിച്ച് ദൈവത്തെയും അവിടുത്തെ റസൂലിനെയും അനുസരിക്കാൻ അദ്ദേഹം എപ്പോഴും സന്നദ്ധനായി നിലകൊള്ളുന്നു. അതിനുപുറമേ, വ്യക്തിപരമായ അനുഭവത്തിലൂടെ തന്നെ ഞാൻ ഈ കാര്യം സത്യമായി മനസ്സിലാക്കുന്നു: എന്റെ ലക്ഷ്യത്തിനായി തനിക്ക് പ്രിയപ്പെട്ട ജീവനും മാനവും പോലും ത്യജിക്കാൻ അദ്ദേഹം മടിക്കില്ല, പിന്നെയാണോ തന്റെ സമ്പത്ത്. തന്റെ ആത്മീയ സഹവാസത്തെപ്പോലെ തന്നെ എല്ലാ സമയത്തും അദ്ദേഹം എന്റെ കൂടെയുണ്ട്. ഭൗതിക സഹവാസത്തിന്റെ കടമ നിറവേറ്റുന്നതിനായി—ഞാൻ അനുവദിച്ചിരുന്നെങ്കിൽ—ഈ ലക്ഷ്യത്തിനായി അദ്ദേഹം തന്റെ സർവ്വസ്വവും ത്യജിക്കുമായിരുന്നു. (ഫത്ഹെ ഇസ്‌ലാം പേജ് 30-31)
നമ്മുടെ മേലുള്ള ദൈവത്തിന്റെ അനുഗ്രഹങ്ങളെ സ്മരിക്കൽ
വാഗ്ദത്ത മസീഹ് (അ) എഴുതുന്നു,
“മുൻപൊരു പദാർത്ഥമോ വസ്തുവോ ഇല്ലാതെ തന്നെ തന്റെ കല്പനയാലും വിധിയാലും എല്ലാ ആത്മാക്കളെയും ശരീരങ്ങളെയും സൃഷ്ടിച്ചുകൊണ്ട് തന്റെ മഹത്തായ ശക്തി വെളിപ്പെടുത്തിയവനും; അധ്യാപകന്റെയോ വഴികാട്ടിയുടെയോ സഹായമില്ലാതെ തന്നെ എല്ലാ ഉന്നതരായ പ്രവാചകന്മാർക്കും ജ്ഞാനം പകർന്നുനൽകുകയും അവരുടെ ധാർമ്മികതയെ പൂർണ്ണതയിലെത്തിക്കുകയും ചെയ്തുകൊണ്ട് തന്റെ അനന്തമായ അനുഗ്രഹത്തിന്റെ അടയാളം വെളിപ്പെടുത്തിയവനുമായ സർവ്വശക്തനായ നാഥൻ അളവറ്റ സ്തുതിക്കും ആരാധനയ്ക്കും അർഹനാകുന്നു.”
പരമദയാലുവും കരുണാനിധിയുമായ അല്ലാഹു പരിശുദ്ധനാകുന്നു; നമ്മുടെ യാതൊരു യോഗ്യതയും കൂടാതെ തന്നെ ദരിദ്രരും മർത്യരുമായ നമുക്ക് ആവശ്യമായതെല്ലാം അവൻ നൽകി. നമ്മുടെ ശാരീരിക നിലനിൽപ്പിനായി അവൻ സൂര്യനെയും ചന്ദ്രനെയും മേഘങ്ങളെയും കാറ്റിനെയും നിശ്ചയിച്ചു. നമ്മുടെ ആത്മീയ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അവൻ തൗറാത്തും ഇൻജീലും ഖുർആനും മറ്റ് എല്ലാ ദൈവിക വേദഗ്രന്ഥങ്ങളും അവയുടെ ഉചിതമായ സമയങ്ങളിൽ അവതരിപ്പിച്ചു. അല്ലാഹുവേ, നിന്നിലേക്ക് നയിക്കുന്ന പാതയിലേക്ക് ഞങ്ങളെ വഴിനടത്തിയതിനും, നിന്റെ പരിശുദ്ധ ഗ്രന്ഥങ്ങൾ അവതരിപ്പിച്ചുകൊണ്ട് ചിന്തയിലെയും യുക്തിയിലെയും തെറ്റുകളിൽ നിന്ന് ഞങ്ങളെ രക്ഷിച്ചതിനും നിനക്ക് അനന്തമായ സ്തുതികൾ. പ്രവാചകന്മാരുടെ നേതാവായ ഹദ്റത്ത് മുഹമ്മദ് മുസ്തഫ (സ) അവിടുത്തെ കുടുംബത്തിന്മേലും അവിടുത്തെ അനുചരന്മാർക്ക് മേലും ഞങ്ങൾ അനുഗ്രഹാശിസ്സുകൾ വേണ്ടി ദുആ ചെയ്യുന്നു. വഴിതെറ്റിപ്പോയ ഒരു വലിയ ലോകത്തെ ദൈവം ആ പ്രവാചകനിലൂടെ നേർവഴിയിലേക്ക് നയിച്ചു. വഴിതെറ്റിയ ജനങ്ങളെ സത്യപാതയിലേക്ക് തിരികെ നയിച്ച അധ്യാപകനും ഉപകാരിയുമായിരുന്നു അവിടുന്ന്;
ബഹുദൈവാരാധനയിൽ നിന്നും വിഗ്രഹങ്ങളുടെ ശാപത്തിൽ നിന്നും ജനങ്ങളെ മോചിപ്പിച്ച ദയാലുവും കരുണാമയനുമായ വ്യക്തിത്വം; തൗഹീദിന്റെ (ദൈവത്തിന്റെ ഏകത്വം) വെളിച്ചത്താൽ ലോകത്തെ പ്രകാശിപ്പിച്ച പ്രകാശവും വെളിച്ചം പരത്തിയവനും; രോഗാതുരമായ ഹൃദയങ്ങളെ നീതിയുടെ പാതയിലൂടെ സഞ്ചരിക്കാൻ പ്രാപ്തരാക്കിയ സൗഖ്യദായകനും ഭിഷഗ്വരനും; ജീവാമൃതം കൊണ്ട് ആത്മീയമായി മരിച്ചവരെ പുനർജീവിപ്പിച്ച ഉദാരനായ അത്ഭുതപ്രവർത്തകൻ; തന്റെ സമുദായത്തിന് വേണ്ടി വേദനയും ദുഃഖവും സഹിച്ച കരുണാമയനും ദയാലുവും; മരണത്തിന്റെ വായയിൽ നിന്ന് നമ്മെ രക്ഷിച്ച ധീരനായ വ്യക്തി; തന്റെ നാഥന്റെ മുന്നിൽ പൂർണ്ണമായി കീഴടങ്ങി തലകുനിക്കുകയും സ്വന്തം വ്യക്തിത്വത്തെ തികച്ചും ഇല്ലാതാക്കുകയും ചെയ്ത വിനീതനും നിസ്വാർത്ഥനുമായ മനുഷ്യൻ; ദൈവത്തിന്റെ ഏകത്വത്തിൽ പൂർണ്ണമായി വിശ്വസിക്കുകയും ദൈവത്തിന്റെ മഹത്വമല്ലാതെ മറ്റൊന്നിനെയും ഭയപ്പെടാതെ അവിടുത്തെ മുന്നിൽ മറ്റെല്ലാറ്റിനെയും നിസ്സാരമായി കാണുകയും ചെയ്ത അറിവിന്റെ സമുദ്രം; എഴുത്തും വായനയും അറിയാത്തവനായിരുന്നിട്ടും ദൈവീക ജ്ഞാനത്തിൽ എല്ലാവരെയും കവച്ചുവെക്കുകയും, എല്ലാ ജനതകളും അനുഭവിച്ച തെറ്റുകളും കുറ്റങ്ങളും അവർക്ക് ബോധ്യപ്പെടുത്തിക്കൊടുക്കുകയും ചെയ്ത ദൈവീക ശക്തിയുടെ അത്ഭുതം.’ (ബറാഹീനേ അഹ്മദിയ്യ – ഭാഗം 1, ഇംഗ്ലീഷ് പരിഭാഷ, പേജ് 25-26)
ലോകരക്ഷിതാവായ നാഥാ! നിന്റെ എല്ലാ അനുഗ്രഹങ്ങൾക്കും നിനക്ക് നന്ദി അർപ്പിക്കുക എന്നത് എന്നെക്കൊണ്ട് ആവാത്ത കാര്യമാണ്. നീ ഏറ്റവും കരുണാമയനും ദയാലുവും ആകുന്നു, നീ എനിക്ക് ചൊരിഞ്ഞുതന്ന അനുഗ്രഹങ്ങൾ എണ്ണമറ്റവയാണ്. എന്റെ പാപങ്ങൾ എനിക്ക് പൊറുത്തുതരേണമേ, അല്ലാത്തപക്ഷം ഞാൻ നശിച്ചുപോയേക്കാം. എനിക്ക് ജീവൻ ലഭിക്കേണ്ടതിന് നിന്റെ നേർക്കുള്ള ആത്മാർത്ഥമായ സ്നേഹം കൊണ്ട് എന്റെ ഹൃദയത്തെ നിറയ്ക്കേണമേ. എന്റെ കുറവുകൾ മറയ്ക്കുകയും നിന്റെ പ്രീതിക്ക് കാരണമാകുന്ന പ്രവൃത്തികൾ ചെയ്യാൻ എന്നെ അനുവദിക്കുകയും ചെയ്യേണമേ. നിന്റെ ശിക്ഷ എന്നിൽ പതിക്കാതിരിക്കാൻ നിന്റെ ഉദാരമായ സന്നിധിയിൽ ഞാൻ അഭയം തേടുന്നു. കരുണ കാണിച്ചു കൊണ്ട് ഈ ലോകത്തെയും പരലോകത്തെയും ആപത്തുകളിൽ നിന്ന് എന്നെ രക്ഷിക്കേണമേ. എന്തെന്നാൽ എല്ലാ അനുഗ്രഹങ്ങളും ദയയും നിന്റെ കയ്യിലാണ്. ആമീൻ. (മൽഫൂസാത്ത്, ഇംഗ്ലീഷ് പരിഭാഷ, വോള്യം 1, പേജ് 241)
ആ ഉപകാരിയായ നാഥന് ആയിരമായിരം സ്തുതികൾ അർപ്പിക്കുന്നു. ദൈവത്തെക്കുറിച്ചുള്ള ജ്ഞാനം കരസ്ഥമാക്കുന്നതിനുള്ള മാർഗ്ഗമായ ഒരു മതത്തെ അവൻ നമുക്ക് നൽകി; അതിന് സമാനമായ ഒന്ന് ഒരു യുഗത്തിലും കണ്ടെത്തിയിട്ടില്ല. ഏത് നിർമ്മലനായ പ്രവാചകൻ വഴിയാണോ നമ്മൾ ഈ പരിശുദ്ധ മതത്തിൽ പ്രവേശിച്ചത്, അവിടുത്തെ മേൽ ആയിരക്കണക്കിന് അനുഗ്രഹങ്ങൾ ഉണ്ടാകട്ടെ; തങ്ങളുടെ രക്തം കൊണ്ട് ഈ തോട്ടം നനച്ച തിരുനബിയുടെ അനുചരന്മാരുടെ മേൽ ആയിരക്കണക്കിന് കാരുണ്യം ചൊരിയപ്പെടട്ടെ. (ബറാഹീനേ അഹ്മദിയ്യ – ഭാഗം 5, ഇംഗ്ലീഷ് പരിഭാഷ, പേജ് 43)
വാഗ്ദത്ത മസീഹ് (അ) തന്റെ മക്കൾക്ക് ഒരു കഥ പറഞ്ഞു കൊടുത്തുകൊണ്ട് നന്ദിയുള്ളവരായിരിക്കേണ്ടതിന്റെ ഈ പാഠങ്ങൾ സ്വന്തം വീട്ടിലും പകർന്നു നൽകി. അവിടുന്ന് പറഞ്ഞു:
ഒരിക്കൽ ഒരു കഷണ്ടിക്കാരനും ഒരു അന്ധനും ഉണ്ടായിരുന്നു. ഒരു മാലാഖ കഷണ്ടിക്കാരന്റെ അടുക്കൽ ചെന്ന് അദ്ദേഹത്തിന്റെ ആഗ്രഹം എന്താണെന്ന് ചോദിച്ചു. തനിക്ക് മുടിയും സമ്പത്തും വേണമെന്നാണ് അയാൾ മറുപടി നൽകിയത്. മാലാഖ അദ്ദേഹത്തിന്റെ തലയിൽ കൈതലോടിയപ്പോൾ മുടി വളരുകയും, അയാൾക്ക് ധാരാളം സമ്പത്ത് ലഭിക്കുകയും ചെയ്തു.
തുടർന്ന് മാലാഖ അന്ധന്റെ അടുക്കൽ ചെന്ന് അദ്ദേഹത്തിന്റെ ആഗ്രഹം ചോദിച്ചു. തനിക്ക് കാഴ്ചശക്തി ലഭിക്കണമെന്നും സമ്പത്ത് വേണമെന്നുമായിരുന്നു അന്ധന്റെ മറുപടി. മാലാഖ അദ്ദേഹത്തിന്റെ കണ്ണുകളിൽ കൈവെച്ചപ്പോൾ കാഴ്ച തിരികെ ലഭിക്കുകയും, അയാൾക്കും സമ്പത്ത് നൽകപ്പെടുകയും ചെയ്തു.
പിന്നീട് അതേ മാലാഖ ഒരു യാചകന്റെ രൂപത്തിൽ തിരിച്ചെത്തി, പണ്ട് കഷണ്ടിക്കാരനായിരുന്നയാളോട് സഹായം അഭ്യർത്ഥിച്ചു. എന്നാൽ അയാൾ യാചകനെ വെറുപ്പോടെ തിരിച്ചയച്ചു. അതോടെ മാലാഖ വീണ്ടും അദ്ദേഹത്തിന്റെ തലയിൽ കൈതലോടുകയും, അയാളുടെ മുടിയും സമ്പത്തും പൂർണ്ണമായി നഷ്ടപ്പെടുകയും ചെയ്തു.
ശേഷം മാലാഖ യാചകന്റെ രൂപത്തിൽ കാഴ്ച തിരികെ ലഭിച്ചയാളുടെ അടുക്കൽ ചെന്ന് സഹായം ചോദിച്ചു. തനിക്കുള്ളതെല്ലാം ദൈവത്തിൽ നിന്നുള്ളതാണെന്നും, അതിനാൽ തന്റെ സമ്പത്തിൽ നിന്ന് ആവശ്യമുള്ളത്ര എടുത്തുകൊള്ളാനും അയാൾ മറുപടി നൽകി. ഇതിൽ ദൈവം പ്രീതനാവുകയും, അയാൾക്ക് കൂടുതൽ സമ്പത്ത് നൽകി അനുഗ്രഹിക്കുകയും ചെയ്തു.
ഇപ്രകാരം, ദൈവത്തോട് നന്ദിയുള്ളവരായിരിക്കുന്നത് ദൈവത്തിൽ നിന്ന് കൂടുതൽ അനുഗ്രഹങ്ങൾ ലഭിക്കുന്നതിന് കാരണമാകുമെന്ന് വാഗ്ദത്ത മസീഹ് (അ) തന്റെ മക്കളെ പഠിപ്പിച്ചു.
വാഗ്ദത്ത മസീഹ് (അ) ശൈത്യകാലത്ത് റമദാൻ വരുമ്പോൾ നോമ്പ് എടുക്കുന്നത് ശാരീരികമായി കുറഞ്ഞ പ്രയാസമുള്ളതാണെന്നും, നോമ്പോടു കൂടി തന്നെ പകൽ സമയത്ത് കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്നതിനാലും അത് ദൈവത്തിൽ നിന്നുള്ള ഒരു അനുഗ്രഹമാണെന്ന് പ്രസ്താവിച്ചു. വാഗ്ദത്ത മസീഹ് (അ) ഇതിനെപ്പോലും ഒരു അനുഗ്രഹമായി കാണുകയും ദൈവത്തോട് നന്ദിയുള്ളവനായിരിക്കുകയും ചെയ്തു.
മനുഷ്യകുലത്തിന് പ്രയോജനകരമായ എന്തെങ്കിലും കാര്യങ്ങൾ ആരെങ്കിലും ചെയ്യുകയാണെങ്കിൽ വാഗ്ദത്ത മസീഹ് (അ) അവരോടും നന്ദി പ്രകടിപ്പിക്കുമായിരുന്നു. ഉദാഹരണത്തിന്, വൈദ്യനായിരുന്ന ഹദ്റത്ത് മൗലാന ഹകീം നൂറുദ്ദീൻ സാഹിബ് (റ) ജനങ്ങളുടെ വേദന അകറ്റാൻ സഹായിച്ചിരുന്നതിനാൽ അദ്ദേഹം ദൈവത്തിൽ നിന്നുള്ള ഒരു അനുഗ്രഹമാണെന്ന് അവിടുന്ന് വ്യക്തമാക്കി. അതിനാൽ, അവിടുന്ന് അദ്ദേഹത്തോട് നന്ദി പ്രകടിപ്പിക്കുക മാത്രമല്ല, മനുഷ്യരാശിയെ സഹായിക്കാനുള്ള കഴിവ് അദ്ദേഹത്തിന് നൽകിയതിന് ദൈവത്തോട് നന്ദി പറയുകയും ചെയ്യുമായിരുന്നു.
ഈ വിഷയത്തെക്കുറിച്ച് തുടർന്നും സംസാരിക്കുമെന്ന് ഖലീഫാ തിരുമനസ്സ് പ്രസ്താവിച്ചു.
അനുസ്മരണങ്ങൾ
1) ഐവറി കോസ്റ്റിൽ മിഷണറിയായിരുന്ന ഹാഫിസ് ഷഹബാസ് അഹ്മദ്. അദ്ദേഹത്തിന് ഭാര്യയും ഒരു മകളുമുണ്ട്. അദ്ദേഹം വളരെ അതിഥിസത്കാരപ്രിയനും ദയാലുവും സഹകരണമനോഭാവമുള്ളവനും ഖിലാഫത്തിനും മതസേവനത്തിനും വേണ്ടി പൂർണ്ണമായി ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു. അദ്ദേഹം അങ്ങേയറ്റം ക്ഷമാശീലനായിരുന്നു. ഒരിക്കലും മറ്റുള്ളവർക്ക് ഒരു ഭാരമായിരുന്നില്ല. ഇസ്ലാമിന്റെയും അഹ്മദിയ്യത്തിന്റെയും സന്ദേശം പ്രചരിപ്പിക്കുന്നതിൽ അദ്ദേഹം വലിയ താല്പര്യം കാണിച്ചിരുന്നു. അദ്ദേഹം കഠിനാധ്വാനത്തോടെയും സമർപ്പണത്തോടെയും പ്രവർത്തിച്ചു. തനിക്ക് സമൂഹത്തിന് വലിയ സേവനങ്ങൾ ചെയ്യാൻ സാധിക്കുന്നതിനായി അദ്ദേഹം എപ്പോഴും പ്രാർത്ഥനകൾ ചെയ്യാറുണ്ടായിരുന്നു. ഒരു നല്ല മിഷണറിയും ഭർത്താവും പിതാവുമായിരുന്നു അദ്ദേഹമെന്നും ഭാര്യ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹം ഒരിക്കലും വിഷമത്തിന്റെ ലക്ഷണങ്ങൾ പുറത്തുകാട്ടിയിരുന്നില്ല. അദ്ദേഹം വളരെ ബുദ്ധിമാനും കാര്യങ്ങൾ തിരിച്ചറിയാൻ കഴിവുള്ളവനുമായിരുന്നു. തന്റെ പ്രദേശത്തെ ആളുകളുമായി അദ്ദേഹം ശക്തമായ ബന്ധം സ്ഥാപിച്ചിരുന്നു. ആവശ്യക്കാരായിട്ടുളവരെ അദ്ദേഹം നിശബ്ദമായി സഹായിക്കുമായിരുന്നു. ധാരാളം കുട്ടികളെ പരിശുദ്ധ ഖുർആൻ പാരായണം ചെയ്യാൻ അദ്ദേഹം പഠിപ്പിച്ചു.
2) ബുർക്കിന ഫാസോയിൽ നിന്നുള്ള യാരിംഗാന മോമിനി. ഭീകരവാദികൾ വെടിയുതിർക്കുമ്പോൾ അദ്ദേഹം വയലിൽ ജോലി ചെയ്യുകയായിരുന്നു, തുടർന്ന് അദ്ദേഹം ശഹാദത്ത് (രക്തസാക്ഷിത്വം) വരിച്ചു. ഖിലാഫത്തിനോട് ആഴത്തിലുള്ള സ്നേഹവും അങ്ങേയറ്റത്തെ ആത്മാർത്ഥതയും വെച്ചുപുലർത്തിയ ആളായിരുന്നു അദ്ദേഹം. ആരാധനകളിൽ മുഴുകിയിരുന്ന അദ്ദേഹം പരിശുദ്ധ ഖുർആനിനെ വളരെയധികം സ്നേഹിച്ചിരുന്നു. എപ്പോഴും ഖിലാഫത്തിനോട് അനുസരണയുള്ളവനായിരുന്നു. ശ്രേഷ്ഠവും ബഹുമാനപൂർവ്വവുമായ അനേകം ഗുണങ്ങൾ അദ്ദേഹത്തിനുണ്ടായിരുന്നു.
മിക്കപ്പോഴും പള്ളിയിൽ ആദ്യമെത്തുന്ന ആളുകളിൽ ഒരാളായിരുന്ന അദ്ദേഹം അവിടെയിരുന്ന് പരിശുദ്ധ ഖുർആൻ പാരായണം ചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ വീടിന് മുന്നിലൂടെ കടന്നുപോകുന്നവർക്ക് അദ്ദേഹം ഖുർആൻ പാരായണം ചെയ്യുന്നത് കേൾക്കാമായിരുന്നു. സുഖമില്ലാത്തപ്പോൾ പോലും അദ്ദേഹം ജമാഅത്തിന്റെ പരിപാടികളിൽ എപ്പോഴും പങ്കെടുത്തിരുന്നു. സാമ്പത്തിക സംഭാവനകൾ നൽകുമ്പോൾ അദ്ദേഹം കൃത്യനിഷ്ഠ പാലിച്ചിരുന്നു. രണ്ട് ഭാര്യമാരും പതിമൂന്ന് മക്കളുമാണ് അദ്ദേഹത്തിനുള്ളത്. അല്ലാഹു അദ്ദേഹത്തിന് പൊറുത്തുകൊടുക്കുകയും അദ്ദേഹത്തിന് മേൽ കരുണ ചൊരിയുകയും ചെയ്യട്ടെ
3) മാലിയിൽ നിന്നുള്ള യഹ്‌യ സുമാരെ. അദ്ദേഹം സൈന്യത്തിലായിരുന്നു സേവനം അനുഷ്ഠിച്ചിരുന്നത്. ഒരു ദിവസം, മറ്റ് സൈനികരെ പരിശോധിക്കാനായി പുറത്തിറങ്ങിയപ്പോൾ, ഭീകരവാദികൾ വെടിയുതിർക്കുകയും അദ്ദേഹം ശഹാദത്ത് (രക്തസാക്ഷിത്വം) വരിക്കുകയും ചെയ്തു. അദ്ദേഹത്തിന് മെഡൽ ഓഫ് ഓണർ ലഭിക്കാനിരിക്കുകയായിരുന്നു കൂടാതെ പ്രൊമോഷനും ലഭിക്കുമായിരുന്നു. ജൽസ സാലാനയിൽ (വാർഷിക സമ്മേളനം) പങ്കെടുത്ത ശേഷം 2022-ലാണ് അദ്ദേഹം അഹ്മദിയ്യത്ത് സ്വീകരിച്ചത്.
തങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു നിറവേറ്റിത്തന്നിരുന്ന മാതൃകാപരമായ ഒരു ഭർത്താവും മികച്ച പിതാവുമായിരുന്നു അദ്ദേഹമെന്ന് ഭാര്യ സാക്ഷ്യപ്പെടുത്തുന്നു. മാതാപിതാക്കളോട് വളരെ സ്നേഹവും ബഹുമാനവും പുലർത്തിയ അദ്ദേഹം അവരുടെ കാര്യങ്ങളും നന്നായി നോക്കിയിരുന്നു. പ്രസന്നമായ വ്യക്തിത്വത്തിന് ഉടമയായിരുന്നു അദ്ദേഹം. ആരാധനകളിൽ കൃത്യനിഷ്ഠ പാലിച്ചിരുന്ന അദ്ദേഹത്തിന് ഉത്തമമായ നിരവധി ധാർമ്മിക ഗുണങ്ങളുണ്ടായിരുന്നു. പുതിയ ഒരു വിശ്വാസിയായിരുന്നിട്ടുപോലും വാഗ്ദത്ത മസീഹ് (അ) യോടും ഖിലാഫത്തിനോടും അങ്ങേയറ്റത്തെ ഭക്തിയും സമർപ്പണവും അദ്ദേഹം കാണിച്ചു. തന്റെ മകന്റെ വേർപാടിൽ ജമാഅത്ത് കാണിച്ച സ്നേഹപ്രവാഹം കണ്ട് അദ്ദേഹത്തിന്റെ പിതാവും അഹ്മദിയ്യത്ത് സ്വീകരിച്ചു.
4) സിറാജുൽ ഹഖ് ഖുറേഷി റബ്‌വയിലെ ഡെപ്യൂട്ടി ഓഫീസർ ജൽസ സലാന (വാർഷിക സമ്മേളനം) ആയിരുന്നു. അദ്ദേഹം ജമാഅത്തിൻ്റെ വിവിധ വകുപ്പുകളിൽ സേവനമനുഷ്ഠിച്ചു. വിവിധ സ്കൂളുകളിൽ അധ്യാപകനായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വളരെ ഉത്തരവാദിത്തത്തോടെയാണ് അദ്ദേഹം പ്രവർത്തിച്ചത്. രണ്ടു പെൺമക്കളും രണ്ടു ആൺമക്കളുമാണ് അദ്ദേഹത്തിനുള്ളത്. അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കുകയും അദ്ദേഹത്തിന് മേൽ കരുണ ചൊരിയുകയും ചെയ്യട്ടെ.
5) നൈജീരിയയിൽ നിന്നുള്ള നവാൽ തയ്യബ് ലോക്കൽ മിഷണറിയായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു. ജൽസ സലാന യുകെ-യുടെ ടു-വേ സ്ട്രീമിംഗിൽ പങ്കെടുക്കുന്നതിനായി സാറ്റലൈറ്റ് ഡിഷ് ക്രമീകരിക്കുന്നതിനിടെ ഏണിയിൽ നിന്ന് വീണ് അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു. മാതാപിതാക്കളും ഭാര്യയും 11 മാസം പ്രായമുള്ള മകളും അടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം. തികച്ചും വിനീതനും സജീവമായി പ്രവർത്തിച്ചിരുന്ന ഒരു വ്യക്തിയുമായിരുന്നു അദ്ദേഹം. തന്റെ ചുമതലകൾ വളരെ മികച്ച രീതിയിലാണ് അദ്ദേഹം നിർവ്വഹിച്ചത്. മാതാപിതാക്കളുടെ ആവശ്യങ്ങൾ എപ്പോഴും കണ്ടറിഞ്ഞ് ചെയ്യുകയും അവരെ പരിപാലിക്കുകയും ചെയ്തിരുന്ന ഉത്തരവാദിത്തമുള്ള മകനായിരുന്നു അദ്ദേഹം. അദ്ദേഹം ഉപദേശിച്ച കാര്യങ്ങൾ സ്വന്തം ജീവിതത്തിൽ പ്രാവർത്തികമാക്കിയ വ്യക്തിയായിരുന്നു എന്നും എല്ലാവർക്കും അദ്ദേഹത്തെ ഇഷ്ടമായിരുന്നു എന്നും ഭാര്യ സാക്ഷ്യപ്പെടുത്തുന്നു. അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കുകയും അദ്ദേഹത്തിന് മേൽ കരുണ ചൊരിയുകയും ചെയ്യട്ടെ
6) കാനഡയിൽ താമസിച്ചിരുന്ന മാസ്റ്റർ ഗഫൂർ അഹമ്മദ്. നമസ്കാരം കൃത്യമായി നിർവ്വഹിച്ചിരുന്ന അദ്ദേഹം ഖിലാഫത്തിനോട് അത്യധികം ഭക്തിപുലർത്തുകയും നിരവധി സദ്ഗുണങ്ങൾക്ക് ഉടമയുമായിരുന്നു. ആവശ്യക്കാരെ അദ്ദേഹം രഹസ്യമായി സഹായിച്ചിരുന്നു. സാമ്പത്തിക സംഭാവനകൾ നൽകാറുള്ള അദ്ദേഹം അതിൽ കൃത്യനിഷ്ഠ പുലർത്തിയിരുന്നു. ഭാര്യയും മൂന്ന് പെൺമക്കളും അഞ്ച് ആൺമക്കളുമാണ് അദ്ദേഹത്തിനുള്ളത്. അദ്ദേഹത്തിന്റെ മക്കളിലൊരാളായ നയീം ഇഖ്ബാൽ ഫിജിയിൽ അമീറായും മിഷണറി ഇൻ-ചാർജായും സേവനമനുഷ്ഠിക്കുകയാണ്, സേവനരംഗത്തായതിനാൽ അദ്ദേഹത്തിന് പിതാവിന്റെ ജനാസ നമസ്കാരത്തിൽ (മരണാനന്തര നമസ്കാരത്തിൽ) പങ്കെടുക്കാൻ സാധിച്ചില്ല. അല്ലാഹു അദ്ദേഹത്തിന് പൊറുത്തു കൊടുക്കുകയും അദ്ദേഹത്തിന് മേൽ കരുണ ചൊരിയുകയും ചെയ്യട്ടെ.
0 Comments