അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള നേതാവും ഖലീഫത്തുല് മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്സാ മസ്റൂര് അഹ്മദ് (അയ്യദഹുല്ലാഹ്) 13 നവംബർ 2026ന് മസ്ജിദ് മുബാറക്ക് ഇസ്ലാമാബാദ് ടില്ഫോര്ഡില് വച്ച് നിര്വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്ത്തനം: എം. മുനവ്വർ അഹ്മദ് ശാഹിദ്
തശഹ്ഹുദ്, തഅവ്വുദ്, സൂറത്തുൽ ഫാത്തിഹ എന്നിവ പാരായണം ചെയ്ത ശേഷം, ഖലീഫ തിരുമനസ്സ് ഹദ്റത്ത് മിർസാ മസ്റൂർ അഹ്മദ് അരുൾ ചെയ്തു: നബി തിരുമേനി(സ) അനുവർത്തിച്ച ലളിതജീവിതവുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് കഴിഞ്ഞ ഖുതുബകളിൽ അവതരിപ്പിച്ചത്. നബി തിരുമേനി(സ)യുടെ യഥാർത്ഥ ദാസനായ വാഗ്ദത്ത മസീഹ്(അ) എങ്ങനെയാണ് ലളിതജീവിതം നയിച്ചതെന്നതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് ഇന്ന് അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.
വാഗ്ദത്ത മസീഹ്(അ) പറയുന്നു: ‘എന്റെ വിനയം, താഴ്മ, ദൈവത്തിലുള്ള ഭരമേൽപ്പിക്കൽ, ആത്മാർത്ഥത, ദൃഷ്ടാന്തങ്ങൾ, [സ്വർഗ്ഗീയ] പ്രകാശം എന്നിവയാൽ മുൻകാല ജീവിതത്തിലെ മസീഹിനോട് എനിക്ക് സാദൃശ്യമുണ്ടെന്നും, ഈ എളിയവന്റെ പ്രകൃതവും മസീഹിന്റെ പ്രകൃതവും തമ്മിൽ, ഒരേ രത്നത്തിന്റെ രണ്ട് കഷ്ണങ്ങൾ പോലെയോ ഒരേ വൃക്ഷത്തിന്റെ രണ്ട് ഫലങ്ങൾ പോലെയോ വലിയ സാദൃശ്യമുണ്ടെന്നും എനിക്ക് വെളിപാടുണ്ടായിട്ടുണ്ട്. ആത്മീയ നേത്രങ്ങൾക്ക് ഞങ്ങൾക്കിടയിൽ വേർതിരിച്ചറിയാൻ വളരെക്കുറച്ച് കാര്യങ്ങൾ മാത്രമേയുള്ളൂ എന്ന തരത്തിൽ ഞങ്ങൾ തമ്മിലുള്ള പൊരുത്തം അത്രമേൽ വലുതാണ്.
ബാഹ്യമായ ഒരു സാദൃശ്യവും നിലനിൽക്കുന്നുണ്ട്; അതായത് മസീഹ് ഉന്നത പദവിയുള്ള ഒരു സമ്പൂർണ്ണ പ്രവാചകന്റെ, അതായത് മൂസാ(അ) നബിയുടെ മതത്തിന്റെ അനുയായിയും ദാസനുമായിരുന്നു. അദ്ദേഹത്തിന്റെ സുവിശേഷം തൗറാത്തിന്റെ ഒരു ശാഖയുമാണ്. അതുപോലെ ഈ എളിയവനും സയ്യിദുർ-റുസുലും ദൂതന്മാരുടെ കിരീടവുമായ ആ മഹാനായ പ്രവാചകന്റെ ഏറ്റവും എളിയ ദാസന്മാരിൽ ഒരാളാണ്. അവർ ഹാമിദ് അഥവാ അല്ലാഹുവിനെ സ്തുതിക്കുന്നവൻ ആണെങ്കിൽ, അവിടുന്ന് അഹ്മദ് അഥവാ അല്ലാഹുവിനെ അത്യധികം സ്തുതിക്കുന്നവൻ ആണ്; അവർ മഹ്മൂദ് അഥവാ സ്തുതിക്കപ്പെടുന്നവൻ ആണെങ്കിൽ, അവിടുന്ന് മുഹമ്മദ് അഥവാ അത്യധികം സ്തുതിക്കപ്പെടുന്നവൻ ആണ്—അല്ലാഹുവിന്റെ സമാധാനവും അനുഗ്രഹങ്ങളും അവിടുത്തെ മേൽ വർഷിക്കുമാറാകട്ടെ.’ (ബറാഹീനെ അഹ്മദിയ്യ ഭാഗം 4, ഇംഗ്ലീഷ് പരിഭാഷ, പേജ് 374-375)
ദൈനംദിന കാര്യങ്ങളിലെ ലാളിത്യം
ഒരിക്കൽ വാഗ്ദത്ത മസീഹ്(അ) നടക്കാൻ പോയപ്പോൾ, യേശുക്രിസ്തുവിന്റെ(അ) മരണത്തെക്കുറിച്ചുള്ള ഒരു ചർച്ച ആരംഭിച്ചു. സംസാരം തുടർന്നുകൊണ്ടിരിക്കെ വാഗ്ദത്ത മസീഹ്(അ) ഒരു തോട്ടത്തിലെത്തുകയും അവിടെ ഇരിക്കുകയും ചെയ്തു. സംസാരത്തിനിടയിൽ, ഇപ്പോൾ ചില ക്രിസ്ത്യാനികൾ പോലും യേശുവിന്റെ(അ) മരണം അംഗീകരിക്കുന്നുണ്ടെന്നും അതിനാൽ ഈ ചർച്ച അവസാനിപ്പിക്കാമെന്നും ഒരാൾ വാഗ്ദത്ത മസീഹിനോട്(അ) പറഞ്ഞു. എന്നാൽ ഈ വിഷയം വീണ്ടും വീണ്ടും ഉയർന്നുവരുന്നുണ്ടെന്നും ഇനിയും ഇതിന് മറുപടി നൽകേണ്ടതുണ്ടെന്നും വാഗ്ദത്ത മസീഹ്(അ) മറുപടി നൽകി. വാഗ്ദത്ത മസീഹ്(അ) വളരെ വേഗത്തിലായിരുന്നു നടന്നിരുന്നത്. അദ്ദേഹത്തിന്റെ ഒപ്പമെത്താൻ അനുചരന്മാർ തിടുക്കത്തിൽ നടക്കുമ്പോൾ, ചിലപ്പോഴൊക്കെ അവരുടെ കാലുകൾ വാഗ്ദത്ത മസീഹിന്റെ(അ) ഊന്നുവടിയിൽ തട്ടാറുണ്ടായിരുന്നു. എങ്കിലും വാഗ്ദത്ത മസീഹ്(അ) അതിനെക്കുറിച്ച് യാതൊന്നും മിണ്ടാതെ നടത്തം തുടരുമായിരുന്നു.
വാഗ്ദത്ത മസീഹിന്റെ(അ) അനുഗൃഹീത പത്നി അദ്ദേഹത്തോടൊപ്പം നടക്കാൻ പോകുമ്പോൾ ചിലപ്പോഴൊക്കെ മറ്റ് സ്ത്രീകളും അവരോടൊപ്പം ചേരാറുണ്ടായിരുന്നു. വാഗ്ദത്ത മസീഹ്(അ) ഒരു പൂന്തോട്ടത്തിൽ ഇരിക്കുമ്പോൾ സ്ത്രീകളും അവിടെ പുൽത്തകിടിയിൽ ഇരിക്കുമായിരുന്നു. ഈ സമയത്ത് വാഗ്ദത്ത മസീഹ്(അ) അവർക്ക് വിവിധ ഉപദേശങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും നൽകുമായിരുന്നു. വളരെ ലളിതവും അനൗപചാരികവുമായ ഒരു ഒത്തുചേരലായിരുന്നു അത്.
ഒരു ദിവസം രാവിലെ വാഗ്ദത്ത മസീഹ്(അ) നടക്കാനിറങ്ങിയപ്പോൾ, കൂടെയുണ്ടായിരുന്ന ഒരു അനുചരൻ വിശുദ്ധ ഖുർആൻ വളരെ മനോഹരമായി പാരായണം ചെയ്യുന്ന ഒരു വ്യക്തിയായിരുന്നു. നടക്കുമ്പോൾ വിശുദ്ധ ഖുർആനിൽ നിന്ന് ഒരു ഭാഗം പാരായണം ചെയ്യാൻ വാഗ്ദത്ത മസീഹ്(അ) അദ്ദേഹത്തോട് ആവശ്യപ്പെട്ടു. അതീവ ലാളിത്യത്തോടെ, ഒരു വയലിന്റെ വരമ്പത്ത് ഇരുന്ന് വാഗ്ദത്ത മസീഹ്(അ) ആ പാരായണം ശ്രവിച്ചു. പാരായണം പൂർത്തിയായപ്പോൾ അവിടുന്ന് വീണ്ടും നടത്തം തുടർന്നു.
ലാളിത്യത്തിൽ നബി തിരുമേനി(സ)യുടെ മാതൃക പിന്തുടരൽ
നടക്കാൻ പോകുമ്പോൾ ആരെങ്കിലും തന്നെ മറികടന്ന് മുന്നിൽ നടക്കുന്നതിൽ വാഗ്ദത്ത മസീഹിന്(അ) യാതൊരു വിരോധവുമുണ്ടായിരുന്നില്ല. അവർ മുന്നിൽ നടക്കുമ്പോൾ പൊടിയും മണ്ണും തെറിച്ചാൽ പോലും അവിടുന്ന് അത് കാര്യമാക്കിയിരുന്നില്ല. അതുപോലെ, നടക്കുമ്പോൾ ആരെങ്കിലും അറിയാതെ വാഗ്ദത്ത മസീഹിന്റെ(അ) ശരീരത്തിൽ തട്ടിയാലും അവിടുന്ന് അത് ഗൗനിക്കുകയോ എന്തെങ്കിലും പറയുകയോ ചെയ്തിരുന്നില്ല. പള്ളിയിൽ എത്തുന്ന അപരിചിതരായ പല ആളുകളും പരിചയക്കുറവ് കാരണം ഹദ്റത്ത് ഹകീം മൗലവി നൂറുദ്ദീൻ(റ) ആണ് വാഗ്ദത്ത മസീഹ് എന്ന് തെറ്റിദ്ധരിക്കുകയും ആദ്യം അദ്ദേഹത്തെ പോയി കാണുകയും ചെയ്ത നിരവധി സന്ദർഭങ്ങളുണ്ടായിട്ടുണ്ട്; എങ്കിലും വാഗ്ദത്ത മസീഹ്(അ) അവരോട് ഒന്നും പറയുമായിരുന്നില്ല. തന്റെ യജമാനനായ നബി തിരുമേനി(സ)യുടെ മാതൃകയിൽ നിന്ന് വാഗ്ദത്ത മസീഹ്(അ) പഠിച്ച് പ്രാവർത്തികമാക്കിയ കാര്യമായിരുന്നു ഇത്.
യാതൊരുവിധ അലങ്കാരങ്ങളിലും ആഡംബരങ്ങളിലും വാഗ്ദത്ത മസീഹ്(അ) പങ്കുചേർന്നിരുന്നില്ല എന്നത് അവിടുത്തെ ജീവിതത്തിലെ പ്രധാന സവിശേഷതകളിലൊന്നായിരുന്നു. ഒരിക്കൽ ഗുരു ബാബ നാനക്കിന്റെ മേലങ്കി കാണുന്നതിനായി വാഗ്ദത്ത മസീഹ്(അ) ഡേരാ ബാബ നാനാക്കിലേക്ക് യാത്ര തിരിച്ചു. അവിടെ എത്തിയപ്പോൾ വാഗ്ദത്ത മസീഹ്(അ) തന്റെ അനുചരന്മാരോടൊപ്പം ഒരു മരച്ചുവട്ടിൽ ഇരുന്നു. തനിക്കായി പ്രത്യേക ഇരിപ്പിടമൊന്നും ഒരുക്കാതെ, മറ്റുള്ളവരെപ്പോലെ തന്നെ അനുചരന്മാർക്കിടയിലാണ് അവിടുന്ന് ഇരുന്നത്. നാട്ടുകാർ വാഗ്ദത്ത മസീഹിനെ(അ) കാണാൻ എത്തിയപ്പോൾ, മൗലവി മുഹമ്മദ് അഹ്സൻ(റ) ആണ് വാഗ്ദത്ത മസീഹ്(അ) എന്ന് തെറ്റിദ്ധരിച്ച് അദ്ദേഹത്തെ കാണാൻ തുടങ്ങി. അദ്ദേഹം വാഗ്ദത്ത മസീഹിലേക്ക്(അ) വിരൽചൂണ്ടി കാണിച്ചുകൊടുത്തപ്പോൾ മാത്രമാണ് തങ്ങൾക്ക് തെറ്റുപറ്റിയെന്ന് അവർക്ക് മനസ്സിലായത്. ഇപ്രകാരം, തനിക്കായി പ്രത്യേക ഇരിപ്പിടമൊന്നും വാഗ്ദത്ത മസീഹ്(അ) ആഗ്രഹിച്ചിരുന്നില്ല; മറിച്ച്, മറ്റുള്ളവരിൽ ഒരാളെന്നപോലെ അവർക്കിടയിൽ ഇരിക്കുകയായിരുന്നു അവിടുന്ന് ചെയ്തിരുന്നത്.
വാഗ്ദത്ത മസീഹിന്റെ(അ) ലാളിത്യത്തിന്റെ അഗാധമായ സ്വാധീനം
ഒരിക്കൽ വാഗ്ദത്ത മസീഹിന്റെ(അ) കരങ്ങളിൽ ബൈഅത്ത് ചെയ്യാനായി ഒരാൾ അവിടുത്തെ സന്നിധിയിലെത്തി. വാഗ്ദത്ത മസീഹ്(അ) അദ്ദേഹത്തെ അകത്തേക്ക് ക്ഷണിക്കുകയും കട്ടിലിന്റെ സുഖകരമായ ഭാഗത്ത് ഇരുത്തുകയും ചെയ്ത ശേഷം, കട്ടിലിന്റെ പ്രതലം മുറുക്കാനായി കയറുകൾ കെട്ടിയിരിക്കുന്ന ഏറ്റവും അറ്റത്തായി സ്വയം ഇരിക്കുകയും ചെയ്തു. താനൊരു സാധാരണ സന്ദർശകൻ മാത്രമായിട്ടും തനിക്ക് ഇരിക്കാൻ സുഖകരമായ സ്ഥലം നൽകുകയും, ഉന്നത പദവിയുണ്ടായിട്ടും വാഗ്ദത്ത മസീഹ്(അ) ഏറ്റവും അസൗകര്യമുള്ള അറ്റത്ത് ഇരിക്കുകയും ചെയ്തത് കണ്ട് ആ മനുഷ്യൻ അമ്പരന്നുപോയി.
അബ്ദുല്ല ആഥമുമായുള്ള സംവാദത്തിന്റെ നാളുകളിൽ, കേണൽ അൽതാഫ് അലി ഖാൻ വാഗ്ദത്ത മസീഹുമായി(അ) സ്വകാര്യമായി സംസാരിക്കാൻ ആഗ്രഹിക്കുകയും അതിനുള്ള സൗകര്യം ഒരുക്കുകയും ചെയ്തിരുന്നു. വാഗ്ദത്ത മസീഹ്(അ)മായുള്ള കൂടിക്കാഴ്ച കഴിഞ്ഞ് അദ്ദേഹം പുറത്തുവന്നപ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: അകത്ത് ഇരിക്കുമ്പോൾ വാഗ്ദത്ത മസീഹ്(അ) നിലത്താണ് ഇരുന്നിരുന്നത്, അവിടുത്തെ കാൽമുട്ട് മാത്രമാണ് പായയിൽ സ്പർശിച്ചിരുന്നത്. വെറും പായയിൽ ഇരിക്കാൻ കേണലിന് ബുദ്ധിമുട്ടുണ്ടായേക്കാം എന്ന് കരുതി വാഗ്ദത്ത മസീഹ്(അ) കേണലിന് കൂടുതൽ സൗകര്യപ്രദമായി ഇരിക്കുന്നതിനായി സ്വന്തം പുതപ്പ് ആ പായയ്ക്ക് മുകളിൽ വിരിച്ചു. താനൊരു ക്രിസ്ത്യാനിയാണെങ്കിലും വാഗ്ദത്ത മസീഹിന്റെ(അ) പായയിൽ ഇരിക്കുന്നതിൽ തനിക്ക് യാതൊരു മടിയുമില്ലെന്ന് പറഞ്ഞുകൊണ്ട് കേണൽ ആ പുതപ്പ് നീക്കി അവിടെ ഇരുന്നു. തുടർന്ന് തന്റെ പ്രയാസങ്ങളെക്കുറിച്ച്, പ്രത്യേകിച്ച് താൻ അമിതമായി മദ്യപിക്കുന്നതിനെക്കുറിച്ചും, ഇസ്ലാം സ്വീകരിക്കാൻ ആഗ്രഹമുണ്ടെങ്കിലും തന്റെ ദുശ്ശീലങ്ങൾ ഉപേക്ഷിക്കാനുള്ള പ്രയാസത്തെക്കുറിച്ചുള്ള ആശങ്കയും അദ്ദേഹം വാഗ്ദത്ത മസീഹുമായി(അ) പങ്കുവെച്ചു. ദൈവത്തോട് നിരന്തരം പാപമോചനം തേടാനും അഞ്ച് നേരത്തെ നമസ്കാരം കൃത്യമായി നിർവ്വഹിക്കാനും വാഗ്ദത്ത മസീഹ്(അ) അദ്ദേഹത്തെ ഉപദേശിച്ചു.
ഒരിക്കൽ ഹദ്റത്ത് മുഫ്തി മുഹമ്മദ് സാദിഖ്(റ), ഹദ്റത്ത് ഹകീം മൗലവി നൂറുദ്ദീൻ(റ)ന്റെ ക്ലിനിക്കിൽ അദ്ദേഹത്തോടൊപ്പം ഇരിക്കുകയായിരുന്നു. ആ സമയത്ത് വാഗ്ദത്ത മസീഹ്(അ) കയ്യിൽ കുറച്ച് പുസ്തകങ്ങളുമായി ഒറ്റക്ക് ആ ക്ലിനിക്കിലേക്ക് നടന്നു വന്നു. അവിടുന്ന് അവർ രണ്ട് പേരുടെയും അരികിലായി ഇരുന്നു. ഉചിതമെന്ന് തോന്നുന്നവർക്ക് വിതരണം ചെയ്യുന്നതിനായി തന്റെ ‘സുർമ ചഷ്മ ആര്യ’ എന്ന പുസ്തകത്തിന്റെ കുറച്ച് അധിക കോപ്പികൾ കൊണ്ടുവന്നിട്ടുണ്ടെന്ന് വാഗ്ദത്ത മസീഹ്(അ) പറഞ്ഞു. ഹദ്റത്ത് മുഫ്തി മുഹമ്മദ് സാദിഖ്(റ) ഒരു കോപ്പി ആവശ്യപ്പെട്ടപ്പോൾ വാഗ്ദത്ത മസീഹ്(അ) ഉടൻ തന്നെ അദ്ദേഹത്തിന് ഒരെണ്ണം നൽകി.
മൃഗങ്ങളെ മനുഷ്യരാക്കാനാണ് വാഗ്ദത്ത മസീഹ്(അ) നിയോഗിതരായത്
തനിക്ക് യാതൊരുവിധ പ്രത്യേക പരിഗണനയോ പ്രോട്ടോക്കോളോ നൽകുന്നത് വാഗ്ദത്ത മസീഹ്(അ) ഇഷ്ടപ്പെട്ടിരുന്നില്ല. പ്രമുഖ നേതാക്കൾ എവിടെയെങ്കിലും സന്ദർശിക്കുമ്പോൾ, അവരോടുള്ള ആദരസൂചകമായി നഗരത്തിലെത്തിക്കഴിഞ്ഞാൽ അവരുടെ കുതിരവണ്ടി കുതിരകൾക്ക് പകരം പ്രാദേശിക യുവാക്കൾ വലിച്ചുകൊണ്ടുപോകുന്ന ഒരു പതിവുണ്ടായിരുന്നു. വാഗ്ദത്ത മസീഹ്(അ) ഏതൊരു ലൗകിക നേതാവിനേക്കാളും എത്രയോ ഉന്നത പദവിയിലുള്ള ആളായിരുന്നു. ഒരിക്കൽ വാഗ്ദത്ത മസീഹ്(അ) ലാഹോർ സന്ദർശിച്ചപ്പോൾ, അദ്ദേഹത്തോടും ഇതേ രീതിയിലുള്ള ആദരവ് കാണിക്കാനും അദ്ദേഹത്തിന്റെ വണ്ടി വലിക്കാനും ചില യുവാക്കൾ തീരുമാനിച്ചു. എന്നാൽ വാഗ്ദത്ത മസീഹ്(അ) ഇത് കണ്ടപ്പോൾ, കുതിരകളെ തിരികെ കൊണ്ടുവരാൻ നിർദ്ദേശിക്കുകയും ഇപ്രകാരം അരുൾ ചെയ്യുകയും ചെയ്തു: “മനുഷ്യരെ മൃഗങ്ങളാക്കാനല്ല ഞാൻ വന്നിട്ടുള്ളത്, മറിച്ച് മൃഗങ്ങളെ മനുഷ്യരാക്കാനാണ് ഞാൻ വന്നിട്ടുള്ളത്.”
സമാനമായ സംഭവങ്ങൾ തുടർന്നും അവതരിപ്പിക്കുന്നതാണെന്ന് ഖലീഫ തിരുമനസ്സ് അരുൾ ചെയ്തു.
ജനാസ നമസ്കാരങ്ങൾ
ഖലീഫാ തിരുമനസ്സ് ജമാഅത്തിലെ ചില സഹോദരങ്ങൾ നിര്യാതരായ വിവരം അറിയിക്കുകയും അവരുടെ ദീനീ സേവനങ്ങളെ അനുസ്മരിക്കുകയും ചെയ്തു. അവരുടെ ജനാസ ഗായിബ് നമസ്കാരത്തിന് താൻ നേതൃത്വം നൽകുമെന്നും ഖലീഫ തിരുമനസ്സ് അരുൾ ചെയ്തു:
1. അൽ-ഹാജ് ശൈഖ് യൂസുഫ് ഉസ്മാൻ കംബുലായ: ടാൻസാനിയയിലെ ഒരു മിഷണറി ആയിരുന്നു അദ്ദേഹം. ഏഴ് മക്കളും നിരവധി പേരക്കുട്ടികളുമുണ്ട്. ടാൻസാനിയയിലെ ആദ്യകാല അഹ്മദിയകളിൽ ഒരാളായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ദീനി സേവനത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയായിരുന്നു അൽ-ഹാജ് ശൈഖ് യൂസുഫ് ഉസ്മാൻ കംബുലായ. അനാരോഗ്യവും വാർദ്ധക്യവും വകവയ്ക്കാതെ അവസാന ശ്വാസം വരെ അദ്ദേഹം ആത്മാർത്ഥമായി ദീനിനെ സേവിച്ചു. അദ്ദേഹം സ്നേഹസമ്പന്നനായ ഒരു പിതാവായിരുന്നുവെന്നും, മക്കളെ നല്ല രീതിയിൽ വളർത്തിയെന്നും, അവരെല്ലാം ഇപ്പോൾ ജമാഅത്തിന്റെ വിവിധ മേഖലകളിൽ സേവനമനുഷ്ഠിക്കുന്നുണ്ടെന്നും അദ്ദേഹത്തിന്റെ കുടുംബം പറയുന്നു. നിരവധി ഉത്തമ സ്വഭാവഗുണങ്ങൾക്ക് ഉടമയായിരുന്നു അദ്ദേഹം. അല്ലാഹുവിനെയും നബി തിരുമേനി(സ)യെയും വാഗ്ദത്ത മസീഹി(അ)നെയും ഖിലാഫത്ത് സംവിധാനത്തെയും അദ്ദേഹം അങ്ങേയറ്റം സ്നേഹിച്ചു. ‘എല്ലാവരോടും സ്നേഹം, ആരോടുമില്ല വെറുപ്പ് ’ എന്ന ആപ്തവാക്യത്തിന്റെ പ്രായോഗിക ഉദാഹരണമായിരുന്നു അദ്ദേഹം. ഒരിക്കൽ ഈദ് വേളയിൽ അദ്ദേഹത്തിന്റെ അലവൻസ് ലഭിക്കാൻ വൈകുകയും അദ്ദേഹം അല്പം പ്രയാസത്തിലാവുകയും ചെയ്തു. എന്നാൽ ഈദിന് തൊട്ടുമുമ്പ്, ഒരാൾ അദ്ദേഹത്തിന് പണം സമ്മാനമായി നൽകുകയും അത് അദ്ദേഹത്തിന്റെ എല്ലാ ചെലവുകളും നികത്തുകയും ചെയ്തു. ദൈവത്തിലുള്ള വിശ്വാസത്തിന്റെയും ഭരമേൽപ്പിക്കലിന്റെയും ഫലമാണിതെന്നും, ദൈവം തന്റെ യഥാർത്ഥ ദാസന്മാരെ ഒരിക്കലും കൈവിടില്ലെന്നും അദ്ദേഹം വിശ്വസിച്ചു. എല്ലാ വഖ്ഫെ സിന്ദഗിമാർക്കും ഇതൊരു മാതൃകയാണെന്ന് ഖലീഫ തിരുമനസ്സ് അരുൾ ചെയ്തു. വിയോഗത്തിന് രണ്ട് വർഷം മുമ്പ് അദ്ദേഹം ഗുരുതരമായ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. ആ അവസ്ഥയിലും വാഗ്ദത്ത മസീഹിന്റെ(അ) ഒരു പുസ്തകം വിവർത്തനം ചെയ്യുന്ന ജോലി അദ്ദേഹം തുടർന്നു. വിശ്രമിക്കാൻ ഡോക്ടർമാർ ഉപദേശിച്ചെങ്കിലും, ഖലീഫ തന്നെ ഏൽപ്പിച്ച ഈ ദൗത്യം പൂർത്തിയാക്കാൻ വേണ്ടിയാണ് തനിക്ക് കൂടുതൽ ആയുസ്സ് നൽകപ്പെട്ടിരിക്കുന്നതെന്ന് വിശ്വസിക്കുന്നതിനാൽ ജോലി തുടരണമെന്ന് അദ്ദേഹം പറഞ്ഞു.
അൽ-ഹാജ് ശൈഖ് യൂസുഫ് ഉസ്മാൻ കംബുലായയുടെ മകൻ റോമൻ കത്തോലിക്കാ സഭയുടെ ഉടമസ്ഥതയിലുള്ള ഒരു കെട്ടിടത്തിൽ സ്ഥലം വാടകയ്ക്കെടുത്ത് ബിസിനസ്സ് നടത്തിയിരുന്നു. ഒരു തർക്കത്തെ തുടർന്ന്, കെട്ടിടത്തിന്റെ ചുമതലയുള്ള ബിഷപ്പ് ആ ബിസിനസ്സ് അവിടെ നിന്ന് ഒഴിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ, ഈ കമ്പനിക്കെതിരെ നടപടിയെടുക്കരുതെന്ന് ഉപദേശിക്കുന്ന സ്വപ്നങ്ങൾ അദ്ദേഹം നിരന്തരം കാണുകയുണ്ടായി. അതിനാൽ കമ്പനിയെ ഒഴിപ്പിക്കുന്നതിന് പകരം അദ്ദേഹം ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ അന്വേഷിക്കാൻ പോയപ്പോൾ, ആ കമ്പനിയുടെ ഉടമയുടെ പിതാവ് അൽ-ഹാജ് ശൈഖ് യൂസുഫ് ഉസ്മാൻ കംബുലായ ആണെന്ന് മനസ്സിലായി. അദ്ദേഹം മാന്യനും ദൈവഭക്തനുമായ ഒരു വ്യക്തിയായതുകൊണ്ടാണ് തനിക്ക് ഇത്തരം സ്വപ്നങ്ങൾ ഉണ്ടായതെന്ന് ബിഷപ്പ് തിരിച്ചറിഞ്ഞു. അല്ലാഹു അദ്ദേഹത്തിന്റെ പദവികൾ ഉയർത്തട്ടെ എന്നും കഠിനാധ്വാനികളും അർപ്പണബോധമുള്ളവരുമായ ഇത്തരം ദാസന്മാരെ ജമാഅത്തിന് തുടർന്നും നൽകട്ടെ.
2. അമത്തുൽ ഷാഫി: ക്യാപ്റ്റൻ മഹ്മൂദ് അഹ്മദ് ഖാന്റെ ഭാര്യയും, ഹദ്റത്ത് മിർസാ ശരീഫ് അഹ്മദ്(റ), ഹദ്റത്ത് നവാബ് അമതുൽ ഹഫീസ്(റ) എന്നിവരുടെ പൗത്രിയും, സാഹിബ്സാദ കേണൽ മിർസാ ദാവൂദ് അഹ്മദ്, സക്കിയ ബീഗം എന്നിവരുടെ മകളുമാണ്. കറാച്ചിയിൽ പ്രാദേശിക തലത്തിൽ വിവിധ പദവികളിൽ അവർ സേവനമനുഷ്ഠിച്ചു. മൂന്നാം ഖലീഫ(റഹ്) ആയിരുന്നു അവരുടെ നിക്കാഹ് വിളംബരപ്പെടുത്തിയത്; ആ നിക്കാഹ് വേളയിൽ അവിടുന്ന് ധാരാളം ഉപദേശങ്ങൾ നൽകുകയുണ്ടായി. ബന്ധുക്കളെ വളരെയധികം സ്നേഹിക്കുകയും ഭർത്താവിന്റെ മാതാപിതാക്കളെ നന്നായി പരിചരിക്കുകയും ചെയ്തിരുന്ന വ്യക്തിയായിരുന്നു അവർ. തന്റെ ഭർത്തൃ മാതാവിനെ സേവിച്ചതിലൂടെയും അവർ സ്വർഗ്ഗം നേടിയെന്ന് നാലാം ഖലീഫ(റഹ്) അരുൾ ചെയ്തിട്ടുണ്ട്. അവർ നിസ്വാർത്ഥമായി മറ്റുള്ളവരെ സഹായിച്ചു. അവരുടെ ഒരു പേരക്കുട്ടി മുബല്ലിഗാണ്(മിഷണറിയാണ്) – ആത്മാർത്ഥതയോടെ തന്റെ സേവന ചുമതലകൾ നിർവ്വഹിക്കാൻ അല്ലാഹു അദ്ദേഹത്തെ പ്രാപ്തനാക്കട്ടെ. പരേതയ്ക്ക് അല്ലാഹു പാപമോചനവും കാരുണ്യവും നൽകട്ടെ.
3.അബ്ദുൽ റഫീഖ് ജിദ്രാൻ (യു.എസ്.എ): അദ്ദേഹത്തിന് ഒരു മകനും നാല് പെൺമക്കളും എട്ട് പേരക്കുട്ടികളുമുണ്ട്. അദ്ദേഹത്തിന്റെ പിതാവും മൂത്ത പിതൃസഹോദരനും 1999-ൽ പാകിസ്ഥാനിൽ രക്തസാക്ഷികളായി. നുസ്റത്ത് ജഹാൻ പദ്ധതിക്ക് കീഴിൽ ജീവിതം ഉഴിഞ്ഞുവെച്ച് അദ്ദേഹം ഘാനയിൽ സേവനമനുഷ്ഠിച്ചു. ഖലീഫ തിരുമനസ്സ് ഘാനയിൽ സേവനമനുഷ്ഠിച്ചിരുന്ന അതേ സമയത്താണ് അദ്ദേഹവും അവിടെ സേവനം ചെയ്തിരുന്നത്. അദ്ദേഹം വളരെ വിശ്വസ്തനും കഠിനാധ്വാനിയും ആത്മാർത്ഥതയുള്ളവനുമായിരുന്നുവെന്ന് നിരീക്ഷിച്ചിട്ടുള്ളതായി ഖലീഫ തിരുമനസ്സ് അനുസ്മരിച്ചു. അദ്ദേഹം വളരെ നല്ലൊരു സുഹൃത്തായിരുന്നു. അല്ലാഹു അദ്ദേഹത്തിന് പാപമോചനം നൽകട്ടെ, അദ്ദേഹത്തിന്റെ പദവികൾ ഉയർത്തട്ടെ, അദ്ദേഹത്തിന്റെ സൽഗുണങ്ങളുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ മക്കൾക്ക് തൗഫീഖ് നൽകട്ടെ.
4. സലീമ തബസ്സും: സിന്ധിലെ മീർപൂർഖാസിൽ നിന്നുള്ള പരേതനായ മിർസാ അബ്ദുൽ ഹമീദിന്റെ ഭാര്യയാണ്. രണ്ട് ആൺമക്കളും രണ്ട് പെൺമക്കളും നിരവധി പേരക്കുട്ടികളുമുണ്ട്. അവരുടെ ഒരു മകൻ സ്പെയിനിൽ മുബല്ലിഗായി സേവനമനുഷ്ഠിക്കുകയാണ്; സേവനരംഗത്തായതിനാൽ മാതാവിന്റെ ജനാസ നമസ്കാരത്തിൽ പങ്കെടുക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. അല്ലാഹുവുമായി അവർക്ക് പ്രത്യേകമായൊരു ബന്ധമുണ്ടായിരുന്നു. ജമാഅത്ത് സേവനങ്ങളിൽ അവർ മുൻപന്തിയിലായിരുന്നു. അല്ലാഹു അവർക്ക് പാപമോചനം നൽകട്ടെ, പദവികൾ ഉയർത്തട്ടെ, അവരുടെ സൽഗുണങ്ങളുടെ പാരമ്പര്യം നിലനിർത്താൻ മക്കളെ പ്രാപ്തരാക്കട്ടെ.
0 Comments