വാഗ്ദത്ത മസീഹ് (അ)-ന്റെ ഉന്നത നിലവാരത്തിലുള്ള സത്യസന്ധത

അല്ലാഹുവിനെ പ്രീതിപ്പെടുത്താനായി സത്യത്തിൽ ഉറച്ചുനിൽക്കുന്നത് വഴി താൻ ശിക്ഷിക്കപ്പെട്ടാലും തനിക്ക് പരാതിയില്ലെന്നും വാഗ്ദത്ത മസീഹ് (അ) പറഞ്ഞു.

വാഗ്ദത്ത മസീഹ് (അ)-ന്റെ ഉന്നത നിലവാരത്തിലുള്ള സത്യസന്ധത

അല്ലാഹുവിനെ പ്രീതിപ്പെടുത്താനായി സത്യത്തിൽ ഉറച്ചുനിൽക്കുന്നത് വഴി താൻ ശിക്ഷിക്കപ്പെട്ടാലും തനിക്ക് പരാതിയില്ലെന്നും വാഗ്ദത്ത മസീഹ് (അ) പറഞ്ഞു.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 8 മെയ് 2026ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: സി. ജി. നസീര്‍ അഹ്‍മദ് ശാഹിദ്

തശഹ്ഹുദ്, തഅവ്വുദ്, സൂറഃ ഫാത്തിഹ എന്നിവ പാരായണം ചെയ്ത  ശേഷം, വാഗ്ദത്ത മസീഹ് ഹദ്‌റത്ത് മിർസാ ഗുലാം അഹ്‌മദ് (അ)-ൻറെ സത്യസന്ധതയുടെ ഉന്നതമായ മാതൃകകൾ വെളിപ്പെടുത്തുന്ന അദ്ദേഹത്തിൻറെ ജീവിതത്തിലെ സംഭവങ്ങൾ വിവരിക്കുന്നത് തുടരുകയാണെന്ന് ഹദ്‌റത്ത് മിർസാ മസ്‌റൂർ അഹ്‌മദ് (അ) പ്രസ്താവിച്ചു.

വാഗ്ദത്ത മസീഹ് (അ)-നെതിരെയുള്ള കോടതി കേസും അദ്ദേഹത്തിൻറെ സത്യസന്ധതയും

ഒരിക്കൽ ഡോ. ഹെൻറി മാർട്ടിൻ ക്ലർക്ക് എന്ന വ്യക്തി വാഗ്ദത്ത മസീഹ് (അ)-നെതിരെ വധശ്രമക്കുറ്റം ചുമത്തിയതായി ഹുസൂർ അൻവർ (അയ്യദഹുല്ലാഹു) പറഞ്ഞു. തനിക്ക് വധശിക്ഷ വരെ ലഭിക്കാവുന്ന അങ്ങേയറ്റം അപകടകരമായ ഒരു കേസായിരുന്നു ഇതെന്ന് വാഗ്ദത്ത മസീഹ് (അ) പ്രസ്താവിച്ചിട്ടുണ്ട്. വാഗ്ദത്ത മസീഹ് (അ) പറഞ്ഞു:

” പരമസാത്വികനും  ദൈവനിയുക്തനുമായ ഈസാനബി (അ)നെ യഹൂദന്മാരെ ഭയന്ന് അന്ന് ജയിലിലടച്ചിരുന്നു. സമാനമായ ഒരു കേസ് എനിക്കെതിരെയും ഫയൽ ചെയ്യപ്പെട്ടു. വ്യത്യാസം ഇതാണ്: ഈസാനബി (അ)നെതിരെയുള്ള കേസ് യഹൂദന്മാരാണ് കൊണ്ടുവന്നതെങ്കിൽ, എൻറെ കാര്യത്തിൽ ഒരു ക്രിസ്ത്യൻ പുരോഹിതനും ഡോക്ടറുമായ ഡോ. മാർട്ടിൻ ക്ലർക്കാണ് എന്നെ വധശ്രമത്തിന് പ്രതിയാക്കിയത്.

അദ്ദേഹം ഹാജരാക്കിയ തെളിവുകൾ വളരെ പഴുതടച്ചതായിരുന്നു. ഈ ജമാഅത്തിൻറെ കടുത്ത ശത്രുവായിരുന്ന മൗലവി അബു സഈദ് മുഹമ്മദ് ഹുസൈൻ ബട്ടാൽവി പോലും സാക്ഷിയായി ഹാജരാകുകയും എനിക്കെതിരെ കേസ് തെളിയിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്തു. ഗുർദാസ്പൂർ ഡെപ്യൂട്ടി കമ്മീഷണർ ക്യാപ്റ്റൻ ഡഗ്ലസ് ആണ് കേസ് പരിഗണിച്ചത്. കേസ് പൂർണ്ണമായി കേൾക്കുകയും എനിക്കെതിരെയുള്ള എല്ലാ സാക്ഷികളെയും വലിയ ആരവങ്ങളോടെ ഹാജരാക്കുകയും ചെയ്തു. ആ സാഹചര്യത്തിൽ, ഏറ്റവും മികച്ച വക്കീലിന് പോലും ഞാൻ കുറ്റവിമുക്തനാക്കപ്പെടുമെന്ന് പറയാൻ കഴിയില്ലായിരുന്നു. അന്നത്തെ അവസ്ഥ അനുസരിച്ച് ഞാൻ ആജീവനാന്തം നാടുകടത്തപ്പെടുകയോ വധശിക്ഷയ്ക്കോ വിധിക്കപ്പെടുകയോ ചെയ്യുമായിരുന്നു. എന്നാൽ അല്ലാഹു കേസിനെക്കുറിച്ച് എനിക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകിയത് പോലെ തന്നെ, ഞാൻ കുറ്റവിമുക്തനാക്കപ്പെടുമെന്നും അവൻ എനിക്ക് വെളിപ്പെടുത്തിത്തന്നു. എൻറെ ജമാഅത്തിലെ വലിയൊരു വിഭാഗം ആളുകൾക്ക് ഈ വെളിപാടിനെക്കുറിച്ച് അറിയാമായിരുന്നു.

മജിസ്‌ട്രേറ്റ് കേസ് സെഷൻസ് കോടതിക്ക് വിടുമെന്ന് ശത്രുക്കൾ വിശ്വസിച്ചിരുന്ന ഘട്ടത്തിൽ, ക്യാപ്റ്റൻ ഡഗ്ലസ് പോലീസ് സൂപ്രണ്ടിനോട് പറഞ്ഞത് ഈ കേസ് കെട്ടിച്ചമച്ചതാണെന്ന് തനിക്ക് തോന്നുന്നു എന്നാണ്. പ്രതി ഡോ. ക്ലർക്കിനെ കൊല്ലാൻ ഒരാളെ അയച്ചു എന്ന് വിശ്വസിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. കേസ് നേരിട്ട് അന്വേഷിക്കാൻ അദ്ദേഹം സൂപ്രണ്ടിനോട് ആവശ്യപ്പെട്ടു. ഈ സമയത്ത് എൻറെ ശത്രുക്കൾ എനിക്കെതിരെ ഗൂഢാലോചന നടത്തുക മാത്രമല്ല, തങ്ങളുടെ പ്രാർത്ഥനകൾ സ്വീകരിക്കപ്പെടുന്നു എന്ന് അവകാശപ്പെടുന്നവർ എന്നെ ശിക്ഷിക്കാനായി ദൈവത്തോട് കണ്ണീരോടെ അപേക്ഷിക്കുകയുമായിരുന്നു. എന്നാൽ ദൈവത്തോട് ആർക്ക് പോരാടാനാകും? ചില ആളുകൾ ക്യാപ്റ്റൻ ഡഗ്ലസിനെ സമീപിച്ച് അദ്ദേഹത്തെ സ്വാധീനിക്കാൻ ശ്രമിച്ചതായും എനിക്കറിയാം. എന്നാൽ നീതിമാനും നിഷ്പക്ഷനുമായ അദ്ദേഹം അത്തരം അനീതിയുടെ ഭാഗമാകാൻ കഴിയില്ലെന്ന് അവരോട് പറഞ്ഞു. ചുരുക്കത്തിൽ, പുനരന്വേഷണത്തിനായി കേസ് ക്യാപ്റ്റൻ ലെ മാർച്ചന്ദിനെ ഏല്പിച്ചപ്പോൾ, അദ്ദേഹം അബ്ദുൽ ഹമീദിനെ വിളിച്ചു വരുത്തി സത്യം പറയാൻ ആവശ്യപ്പെട്ടു. അബ്ദുൽ ഹമീദ് ആദ്യം ഡെപ്യൂട്ടി കമ്മീഷണറോട് പറഞ്ഞ അതേ കഥ തന്നെ ആവർത്തിച്ചു. കാരണം, തൻറെ മൊഴിയിൽ നിന്ന് അല്പം മാറിയാൽ പോലും വിചാരണ നേരിടേണ്ടി വരുമെന്ന് അയാൾക്ക് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ക്യാപ്റ്റൻ ലെ മാർച്ചന്ദ് വീണ്ടും സത്യം പറയാൻ ആവശ്യപ്പെട്ടപ്പോൾ അയാൾ കരയാൻ തുടങ്ങുകയും ക്യാപ്റ്റൻറെ  കാൽക്കൽ വീണ് സംരക്ഷണം ചോദിക്കുകയും ചെയ്തു. ക്യാപ്റ്റൻ അദ്ദേഹത്തിന് സംരക്ഷണം ഉറപ്പുനൽകി.

അതോടെ അയാൾ സത്യം വെളിപ്പെടുത്തി. താൻ നേരത്തെ മൊഴി നൽകിയത് സമ്മർദ്ദത്തിന് വഴങ്ങിയാണെന്നും മിർസാ സാഹിബ്  തന്നെ ആരെയും കൊല്ലാൻ അയച്ചിട്ടില്ലെന്നും അയാൾ സമ്മതിച്ചു.

ഇതുകേട്ട് സന്തോഷവാനായ ക്യാപ്റ്റൻ, താൻ കേസ് തെളിയിച്ചതായി ഡെപ്പ്യൂ ട്ടി കമ്മീഷണർക്ക് ടെലിഗ്രാം അയച്ചു. കേസ് വീണ്ടും ഗുർദാസ്പൂരിൽ പരിഗണനയ്ക്ക് വന്നു. സത്യം പുറത്തുവന്നതിൽ ഡെപ്യൂട്ടി കമ്മീഷണർക്ക് വലിയ സന്തോഷമുണ്ടായിരുന്നു. എന്നാൽ എനിക്കെതിരെ കള്ളസാക്ഷി പറഞ്ഞ ക്രിസ്ത്യാനികളോട് അദ്ദേഹം കോപാകുലനായി. എനിക്ക് വേണമെങ്കിൽ അവർക്കെതിരെ കേസ് ഫയൽ ചെയ്യാമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. എന്നാൽ എനിക്ക് നിയമനടപടികളോട് താല്പര്യമില്ലാത്തതിനാൽ, എന്റെ കേസ് അല്ലാഹുവിന്റെ കോടതിയിൽ ഫയൽ ചെയ്തിട്ടുണ്ടെന്നും അതിനാൽ മറ്റൊരു കേസിന് താല്പര്യമില്ലെന്നും ഞാൻ പറഞ്ഞു. ഉടൻ തന്നെ ക്യാപ്റ്റൻ ഡഗ്ലസ് വിധിന്യായം എഴുതുകയും അവിടെ കൂടിയിരുന്ന ജനങ്ങൾക്ക് മുന്നിൽ അത് വായിച്ചു കേൾപ്പിക്കുകയും ചെയ്തു. അദ്ദേഹം എന്നെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു, ‘അഭിനന്ദനങ്ങൾ, നിങ്ങൾ കുറ്റവിമുക്തനായിരിക്കുന്നു.’

ആ സമയത്ത് ലോകം മുഴുവൻ എനിക്കെതിരെ അണിനിരന്നതായി തോന്നി. ആളുകൾ നിങ്ങളെ ഉപദ്രവിക്കാൻ തീരുമാനിക്കുമ്പോൾ ലോകം മുഴുവൻ നിങ്ങൾക്കെതിരെ തിരിയുന്നത് സാധാരണമാണ്; എന്നാൽ അല്ലാഹു മാത്രമാണ് തൻറെ യഥാർഥ ദാസന്മാരുടെ രക്ഷയ്ക്കായി എത്തുന്നത്.” (ലക്ചർ ലുധിയാന, പേജ് 28-31)

അദ്ദേഹത്തിൻറെ സത്യസന്ധതയിൽ അമ്പരന്ന അഭിഭാഷകർ

ഈ കേസിൽ വാഗ്ദത്ത മസീഹ് (അ)-ന് വേണ്ടി ഹാജരായ ഒരു അഭിഭാഷകൻറെ അനുഭവങ്ങൾ ഹുസൂർ തിരുമനസ്സ് വിവരിച്ചു. താൻ ഒട്ടേറെ കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ടെന്നും ഭക്തരായ ആളുകൾ പോലും വക്കീലിൻറെ ഉപദേശപ്രകാരം മൊഴികൾ മാറ്റുന്നത് കണ്ടിട്ടുണ്ടെന്നും ആ അഭിഭാഷകൻ പറഞ്ഞു. എന്നാൽ, ജീവിതത്തിൽ സത്യത്തിൽ മാത്രം ഉറച്ചുനിൽക്കുന്ന ഒരു വ്യക്തിയെ മാത്രമേ താൻ കണ്ടിട്ടുള്ളൂ എന്നും അത് വാഗ്ദത്ത മസീഹ് ഹദ്‌റത്ത് മിർസാ ഗുലാം അഹ്‌മദ് (അ) ആണെന്നും അദ്ദേഹം പറഞ്ഞു. കേസ് ജയിക്കാനായി ചില കള്ളങ്ങൾ ഉൾപ്പെടുത്തിയ ഒരു മറുപടി നൽകാൻ താൻ അദ്ദേഹത്തെ ഉപദേശിച്ചുവെന്ന് അഭിഭാഷകൻ പറഞ്ഞു. പ്രതിക്ക് എന്ത് പ്രസ്താവനയും നൽകാമെന്നും അത് നിയമപരമായി ബാധകമല്ലെന്നും വക്കീൽ പറഞ്ഞു. എന്നാൽ വാഗ്ദത്ത മസീഹ് (അ) മറുപടി നൽകിയത് ഇപ്രകാരമാണ്: “കോടതികൾ ഇത് അനുവദിച്ചേക്കാം; എന്നാൽ അല്ലാഹുവിൻറെ കോടതി കള്ളം പറയാൻ അനുവദിക്കുന്നില്ല.” താൻ ഒരിഞ്ചു പോലും സത്യത്തിൽ നിന്ന് മാറില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. ഇത് അദ്ദേഹത്തെ കുഴപ്പത്തിലാക്കിയേക്കാം എന്ന് വക്കീൽ മുന്നറിയിപ്പ് നൽകി.

കള്ളം പറഞ്ഞ് തൻറെ ദൈവത്തെ അപ്രിയനാക്കുന്നതാണ് യഥാർത്ഥ കുഴപ്പമെന്ന് വാഗ്ദത്ത മസീഹ് (അ) മറുപടി നൽകി. അങ്ങേയറ്റത്തെ വികാരവായ്പ്പോടെയാണ് അദ്ദേഹം ഇത് പറഞ്ഞതെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. തൻറെ നിയമോപദേശം സ്വീകരിച്ചില്ലെങ്കിൽ അത് അദ്ദേഹത്തിന് ഗുണകരമാകില്ലെന്ന് വക്കീൽ പറഞ്ഞു. എന്നാൽ താൻ ഒരിക്കലും നിയമോപദേശത്തെ ആശ്രയിച്ചിട്ടില്ലെന്നും തന്റെ ആശ്രയം അല്ലാഹുവിൽ മാത്രമാണെന്നും അദ്ദേഹം മറുപടി നൽകി. വക്കീൽ സത്യസന്ധനായ വ്യക്തിയായതുകൊണ്ടാണ് ഒരു ഉപാധി എന്ന നിലയിൽ അദ്ദേഹത്തെ നിയമിച്ചതെന്ന് വാഗ്ദത്ത മസീഹ് (അ) പറഞ്ഞു. അല്ലാഹുവിനെ പ്രീതിപ്പെടുത്താനായി സത്യത്തിൽ ഉറച്ചുനിൽക്കുന്നത് വഴി താൻ ശിക്ഷിക്കപ്പെട്ടാലും തനിക്ക് പരാതിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സത്യസന്ധതയുടെ ഫലമായാണ് ഒടുവിൽ അദ്ദേഹം കള്ളക്കേസിൽ നിന്ന് കുറ്റവിമുക്തനായത്.

അബ്ദുൽ ഹമീദ് എന്ന വ്യക്തിയെ താൻ അയച്ചു എന്നതായിരുന്നു വാഗ്ദത്ത മസീഹ് (അ)-നെതിരെയുള്ള കുറ്റം. തനിക്ക് അബ്ദുൽ ഹമീദിനെ അറിയില്ലെന്നും കണ്ടിട്ടില്ലെന്നും പറയാൻ വക്കീലന്മാർ അദ്ദേഹത്തെ ഉപദേശിച്ചു. അങ്ങനെ പറഞ്ഞാൽ തീർച്ചയായും കുറ്റവിമുക്തനാക്കപ്പെടുമെന്നും അല്ലെങ്കിൽ ശിക്ഷിക്കപ്പെടുമെന്നും അവർ പറഞ്ഞു. എന്നാൽ വധശിക്ഷ ലഭിച്ചാലും താൻ സത്യം കൈവിടില്ലെന്ന് അദ്ദേഹം പറഞ്ഞു. അബ്ദുൽ ഹമീദ് ഖാദിയാനിൽ വരാറുണ്ടെന്നും തനിക്ക് അയാളെ അറിയാമെന്നും അതിനാൽ അറിയില്ല എന്ന് കള്ളം പറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിൽ നേരിട്ട് കള്ളം പറയണ്ട, പകരം അറിയില്ല എന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള അവ്യക്തമായ മറുപടി നൽകാൻ വക്കീലന്മാർ ആവശ്യപ്പെട്ടു. എന്നാൽ വാഗ്ദത്ത മസീഹ് (അ) അതിനും തയ്യാറായില്ല. കോടതിയിൽ ചോദിച്ചപ്പോൾ തനിക്ക് അബ്ദുൽ ഹമീദിനെ അറിയാമെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞു. വക്കീലന്മാർ കേസ് തോൽക്കുമെന്ന് ഉറപ്പിച്ചു. എന്നാൽ സത്യത്തിൽ ഉറച്ചുനിന്നുകൊണ്ട് തന്നെ വാഗ്ദത്ത മസീഹ് (അ) കേസ് ജയിക്കുന്നത് കണ്ട് അവർ അത്ഭുതപ്പെട്ടു.

അദ്ദേഹത്തിന്റെ സത്യസന്ധതയെക്കുറിച്ചുള്ള അഹ്‌മദികളല്ലാത്തവരുടെ സാക്ഷ്യം

വാഗ്ദത്ത മസീഹ് (അ)-നെ കുട്ടിക്കാലം മുതൽ അറിയാവുന്ന ഒരു ഹിന്ദു വ്യക്തിയുടെ സാക്ഷ്യം ഹുസൂർ  തിരുമനസ്സ് വിവരിച്ചു. കുട്ടിക്കാലം മുതൽക്കേ അദ്ദേഹം സത്യസന്ധനും വിശ്വസ്തനും ഭക്തനുമായിരുന്നു എന്ന് ആ വ്യക്തി പറഞ്ഞു. പരമേശ്വരൻ തന്നെ വാഗ്ദത്ത മസീഹ് (അ)-ൻറെ രൂപത്തിൽ ഭൂമിയിൽ വന്നതുപോലെയാണ് തനിക്ക് തോന്നിയതെന്ന് ആ ഹിന്ദു വ്യക്തി പറഞ്ഞു.

വാഗ്ദത്ത മസീഹ് (അ) ജോലിക്കൊന്നും പോകാത്തതിലും സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ താല്പര്യം കാണിക്കാത്തതിലും അദ്ദേഹത്തിൻറെ പിതാവ് ഉത്കണ്ഠാകുലനായിരുന്നു. ഒരിക്കൽ പിതാവ് ഒരാളെ അയച്ച് അദ്ദേഹത്തോട് എന്തെങ്കിലും ജോലിക്ക് ശ്രമിക്കാൻ ആവശ്യപ്പെട്ടു. ഒരാൾ വന്ന് അദ്ദേഹത്തിന് ഒരു ജോലി വാഗ്ദാനം ചെയ്തപ്പോൾ വാഗ്ദത്ത മസീഹ് (അ) പറഞ്ഞു: “എൻറെ പിതാവ് വെറുതെ വിഷമിക്കുകയാണ്. ആരോടൊപ്പം ജോലി ചെയ്യണമെന്ന് ഞാൻ ആഗ്രഹിച്ചുവോ അദ്ദേഹത്തിൻറെ അടുക്കൽ ഞാൻ നേരത്തെ തന്നെ ജോലിയിൽ പ്രവേശിച്ചു എന്ന് അദ്ദേഹത്തോട് പറഞ്ഞേക്കുക.” ഇതുകേട്ട പിതാവ് പറഞ്ഞത്, തൻറെ മകൻ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് സത്യമായിരിക്കും, കാരണം അവൻ ഒരിക്കലും കള്ളം പറയില്ല എന്നാണ്.

യാത്രയ്ക്കിടയിൽ ട്രെയിൻ നഷ്ടപ്പെട്ട ഒരു വ്യക്തിയുടെ സംഭവം ഹുസൂർ തിരുമനസ്സ് പറഞ്ഞു. ആ സമയത്ത് വാഗ്ദത്ത മസീഹ് (അ)-നെതിരെ വലിയ തോതിലുള്ള എതിർപ്പുകൾ നടക്കുന്നുണ്ടായിരുന്നു. തൻറെ ഗ്രാമത്തിന് അടുത്തായതിനാൽ എന്തുകൊണ്ട് ഇദ്ദേഹത്തെ ഒന്ന് നേരിട്ട് കണ്ടുകൂടാ എന്ന് ആ വ്യക്തി ചിന്തിച്ചു. അദ്ദേഹം വാഗ്ദത്ത മസീഹ് (അ)-നെ സന്ദർശിച്ചു. അദ്ദേഹത്തെ കണ്ട നിമിഷം തന്നെ, ഇത്രയും പരിശുദ്ധമായ മുഖമുള്ള ഒരാൾക്ക് ഒരിക്കലും കള്ളം പറയാൻ കഴിയില്ലെന്നും അദ്ദേഹത്തെ എതിർക്കുന്നവർ തെറ്റാണെന്നും ആ വ്യക്തിക്ക് ബോധ്യപ്പെട്ടു. ഉടൻ തന്നെ അദ്ദേഹം ബൈഅത്ത് ചെയ്യുകയും ഇസ്‌ലാം അഹ്‌മദിയ്യത്ത് സ്വീകരിക്കുകയും ചെയ്തു.

മറ്റൊരു വ്യക്തിയും സമാനമായ അനുഭവം പങ്കുവെക്കുന്നുണ്ട്. മൗലവിമാരെല്ലാം അദ്ദേഹത്തെ വ്യാജനെന്ന് വിളിക്കുന്നതുകൊണ്ട് അത് സത്യമായിരിക്കുമെന്ന് കരുതിയിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. എന്നാൽ ചില അഹ്‌മദികൾ അദ്ദേഹത്തോട് വാഗ്ദത്ത മസീഹ് (അ) എഴുതിയ ‘ഇസാലയെ ഔഹാം’ എന്ന പുസ്തകം വായിക്കാൻ നിർദ്ദേശിച്ചു. ആ പുസ്തകം വായിച്ചതോടെ അദ്ദേഹത്തിൻറെ സംശയങ്ങളെല്ലാം നീങ്ങി. അദ്ദേഹം വാഗ്ദത്ത മസീഹ് (അ)-നെ കാണാൻ പോയി. അദ്ദേഹത്തിന്റെ മുഖം കണ്ടപ്പോൾ തന്നെ ഇതൊരു കള്ളം പറയുന്ന ആളുടെ മുഖമല്ലെന്ന് അദ്ദേഹത്തിന് ഉറപ്പായി. അങ്ങനെ അദ്ദേഹം ബൈഅത്ത് ചെയ്തു.

ഒരാൾ സത്യസന്ധത സ്വീകരിക്കുമ്പോൾ ആ സത്യസന്ധത ഒരു പ്രകാശമായി മാറുമെന്നും ആ പ്രകാശം എല്ലാത്തരം ബുദ്ധിമുട്ടുകളിൽ നിന്നും അവനെ സംരക്ഷിക്കുമെന്നും വാഗ്ദത്ത മസീഹ് (അ) എഴുതിയിട്ടുണ്ട്.

ഈ യാഥാർത്ഥ്യം മനസ്സിലാക്കാനും സത്യസന്ധതയുടെ ഉന്നതമായ മാതൃകകളിൽ ഉറച്ചുനിൽക്കാനും അല്ലാഹു എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്ന് ഹുസൂർ അൻവർ ദുആ ചെയ്തു.

Related Topics

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു