നന്ദിപ്രകടനത്തിൽ വാഗ്ദത്ത മസീഹിന്റെ (അ) ഉന്നതമായ മാതൃകകൾ

വാഗ്ദത്ത മസീഹ് (അ) എഴുതുന്നു: "എനിക്ക് അനുകൂലമായ അടയാളങ്ങൾ പ്രത്യക്ഷപ്പെടാത്ത ഒരു ജനതയും ഇല്ല, എന്റെ അടയാളങ്ങൾക്ക് സാക്ഷ്യം വഹിക്കാത്ത ഒരു വിഭാഗവുമില്ല. ഈ അടയാളങ്ങൾക്ക് സാക്ഷ്യം വഹിച്ചവരുടെ എണ്ണം പത്ത് കോടിയോളം വരുമെന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല.

അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ്(അയ്യദഹുല്ലാഹ്) 28 ആഗസ്റ്റ് 2026ന് മസ്ജിദ് മുബാറക്ക്‌ ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.

അവലംബം: The Review of Religions

വിവര്‍ത്തനം: മുഹമ്മദ്‌ സ്വാലിഹ് ശാഹിദ്

തശഹ്ഹുദും തഅവ്വുദും സൂറത്തുൽ ഫാത്തിഹയും പാരായണം ചെയ്ത ശേഷം, ഹദ്റത്ത് മീർസ മസ്റൂർ അഹ്മദ് പ്രസ്താവിച്ചു: ലോകത്ത് തിരുനബി(സ)യുടെ പതാക ഉയർത്തുന്നതിൽ വാഗ്ദത്ത മസീഹ് (അ) മികച്ച സേവനങ്ങൾ അനുഷ്ഠിച്ചിരുന്നു. അതോടൊപ്പം തന്നെ, ഈ ദൗത്യ നിർവഹണത്തിൽ തന്നെ സഹായിച്ചവരോട് വാഗ്ദത്ത മസീഹ് (അ) എപ്പോഴും നന്ദി പ്രകടിപ്പിക്കുമായിരുന്നു.

തന്റെ ദൗത്യനിർവഹണത്തിന് വേണ്ടി നിലകൊണ്ട സഹായികളോടുള്ള കൃതജ്ഞത

ഒരിക്കൽ, വാഗ്ദത്ത മസീഹ് (അ) താൻ സ്ഥാപിച്ച ലങ്കർ ഖാനയുമായി (community kitchen) ബന്ധപ്പെട്ട് സാമ്പത്തിക ത്യാഗങ്ങൾ ചെയ്യാനായി ഒരു ആഹ്വാനം നടത്തുകയുണ്ടായി. ഇതിലൂടെ ലങ്കർ ഖാനയുടെ കാര്യങ്ങൾ ഭംഗിയായി നടത്തിക്കൊണ്ടുപോകാൻ താൻ ആഗ്രഹിക്കുന്നുവെന്നും, അതിനുശേഷം ഇസ്ലാമിന്റെ സത്യസന്ദേശം പ്രചരിപ്പിക്കുകയെന്ന തന്റെ നിയോഗത്തിൽ പൂർണ്ണ ശ്രദ്ധ കേന്ദ്രീകരിക്കാൻ അതിലൂടെ സാധിക്കുമെന്നും അവിടുന്ന് പറഞ്ഞു. ഈ ദൗത്യത്തിൽ സഹായിക്കുന്നവരെ തീർച്ചയായും അല്ലാഹു സഹായിക്കുമെന്ന് വാഗ്ദത്ത മസീഹ് (അ) വ്യക്തമാക്കി. തുടർന്ന് ഹദ്റത്ത് ഹകീം മൗലവി നൂറുദ്ദീൻ (റ), ഹദ്റത്ത് അബ്ദുൽ കരീം സിയാൽകോട്ടി (റ) എന്നിവർ നടത്തുന്ന സാമ്പത്തിക ത്യാഗങ്ങളെ വാഗ്ദത്ത മസീഹ് (അ) പേരെടുത്തു പറഞ്ഞു പ്രശംസിച്ചു. അല്ലാഹുവിന് വേണ്ടിയും അവന്റെ സത്യദീനായ ഇസ്ലാമിന് വേണ്ടിയും എപ്പോൾ ആവശ്യപ്പെട്ടാലും ഏത് ത്യാഗത്തിനും തയാറാവാനും ആവശ്യമായ തുക സമർപ്പിക്കാനും അവർ എപ്പോഴും സന്നദ്ധരായിരുന്നുവെന്ന് അവിടുന്ന് അനുസ്മരിച്ചു. ഇസ്ലാമിന് വേണ്ടി സാമ്പത്തിക ത്യാഗങ്ങൾ ചെയ്ത വേറെയും നിരവധി ആളുകളെ വാഗ്ദത്ത മസീഹ് (അ) പേരെടുത്തു പറഞ്ഞ് അവരുടെ പരിശ്രമങ്ങളെ പ്രശംസിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്തു. ഹദ്റത്ത് ഹകീം മൗലവി നൂറുദ്ദീന് (റ) പരിശുദ്ധ ഖുർആനിൽ ആഴത്തിലുള്ള അറിവുണ്ടായിരുന്നുവെന്നും അത് മറ്റുള്ളവർക്ക് പകർന്നുനൽകിയിരുന്നുവെന്നും വാഗ്ദത്ത മസീഹ് (അ) പ്രത്യേകം പ്രശംസിച്ചു. അത് സർവ്വശക്തനായ അല്ലാഹുവിനുള്ള നേരിട്ടുള്ള സേവനത്തേക്കാൾ കുറഞ്ഞ ഒന്നല്ലെന്ന് വിലയിരുത്തിയ അവിടുന്ന് അദ്ദേഹത്തിന്റെ എല്ലാ പരിശ്രമങ്ങളെയും അഭിനന്ദിച്ചു. തനിക്ക് എഴുതാനും നന്ദി പ്രകടിപ്പിക്കാനും ആഗ്രഹമുള്ള ധാരാളം പേരുകളുണ്ടെന്നും, എന്നാൽ അങ്ങനെ എഴുതിയാൽ അതൊരു വലിയ ഗ്രന്ഥമായി മാറുമെന്നും വാഗ്ദത്ത മസീഹ് (അ) പറയുകയുണ്ടായി. തങ്ങളുടെ ദീനിന് വേണ്ടി ഏതൊരു സേവനവും ചെയ്യുന്നവരോട് വാഗ്ദത്ത മസീഹ് (അ) എത്രത്തോളം കൃതജ്ഞത കാണിച്ചിരുന്നുവെന്ന് ഇത് വ്യക്തമാക്കുന്നു.

ഏറ്റവും ലളിതമായ കാര്യങ്ങൾ പോലും നന്ദി അർഹിക്കുന്നു

ഒരിക്കൽ, ഒരാൾ വാഗ്ദത്ത മസീഹിന് (അ) ഫലൂദ (പാൽ, റോസ് സിറപ്പ്, സേമിയ, തുളസി വിത്തുകൾ എന്നിവ ചേർത്തുണ്ടാക്കുന്ന ഒരു തണുത്ത മധുരപാനീയം) സമർപ്പിക്കാൻ ആഗ്രഹിച്ചു. വാഗ്ദത്ത മസീഹ് (അ) അത് സ്വീകരിക്കുകയും, ഫലൂദ മുന്നിൽ കൊണ്ടുവെച്ചപ്പോൾ അത് കുടിക്കുകയും തന്റെ സന്തോഷവും നന്ദിയും പ്രകടിപ്പിക്കുകയും ചെയ്തു. കൂടാതെ വീട്ടിലുള്ളവർക്കും ആസ്വദിക്കാനായി അദ്ദേഹം അതിൽ നിന്നും കുറച്ച് അകത്തേക്ക് കൊടുത്തയച്ചു. അതിന് പ്രതിഫലമായി അദ്ദേഹത്തിന് രണ്ട് രൂപ നൽകാൻ വാഗ്ദത്ത മസീഹ് (അ) ആഗ്രഹിച്ചുവെങ്കിലും, ഇത് അവിടുത്തേക്കുള്ള ഒരു ഉപഹാരമാണെന്ന് പറഞ്ഞുകൊണ്ട് ഫലൂദ ഉണ്ടാക്കിയ വ്യക്തി അത് നിരസിച്ചു. തുടർന്ന് ദൈവം അദ്ദേഹത്തിന് അർഹമായ പ്രതിഫലം നൽകട്ടെ എന്ന്(ജസാക്കല്ലാഹ്) വാഗ്ദത്ത മസീഹ് (അ) പ്രാർത്ഥിച്ചു. ഈ പ്രാർത്ഥനയുടെ ഫലമായിട്ടാണ് ആ വ്യക്തിയുടെ മക്കൾ പിൽക്കാലത്ത് വിജയം കൈവരിക്കുകയും ജമാഅത്തിന് സേവനം ചെയ്യാനുള്ള അവസരം അവർക്ക് ലഭിക്കുകയും ചെയ്തത്.

ഒരിക്കൽ, വാഗ്ദത്ത മസീഹ് (അ) കഴിക്കാൻ ഭക്ഷണം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അവിടെ അതിഥികളും ഉണ്ടായിരുന്നതിനാൽ, തയ്യാറാക്കി വച്ചിരുന്ന ഭക്ഷണം പത്ത് മിനിറ്റിനുള്ളിൽ തീർന്നുപോയി. ഭക്ഷണ ക്രമീകരണങ്ങളുടെ ചുമതലയുണ്ടായിരുന്ന സയ്യിദ് സർവാർ ശാഹ് സാഹിബ് ഇത് കണ്ട് വളരെയധികം വ്യാകുലപ്പെടുകയും വിഷമിക്കുകയും ചെയ്തു. അദ്ദേഹം വേഗത്തിൽ പോയി കുറച്ച് റൊട്ടിയും പഞ്ചസാര ചേർത്ത ഒരു പാത്രം പാലും കൊണ്ടുവന്ന് വാഗ്ദത്ത മസീഹിന് (അ) സമർപ്പിച്ചു. ഇത് മാത്രമേയുള്ളൂ എന്ന് അവിടുത്തെ അറിയിക്കുകയും ചെയ്തു. വാഗ്ദത്ത മസീഹ് (അ) ഇതിൽ അതൃപ്തി പ്രകടിപ്പിക്കുമോ എന്ന് അദ്ദേഹം ഭയപ്പെട്ടിരുന്നു. എന്നാൽ, വാഗ്ദത്ത മസീഹ് (അ) ആ പാത്രം വാങ്ങി കൃതജ്ഞതയോടെ അത് കഴിക്കുകയാണുണ്ടായത്. വാഗ്ദത്ത മസീഹിന്റെ (അ) ഈ നന്ദിപ്രകടനം വെറുമൊരു പ്രകടനമായിരുന്നില്ലെന്നും, മറിച്ച് തനിക്ക് ലഭിച്ച ഭക്ഷണത്തിന് അദ്ദേഹം എത്രത്തോളം നന്ദിയുള്ളവനായിരുന്നു എന്നത് ആ മഹാത്മാവിൻ്റെ ഭക്ഷണം കഴിക്കുമ്പോഴുള്ള മുഖഭാവങ്ങളിൽ നിന്ന് തന്നെ വ്യക്തമായിരുന്നുവെന്നും അവിടെയുണ്ടായിരുന്നവർ രേഖപ്പെടുത്തുന്നു.

അനുയായികളുടെ മനസ്സിലെ സ്നേഹത്തിന് ദൈവത്തോടുള്ള നന്ദി

ഒരിക്കൽ, വാഗ്ദത്ത മസീഹ് (അ) മുൻശി അഹ്മദ് ജാൻ (റ) ന് എഴുതിയ ഒരു കത്തിൽ, തനിക്ക് ഇത്രയും ആത്മസമർപ്പണമുള്ള സഹായികളെ നൽകിയതിന് ദൈവത്തിന് നന്ദി രേഖപ്പെടുത്തുകയുണ്ടായി. തന്റെ ദൗത്യനിർവഹണത്തിൽ തനിക്ക് ലഭിച്ച സഹായികളെ ഓർത്ത് ദൈവത്തിന് നന്ദി അർപ്പിക്കുമ്പോൾ വാഗ്ദത്ത മസീഹ് (അ) അത്യപൂർവ്വമായ വിനയം പ്രകടിപ്പിച്ചു. അജ്ഞാതാവസ്ഥയിൽ നിന്ന് തനിക്ക് അംഗീകാരം നൽകിയതിനും, അറിവും ശക്തിയും അനുഗ്രഹങ്ങളും പ്രദാനം ചെയ്തതിനും അദ്ദേഹം ദൈവത്തിന് നന്ദി പറഞ്ഞു. തനിക്ക് ലഭിച്ച സഹായികളുടെ ഹൃദയങ്ങളിൽ ദൈവം തന്നോടുള്ള സ്നേഹം നിക്ഷേപിച്ചു എന്നതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നായി വാഗ്ദത്ത മസീഹ് (അ) എടുത്തുപറഞ്ഞത്.

ഒരിക്കൽ, വാഗ്ദത്ത മസീഹ് (അ) മുൻശി അഹ്മദ് ജാൻ (റ) ന് എഴുതിയ ഒരു കത്തിൽ, തനിക്ക് ഇത്രയും ആത്മസമർപ്പണമുള്ള സഹായികളെ നൽകിയതിന് ദൈവത്തിന് നന്ദി രേഖപ്പെടുത്തുകയുണ്ടായി. തന്റെ ദൗത്യനിർവഹണത്തിൽ തനിക്ക് ലഭിച്ച സഹായികളെ ഓർത്ത് ദൈവത്തിന് നന്ദി അർപ്പിക്കുമ്പോൾ വാഗ്ദത്ത മസീഹ് (അ) അത്യപൂർവ്വമായ വിനയം പ്രകടിപ്പിച്ചു. അജ്ഞാതാവസ്ഥയിൽ നിന്ന് തനിക്ക് അംഗീകാരം നൽകിയതിനും, അറിവും ശക്തിയും അനുഗ്രഹങ്ങളും പ്രദാനം ചെയ്തതിനും അദ്ദേഹം ദൈവത്തിന് നന്ദി പറഞ്ഞു. തനിക്ക് ലഭിച്ച സഹായികളുടെ ഹൃദയങ്ങളിൽ ദൈവം തന്നോടുള്ള സ്നേഹം നിക്ഷേപിച്ചു എന്നതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നായി വാഗ്ദത്ത മസീഹ് (അ) എടുത്തുപറഞ്ഞത്.

വാഗ്ദത്ത മസീഹ് (അ) തന്റെ ‘ലെക്ചർ സിയാൽകോട്ട്’ എന്ന പുസ്തകം എഴുതിയത് തന്റെ അനുചരന്മാരിൽ ഒരാളുടെ വീടിന്റെ മട്ടുപ്പാവിൽ വച്ചായിരുന്നു എന്ന് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ടെറസ്സിന് ചുറ്റും നടക്കാൻ തക്കവിധം ചെറിയൊരു വഴി ഉണ്ടായിരുന്നു. വാഗ്ദത്ത മസീഹ് (അ) പുസ്തകമെഴുതുമ്പോൾ ടെറസ്സിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാറുള്ളതിനാൽ, ചുറ്റുമതിലിന്റെ നാല് വശങ്ങളിലും ഓരോ മഷിപ്പാത്രങ്ങൾ വച്ചിട്ടുണ്ടായിരുന്നു. എഴുതിക്കൊണ്ടിരിക്കുമ്പോൾ ഇടയ്ക്കിടെ വാഗ്ദത്ത മസീഹ് (അ) ദൈവത്തോട് പ്രാർത്ഥനയിൽ മുഴുകുമായിരുന്നു. ആ നിമിഷങ്ങളിൽ ഏതെങ്കിലും ഒരു വിഷയം അവിടുത്തെ മനസ്സിൽ അല്ലാഹു വ്യക്തമാക്കിക്കൊടുക്കുകയോ തുറന്നുകൊടുക്കുകയോ ചെയ്യുന്നതുകൊണ്ട് അവിടുന്ന് ദൈവത്തിന് കൃതജ്ഞത അർപ്പിക്കുകയായിരുന്നു. അങ്ങനെ, ഈ പുസ്തകം എഴുതുന്ന വേളയിൽ വാഗ്ദത്ത മസീഹ് (അ) നിരന്തരമായി ദൈവത്തോട് കൃതജ്ഞതയും നന്ദിയും പ്രകടിപ്പിച്ചുകൊണ്ടിരുന്നു.

ഹൃദയസ്പർശിയായ ഒരു സമ്മാനം

ഒരിക്കൽ, ഒരാൾ തന്റെ കൈകൾ കൊണ്ട് തുന്നിയ ഒരു മേൽക്കുപ്പായം വാഗ്ദത്ത മസീഹിന് (അ) സമ്മാനമായി അയച്ചുകൊടുത്തു. തുടർന്ന് വെള്ളിയാഴ്ച ദിവസം അദ്ദേഹം ഖാദിയാനിൽ എത്തിച്ചേർന്നു. ജുമുഅ നമസ്കാരത്തിന് മുൻപ് തന്നെ അത് വാഗ്ദത്ത മസീഹിന് (അ) നൽകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. ജുമുഅ നമസ്കാരത്തിന് വാഗ്ദത്ത മസീഹിന് (അ) അത് ധരിക്കാൻ സാധിക്കട്ടെ എന്ന് കരുതിയായിരുന്നു അത്. ഖാദിയാനിൽ എത്തിയപ്പോൾ അദ്ദേഹത്തെ വാഗ്ദത്ത മസീഹിന്റെ (അ) സന്നിധിയിലേക്ക് കൊണ്ടുപോകുകയും, മേൽക്കുപ്പായം സമർപ്പിച്ചുകൊണ്ട് വെള്ളിയാഴ്ച നമസ്കാരത്തിന് അത് ധരിക്കണമെന്ന ആഗ്രഹം അറിയിക്കുകയും ചെയ്തു. വാഗ്ദത്ത മസീഹ് (അ) ആ കോട്ട് ധരിച്ചുവെങ്കിലും അത് അളവിൽ അല്പം ഇറുക്കമുള്ളതുമായിരുന്നു. ഉടൻ തന്നെ ആ ചെറുപ്പക്കാരൻ അത് അല്പം അയച്ച് ക്രമീകരിച്ച് വീണ്ടും വാഗ്ദത്ത മസീഹിന് (അ) നൽകി. വാഗ്ദത്ത മസീഹ് (അ) അത് വീണ്ടും ധരിച്ചപ്പോഴും അത് ചെറിയ രീതിയിൽ ഇറുക്കമുള്ളതായിരുന്നു, ബട്ടണുകൾ എളുപ്പത്തിൽ ഇടാൻ കഴിയുമായിരുന്നില്ല. എന്നിരുന്നാലും, വാഗ്ദത്ത മസീഹ് (അ) ബട്ടണുകൾ ഇട്ടു. ആ സമ്മാനത്തോടും അത് നൽകിയ വ്യക്തിയുടെ ആഗ്രഹത്തോടുമുള്ള ആദരവും നന്ദിയും പ്രകടിപ്പിക്കുന്നതിനായി, അത് പൂർണ്ണമായും പാകമല്ലെന്ന കാര്യം വകവയ്ക്കാതെ തന്നെ വാഗ്ദത്ത മസീഹ് (അ) ആ കോട്ട് ധരിച്ചുകൊണ്ട് ജുമുഅ നമസ്കാരത്തിന് പോയി.

വളരെ സവിശേഷമായ ഒരു പ്രവചനത്തിന്റെ പൂർത്തീകരണം

ഒരിക്കൽ, വാഗ്ദത്ത മസീഹിന് (അ) തനിക്ക് നേരിടേണ്ടിവന്ന പ്രയാസങ്ങൾ നീക്കുന്നതിനും സഹായത്തിനുമായി 21 രൂപ ലഭിക്കുമെന്ന് ദൈവത്തിൽ നിന്ന് ഒരു ദിവ്യസന്ദേശം ലഭിക്കുകയുണ്ടായി. കൃത്യമായ തുക തന്നെ പരാമർശിച്ചുകൊണ്ടുള്ളതായിരുന്നു ഈ സന്ദേശം, മാത്രവുമല്ല ഇത് ഒരിക്കലും പ്രതീക്ഷിച്ചതോ ആഗ്രഹിച്ചതോ ആയ ഒന്നായിരുന്നില്ല. ഇത്രയും കൃത്യമായ ഒരു പ്രവചനമായതിനാൽ, ഇത് ദൈവീക അടയാളമായി അദ്ദേഹം ചില ആര്യ സമാജക്കാരുമായും പങ്കുവെച്ചു. ദിവസങ്ങൾക്ക് ശേഷം വാഗ്ദത്ത മസീഹിന് (അ) ഇതേ സന്ദേശം വീണ്ടും ലഭിച്ചു. ഈ സന്ദേശം പൂർത്തിയാകാൻ പോകുന്ന ദിവസം ഇതാണെന്ന് അപ്പോൾ അദ്ദേഹത്തിന് മനസ്സിലായി. രണ്ടാമതും ഈ ഇൽഹാം ലഭിച്ച് വെറും മൂന്ന് മിനിറ്റിനുശേഷം ഒരാൾ അദ്ദേഹത്തിന്റെ അടുത്തെത്തി ഒരു രൂപ നൽകി. തൊട്ടുപിന്നാലെ അദ്ദേഹത്തിന് ഒരു കത്ത് ലഭിച്ചു. അത് തുറന്നു നോക്കിയപ്പോൾ അഞ്ച് രൂപയുടെ ഒരു മണി ഓർഡർ ആയിരുന്നു അത്. തനിക്ക് ഇപ്പോൾ ആറ് രൂപ ലഭിച്ചിട്ടുണ്ടെങ്കിലും അത് 21 രൂപയായിട്ടില്ലല്ലോ എന്നും, അമുസ്‌ലിംകൾക്ക് മുൻപിൽ ഇതൊരു അടയാളമായി താൻ പ്രസ്താവിച്ചതാണല്ലോ എന്നും, ഇനി എന്താണ് സംഭവിക്കുക എന്നും വാഗ്ദത്ത മസീഹ് (അ) ചിന്തിച്ചു. അതിനു പിന്നാലെ അദ്ദേഹത്തിന് അതേ ഇൽഹാം വീണ്ടും ലഭിച്ചു. രണ്ടുമൂന്ന് ദിവസങ്ങൾക്ക് ശേഷം, ആദ്യമായി ഈ ഇൽഹാം ലഭിച്ച അതെ ദിവസം തന്നെ അദ്ദേഹത്തിന് ഇരുപത് രൂപയുടെ ഒരു മണി ഓർഡർ അയച്ചിട്ടുണ്ടായിരുന്നു എന്ന വിവരമറിഞ്ഞു. അങ്ങനെ ആ പ്രവചനം കൃത്യമായി പൂർത്തിയായി. ദൈവത്തോടുള്ള നന്ദിസൂചകമായും ഈ പ്രവചന നിവർത്തിയിലുള്ള സന്തോഷത്താലും അദ്ദേഹം ആ പണം ഉപയോഗിച്ച് മധുരം വാങ്ങുകയും, ഈ പ്രവചനത്തെക്കുറിച്ച് മുൻപ് പറഞ്ഞിരുന്ന ആര്യ സമാജക്കാർക്ക് അത് വിതരണം ചെയ്യുകയും ചെയ്തു.
വാഗ്ദത്ത മസീഹ് (അ) എഴുതുന്നു:

“എനിക്ക് അനുകൂലമായ അടയാളങ്ങൾ പ്രത്യക്ഷപ്പെടാത്ത ഒരു ജനതയും ഇല്ല, എന്റെ അടയാളങ്ങൾക്ക് സാക്ഷ്യം വഹിക്കാത്ത ഒരു വിഭാഗവുമില്ല. ഈ അടയാളങ്ങൾക്ക് സാക്ഷ്യം വഹിച്ചവരുടെ എണ്ണം പത്ത് കോടിയോളം വരുമെന്ന് പറയുന്നതിൽ ഒട്ടും അതിശയോക്തിയില്ല. എന്നാൽ എതിരാളികളുടെ അവസ്ഥ തീർച്ചയായും ദയനീയമാണ്; കാരണം ഈ അടയാളങ്ങളിൽ നിന്ന് അവർ ഒരു പ്രയോജനവും നേടിയില്ല. അവർക്ക് കാണിച്ചു കൊടുത്ത ഈ അടയാളങ്ങൾ ഹദ്റത്ത് ഈസാ ഇബ്നു മർയമിന്റെ (യേശു ക്രിസ്തുവിന്റെ) കാലത്ത് യഹൂദന്മാർക്ക് കാണിച്ചു കൊടുത്തിരുന്നുവെങ്കിൽ, അവർ ‘നിന്ദ്യത ബാധിച്ചവർ’ എന്ന് മുദ്രകുത്തപ്പെടുമായിരുന്നില്ല. ലൂത്ത് നബിയുടെ ജനം ഈ അടയാളങ്ങൾക്ക് സാക്ഷ്യം വഹിച്ചിരുന്നുവെങ്കിൽ, ശക്തമായ ആ ഭൂകമ്പത്താൽ അവർ മണ്ണിനടിയിൽ പോകുമായിരുന്നില്ല. എന്നാൽ പാറയേക്കാൾ കഠിനമാണെന്ന് തെളിഞ്ഞ ഈ ഹൃദയങ്ങൾക്ക് നാശം! അവരുടെ ഹൃദയങ്ങളെ ഗ്രസിച്ചിരിക്കുന്ന അന്ധകാരം വളരെ കടുത്തതായിരിക്കുന്നു. എല്ലാത്തരം ഭൗതിക മാർഗ്ഗങ്ങളിലും ലോകം പുരോഗമിച്ചതുപോലെ തന്നെ, അവിശ്വാസത്തിലും മുന്നേറിയിരിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. അതിനാൽ, ഈ ‘പുരോഗമന’ അവിശ്വാസത്തിന് സാധാരണ ശിക്ഷയല്ല ഉണ്ടാകേണ്ടത്, മറിച്ച് ലോകാരംഭം മുതൽ ഇതുവരെ ഇറങ്ങിയിട്ടില്ലാത്ത തരത്തിലുള്ള ഒരു ശിക്ഷ അതിനെ പിടികൂടേണ്ടതുണ്ട്. ഏതായാലും ദൈവത്തിന് ആയിരം നന്ദി; നമ്മുടെ എതിരാളികൾ സ്വീകരിക്കാൻ മടിക്കുകയും വിമുഖത കാണിക്കുകയും ചെയ്ത അതേ പ്രകാശം, നമ്മുടെ സ്വന്തം കാഴ്ചയുടെയും ആത്മീയ ഉൾക്കാഴ്ചയുടെയും പുരോഗതിക്ക് കാരണമായിത്തീർന്നു.”
(ഹഖീഖത്തുൽ വഹ്യ് പേജ് :378)

അല്ലാഹു നമ്മെയെല്ലാം നന്ദിയുടെ തത്ത്വം ശരിയായി ഗ്രഹിക്കാൻ പ്രാപ്തരാക്കട്ടെ. കൂടാതെ, വാഗ്ദത്ത മസീഹുമായി (അ) ബൈഅത്ത് ചെയ്ത് പ്രതിജ്ഞാബദ്ധരായ നമുക്ക് സത്യപ്രകാശവും ഉൾക്കാഴ്ചയും ദൈവീക തിരിച്ചറിവും പ്രദാനം ചെയ്യുമാറാകട്ടെ.

संबंधित विषय

0 Comments

മറുപടി രേഖപ്പെടുത്തുക

Avatar placeholder

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു