അഹ്‌മദിയ്യാ മുസ്‌ലിം ജമാഅത്തിന്‍റെ ആഗോള നേതാവും ഖലീഫത്തുല്‍ മസീഹ് അഞ്ചാമനുമായ ഹദ്റത്ത് മിര്‍സാ മസ്റൂര്‍ അഹ്‌മദ് (അയ്യദഹുല്ലാഹ്) 21 ഓഗസ്റ്റ് 2026ന് മസ്ജിദ് മുബാറക്ക് ഇസ്‌ലാമാബാദ് ടില്‍ഫോര്‍ഡില്‍ വച്ച് നിര്‍വഹിച്ച ജുമുഅ ഖുത്ബയുടെ സംഗ്രഹം.
അവലംബം: The Review of Religions
വിവര്‍ത്തനം: കെ.ഐ ഗുലാം അഹ്‌മദ്
ശാഹിദ്
തശഹ്ഹുദും തഅവ്വുദും സൂറ: ഫാത്തിഹയും പാരായണം ചെയ്ത ശേഷം, വാഗ്ദത്ത മസീഹ് (അ) സ്ഥാപിച്ച കൃതജ്ഞതയുടെ മാതൃകകളെക്കുറിച്ച് പറയുന്നതാണെന്ന് ഖലീഫ തിരുമനസ്സ് ഹദ്റത്ത് മിർസാ മസ്‌റൂർ അഹ്‌മദ് (അയ്യദഹുല്ലാഹ്) പറഞ്ഞു.
നമുക്ക് നൽകപ്പെട്ട ബുദ്ധിക്ക് നന്ദിയുള്ളവരായിരിക്കുക
ഒരിക്കൽ വാഗ്ദത്ത മസീഹ്(അ) ഒരാളോട് “താങ്കൾ ഇന്ന ആളുമായി തർക്കിച്ചുവോ?” എന്ന് ചോദിച്ചു. അയാൾ തർക്കിച്ച വ്യക്തി വലിയ ബുദ്ധിയില്ലാത്ത ആൾ ആണെന്നും അത്തരം ആളുകളോട് തർക്കിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും വാഗ്ദത്ത മസീഹ്(അ) അദ്ദേഹത്തിന് വിശദീകരിച്ചുകൊടുത്തു. കാരണം അവർക്ക് കൂടുതലൊന്നും അറിയില്ല. അറിവില്ലാത്തവരും പൂർണ്ണമായി ബുദ്ധിസ്ഥിരതയില്ലാത്തവരുമായ ആളുകളോട് വിട്ടുവീഴ്ചയും ദയയും കാണിക്കണം. മറുവശത്ത്, സർവ്വശക്തനായ ദൈവം തനിക്ക് ബുദ്ധി നൽകിയതിനും, ജ്ഞാനവും ദൈവത്തിന്റെ ഗുണങ്ങൾ തിരിച്ചറിയാനുള്ള കഴിവ് നൽകിയതിനും നന്ദിയുള്ളവനായിരിക്കാനും വാഗ്ദത്ത മസീഹ് (അ) അദ്ദേഹത്തോട് ഉപദേശിച്ചു.
ഒരിക്കൽ ഫജർ നമസ്‌കാരത്തിന് ശേഷം, അടുത്ത് എവിടെ നിന്നോ ഒരു സംഗീതത്തിന്റെ ശബ്ദം കേട്ട് കൊണ്ട് അതെവിടെ നിന്നാണ് വരുന്നതെന്ന് വാഗ്ദത്ത മസീഹ് (അ) ചോദിച്ചു. മിയാൻ നിസാമുദ്ദീൻ ഇരുപത് രൂപ വാഗ്ദാനം ചെയ്ത് ഒരു സ്ത്രീയെ രാത്രി മുഴുവൻ നൃത്തം ചെയ്യാൻ വാടകയ്‌ക്കെടുത്തിരിക്കുകയാണെന്ന് വാഗ്ദത്ത മസീഹിനെ (അ) അറിയിച്ചു. വാഗ്ദത്ത മസീഹ് (അ) നിരാശ പ്രകടിപ്പിച്ചുകൊണ്ട് പറഞ്ഞു, ഈ സ്ത്രീ വെറും ഇരുപത് രൂപയ്ക്ക് വേണ്ടി രാത്രി മുഴുവൻ ഉറങ്ങാതെ നൃത്തം ചെയ്യുന്നു, എന്നാൽ ദൈവം നമുക്ക് നൽകിയ എണ്ണമറ്റ അനുഗ്രഹങ്ങൾക്ക് പകരമായി, രാത്രി ഉണർന്ന് ദൈവത്തോട് പ്രാർത്ഥിക്കാനും അവനോട് നന്ദി പ്രകടിപ്പിക്കാനും ആളുകൾക്ക് കഴിയുന്നില്ല.
ഓരോ പിടി ഭക്ഷണത്തോടുമുള്ള അദ്ദേഹത്തിന്റെ കൃതജ്ഞത
വാഗ്ദത്ത മസീഹ് (അ) ഭക്ഷണം കഴിക്കുമ്പോൾ താൻ കഴിക്കുന്ന ഓരോ പിടിയിലും ദൈവത്തോട് നന്ദി പ്രകടിപ്പിക്കുമായിരുന്നു. വാഗ്ദത്ത മസീഹ് (അ) ചെറിയ ഉരുളകളായി ശ്രദ്ധാപൂർവ്വം ഭക്ഷണം കഴിക്കുമായിരുന്നു. കൂടാതെ ഭക്ഷണം കഴിക്കുന്ന സമയം മുഴുവൻ അദ്ദേഹം ദൈവത്തിന് നന്ദി പ്രകടിപ്പിക്കുന്നതിൽ മുഴുകിയിരുന്നു.
അല്ലാഹു നൽകിയ ഉപാധികളോടുള്ള കൃതജ്ഞത
പ്ലേഗ് പടർന്നുപിടിക്കുമ്പോഴെല്ലാം, വാഗ്ദത്ത മസീഹ് (അ) തന്റെ വീട് വളരെ നന്നായി വൃത്തിയാക്കിയിട്ടുണ്ടെന്നും രോഗാണുനാശിനികൾ ഉപയോഗിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തുമായിരുന്നു. ആ പ്രദേശത്തെ വീടുകളിലും അങ്ങനെ ചെയ്യുന്നുണ്ടെന്ന് വാഗ്ദത്ത മസീഹ് (അ) ഉറപ്പുവരുത്തിയിരുന്നു. ദൈവം നൽകിയ മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നത് യഥാർത്ഥത്തിൽ അവനോട് നന്ദിയുള്ളവനായിരിക്കാനുള്ള മറ്റൊരു വഴിയാണെന്ന് അദ്ദേഹം പറയുമായിരുന്നു. ബാക്ടീരിയകൾക്കെതിരെ പോരാടാനോ അവയെ നശിപ്പിക്കാനോ കഴിയുന്ന ചില കാര്യങ്ങൾ ദൈവം സൃഷ്ടിച്ചിട്ടുണ്ടെങ്കിൽ, ദൈവം നൽകിയ ആ മാർഗ്ഗങ്ങൾ ഉപയോഗിക്കണമെന്നുള്ളതും ദൈവത്തോടുള്ള നന്ദി പ്രകടനമാണ്. ദൈവത്തിലുള്ള വിശ്വാസം അർത്ഥമാക്കുന്നത്, ദൈവം നൽകിയ മാർഗ്ഗങ്ങൾ ഒരാൾ ഉപയോഗിക്കണമെന്നും, എന്നാൽ പൂർണ്ണ വിശ്വാസം അർപ്പിക്കേണ്ടത് അവയിലല്ല എന്നുമാണ്. പകരം, അവൻ നൽകിയ മാർഗ്ഗങ്ങളിലൂടെ ആഗ്രഹിച്ച ഫലങ്ങൾ അവൻ തന്നെ നേടിത്തരുമെന്ന് പൂർണ്ണമായി വിശ്വസിക്കുക എന്നതുമാണ്.
തദ്കിറത്തുശ്-ശഹാദത്തൈൻ (രണ്ട് രക്തസാക്ഷിത്വങ്ങളുടെ വിവരണം ) എന്ന പുസ്തകം എഴുതുന്ന സമയത്ത് വാഗ്ദത്ത മസീഹിന് (അ) കഠിനമായ അസുഖം ബാധിച്ചു. ഈ അസുഖ സമയത്ത് ആ മഹാത്‌മാവ് രോഗശാന്തിക്കായി പ്രാർത്ഥിച്ചു. പ്രാർത്ഥനയിൽ തന്നോടൊപ്പം ചേരാൻ അദ്ദേഹം തന്റെ കുടുംബത്തോടും ആവശ്യപ്പെട്ടു. വാഗ്ദത്ത മസീഹ് (അ) വളരെ ഹൃദയസ്പർശിയായ പ്രാർത്ഥന നടത്തി. ഈ പ്രാർത്ഥനയ്ക്ക് മറുപടിയായാണ് ദൈവം ഈ വെളിപാട് നൽകിയത് “കരുണാനിധിയായ രക്ഷിതാവിങ്കൽ നിന്നുള്ള വചനം: താങ്കൾക്ക് സമാധാനം.”
തന്നെ സഹായിച്ചവരോട് കൃതജ്ഞത
വളരെ ചെറിയ കാര്യങ്ങൾക്ക് പോലും നന്ദി പ്രകടിപ്പിക്കുക എന്നത് വാഗ്ദത്ത മസീഹിന്റെ (അ) സ്വഭാവമായിരുന്നു. ബറാഹീനെ അഹ്‌മദിയ്യ എന്ന പുസ്തകം എഴുതിയപ്പോൾ, ഈ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിന് സഹായിക്കാൻ സംഭാവന അയച്ച എല്ലാവരുടെയും പേരുകൾ ലിസ്റ്റിൽ ഉൾപ്പെടുത്തി. വളരെ ചെറിയ തുക സംഭാവന നൽകിയവരുടെ പേരുകൾ പോലും ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്തുതന്നെയായാലും വാഗ്ദത്ത മസീഹ് (അ) അവർക്കെല്ലാവർക്കും നന്ദി പ്രകടിപ്പിക്കുകയും അവർക്കായി പ്രാർത്ഥിക്കുകയും ചെയ്തു. ഈ പുസ്തകം വായിച്ച് അതിൽ നിന്ന് പ്രയോജനം നേടുന്ന ഏതൊരാളും തനിക്ക് വേണ്ടി മാത്രമല്ല തങ്ങളുടെ സംഭാവനകളിലൂടെ പുസ്തകത്തിന്റെ പ്രസിദ്ധീകരണത്തിന് സഹായിച്ചതായി ലിസ്റ്റിൽ ഉൾപ്പെടുത്തിയ എല്ലാവർക്കു വേണ്ടിയും പ്രാർത്ഥിക്കണമെന്നും വാഗ്ദത്ത മസീഹ് (അ) എഴുതിയിട്ടുണ്ട്. മിനനുർ റഹ്മാൻ പോലുള്ള മറ്റ് പുസ്തകങ്ങളുടെ പ്രസിദ്ധീകരണത്തിനായി ആളുകൾ സംഭാവനകൾ അയച്ചപ്പോഴും വാഗ്ദത്ത മസീഹ് (അ) ഇതേ രീതി തന്നെയാണ് ചെയ്തത്. വലിയ ത്യാഗങ്ങളും സേവനങ്ങളുമായി അദ്ദേഹം വിശേഷിപ്പിച്ച കാര്യങ്ങൾ ആരെങ്കിലും ചെയ്താൽ അവരെ പ്രശംസിക്കാനും അഭിനന്ദിക്കാനും വാഗ്ദത്ത മസീഹ് (അ) പ്രത്യേകം പേരുകൾ എടുത്തു പറയുമായിരുന്നു. ഏതെങ്കിലും തരത്തിലുള്ള സഹായം നൽകിയവരെ അഭിനന്ദിക്കാൻ അദ്ദേഹം ഓരോ അവസരവും ഉപയോഗിച്ചിരുന്നു.
ഒരിക്കൽ വാഗ്ദത്ത മസീഹ് (അ) ഒരു പഴത്തോട്ടത്തിലൂടെ നടക്കുമ്പോൾ അദ്ദേഹത്തിന്റെ കയ്യിൽ മരങ്ങളിൽ നിന്ന് പഴങ്ങൾ പറിക്കാൻ ഉപയോഗിക്കുന്ന ഒരു വടിയുണ്ടായിരുന്നു. വാഗ്ദത്ത മസീഹ് (അ) കുറച്ച് പഴങ്ങൾ പറിച്ചെടുക്കുന്നതിനിടയിൽ ആ വടി മരത്തിൽ കുടുങ്ങി. ഇതിനെത്തുടർന്ന്, അന്ന് യുവാവായിരുന്ന അദ്ദേഹത്തിന്റെ അനുചരന്മാരിൽ ഒരാൾ വാഗ്ദത്ത മസീഹിന്റെ (അ) വടി തിരിച്ചെടുക്കാൻ വേഗത്തിൽ മരത്തിൽ കയറി. വാഗ്ദത്ത മസീഹ് (അ) അതിയായി സന്തോഷിക്കുകയും വളരെ സ്നേഹത്തോടെ അഭിനന്ദിക്കുകയും ആ യുവാവിന് എത്രമാത്രം വൈദഗ്ധ്യത്തോടെ മരത്തിൽ കയറാൻ കഴിഞ്ഞു എന്നതിൽ തന്റെ അത്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു. അതൊരു ചെറിയ ആൺകുട്ടിയായിരുന്നിട്ടും വാഗ്ദത്ത മസീഹ് (അ) അദ്ദേഹത്തോട് വലിയ ബഹുമാനത്തോടും ആദരവോടും കൂടി സംസാരിച്ചു, തന്റെ വടി തിരിച്ചെടുത്തതിന് അദ്ദേഹത്തെ അഭിനന്ദിച്ചു.
വാഗ്ദത്ത മസീഹ് (അ) ഒരു കോടതി കേസിന്റെ സമയത്ത് സാമ്പത്തിക സ്ഥിതി ബുദ്ധിമുട്ടിലായ ഒരു ഘട്ടം വന്നപ്പോൾ, സാമ്പത്തിക സംഭാവനകൾക്കായി ഒരു അഭ്യർത്ഥന നടത്തി. ഈ അഭ്യർത്ഥന ലഭിച്ചവരിൽ ഒരാളായിരുന്നു ഡോ. ഖലീഫാ റഷീദുദ്ദീൻ സാഹിബ്. അദ്ദേഹം തന്റെ പക്കലുണ്ടായിരുന്നതെല്ലാം വാഗ്ദത്ത മസീഹിന് (അ) അയച്ചുകൊടുക്കുകയും തനിക്ക് ലഭിക്കുന്ന വരുമാനം തുടർന്നും അയക്കാമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു. വാഗ്ദത്ത മസീഹ് (അ) അദ്ദേഹത്തിന് വലിയ കൃതജ്ഞത പ്രകടിപ്പിച്ചുകൊണ്ട് ഇങ്ങനെ ഒരു കുറിപ്പ് അയക്കുകയുണ്ടായി. ‘താങ്കൾ വളരെയധികം ത്യാഗം ചെയ്തിരിക്കുന്നു ഇനി സാമ്പത്തിക സംഭാവനകൾ നൽകേണ്ടതില്ല’. എന്നിട്ടും, തന്റെ ആത്മാർത്ഥമായ ഭക്തി കാരണം ഡോ. ഖലീഫാ റഷീദുദ്ദീൻ സാഹിബ് തുടർന്നും സാമ്പത്തിക സംഭാവനകൾ നൽകിക്കൊണ്ടേയിരുന്നു.
അല്ലാഹുവിന്റെ നന്ദിയുള്ള ദാസന്മാരായി തുടരുക
വാഗ്ദത്ത മസീഹ് (അ) തന്റെ അഞ്ച് മക്കളെയും വസിയ്യത്ത് പദ്ധതിയിലേക്ക് സംഭാവനകൾ നൽകുന്നതിൽ നിന്ന് ഒഴിവാക്കിയിരുന്നതായി അഹ്‌മദിയ്യ മുസ്‌ലിം ജമാഅത്തിന്റെ രണ്ടാം ഖലീഫയും വാഗ്ദത്ത മസീഹിന്റെ (അ) പുത്രനുമായ ഹദ്റത്ത് മിർസാ ബഷീറുദ്ദീൻ മഹ്മൂദ് അഹ്‌മദ് (റ) എഴുതിയിട്ടുണ്ട്. എന്നാൽ പാപമോചനവും സ്വർഗ്ഗവും വാഗ്ദാനം ചെയ്യപ്പെട്ടിട്ടും നബിതിരുമേനി (സ) തന്റെ പാദങ്ങളിൽ നീര് വരുന്നത് വരെ പ്രാർത്ഥനകൾ തുടരുമായിരുന്നുവെന്നും, ‘ഞാൻ ഒരു നന്ദിയുള്ള ദാസനാകേണ്ടതില്ലേ?’ എന്നായിരുന്നു അതിന് അദ്ദേഹം പറഞ്ഞിരുന്ന കാരണമെന്നും ഹദ്റത്ത് മിർസാ ബഷീറുദ്ദീൻ മഹ്മൂദ് അഹ്‌മദ് (റ) ചിന്തിച്ചു. ഇതേ മനോഭാവത്തിൽ താനും വസിയ്യത്ത് പദ്ധതിയിലേക്ക് സാമ്പത്തിക സംഭാവനകൾ നൽകണമെന്ന് ഹദ്റത്ത് മിർസാ ബഷീറുദ്ദീൻ മഹ്മൂദ് അഹ്‌മദ് (റ) കരുതുകയും അങ്ങനെ സാമ്പത്തിക ത്യാഗങ്ങൾ ചെയ്യുകയും ചെയ്തു.
വാഗ്ദത്ത മസീഹിന്റെ (അ) കുടുംബത്തിലെ എല്ലാ അംഗങ്ങളും അല്ലെങ്കിൽ ഖലീഫമാർ വസിയ്യത്ത് പദ്ധതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടവരാണെന്ന് ചിലർ കരുതുന്നു. വാഗ്ദത്ത മസീഹ് (അ) വ്യക്തമായി പറഞ്ഞിട്ടുള്ള അഞ്ച് കുട്ടികൾക്ക് മാത്രമായിരുന്നു ആ ഇളവ് നൽകിയിരുന്നത്. അവരുടെ ജീവിത പങ്കാളികൾക്കോ സന്താന പരമ്പരകൾക്കോ പോലും ഈ ഇളവ് നൽകപ്പെട്ടിട്ടില്ല. മാത്രമല്ല ഇളവ് ലഭിച്ചവർ പോലും വലിയ സാമ്പത്തിക സംഭാവനകളും ത്യാഗങ്ങളും ചെയ്തിട്ടുണ്ട്. അതിനാൽ വസിയ്യത്ത് പദ്ധതിയിൽ ചേർന്നിട്ടുള്ള വാഗ്ദത്ത മസീഹിന്റെ (അ) കുടുംബാംഗങ്ങൾ ഉൾപ്പെടെ എല്ലാവരും നിശ്ചയിക്കപ്പെട്ട സംഭാവനകൾ നൽകണം. രണ്ടാം ഖലീഫയ്ക്ക് (റ) ശേഷം ഒരു ഖലീഫയ്ക്കും വസിയ്യത്ത് പദ്ധതിക്കായുള്ള നിശ്ചിത സംഭാവനകൾ നൽകുന്നതിൽ നിന്ന് ഇളവ് ലഭിച്ചിട്ടില്ലെന്ന് ഹുസൂർ തിരുമനസ്സ്(അ.ബി) ഒന്നുകൂടി വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ഉയർന്നുവരുന്നുണ്ടെന്ന വിവരം ലഭിച്ചതിനാലാണ് ഈ വിശദീകരണം നൽകിയതെന്നും പറഞ്ഞു.
ഒരിക്കൽ വാഗ്ദത്ത മസീഹിനെ (അ) ഒരാളുടെ വീട്ടിൽ ചായയ്ക്ക് ക്ഷണിച്ചു. ഭക്ഷണം തയ്യാറാക്കിയ സ്ത്രീകൾ ക്രിസ്തുമതത്തിന്റെ സന്ദേശം പ്രചരിപ്പിച്ചിരുന്നവരുടെ ഭാര്യമാരാണെന്ന് വാഗ്ദത്ത മസീഹ് (അ) ന് ആരോ വിവരം നൽകി. മതപരമായ വ്യത്യാസങ്ങൾ നോക്കാതെ വാഗ്ദത്ത മസീഹ് (അ) അവരോട് നന്ദി പ്രകടിപ്പിച്ചു. അദ്ദേഹം അവിടെ നിർത്തിയില്ല. വാസ്തവത്തിൽ, വാഗ്ദത്ത മസീഹ് (അ) പിന്നീട് പത്രത്തിലും അവരോടുള്ള നന്ദി അറിയിച്ചു.
കൃതജ്ഞതയുടെ ഈ നിലവാരത്തിൽ എത്തിച്ചേരാൻ അല്ലാഹു നമ്മെ എല്ലാവരെയും പ്രാപ്തരാക്കട്ടെ എന്ന് ഹുസൂർ തിരുമനസ്സ് (അയ്യദഹുല്ലാഹ്) പ്രാർത്ഥിച്ചു.
0 Comments